നിൻ മിഴികളിൽ, തുടർക്കഥയുടെ ഭാഗം 23 വായിക്കുക…

രചന : PONNU

ഇനി കേൾക്കാൻ ആകുമോ ആ വാക്കുകൾ…. ഇനിയവൾ മറ്റൊരുവന്റെ ഭാര്യയോ….

പിന്നീട് അങ്ങോട്ട് വിളിക്കാൻ നിന്നില്ല അവൻ…

തിരികെ അശ്വിന്റെ അടുത്തേക്ക് പോകുമ്പോൾ അവൻ ആരെയോ വിളിക്കുന്നുണ്ട്… വിളിച്ചിട്ട് കിട്ടാതെ ആയതും ദേഷ്യത്തോടെ കൈ ചുരുട്ടുന്നുണ്ട് അവൻ…

“അശ്വിൻ നിനക്ക് എന്താ പറ്റിയെ…. കുറേ നേരമായി ശ്രദ്ധിക്കുന്നു…. ”

“ഏയ് ഒന്നൂല്ല ഏട്ടാ….നാദി എന്ത് പറയുന്നു…

വീട്ടിൽ ഇപ്പൊ എങ്ങനെ പ്രശ്നം എന്തെങ്കിലും ഉണ്ടോ…..

വിഷയം മാറ്റാൻ ആയി അശ്വിൻ അത് ചോദിക്കുമ്പോൾ മറുപടി ഒന്നും പറയാതെ വേദനയോടെ ചിരിച്ചുകൊണ്ട് അവൻ ദൂരേക്ക് നടന്നകന്നു…..അശ്വിൻ പുറകെ പോയില്ല…

കുറച്ചുനേരം കാശി ഒറ്റക്ക് നടക്കട്ടെ എന്ന് വിചാരിച്ചു…. അങ്ങനെ എങ്കിലും മനസ്സിലെ വേദന കുറയുമെങ്കിലോ….. അശ്വിനും പിന്നെ അവിടെ നിന്നില്ല…. ബൈക്ക് എടുത്ത് കോളേജിലേക്ക് പോയി….. പാറുവിനെ കണ്ടാലേ അവനിനി സമാധാനം ആവുള്ളു…. അവളെ തിരക്കി ക്ലാസ്സിൽ ചെന്നു, അവിടെ ഇല്ലെന്ന് അറിഞ്ഞതും അജുവിനോട് തിരക്കി…. അശ്വിനെ കണ്ടപ്പോഴേ അജുവിന്റെ കാൽ വിറക്കാൻ തുടങ്ങി….. അന്ന് മരണത്തെ മുഖാമുഖം കണ്ടതല്ലേ…. അതുകൊണ്ട് ഒരു ചെറിയ പേടിയാവാം..

“ഇങ്ങേരിതെന്തിനാ ഇങ്ങോട്ടേക്കു വരുന്നേ…ഭഗവാനെ എന്റെ അടുത്തേക്ക് ആണല്ലോ….

പാറുവിനെ കാണാഞ്ഞിട്ട് ആവോ…. ഇനി എന്റെ കൊങ്ങക്ക് പിടിക്കാൻ ആവോ…. ”

അശ്വിൻ അടുത്തേക്ക് വരുംതോറും അജു മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി കൊണ്ടിരുന്നു….

അശ്വിന്റെ മുഖത്ത് ഉള്ള ദേഷ്യം അവന് കൂടുതൽ ഭയം ഉളവാക്കി..

“പാറു….

ഡെസ്കിൽ കൈ കുത്തി കൊണ്ട് ഗൗരവത്തിൽ അശ്വിൻ ചോദിച്ചു…

“പാറുവല്ല ചേട്ടാ…. അജു ആണ്… കണ്ണ് തുറന്നു നോക്ക്…

അജുവിന്റെ സംസാരം കേട്ടിട്ട് അശ്വിന് ശെരിക്കും ദേഷ്യം വരുന്നുണ്ട്…

“ഞാൻ ചോദിച്ചത്… പാറു എവിടെ എന്നാണ്…..

അല്ലാതെ നിന്റെ ചളി കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല….. എന്റെ പാറു എവിടെ….

