കെട്ടാൻ പോകുന്ന പെണ്ണ് ഒരു സാധാരണ പെണ്ണായിരിക്കണമെന്നു മാത്രം, മനസ്സ് നിറയെ സ്നേഹം നിറഞ്ഞു തൂവുന്ന പെണ്ണ്….

രചന: സന്തോഷ് അപ്പുക്കുട്ടൻ

“ഇവനു വേണ്ടി ഞാൻ ഇനി പെണ്ണുകാണാൻ പോകില്ലാട്ടാ അമ്മായീ ”

പുറത്തു നിന്നുള്ള ശബ്ദം കേട്ട് വീടിൻ്റെ പുറത്തേക്ക് വന്ന സുമിത്ര കണ്ടത്, പടിയിൽ നിന്ന് കലിയോടെ ഷൂ അഴിക്കുന്ന അഖിലിനെയാണ്.

” എന്തു പറ്റി അഖീ? “….

ചോദ്യത്തോടൊപ്പം,പുഞ്ചിരിച്ചു നിൽക്കുന്ന അഭിയെയും, ദേഷ്യപ്പെട്ട് നിൽക്കുന്ന അഖിലിനെയും മാറിമാറി നോക്കി സുമിത്ര. ” അമ്മായി മോനോട് തന്നെ ചോദിക്ക് ” അതും പറഞ്ഞ് അഖിൽ കാൽകഴുകാൻ തുടങ്ങിയപ്പോൾ, സുമിത്ര അഭിയെ നോക്കി. “ഈ പെണ്ണുകാണലും സ്വാഹയായോ മോനെ?”

അവജ്ഞയോടെ സുമിത്ര അഭിയെ നോക്കിയപ്പോൾ അവൻ്റെ ചുണ്ടിൽ ഒരു ചമ്മിയ ചിരി പ്രത്യക്ഷപ്പെട്ടു.

”ആ പെൺക്കുട്ടിയുടെ മുഖത്ത് ഒരു വലിയ മറുക് ഉണ്ട് അമ്മേ ” അതും പറഞ്ഞ് അകത്തേക്ക് കടക്കാനൊരുങ്ങിയ അഭിയുടെ കൈപിടിച്ചു സുമിത്ര. “നിനക്ക് ഒരു പെൺക്കുട്ടിയേയും ഇഷ്ടപ്പെടില്ലാന്ന് എനിക്കറിയാം.

കാരണം കല്യാണം കഴിഞ്ഞാൽ പിന്നെ കൂട്ടുക്കാരോടൊപ്പം അടിച്ചു പൊളിച്ചു നടക്കാൻ കഴിയില്ലല്ലോ?”

സുമിത്ര സംസാരിക്കുന്നതിനിടയിൽ തന്നെ ശ്വാസം കിട്ടാതെ വിഷമിച്ചു.

“അമ്മേ ” അഭിസുമിത്രയെ പിടിച്ചപ്പോൾ അവർ കുതറി മാറി. “തൊടരുത് എന്നെ.ഈ ശരീരത്തിനുള്ളിൽ എന്തെല്ലാം അസുഖങ്ങൾ ഉണ്ടെന്ന് നിനക്ക് അറിയുന്നതല്ലേ?”

അവർ അരികെ നിൽക്കുന്ന മകളെ ഒരു നിമിഷം നോക്കി നിന്നു. ” എനിക്ക് വയ്യാതെ ഒരിടത്ത് കിടന്നാൽ ഇവരെ നോക്കാൻ ആരുണ്ടെടാ? നീ ഗൾഫിലെ ജോലിയും കളഞ്ഞ് ഇവിടെ വന്നു നിൽക്കോ?” അമ്മയുടെ അതുവരെ കാണാത്ത ഭാവം കണ്ട് അഭി, മറുപടിയ്ക്കായി വാക്കുകൾ കിട്ടാതെ നിന്നു. “പതിനാറാമത്തെ പെണ്ണുകാണൽ ആണ് ഇന്നു നീ നടത്തിയത് ഇനി വേണ്ട ഈ കലാ പരിപാടി.നിർത്തിക്കോ. ഒരുങ്ങി കെട്ടി വരുന്ന പെൺക്കുട്ടികളുടെ ശാപവും കൂടി നീ ഏറ്റെടുക്കണ്ട ”

” ൻ്റെ മോന് സമയായിട്ടുണ്ടാവില്ല സുമിത്രേ?” പ്രാഞ്ചി പ്രാഞ്ചി അങ്ങോട്ടേക്ക് വന്ന ദേവകിയമ്മ അങ്ങിനെ പറഞ്ഞപ്പോൾ കലിയോടെ അവരെ നോക്കി സുമിത്ര.

