മൗനാനുരാഗം തുടർക്കഥയുടെ ഏഴാം ഭാഗം വായിക്കുക…..

രചന: അമ്മു അമ്മൂസ്

ചെറുതായി വിറയ്ക്കുന്ന കൈകളിൽ ട്രേ ഒന്ന് കൂടി ബലമായി പിടിച്ചുകൊണ്ടു അകത്തേക്ക് നടന്നു….

മുൻപിൽ ഇരിക്കുന്ന ആളെ കണ്ടതും ഒരു വേള ശ്വാസം നിലച്ചു നിന്ന് പോയി….. മുൻപോട്ടു നടക്കാൻ പറ്റാതെ കാലുകൾ നിന്ന ഇടത്തു തന്നെ നിന്നു…. ചുറ്റും ഇരിക്കുന്ന ആരെയും കണ്ടില്ല….

നിവി മാത്രം കണ്ണുകളിൽ തെളിഞ്ഞു നിന്നു ചലിക്കാതെ കണ്ണും തള്ളി നിന്ന നിൽപ്പിൽ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന ജാനിയെ കണ്ടപ്പോൾ നിവിയുടെ ചുണ്ടിൽ വിടർന്ന ചിരി കണ്ടപ്പോൾ അവനൊരു രാജകുമാരനാണ് എന്ന് തോന്നി സുഭദ്രക്ക്…. അവളുടെ സങ്കടങ്ങൾ എല്ലാം മാറ്റാൻ വന്ന രാജകുമാരൻ… “”എന്താ കുട്ട്യേ മിഴിച്ചു നോക്കുന്നെ….. നമ്മുടെ നിവി തന്നെയാ….””

അവളുടെ നിൽപ്പ് കണ്ടപ്പോൾ രവി ചിരിയോടെ മറ്റുള്ളവരെ നോക്കി പറഞ്ഞു… അത് കേട്ടപ്പോഴാണ് നോട്ടം മാറ്റിയത്….. എല്ലാവരും തന്നെ നോക്കി ഇരിക്കുകയാണ് എന്ന് കണ്ടപ്പോൾ വിറയ്ക്കുന്ന കാൽവെപ്പുകളോടെയാണ് അവന്റെ അരികിൽ എത്തിയത്… ട്രേ കൈയിൽ നിന്നും പോകാതെ ഇരിക്കാൻ കൈകളുടെ മുറുക്കം കൂട്ടി…

അവന്റെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ… തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടുള്ള ആ മുഖം കണ്ടപ്പോൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റി… അടുത്തിരുന്നത് നിധിയും പിന്നെ അമ്മയാണെന്ന് തോന്നുന്നു മറ്റൊരാൾ… മോഹനൻ സാറിന്റെ അടുത്ത് ചെല്ലുമ്പോളും ആ പേടി ഉണ്ടായിരുന്നു…

എല്ലാവർക്കും കൊടുത്തിട്ട് പിന്നിലേക്ക് മാറി നിന്നു… നോട്ടം പോയത് മനുവേട്ടന്റെ നേരെയാണ്…

ആളിതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നി… ഫോണിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്…

“”മോൾക്കിതൊരു സർപ്രൈസ് ആയി എന്നറിയാം… “”അമ്മയുടെ ശബ്ദം കേട്ടപ്പോളാണ് ഞെട്ടി നോട്ടം മാറ്റുന്നത്…

അപ്പോഴേക്കും ആൾ അരികിൽ എത്തിയിരുന്നു…

ചേർത്ത് പിടിച്ചപ്പോൾ ഒരു നിമിഷത്തേക്ക് അമ്മയെയും മധുമ്മയെയും തിരികെ കിട്ടിയതായി തോന്നി…

അതേ വാത്സല്യം ആ കണ്ണുകളിലും ഉണ്ടായിരുന്നു… “”ഞങ്ങളോടും ഈ ചെക്കൻ പറയുന്നത് രണ്ടു ദിവസം മുൻപാണ്…. രവി മാഷിന്റെ വീട്ടിലെ കുട്ടി ആണെന്നറിഞ്ഞപ്പോൾ പിന്നെ വീണ്ടും ആലോചിക്കേണ്ടി വന്നില്ല…. ഏട്ടനും രവി മാഷും തമ്മിലുള്ള ബന്ധം അങ്ങനെ ആണല്ലോ…

പിന്നെ നിവിയുടെ ഇഷ്ടത്തിന് മേലെ ഒന്നുമില്ല…

മോളെ എന്തായാലും ഞങ്ങൾക്ക് ഇഷ്ടമായി… ഇനി മോൾക്കിഷ്ടമായോ അവനെ എന്ന് മാത്രം അറിഞ്ഞാൽ മതി….””അവളുടെ കവിളിൽ കൈ ചേർത്ത് പിടിച്ചുകൊണ്ട് ഗൗതമി പറഞ്ഞു.. എന്ത് മറുപടി പറയും എന്നാലോചിച്ചപ്പോൾ സമാധാനം നഷ്ടപ്പെടുന്ന പോലെ തോന്നി അവൾക്ക്..

