എന്തു ചെയ്യണം എന്നറിയാതെ പതറി നിന്ന തന്റെ മുന്നിലൂടെയാണ് അയാള്‍ കൂസലില്ലാതെ ഇറങ്ങിപ്പോയത്…

കളിപ്പാവകള്‍

***************

രഘുനന്ദന്‍ മരണപെട്ടു ….

വൈകുന്നേരം ന്യൂസ് ചാനലുകളിലെ പ്രധാന വാര്‍ത്ത അതായിരുന്നു . ചിലര്‍ അതോടൊപ്പം നന്ദനയുടെ കരയുന്ന ഫോട്ടോയും ഇടയ്ക്കിടെ കൊടുത്തു ന്യൂസിന് കൊഴുപ്പിച്ചു…..

സ്ക്രീനില്‍ മാറി വരുന്ന ദൃശ്യങ്ങളിലേക്ക് ഗൗരി മാറിമാറി നോക്കി…..

അവള്‍ എന്റെ നന്ദൂ….

നെഞ്ചിലേക്ക് ചൂട് ലാവ ഒലിച്ചിറങ്ങിയതുപോലെ പുളഞ്ഞുപോയി. …

വൈകുന്നേരം ചായ കുടിക്കാന്‍ ക്യാന്‍റീനില്‍ വന്നതായിരുന്നു ഗൗരി… നഗരത്തിലെ അറിയപെടുന്ന സ്ഥാപനത്തീലെ ഉദ്യോഗസ്ഥയായിരുന്നു അവള്‍…

വേഗം തന്റെ സീറ്റിലെത്തി ട്രോ തുറന്നു ബാഗില്‍ നിന്നും ഫോണ്‍ എടുത്ത് ആളൊഴിഞ്ഞ ഭാഗത്തേക്ക് നടന്നു….

തിടുക്കത്തില്‍ നന്ദൂന്റെ നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ നെറ്റിത്തടത്തിലൊക്കെ വിയര്‍പ്പണിഞ്ഞിരുന്നു…

ആദ്യത്തെ ബെല്ല് മുഴുവന്‍ അടിച്ചു തീര്‍ന്നിരുന്നു….

നെഞ്ചിടിപ്പ് കൂടി.. ഒരിക്കല്‍ കൂടി ഗൗരി നമ്പര്‍ ഡയല്‍ ചെയ്തു….

രണ്ടാമത്തെ റിംഗിന് ഫോണ്‍ അറ്റന്‍റ് ചെയ്തു..

” നന്ദൂ….. എന്താ പറ്റിയത്….”

ഏറെ നാളുകള്‍ക്ക് ശേഷമാണ് ആ കോള്‍…

” ഗൗരീ… നീ ഇങ്ങോട്ടു വരുമോ.. ” നന്ദൂന്റെ ശബ്ദം…

” ഞാന്‍ ഓഫീസില്‍ നിന്നും അങ്ങോട്ടു വരാം.”

കോള്‍ കട്ട് ചെയ്യുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം പോലെ രഘുനന്ദന്റെ മുഖം ഓര്‍മ്മയില്‍ തൂങ്ങി….

രഘുനന്ദന്‍ എന്ന പേര് ഓര്‍ക്കുമ്പോഴെ ഉള്ളില്‍ അടക്കി വെച്ച വെറുപ്പ് കുമിഞ്ഞു കൂടുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു …

ആദ്യമായി അയാളെ കണ്ടത് ഇന്നലെയെന്ന പോലെ ഓര്‍ത്തു….

ആര്‍ക്കും ഇഷ്ടം തോന്നുന്ന സ്വഭാവവും സൗന്ദര്യവുമുള്ള ചെറുപ്പക്കാരന്‍.. ക്യാംപസ് സെലക്ഷന് ജോലി കിട്ടി നന്ദുവും താനും ഒരുമിച്ചാണ് അയാളുടെ അടുത്ത് വന്നത്…..

