ഞാൻ എന്നെ കണ്ടെടാ ആ ഫിലിമിൽ എന്റെ ജീവിതത്തിലും അത്‌ പോലെയുള്ള ഒരനുഭവം ഉണ്ടായിട്ടുണ്ട്.

രചന : റഷീദ് എം ആർ ക്കെ സലാല.

ഇന്നലെ ‘ ഹോം ‘സിനിമ കണ്ടെന്ന് പറഞ്ഞ് സുഹൃത്ത് വന്നപ്പോൾ പതിവ് പോലെ എന്നെ കൊണ്ട് കാണിപ്പിക്കാൻ ആയിരിക്കും എന്ന് ചിന്തിച്ചതും ഞാൻ പറഞ്ഞു

“ഞാൻ കണ്ട്ക്ക്ണ് .”.

സംസാരത്തിനിടക്ക് അതിലുള്ള കഥാപാത്രങ്ങളെ കുറിച്ച് പതിവില്ലാതെ വാചാലനാകുന്ന അവനോട്

“എന്ത്‌ പറ്റി മോനെ ഇങ്ങനെയൊന്നും സിനിമ കണ്ടാൽ പറയാറില്ലല്ലോ..”

എന്ന് ചോദിച്ചു.

ആ ചോദ്യം കേട്ടപ്പോഴാണ് അവനവന്റെ മനസ്സിൽ തങ്ങിയ ഒരേട് വായിച്ചു തന്നത്

” ഞാൻ എന്നെ കണ്ടെടാ ആ ഫിലിമിൽ എന്റെ ജീവിതത്തിലും അത്‌ പോലെയുള്ള ഒരനുഭവം ഉണ്ടായിട്ടുണ്ട്.”

അൽപ്പം ബിസി ആയിരുന്നെങ്കിലും മറ്റുള്ളവരുടെ ജീവിതം കേൾക്കാൻ എനിക്കെന്നും താൽപ്പര്യമാണ് കാരണം ഒരാൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ആശ്വാസവാക്കുകൾ ആണെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ അതിനുള്ള കാരണം എന്റെ ജീവിതം തന്നെയാണ്. പലരുടേയും ആശ്വാസ വാക്കുകൾ കേട്ട് കേട്ടാണ് പല പരീക്ഷണങ്ങളെയും നേരിട്ടിട്ടുള്ളത്.. അങ്ങനെ നമ്മളെ ആശ്വസിപ്പിക്കുന്നവരെ ഞാൻ മറക്കാത്തത് പോലെ നമ്മൾ ആശ്വസിപ്പിക്കുന്നവരും നമ്മളെ പിന്നീട് മറക്കില്ല എന്നുള്ളതാവാം അതിഷ്ടപ്പെടാൻ കാരണമായത്.

അവൻ സംഭവം പറഞ്ഞു

” പണ്ടൊരു ദിവസം വീട്ടിൽ ഞാൻ ബ്രോസ്റ്റഡ് കൊണ്ടു വന്നപ്പോൾ എന്റെ വീട്ടുകാരത് അന്ന് ആദ്യമായി കാണുന്ന ഒരു വിഭവമായിരുന്നു.

അന്നത് മറ്റുള്ളവരെക്കാൾ എന്റെ ഉപ്പാക്കാണ് ഒരുപാട് ഇഷ്ടപ്പെട്ടത്.

അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ വീട്ടിലേക്ക് എന്തോ ടെൻഷനുമായി കയറി വന്ന സമയത്ത് എന്റെ ഉമ്മ ” ഡാ നീ ന്നാള് കൊണ്ടു വന്ന ആ ചിക്കൻ പൊരിച്ചതില്ലേ അത്‌ നമ്മളെ ഉപ്പാക്ക് ഭയങ്കര ഇഷ്ടായിക്ക്ണ്.. ഒന്നൂടെ കൊണ്ട് വാ.. ” എന്ന് പറഞ്ഞതും ഉപ്പ അകത്തുള്ളത് ഓർക്കാതെ ദേഷ്യപ്പെട്ട് കൊണ്ട് ..

“അതിങ്ങനെ എപ്പോഴും കൊണ്ടു വരാനൊന്നും എന്റെ കയ്യിൽ പൈസയില്ല. ഓരോന്ന് കാണിച്ചു തരുന്ന എന്നെ പറഞ്ഞാൽ മതി.. ആൾക്കാർ അതൊക്കെയല്ലേ എപ്പോഴും തിന്നൽ.. ഉപ്പാക്ക് ഇവിടെ വേറെ ഒന്നും തിന്നാൻ ഇല്ലേ..!!!” എന്നൊക്കെ ദേഷ്യത്തിൽ പറഞ്ഞ് ധൃതിയിൽ അകത്തേക്ക് കയറുമ്പോൾ ടീവി കണ്ടു കൊണ്ടിരിക്കുന്ന ഉപ്പയെ ഞാൻ കണ്ടിട്ടില്ലായിരുന്നു.