ഇഷ്ടമാണെന്നും പറയാൻ പറ്റില്ല… മുത്തശ്ശിക്ക് കൊടുത്ത വാക്ക് ഓർത്ത് ഇഷ്ടമല്ല എന്നും പറയാൻ പറ്റില്ലല്ലോ ഭഗവാനേ….. അവൾ ദയനീയമായി മുത്തശ്ശിയെ നോക്കി… ആ കണ്ണുകളിലും അവളുടെ മറുപടി ഓർത്തിട്ടുള്ള ആകാംഷ നിറഞ്ഞിരുന്നു..

“”എനിക്ക് ജാനിയോട് ഒന്ന് സംസാരിക്കണം….””

നിവി പെട്ടെന്നെഴുന്നേറ്റ് അങ്ങനെ പറഞ്ഞപ്പോൾ കണ്ണ് തള്ളിപ്പോയി.. പക്ഷേ അവന്റെ മുഖത്ത് യാതൊരു കൂസലും ഇല്ലായിരുന്നു… മുത്തശ്ശിയെ നോക്കി കണ്ണിറുക്കി കാണിക്കുന്നത് കണ്ടപ്പോളാണ് രണ്ടാളും കൂടിയുള്ള പ്ലാൻ ആണെന്ന് മനസ്സിലായത്… മുത്തശ്ശിയെ രൂക്ഷമായി നോക്കിയപ്പോളേക്കും ഒന്നും അറിയാത്ത പോലെ വേറെ എങ്ങോട്ടോ നോക്കി നിൽക്കുന്നത് കണ്ടു…

അപ്പോഴേക്കും നിവി ഒന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങിയിരുന്നു…. കൂടെ പോണോ വേണ്ടയോ എന്നുള്ള സംശയത്തിൽ അവിടെ തന്നെ നിന്നെങ്കിലും മുത്തശ്ശി കണ്ണുരുട്ടിയപ്പോൾ പിന്നാലെ ചെന്നു… മുറ്റത്തുള്ള റോസാ ചെടിയുടെ ഭംഗി നോക്കി നിൽക്കുകയായിരുന്നു ആള്…

കാൽപ്പെരുമാറ്റം കേട്ടിട്ടാകണം തിരിഞ്ഞു നോക്കി…

വീർത്തു കെട്ടിയ മുഖവുമായി ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ജാനിയെ കണ്ടപ്പോൾ നിവി ശ്രദ്ധിക്കാത്തത് പോലെ വീണ്ടും തിരിഞ്ഞു പൂവിന്റെ എണ്ണം എടുക്കാൻ തുടങ്ങി… അതുംകൂടി കണ്ടപ്പോളേക്കും ദേഷ്യം സഹിക്കാൻ കഴിയാതെ വിറഞ്ഞു കേറിയിരുന്നു അവൾക്ക്… “”നിങ്ങടെ ഉദ്ദേശം എന്താ…. എനിക്കിഷ്ടമല്ല എന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ… “”അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് ശബ്ദം താഴ്ത്തി പല്ല് കടിച്ചു ചോദിച്ചു… “”അതിനല്ലെടി നിന്നെ ഇഷ്ടമാണെന്ന് ഞാനും പറഞ്ഞത്….””

അവളുടെ മൂക്കിന്റെ തുമ്പിൽ ചെറുതായി ഒന്ന് തട്ടി നിവി പറഞ്ഞു…

ദേഷ്യം കൊണ്ട് ചുവന്നു കിടക്കുന്ന അവളുടെ മൂക്ക് കണ്ടപ്പോൾ വല്ലാത്ത ഒരു കൗതുകം തോന്നിയിരുന്നു… അവന്റെ ഭാവങ്ങൾ ഒക്കെ കണ്ടു ദേഷ്യം ഒന്ന് കൂടി മുറുകി എങ്കിലും തർക്കിച്ചു നിന്നാൽ രംഗം വഷളാകുകയേ ഉള്ളു എന്ന് തോന്നിയതിനാൽ കുറച്ചു നേരം കണ്ണടച്ച് പിടിച്ചു ദീർഘശ്വാസം എടുത്തു… “”നോക്ക്…. നിങ്ങൾക്ക് എന്നെക്കുറിച്ച് ഒന്നും അറിയില്ല…. ഒരിക്കലും നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ഭാര്യ ആകാൻ എനിക്ക് പറ്റില്ല….”” പരമാവധി സംയമനം വരുത്തി അവനോടു പറഞ്ഞു.. “”എങ്കിൽ ശെരി…..നീ തന്നെ പറഞ്ഞേരെ എന്നേ ഇഷ്ടമായില്ല എന്ന്…””