“ഇരുപത്തെട്ട് വയസ്സ് കഴിഞ്ഞാൽ പിന്നെ നാല്പതിൽ നോക്കിയാൽ മതിയെന്നാ കണിയാൻ പറഞ്ഞത്.

രണ്ടു മാസം കഴിഞ്ഞാൽ ഇവന് ഇരുപത്തെട്ടാകും അതോണ്ടാ ഞാൻ ഇവനെ ഇങ്ങിനെ പെണ്ണുകാണാൻ തള്ളിവിടുന്നത്?” “ഏതു കണിയാനാടീ അങ്ങിനെ പറഞ്ഞത്?” ദേവകിയമ്മ വിടാൻ ഭാവമില്ലെന്നു കണ്ട സുമിത്രയ്ക്ക് അടിമുടി വിറച്ചു. “അമ്മ ഒറ്റ ഒരാളാണ് ഇവനെ ഇങ്ങിനെ കൊഞ്ചിച്ചും ലാളിച്ചും വഷളാക്കിയത് ” “ശിവ ശിവ ” ഇനി അവിടെ നിൽക്കുന്നത് പന്തികേടാണെന്ന് തിരിച്ചറിഞ്ഞ ദേവകിയമ്മ തിരിച്ചു നടക്കുമ്പോൾ, അഭിയുടെ കൈപിടിച്ചു. “അഭിക്കുട്ടൻ വന്ന് മുത്തശ്ശിക്ക് കാലിൻമേൽ ഇത്തിരി കുഴമ്പ് ഇട്ടു തന്നേ കാലിന് വല്ലാത്ത വേദന ” അടയും, ചക്കരയുംപോലെ പോകുന്ന അമ്മയെയും, മകനെയും നോക്കി പല്ലിറുമ്മി സുമിത്ര. ” അമ്മ പല്ലിറുമ്മി പൊട്ടിക്കണ്ടാ.

ആചാപ്റ്റർ വിട്ടേക്ക്. എനിക്ക് പറ്റിയ വല്ല ചെക്കൻമാരുണ്ടോന്ന് കണ്ടുപിടിക്ക്.അതാ നല്ലത് ”

അടുത്ത് നിന്നു തമാശയായി അശ്വതി പറഞ്ഞപ്പോൾ, സുമിത്ര അവൾക്കു നേരെ കൈയോങ്ങിയതും, അവൾ അവിടെ നിന്നു ഓടി. അവളുടെ പാദസരത്തിൻ്റെ ശബ്ദം അകത്തളത്തിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. ” നീ ഉണ്ടായി കഴിഞ്ഞ് പത്തുവർഷം കഴിഞ്ഞാണ് അച്ചുട്ടി ഉണ്ടായതെന്ന് നിനക്കറിയാമല്ലോ? ആ പ്രസവത്തോടെ അവൾക്ക് അസുഖങ്ങൾ വന്നു തുടങ്ങി.അതിനിടയ്ക്കാ നിൻ്റെ അച്ഛൻ്റെ മരണം: ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവൾ നിങ്ങളെ വളർത്തിയത്.

അവൾക്ക് എന്തെങ്കിലും സംഭവിക്കോ എന്നാണ് അവളുടെ ഇപ്പോഴത്തെ പേടി ” മുത്തശ്ശിയുടെ മടിയിൽ കിടന്നിരുന്ന അഭിയുടെ കണ്ണ് അറിയാതെ നിറഞ്ഞു. “ൻ്റെ മോൻ്റെ മനസ്സിൽ ആരേലും ഉണ്ടോ?”

അഭിയുടെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് മുത്തശ്ശി ചോദിച്ചപ്പോൾ അവൻ പതിയെ ചിരിച്ചു.

“അങ്ങിനെയൊന്നുമില്ല മുത്തശ്ശി എൻ്റെ സ്നേഹം നിങ്ങളോട് മാത്രം ” പതിയെ മുത്തശ്ശിയുടെ മടിയിൽ നിന്നെഴുന്നേറ്റ് അകത്ത് ചെന്ന് ഫ്രിഡ്ജ് തുറന്ന് രണ്ട് ബിയറെടുത്ത് അവൻ മുകളിലേക്ക് കയറി.

