മൗനാനുരാഗം തുടർക്കഥയുടെ ആറാം ഭാഗം വായിക്കുക…

രചന: അമ്മു അമ്മൂസ്

മുത്തശ്ശിയാണ് … ഇന്ന് വിളിച്ചില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്… മനസ്സിവിടെ ഒന്നും അല്ലായിരുന്നു… “”മുത്തശ്ശി….ഞാൻ വിളിക്കാൻ തുടങ്ങുവായിരുന്നു…. “”ഫോൺ എടുത്തു കഴിഞ്ഞ ഉടനേ ആദ്യം തന്നെ മുൻകൂർ ജാമ്യം എടുത്തു…..

പക്ഷേ മറുവശത്തു നിന്നും മുത്തശ്ശി പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ തറഞ്ഞു നിൽക്കാനേ കഴിഞ്ഞുള്ളു….. ഫോൺ വച്ചു കഴിഞ്ഞിട്ടും അതേ മരവിപ്പ് തന്നെ ആയിരുന്നു… നാളെ തന്നെ നാട്ടിലേക്ക് ചെല്ലണമത്രേ… അല്ലെങ്കിൽ മുത്തശ്ശിയെ മറന്നേക്കാൻ…. മറക്കുക…. എത്ര എളുപ്പത്തിലാണ് മുത്തശ്ശി ആ വാക്ക് പറഞ്ഞത്….

മറക്കുവാനുള്ള ശക്തി ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും തനിക്ക് ഇങ്ങനെ ഒരു ഒളിച്ചോട്ടത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ… ഏത് ഓർമ്മയിൽ നിന്നും രക്ഷപെടാനാണോ ഒളിച്ചോടിയത് അതേ ഓർമ്മകൾ വീണ്ടും തന്നെ വിഴുങ്ങുവാൻ വേണ്ടി തയ്യാറെടുക്കുകയാണ് എന്ന് തോന്നി… പേടി മാത്രമാണ് തോന്നിയത്…. ഒരിക്കൽ കൂടി ആ മുഖം കാണാനുള്ള ശക്തി ഉണ്ടായിരുന്നില്ല… മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുമോ എന്ന് പോലും ഭയം തോന്നി… നേരിൽ കണ്ടാൽ ഒരു പക്ഷേ ഇനിയും ഒരിക്കൽ കൂടി എല്ലാം മറന്ന പോലെ അഭിനയിക്കാൻ കഴിയാതെ വരും… മിനിറ്റുകളും മണിക്കൂറുകളും കടന്നു പോയി…

പക്ഷേ ഒരു തീരുമാനത്തിലെത്താൻ മാത്രം കഴിഞ്ഞിരുന്നില്ല….

തലയാകെ ഭ്രാന്ത് പിടിക്കുന്നു…. കണ്ണുകളടച്ചു വെറുതെ കുറച്ചു നേരമെങ്കിലും ഒന്ന് കിടക്കാൻ ശ്രമിച്ചു…. പക്ഷേ അപ്പോഴും അവന്റെ ഓർമ്മകൾ മാത്രം ഇരച്ചു കയറി വന്നു… ശ്വാസം മുട്ടുന്നത് പോലെ തോന്നി….. ബാഗിലാകെ പരതേണ്ടി വന്നു ഇൻഹേലർ നോക്കി എടുക്കാൻ… കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല…. മനസ്സ് പതിയെ പൊരുത്തപ്പെട്ടു വരികയായിരുന്നു… വീണ്ടും എല്ലാം തകർന്നു വീഴുന്നത് പോലെ തോന്നി… ചെറിയമ്മ അടുക്കളയിൽ പാത്രങ്ങൾ ഒക്കെ എടുത്തു വെക്കുന്ന ശബ്ദം കേട്ടപ്പോളാണ് പുലർച്ചെ ആയി എന്ന് ഓർമ്മ വന്നത്….

ഇതുവരെയും ഒന്ന് മയങ്ങാൻ കഴിഞ്ഞില്ല… കൺപോളകൾ കരഞ്ഞു വീർത്തിട്ടുണ്ടായിരുന്നു….

