ഞാൻ സിറ്റിയിൽ ജീവിച്ചവളാ, ഈ കോഴിക്കൂട് പോലുള്ള വീട്ടിൽ കഴിയാനൊന്നും എനിക്ക് പറ്റില്ല…

രചന : Prajith Surendrababu

കുടുംബം

❤❤❤❤❤❤❤❤

“പണ്ടൊരു ഞായറാഴ്ച ദിവസം എന്റെ നന്ദന്റെ കയ്യും പിടിച്ചു നീ ഈ വീട്ടിലേക്ക് കയറി വന്നപ്പോൾ എന്തുണ്ടായിരുന്നു മോളെ നിന്റെ കയ്യിൽ… ”

ഭവാനിയുടെ ആ ചോദ്യം ഒരു നിമിഷം ശിവാനിയെ നിശ്ശബ്ദയാക്കി.അവൾക്ക് പിന്നിൽ നന്ദൻ അപ്പോഴും മൗനത്തിലായിരുന്നു.

” മോളെ അന്ന് നീ വന്നു കയറുമ്പോൾ നിന്റെ പേരുപോലും എനിക്കറിയില്ലായിരുന്നു. എന്നിട്ടും എന്റെ മോന്റെ ഇഷ്ടം ഞാനും അംഗീകരിച്ചു നിന്നെ എന്റെ മരുമകളായി സ്വീകരിച്ചു.. മകളായി കണ്ട് സ്നേഹിച്ചു. പക്ഷെ ആ നീ ഇന്ന് എന്റെ മോനെ എന്നിൽ നിന്നും പറിച്ചു കൊണ്ട് പോകുവാൻ ശ്രമിക്കുവാണോ ”

ആ ഒരു ചോദ്യം കൂടിയായപ്പോൾ ശിവാനിയുടെ മുഖം ദേഷ്യത്താൽ ചുവന്നു..

” ഓ… മടുത്തു എനിക്ക് ഈ പട്ടിക്കാട്ടിൽ കിടന്ന്… ഞാൻ സിറ്റിയിൽ ജീവിച്ചവളാ ആ എനിക്കു പറ്റില്ല ഇവിടെ നിങ്ങടെ ഈ കോഴിക്കൂട് പോലുള്ള വീട്ടിൽ കഴിയാൻ. പിന്നെ ഞാൻ വന്ന് കയറിയപ്പോൾ എന്റെ കയ്യിൽ ഒന്നും ഇല്ലാരുന്നു.. പക്ഷെ എന്റെ ഭർത്താവിന്റെ കൂടി അധ്വാനം തന്നാ ഈ വീട്ടിലെ ഓരോ സാധനങ്ങളും അത് എടുത്തിട്ട് പോകാൻ ഞങ്ങൾക്ക് ആരുടേയും അനുവാദത്തിനു കാത്തു നിൽക്കേണ്ടതില്ല. ”

ശിവാനിയുടെ ഒച്ചയുയർന്നപ്പോൾ പതിയെ നന്ദൻ അവളെ തടുത്തു.

“ശിവാ.. ഒന്ന് അടങ്ങ് നീ… ഇതെന്റെ അമ്മയാണ് അത് മറക്കരുത്… ”

അത് കേൾക്കെ മൗനമായി നിന്നിരുന്ന ഭവാനി പതിയെ നന്ദനരികിലേക്ക് ചെന്നു

” മോനെ.. പ്രേമിച്ചു നടന്നപ്പോൾ നീ പറഞ്ഞിരുന്നില്ലേ ഇവളോട് വന്ന് കേറേണ്ടത് ഈ പട്ടിക്കാട്ടിലെ കോഴിക്കൂട് പോലുള്ള വീട്ടിലേക്കാണ് എന്ന്..”

” അമ്മേ .. ഞാൻ… ”

നന്ദൻ പതറുമ്പോൾ ഭവാനിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

” പെറ്റമ്മയ്ക്കു വേണ്ടി ഭാര്യയോട് സംസാരിക്കാനും എന്റെ മോന്റെ ശബ്ദമിടറുന്നുണ്ട് അല്ലെ…

അമ്മയ്ക്ക് മനസ്സിലാകും നിന്നെ… നിന്റെ അച്ഛൻ മരിച്ചേ പിന്നെ നിനക്ക് വേണ്ടിയാ ഞാൻ ജീവിച്ചേ..