കുസൃതി കലർന്ന ഒരു ചിരി ഉണ്ടായിരുന്നു അവന്റെ മുഖത്ത്… നാവ് വിഴുങ്ങിയ പോലെ ഒരു നിമിഷം ഉത്തരം മുട്ടി നിന്നു പോയി…. താനെങ്ങനെയാണ് പറയുക…. അല്ലെങ്കിൽ തന്നെ താൻ വേണ്ട എന്ന് പറഞ്ഞാൽ മുത്തശ്ശി സമ്മതിക്കുമോ..

“”അപ്പൊ… എങ്ങനാ നീ പറയുവല്ലേ എന്നേ വേണ്ട എന്ന്… “”

ഇല്ലെന്ന് തലയാട്ടുമ്പോൾ അറിയാതെ ശിരസ്സ് കുനിഞ്ഞു പോയിരുന്നു…. ആകെക്കൂടി ഒരു തളർച്ച പോലെ…. പ്രതീക്ഷയുടെ വെളിച്ചങ്ങൾ എല്ലാം ഓരോന്നായി അണയും പോലെ…

“”നോക്ക്…””. നിവി പെട്ടെന്ന് താടിയിൽ പിടിച്ചു മുഖമുയർത്തിയപ്പോൾ ഞെട്ടിപ്പിടഞ്ഞു പോയിരുന്നു…

അവന്റെ കൈ പെട്ടെന്ന് തട്ടി മാറ്റി പിന്നിലേക്ക് നിക്കുമ്പോൾ ആ കണ്ണുകളിൽ ചെറുതായി നിരാശ നിഴലിക്കുന്നത് കണ്ടു… പക്ഷേ പെട്ടെന്ന് തന്നെ അത് മാറി വീണ്ടും പുഞ്ചിരി നിറഞ്ഞു… ഇത്തവണ പക്ഷേ എതിർപ്പ് വകവയ്ക്കാതെ അവളുടെ കൈപ്പത്തി അവന്റെ കരങ്ങൾക്കുള്ളിലാക്കി… ബലം പ്രയോഗിച്ചെങ്കിലും വിടാൻ കൂട്ടാക്കിയില്ല… “”നോക്ക് ജാനി…. നിന്റെ മനസ്സിലുള്ള സംശയങ്ങൾ എല്ലാം എനിക്കറിയാം…

“” തീർത്തും ആർദ്രമായിരുന്നു ആ സ്വരം.. ഒരു നിമിഷം ബലം പ്രയോഗിക്കൽ ഒക്കെ നിർത്തി അവന്റെ വാക്കുകൾക്ക് കാതോർത്തു… “”നിന്റെ മനസ്സിലുള്ള ചെറിയ ഒരു പേടി കുടുംബങ്ങൾ തമ്മിലുള്ള അന്തരം ആണെന്ന് എനിക്കറിയാം……

പക്ഷേ അമ്മ പറഞ്ഞ മറുപടി മാത്രേ എനിക്കും നിന്നോട് പറയാനുള്ളു… രവി മാഷ് ഞങ്ങടെ കുടുംബത്തിലെ തന്നെയാണ്…. പിന്നെ വെറുമൊരു സഹതാപമോ ഒന്നുമല്ല ശെരിക്കും ഇഷ്ടമായിട്ട് തന്നെയാണ്…..”” അവളിൽ നിന്നും മറുപടി ഒന്നും കിട്ടാഞ്ഞിട്ടാകാം നിവി തന്നെ ബാക്കിയും പറഞ്ഞു തുടങ്ങിയത്… “”പിന്നെ നിനക്കെന്നെ സ്നേഹിക്കാൻ പറ്റുമോ എന്നുള്ളത്…. ജീവിതം ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ…. ഞാൻ കാത്തിരുന്നോളാം…..ഇപ്പൊ പക്ഷേ ഞാനൊന്ന് വിട്ട് കളഞ്ഞാൽ ചിലപ്പോൾ വേറെ വല്ലവന്മാരും നിന്റെ ലൈഫിലേക്ക് ഇടിച്ചു കയറി എന്നിരിക്കും….