ഉറക്കമില്ലായ്മ കൂടി ആയപ്പൊളേക്കും ആകെ ഒരു പുകച്ചിൽ …

മുഖത്തേക്ക് വെള്ളം ഒഴിച്ചപ്പോളേക്കും കണ്ണുകൾ വല്ലാതെ നീറുന്നുണ്ടായിരുന്നു… കുറച്ചു നേരം കൂടി തണുത്ത വെള്ളത്തിൽ മുഖം ഒന്ന് കഴുകി….

ചെറിയ ആശ്വാസം പോലെ… മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോൾ പതിവ് പോലെ ആദ്യം അടുക്കളയിലേക്കാണ് ചെന്നത്…. സാധാരണ എന്തെങ്കിലും ചെറിയ ജോലികൾ ഒക്കെ ചെയ്തു ചെറിയമ്മയെ സഹായിച്ചു നിൽക്കുന്നതാണ്… ഇന്ന് ഒന്നിനും കഴിഞ്ഞില്ല… പിന്നിലൂടെ ചെന്ന് വെറുതെ തോളിൽ മുഖം അമർത്തി കെട്ടിപ്പിടിച്ചു നിന്നു…വിഷമം മനസ്സിലാക്കിയിട്ടാകണം അനങ്ങാതെ വെറുതെ എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ചെറിയമ്മയും നിന്നത്… കുറച്ചേറെ സമയം കഴിഞ്ഞിട്ടും അവൾ പിടി വിടാതെ നിൽക്കുന്നത് കണ്ടപ്പോൾ സിന്ധു സ്വല്പം ബലം പ്രയോഗിച്ചു തന്നെ അവൾക്കഭിമുഖമായി തിരിഞ്ഞു നിന്നു….

കണ്ണുകൾ താഴ്ത്തി നിൽക്കുകയായിരുന്നു അവൾ….പെയ്യാനൊരുങ്ങി എന്ന പോലെ കണ്ണുകളിൽ നീർതുള്ളികൾ പറ്റിയിരുന്നു… “”ന്റെ കുട്ടി ന്തിനാ ഇങ്ങനെ വിഷമിക്കുന്നെ…. അമ്മ വിളിച്ചത് ഓർത്തിട്ട…. നിന്റെ നല്ലതിനാണെന്ന് കൂട്ടിക്കോളൂ….രവിയേട്ടനും വരുന്നുണ്ട് നിന്റെ കൂടെ….ഇവിടെയും വിളിച്ചിരുന്നു…. “” അവളുടെ മുടിയൊക്കെ മാടിയൊതുക്കി നെറുകയിൽ തലോടിക്കൊണ്ട് സിന്ധു പറഞ്ഞു.. അപ്പോഴേക്കും ചെറിയച്ഛനും അവിടേക്ക് എത്തിയിരുന്നു…. “”മോള്‌ പെട്ടെന്ന് കഴിച്ചിട്ട് റെഡി ആയിക്കോ… ലീവ് ഞാൻ നിവിയെ അറിയിച്ചിട്ടുണ്ട്… അവൻ നോക്കിക്കോളും….

ഒരു രണ്ടു മണിക്കൂർ കഴിഞ്ഞാണ് ട്രെയിൻ… “”

മറുത്തൊന്നും പറഞ്ഞില്ല….. എല്ലാരും കൂടി അറിഞ്ഞിട്ടാണല്ലോ എന്നുള്ള വിഷമം മാത്രമായിരുന്നു…

ഒരാൾക്ക് പോലും തന്നെ മനസ്സിലാകുന്നില്ലല്ലോ… തന്റെ മനസ്സിലെ വിഷമം മാത്രമെന്താ ആരും ചിന്തിക്കാത്തത്… കഴിച്ചിട്ട് ഇറങ്ങാൻ തുടങ്ങുമ്പോളാണ് കുഞ്ഞു മോൾ ഉറക്കം എഴുന്നേറ്റു വന്നത്….