അയാളുടെ കമ്പനിയില്‍ ജോലി കിട്ടുന്നത് ഭാഗ്യമാണെന്നു പലരും പറഞ്ഞപ്പോള്‍ താനും നന്ദുവും ഒരുപാട് സന്തോഷിച്ചു…

ചെറുപ്പം മുതലെ നന്ദുവുമായി ആയിരുന്നു ചങ്ങാത്തം…

പൊതുവെ ഗൗരവ സ്വഭാവക്കാരനായ രഘുനന്ദന്‍ ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ടോന്ന് സംശയം പറഞ്ഞത് അവളായിരുന്നു…

നഗരത്തില്‍ നിന്നും കുറച്ചു മാറി ആയിരുന്ന വീട്ടില്‍ നിന്നും ഞങ്ങള്‍ പേയിംഗ് ഗസ്റ്റുകളായി താമസം മാറിയ സമയമായിരുന്നു അത്..

” ഗൗരി.. രഘുനന്ദന്‍ സാര്‍ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നെല്ലോ.. തമാശ രീതിയില്‍ കളിയാക്കിയ അവളെ അവഗണിച്ചെങ്കിലും പതിയെ ആ നോട്ടം കാണാന്‍ താനും നോക്കിയിരുന്നു

കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടിയപ്പോഴൊക്കെ ശരീരമാകെ ഒരു പിടച്ചില്‍ വന്നപ്പോഴാണ് ആ നോട്ടം താനും ആഗ്രഹിച്ചിരുന്നു എന്നു മനസ്സിലായത്…

പക്ഷേ രഘുനന്ദന്‍ , സാറിന്റെ സ്റ്റാറ്റസിനൊപ്പം ഒന്നും അവകാശപെടാനില്ലാത്ത വീട്ടിലെ സാഹചര്യം ഓര്‍ത്തപ്പോള്‍ മനസിനെ ശാസിച്ചു…. അപ്പോഴും അവളാണ് തന്നെ ഉപദേശിച്ചത്‌… ആത്മാര്‍ത്ഥ പ്രണയത്തിന് മുന്നില്‍ പണവും സ്റ്റാറ്റസും ഒന്നും പ്രധാനം അല്ലെന്നു….

അയാളുടെ പ്രണയവും അവളുടെ വാക്കുകളും തന്നെ സ്പര്‍ശിച്ചു തുടങ്ങിയപ്പോള്‍ ആണ് ആ സ്നേഹ നദിയിലേക്ക് അറിയാതെ വീണു പോയത്…

ഗൗരി മുഖം അമര്‍ത്തി തുടച്ചു സീറ്റിലേക്ക് ചാരി….

നഷ്ടങ്ങളുടെ ആ രാത്രി….

വീട്ടു ഉടമസ്ഥരായ അങ്കിളും ആന്‍റിയും ബാംഗ്ലൂര്‍ മോളുടെ അടുത്ത് പോകുമെന്നു പറഞ്ഞതുകൊണ്ട് അവള്‍ ഒറ്റയ്ക്കായി പോകുമെന്നു കരുതി ആണ് അവളോട് പോലും പറയാതെ അന്നു രാത്രി ആയിട്ടും വീട്ടില്‍ നിന്നും മടങ്ങി വന്നത്‌…

മുറ്റത്തു കിടക്കുന്ന കാറു കണ്ടു പകച്ചിട്ടാണ് ബെല്ലടിച്ചു കാത്തു നിന്നത്….

ഏറെനേരം കതക് തുറക്കാതെ ഇരുന്നപ്പോള്‍ മുട്ടി വിളിച്ചു… തുറക്കാതെ ആയപ്പോള്‍ ശക്തി കൂട്ടി…

കതക് തുറന്നു ഉലഞ്ഞ മുടിയും കീറിയ വസ്ത്രങ്ങളുമായി നെഞ്ചിലേക്ക് വീണ നന്ദനയെ ഒരു വിധം താങ്ങി നിര്‍ത്തി അകത്തേക്ക് നോക്കി…പുറത്തെ ലൈറ്റിന്റെ വെളിച്ചത്തില്‍ പകുതി വ്യക്തമായ ആ രൂപം…

എന്തു ചെയ്യണം എന്നറിയാതെ പതറി നിന്ന തന്റെ മുന്നിലൂടേയാണ് അയാള്‍ കൂസലില്ലാതെ ഇറങ്ങിപ്പോയത്…

ആകെ തകര്‍ന്ന താന്‍ നന്ദനയെ എന്തു പറഞ്ഞു ആശ്വസിപ്പിക്കും…

അയാള്‍ സന്ധ്യയ്ക്ക് വന്നെന്നും ജ്യൂസ് കുടിച്ചെന്നും ഐസ്ക്രീം നല്‍കിയെന്നും എന്തൊക്കെയോ അവള്‍ പറഞ്ഞു.. കുറേ കരഞ്ഞു.. അപ്പോഴും പ്രതിമയെ പോലെ ഇരിക്കാനെ കഴിഞ്ഞുള്ളു ….