അവന്മാർക്കൊന്നും എന്റത്ര ക്ഷമ ഉണ്ടാകണം എന്നില്ല….. എന്റെ ഈ സുന്ദരികുട്ടിയെ ചിലപ്പോൾ അവർ കരയിച്ചു എന്ന് വരും… ഉപദ്രവിച്ചു എന്ന് വരാം…. എന്തിനാണ് നമുക്ക് ഈ കഷ്ടപ്പാട്…..””

അവന്റെ മറുപടി കേട്ട് അന്തം വിട്ട് നിന്ന് പോയി…. ഒരു നിമിഷം അവന് ഭ്രാന്തുണ്ടോ എന്ന് പോലും തോന്നിപ്പോയി…. എന്തൊക്കെയാ ഈ പറയുന്നേ എന്ന് ആലോചിച്ചു നിന്നപ്പോളേക്ക് മുഖത്ത് വീണ്ടും ഗൗരവം നിറയുന്നത് കണ്ടു….

“”കാര്യായിട്ട് പറഞ്ഞതാ പെണ്ണെ…. നിന്റെ ഈ കണ്ണുണ്ടല്ലോ കണ്ട അന്ന് മുതൽ എന്റെ ഉറക്കം കളയാൻ തുടങ്ങിയതാ…. ഈ കണ്ണിങ്ങനെ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ നെഞ്ചിൽ എന്തോ ഒരു നീറ്റലാണ്…. മനുവിന്റെ കാര്യങ്ങൾ ഒക്കെ മുത്തശ്ശി എന്നോട് പറഞ്ഞിരുന്നു….. ഇനിയും അവനുവേണ്ടി ഈ കണ്ണുകൾ നിറയരുത്… “”

അവളുടെ ഭാഗത്തു നിന്നും പക്ഷേ പ്രതികരണം ഒന്നും ലഭിച്ചില്ല… അവൻ പറയുന്ന വാക്കുകൾക്കുള്ളിലെ സത്യം ഉൾക്കൊള്ളാൻ ശ്രമിക്കുകയായിരുന്നു മനസ്സ്… വല്ലാത്ത ഒരു വടംവലി നടന്നുകൊണ്ടിരിക്കുന്നു മനസ്സിൽ…

“”ഇപ്പോഴും നിനക്ക് സമ്മതം അല്ലെങ്കിൽ ഈ വിവാഹത്തിന് ഞാൻ നിർബന്ധിക്കില്ല…. പക്ഷേ നിന്നെ ഇഷ്ടമല്ല എന്ന് ഞാൻ പറയില്ല….

മുത്തശ്ശിയെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം…. കാത്തിരിക്കാൻ ഞാനൊരുക്കമാണ്…””.

അവളുടെ കൈകളിൽ ഒരിക്കൽ കൂടി ഒന്നമർത്തി പിടിച്ചു…. വാക്ക് കൊടുക്കുന്ന പോലെ…

വല്ലാത്തൊരു ചിന്താക്കുഴപ്പത്തിലായിരുന്നു ജാനി…. എന്ത് തീരുമാനം എടുക്കണം എന്ന് മനസ്സിലായില്ല…. നിവി പറഞ്ഞതൊക്കെ ശെരിയാണ്…. നിവി അല്ലെങ്കിൽ മറ്റൊരാളെ മുത്തശ്ശി എന്തായാലും കണ്ടെത്തുമെന്നുറപ്പാണ്…..തന്റെ വിവാഹം നടത്താതെ മനുവേട്ടന്റെ വിവാഹം നടത്തില്ല എന്നുള്ള മുത്തശ്ശിയുടെ വാക്കുകൾ ഒരിക്കൽ കൂടി ചെവിയിൽ മുഴങ്ങി…. പക്ഷേ അപ്പോഴും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല….

അയാളെ തനിക്കു സ്നേഹിക്കാൻ കഴിയുമോ….

ഇന്നും മനുവേട്ടന്റെ ഓർമ്മകൾ മാത്രമാണ് മനസ്സിൽ… ആരുമല്ല എന്നൊരായിരം തവണ പറഞ്ഞു പഠിപ്പിച്ചതാണെങ്കിലും അത് മാത്രം അനുസരിക്കാൻ മനസ്സ് തയ്യാറായിരുന്നില്ല…

തലയാകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി… “”വാ എല്ലാവരും നമ്മളെയും നോക്കി ഇരിക്കുവായിരിക്കും….”” ഒരിക്കൽ കൂടി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് നിവി അകത്തേക്ക് നടന്നു… നിവിയുടെ പിന്നാലെ നടന്നു വരുന്ന ജാനിയുടെ മുഖത്തിന്‌ തീരെ തെളിച്ചമില്ല എന്ന് മുത്തശ്ശിക്ക് മനസ്സിലായിരുന്നു….. ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം അവളെ എത്രത്തോളം വേദനിപ്പിക്കും എന്നും അറിയാം… പക്ഷേ വയ്യ….