പോകുന്നതിൽ അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു… ചെറിയച്ഛൻ എന്തോ പറഞ്ഞു സമാധാനിപ്പിക്കുന്നത് കണ്ടു… ശ്രദ്ധിക്കാൻ പറ്റുന്ന നിലയിൽ ആയിരുന്നില്ല… ഒരു പാവയെപ്പോലെ ചെറിയച്ഛന്റെ കൂടെ നടക്കുകയായിരുന്നു… ഇങ്ങോട്ട് പറയുന്നതിനെല്ലാം മൂളൽ മാത്രം മറുപടിയായി കിട്ടിയതുകൊണ്ടാകാം കുറച്ചു കഴിഞ്ഞപ്പോൾ ചെറിയച്ഛൻ സംസാരം അവസാനിപ്പിച്ചത്…

നാട്ടിൽ എത്തിയപ്പോളേക്കും വീണ്ടും ഭയം മനസ്സിനെ വരിഞ്ഞു മുറുക്കി…. മനുവേട്ടനെ വീണ്ടും കാണുന്നതോർത്തിട്ടായിരുന്നു അത്…

ഇനിയുമൊരിക്കൽ കൂടി കൊലപാതകി എന്നുള്ള ആ വിളി സഹിക്കാൻ കഴിയില്ല… ഒരുപക്ഷേ ഹൃദയം പൊട്ടി മരിച്ചെന്നിരിക്കും താൻ… വീട്ടിലേക്കുള്ള വഴി കണ്ടപ്പോൾ കാലുകൾ മുൻപോട്ട് ചലിക്കാതെ തറഞ്ഞു നിന്നു….ഓടിയൊളിക്കാൻ തോന്നി….

ഒരിക്കലും മനുവേട്ടന്റെ കണ്ണെത്താത്ത ഒരിടത്തേക്ക്… ആർക്കും തേടി വരാൻ കഴിയാത്ത അത്രയും ദൂരം… “”എന്താ… ജാനിമോളെ ഇത്…. വീണ്ടും ഇങ്ങനെ നിന്നാൽ എങ്ങനെയാ….”” കുറച്ചു ദൂരം മുൻപോട്ട് നടന്നിട്ടും ജാനി കൂടെ എത്തിയില്ല എന്ന് കണ്ടു രവി തിരികെ അവളുടെ അടുത്തേക്ക് നടന്നു…

കണ്ണും നിറച്ചു മുൻപിലുള്ള വഴിയേ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് പാവം തോന്നി…

“”ദേ… ചെറിയച്ഛൻ പറഞ്ഞില്ലേ എല്ലാം മോൾടെ നല്ലതിന് വേണ്ടിയാണ്… മോൾക്ക് ദോഷം വരുത്തുന്ന ഒന്നും അവിടെ ഉണ്ടാകില്ല… അത് ചെറിയച്ഛൻ തരുന്ന വാക്കാണ്…”” രവി അവളെ ചേർത്ത് നിർത്തി പറഞ്ഞു.. ഗേറ്റ് കടന്ന് അകത്തേക്ക് കയറി ചെന്നപ്പോൾ തന്നെ ആയിരുന്നു മനുവേട്ടൻ പുറത്തേക്ക് ഇറങ്ങി വന്നതും… തല ഉയർത്തി നോക്കാൻ കഴിഞ്ഞില്ല…. ഒരുതരം വെപ്രാളം ആയിരുന്നു…

മുന്നിൽ നിന്നും പെട്ടെന്ന് ഒന്ന് പോകാൻ വേണ്ടി…

ചെറിയച്ചനോട് കുശലം പറയുന്നത് കണ്ടു വേഗത്തിൽ അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോളാണ് പിന്നിൽ നിന്നും വിളി എത്തിയത്… “””നീ എന്താ എന്നോട് ഒരു വാക്ക് പറയാതെ പോയത് ജാനി…. നിനക്ക് ജോലി കിട്ടിയത് ഞാൻ കൂടി അറിയണ്ടേ….”” അധികാര സ്വരത്തിൽ ഉള്ള ചോദ്യം… മറുപടി ഒന്നും പറഞ്ഞില്ല….. അല്ലെങ്കിൽ മറുപടി അർഹിക്കുന്നില്ല എന്ന് തോന്നി…. ചെറിയച്ഛൻ കൂടെ ഉള്ളതുകൊണ്ടുളള നാട്യം ആയിരിക്കും….

