ഇത്രേം കാലം തിരിഞ്ഞു നോക്കാത്ത ഇങ്ങളെ ബാപ്പയുടെ സ്ഥാനത്തു കാണാൻ എനിക്ക് കഴിയില്ല

രചന : ഹക്കീം മൊറയൂർ

പെഴച്ചുണ്ടായവൾ.

❤❤❤❤❤❤

‘തള്ള പെഴച്ചാൽ മോളും പെഴക്കും. നൂറു തരം

അങ്ങാടിയിലെ പലചരക്ക് കടയിൽ നിന്നും സാധനം വാങ്ങി വരുമ്പോൾ ഈ വാക്കുകൾ കേട്ട് അന്നും സുനൈന തല കുനിച്ചാണ് വീട്ടിലേക്ക് കയറി ചെന്നത്. അവളുടെ വരവ് കണ്ട് സൽമത്ത് അന്നും മകളുടെ മുഖത്ത് നോക്കാതെ നിലത്തേക്ക് നോക്കി നിന്നു.

‘പെറ്റപ്പോ തന്നെ കുഴിച്ചു മൂടിക്കൂടായിരുന്നോ ഉമ്മാ ‘.

ഉള്ളിൽ ആളിയ സങ്കട തീ നിറഞ്ഞ സ്വരത്തിൽ സുനൈന ഉമ്മയോട് ചോദിച്ചു. അവളുടെ സങ്കടം നിറഞ്ഞ ചോദ്യം കേട്ട് എന്ത് പറയണം എന്നറിയാതെ ആ ഉമ്മ നിശബ്ദം കണ്ണീരൊഴുക്കി.

17 വർഷമായി കുത്ത് വാക്കുകൾ കേട്ട് കൊണ്ടിരിക്കുകയാണ് ആ ഉമ്മ. സ്വന്തം ചാരിത്രത്തെ ഭർത്താവ് തന്നെ ചോദ്യം ചെയ്തപ്പോൾ മോളെ പ്രസവിച്ചു മൂന്നാം നാൾ സ്വന്തം വീട്ടിലേക്ക് കൈകുഞ്ഞുമായി കയറി വന്നതാണ് അവർ. അത് വരെ വീട്ടുകാർക്ക് അവർ രാജകുമാരിയായിരുന്നു.

നാത്തൂന്മാരുടെയും നാട്ടുകാരുടെയും കുത്തു വാക്കുകൾ സഹിച്ചു മാനസികമായി തളർന്നു

തറവാട്ടിന്റെ ഇരുണ്ട ഒരു മുറിയിൽ അവർ ഒതുങ്ങി കൂടി. ആങ്ങളമാരുടെ മക്കള് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുമ്പോൾ സുനൈന തൊട്ടടുത്തെ ഗവൺമെന്റ് സ്കൂളിലായിരുന്നു പഠിച്ചത്.

ജനിച്ചു വളർന്ന വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനം പോലുമില്ലാതെ അവർ ജീവിച്ചു. പിഴച്ചു പെറ്റ പെങ്ങൾ ഉള്ള തറവാട്ടിലെ പെണ്ണിനെ അവർക്ക് വേണ്ടെന്നു മൂത്ത ആങ്ങള പൊട്ടിത്തെറിച്ചതിന് ശേഷമാണ് അവർ മറ്റൊരു നാട്ടിലെ പഞ്ചായത്ത് കോളനിക്കടുത്ത് ഒരു ചെറിയ കുടില് കെട്ടി താമസമാക്കിയത്….

സുന്ദരിയായ പിഴച്ചു പെറ്റ അമ്മയും മോളും തനിച്ചു താമസിക്കുന്ന ചെറ്റപ്പുരയുടെ അടച്ചുറപ്പില്ലാത്ത വാതിലിൽ മുട്ടിയ പകൽ മാന്യന്മാരൊക്കെ അവരുടെ നാവിന്റെയും പിച്ചള പിടിയുള്ള കൊടുവാളിന്റെയും മൂർച്ചയറിഞ്ഞു.

