ശ്രീദേവി… ഏതൊരാണും ഒറ്റ നോട്ടം കൊണ്ടേ മോഹിച്ചുപോവുന്ന ഉടലഴക്…

രചന : ശിവാംഗിശിവ

വെള്ളാരംകണ്ണുള്ള പെണ്ണ്

❤❤❤❤❤❤❤❤❤

ശ്രീദേവി… ഏതൊരാണും ഒറ്റ നോട്ടം കൊണ്ടേ മോഹിച്ചുപോവുന്ന ഉടലഴക്…അവളു കിലുകിലാ ചിരിക്കുമ്പോ കുപ്പിവളകൾ പോലും അനങ്ങാതെ നിൽക്കും…നെഞ്ചിനെ ചൂണ്ടയിട്ടു കൊളുത്തി വലിക്കുന്ന നോട്ടം മോഹിച്ചവളുടെ പിറകെ നടക്കാത്ത ആൺപിള്ളേർ കുറവാണ് ഈ നാട്ടിൽ…

പക്ഷെ എന്നവൾ കരാട്ടെ പഠനം തുടങ്ങിയോ അന്ന് തൊട്ട് കണ്ണുണ്ടായിട്ടും നോക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു എല്ലാർക്കും…അച്ഛനോ ആങ്ങളമാരോ ഇല്ലാതിരുന്നതുകൊണ്ടാവും അവളുടെ അമ്മ പ്രതിസന്ധികൾ മുൻകൂട്ടികണ്ട് അവളെ അതിനു പ്രേരിപ്പിച്ചത്…അതോടെ നാണിച്ചു തലതാഴ്ത്തി നടന്നിരുന്ന ശ്രീക്കുട്ടി തെല്ലൊന്ന് ധാർഷ്ട്ട്യം പ്രകടിപ്പിച്ചുതുടങ്ങി… ഒരുപക്ഷെ അതൊരു ധീരമായ മുന്നേറ്റത്തിന്റെ തുടക്കമാവാം…

എന്തോ ഞാനുമൊരു ആണായതിനാൽ തന്നെ അതെനിക്ക് ധിക്കാരമായാണ് തോന്നിയത്… സ്വധവെ ഈ കാലുകൊണ്ട് കളം വരച്ചു നടക്കണ പെങ്കുട്ട്യോളെ ആണ് ഓരോ പുരുഷനും ആഗ്രഹിക്കുന്നതെന്നു എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും…സ്ത്രീസംവരണം ഘോരഘോരം പ്രഹസനത്തിനു പാത്രമാവുമ്പോഴും ഉള്ളിലിപ്പോഴും ഭർത്താവിന്റെ തൊട്ട് പിന്നിൽ ജാള്യതയോടെ നടക്കുന്നൊരു ഭാര്യയുടെ മുഖമാണ് ഒട്ടുമിക്ക അവിവാഹിതരായ ആണുങ്ങളുടെയും സ്വപ്നം…

ആദ്യമൊക്കെ അയല്പക്കം കൂടിയായ അവളെനിക്ക് നല്ലൊരു കൂട്ടുകാരിയായിരുന്നു…ഉപ്പിലിട്ട മാങ്ങയും മനയ്ക്കലെ പച്ചപ്പുളിയും ഒക്കെ പങ്കുവെച്ചും പാടിയിൽ ഇരിക്കുമ്പോ പുളിമുട്ടായി എന്റെ കയ്യീന്ന് തട്ടിപറിച്ചും എന്നോട് പറ്റിനടന്നിരുന്നൊരു വായാടി പെണ്ണ്…കിച്ചുവേട്ടന്റെ ശ്രീക്കുട്ടി…പക്ഷെ തീണ്ടാരികല്യാണത്തിന് ശേഷം അവളെന്നെ കാണുമ്പോഴൊക്കെ മാറിനടക്കുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു…പെട്ടന്നുള്ള എന്റെ മൗനം മനസ്സിലാക്കിയെന്നോണം അമ്മ ഒരിക്കെ പറഞ്ഞു തന്നു..

” കിച്ചൂട്ടാ… ശ്രീക്കുട്ടി ഇപ്പൊ വെല്ല്യ പെണ്ണല്ലേ..

നിന്റെ കൂടെ പാടത്തും തൊടീലും കണ്ണിക്കണ്ട ചെക്കന്മാരുടെ കൂട്ട് നടക്കാൻ പറ്റോ അവൾക്ക്…?