ശ്രദ്ധിക്കാതെ നടക്കാൻ തുടങ്ങുമ്പോളെക്കും വീണ്ടും പിൻവിളി എത്തി… “”നീ എന്താ ഒന്നും പറയാതെ പോകുന്നത്… നിന്നോട് ചോദിച്ചത് കേട്ടില്ലേ…””

ഇത്തവണ കുറച്ചു കൂടി ഗൗരവം ഉണ്ടായിരുന്നു സ്വരത്തിൽ… തിരിഞ്ഞു നോക്കിയപ്പോൾ കോപം കലർന്ന മുഖത്തോടെ നോക്കുന്നത് കണ്ടു….ആ ഭാവം ഇപ്പോൾ ശീലമായി കഴിഞ്ഞിരിക്കുന്നു….

അല്ലെങ്കിലും തനിക്കായി ആ മുഖത്ത് എന്നും ദേഷ്യവും വെറുപ്പും മാത്രമല്ല നിറഞ്ഞിട്ടുള്ളു…

“””പോകുന്നതിന് തൊട്ട് മുൻപ് വരെ അകത്തെ മുറിയിൽ ഒരു ജാനി ഉണ്ടായിരുന്നു….. ഈ ചോദ്യത്തിനുള്ള ഉത്തരങ്ങളും അവളോടൊപ്പം മരിച്ചു മണ്ണടിഞ്ഞു….”” പറഞ്ഞു തുടങ്ങുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു….. ആ മറുപടി ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് തോന്നി… ആ മുഖം ഒന്ന് ഇരുളുന്നത് കണ്ടു… ആ മുഖം വാടിയപ്പോൾ മനസ്സും ഒന്ന് പിടഞ്ഞെന്ന് തോന്നി… പക്ഷേ വയ്യ… ഇനിയും ഒരിക്കൽ കൂടി വിഡ്ഢിയാകാൻ കഴിയുമായിരുന്നില്ല… അകത്തേക്ക് കയറിയപ്പോളേക്കും മുത്തശ്ശി ഓടി വന്നു കെട്ടിപ്പിടിച്ചു…. മുഖമാകെ ചുംബിച്ചു മുടികളിൽ വിരലോടിച്ചു… “”എത്ര ദിവസമായി എന്റെ കുട്ടിയെ ഞാനൊന്ന് കണ്ടിട്ട്…. മോൾക്ക് ദേഷ്യം ഉണ്ടോ മുത്തശ്ശി വരാൻ പറഞ്ഞതിന്…..”” ഇല്ലെന്ന് തലയാട്ടി എങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

മുത്തശ്ശിയുടെ മടിയിൽ കിടന്നപ്പോൾ ഇത്തിരി ആശ്വാസം തോന്നി…. മനസ്സിലെ ഭാരമെല്ലാം ആ മടിത്തട്ടിൽ ഇറക്കിവച്ചു… “”മുത്തശ്ശി ഒരു കാര്യം പറഞ്ഞാൽ കുട്ടി കേൾക്കുമോ…””. അവളുടെ ശിരസ്സിൽ പതിയെ തലോടി ചോദിച്ചു… മൂളിയതേ ഉള്ളു… “”ഇന്ന് ഒരു കൂട്ടര് ന്റെ കുട്ടിയെ പെണ്ണ് കാണാൻ വരുന്നുണ്ട് അതിന് വേണ്ടിയാണ് പെട്ടെന്ന് വരാൻ പറഞ്ഞത്…. “” പ്രതീക്ഷിക്കാത്തതെന്തോ കേട്ടത് പോലെ ഞെട്ടി എഴുന്നേറ്റു…. വിശ്വാസം വന്നിരുന്നില്ല… കേട്ടതിന്റെ പിഴവാണോ എന്ന് വീണ്ടും വീണ്ടും സംശയം തോന്നി… മുത്തശ്ശിക്ക് അറിയാവുന്നതല്ലേ എല്ലാം….. എന്നിട്ടും…

“”നിക്ക്…. നിക്ക്… പറ്റില്ല മുത്തശ്ശി….