ഇനിയും അവളെ വിധിയുടെ തീരുമാനങ്ങൾക്ക് മുന്നിൽ തട്ടിക്കളിക്കാൻ വിട്ട് കൊടുക്കാൻ വയ്യ..

അവൾക്കൊരു ജീവിതമാകാതെ മരിച്ചാൽ പോലും സ്വസ്ഥത കിട്ടുമായിരുന്നില്ല… “”ഇവന് സമ്മതമാണോ എന്നെനിക്ക് ചോദിക്കണ്ട കാര്യമില്ല…..”” മോൾടെ സമ്മതം മാത്രം അറിഞ്ഞാൽ മതി… നിവിയുടെ അച്ഛന്റെ ചോദ്യം കേട്ടപ്പോൾ അവൾക്ക് വല്ലാത്ത ആശയക്കുഴപ്പം തോന്നി…. മനുവേട്ടനെ മറന്നുകൊണ്ട് ഒരു ജീവിതം തുടങ്ങാൻ തനിക്ക് കഴിയുമോ…. അറിയില്ല….

ഇയാളെ എന്നെങ്കിലും സ്നേഹിക്കാൻ കഴിയുമോ…

അതും അറിയില്ല… ഒരു തീരുമാനത്തിലെത്താൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി അവൾക്ക്….. എല്ലാ കണ്ണുകളും തന്നിലാണ്…. തന്റെ മറുപടിക്കായി എല്ലാവരും കാത്തിരിക്കുന്നത് പോലെ… “”അപ്പൊ ചേട്ടായിയും ഈ ചേച്ചിയും ലവ് അല്ലേ….

ചേട്ടായിടെ ബുക്കിൽ ചേച്ചിടെ പടം വരച്ചു വച്ചിട്ടുണ്ടല്ലോ….. ഞാനും കുഞ്ഞുവും ചോദിച്ചപ്പോ ഏട്ടത്തിയമ്മ ആകകാൻ പോവാണെന്നാണല്ലോ ചേട്ടായി ഞങ്ങളോട് പറഞ്ഞേ…”””. നിധിയുടെ പറച്ചിൽ കേട്ട് ജാനിയുടെ കണ്ണ് മിഴിഞ്ഞു പോയി…

ചുറ്റിനും ഉള്ള എല്ലാവരും ചിരി കടിച്ചമർത്താൻ പാട് പെടുന്നത് കണ്ടു….മനുവേട്ടൻ മാത്രം ഗൗരവം ഇത്തിരി കൂടി കൂടിയത് പോലെ… നിവിയെ നോക്കിയപ്പോൾ തലക്ക് കൈയും കൊടുത്തു ഇരിക്കുകയാണ്… അവന്റെ ആ ഇരിപ്പ് കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി… ഒരിളം പുഞ്ചിരിയോടെ നിൽക്കുന്ന ജാനിയെ കണ്ടപ്പോൾ ഉള്ളിലെ ആധികൾക്ക് ശമനം വന്നതായി തോന്നി സുഭദ്രക്ക്… ദിവസങ്ങൾക്കു ശേഷമാണ് മറ്റൊരാളെ കാണിക്കാൻ വേണ്ടി അല്ലാതെ അവളൊന്ന് ചിരിച്ചു കാണുന്നത്…. താനെടുത്ത തീരുമാനം ശരിയാണെന്നവർക്ക് തോന്നി… “”മോൾടെ തീരുമാനം ഒന്നും പറഞ്ഞില്ല….”” ജാനി ഇതുവരെ ഒന്നും മിണ്ടിയില്ല എന്ന് കണ്ട് ഗൗതമി വീണ്ടും ചോദിച്ചു.. ഒരു തീരുമാനം എടുക്കാൻ കഴിയാതെ മുത്തശ്ശിയെ നോക്കിയപ്പോൾ അത്യധികം പ്രതീക്ഷയോടെ തന്നെ നോക്കുന്നത് കണ്ടു… ആ കണ്ണുകളിലെ വെളിച്ചം തല്ലിക്കെടുത്താൻ തോന്നിയില്ല…. വീണ്ടും ഒരിക്കൽ കൂടി ജീവിതം ഒരു ഭാഗ്യപരീക്ഷണത്തിന് വിട്ട് കൊടുക്കുകയാണ്….

