അയാൾ മെല്ലെയൊന്നാഞ്ഞ് ആ കവിളിൽ ചുണ്ട് ചേർത്ത് ഒന്ന് കടിച്ചു..

രചന : Ammu Santhosh

തമ്മിലലിഞ്ഞവർ

❤❤❤❤❤❤❤

“അച്ചായൻ ഒന്നും പറഞ്ഞില്ലല്ലോ ”

നാൻസി കിടക്ക കുടഞ്ഞു വിരിച്ചു കൊണ്ട് ജോഷിയോട് ചോദിച്ചു.

“എന്താ പറയുക..?ജോജുവിന്റ ഭാര്യ നിമ്മിയുടെ ഡെലിവറി ഡേറ്റ് ആകാറായി. അമ്മ ഒരു മാസം വന്നു നിൽക്കുമോ എന്ന് ജോജു..ഇതല്ലേ?”

“അമ്മ മാത്രം അല്ല പപ്പയും.അച്ചായനോടും പറഞ്ഞല്ലോ അവൻ? ”

“പറഞ്ഞു. പക്ഷെ എന്റെ കാര്യം,അത് നടക്കില്ല

മോളെ തോട്ടത്തിലെ കാര്യങ്ങൾ വിട്ട് എനിക്ക് വരാൻ പറ്റുകേല.നീ പൊയ്ക്കോ ”

നാൻസിയുടെ മുഖം വാടി

“ആ കൊച്ചിന് അമ്മയും പപ്പയുമില്ലല്ലോ. പറയത്തക്ക ബന്ധുക്കളുമില്ല കിച്ചണിൽ ഒരു സ്ത്രീ ഉണ്ട് സഹായിക്കാൻ അത് മതിയോ?. പാവം..

പ്രസവം ന്നു പറഞ്ഞാൽ ശരീരവും മനസുമങ്ങ് ദുർബലമായിരിക്കുന്ന സമയമല്ലിയോ? അവന് ജോലിക്ക് പോകണ്ടേ? ഇവിടെ നിന്ന് ദൂരകൂടുതലല്ലേ ഓഫീസിലേക്ക്?അതല്ലെങ്കിൽ ഞാൻ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നേനെ.. ഈ സമയത്താ അമ്മയുടെ വിലയറിയുക പെ*ൺപിള്ളേർ.. ”

“ഞാൻ ഒറ്റയ്ക്കാകും അല്ലിയോ കൊച്ചേ? ”

ഉള്ളിൽ എന്തൊ ഒന്ന് നീറിപ്പിടിച്ച പോലെ നാൻസി അയാളെ നോക്കി. പതിനെട്ടു വയസ്സിൽ കൈ പിടിച്ചതാണ്.ഈ ദിവസം വരെ പിരിഞ്ഞു നിന്നിട്ടില്ല.

ആദ്യമായി.. അവരുടെ മുഖത്തെ സങ്കടം കണ്ടപ്പോൾ പെട്ടെന്ന് അയാൾ സാധാരണ നിലയിലായി

“ഞാൻ വെറുതെ പറഞ്ഞതാ. നമുക്കൊന്നിച്ച് പോകാം. ഡെലിവറി കഴിഞ്ഞു വൈകുന്നേരം ഞാൻ ഇങ്ങു പോരും. നീ നിന്നോ ”

അയാൾ കിടക്കയിലേക്ക് കിടന്നു കണ്ണുകൾ അടച്ചു. നാൻസി ഒരു നിമിഷം അത് നോക്കി നിന്നിട്ട് ലൈറ്റ് അണച്ചു

നിമ്മി കുഞ്ഞിനെ നോക്കി കിടന്നു. ഈ മുഖം കാണുമ്പോൾ കഴിഞ്ഞു പോയ സർജറിയുടെ വേദന അവൾ മറന്നു

“കുഞ്ഞിന് പാൽ കൊടുത്തോളു മോളെ

നാൻസി പുഞ്ചിരിയോടെ പറഞ്ഞു.

കല്യാണം കഴിഞ്ഞു ജോജുവിന്റെ അമ്മയുടെയും പപ്പയുടെയും കൂടെ അധികം നിന്നിട്ടില്ല അവൾ.

വല്ലപ്പോഴും ഫോൺ ചെയ്യുമെന്ന് മാത്രം. ഇപ്പോഴാണ് ആ നൻമ കരുതൽ സ്നേഹം ഒക്കെ അനുഭവിക്കുന്നത്.പക്ഷെ എപ്പോഴും അമ്മയുടെ മുഖത്തു ഒരു സങ്കടം ഉണ്ടെന്ന് അവൾ കണ്ടു പിടിച്ചു.