പറയ്…. ”

ക്ഷമ നശിച്ചെന്ന പോലെ അവൻ പറഞ്ഞതും സത്യം സത്യം പോലെ അജു പറഞ്ഞു…

അവനെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് അശ്വിൻ പുറത്തേക്ക് നടന്നു…

അവളുടെ വീട്ടിൽ ചെല്ലുന്നതു നാട്ടുകാര് കണ്ടാൽ പ്രശ്നം ആകുമെന്ന് അറിയാവുന്നത് കൊണ്ട് നാളെ കണ്ട് എല്ലാം സോൾവ് ആക്കാൻ തീരുമാനിച്ചുകൊണ്ട് അവൻ വീട്ടിലേക്ക് പോയി..

“നീ അവിടെ ഒന്ന് നിന്നെ…. ”

വീട്ടിൽ എത്തി ബൈക്ക് ഒതുക്കി വെച്ച് മുകളിലെ തന്റെ മുറിയിലേക്ക് പോകാൻ നിന്നതും പിറകിൽ നിന്നും വിളി വന്നു….

“എന്താ കാര്യം…. അച്ഛൻ പറഞ്ഞോ…

താല്പര്യം ഇല്ലാത്ത മട്ടിൽ അവൻ അച്ഛനെ നോക്കി മറുപടി പറഞ്ഞു…

“ഇന്ന് നീ കാശിയെ കണ്ടിരുന്നോ, സംസാരിച്ചോ…?

രണ്ടാളും കൂടി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടല്ലോ….

ഗൗരവത്തിൽ ആയിരുന്നു അയാളുടെ ചോദ്യം…

”ഏത് കാശി….”(അശ്വിൻ)

“എന്റെ മകൻ കാശി….”

“അതാരാ…. എനിക്കറിയില്ല… ഞാൻ ഇന്ന് സംസാരിച്ചു പക്ഷെ അത് നിങ്ങളുടെ മൂത്ത മകനോടല്ല, എന്നെ പഠിപ്പിക്കുന്ന സാറിനോട്,….

പിന്നെ ഇപ്പൊ പറഞ്ഞല്ലോ എന്റെ മകൻ എന്ന്,

അത് ഏത് വകയിൽ ആണ്… ആദ്യഭാര്യക്ക് വേറെ ആരിലോ ഉണ്ടായ മോൻ അല്ലെ…. നിങ്ങളുടെ മോൻ എന്ന് പറയാൻ എന്ത് അധികാരം ഉണ്ട്….. ”

പുച്ഛത്തോടെയും അങ്ങേയറ്റം വെറുപ്പോടെയും അവൻ പറയുമ്പോൾ അയാളുടെ മുഖം കുറ്റബോധത്താൽ ഒരൽപ്പം താഴ്ന്നു….

“ഇനി എന്നെ എന്നാ പറയുന്നേ…. എന്റെ തന്ത വേറെ ആണെന്ന്….. കുറച്ചു കഴിയുമ്പോ പറയോ നിങ്ങൾ ഞാൻ പിഴച്ചു പെറ്റ സന്തതിയാണെന്ന്,

അതോ നിങ്ങൾക്ക് ഉറപ്പുണ്ടോ ആവോ….

“അശ്വിൻ………….”

അയാൾ കടുപ്പിച്ചു വിളിച്ചതും അവൻ ഒരു പുച്ഛചിരിയോടെ റൂമിലേക്ക് നടന്നു….

മനസ്സ് കിടന്നു പിടയുകയാണ് അവന്റെ….

പാറുവിനെ ഓർത്തിട്ട് ഉറക്കം പോലും വരുന്നില്ല അവന്, കുറ്റബോധം മറ്റൊരു പ്രശ്നം….കാശിയുടെയും നാദിയുടെയും കാര്യം ഓർത്തിട്ട് ആകെ അവന് പ്രാന്ത് പിടിക്കും പോലെ

പാറുവിനോട് ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ ഒരല്പം ആശ്വാസം കിട്ടിയേനെ…

“വിളിച്ചാലോ…. വേണോ…. അവൾ അല്ലെ വിളിച്ചിട്ട് എടുക്കാതെ ബ്ലോക്ക് ആക്കിയത്…

ഇപ്പോഴും ബ്ലോക്ക് ആവും… തെണ്ടി….