ഇന്നിപ്പോ എന്നെ ഒറ്റയ്ക്കാക്കി പോകാനാണ് നിന്റെ തീരുമാനം എങ്കിൽ അമ്മ എതിർക്കില്ല. പക്ഷെ ഒരു അപേക്ഷയുണ്ട്. വിശക്കുമ്പോൾ എന്തേലും വച്ചുണ്ടാക്കി കഴിക്കുവാനായി കുറച്ചു പത്രങ്ങളെങ്കിലും മോൻ ഇവിടെ ബാക്കി വച്ചിട്ടു പോണം… ”

ആ വാക്കുകൾ നന്ദന്റെ ഉള്ളിൽ ആഴത്തിൽ തറച്ചു കയറി. അവന്റെ മിഴികളിൽ നീർച്ചാലുകൾ തെളിയവേ ശിവാനിയുടെ മിഴികൾ വീണ്ടും കുറുകി.

” നാണമില്ലേ തള്ളേ നിങ്ങൾക്ക് ഇങ്ങനെ സെന്റിയടിച്ചു മകന്റെ മനസ്സ് മാറ്റാൻ ശ്രമിക്കാൻ…

മക്കളെ വളർത്തി വലുതാക്കിയാൽ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിട്ടൂടെ.. ഞങ്ങൾ ഇന്ന് എന്റെ വീട്ടിലേക്ക് മാറുവാണ്.. അത് തീരുമാനിച്ചു കഴിഞ്ഞു വീട്ടു സാധനങ്ങൾ കൊണ്ട് പോകുവാൻ അച്ഛൻ വണ്ടിയുമായി ഇപ്പോൾ ഇങ്ങ് എത്തും.അതിനിടക്ക് ഇങ്ങനെ ഓരോന്ന് പറഞ്ഞു മകന്റെ മനസ്സ് മാറ്റാൻ നിൽക്കേണ്ട നിങ്ങൾ…”

” ശിവാനി അടങ്ങ് നീ…. നിന്റെ സംസാരം അതിരു കടക്കുന്നുണ്ട് ”

പതിവില്ലാതെ നന്ദന്റെ ശബ്ദം പതിയെ പതിയെ ഉയർന്നു തുടങ്ങുമ്പോൾ ശിവാനിയുടെ ഉള്ളിൽ ഒരു നടുക്കം ഉടലെടുത്തിരുന്നു.

” എന്തെ നന്ദേട്ടാ പെട്ടെന്നൊരു മാറ്റം.. നമ്മൾ എല്ലാം തീരുമാനിച്ചതല്ലേ… അതെല്ലാം മറന്ന് അമ്മയുടെ സെന്റിയിൽ കരളലിഞ്ഞു ഇവിടെ തന്നെ നിൽക്കാനാണോ ഏട്ടന്റെ തീരുമാനം.. എങ്കിൽ ഞാൻ എന്റെ വഴിക്ക് പോകും.. ഓർത്തൊ.. ”

ആ ഭീഷണിയുടെ മുന്നിൽ നിസഹായനായി അവൻ നോക്കി നിൽക്കുമ്പോൾ ഭവാനി പതിയെ ശിവാനിയ്ക്കരികിലേക്ക് ചെന്നു..

” മോളെ എന്തിനാ ഈ വാശി… എന്തും സഹിച്ചു ഇവനൊപ്പം ജീവിക്കാൻ മനസ്സിലുറച്ചു കൊണ്ടല്ലേ നീ ഇറങ്ങി വന്നേ.. എന്നിട്ടിപ്പോ എന്താ ഇങ്ങനെ…. ”

” ഓ… മതി നിർത്ത് ഈ സെന്റി.. കേട്ട് കേട്ട് മടുത്തു.. ദേ മനുഷ്യാ… ഈ കിളവി ഇനി അധിക നാളുണ്ടാവില്ല.. ഇപ്പോ എനിക്കൊപ്പം വന്നില്ലേൽ ഇവര് കുഴീലോട്ട് കെട്ടി എടുത്ത ശേഷം പിന്നെ ഭാര്യേ ന്ന് വിളിച്ചു അങ്ങട് വരാൻ നിന്നേക്കരുത് ”

നന്ദന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകൾ. അവന്റെ മിഴികളിൽ ചോര കിനിയുമ്പോൾ, മുഖത്തേക്ക് കോപമിരച്ചു കയറുമ്പോൾ ഒരു നിമിഷം ഭവാനിയും ഭയന്നു. അടുത്ത നിമിഷം അവന്റെ വലതു കരം ശിവാനിയുടെ കവിളിൽ പതിഞ്ഞു. അപ്രതീക്ഷിതമായ ആ പ്രതികരണത്തിൽ ഒരു നിമിഷം അവളും നടുങ്ങി തരിച്ചു പോയി. അടിയുടെ ആഘാതത്തിൽ ശിവാനി പിന്നിലേക്ക് വേച്ചു പോകവേ ഭവാനി ഞെട്ടലോടെ ഓടിയെത്തി നന്ദനെ തടുത്തു.