തറവാട്ടിൽ നിന്നും ഇറങ്ങി പോരുമ്പോൾ ആകെ അവിടുന്ന് അവർ എടുത്തത് ആ കൊടുവാൾ മാത്രമായിരുന്നു. ഉപ്പയുടെയും ഉമ്മയുടെയും മയ്യിത്ത് കാണാൻ പോലും പിന്നീട് അവളെ അങ്ങോട്ട് കയറ്റിയിട്ടില്ല.,,

ആടിന്റെ പാല് വിറ്റും അടുക്കള പണിക്ക് പോയുമൊക്കെയാണ് അവർ മോളേ വളർത്തിയത്.

പക്ഷെ തന്നെ വിടാതെ പിന്തുടരുന്ന പെഴച്ചുണ്ടായവൾ എന്ന വിളിപ്പേരിനെ അങ്ങേയറ്റം വെറുത്ത സുനൈന അതിന്റെ ദേഷ്യം മുഴുവൻ കാണിച്ചത് ഉമ്മയോടായിരുന്നു.

‘ഇനിക്ക് കാണണ്ട ഇങ്ങളെ കരച്ചിൽ. നാട്ടാരെ മുന്നില് എനിക്ക് നടക്കാൻ വയ്യാ. ‘.

തന്റെ മുഖത്തേക്ക് നോക്കാതെ വിങ്ങി പൊട്ടുന്ന ഉമ്മയെ കണ്ട് അവൾക്കും വിഷമം വന്നു.

‘കരയാൻ പറഞ്ഞതല്ല ഉമ്മാ. എവിടെ പോയാലും ആൾക്കാർ വേറെ കണ്ണ് കൊണ്ടാണ് എന്നെ നോക്കുന്നത്.’.

ഉമ്മയുടെ കരച്ചിൽ സുനൈനക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു.

‘എന്തായാലും എനിക്കൊരു ഉപ്പ ഉണ്ടാവുമല്ലോ. അതാരാ ഉമ്മാ. അതല്ല അതും അറിയില്ലേ’?.

മകളുടെ ചോദ്യം കേട്ടതും അവരുടെ മുഖം ചുവന്നു തുടുത്തു.

‘ഉമ്മ ഒരു തെറ്റും ചെയ്തിട്ടില്ല മോളേ. ന്റെ പൊന്നു മോളാണ് സത്യം. ഉമ്മ മനസ്സ് കൊണ്ട് പോലും പെഴച്ചു പോയിട്ടില്ല. പടച്ച റബ്ബിനും എനിക്കും അറിയാം ഞാൻ പെഴച്ചിട്ടില്ലെന്ന് ‘.

ഉമ്മാന്റെ വാക്കുകൾ അമ്പരപ്പോടെയാണ് സുനൈന കേട്ടത്. ഇത്രയും സങ്കടപ്പെട്ട് ഉമ്മയെ അവൾ ജീവിതത്തിൽ കണ്ടിട്ടില്ല. പിന്നെ എന്തിനായിരിക്കും ഉമ്മയെ അവിടുന്ന് ആട്ടി പുറത്താക്കിയത്.

മകളുടെ നിർബന്ധത്തിനു വഴങ്ങി ആ ഉമ്മ ഓരോ കാര്യങ്ങളും തുറന്നു പറഞ്ഞു. ആദ്യരാത്രിയിൽ പോലും കുടിച്ചു ലക്ക് കെട്ടാണ് ബഷീർ മണിയറയിൽ എത്തിയത്. പക്ഷെ സൽ‍മത്ത് അയാളെ തന്റെ അടുത്തേക്ക് അടുപ്പിച്ചില്ല.

ദിവസങ്ങൾ കടന്നു പോകവേ ബഷീറിന്റെ വൈകൃതങ്ങൾ ഓരോന്നായി പുറത്ത് വന്നു.

സൽ‍മത്തിന്റെ സമ്മതമില്ലാതെയാണ് അയാൾ ബലമായി അവളെ പ്രാപിച്ചത്.

ഗർഭിണിയായിട്ട് പോലും അയാൾ അവളെ ക്രൂരമായി ഉപദ്രവിച്ചു കൊണ്ടിരുന്നു. മോളെ പ്രസവിക്കുന്നതിന്റെ തലേ ദിവസമാണ് വീട്ടിലെ വേലക്കാരിയുടെ കൂടെ അയാൾ ശയിക്കുന്നത് അവൾ കണ്ടത്. അവൾ കണ്ടു എന്ന് മനസ്സിലാക്കിയ ബഷീർ അന്ന് രാത്രി അവളെ മൃഗീയമായി ഉപദ്രവിച്ചു.