എന്തൊരു വാശി ആണ് പെണ്ണിന്…. വിളിച്ചു നോക്കാം…. അല്ലെങ്കിൽ വേണ്ട…. വേണേൽ ഇങ്ങോട്ട് വിളിക്കട്ടെ…”

മനസ്സ് പാലത്തിന്റെ നടുവിൽ നിക്കുവാണ്….

അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്ന പോലെ…

അവളെക്കാൾ വാശിയാണ് അവന്… സ്നേഹവും വാശിയും തമ്മിലുള്ള മത്സരത്തിൽ അവസാനം വാശി ജയിച്ചു രണ്ടാൾക്കുമിടയിൽ…..

ഫോൺ ലോക്ക് ആക്കി ഇട്ട് കൊണ്ട് അവൻ ബെഡിൽ കിടന്നു…. ഇടയ്ക്കിടക്ക് ഫോണിലേക്ക് നോക്കികൊണ്ട്..

“ഇനി എന്നെ വിളിച്ചിട്ടുണ്ടാവോ….. ബ്ലോക്ക് ആക്കിയത് കൊണ്ട് അറിയാനും പറ്റില്ല…. ”

ഫോൺ ഓൺ ആക്കി അവന്റെ no എടുത്തു വെച്ച് ചിന്തയിൽ ആണ് പാറു….

പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് വെച്ച് ബ്ലോക്ക് മാറ്റി ഇട്ടു… പായവിരിച്ച തറയിൽ കിടന്നു..

സമയം രാത്രി 9.00 ആയിരിക്കുന്നു….. ഈ സമയത്തൊക്കെ അവന്റെ call പതിവാണ്…..

സമയം നീങ്ങും തോറും അവൾക്ക് സങ്കടമായി…

“ഒന്ന് വിളിച്ചു പോലും നോക്കുന്നില്ലല്ലോ…..

പറഞ്ഞ പോലെ ശല്യം ആവും….. ഒഴിഞ്ഞു പോയത് നന്നായിന്ന് പറഞ്ഞിരിക്കുവാകും…. ”

ഫോണിലേക്ക് നോക്കി കണ്ണീരോടെ അവൾ പറഞ്ഞു…. ഫോൺ മാറ്റി വെച്ച് ഉറക്കത്തിലേക്ക് വീഴാൻ വെറുതെ ഒരുശ്രമം നടത്തി…. ഇല്ല കഴിയുന്നില്ല….. മറക്കാൻ ശ്രമിച്ചു, അതിനും ആവതില്ല…. അവസാനം നേരിട്ട് സംസാരിച്ചത് ഇന്ന് ലൈബ്രറിയിൽ വെച്ചാണ്…. ചിലപ്പോ kiss കൊടുക്കാഞ്ഞിട്ട് ആവോ ഞാൻ ശല്യം ആയി തോന്നിയത്, എന്റെ ശരീരം ആയിരുന്നോ സ്നേഹിച്ചത്….

ഓരോന്ന് ചിന്തിക്കുംതോറും അവനോട് ദേഷ്യവും അവനെ ഭ്രാന്തമായി പ്രണയിച്ചതിൽ അവൾക്ക് അവളോട് തന്നെ വെറുപ്പും, സങ്കടവും ഒക്കെ വന്നു….

നേരീയ പ്രതീക്ഷ അവളിൽ ഇപ്പോഴും ബാക്കി….

ഫോണിലേക്ക് നോക്കി കിടന്നു….. മിഴികൾ പെയ്യുന്നുണ്ട്,ആകാശത്തെ മേഖങ്ങളും…. ശക്തിയായ മഴയിൽ ആ തണുപ്പിൽ നിലത്തവൾ കണ്ണീരോടെ കിടന്നു, ഒരു വിളിക്കായ് കാതോർത്തു കൊണ്ട്…

മറുതലക്കൽ അവനും…,

കണ്ണുനീർ ഇല്ല, പക്ഷെ പ്രതീക്ഷയുണ്ട് അവളുടെ വിളിക്കായ്…. പുറത്തെ മഴയെ ജനാലയിലൂടെ നോക്കവേ അവന്റെ ഹൃദയം വിങ്ങി…. നഷ്ടപ്രണയമാകുമോ, പ്രകൃതിയുടെ സൂചനയാണോ….