വിദൂരതയിൽ കണ്ണും നട്ട്, ബാൽക്കണിയിലെ ചൂരൽ കസേരയിലിരിക്കുന്ന അഖിലിൻ്റെ മുന്നിലെ ടീപ്പോയിയിൽ അവൻ രണ്ട് ബിയറും വെച്ചു.

“ചൂടിന് ബീർ നല്ലതാണ് സഹോ” അഭിയെ രൂക്ഷമായൊന്നു നോക്കി, അഖിൽ ബീറിൻ്റെ അടപ്പ് പല്ലുക്കൊണ്ട് അടർത്തി. പിന്നെ ഗ്ലാസ്സിലേക്ക് ഒഴിക്കാതെ വായിലേക്ക് കമഴ്ത്തി അഖിൽ’ കന്ന് കാടിവെള്ളം കുടിക്കുന്നതു പോലെയുള്ള ശബ്ദം കേട്ട് അഭിപുഞ്ചിരിച്ചു. ” ഇത് ആദ്യം തന്നിരുന്നുവെങ്കിൽ ഞാൻ ഇത്രയ്ക്ക് വയലൻറാകില്ലായിരുന്നു സഹോ”

കുപ്പിയിലെ ബീർ പകുതിയും കുടിച്ച് അഖിൽ, അഭിയെ നോക്കി പറഞ്ഞു. അഭി ഒന്നും പറയാതെ ബീർ മൊത്തിക്കുടിച്ചുക്കൊണ്ട് പുറത്തെ വെയിൽ നാളങ്ങളിലേയ്ക്ക് നോക്കിയിരുന്നു.

” കാണുന്ന പെൺകുട്ടി കൾക്ക് നിറം പോരാ, മുടി പോരാ, ചിരി പോരാ നുണക്കുഴി ഇല്ല. പിന്നെ ”

അഖിൽ, പറഞ്ഞു വന്ന വാചകം പൂർത്തിയാക്കാതെ അഭിയെ നോക്കി ചിരിച്ചു. “നിനക്ക് എന്തു പറ്റി സഹോ നിൻ്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?”

മുത്തശ്ശി ചോദിച്ച ചോദ്യം തന്നെ അഖിലും ചോദിക്കുന്നത് കേട്ടപ്പോൾ, അവൻ പതിയെ തൻ്റെ മനസ്സിനോടും അതേ ചോദ്യം ചോദിച്ചു.

ആ ചോദ്യം, ഉത്തരം കിട്ടാത്ത ഒരു കടംങ്കഥയായി മനസ്സിൽ കുരുക്കിട്ടപ്പോൾ അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി. ബീറടി കഴിഞ്ഞ് അഖിൽ ടീപ്പോയിയിൽ നിന്ന് കാറിൻ്റെ കീയുമെടുത്ത് പുറത്തേക്കിറങ്ങാൻ ഭാവിച്ചതും, അഭി അവനെ തടഞ്ഞു. “നീ എവിടേയ്ക്ക് ഈ ധൃതി പിടിച്ചു പോകുന്നു. നീ നാളെ വരുകയുള്ളൂന്ന് ഞാൻ അമ്മാവനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് ” അഭിയത് ശാസന രൂപത്തിൽ പറഞ്ഞപ്പോൾ അവനെ ഒന്നു നോക്കി അഖിൽ സോഫയിൽ തന്നെ അമർന്നിരുന്നു.

“എനിക്കും നിൻ്റെ അത്രയ്ക്ക് ലീവേ ഉള്ളൂന്ന് അറിയാലോ അഭീ? ഒരു കണ്ടീഷനും ഇല്ലാത്ത എനിക്കു തന്നെ പെണ്ണു കിട്ടുന്നില്ല.