പിറ്റേന്നാണ് അവൾ സുനൈനയെ പ്രസവിച്ചത്.

സൽ‍മത്തിനെ ഒഴിവാക്കാൻ അയാൾ കണ്ടെത്തിയ മാർഗമായിരുന്നു ആ ആരോപണം. ആദ്യമേ മാനസികമായി തളർന്ന സൽ‍മത്ത് ആ ആരോപണത്തോടെ പൂർവാധികം തളർന്നു. ആരോപണം നിഷേധിക്കാനോ കാര്യങ്ങൾ തുറന്നു പറയാനോ കഴിയാത്ത വിധം അവൾ തകർന്നു പോയിരുന്നു.

കൂടാതെ പ്രസവ സംബന്ധമായ വിഭ്രാന്തി കൂടെ ചേർന്നതോടെ അവൾ മറ്റൊരാളായി മാറുകയായിരുന്നു.

രാത്രി പതിവില്ലാതെ ഉമ്മയെ കെട്ടിപ്പിടിച്ചാണ് അവൾ ഉറങ്ങിയത്.

രാവിലെ തന്നെ അവൾ ഉമ്മയോടൊപ്പം ആ വീട്ടിലെത്തി. വിറച്ചു കൊണ്ടിരിക്കുന്ന ഉമ്മയെ മതിലിനു പുറത്ത് നിർത്തി അവൾ അകത്തേക്ക് കയറി.

വലിയ ഇരുനില വീടിന്റെ മുൻവശത്തു കസേരയിൽ ഇരിക്കുന്ന ആളെ കണ്ടതും അവളുടെ മനസ്സിൽ എന്തോ ഒരു വികാരം അലയടിച്ചുണർന്നു.

‘ആരാ?’.

അയാളുടെ ചോദ്യം കേട്ട് അവളുടെ മനസ്സിൽ വെറുപ്പ് നുരഞ്ഞു.

‘ഞാൻ സൽ‍മത്തിന്റെ മോളാണ്. സുനൈന ‘.

അയാളുടെ മുഖം വിളറുന്നത് അവൾ കണ്ടു.

സംസാരം കേട്ട് ആരൊക്കെയോ അകത്തു നിന്നും പുറത്തേക്ക് വന്നു. പെട്ടെന്ന് തന്നെ അയാളുടെ മുഖഭാവം മാറി.

‘അനക്ക് ഇപ്പോ എന്താ ഇവടെ കാര്യം?’.

ഉള്ളിലുള്ള പരിഭ്രമം പുറത്ത് കാട്ടാതെ അയാൾ ചോദിച്ചു.

‘എന്റെയും ഉമ്മയുടെയും ജീവിതം തകർത്ത ഇങ്ങളെ ഒന്ന് കാണാൻ വേണ്ടി വന്നതാ

‘പെഴച്ചുണ്ടായോൾക്ക് എന്താ ഇവടെ കാര്യം ‘.

ആ ചോദിച്ച പ്രായം ചെന്നയാൾ തന്റെ വലിയുപ്പ ആയിരിക്കണം എന്ന് സുനൈനയ്ക്ക് തോന്നി.

അയാളുടെ പിറകിൽ നിൽക്കുന്ന കുലീനയായ വൃദ്ധ തന്റെ വലിയുമ്മയും ആയിരിക്കണം.

‘എന്റെ ഉമ്മ പിഴച്ചു പെറ്റതല്ല. ഇങ്ങക്ക് അറിയൂലെങ്കിലും എന്റെ ഉപ്പാക്ക് അറിയാം ‘.

ബഷീറിന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തു.

‘ഇറങ്ങി പോടീ നായിന്റെ മോളേ എന്റെ വീട്ടീന്ന്

‘അല്ലേലും ഞാൻ ഇവിടെ താമസിക്കാനൊന്നും വന്നതല്ല. ഇന്നത്തെ കാലത്ത് നിയമവും കോടതിയും ഒക്കെ ഉണ്ടെന്ന് മറക്കണ്ട. ഒരു ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ അറിയാം ഇങ്ങള് പറഞ്ഞത് മുഴുവൻ നുണയാണെന്ന് ‘.

സുനൈനയുടെ വാക്കുകൾ കേട്ട് അവിടെ ഒരു നിശബ്ദത പരന്നു. എല്ലാവരും വിശ്വാസം വരാതെ അയാളെയും സുനൈനയെയും നോക്കി.