പപ്പയുടെ ഫോൺ വരാൻ താമസിച്ചാൽ, പപ്പാ കാൾ എടുക്കാൻ വൈകിയാൽ ഒക്കെ അമ്മ വിഷമിക്കുന്നത് അവൾ കണ്ടിട്ടുണ്ട്.

“അമ്മ ശരിക്കും ഭക്ഷണം കഴിക്കുന്നില്ലേ? ക്ഷീണം ആണല്ലോ? “ജോജു നിമ്മിയോട്‌ ചോദിച്ചു.

“അമ്മക്ക് എന്തോ സങ്കടം ഉണ്ട്.. പപ്പയെ ഓർത്താവും “ജോജു അൽപനേരം ആലോചിച്ചു നിന്നിട്ട് അടുക്കളയിൽ ചെന്നു

“ഇന്നെന്താ അമ്മേ സ്പെഷ്യൽ? ”

“മട്ടൻ പാൽ കറി.. അപ്പത്തിന് അച്ചായന് ഏറ്റവും ഇഷ്ടം ഉള്ളതാ “അവർ വിഷാദത്തോടെ ചിരിച്ചു

“പപ്പയ്ക്ക് അവിടെ പപ്പയുടെ അമ്മച്ചി വെച്ചു കൊടുക്കുണ്ടാവും ഇപ്പൊ ഇത് ”

അവൻ ചിരിയോടെ പറഞ്ഞു

അപ്പൊ വീട്ടിൽ ജോഷി അമ്മച്ചി വിളമ്പിയ കപ്പപ്പുഴുക്കിലേക്ക് മത്തിക്കറിയുടെ ചാറ് മെല്ലെ ഒഴിച്ച് കുഴച്ച് ഒരു ഉരുള എടുക്കുകയായിരുന്നു

“അച്ചായാ എനിക്കാദ്യം ”

അയാൾ ഞെട്ടി നോക്കി അടുത്ത് അവളില്ല..

അവളുടെ ശബ്ദം അല്ലെ കേട്ടെ?

എന്ത് കഴിച്ചാലും ആദ്യത്തെ ഒരു ഉരുള അവളുടെ അവകാശമാ. മകൻ ആയപ്പോൾ പോലും അതിന് മാറ്റം വരാൻ അവൾ സമ്മതിച്ചിട്ടില്ല

“ഞാൻ കഴിഞ്ഞു മതി മോൻ .. ഞാനാ ഇച്ചായന്റെ എല്ലാം..”

നുണക്കുഴി വിരിയിച്ച് ഒരു കള്ളച്ചിരി ചിരിക്കും അപ്പൊ.. പൂർണചന്ദ്രൻ ഉദിച്ച പോലെ..

“അവളില്ലാഞ്ഞിട്ട് എന്തൊ പോലെ.ഒരു മാസം കഴിഞ്ഞല്ലോ? ഇനി ഇങ്ങ് വിളിച്ചു കൊണ്ട് പോരെടാ ”

അമ്മച്ചി താടിക്ക് കയ്യും കൊടുത്തു വിഷാദത്തോടെ പറഞ്ഞത് അയാൾ കേട്ടു..

അവളില്ലാഞ്ഞിട്ട് എന്തൊ പോലെ എന്നല്ല. ഒന്നുമില്ലാത്ത പോലെ എന്നതാണ് സത്യം. ഇടയ്ക്ക് അവിടെ പോയി ഒന്ന് രണ്ടു ദിവസം നിന്നു പക്ഷെ ഒരു സ്വാതന്ത്ര്യം ഇല്ലാത്ത പോലെ… മറ്റൊരു വീട്..

അവിടെ അവൾക്കും അവളാകാൻ പറ്റുന്നില്ലാത്ത പോലെ..

പകലിന് തെളിച്ചമില്ല.

മുറികളിൽ എന്തൊരു ശൂന്യതയാണ്. അവളുടെ ഒച്ചയനക്കങ്ങളില്ലാതെ, അവളുടെ ഗന്ധമില്ലാതെ..

“എടാ ഇച്ചായാ ” ആരും ഇല്ലാത്തപ്പോൾ വിളിക്കും

തനിക്കുമിഷ്ടമാണ് ആ വിളി

“എനിക്ക് കള്ളും കപ്പയും വേണമെടാ ഇച്ചായാ “അപ്പോഴും ഉണ്ടാകും കണ്ണിറുക്കി ആ കള്ളച്ചിരി

എന്തൊരു കഷ്ടാണ് ഇത്?ഈ ഒറ്റപ്പെടല്.അവൾക്ക് തന്നെ കാണണം എന്ന് തോന്നുന്നില്ലേ?