അസഹ്യമായ തണുപ്പ് തോന്നിയതും ജനൽ അടച്ചു പട്ടുമെത്തയിൽ, എല്ലാവിധ സൗകര്യങ്ങളും ഉള്ള അവന്റെ മുറിയിൽ പുതപ്പ് മൂടി കിടന്നു….. തന്റെ സഖിയുടെ അവസ്ഥയെ കുറിച്ച് ആ നിമിഷം അവൻ എന്തുകൊണ്ടോ ഓർത്തില്ല….

ഒരു വിളിക്കായ് കാതോർത്തു കൊണ്ട് ഇരുവരും കിടന്നു…അശ്വിനെ നിദ്രാ ദേവി പുൽകിയെങ്കിലും ആ പാവം പെണ്ണിനെ അവിടെയും വിധി കൈയ്യൊഴിഞ്ഞു….ത=ണുപ്പിൽ വെറും തറയിൽ കണ്ണീരോടെ അവൾ കി=ടന്നു മിഴികൾ പൂട്ടാതെ…

❤❤❤❤❤❤❤❤❤

മുറിയിൽ തണുപ്പിനാൽ മൂടി പുതച്ചു കിടക്കുമ്പോൾ നാദിയുടെ കണ്ണും നിറഞ്ഞിരുന്നു….

ചേർത്തു പിടിക്കാനോ കാണാൻ തോന്നുമ്പോൾ ഒരുനോക്ക് കാണുവാനോ അവന്റെ ഒരു ചിത്രം പോലും കൈയ്യിൽ ഇല്ല… കൂടെ ഉള്ളത് അവന്റെ ഓർമകൾ മാത്രം….. ഓർമകളെ നെഞ്ചോട് ചേർത്തുവെച്ചുകൊണ്ട് ഉറങ്ങാനായി കണ്ണുകൾ അടച്ചു….. ഉറക്കം വന്നില്ലെങ്കിലും കണ്ണുകൾ തുറന്നില്ല….. സമയം അൽപ്പം കടന്നതും ആരോ തനിക്കരികിൽ വന്നിരിക്കും പോലെ…. അത് ഉപ്പ ആണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല….

ഉപ്പ വരുമ്പോൾ അത്രയും ഒരു പ്രത്യേക മണം അടിക്കാറുണ്ട്…. കണ്ണ് തുറക്കാതെ തന്നെ അവൾ കിടന്നു….

അയാൾ അവളുടെ തലയിൽ വാത്സല്യത്തോടെ തടവി….

“ന്റെ മോൾക്ക് ഉപ്പാനോട് ദേഷ്യം ആവുമല്ലേ…..എന്റെ കുട്ടീന്റെ ഇഷ്ടത്തിന് ഈ ഉപ്പ ഇതുവരെ എതിര് നിന്നിട്ടില്ല…. ഇതിപ്പോ ആദ്യായിട്ടാല്ലേ…. കാശി മോൻ നല്ല പയ്യനാ….

എനിക്കറിയാം…. മോളെ നന്നായിട്ട് നോക്കുമെന്നും അറിയാം….. എങ്കിലും എന്തോ ഒന്ന് പിറകിലേക്ക് വലിക്കുന്ന പോലെ…..

അതുകൊണ്ടാ എന്റെ കുഞ്ഞിനോട് അങ്ങനെയൊക്കെ പെരുമാറിയത്….. മക്കള് സന്തോഷത്തോടെ ഇരിക്കണം എന്ന് ചിന്തിക്കുന്ന ഏതൊരു പിതാവും ആദ്യം ഇങ്ങനെയേ ചിന്തിക്കു….കാശി മോന് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഞാനിതിനു സമ്മതിക്കില്ലായിരുന്നു….. പക്ഷെ ഇപ്പൊ…

എന്റെ നാദി മോളുടെ മുഖത്ത് എന്നും ആ പഴയ ചിരി കണ്ടാ മതി ഉപ്പാക്ക്…. ”

കണ്ണടച്ചു കിടക്കുന്ന അവളുടെ നെറുകയിൽ ഒന്ന് മുത്തിയ ശേഷം അയാൾ അവിടെ നിന്നും എഴുനേറ്റു…. കയ്യിൽ കരുതിയ അവളുടെ ഫോൺ എടുത്തു മേശമേൽ വച്ചു…..