‘ഉമ്മാ ‘.

സുനൈന ഗേറ്റിന് നേർക്ക് നോക്കി വിളിച്ചു. വിറക്കുന്ന കാലുകളോടെ തല ഉയർത്തി പിടിച്ചു സൽ‍മത്ത് തന്റെ നികാഹ് നടന്ന മുറ്റത്തേക്ക് കയറി വന്നു.

‘ഈ മുഖത്തേക്ക് നോക്കി ഇങ്ങക്ക് പറയാൻ പറ്റോ ഞാൻ പെഴച്ചു ഉണ്ടായതാണെന്നു?’.

അഗ്നി ചിതറുന്ന അവളുടെ ചോദ്യം കേട്ട് ബഷീർ നിശബ്ദനായി. മറ്റുള്ളവർ അത്ഭുതത്തോടെ അവരെ നോക്കി.

‘ഇങ്ങളെ വൃത്തികേടിനു കൂട്ട് നിൽക്കാത്ത ഉമ്മയെ ഇങ്ങള് പെഴച്ചവളാക്കി ചവിട്ടി പുറത്താക്കി.

ചെയ്യാത്ത കുറ്റത്തിന് ഞാനും ഉമ്മയും തീ തിന്നു ജീവിച്ചു. പെഴച്ചുണ്ടായവളെന്നു പറഞ്ഞു ചെല്ലുന്നിടത്തൊക്കെ എന്നെയും ഉമ്മയെയും ആൾക്കാർ നിർത്തി പൊരിച്ചു ‘.

അറിയാതെ അവൾ വിതുമ്പി കരയാൻ തുടങ്ങി.

ബഷീറിന്റെ മുഖം താഴ്ന്നു. അയാളുടെ ഉപ്പയും ഉമ്മയും കോപത്തോടെ അയാളെ നോക്കി.

‘മോളേ ‘.

സങ്കടത്തോടെ അവർ വന്നു സുനൈനയെ തഴുകി.

എന്ത് ചെയ്യണം എന്നറിയാതെ അവരെല്ലാം പരസ്പരം നോക്കി. മകന്റെ വാക്കുകൾ കേട്ട് പാവം പിടിച്ച ഒരു പെണ്ണിനെ പറഞ്ഞയച്ചത് തെറ്റായി പോയി എന്നവർക്ക് ആദ്യമായി തോന്നി. കുറ്റബോധം കൊണ്ട് അവരുടെ മനസ്സ് പതറി.

അപ്പോഴേക്കും അയൽവാസികൾ അവിടേക്ക് വന്നു.

അവർക്കൊക്കെ അത്ഭുതമായിരുന്നു. ഫോണിലൂടെ അറിഞ്ഞു ബന്ധുക്കളിൽ പലരും എത്തി. പത്തു പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ ആ വീട് നിറയെ ആളുകളെ കൊണ്ട് നിറഞ്ഞു.

‘ബഷീർ അവളെ സ്വീകരിക്കണം ‘.

കൂട്ടത്തിൽ മുതിർന്ന ഒരു കാരണവർ പറഞ്ഞത് എല്ലാവരും പിന്താങ്ങി. ബഷീർ എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങി നിന്നു.

ഒരുപാട് സ്വപ്നങ്ങളുമായി താൻ വലത് കാൽ വെച്ച് കയറിയ വീട്ടിലേക്ക് സൽ‍മത്ത് ഒന്ന് നോക്കി.

ഒരിക്കൽ തന്റെ സ്വന്തമായിരുന്ന കിടപ്പ് മുറിയുടെ ജനാലയിലൂടെ ബഷീറിന്റെ ഇപ്പോഴത്തെ ഭാര്യ നനഞ്ഞ മിഴികളോടെ നോക്കി നിൽക്കുന്നത് അവൾ കണ്ടു.

‘അയിന് ബഷീറിന് ഇപ്പോൾ ഒരു പെണ്ണില്ലേ?’.

ആരോ ചോദിച്ചത് കേട്ടപ്പോ സദസ്സ് നിശബ്ദമായി.