പിന്നെയാണ് ഐശ്വര്യ റായുടെ അനിയത്തിയെ വേണമെന്നു പറഞ്ഞു നടക്കുന്ന നിനക്ക്”

പൊടുന്നനെ അഖിലിൻ്റെ മൊബൈൽ അടിച്ചപ്പോൾ അവൻ ഡിസ്പ്ലേയിലേക്ക് നോക്കി ടച്ച് ചെയ്ത് കാതോരം ചേർത്തു. “ഇന്നു വരാൻ പറ്റില്ല കൃഷ്ണേട്ടാ. നമ്മൾക്ക് നാളെ പോകാം” കോൾ കട്ടാക്കി അഖിൽ അഭിയെ നോക്കി. “ബ്രോക്കറാണ് വിളിച്ചത്.ഇന്ന് ഒരു പെൺക്കുട്ടിയെ കാണാൻ പോകാനിരുതാ”

അഭി,ഗ്ലാസ് പതിയെ ചുണ്ടോട് ചേർത്ത് തലകുലുക്കി. “എനിക്ക് നിന്നെ പോലെ കെട്ടാൻ പോകുന്ന പെണ്ണ് ഐശ്വര്യറായ് ആയിരിക്കണമെന്നു ഒരു ആഗ്രഹവുമില്ല.

അങ്ങിനെ പുട്ടിയടിച്ചതിനെ എനിക്ക് ഇഷ്ടവുമല്ല.

പകരം അവൾ ഒരു സാധാരണ പെണ്ണായിരിക്കണമെന്നു മാത്രം മനസ്സ് നിറയെ സ്നേഹം നിറഞ്ഞു തൂവുന്ന പെണ്ണ് ” അഖിൽ ഓരോന്നും പറയുമ്പോൾ അതൊന്നും കേൾക്കാതെ,അഭിയുടെ മനസ്സിലപ്പോൾ മുത്തശ്ശിയുടെയും, അമ്മയുടെയും വാക്കുകൾ മുഴങ്ങുകയായിരുന്നു. അവൻ്റെ ചിന്തകളെ മുറിച്ചുക്കൊണ്ട് ടീപ്പോയിൽ കിടന്നിരുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്തു. അവൻ മൊബൈൽ ഓൺ ആക്കി ചെവിയോരം ചേർത്തു.

” അത് അമ്മ ദേഷ്യം ക്കൊണ്ട് പറഞ്ഞതാ കൃഷ്ണേട്ടാ. ആൽവളവിലേക്ക് ഞാൻ പത്ത് മിനിറ്റിനുള്ളിൽ വരാം.അവിടെ വെയിറ്റ് ചെയ്യ് ”

ചോദ്യഭാവത്തോടെ നോക്കുന്ന അഖിലിനെ പിടിച്ചെഴുന്നേൽപ്പിച്ചു അഭി. “ബ്രോക്കറാ വിളിച്ചത്.ഇതും കൂടി കണ്ടേക്കാം ” “എന്തിനാടാ കാറിൻ്റെ എണ്ണയും, കൃഷ്ണേട്ടൻ്റെ സമയവും കളയുന്നത്? ആ സമയം നമ്മൾക്ക് ഇവിടെ ഇരുന്ന് ഓരോ കുപ്പി കൂടി പൊട്ടിച്ച് ” അഖിൽ അലസമായി പറഞ്ഞപ്പോൾ, അഭി അവൻ്റെ കൈത്തണ്ടയിൽ പതിയെ തടവി. “ഇതിനു കൂടി നീ വാ.ഇനി ഞാൻ നിന്നെ പെണ്ണ് കാണാണെന്നു പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല” അവൻ്റെ ദയനീയത നിറഞ്ഞ സംസാരം കേട്ടപ്പോൾ അഖിൽ പതിയെ അവനോടോപ്പം താഴേക്കിറങ്ങി.

“ടാ നമ്മൾ വെള്ളമടിച്ചിട്ട് ഡ്രൈവ് ചെയ്യുന്നത് തെറ്റല്ലേ?” അഖിൽ സംശയത്തോടെ അഭിയെ നോക്കിയ പ്പോൾ അവൻ പതിയെ ചിരിച്ചു. ”

ഡോണ്ട് വറി ബ്രോ ഈ പോക്കിൽ ഒന്നുകിൽ ഞാൻ പെണ്ണുകെട്ടും അല്ലെങ്കിൽ ഞാൻ പിഴയടക്കും”

” അമ്മേ ഞാൻ ഒരു പെൺക്കുട്ടിയെയും കൂടി കാണാൻ പോകാണ്” താഴേക്കിറങ്ങി വന്ന അഭി അങ്ങിനെ പറഞ്ഞപ്പോൾ സുമതിയിൽ ഒരു ചിരി പൊട്ടിയെങ്കിലും അവർ അത് പുറത്ത് കാണിച്ചില്ല. ”

ഇത് വരെ എനിക്ക് കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ച് കുറച്ചേറെ സങ്കൽപ്പങ്ങളുണ്ടായിരുന്നു അമ്മേ അതെല്ലാം ഞാൻ മാറ്റിവെക്കുകയാണ്.