“എടീ കള്ളി…. കണ്ണ് തുറന്നോ…. എല്ലാം കേട്ടിട്ട് മിണ്ടാതിരിക്കുവാണല്ലേ…. ഇയ്യ്‌ എന്റെ മോള് തന്നെ….. ”

കളിയാക്കികൊണ്ട് അവളുടെ ഉപ്പ പറഞ്ഞതും കള്ള ചിരിയോടെ നാദി കണ്ണ് തുറന്നുകൊണ്ട് എണീറ്റു…. അയാളെ നോക്കി ചമ്മിയ ചിരി ചിരിച്ചു.

“കള്ളം പൊക്കിയേ…. അയ്യേ….. ”

അവളെ നോക്കി കുസൃതിയോടെ അയാൾ പറഞ്ഞുകൊണ്ട് തലയിൽ തലോടി….

നാദി സന്തോഷത്തോടെ അയാളെ കെട്ടിപിടിച്ചു…..

ഏറെ നാളുകൾക്ക് ശേഷം ഇരുവരുടെയും മുഖം പ്രകാശിച്ചു….

ഇതൊന്നും അറിയാതെ തന്റെ പ്രണയം നഷ്ടപ്പെടുമോ എന്ന ഭയത്തിൽ ഉരുകുകയായിരുന്നു കാശി….

❤❤❤❤❤❤❤

പിറ്റേന്ന് കോളേജ് ഗേറ്റ് കടന്ന് വരുമ്പോൾ തന്നെ കാത്തു നിൽക്കുന്ന അശ്വിനെ കണ്ടില്ല പാറു….

കണ്ണുകൾ നിറഞ്ഞില്ല അവളുടെ, ഇനി ഒഴുകാൻ കണ്ണീർ ഉറവ ഇല്ല പെണ്ണിന്….. മുഖത്ത് ഒരു ചിരിയോടെ തന്നെ കോളേജിലേക്ക് കയറി…. ഒരു മരത്തിന്റെ മറവിൽ നിന്ന് പാറുവിനെ വീക്ഷിക്കുന്നുണ്ടായിരുന്നു അശ്വിൻ…. അവളുടെ മുഖത്ത് ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലാത്തത് അവന് ഒരത്ഭുതമായിരുന്നു….

“ഒരു ദിവസം കൊണ്ട് ഇത്രയും വെറുത്തോ പെണ്ണെ…. അതോ ഇനി എന്നെ വേണ്ടന്ന് തോന്നിയോ…..”

കലിപ്പന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ താഴേക്ക് വീണു…. ആരും കാണാതെ കണ്ണ് തുടച്ചുകൊണ്ട് അവൻ നടന്നുനീങ്ങി…..

ക്ലാസ്സിൽ കയറി ബാഗ് വെച്ച ശേഷം പാറു വാക മരച്ചുവട്ടിലേക്ക് നടന്നു…. ആ തണലിൽ ആയിരുന്നു അവൾ ദുഃഖം ഇറക്കി വെച്ചിരുന്നത്.

കുറച്ചു കഴിഞ്ഞ് ആരോ അടുത്ത് വന്നിരുന്നത് അവൾ അറിഞ്ഞു…. അശ്വിൻ ആണെന്നറിഞ്ഞിട്ടും അങ്ങോട്ടേക്ക് നോക്കിയില്ല….

കാണാത്തതു പോലെ ഇരുന്നു….

അവൾ ആദ്യം മിണ്ടുമെന്ന് അവനും അവൻ മിണ്ടുമെന്ന് അവളും… അവിടെയും വാശി തന്നെ സ്ഥാനം പിടിച്ചു…..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……..

രചന : PONNU