പിറ്റേന്ന് രാവിലെ നന്ദനയെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചു പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ അയാളോട് ഒരുതരം പക ആയിരുന്നു…..

എല്ലാവരും പിന്‍തിരിയാന്‍ പറഞ്ഞിട്ടും താനാണ് നന്ദൂനെ കൊണ്ട് കേസ് മുന്നോട്ട് കൊണ്ടുപോയത്… നന്ദൂന്റെ വീട്ടുകാരും അതിനെ എതിര്‍ത്തൂ…..

ആദ്യമൊക്കെ വലിയ താല്‍പര്യം കാട്ടാതിരുന്ന പോലീസുകാരും ഒടുവില്‍ നിവൃത്തി കെട്ടു രഘുനന്ദന് എതിരെ തിരിഞ്ഞു…

അയാള്‍ കോംപ്രമൈസിന് കുറേ ശ്രമിച്ചു….

അബദ്ധം പറ്റി പോയെന്നു പറഞ്ഞു കാലുപിടിച്ചു…

പക്ഷേ കേസ് പുറത്തു വന്നപ്പോള്‍ ആണ് അയാളുടെ തനിനിറം പുറത്തു വന്നത്… സ്ത്രീലംമ്പടനായ അയാളുടെ സ്ഥിരം പരിപാടി ആയിരുന്നു അതെന്നു കേട്ടപ്പോള്‍ നടുങ്ങിപ്പോയി

തന്റെ സ്ഥാനത്താണ് പാവം നന്ദൂ….

ആ സംഭവത്തോടെ തകര്‍ന്നു പോയ അവളെ ധൈര്യം കൊടുത്തു ചേര്‍ത്തു നിര്‍ത്തി….

രഘുനന്ദന് എതിരെ തെളിവുകള്‍ നിരത്തുമ്പോള്‍ അയാളിലേക്ക് കുരുക്കുകള്‍ മുറുകുമ്പോള്‍ ഒരു സൈക്കോയെ പോലെ താന്‍ സന്തോഷിച്ചതാണ്…

ആ മുഖത്തു നോക്കി പുച്ഛത്തോടെ ചിരിച്ചതാണ്…. അയാളുടെ സങ്കടം കണ്ടു ആസ്വദിച്ചതാണ്…

” ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു….. എന്റെ സമ്മതത്തോടെ ആണ് അന്നു സാര്‍ അവിടെ വന്നത്…. ”

അപ്രതീക്ഷിതമായി ആണ് നന്ദു കോടതിയില്‍ അങ്ങനെ പറഞ്ഞത്… തന്റെ ഒപ്പം നടന്നവള്‍….

വിശ്വസിക്കാന്‍ കഴിയാതെ താന്‍ നോക്കുമ്പോള്‍ അവള്‍ മുഖം താഴ്ത്തി നില്‍ക്കുകയാണ്…..

രഘുനന്ദന്‍റെ മുഖത്ത് വിജയിയുടെ ചിരി…

അതായിരുന്നു അവസാന കാഴ്ച…. നന്ദനയുടെ മുഖം ഒന്നു കൂടി കാണാന്‍ നില്‍ക്കാതെ അവിടുന്നു ഓടി രക്ഷപെട്ടു … ഒരു തരം ഒളിച്ചോടല്‍ എന്നു പറയാം..

പിന്നീട് ന്യൂസില്‍ നിന്നാണ് നന്ദനയുടെയും രഘുനന്ദന്‍റെയും വിവാഹവാര്‍ത്ത അറിഞ്ഞത്…

അന്ന് എന്തിനെന്നു അറിയാതെ മനസ് വേദനിച്ചു… പിന്നീട് മനപൂര്‍വ്വം ആ മുഖങ്ങളെ മറന്നെന്നു നടിച്ചു…

വിവാഹത്തെ പറ്റിയുള്ള ഇന്‍റര്‍വ്യൂകളില്‍ നന്ദൂ ചിരിക്കുന്ന മുഖത്തോടെ ആണ് ഇരുന്നത്‌…

എന്തു സംഭവിച്ചതാകും….

വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു ന്യൂസില്‍ …

ഓര്‍ക്കും തോറും ഗൗരിയില്‍ അസ്വസ്ഥത വര്‍ദ്ധിച്ചു …

ഓഫീസില് ഒരാഴ്ച അവധിയും പറഞ്ഞു ഇറങ്ങുമ്പോള്‍ രഘുനന്ദന്‍റെ വീടായിരുന്നു ലക്ഷ്യം.. അയാളുടെ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് അവിടെ കുറേ തവണ നന്ദനയും ആയി പോയിട്ടുണ്ടായിരുന്നു…

അന്നൊന്നും തെറ്റായ നോട്ടം പോലും ഉണ്ടായില്ലെന്നു ഓര്‍ത്തു..

”മാഡം വണ്ടി വന്നിട്ടുണ്ട് ..”

റിസപ്ക്ഷനിലെ പെണ്‍കുട്ടിയുടെ ശബ്ദം കേട്ടാണ് പുറത്തേക്ക് നോക്കിയത്.. തനിക്കു പോകാന്‍ വിളിച്ച വണ്ടി ആയിരുന്നു… റൂമില്‍ പോയി ആവശ്യത്തിനുള്ള ഡ്രസും എടുത്തു യാത്ര തിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ പെയ്തു കൊണ്ടേയിരുന്നു …

രാത്രി ഏറെ വൈകിയാണ് അയാളുടെ വീട്ടിലെത്തിയത്….

മുറ്റത്തെ വലിയ ലൈറ്റിന്റെ വെളിച്ചത്തില്‍ അങ്ങുമിങ്ങും ചില ആളുകള്‍ നില്‍ക്കുന്നത് കണ്ടു..

രഘുവേട്ടന്‍റെ അച്ഛനും അമ്മയും മുന്‍പ് തന്നെ മരിച്ചു പോയതാണ്‌.. ഒരു പെങ്ങള്‍ അമേരിക്കയിലോ മറ്റോ ആണ്…

അയാളുടെ അകന്ന ബന്ധുക്കള്‍ ആയിരിക്കാം ഹാളില്‍ കൂട്ടം കൂടി ഇരിക്കുന്നുണ്ടായിരുന്നു …

” നന്ദന… ”

ഗൗരി അവരെ ചോദ്യഭാവത്തില്‍ നോക്കി..

” മുകളില്‍ ഉണ്ടാകും…. ”

അവര്‍ സ്റ്റെയര്‍ കേസിന് നേരേ വിരല്‍ ചൂണ്ടി…

ബാഗും തോളിലിട്ട് ഗൗരി സ്റ്റെയര്‍ കേസിന് നേരേ നടന്നു..

”ആ കൊച്ചിന്റെ കാര്യമാ കഷ്ടം…കല്യാണം കഴിഞ്ഞു ഇത്ര നാളുകള്‍ അല്ലെ ആയിട്ടുള്ളു…

കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോള്‍ ഈ സ്റ്റെയര്‍ കേസില്‍ നിന്നും വീണ് കിടപ്പായതാ അവന്‍.

അവനെയും നോക്കി ഒരു പരാതിയും ഇല്ലാതെ കഴിഞ്ഞതാ… ഇപ്പോള്‍ ദാ മരിച്ചു…

ഡോക്ടര്‍ കൊടുത്ത ഗുളികയെല്ലാം കൂടി തനിയെ വാരി കഴിച്ചതാണെന്നു പറയുന്നു… വീല്‍ചെയറില്‍ ആയിരുന്നു ആള്… ”

ഗൗരിക്ക് അതൊക്കെ പുതിയ അറിവായിരുന്നു..

ഇവരുടെ കല്യാണം കഴിഞ്ഞ ശേഷം ഇവരിലേക്കുള്ള ബന്ധങ്ങളെല്ലാം മനപൂര്‍വ്വം അറുത്തു മാറ്റിയതാണ്‌..