‘അതൊന്നും സാരമില്ല. ഒന്നാമത് ബഷീർ സൽ‍മത്തിനെ മൊഴി ചൊല്ലിയിട്ടില്ല. അപ്പൊ പിന്നെ കുഴപ്പമില്ല. ഞമ്മക്ക് നാലു വരെ കെട്ടാൻ പറ്റുമല്ലോ. നമ്മളൊക്കെ ആണുങ്ങളല്ലേ

കാരണവരുടെ മറുപടി കേട്ടതും സൽ‍മത്തിന്റെ മുഖത്ത് കോപം ഇരച്ചു കയറി.

‘അപ്പൊ പിന്നെ ഭാര്യയെ നുണ പറഞ്ഞു ചവിട്ടി പുറത്താക്കിയതിനു എന്താ പറയാനുള്ളത്?’.

സൽ‍മത്തിന്റെ ചോദ്യത്തിന് ആർക്കും മറുപടി ഉണ്ടായിരുന്നില്ല.

‘ഇത്രയും കാലം പെഴച്ചവളായാണ് ഞാൻ ജീവിച്ചത്. പെഴച്ചുണ്ടായവളായിട്ടാണ് എന്റെ മോൾ ജീവിച്ചത്. കരഞ്ഞു കണ്ണീർ വറ്റാതെ ഒരു ദിവസം പോലും ഞങ്ങൾ ഉറങ്ങിയിട്ടില്ല ‘.

സുനൈന അത്ഭുതത്തോടെ ഉമ്മയെ നോക്കി.

ഇങ്ങനെയൊക്കെ നട്ടെല്ലോടെ സംസാരിക്കുന്നത് തന്റെ ഉമ്മ തന്നെയാണോ എന്ന സംശയത്തോടെ ആയിരുന്നു ആ നോട്ടം. കുനിഞ്ഞ മുഖത്തോടെയല്ലാതെ അവൾ ഇന്നെ വരെ ഉമ്മയെ കണ്ടിട്ടില്ലാലോ…

‘പെണ്ണിന്റെ സമ്മതം ചോദിക്കാതെ കൂടെ പൊറുപ്പിക്കാൻ ഏത് ദീനാണ് നിങ്ങക്ക് അധികാരം തന്നത്?’.

സൽ‍മത്തിന്റെ ചങ്ക് പൊട്ടിയുള്ള ചോദ്യത്തിന് കാരണവരുടെ വായ അടഞ്ഞു പോയി.

‘ന്റെ മോൾ പറഞ്ഞതാണ് ശരി. എനിക്ക് വേണ്ടത് ന്റെ മോൾ പെഴച്ചുണ്ടായതല്ല എന്ന് എല്ലാരും അറിയുകയാണ്. അത് അയാൾ സമ്മതിച്ചാൽ മാത്രമേ ഞാൻ ഇവിടുന്നു തിരിച്ചു പോവൂ ‘.

‘അതിപ്പോ സമ്മതിക്കാൻ എന്താ. എല്ലാർക്കും മനസ്സിലായല്ലോ. അല്ലെ ബഷീറേ?’.

നാട്ടുകാരിൽ ഒരാളുടെ ചോദ്യം കേട്ട് ബഷീർ വീണ്ടും തല താഴ്ത്തി.

‘ഉമ്മ പറഞ്ഞത് ഉമ്മാന്റെ കാര്യം. ഞാൻ പക്ഷെ കേസ് കൊടുക്കും. ടെസ്റ്റ് നടത്തി കോടതിയിൽ വെച്ച് തെളിയിക്കും. ഓർമ വെച്ച നാള് മുതൽ ഞാൻ കേൾക്കുന്നതാണ് ഈ പെഴച്ചുണ്ടായവൾ എന്ന വിളി. അതിന് കാരണം ഇങ്ങളും ‘.

ബഷീറിന്റെ മുഖത്തേക്ക് നോക്കിയാണ് സുനൈന അത് പറഞ്ഞത്. എല്ലാവരും അമ്പരന്നു തന്നെ നോക്കി നിൽക്കുകയാണെന്നു കണ്ടപ്പോൾ അവൾ ഒന്നൂടെ തല ഉയർത്തി പിടിച്ചു.

‘സ്വന്തം ചോര ആണെന്ന് അറിയാമായിരുന്നിട്ടും ഇത്രേം കാലം തിരിഞ്ഞു നോക്കാത്ത ഇങ്ങളെ ബാപ്പയുടെ സ്ഥാനത്തു കാണാനോ മനസ്സ് നിറഞ്ഞു ബാപ്പയെന്നു വിളിക്കാനോ എനിക്ക് കഴിയില്ല.