അതോണ്ട് നീയത് മനസ്സിലാക്കി വേണംട്ടോ അവളോട് പെരുമാറാൻ…ശോഭ നീയിണ്ടല്ലോ കൂടെ ന്നുള്ള ഒറ്റ വിശ്വാസത്തിലാ അവളെ ശങ്കരേട്ടന്റെ വണ്ടീൽ വിടാതെ നിങ്ങടെ കൂടെ നടന്നുപോവാൻ അയക്കുന്നത്…ആ വിശ്വാസം കെടുത്താതെ അവളെ നോക്കിക്കോണം കാലം അത്ര നന്നല്ല മോനേ…അമ്മ പറയണത് കിച്ചൂന് തിരിയണ് ണ്ടോ?”

ഒരു മൂളലോടെ എല്ലാം സമ്മതിക്കുമ്പോഴും ഉള്ളിൽ ചെറിയ ഭയം മുളച്ചിരുന്നു… എന്നെ അവൾടെ ആങ്ങളയാക്കൽ ചടങ്ങാണോ ഇപ്പൊ അരങ്ങേറിയത്… !! അല്ലേലും സുന്ദരിയായ പെങ്കുട്ട്യോൾടെ വീടിന്റെ അയല്പക്കം ആവാനാ മിക്കവാറും നല്ലവരായ ആൺപിള്ളേരടെ ഗതി…

ആത്മഗതത്തോടെ ഞാൻ അമ്മ പറഞ്ഞതൊക്കെ മനസ്സാ അനുസരിച്ചു പോന്നു…

എന്റെ പിറകെ നമ്രശിരസ്കയായി ഓരോ ദിവസവും അവൾ അനുഗമിക്കുമ്പോഴും ചെറുവിരലാൽ അവളുടെ കൈകോർത്ത്‌ അഗ്നിക്ക് വലം വെക്കുന്നൊരു പ്രതീതി ആയിരുന്നു എന്റെ ഉള്ളിൽ…വാചാലമായ നാളുകളെല്ലാം പിന്നീട് മൂകമായി കൊഴിഞ്ഞടർന്നു… കുടയെടുക്കാൻ മനപ്പൂർവം മറന്നിരുന്ന എന്നെ അവളുടെ കുടക്കീഴിൽ കയറാൻ മൗനമായി ക്ഷണിക്കുമ്പോൾ അറിയാതെയെങ്കിലും ഒന്ന് ചേർത്തണക്കാൻ കൊതിച്ചിരുന്നു…എന്നാൽ അപ്പോഴേക്കും അമ്മ പറഞ്ഞത് ഓർമയിൽ തികട്ടും… അങ്ങനെ മനസ്സിൽ വിരിഞ്ഞ സുന്ദരമായ പൂക്കളെല്ലാം ഉടൻ തന്നെ ഞെട്ടറ്റു വീഴും…!

ചില ദിവസങ്ങളിലെങ്കിലും അവളുടെ കണ്ണുകൾ ദയനീയമാവാറുണ്ട്… മാസമുറ സമയത്തെ ആദ്യദിനങ്ങളിൽ അമ്മയുടെ പരാക്രമം അറിയുന്നതിനാൽ തന്നെ ഞാനാ ദിനങ്ങളിൽ അവളുടെ തോൾബാഗ് സമ്മതം വാങ്ങാതെ കയ്യിലെടുക്കും… വീടെത്തും വരെ അത് ചുമന്നതിന്റെ അനുസ്മരണം പോലെ അവളൊന്ന് മുഖത്തേക്ക് നോക്കി പുഞ്ചിരിക്കും… അത് മാത്രം മതിയായിരുന്നു കിച്ചുവിന് വർഷത്തിലെ ആ പത്തിരുപതു ദിനങ്ങളും നീക്കാൻ…

വളരുന്തോറും അവളുടെ മുടിയും നീണ്ടുനീണ്ടു പനംകുല പോലായി…നീണ്ട മൂക്കിൽ നീലക്കൽ മൂക്കുത്തി ഇടം പിടിച്ചു…ചുണ്ടിനു മുകളിലെ കാക്കാപ്പുള്ളി ഒന്നുകൂടി കറുത്തു…നെറ്റിയിലെ വട്ടപ്പൊട്ട് ചുമന്നു ചുണ്ടുപോലെ.മൂന്ന് കുട്ടികളും പെണ്ണായതുകൊണ്ട് കുറേശ്ശെയായി അമ്മ സ്വരൂപിക്കാൻ തുടങ്ങിയതിന്റെ തെളിവ് കാതിലും കഴുത്തിലും ഇടം കയ്യിലും കണ്ടുതുടങ്ങി…എല്ലാം നോക്കിക്കൊണ്ട് ആങ്ങള പദവിയെ മനസാൽ പ്രാകി ഞാനും ഉയരം കൂട്ടിതുടങ്ങി…