അയാളുടെ കയ്യിൽ ഇരുന്ന മൊബൈൽ ശബ്ദിച്ചു

“ഇച്ചായാ…”ആ വിളിയൊച്ചയിൽ ഒരു നനവുണ്ട്

“ഉം “അയാളൊന്നു മൂളി

“വരുമോ നാളെ?”

“ഉം..”

“എന്താ എന്നോട് ഒന്നും പറയാത്തെ?”

“ഞാൻ നാളെ വരും.. കൂടെ പോരണം.. നീയില്ലാതെ.. വയ്യെടി ”

അയാൾ വേഗം ഫോൺ കട്ട്‌ ചെയ്തു

നാൻസിയുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു

“അമ്മച്ചി?”

അവർ പെട്ടെന്ന് കണ്ണ് തുടച്ചു നിമ്മിയെ നോക്കി

“അമ്മയെന്താ കരയുന്നെ? പപ്പാ ആയിരുന്നോ ഫോണിൽ?”

അവർ തലയാട്ടി

“ഇവിടെയിപ്പോ ഞാൻ തനിച്ച് മതി.. ഓക്കേ ആയി എനിക്ക്.. പിന്നെ ജലജ ചേച്ചി വരുമല്ലോ അടുക്കളയിൽ സഹായിക്കാൻ.. അമ്മ പൊയ്ക്കോ.. ഞാൻ ജോജുവിനോട് പറയാം കൊണ്ട് വിടാൻ ”

അവർ പിന്നെയും നിറഞ്ഞ കണ്ണുകളോടെ അവളെ ചേർത്ത് പിടിച്ചു

“ഒന്നും തോന്നല്ലേ മോളെ.. എന്ത് ബുദ്ധിമുട്ട് വന്നാലും വിളിച്ചാ മതി.. അമ്മ വരും.. ഇത് പോലെ കുറെ ദിവസം ഒന്നും പറ്റില്ല എങ്കിലും വരും..

പപ്പയെ പിരിഞ്ഞു നിക്കുമ്പോ കരയിൽ പിടിച്ചിട്ട മീനിന്റെ ഒരു അവസ്ഥയാ അതാ..”

“എനിക്ക് മനസിലാകുമത് ”

അവൾ ചിരിച്ചു

“പപ്പാ ഭാഗ്യവാനാ ”

അവൾ വീണ്ടും പറഞ്ഞു

“പപ്പ മാത്രമല്ല അമ്മയും.. ഇങ്ങനെ ഒക്കെ എങ്ങനെയ സ്നേഹിക്കുക? ”

അമ്മയുടെ മുഖം ചുവന്നു. നാണം കൊണ്ട് പൂത്ത മുഖം..

“അത്..സ്‌നേഹിക്കുമ്പോൾ ലോകം ഒരാളിൽ മാത്രം ആകുവാ , നമ്മൾ ചിന്തിക്കുന്നതെല്ലാം ഒരാളിൽ ചെന്നങ്ങ് നിക്കുവാ .. മുന്നോട്ട് വഴിയില്ലാതെ ചില ഡെഡ് എൻഡ് പോലെയുള്ള റോഡുകളില്ലേ? അത് പോലെ.. അങ്ങനെയാ സ്നേഹം..ഇച്ചായനെ നോക്കുമ്പോൾ എപ്പോഴാണെങ്കിലും ആദ്യം കാണും പോലെയാ എനിക്ക്.. ഇച്ചായനെന്താ ഇഷ്ടം അത് എനിക്കുമിഷ്ടം. എന്റെ ഇഷ്ടം എന്താ അത് തന്നെ ആണ് ആൾക്കും ..

ചില ആണുങ്ങൾ ഭാര്യമാരോടു പെരുമാറുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.. പുറത്ത് നിന്ന് വരുമ്പോൾ,അല്ല വീട്ടിൽ ഉള്ളപ്പോൾ തന്നെ കല്പനകൾ ആണ്.എവിടെ ചായ,?എവിടെ ചോറ്,?

എവിടെ എന്റെ ഷർട്ട്‌? എവിടെ എന്റെ പാന്റ്? നിനക്ക് എന്താ ഇവിടെ പണി? അങ്ങനെ അങ്ങനെ

ഇച്ചായൻ അങ്ങനെ അല്ലാട്ടോ

ഞാൻ അടുക്കളയിൽ ആണെങ്കിൽ ആളും പച്ചക്കറികൾ ഒക്കെ മുറിച്ചു കൊണ്ട് അവിടെ തന്നെ..