എൻ്റെ അമ്മയ്ക്കു വേണ്ടി സുമിത്രയുടെ മിഴികളിൽ സന്തോഷത്തിൻ്റെ തിരി തെളിഞ്ഞു. ” ഇപ്പോൾ കാണാൻ പോകുന്ന പെണ്ണ് അടിപൊളിയാണെന്നാ ക്യഷ്ണേട്ടൻ പറഞ്ഞത്. അഥവാ എൻ്റെ സങ്കൽപ്പത്തിലെ പെണ്ണെല്ലെങ്കിലും ഇനിയൊരു പെണ്ണ് കാണൽ എൻ്റെ ജീവിതത്തിലുണ്ടാവില്ല ”

മുത്തശ്ശിയോടും, അമ്മയോടും അനിയത്തിയോടും പറഞ്ഞ് അഭി,പോർച്ചിൽ കിടക്കുന്ന ഇന്നോവയുടെ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി. കാർ ഗേറ്റ് കടക്കുന്നതും നോക്കി നിന്ന സുമതി, ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിച്ചു. ആൽവളവിൽ നിന്ന് ബ്രോക്കർ കൃഷ്ണേട്ടനെയും എടുത്ത് കാർ ഹൈവേയിലേക്ക് കയറി.

പൊടുന്നനെ മഴ പെയ്തു തുടങ്ങി.

ചീറിയെത്തുന്ന കാറ്റിൻ, റോഡരികിലെ വാകമരങ്ങളിൽ നിന്ന് ചുവന്ന പൂക്കൾ മഴയിലലിഞ്ഞു മണ്ണിലേക്ക് പതിക്കുന്ന കാഴ്ച അവരെ ആവേശഭരിതരാക്കി. മുപ്പത് കിലോമീറ്ററോളം ഓടിയ കാറിനെ, കൃഷ്ണേട്ടൻ പറഞ്ഞതു പ്രകാരം ഒരു ഇടറോഡിലേക്കിറക്കി അഭി.

നോക്കെത്താദൂരത്തോളംരണ്ട് വശങ്ങളിലും വിളഞ്ഞു നിൽക്കുന്ന പാടങ്ങൾ…. കറ്റകൾ ചുമടുമായി പോകുന്ന പെണ്ണുങ്ങൾ, കാറ് കണ്ടപ്പോൾ ഒഴിഞ്ഞു നിന്നു അത്ഭുതത്തോടെ നോക്കി. “എൻ്റെ സങ്കൽപ്പത്തിലെ ഗ്രാമം” ചാറുന്ന മഴയിൽ അവ്യക്തതയിലേക്ക് അഭയം പ്രാപിക്കുന്ന പ്രകൃതിഭംഗിയെ നോക്കി അഭി_പതിയെ മന്ത്രിച്ചു.

ഒരിടത്ത് കാർ നിർത്തി കൃഷ്ണേട്ടൻ തോട്ടിൽ ചൂണ്ടയിടുന്ന ആളോട് പെൺക്കുട്ടിയുടെ വീട് തിരക്കി.

അയാൾ ചൂണ്ടി കാണിച്ചതു പ്രകാരം, കാർ കുറച്ചു ദൂരം ഓടി ഇടറോഡിൻ്റെ ഒരു വശത്തേക്കായി ഒതുക്കി നിർത്തി. പാടവരമ്പിലൂടെ കുറച്ചു ദൂരം നടന്നു ഒരു ഇടത്തരം ഓടിട്ട വീടിനു മുന്നിലായ് അവർ നിന്നു.

“ആരാ?” ഒരു മയമില്ലാത്ത ശബ്ദത്തിൽ ചോദിച്ചുക്കൊണ്ട് കറുത്തു തടിച്ച ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. ആതിഥേയമര്യാദയില്ലാതെ, അഹങ്കാരത്തിൻ്റെ മേലങ്കിയണിഞ്ഞ ഒരു സ്ത്രീയുടെ ശബ്ദമായാണ് അവർക്കു തോന്നിയത്.