അത്രക്ക് ഞാനും എന്റെ ഈ പാവം ഉമ്മയും അനുഭവിച്ചിട്ടുണ്ട്. ഇങ്ങളെ പോലത്തെ ഒരാളാണ് എന്റെ ഉപ്പ എന്ന് പറയുന്നതിലും അന്തസ്സ് പെഴച്ചുണ്ടായവൾ എന്ന വാക്കിനു തന്നെയാണ് ‘.

മകളുടെ വാക്കുകൾ കേട്ട് ബഷീറിന്റെ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണീർ ഉറ്റി വീണു.

‘ഞങ്ങക്ക് ഒന്നും വേണ്ട. ഈ ചീത്തപ്പേരു ഒന്ന് മാറി കിട്ടിയാൽ മാത്രം മതി ‘.

എല്ലാവരോടുമായി പറഞ്ഞു കൊണ്ട് സൽമത്തും സുനൈനയും തിരിഞ്ഞു നടന്നു. അപ്പോൾ പിറകിൽ പടക്കം പൊട്ടുന്നത് പോലൊരു ശബ്ദം കേട്ടു.

തിരിഞ്ഞു നോക്കിയപ്പോൾ തന്റെ ഉപ്പ മുഖം പൊത്തി പിടിക്കുന്നതും വലിയുമ്മ ദേഷ്യത്തോടെ ഉപ്പയെ നോക്കി നിൽക്കുന്നതും സുനൈന കണ്ടു.

‘മോള് അവിടെ നിക്ക് ‘.

അവർ വേഗം അവരുടെ അടുത്തേക്ക് ചെന്നു.

‘എന്റെ മോനല്ലേ നിന്നോട് ഈ കാണിച്ചു കൂട്ടിയതൊക്കെ. ഞാൻ നിന്നെ മോളായിട്ട് മാത്രമല്ലേ കണ്ടുള്ളൂ?’.

അവരുടെ ചോദ്യത്തിന് സൽ‍മത്തിന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

‘അന്ന് ഉമ്മാ എന്ന് വിളിച്ചതിൽ വല്ല സത്യവും ഉണ്ടെങ്കിൽ മോള് ഉമ്മയെ വിട്ട് പോവരുത് ‘.

സൽമത്തും സുനൈനയും പരസ്പരം നോക്കുന്നത് കണ്ടു അവർ പുഞ്ചിരിച്ചു.

‘ഇവിടെ നിക്കാനല്ലേ ബുദ്ധിമുട്ട് ഉള്ളൂ. ഈ ഉമ്മയെ കൂടെ കൊണ്ട് പോവാൻ ബുദ്ധിമുട്ടുണ്ടോ?’.

അത് കേട്ട് സുനൈന തെളിഞ്ഞു പുഞ്ചിരിച്ചു.

‘ന്നാ പിന്നെ ഞാനും വരാം ‘.

ഉമ്മയുടെ പിന്നാലെ ഉപ്പയും ഇറങ്ങി പോവുന്നത് കണ്ടിട്ടും നിർവികാരനായി ബഷീർ നിന്നു.

പെട്ടെന്നാണ് പിറകിൽ നിന്നും ഒരു മുരടനക്കം കേട്ടത്. രണ്ട് കുട്ടികളെയും കൈ പിടിച്ചു അവിടെ റംല നിൽക്കുന്നുണ്ടായിരുന്നു.

‘ഞാനും എന്റെ വീട്ടിലേക്ക് പോവാ ഇക്കാ. ഉപ്പ ഇപ്പോൾ വണ്ടിയുമായി വരും. ‘.

ഏറ്റവും ഒടുവിൽ ആ വലിയ വീട്ടിൽ ബഷീർ മാത്രമായി. എന്തു ചെയ്യണം എന്നറിയാതെ അയാൾ അങ്ങനെ നിൽക്കുമ്പോൾ സൽ‍മത്തിന്റെ കൊച്ചു കൂരയിൽ സുനൈന വലിയുമ്മയുടെയും വലിയുപ്പയുടെയും സ്നേഹം നിറഞ്ഞ മനസ്സോടെ അറിയുകയായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഹക്കീം മൊറയൂർ