പറയാനുള്ള ശക്തി ഉണ്ടായിരുന്നില്ല… അതുകൊണ്ട് വെറുതെ തലയാട്ടി സമ്മതമാണെന്നറിയിച്ചു…

ചർച്ചകൾ ജാതകത്തിലേക്കും തിയതിയിലേക്കും കടന്നപ്പോൾ പതിയെ അകത്തേക്ക് നടന്നു…. നിവി നോക്കി ഇരിക്കുന്നത് കണ്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല….. എല്ലാം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ സമയം വേണ്ടിയിരുന്നു….. മഴ പെയ്യാൻ തുടങ്ങിയിരുന്നു…. വെറുതെ ജനലഴികളിൽ പിടിച്ചു മഴയുടെ ഭംഗി നോക്കി നിന്നു….. ഇറങ്ങാൻ തുടങ്ങും മുൻപ് നിവിയുടെ അമ്മ അകത്തേക്ക് വന്നിരുന്നു….

ചേർത്ത് നിർത്തി എന്തൊക്കെയോ പറഞ്ഞു….. അധികവും നിവിയുടെ സ്വഭാവത്തെപ്പറ്റി ആയിരുന്നു…എല്ലാം വെറുതെ മൂളിക്കേട്ടു…. ഇടക്കൊരു പുഞ്ചിരി വരുത്തി… കാറിലേക്ക് കയറും മുൻപ് നിവിയുടെ നോട്ടം അകത്തേക്ക് പാളി വീഴുന്നത് കണ്ടു….

ജനലരികിൽ തന്നെ കണ്ടപ്പോൾ മുഖത്തൊരു തെളിച്ചം വന്നത് പോലെ…. ചിരിയോടെ കൈ വീശി യാത്ര പറഞ്ഞു….. തന്നിൽ നിന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല എന്ന് തോന്നി… ശില പോലെ നിന്നിട്ടും ആ പുഞ്ചിരി മങ്ങിയിരുന്നില്ല…

കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ദിവസങ്ങൾ കടന്നു പോകുന്നത് എന്ന് തോന്നി… എത്രയും പെട്ടെന്ന് നടത്തണം എന്നുള്ള മുത്തശ്ശിയുടെ വാശി കാരണം മൂന്നാഴ്ച കഴിഞ്ഞുള്ള മുഹൂർത്തമായിരുന്നു എടുത്തത്… ഇവിടെ അങ്ങനെ പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ലാത്തതിനാൽ കല്യാണം ചെറിയ രീതിയിൽ അമ്പലത്തിൽ വച്ചും അത് കഴിഞ്ഞുള്ള റിസപ്ഷൻ അവരുടേതായ രീതിയിൽ വലുതായി നടത്താനുമായിരുന്നു തീരുമാനിച്ചത്…

പ്രിയയുമായുള്ള വിവാഹവും അന്നേ ദിവസം തന്നെ വേണം എന്ന് മനുവേട്ടൻ പറഞ്ഞെങ്കിലും മുത്തശ്ശിയുടെ വാശിക്ക് മുൻപിൽ കീഴടങ്ങേണ്ടി വന്നു… വല്ലാത്തൊരു ശ്വാസം മുട്ടൽ ആയിരുന്നു….

മനുവേട്ടനുള്ള ഈ വീട്ടിൽ….

ഓരോ തവണ നേരിൽ കാണുമ്പോഴും എത്ര ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും ഓർമ്മകൾ വല്ലാതെ കുത്തി നോവിക്കും….. അന്നങ്ങനെ പറഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു അതിന് ശേഷം ഇതുവരെ പരസ്പരം ഒരു സംസാരം ഉണ്ടായിട്ടില്ല….

മൂന്നാഴ്ചയും ഇവിടെ തന്നെ നിക്കണം എന്ന് മുത്തശ്ശിയുടെ നിർബന്ധം ആയിരുന്നു….. അത്രയും ദൂരേക്ക് കെട്ടിച്ചു വിടുന്നത്കൊണ്ട് പിന്നെ എപ്പോഴും മുത്തശ്ശിയെ കാണാൻ ഓടി വരാൻ പറ്റില്ലല്ലോ….