അവർ മൂന്നുപേരും പരസ്പരം നോക്കി. “ഇവിടുത്തെ പെൺക്കുട്ടിയെ കാണാനാണ് വന്നത്?” ബ്രോക്കർ പതിയെ പറഞ്ഞപ്പോൾ, അവർ ചിരിച്ചു കൊണ്ട് അവരെ നോക്കി. “ഞങ്ങൾക്ക് പെൺക്കുട്ടികളില്ല.

പിന്നെ ഇവിടുത്തെ ആൾടെ പെങ്ങൾടെ മോൾ ഉണ്ട്.

അതിനെ വേണമെങ്കിൽ കണ്ടോ?” മുറ്റത്ത് നിൽക്കുന്ന അവർക്കു മേൽ മഴത്തുള്ളികൾ വീണു തുടങ്ങി.

“പിന്നെ കാണാൻ അത്ര ഭംഗിയൊന്നുമില്ല.

സ്വർണ്ണം കിട്ടുമെന്നും കരുതണ്ട. അച്ഛനും അമ്മയും കടം കേറി മുടിഞ്ഞ് ആത്മഹത്യ ചെയ്തപ്പോൾ ഇവിടത്തെ ആൾ കൂട്ടിക്കൊണ്ടു വന്നതാ ” പിന്നെ പതിയെ അവർ അവർക്കരിലേക്ക് വന്നു പതിയെ മന്ത്രിച്ചു: “അവൾ ചൊവ്വാദോഷം ഉള്ളോളാ” അവർ പരസ്പരം നോക്കി മടങ്ങി പോകാമെന്ന് കണ്ണുക്കൊണ്ട് കാണിച്ചു.

മടങ്ങിപോരുമ്പോൾ അഭി കണ്ടു ആ പെൺക്കുട്ടിയെ.

മഴയത്ത് നിന്ന്, തലയിലൊരു തോർത്തും മുണ്ടും ഇട്ട് ഓലമടൽ വെട്ടിക്കീറുന്ന അവളെ അഭി ഒരു നിമിഷം നോക്കി നിന്നു. ഓലമടൽ വെട്ടി മുഖമുയർത്തിയ അവളുടെ മിഴികളും, അഭിയുടെ കണ്ണുകളും ഒരു നിമിഷം ഉടക്കി! പെട്ടെന്ന് മഴയ്ക്ക് ശക്തിയേറി.

തുള്ളിക്കൊരു കുടം പോൽ പെയ്തപ്പോൾ അവൾ ഓടി വീട്ടിലേക്ക് കയറി. അവളുടെ മുഖം ശരിക്കും കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയോടെ, അഭി അവർക്കൊപ്പം മഴയിലൂടെ ഓടി. “നിങ്ങൾ വീട് തെറ്റി പോയി അല്ലേ?” കാലൻ കുടയും പിടിച്ച്, ഒരു കൊമ്പൻ മീശക്കാരൻ അവർക്കരികിലേക്ക് വന്നു.

“എൻ്റെ മോളെ കാണാനാണ് നിങ്ങൾ വന്നത്?”

അയാൾ പറയുന്നതും, അവർ തിരിച്ചു പറയുന്നതും അഭിശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൻ്റെ മനസ്സിലപ്പോഴും, തലയിൽ തോർത്ത് കെട്ടിയ ആ പെൺക്കുട്ടിയുടെ പാതി മറഞ്ഞ മുഖമായിരുന്നു. മഴ ചീളുകൾക്ക് അപ്പുറത്തെ അവളുടെ മിഴികളായിരുന്നു.

“ഇതിലാരാ ചെക്കൻ ” കൊമ്പൻ മീശക്കാരൻ ചോദിച്ചതും, ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്ന അഭി പൊടുന്നനെ അഖിലിൻ്റെ നേർക്ക് കൈ ചൂണ്ടി.