നിങ്ങൾക്കൊക്കെ ഭാരമാച്ചാൽ ഞാൻ… ഞാൻ ദൂരെ എവിടേക്കെങ്കിലും പൊക്കോളാം….””

ഏങ്ങലടിച്ചു പോയിരുന്നു പറയുമ്പോൾ …. മുത്തശ്ശി എങ്കിലും മനസ്സിലാക്കും എന്നാണ് വിചാരിച്ചത് തന്നെ….. ഇനി ഒരാളെ താൻ എങ്ങനെയാണ് സ്നേഹിക്കുക….. ഒരിക്കലും ഇനി ആരെയും സ്നേഹിക്കാൻ തനിക്ക് കഴിയില്ല… പിന്നെ എന്തിന് വേണ്ടിയാണ് ഒരു വിവാഹം……ശരീരമാകെ ഒരസ്വസ്ഥത വന്നു നിറയുന്നത് പോലെ തോന്നി അവൾക്ക്… മുത്തശ്ശിയുടെ മുഖത്ത് ഗൗരവം നിറയുന്നത് കണ്ടു….”” എങ്കിൽ വേണ്ട….

മനുവും ഇവിടെ നിൽക്കട്ടെ…. ആ കുട്ടിയുടെ വീട്ടിൽ വിളിച്ചു പറഞ്ഞോളാം ഞാൻ ബന്ധം താല്പര്യമില്ല എന്ന്….”” സുഭദ്ര ദേഷ്യത്തോടെ പറഞ്ഞു.. മുത്തശ്ശി എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് മനസ്സിലായിരുന്നില്ല…

പേടിയും സംശയവും നിറഞ്ഞ നോട്ടം കണ്ടിട്ടാകണം… “”നിന്റെ മധുമ്മയുടെ ആത്മാവിനു ഞാൻ കൊടുത്ത വാക്കാണ് അത്…. നിന്നെ സുരക്ഷിതമായി ഒരു കൈയിൽ ഏൽപ്പിച്ചിട്ടേ മനുവിന്റെ വിവാഹം ഞാൻ നടത്തൂ…. “”

“”വേണ്ട… മുത്തശ്ശി…. നിക്ക് പറ്റില്ല… “”

“”പിന്നെ… നിന്റെ പേര് ചൊല്ലി മനുവും പ്രിയയും എന്നും കലഹിക്കട്ടെ എന്നാണോ…. അതോ അവരുടെയും ബന്ധം പിരിയട്ടെ എന്നോ…”

വാക്കുകളുടെ ശക്തിയിൽ പ്രഹരമേറ്റത് പോലെ തരിച്ചു നിന്ന് പോയി…. മനുവേട്ടന്റെ ജീവിതം തകരാൻ താൻ ആഗ്രഹിക്കും എന്നോ….അങ്ങനെയാണോ മുത്തശ്ശി ധരിച്ചു വച്ചിരിക്കുന്നത്….. മുത്തശ്ശിയും അത്രയേ തന്നെ മനസ്സിലാക്കിയിട്ടുള്ളു…വീണ്ടും വീണ്ടും മുത്തശ്ശി പറഞ്ഞത് തന്നെ മനസ്സിൽ ഉരുവിട്ടു….

ശെരിയെന്ന് ഉറപ്പിക്കാൻ വേണ്ടി… “”ഞാൻ… എനിക്ക് സമ്മതമാണ്…. “”പറയാനുള്ള ശക്തി എങ്ങനെ വന്നു എന്നറിയില്ല…. വല്ലാത്തൊരു മരവിപ്പ് മനസ്സാകെ പടർന്നു തുടങ്ങിയിരുന്നു….ശരീരത്തിലെ ഓരോ അണുവിലും ഒരായിരം മുള്ളുകൾ കുത്തി ഇറക്കുന്ന വേദന തോന്നി.. മുത്തശ്ശി ഒരു സാരി കൈയിലേക്ക് വച്ചു തന്നതും ഉടുക്കാൻ പറഞ്ഞതും എല്ലാം ഒരശരീരി പോലെ കാതിൽ മുഴങ്ങി കേട്ടു…