നിവിയോട് മുത്തശ്ശി തന്നെ ആയിരുന്നു സംസാരിച്ചത്…. അല്ലെങ്കിലും താനൊന്നും സംസാരിക്കാറില്ലല്ലോ…. എല്ലാ ദിവസവും രാത്രി ആള് മുടങ്ങാതെ വിളിക്കും… ആദ്യമൊക്കെ ഫോൺ എടുക്കാൻ പോലും മടി ആയിരുന്നു… മുത്തശ്ശിയുടെ കണ്ണുരുട്ടൽ പേടിച്ചാണ് എടുത്തു തുടങ്ങിയത്…

അധികമൊന്നും സംസാരിക്കാറില്ല…. ഇങ്ങോട്ട് പറയുന്നത് വെറുതെ കേട്ടിരിക്കും….. ചോദ്യങ്ങൾക്കുള്ള മറുപടി ഒറ്റ വാക്കിൽ ഒതുക്കും….. പക്ഷേ ഒരു മുഷിച്ചിലും ഇല്ലാതെ വീണ്ടും വീണ്ടും സംസാരിക്കുന്ന ആളെ കാണുമ്പോൾ കൗതുകം തോന്നും….. അപ്പോൾ വെറുതെ കണ്ണാടിയിലേക്ക് നോട്ടം ചെല്ലും…..

എങ്ങനെയാണ് തന്നെ ഇത്രയും സ്നേഹിക്കാൻ കഴിയുക……അതിനും വേണ്ടി എന്താണ് പ്രത്യേകത എന്ന് വെറുതെ ആലോചിക്കും….. നിവി വാചാലനാകുന്ന അവനേറെ പ്രിയപ്പെട്ട തന്റെ കണ്ണുകളിൽ പക്ഷേ അവൾക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല…… ഉറക്കമില്ലായ്മയുടെ കറുപ്പ് തടങ്ങൾ വീണ് ഇത്തിരി കുഴിഞ്ഞിട്ടുണ്ട് എന്നല്ലാതെ…. ഓർക്കുമ്പോൾ ചിരി വരും…..

കണ്ണുകൾക്കുള്ളിൽ എങ്ങനെയാണ് കഥകൾ ഒളിപ്പിച്ചു വെക്കാൻ കഴിയുക….. അപ്പോൾ തോന്നും അവനൊരു ഭ്രാന്തനാണെന്ന് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഭ്രാന്തൻ… ചെറിയച്ഛനും ചെറിയമ്മയും മാത്രമായിരുന്നു കല്യാണത്തിന്റെ ഒരുക്കങ്ങൾ ഒക്കെ ചെയ്യാൻ ഓടി നടന്നത്….തീരെ താല്പര്യമില്ലാതെ മുത്തശ്ശി നിർബന്ധിക്കുമ്പോൾ മനുവേട്ടൻ ഓരോ കാര്യങ്ങൾ ചെയ്യുന്നത് കണ്ടു….

ദേഷ്യമാണ് എപ്പോഴും മുഖത്ത്…. തന്നെ കാണുമ്പോൾ അത് ഒന്ന് കൂടി മുറുകും…. പതിയെ പതിയെ അവഗണിക്കാൻ താനും പഠിച്ചിരിക്കുന്നു…

പക്ഷേ മനസ്സിൽ നിന്നും പിഴുതു മാറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല….. അതിന് ഇനിയും ഏറെ ദൂരങ്ങൾ പോകേണ്ടിയിരിക്കുന്നു…. ഒരുപക്ഷേ ഒരിക്കലും കഴിഞ്ഞില്ല എന്നും വരാം…

രാത്രി ഉറങ്ങാൻ കിടന്നിട്ടും ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ല…. ഭയമായിരുന്നു മനസ്സിൽ ……

അന്ന് കാണാൻ വന്നപ്പോൾ പറഞ്ഞത് പോലെ കാത്തിരിക്കാൻ അയാൾ തയ്യാറാണോ….. അതോ അന്ന് വെറുതെ പറഞ്ഞതാണോ എന്നൊരു ഭയം ഉള്ളിൽ നിറഞ്ഞു വന്നിരുന്നു…..ഇനിയും പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഒരു വിവാഹ ജീവിതത്തിലേക്ക് നാളെ മുതൽ കടക്കുകയാണ്…..

അവൾക്കെല്ലാവരോടും വല്ലാത്ത ദേഷ്യം തോന്നി…..

അച്ഛനോടും അമ്മയോടും മധുമ്മയോടും എല്ലാം….

അവരാരും തന്നെ വിട്ട് പോയില്ലായിരുന്നു എങ്കിൽ ഇന്നൊരു പക്ഷേ തന്നെ കേൾക്കാനും ആളുണ്ടാകുമായിരുന്നു…. അവൾക്കിഷ്ടമുണ്ടെങ്കിൽ മതി എന്ന് ആര് പറഞ്ഞില്ലെങ്കിലും മധുമ്മ പറഞ്ഞേനെ…. ഫോണിലെ ഫോട്ടോയിലേക്ക് നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു …..