“ഇവനാണ് ചെക്കൻ പേര് അഖിൽ. ദുബായിൽ ര്യെ കമ്പനിയിൽ അക്കൗണ്ടൻ്റ് ആണ്” ബ്രോക്കറും, അഖിലും അന്തം വിട്ടു തന്നെ നോക്കുന്നത് അഭി അറിഞ്ഞില്ല. “എന്നാൽ ഇനി പെൺക്കുട്ടിയെ ഒന്നു കാണട്ടെ ” അഭിപറഞ്ഞതും അയാൾ അകത്തേക്ക് നോക്കി മോളെ വിളിച്ചു. ട്രേയിൽ ചായയുമായി വരുന്ന സുന്ദരിയെ കണ്ടതും ബ്രോക്കറും, അഖിലും കണ്ണെടുക്കാതെ അവളെ നോക്കി. ഒരു സിനിമാനടിയുടെ അലങ്കാരങ്ങളായിരുന്നു അവൾക്ക്.

“പേര് നിമയെന്നാണ്. ഫേഷൻ ഡിസൈനറാ ”

പെൺക്കുട്ടിയുടെ അച്ഛൻ അതും പറഞ്ഞ് ചായ പതിയെ ചുണ്ടോട് ചേർത്തു. ” അവർക്ക് എന്തേങ്കിലും സംസാരിക്കാനുണ്ടാവും.

നമ്മൾക്ക് പുറത്തേക്കിറങ്ങാം ” അഭിഅതും പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ അഖിലിനെയും, പെൺക്കുട്ടിയെയും അവിടെ നിർത്തി അവരും പുറത്തേക്കിറങ്ങി. മഴയ്ക്ക് ശക്തി കുറഞ്ഞിരുന്നു.

നനഞ്ഞ മണ്ണിൽ വീണുകിടക്കുന്ന നന്ത്യാർവട്ട പൂക്കളെയും നോക്കി നിൽക്കുമ്പോഴാണ്, അഭിയുടെ കാതിലേക്ക്, അകലെ നിന്ന് അലക്കു കല്ലിൽ തുണി വീഴുന്ന ശബ്ദം കേട്ടത്. ശബ്ദം കേട്ടിടത്തേക്ക് നോക്കിയ അഭി കണ്ടത്, തലയിൽ തോർത്ത് കെട്ടിയ അതേ പെൺക്കുട്ടിയെ തന്നെയാണ് . “നീ ഇനിയും വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ല അല്ലേ അഭീ? ”

അലക്കുന്ന പെൺക്കുട്ടിയിൽ നിന്ന് ശ്രദ്ധ വിടാതെ അഭി തലകുലുക്കി. “എനിക്കിഷ്ടായി നിമയെ.

പെൺക്കുട്ടികൾക്ക് ഇത്തിരി മേക്കപ്പ് കൂടിയാലും സാരല്യ” മെയ്ക്കപ്പ് ഇടുന്ന പെൺക്കുട്ടികളെ ഇഷ്ടമില്ലെന്നു പറഞ്ഞവൻ്റെ മനമാറ്റം കണ്ട് അഭി അഖിലിനെ ചിരിയോടെ നോക്കി. “നീ ഈ ജന്മം കല്യാണം വേണ്ടെന്നുവെച്ചോ അഭീ ?” അഖിൽ ചോദിച്ചതും അഭി അവനെയും പിടിച്ച്,ആദ്യം പോയ വീട്ടിലേക്ക് നടന്നു. കുറച്ചു ദൂരെ നിന്ന്, വസ്ത്രങ്ങൾ പിഴിഞ്ഞു അഴയിലിടുന്ന ആ പെൺകുട്ടിയെ അഭി നോക്കി നിന്നു. ഒന്നും മനസ്സിലാവാതെ അഖിലും ബ്രോക്കറും അഭിയെ നോക്കി. പക്ഷെ അഭിയുടെ ശ്രദ്ധ മുഴുവൻ ആ പെൺക്കുട്ടിയിലായിരുന്നു.

ഇരുനിറത്തിലുള്ള മുഖം ഇപ്പോൾ തെളിഞ്ഞു കാണാം… തലയിലെ തോർത്ത് എടുത്തവൾ കുടഞ്ഞപ്പോൾ, ആ നെറ്റിയിലെ അടയാളം കണ്ട അഭിയുടെ ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് പാഞ്ഞു.

വിദ്യാർത്ഥിനികളെ കമൻ്റടിക്കാനെത്തിയ പുറത്തുള്ള ചെറുപ്പക്കാരും, പ്ലസ് ടുവിലെ വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷം അവൻ്റെ ഓർമ്മയിലൂടെ ചീറി പാഞ്ഞു. തനിക്കു നേരെ വന്ന സൈക്കിൾ ചെയിൻ കൈ കൊണ്ടു പിടുത്തമിട്ട ഒരു പെൺക്കുട്ടിയുടെ ചിരി അവൻ്റെ മനസ്സിൽ മുഴങ്ങി.