” മോനെ.. എന്താ നീ ഈ കാട്ടിയെ… ”

ആദ്യ നടുക്കം വിട്ടുമാറവെ അടിയുടെ വേദന പതിയെ അറിഞ്ഞു തുടങ്ങിയിരുന്നു ശിവാനി.

അതോടെ അവളുടെ മിഴികൾ കോപത്താൽ ജ്വലിച്ചു.

” ഓഹോ… തള്ളയുടെ വാക്ക് കേട്ട് എന്നെ തല്ലി അല്ലെ നിങ്ങൾ ഇതിനു അനുഭവിക്കും നോക്കിക്കോ…. ”

” ഭാ… ! അടങ്ങെടി… ചൂലേ…. ”

നന്ദന്റെ വാക്കുകൾ ഒരു ഗർജ്ജനമായാണ് മുഴങ്ങി കേട്ടത്.

“കുടുംബ ജീവിതം സുഗമമായി മുന്നോട്ട് കൊണ്ട് പോകുവാൻ പലതും കണ്ടില്ല കേട്ടില്ല ന്ന് നടിക്കണമെന്ന് എന്നെ പഠിപ്പിച്ചയാളാ എന്റെയീ അമ്മ. ആ അമ്മയെ തന്നെ എന്റെ മുന്നിൽ നീ വച്ചു അധിക്ഷേപ്പിക്കുമ്പോ കണ്ട് നിൽക്കാൻ മാത്രം ക്രൂരനല്ല ഞാൻ… ”

അവന്റെ ഭാവമാറ്റം ഒരുപോലെ ഭവാനിയെയും ശിവാനിയെയും ഞെട്ടിച്ചു.

“അമ്മയെ മുൻപും പലപ്പോഴായി നീ കുത്തി നോവിക്കുന്നത് അറിഞ്ഞിട്ടും മൗനമായിരുന്നു ഞാൻ.പതിയെ പതിയെ നീ അമ്മയോടടുക്കും എന്ന് ഞാൻ കരുതി പക്ഷെ എനിക്കു തെറ്റി… ഇനി വയ്യ… ഇതെന്റെ അമ്മയാണ്.. പിന്നെ നീയീ പറഞ്ഞ കോഴിക്കൂട് എന്റെ വീടും. ഇവിടെ ഞങ്ങൾക്കൊപ്പം ഉള്ളത് കൊണ്ട് ഓണം പോലെ പരസ്പര സ്നേഹത്തോടെ സന്തോഷത്തോടെ മുന്നോട്ട് ജീവിക്കുവാൻ കഴിയുമോ ഇല്ലയോ എന്നത് സ്വയം ചിന്തിച്ചു ഒരു തീരുമാനത്തിൽ എത്തു നീ…

അത് കഴിഞ്ഞു മതി ഇനി മുന്നോട്ടുള്ള ദാമ്പത്യം. നിന്റെ അച്ഛൻ വരുമ്പോൾ പൊയ്ക്കോളൂ കൂടെ.

ഒരാഴ്ച.. ഒരാഴ്ച സമയമുണ്ട് നിനക്ക് വ്യക്തമായി ആലോചിച്ച് ഒരു തീരുമാനത്തിൽ എത്താൻ തീരുമാനം എന്തായാലും അടുത്തയാഴ്ച ഇതേദിവസം എന്നെ വിളിച്ചറിയിക്ക്. ”

നന്ദന്റെ ഗർജ്ജനത്തിനു മുന്നിൽ മറുപടിയില്ലാതെ നടുങ്ങി ത*രിച്ചു നിന്നു പോയ ശിവാനിയുടെ ഉടലാകെ വിറപൂണ്ടു പോയിരുന്നു.

” മോനെ ഇങ്ങനൊന്നും പറയല്ലേ നീ.. നമ്മുടെ കുട്ടിയല്ലേ അവൾ….. ”

ഭവാനി അപ്പോഴും അവനെ തടുത്തു കൊണ്ടിരുന്നു.

ആ സ്നേഹം നന്ദന്റെ മിഴികൾ നനച്ചു. ഭവാനിയെ തന്നോട് ചേർത്തു നിർത്തിക്കൊണ്ടവൻ പതിയെ ശിവാനിക്ക് മുന്നിലേക്ക് ചെന്നു

” നോക്ക്… ഈ സ്നേഹം കാണുന്നില്ലേ നീ… ഇത് പോലൊരു അമ്മ നിന്റെ വീട്ടിലും ഇല്ലേ. എന്നെ പോലൊരു മകൻ അവർക്കും ഉണ്ട് ഒരു മരുമകളും. അവരാരെങ്കിലും നിന്റെ അമ്മയോട് ഇത് പോലെ പെരുമാറിയാൽ സഹിക്കാൻ കഴിയോ നിനക്ക്… ഒന്ന് ഓർത്തു നോക്ക് അമ്മ എന്ന വ്യക്തിയുടെ മഹത്വം അത് മറ്റാരെങ്കിലും പറഞ്ഞു തരേണ്ടതുണ്ടോ നിനക്ക് നാളെ നീയും ഒരു അമ്മയാകേണ്ടവളല്ലേ….