അവസാനമായി മധുമ്മയോടൊപ്പമെടുത്ത ഫോട്ടോ….. അതിന് ശേഷം നടത്തിയ യാത്രയിലാണ്……

പെട്ടെന്ന് ഫോൺ ബെല്ലടിച്ചപ്പോൾ ഒന്ന് ഞെട്ടി….. നിവിയാണ്…..

ഇയാൾക്കെങ്ങനെയാണ് താൻ വിഷമിക്കുന്ന സമയമൊക്കെ മനസ്സിലാക്കാൻ കഴിയുന്നത്….

മനപ്പൂർവം എടുത്തില്ല….. ബെല്ലടിച്ചു തീരുന്നത് നോക്കി ഇരുന്നു…. പക്ഷേ വീണ്ടും വീണ്ടും വിളിക്കാൻ തുടങ്ങിയപ്പോൾ എടുക്കാതിരിക്കാൻ കഴിഞ്ഞില്ല….. വെറുതെ ചെവിയോട് ചേർത്ത് വച്ചു….

“”സങ്കടങ്ങളൊക്കെ തീർന്നോ…..””

ഹലോ പോലും പറയാതെ നേരിട്ടുള്ള ചോദ്യം..

“”മ്മ്മ്…. ഹ്ഹ്ഹ്…..”” മൂളിയതേ ഉള്ളു….

“”എന്നാലേ ഇനി നാളെ സങ്കടപ്പെടാം…..

അല്ലെങ്കിൽ കല്യാണ ഫോട്ടോയിൽ ഞാൻ മാത്രം ആയിരിക്കും സുന്ദരൻ….. ഇപ്പൊ തന്നെ ആ കണ്ണ് രണ്ടും കുഴിഞ്ഞു പാതാളത്തിൽ എത്തിക്കാണും….

“” ചിരിച്ചോണ്ട് പറയുന്നത് കേട്ടപ്പോൾ ദേഷ്യം വന്നു…. “”എങ്കിൽ കെട്ടണ്ട….. നിങ്ങൾക്ക് ചേരുന്ന പെണ്ണിനെ പോയി കെട്ടിയാൽ മതി…””.

എന്തിനാണ് അവനത് പറഞ്ഞപ്പോൾ തനിക്ക് ദേഷ്യം വന്നത് എന്ന് പോലും മനസ്സിലായിരുന്നില്ല…..

വീണ്ടും മറുവശത്തു പൊട്ടിച്ചിരി കേട്ടു…. വീണ്ടും എന്തൊക്കെയോ പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും…..

ഒടുവിൽ ഫോൺ വെക്കുമ്പോൾ കുറച്ചു മുൻപുണ്ടായിരുന്ന സങ്കടങ്ങൾ ഒക്കെ മറന്നു പോയിരുന്നു….

ദേഷ്യം അടങ്ങികഴിഞ്ഞിട്ടാണ് അതേപ്പറ്റി ചിന്തിച്ചത്…. അവനെന്തിനാണ് തന്നെ ദേഷ്യം പിടിപ്പിച്ചത് എന്ന്…. ഓർത്തപ്പോൾ ചെറിയ ഒരു തണുപ്പ് വന്നു പൊതിയും പോലെ തോന്നി…..

ഒരുപക്ഷേ തന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചിരുന്നു എങ്കിൽ പോലും ഇത്രയും വേഗം തന്റെ വിഷമങ്ങൾ മാറില്ലായിരുന്നു എന്ന് തോന്നി……

അവനെപ്പറ്റിയുള്ള എല്ലാ പേടിയുടെയും സംശയത്തിന്റെയും കനലുകൾ കെട്ട് പോയതായി തോന്നി….

എല്ലാത്തിന്റെയും മറുപടി അവൻ തന്നെ തന്നിരിക്കുന്നു….. ഒരുപക്ഷേ ഒരു വാക്ക് പോലും നേരെ പറയാതെ തന്നെ…

തുടരും…. അപ്പൊ നാളെ നടക്കാൻ പോകുന്ന കല്യാണത്തിന് എല്ലാവരെയും ക്ഷണിക്കുന്നു…..

വലിയ കമന്റ്‌ ഇടുന്നവർക്ക് രണ്ടു തവണ പായസം തരുന്നതാണ് 😌😌 അപ്പൊ ഒട്ടും കുറക്കാതെ ലൈക്ക് ഇട്ട് അഭിപ്രായം പറഞ്ഞോളൂ….

രചന: അമ്മു അമ്മൂസ്

Scroll to Top