അതിനവൾക്ക് പ്രതിഫലമായി കിട്ടിയത് ബിയർ ബോട്ടിൽ കൊണ്ട് നെറ്റിയിലൊരു അടിയായിരുന്നു..

ബിയർ ബോട്ടിൽ തകർന്നിട്ടും, ചോര ചിതറി തെറിച്ചിട്ടും അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി നീർ പൊഴിഞുവീണില്ല’ ആ മിഴികളിലപ്പോഴും തന്നോടുള്ള പ്രണയത്തിൻ്റെ മിന്നാമിനുങ്ങുകൾ വട്ടമിട്ടു പറക്കുകയാണ്.

“വൈഗാ” ആ,കുളിരാർന്ന ഓർമ്മകളിലലിഞ്ഞ അഭിയിൽ നിന്ന് അറിയാതെ ഉച്ചത്തിൽ വിളിയുയർന്നതും, അഴയിൽ ഇട്ടിരുന്നതുണി അവൾ ഒരു വശത്തേക്ക് മാറ്റി. തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന മൂന്നു രൂപങ്ങൾ കണ്ട് അവളൊനു പകച്ചു.

അഭിയുടെ പാദങ്ങൾ അവൾക്കരികിലേക്ക് പതിയെ ചലിച്ചു. ഒരു നിമിഷം അവനെ നോക്കി നിന്ന അവളുടെ വിഷാദം നിറഞ്ഞ മിഴികൾ പൊടുന്നനെ തെളിഞ്ഞു. ക്ഷീണിച്ച കവിൾത്തടങ്ങളിലേക്ക് രക്തമിരച്ചു കയറി. പ്രായത്തിൻ്റെ ചിതൽപ്പുറ്റുകൾ അടർന്നുവീണു. ” അഭീ എന്നെ തേടിയല്ലേ നീ വന്നത്?” സന്തോഷം കൊണ്ട് മുറിഞ്ഞുപോയിരുന്നു ആ ചോദ്യം. കൂട്ടിലടച്ചിരുന്ന ഒരു പക്ഷിയുടെ ചിറകടി പോലെയായിരുന്നു അവളുടെ ശബ്ദം! അവളുടെ രണ്ടു കൈപ്പത്തികളും അന്തരീക്ഷത്തിൽ നൃത്തം വെക്കുന്നുണ്ടായിരുന്നു.

“ക്ലാസ്സിലെ ത്സാൻസിറാണി എപ്പോഴാണ് വെറും വേലക്കാരിയായി മാറിയത്?”

അഭിയുടെ ചോദ്യമുയർന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ പറയാതെ തന്നെ അവളുടെ ഭാവം പറയുന്നുണ്ടായിരുന്നു, ഇന്നോളം വരെ അനുഭവിച്ച കഷ്ടപ്പാടുകൾ. ” ഇനി കരയരുത് വൈഗ ”

പറഞ്ഞു തീർന്നതും, അവളെ മാറോട് ചേർത്തു അഭി. തൻ്റെ നെഞ്ചിലൂടെ ഒരു കണ്ണീർപുഴ ഒഴുകുന്നത് അവനറിഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അഭി അഖിലിനെ നോക്കി. ഇവളെയാണ് ഞാനറിയാതെ ഇത്രയും നാൾ തേടി നടന്നത് ….

ഇവൾ മനസ്സിൽ കിടക്കുന്നതുകൊണ്ടാണ് കാണുന്ന പെണ്ണുങ്ങൾക്കൊന്നും ഭംഗിയില്ല എന്ന് എനിക്ക് തോന്നിയിരുന്നത് … അതും പറഞ്ഞ് അവളുടെ മൂർദ്ധാവിലേക്ക് പതിയെ അവൻ ചുണ്ടമർത്തുമ്പോൾ, ബ്രോക്കർ കൃഷ്ണേട്ടൻ രണ്ട് വിവാഹം ശരിയാക്കിയ സന്തോഷത്തിൽ ഉള്ളാലെ ചിരിക്കുകയായിരുന്നു.

രചന: സന്തോഷ് അപ്പുക്കുട്ടൻ


Comments

Leave a Reply

Your email address will not be published. Required fields are marked *