ദിവസങ്ങൾ പിന്നെയും മുന്നോട്ട് പോയി..

ഉമ്മ അന്നങ്ങനെ പറഞ്ഞതും ഞാൻ ദേഷ്യപ്പെട്ട് ഉമ്മാക്കന്ന് മറുപടി കൊടുത്തതും എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അതിന്റെ ഗൗരവം ഞാൻ ഓർക്കുന്നില്ലായിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞതും ഞാൻ വീണ്ടും വീട്ടിലേക്ക് ബ്രോസ്റ്റുമായി വന്ന് ഉമ്മാന്റെ കയ്യിൽ കൊടുത്ത് ഉപ്പാനെ വിളിക്കാൻ പറഞ്ഞു പക്ഷെ ഉപ്പ പിന്നീട് കഴിക്കാം എന്ന് പറഞ്ഞ് അങ്ങോട്ട്‌ വന്നില്ല .. ഞങ്ങൾ കഴിച്ച് ഞാൻ പുറത്തേക്ക് പോയി തിരിച്ചു വന്നപ്പോൾ ഉപ്പ ചായ മാത്രം കുടിച്ച് പുറത്തേക്ക് പോകുന്നത് കണ്ടതും ഉമ്മയോട് ഉപ്പ കഴിച്ചോ എന്ന് തിരക്കി.

അപ്പോൾ ഉമ്മ വളരെ വിഷമത്തോടെ പറഞ്ഞു

“അന്ന് നീ പറഞ്ഞതൊക്കെ ഉപ്പ അകത്തിരുന്ന് കേട്ടിരുന്നു അതാവും. നല്ല വിഷമം ഉപ്പാക്ക് വന്നിട്ടുണ്ട് … അത്‌ കഴിക്കാൻ വേണ്ടെന്ന് പറഞ്ഞു” എന്ന് പറഞ്ഞതും എന്റെ നെഞ്ചിലെന്തോ വന്ന് തറക്കുന്നത് പോലെ തോന്നി.

പണ്ട് എനിക്കിഷ്ടമുള്ളതൊക്കെ ഗൾഫിൽ നിന്നും കൊണ്ട് വരാൻ പറഞ്ഞാൽ ആരെന്ത് പറഞ്ഞത് കൊണ്ടു വരാതെ വന്നാലും ഞാൻ പറഞ്ഞത് മറക്കാതെ കൊണ്ടു വന്ന് എനിക്ക് തന്ന് സന്തോഷത്തോടെ നോക്കുന്ന എന്റെ ഉപ്പയുടെ മുഖം മനസ്സിലേക്ക് വന്നു.

കണ്ണ് നിറഞ്ഞതറിഞ്ഞില്ല..

കരഞ്ഞ് കൊണ്ട് ആ നിൽപ്പങ്ങനെ നിൽക്കുന്നത് കണ്ട ഉമ്മ അടുത്തേക്ക് വന്ന് എന്നെ ആശ്വസപ്പിച്ച് കൊണ്ട് പറഞ്ഞു

” കരയല്ലേ..ഉമ്മ പറയാം ന്റെ കുട്ടിക്ക് ഇത്രക്ക് സ്നേഹം ഉപ്പാനോട് ഉണ്ടെന്ന്.. ഉപ്പാക്ക് മോനോട് വെറുപ്പ് കാണില്ല മനസ്സ് വേദനിച്ചു പോയിട്ടാവും കഴിക്കാഞ്ഞത് .. ”

ഉമ്മയുടെ ആ വാക്കുകൾ കൊണ്ടൊന്നും എന്റെ മനസ്സ് തണുത്തില്ല കാരണം ആ നിൽപ്പിൽ ഞാനെങ്ങാനും ഉപ്പയെ കാണാതെ മരിച്ച് പോയാൽ പടച്ചോന്റെ മുന്നിലെ എന്റെ അവസ്ഥയാണ്‌ മനസ്സിലേക്ക് വന്നത്..

മക്കളുടെ മനസ്സ് പതറിയാൽ ഒരുപാട് ദൂരത്തായാലും ആദ്യമറിയുന്നത് നമ്മുടെ രക്ഷിതാക്കൾ ആണെന്ന് മനസ്സിലായത് അന്നായിരുന്നു.