മുകളിലെ ഹാളിലും ആരൊക്കെയോ ഇരിക്കുന്നുണ്ടായിരുന്നു…

” നന്ദന .. ? ”

അവര്‍ ചൂണ്ടിയ വാതിലില്‍ പോയി ചെറുതായി മുട്ടി..

അല്‍പസമയം കഴിഞ്ഞപ്പോള്‍, വാതില്‍ തുറന്നു… മുന്നില്‍ നില്‍ക്കുന്ന തന്നെ കണ്ടപ്പോള്‍ ആ കണ്ണുകളിലെ ആശ്ചര്യവും പതര്‍ച്ചയും ആശ്വാസവും ഗൗരി കണ്ടു..

” നീ വാ… ”

അവളുടെ കൈയ്യില്‍ പിടിച്ചു അകത്തേക്ക് കയറ്റി കതകടച്ചു… .

ഗൗരി ചുറ്റും നോക്കി…താനും നന്ദുവുമായുള്ള ഫോട്ടോകള്‍…

”നന്ദു… ”

” അത്ഭുതം തോന്നേണ്ട… ഇതൊക്കെ ഞാന്‍ ചെയ്തതല്ല.. അയാളാ… ”

നന്ദനയുടെ മുഖത്ത് പുച്ഛം തെളിഞ്ഞു….

ഗൗരി അമ്പരന്നു നന്ദനയെ നോക്കി…

” നിനക്കു എന്നോടു ദേഷ്യമുണ്ടോ ഗൗരി…

ഒന്നും മനപൂര്‍വ്വം അല്ല… സംഭവിച്ചു പോ^യതാ..

നമ്മളൊക്കെ സാധാരണക്കാരല്ലേ… പണമുള്ളവരുടെ കൈയ്യിലെ കളിപ്പാട്ടങ്ങള്‍….

അനുസരിക്കാന്‍ മാത്രം വിധിക്കപെട്ടവര്‍…. ”

നന്ദനയുടെ ആ ഭാ_വം ഞാന്‍ ആദ്യം കാണുകയായിരുന്നു…

” നന്ദൂ എന്താ സംഭവിച്ചത്‌…. ”

ആകാംക്ഷയും ഭയവും കലര്‍ത്തിയാണ് തിരക്കിയത്‌.

” രഘുനന്ദന്‍ സാര്‍ കുറേ നാളുകളായി കിടപ്പിലായിരുന്നു ഗൗരി.സ്റ്റെയര്‍ കേസില്‍ നിന്നും വഴുതി വീണതാ….. ”

അതുപറയുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു ചിരി ഒളിപ്പിച്ചിട്ടുണ്ടോ…?

ഗൗരി ആകെ അസ്വസ്ഥയായി..

” എന്നിട്ട് .. ”

” ഇന്നു ഉച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം ഉറങ്ങാന്‍ കിടത്തിയതാ.. വീല്‍ചെയറിലും മറ്റും നടക്കാറുണ്ട്.. നോക്കാന്‍ ഒരു പയ്യനുണ്ട്‌. അവനെ കൊണ്ടു വീല്‍ച്ചെയറില്‍ ഇരുത്തിയ ശേഷം അവനെ പറഞ്ഞു വിട്ടു….

ഓവര്‍ ഡോസ് മരുന്നുകളാണ് കഴിക്കാറുള്ളത്..

അതൊന്നും ബോക്സില്‍ കാണാനില്ല….

വൈകുന്നേരം ചെന്നു നോക്കിയപ്പോള്‍ വീല്‍ച്ചെയറില്‍ അനക്കമില്ലാതെ കിടക്കുയായിരുന്നു…. ”

യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറയുന്ന നന്ദനയെ ഗൗരി സൂക്ഷിച്ചു നോക്കി….

” നാളെ മൃതദേഹം കൊണ്ടു വരും.. നാളെ തന്നെ അടക്കും.. ചേച്ചി വരില്ല..പിന്നെ ആരെ കാത്തിരിക്കാനാ…. ”

നന്ദന പറഞ്ഞു കൊണ്ടേയിരുന്നു …

അപ്പോഴും രഘുനന്ദന്‍റെ മുഖം ഉത്തരമില്ലാത്ത ചോദ്യം പോലെ കണ്‍മുന്നില്‍ തെളിഞ്ഞു…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Deepthy Praveen