അങ്ങിങ്ങ് വളർന്ന കുറ്റിത്താടി ഞാനുമൊരാണായി എന്ന തോന്നൽ പടർത്തിയപ്പോൾ അവളെ ദൂരെ നിന്ന് നോക്കിക്കാണാനാണ് പിന്നേ തോന്നിപ്പിച്ചത്…അകാരണമായ ഒരു ഭയം എന്നിൽ നിഴലിച്ചിരുന്നു…എന്തെന്നാൽ അവളുടെ ചുറ്റും ഒരുപാട് കുറുക്കന്മാർ പാത്തും പതുങ്ങിയും നടന്നിരുന്നല്ലോ…പക്ഷെ അമ്മയും ശോഭ ഏടത്തിയും ഒരുപോലെ അനുവദിച്ചുതന്ന സെക്യൂരിറ്റി ജോലി ഞാൻ ഭംഗിയായി ഒപ്പം നിർവൃതിയോടെ നിർവഹിക്കുന്നത് കാരണം അവളെന്നും സുരക്ഷവലയത്തിൽ ആയിരുന്നു…

ഒരുവേള ആർക്കോ ഉള്ള അരിമണി ആണ് അവളെന്ന് തോന്നിയ ദിവസമാണ് രമേശനും കൂട്ടരും അവളെ വഴിയിൽ നിർത്തി കമന്റ്‌ അടിച്ചത്…

ചുവന്നു കലങ്ങിയ ആ കണ്ണുകളിൽ അന്നെനിക്ക് എന്നെ തന്നെ നഷ്ടമായെന്ന് തോന്നിപ്പോയി…

ഇന്റർവ്യൂനു പോവാനിരുന്ന ഞാൻ വെള്ളകുപ്പായത്തിൽ ചെളി പടരുമെന്ന ഭീതി ഇല്ലാതെ അവന്മാരെ തച്ചിന് പെരുമാറി ഓടിച്ചു…പിറ്റേന്ന് തൊട്ട് അവൾ കരാട്ടെ ക്ലാസിനും പോയി തുടങ്ങി.

ഇനിയൊരിക്കലും എന്റെ ആവശ്യം വരില്ലെന്നു തോന്നിയതുകൊണ്ടാവാം ഞാൻ സ്വയം ഒഴിഞ്ഞുമാറാൻ തുടങ്ങിയത്… പക്ഷെ ആ വെള്ളാരം കണ്ണുകളിലെ കുസൃതിയും മെടഞ്ഞിട്ട മുടിയിലെ തുളസിക്കതിരിന്റെ നാസികതുളയ്ക്കുന്ന ത്രസിപ്പിക്കുന്ന ഗന്ധവും എന്നെ രാപകൽ വേട്ടയാടിയത് അവളറിഞ്ഞിരുന്നോ ആവോ…?

പിന്നെയൊരിക്കൽ അമ്മയോട് ശോഭ ഏടത്തി പറയുന്നത് കേട്ടു…ഷിപ്യാർഡിൽ ജോലിയുള്ള ഒരു നായര് ചെക്കനുമായി സംബന്ധം ഉറപ്പിക്കാൻ പോവാണെന്നു…അട്ടിക്കട്ടി പോലെയുള്ള മൂന്ന് പെൺമക്കളല്ലേ… ഒന്നിനെ കൈപിടിച്ച് കൊടുത്താൽ അതായില്ലേന്ന് പറയുന്നത് കേട്ടപ്പോൾ തോന്നി ശെരിയാണ്… ഉയർന്ന ഉദ്യോഗമുള്ള ഒരുത്തനാവുമ്പോ ആ കുടുംബം തന്നെ രക്ഷപ്പെടൂലോ… അല്ലേലും അവൾടെ ഉള്ളിലും ഞാനൊരു സഹോദരനാണല്ലോ ല്ലേ… !!

പക്ഷെ പിന്നെയങ്ങോട്ട് ഓരോ ദിനവും നെഞ്ചിൽ ആണിയടിക്കുന്ന പ്രതീതി ആയിരുന്നു എന്റെ ഉള്ളിൽ… വേലി തന്നെ വിളവ് തിന്നുന്നു ന്ന് പറഞ്ഞുകേൾക്കാൻ വയ്യാത്തോണ്ടാണ് ഇത്രേം കാലം ഉള്ളിലുദിച്ച മോഹം അവളോട് പറയാതെ നിന്നത് ..