യാന്ത്രികമായിരുന്നു ചലനങ്ങൾ ഒക്കെയും…

എങ്ങനെ ഒക്കെയോ വാരി ചുറ്റി… അവളുടെ ആ ഇരിപ്പ് സുഭദ്രയിലും വേദന നിറച്ചുവെങ്കിലും അവളുടെ നന്മക്ക് ഈ ഗൗരവം അനിവാര്യമാണെന്ന് തോന്നി…

മുത്തശ്ശിയുടെ കൈകൾ മുഖമാകെ തൊടുന്നുണ്ടായിരുന്നു…. ഒരുക്കുന്നതാകാം…

പാവയെ പോലെ ഇരുന്നു കൊടുത്തു…. വല്ലാത്ത ഒരു സങ്കടം തൊണ്ടക്കുഴിയിൽ തടഞ്ഞിരിപ്പുണ്ടായിരുന്നു…. ഒരു വാക്ക് പോലും ഉരിയാടാതെ ഇരുന്നു…. അല്ലെങ്കിലും സ്വപ്നങ്ങളും പ്രതീക്ഷകളും മരിച്ച തനിക്ക് ഇനി എന്തിനാണ് ഒരു ജീവിതം… മനുവേട്ടൻ എങ്കിലും രക്ഷപെടട്ടെ…

“”മുത്തശ്ശിയുടെ കുട്ടി സുന്ദരി ആയല്ലോ….. വരുന്ന ചെക്കൻ ഇപ്പോൾ തന്നെ കൂടെ കൂട്ടുമോ എന്തോ…”” അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് സുഭദ്ര പറഞ്ഞു… വരണ്ട ഒരു ചിരി ആയിരുന്നു ചുണ്ടിൽ തെളിഞ്ഞത്…ആത്മനിന്ദയോടെ ഉള്ള ഒരു പുഞ്ചിരി… . “””എന്തിനാണ് മുത്തശ്ശി….

അയാളെയും ഞാൻ കൊല്ലും…”” അവളുടെ ആ മറുപടി സുഭദ്രയുടെ കണ്ണുകളെ ഈറനണിയിച്ചു…..””

ഉവ്വോ…. എങ്കിൽ മുത്തശ്ശി എന്തേ പോകഞ്ഞേ…. അന്നും ഇന്നും നിന്നെ ചേർത്തുറക്കിയത് ഈ നെഞ്ചിലാ…. നീ ഭാഗ്യദോഷി ആയിരുന്നെങ്കിൽ ആദ്യം എന്റെ പ്രാണൻ എടുത്തേനേ ഈശ്വരൻ….

അതുണ്ടായില്ലല്ലോ….

മുത്തശ്ശിയുടെ കണ്ണടയുന്ന വരെ ഇനി ഇതുപോലെ ഉള്ള വാക്കുകൾ നാവിൽ നിന്നും വരരുത് കേട്ടല്ലോ…

“” ഒട്ടും വേദനിപ്പിക്കാതെ അവളുടെ ചെവിയിൽ മൃദുവായി പിടിച്ചുകൊണ്ട് സുഭദ്ര പറഞ്ഞു… അവരും കരഞ്ഞിരുന്നു…

എത്രയൊക്കെ തടയാൻ ശ്രമിച്ചിട്ടും… എല്ലാ ശക്തിയും എടുത്തു ഒരിക്കൽ കൂടി മുത്തശ്ശിയെ ഇറുക്കെ കെട്ടിപ്പിടിച്ചു…. ആ മാറിൽ മുഖം പൂഴ്ത്തി പൊട്ടിക്കരയുമ്പോൾ ഉള്ളിലെ വിഷമങ്ങളത്രയും പറയാതെ പറഞ്ഞു തീർക്കുകയായിരുന്നു…

“”അവരെത്തി….”” വാതിൽപ്പടിയിൽ നിന്നും മനുവേട്ടന്റെ ഗാംഭീര്യം നിറഞ്ഞ സ്വരം കേട്ടു…

മുത്തശ്ശി ഞെട്ടിപ്പിടഞ്ഞു എണീക്കുന്നത് കണ്ടു…

“”മുത്തശ്ശി ടെ കുട്ടി മുഖം ഒന്ന് കഴുകി ഒരു പൊട്ടും കുത്തി വായോ…. കഷ്ടപ്പെട്ട് ഒരുക്കിയത് മുഴുവൻ കരഞ്ഞു കുളമാക്കിയില്ലേ… “”അവളുടെ മുഖം മൊത്തത്തിൽ ഒന്നുഴിഞ്ഞുകൊണ്ട് അവർ പരിഭവത്തോടെ പറഞ്ഞു… വെപ്രാളപ്പെട്ട് മുറിയിൽ നിന്നും പോകുന്ന മുത്തശ്ശിയെ ഒരു നോക്ക് നോക്കി നിന്നിട്ട് കണ്ണാടിയിലേക്ക് നോക്കി…. ശെരിയാണ് കണ്മഷി ആകെ പടർന്നിരിക്കുന്നു…. മുഖമൊന്നു നന്നായി കഴുകി…. പൊട്ടൊന്നും കുത്താൻ തോന്നിയില്ല…. സാരിയുടെ മുന്താണി കൊണ്ട് മുഖത്തെയും കഴുത്തിലെയും വെള്ളം ഒപ്പിയെടുത്തുകൊണ്ട് ഉമ്മറത്തേക്ക് നടന്നു…

ചെറിയച്ഛൻ ആരോടോ സംസാരിക്കുന്നത് കേൾക്കാം… പയ്യന്റെ അച്ഛനോടാകും….

വാതിൽക്കൽ എത്തിയപ്പോളേ മുത്തശ്ശി ഒരു ട്രേയിൽ ചായക്കപ്പുകൾ നിരത്തിയത് കൈയിലേക്ക് തന്നു….

പൊട്ട് തൊടാത്തതിന്റെ ആണെന്ന് തോന്നുന്നു ഒരു പരിഭവം മുഖത്തുണ്ട്… ചെറുതായി വിറയ്ക്കുന്ന കൈകളിൽ ട്രേ ഒന്ന് കൂടി ബലമായി പിടിച്ചുകൊണ്ടു അകത്തേക്ക് നടന്നു…. മുൻപിൽ ഇരിക്കുന്ന ആളെ കണ്ടതും ഒരു വേള ശ്വാസം നിലച്ചു നിന്ന് പോയി….. മുൻപോട്ടു നടക്കാൻ പറ്റാതെ കാലുകൾ നിന്ന ഇടത്തു തന്നെ നിന്നു…. ചുറ്റും ഇരിക്കുന്ന ആരെയും കണ്ടില്ല…. നിവി മാത്രം കണ്ണുകളിൽ തെളിഞ്ഞു നിന്നു ചലിക്കാതെ കണ്ണും തള്ളി നിന്ന നിൽപ്പിൽ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന ജാനിയെ കണ്ടപ്പോൾ നിവിയുടെ ചുണ്ടിൽ വിടർന്ന ചിരി കണ്ടപ്പോൾ അവനൊരു രാജകുമാരനാണ് എന്ന് തോന്നി സുഭദ്രക്ക്….

അവളുടെ സങ്കടങ്ങൾ എല്ലാം മാറ്റാൻ വന്ന രാജകുമാരൻ…

തുടരും..

നിവിയാണ് നായകൻ എന്ന് ഞാനിവിടെ ഉറപ്പിക്കുകയാണ് സുഹൃത്തുക്കളെ 😌😌… അപ്പൊ ഇനി എല്ലാരും വായിച്ചിട്ട് അഭിപ്രായം പറഞ്ഞോളൂ…. ഇന്നും സൂപ്പർ വെയ്റ്റിംഗ് സ്റ്റിക്കർ ഇട്ട് ന്നെ പറ്റിക്കാതെ സ്വല്പം കനത്തിൽ തന്നെ പറഞ്ഞോളൂ 😌😌😌…. എനിക്കൊരു സന്തോഷത്തിന്…

രചന: അമ്മു അമ്മൂസ്


Comments

Leave a Reply

Your email address will not be published. Required fields are marked *