തിരിഞ്ഞു നോക്കിയപ്പോൾ ഉപ്പ വീട്ടിലേക്ക് കയറി വരുന്നു.. അകത്തേക്ക് കയറി എന്നെ നോക്കിയ ഉപ്പ എന്റെ കണ്ണ് നി=റഞ്ഞത് ശ്രദ്ധിച്ചതും ഒരു പരിഭവവും മുഖത്ത് കാണിക്കാതെ ” ന്താ ടാ ന്ത് പറ്റി..??

ന്തിനാഡീ മോൻ കരയുന്നതെന്ന് ഉമ്മാനോട് അകത്തേക്ക് വിളിച്ചു ചോദിച്ചപ്പോൾ ഉമ്മ

” ഇങ്ങക്ക് ഇപ്പളും നിങ്ങടെ മോനെ മനസ്സിലായിട്ടില്ല അവൻ കൊണ്ടു വന്നത് കഴിക്കാതെ പോയത് അറിഞ്ഞപ്പൊ നിറഞ്ഞതാ ന്റെ കുട്ടീടെ കണ്ണ്.. ഇങ്ങള് ഓനോട്‌ ക്ഷമിക്ക് ” എന്ന് പറഞ്ഞപ്പോൾ ഉപ്പ എന്നെ നോക്കിയ ആ നോട്ടമുണ്ടല്ലോ ആ നോട്ടം ഇന്നുമെന്റെ നെഞ്ചിലുണ്ട്. അത്രക്ക് സന്തോഷം ഞാനാ മുഖത്ത് അന്ന് കണ്ടു. പിന്നീട് ഇന്നെ വരെ അറിയാതെ പോലും എന്റെ വായിൽ നിന്നൊരു വാക്ക് ഉപ്പാക്ക് നേരെ പോയിട്ടില്ല..അതൊക്കെ ഓർമ്മ വന്നു..

അവന്റെ സംസാരം കേട്ടപ്പോൾ സന്തോഷവും വിഷമവും ഒരുമിച്ച് മനസ്സിലേക്ക് വന്ന് കണ്ണുകൾ നിറഞ്ഞിരുന്നു.

പെണ്മക്കളെയാണ്‌ ഉപ്പമാർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം എന്നൊക്കെ തോന്നുന്നവരാണ് നമ്മൾ ആൺകുട്ടികളിൽ അധികവും.

അതൊക്കെ മാറുക നമുക്കൊരു ആൺകുട്ടി ജനിക്കുമ്പോഴായിരിക്കും.

ഉള്ളിൽ നിറയെ സ്നേഹം വെച്ച് ആൺമക്കളെ പിതാവ് നോക്കുന്നത് എത്ര മാത്രം സ്നേഹത്തോടെയാണെന്ന് നമ്മൾ അറിയാൻ ശ്രമിച്ചാൽ മാത്രമേ നമുക്കത് മനസ്സിലാവൂ. അവർ അവരെയാണ്‌ നമ്മളിലൂടെ കാണുന്നത്.

മാതാവ് മക്കളുടെ പോരായ്മകൾ കണ്ടാൽ മുഖം നോക്കാതെ മക്കളോട് പറയും. അച്ഛനങ്ങനെയല്ല മക്കളെ പോരായ്മ തന്റെ പോരായ്മയായി കണ്ട് നിശബ്ദരാവും.

അങ്ങനെ സ്നേഹിക്കുന്ന പിതാവിന്റെ മനസ്സ് ആൺമക്കൾ കാരണം വേദനിച്ചു പോയാൽ ആ വേദനക്ക് മരുന്നില്ല അത്‌ മാറ്റാൻ മക്കളായ നമ്മുടെ ക്ഷമാപണങ്ങൾക്ക് മാത്രമേ സാധിക്കൂ.. അത്‌ മടിക്കാതെ നൽകി നോക്കൂ നിങ്ങൾക്ക് പിതാവിന്റെ കണ്ണുകളിൽ നിന്നും സ്നേഹത്തിന്റെ വാത്സല്യത്തിന്റെ വെളിച്ചം കാണാൻ പറ്റും.

രക്ഷിതാക്കളെ അറിയാൻ മക്കളെ അറിയാൻ എല്ലാവർക്കും കഴിയട്ടെ.. എല്ലാ വീടുകളിലും.

സന്തോഷങ്ങൾ തോരാതെ പെയ്തിറങ്ങട്ടെ.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : റഷീദ് എം ആർ ക്കെ സലാല.