തുണികൾ കഴുകുമ്പോ വിരിക്കാൻ എന്റെ ഒപ്പം തന്നെ.. പറമ്പിൽ പണി ആണെങ്കിലും ഞങ്ങൾ ഒന്നിച്ചാ.. പ്രസവം മാത്ര ഞാൻ തനിച്ചു ചെയ്ത ഒരു കാര്യം.. അന്നും എന്റെ ഒപ്പം ഉണ്ട്.

എന്റെ തലയ്ക്കൽ കൈകൾ അമർത്തി പിടിച്ചു കൊണ്ട് ഒന്നുല്ല മോളെ ഞാൻ ഇല്ലേ എന്ന് പറഞ്ഞു കൊണ്ട്.. നെറ്റിയിൽ ഉമ്മയൊക്കെ തന്ന്…ആ ഒറ്റ പ്രസവത്തോടെ എന്റെ കൊച്ച് ഈ പണി നിർത്തിക്കോ എന്നും പറഞ്ഞു. എന്റെ വേദന കണ്ടിട്ടേ ”

നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു

“ഇപ്പൊ ഈ ഒരു മാസം എന്റെ ജീവിതത്തിൽ ഞാൻ.. ആദ്യാ..വീട്ടിൽ നിന്ന് മാറി നിൽക്കുന്നെ.അമ്മച്ചി ഉണ്ട് വീട്ടിൽ. പക്ഷെ അച്ചായൻ അമ്മച്ചിയെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കുകേല വയസ്സായില്ലേ? എല്ലാം ഒറ്റയ്ക്ക്.. ഒറ്റയ്ക്കാക്കാൻ എനിക്ക് പറ്റുകേല മോളെ അതാ..ഇച്ചായനിൽ അലിഞ്ഞു പോയതാ ഞാൻ.. ”

അവൾ ചിരിച്ചു

“ജോജുവിന് പപ്പയുടെ ഗുണം എല്ലാം ഒന്നും കിട്ടീട്ടില്ല ട്ടൊ അമ്മച്ചി.സ്നേഹം ഉണ്ട്. എന്നാലും അത്ര പോരാ ”

“അതിനൊരു വഴിയുണ്ട്. നിങ്ങൾ ഇടക്ക് വീട്ടിൽ വന്നു നിൽക്ക്.. കണ്ടും പഠിക്കുമല്ലോ ചില കാര്യങ്ങൾ.. അവൻ പഠിച്ചതൊക്കെ പുറത്ത് നിന്നായിരുന്നു എന്റെ ആങ്ങളയുടെ കൂടെ.അതാ ”

അവർ ചിരിച്ചു

“അത് വേണം. പക്ഷെ നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ട് ആകുമോ?”

അവൾ കണ്ണിറുക്കി

“പൊ കൊച്ചേ… ഞങ്ങൾക്ക് ഒന്നിച്ചിരുന്നാ മതി..

കാണുക, മിണ്ടുക അത് തന്നെ ആണ് ഏറ്റവും വലിയ സന്തോഷം.. നിങ്ങൾ ഇടക്ക് വന്നു കുറച്ചു ദിവസം നിൽക്ക് ”

“ശരി അമ്മേ ”

അവൾ സമ്മതിച്ചു

പപ്പ വന്നു കൂട്ടിക്കൊണ്ട് പോകുമ്പോൾ നിമ്മിയുട കണ്ണുകൾ നിറഞ്ഞു

അമ്മ ഒരു വെളിച്ചമാണ്..ഒരു നിറവാണ്.പപ്പയ്ക്കും തങ്ങൾക്കും..

അവൾ തിരിച്ചു മുറികളിൽ കൂടി നടന്നു.

ശൂന്യത ആണ്.. ഒരു വല്ലായ്മ.. എന്ത് മാജിക് ആണ് ഈ അമ്മ ചെയ്തു വെച്ചത്?

ഒരു തരത്തിൽ ദൈവത്തിന്റെ ഏറ്റവും വലിയ മാജിക് ആണല്ലോ അമ്മ ?

“എടാ ഇച്ചായാ “?

കാർ ഓടിക്കുന്നതിനിടയിൽ അയാൾ ഇടം കൈ കൊണ്ടവരെ ചേർത്ത് പിടിച്ചു

“എന്താ കൊച്ചേ?”

“ലവ് യു “നാൻസി പുഞ്ചിരി യോടെ പറഞ്ഞു

അയാൾ മെല്ലെയൊന്നാഞ്ഞ് ആ കവിളിൽ ചുണ്ട് ചേർത്ത് ഒന്ന് കടിച്ചു.. നോവാതെ… ഒട്ടും നോവാതെ

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Ammu Santhosh


Comments

Leave a Reply

Your email address will not be published. Required fields are marked *