നന്ദന്റെ വാക്കുകൾ ഓരോന്നും ശിവാനിയുടെ ഉള്ളിലേക്ക് ആഴത്തിൽ തറച്ചു തുടങ്ങിയിരുന്നു. ചെയ്തു പോയ തെറ്റിന്റെ ആഴം തിരിച്ചറിഞ്ഞു തുടങ്ങിയത് കൊണ്ടാകാം അവളുടെ മിഴികളിലും നീരുറവകൾ തെളിഞ്ഞു തുടങ്ങി.അപ്പോഴേക്കും പുറത്ത് വണ്ടിയുടെ ഒച്ച കേട്ടു ഒരു നിമിഷം ഏവരുടെയും ശ്രദ്ധ അവിടേക്കു തിരിഞ്ഞു..

” ദേ നിന്റെ അച്ഛൻ വന്നു… പൊയ്ക്കോളൂ അച്ഛനൊപ്പം.. കാര്യങ്ങൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞു മനസ്സിലാക്കാം.. ഇനിയുള്ള ഒരാഴ്ച അത് നമ്മുടെ ദാമ്പത്യത്തിന്റെ നാഴിയകല്ലുകളാണ്.. വ്യക്തമായി ആലോചിച്ചു മാത്രം നീ ഒരു തീരുമാനം എടുക്ക് ”

നന്ദൻ തന്റെ കയ്യിലേക്ക് ബലമായി പിടിച്ചു പുറത്തേക്ക് കൊണ്ട് പോകുമ്പോൾ മരപ്പാവ കണക്കെ പിന്നാലെ ചെന്നു ശിവാനി. അവളുടെ ഉള്ളം അപ്പോഴേക്കും പുകഞ്ഞു തുടങ്ങിയിരുന്നു. ഒക്കെയും കണ്ട് പ്രതിമ കണക്കെ നിന്നു പോയി ഭവാനി…

ശിവാനിയുമായി വീടിന് പുറത്തേക്ക് പോയ നന്ദൻ അല്പസമയം കഴിഞ്ഞു ഏകനായാണ് തിരികെയെത്തിയത്….

” അവളെ.. അവളെ പറഞ്ഞയച്ചുവോ നീ… ”

നടുക്കത്തോടെ അരികിലേക്കടുത്ത അമ്മയെ വീണ്ടും തന്നോട് ചേർത്തു പിടിച്ചു അവൻ

” അവൾ വരും അമ്മേ…. എല്ലാം ഒന്ന് വ്യക്തമായി ചിന്തിച്ചു നല്ലൊരു തീരുമാനത്തിലെത്തുവാൻ അവൾക്ക് അല്പം സമയം ആവശ്യമാണ് എന്ന് എനിക്കു തോന്നി അതാ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചത്. അഹങ്കാരം മൂത്ത് ചെയ്ത് കൂട്ടിയതാണെല്ലാം. ഇപ്പോൾ ആ മിഴികളിൽ കുറ്റബോധത്തിന്റെ ഒരു തരി ഞാൻ കണ്ടു.. അത് വളർന്നു പന്തലിക്കട്ടെ.. ഒരു പരിധിവരെ എന്റെ ഭാഗത്തും തെറ്റുണ്ട്. എല്ലാം ഉപേക്ഷിച്ചു എനിക്കൊപ്പം ഇറങ്ങി വന്നവളല്ലേ ന്ന് കരുതി അവളുടെ അഹങ്കാരങ്ങൾക്ക് പലതിനും ഞാൻ കൂട്ട് നിന്നു. ഒടുക്കം പിണക്കം മറന്ന് അവളുടെ വീട്ടുകാർ കൂടി വന്നതോടെ അവളാകെ മാറി പോയി… എന്നിട്ടും മൗനമായി ഞാൻ.. അതാണ് ഞാൻ ചെയ്ത തെറ്റ്…. അമ്മ എന്നോട് ക്ഷെമിക്കണം ”

തന്റെ മുന്നിൽ കൈകൾ കൂപ്പി നിന്ന മകന്റെ നെറുകയിൽ ഒരു മുത്തം നൽകുമ്പോൾ ഭവാനിയുടെ മിഴികൾ തുളുമ്പുകയായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Prajith Surendrababu