എന്നാൽ നിശ്ചയത്തിന്റെ തലേന്ന് ആദ്യമായി ഞാൻ ഒന്ന് മിനുങ്ങി…മത്തുപിടിച്ചപ്പോൾ നെഞ്ചിലെ ഭാരം ഇറക്കിവെക്കാൻ വേറൊരു വഴിയും കാണാതെ കാവിൽ പോയി വരുന്ന വഴിക്കവളെ പിടിച്ചു നിർത്തി കവിളിൽ കുത്തിപ്പിടിച്ചു പറഞ്ഞു…ഇഷ്ട്ടമാണെടി പെണ്ണെ നിന്നെയെനിക്കെന്ന്…

ആഞ്ഞുവീശിയ കൈകൾ കവിളത്തു പതിഞ്ഞ നിമിഷം തന്നെ എന്റെയുള്ളിലെ കള്ളിറങ്ങിപ്പോയിരുന്നു… ആങ്ങള പദവി ദുരുപയോഗം ചെയ്ത എനിക്കിത് കിട്ടിയാൽ പോരാ എന്ന് സ്വയം പറഞ്ഞ് വഴി മാറിനിന്നപ്പോൾ എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു മുഖമൊട്ടാകെ മുത്തം കൊണ്ട് നിറച്ചവൾ തേങ്ങിക്കൊണ്ടത് പറഞ്ഞുകേട്ട മാത്രയിൽ ഞാൻ സ്വർഗത്തിലാണോ എന്നുപോലും ചിന്തിച്ചു പോയി…

” കിച്ചേട്ടന്റെ നാവിൽ നിന്നൊന്നിത് കേൾക്കാനാ ശ്രീക്കുട്ടി ഇത്രേം കാലം കാത്തിരുന്നേ… എന്തെ ഇത്രയ്ക്ക് വൈകിയേ…? ”

മറുത്തൊന്നും പറയാതെ നനുത്തൊരാ ചുണ്ടിനു മേലെയുള്ള മറുകിൽ മെല്ലെയൊന്നു ചുണ്ട് ചേർത്തതും പൂച്ചക്കുഞ്ഞിനെപ്പോലവൾ ചിണുങ്ങിക്കൊണ്ട് എന്നോട് പറ്റിനിന്ന നിമിഷം…നേരത്തെ കൊണ്ട അടിയുടെ വേദന ഞാൻ മറന്നേ പോയിരുന്നു…

കിച്ചനൊന്ന് സൂചിപ്പിച്ചിരുന്നേൽ ഞാനീ ആലോചന പോലും വരാൻ സമ്മതിക്കില്ലായിരുന്നു എന്നവളുടെ അമ്മ പറഞ്ഞതുകേട്ടപ്പോൾ എനിക്ക് മനസ്സിലായി…

പണം കൊണ്ട് ആണിനെ തൂക്കാത്ത അമ്മമാർ മണ്ണടിഞ്ഞിട്ടില്ലെന്ന്… ഏതായാലും ഇളയ രണ്ട് കാന്താരികളുടെ ഏട്ടനായ ആശ്വാസത്തിൽ ഞാനൊന്ന് അമ്മയെ നോക്കി ചിരിച്ചു…

അമ്മയെന്നെ നോക്കി കണ്ണിറുക്കി കാണിച്ചപ്പോഴാണ് ആ നഗ്നസത്യം എനിക്ക് മുന്നിൽ വെളിവായത്…

സ്വന്തം അരിമണിയെ കോഴിക്ക് തീറ്റിയാക്കാതെ നോക്കാനുള്ള അനുമതിയാണ് കാലങ്ങൾക്ക് മുന്നേ അമ്മയെന്നെ ഏല്പിച്ചുതന്നതെന്ന്…

എന്തൊക്കെയാണേലും കരാട്ടെ പഠിച്ച എന്റെ പെണ്ണെന്നെ തല്ലിയ രഹസ്യം ഇന്നേവരെ ആരും അറിഞ്ഞിട്ടില്ലല്ലോ എന്ന ആത്മനിർവൃതിയിൽ മൺസൂണിൽ അവളെ കെട്ടിപ്പിടിച്ചുമയങ്ങുന്ന ഈ വേളയിലും അവളെന്നോട് ചോദിക്കുന്നുണ്ട്…

” എന്നാലും കിച്ചേട്ടനെന്താ ഇഷ്ട്ടം പറയാൻ വൈകിയേ ന്ന്… ഞാൻ അന്നയാളെ കെട്ടിപ്പോയിരുന്നെങ്കിലോ ന്ന്…? ”

മറുപടിയെന്നോണം വെള്ളാരം കണ്ണുകളിൽ ഒന്ന് നോക്കി അവളെ ഇറുകെപ്പുണർന്നു ഞാൻ പറഞ്ഞു…

“നീയായിട്ട് ആങ്ങള ആക്കുന്നതിനു മുന്നേ ഞാനായിട്ട് ആവാമെന്ന് കരുതിപ്പോയെടി പെണ്ണേ…

പിന്നേ ഏറ്റവും വലിയ കാര്യം അർഹതയില്ലാത്തതൊന്നും ഞാൻ മോഹിച്ചിട്ടില്ല…അതുകൊണ്ട് തന്നെ കൊതിച്ചതൊന്നും എന്റെ കൈവിട്ട് പോയിട്ടുമില്ല ഇന്നോളം…!!”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശിവാംഗിശിവ