നീയെന്തിനാടാ ഇത്രയും എന്നെ വെറുത്തത്, ഞാനെന്ത് തെറ്റാണ് നിന്നോട് ചെയ്തത്…

രചന: സാജുപി കോട്ടയം

എനിക്കവൾ വെറുമൊരു കളിക്കുട്ടുകാരി മാത്രമായിരുന്നില്ല സുഹൃത്തിന്റെ പെങ്ങള് എന്റെയും പെങ്ങളായിരുന്നു. തിരിച്ചറിവിന്റെ പ്രായംതൊട്ടേ അവനെക്കാൾ കൂടുതലിഷ്ടം എന്നോടായിരുന്നു.

അവളുടെ വീട്ടിലെന്തുണ്ടാക്കിയാലും എനിക്കായ് ഒരു പങ്ക് അവൾ മാറ്റിവയ്ക്കും.

ഞാനും കുട്ടികളുമായി ചാമ്പക്ക, പേരക്ക, മാമ്പഴം ഒക്കെ മരത്തിൽക്കേറി പറിച്ചുകൊടുക്കുമ്പോൾ താഴെയെത്തുമ്പോൾ അവൾക്കായി മാത്രം സൂക്ഷിച്ച പഴങ്ങൾ നിക്കറിന്റെ പോക്കറ്റിൽ നിന്നെടുത്തു കൊടുക്കും അപ്പൊ അവളുടെ കണ്ണുകൾ വിരിയും വാപൊളിച്ചു വളകിലുക്കി തുള്ളിച്ചാടും അത് കാണാൻ നല്ല രസമാണ്

പിന്നെയവൾക്ക് ഇഷ്ട്ടം രാഘവൻ ചേട്ടന്റെ കടയിൽ കുപ്പിഭരണിയിലിരിക്കുന്ന ഞാൻ വാങ്ങിക്കൊടുക്കുന്ന കപ്പലണ്ടി മുട്ടായിയോടാണ്. എത്ര വലിയ പിണക്കങ്ങളും ആ കപ്പലണ്ടി മുട്ടായിൽ തീരും.

സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും അവളൊരിക്കലും സ്വന്തം ആങ്ങളയുടെ കൈയിൽ പിടിക്കില്ല എന്റെ കയ്യിലാവും ചുറ്റിപിടിക്കുക

എന്നെ മറ്റാരും തൊടാനോ ഞാൻ മറ്റൊരു പെൺകുട്ടിയെ നോക്കാനോ അവൾ സമ്മതിക്കില്ല.

ഒരിക്കൽ കളിക്കുന്നതിനിടയിൽ അവളൊന്ന് വീണു കുട്ടികളെല്ലാം അവളെ കളിയാക്കി ചിരിച്ചു അവൾ ചുറ്റിനും നോക്കിയപ്പോ ഞാനും ചിരിച്ചു പെട്ടെന്നവളുടെ കണ്ണുകൾ നിറഞ്ഞു ഓടിവന്ന് ന്റെ കൈയിൽ കടിച്ചു അവളുടെ കൊച്ചരിപ്പല്ലുകൾ കയ്യിലേക്ക് ആഴ്ന്നിറങ്ങി ചോര വന്നിട്ടും അവൾ കടിവിട്ടില്ല. കൈ കുടഞ്ഞ് മാറ്റുമ്പോൾ അല്പം ബലം പ്രയോഗിക്കേണ്ടി വന്നു അവൾ കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി

രണ്ടു ദിവസം കഴിഞ്ഞു കൂട്ടുകാരൻ വീട്ടിൽ വന്നു.

നീ വീട്ടിലേക്ക് വാ അവൾ പനിപിടിച്ചു കിടപ്പിലാ ഇടയ്ക്കിടെ നിന്നെ തിരക്കുന്നുണ്ട് വേഗം.. വാ

അവനെയും കൂട്ടി വീട്ടിലേക്കോടും വഴി രാഘവൻ ചേട്ടന്റെ കടയിൽ നിന്ന് കപ്പലണ്ടി മുട്ടായി വാങ്ങാനും മറന്നില്ല

ഞാനവിടെ ചെന്നപ്പോ ന്റെ കയ്യിലേക്ക് നോക്കി ” നിനക്ക് വേദനയുണ്ടോ ” ന്റെ കൈയിൽ പിടിച്ചു മുറിവിൽ ഉമ്മവച്ചു.

അവളുടെ കുഞ്ഞികൈയ് എന്റെ നേരെ നീട്ടി

“ഇന്നാ കടിച്ചോ ” ന്റെ കൈയിൽ കടിച്ചോ.

നീട്ടിയ കൈയിലേക്ക് ഞാൻ കപ്പലണ്ടി മുട്ടായി വച്ചുകൊടുത്തു . ഒരു ഉമ്മയും

അങ്ങനെ ഇണങ്ങിയും പിണങ്ങിയും കാലങ്ങൾ കടന്നുപോയി ഞങ്ങൾ കുട്ടിക്കാലം വിട്ട് യുവതിയുവാക്കളായി ഇന്നവൾ തടിച്ചുരുണ്ടു ഒരു കൊച്ചു സുന്ദരിയായി. ഞങ്ങൾ പഠിത്തമൊക്കെ കഴിഞ്ഞു ജോലി തിരക്കുന്ന സമയം അവന് പെട്ടന്നുതന്നെ ഗൾഫിൽ ഒരു ജോലികിട്ടി ഞാൻ പിന്നെയും നാട്ടിൽ ചുറ്റിത്തിരിഞ്ഞു

ഒരു ദിവസം ഗൾഫിൽ നിന്ന് അവൻ വിളിച്ചു

ടാ… നീ വീടുവരെ ചെല്ലണം അവൾക്കൊരു ചെറുക്കൻ കൂട്ടര് വരുന്നുണ്ട് ‘അമ്മ മാത്രമല്ലെ വീട്ടിലുള്ളു നീ കൂടെച്ചെന്നൊന്ന് സഹായിക്ക്.

പിറ്റേന്ന് അവൾക്കുള്ള മിട്ടായിയും വാങ്ങി അവന്റെ വീട്ടിൽ ചെന്ന് ദേ… അവളവിടെ സാ.. മട്ടിൽ നിൽക്കുന്നു.

എന്താടി ഇന്ന് കുളിയും നനയും ഇല്ലേ?

അവൾ മുഖവും കുതിവീർപ്പിച്ചു അകത്തേക്ക് കയറിപ്പോയി

ആഹാ.. ഇത് കൊള്ളാലോ ഞാനും പുറകെ അവളുടെ മുറിയിലേക്ക് ചെന്നു.

“എനിക്കിപ്പോ കല്യാണമൊന്നും വേണ്ട ”

എന്റെ കൈയിൽ പിടിച്ചു അവളുടെ കൊച്ചരിപ്പല്ലുകൾ വീഴ്ത്തിയ പാടിൽ വിരലുകൊണ്ട് തടവി.

“നിനക്കെന്നെ കെട്ടാവോ ” അവൾ ചോദിച്ചു

തീയിൽ തൊട്ടതുപോലെ ഞാൻ കൈ പിൻവലിച്ചു

ഇത്രയും നാൾ മനസിൽപോലും തോന്നാത്ത കാര്യം പെങ്ങളെപോലെ കരുതി സ്നേഹിച്ചിട്ട് അവളുടെ മനസിലെങ്ങനെ ഈ ചിന്ത കടന്നുവന്നു.

വീണ്ടും കൈയിൽ പിടിക്കാൻ വന്നവളെ തട്ടിമാറ്റി ആദ്യമായി ആ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി ഇറങ്ങി പോരുമ്പോളവൾ കരഞ്ഞു വിളിക്കുന്നുണ്ടായിരുന്നു

മടിയിൽ സൂക്ഷിച്ച കടലമുട്ടായി പടിവാതുക്കൾ വെറുപ്പോടെ വലിച്ചെറിഞ്ഞു പിന്നിലേക്ക് നോക്കാതെ ഞാൻ നടന്നു

മൊബെയിലിൽ അവൾ വിളിക്കുന്നുണ്ട് എടുക്കാൻ തോന്നുന്നില്ല ഇതുവരെയും അവൾ വിളിച്ചിട്ട് എടുക്കാതിരുന്നിട്ടില്ല.

വിളിച്ചു മടുത്തിട്ടാവണം അവൾ മെസേജ് അയച്ചു

(” ടാ .. നിന്നെയെനിക്ക് വിട്ടുപിരിയാൻ കഴിയില്ല നമ്മള് കുഞ്ഞിലേ മുതൽ ഒന്നിച്ചു ഇതുവരെ നടന്നിട്ട് ഇപ്പോ പെട്ടന്ന് നിങ്ങളെയൊക്കെ വിട്ട് പോകാൻ ഒരു വിഷമം അതുകൊണ്ടാ ഞാനങ്ങനെ ചോദിച്ചത്. നീയെന്നെ കെട്ടിയാൽ എന്നിക്ക് എല്ലാരുമായി ഇവിടെ കഴിയാനുള്ള കൊതികൊണ്ട് ചോദിച്ചുപോയതാണ്. നീ ഇങ്ങോട്ട് വാ എന്നോട് പിണങ്ങല്ലേ പ്ലീസ് “, )

എന്റെ മനസ് ആകെ അസ്വസ്ഥമായി തിരിച്ചൊരു മറുപടി കൊടുത്തില്ല

രണ്ടു ദിവസം വീണ്ടും അവൾ വിളിച്ചു ഇനിയും എടുത്തില്ലെങ്കിൽ അവൾ വീട്ടിലേക്ക് വരുമെന്ന് ഉറപ്പാണ്.

ഇനിയവളെ എനിക്ക് ഫേസ് ചെയ്യാൻ കഴിയില്ല

അന്ന് രാത്രിയിൽ തന്നെ ഞാൻ ബാംഗ്ളൂർ ഉള്ള ഒരു കൂട്ടുകാരന്റെ അടുത്തേക്ക് യാത്ര തിരിച്ചു. പിന്നെ രണ്ട് മാസം അവിടെത്തന്നെ കൂടി. തുടർച്ചായി വിളിച്ചിട്ടും എടുക്കാത്തതിനാലാവും അവളിപ്പോ വിളിക്കാറില്ല.

ഒരു ദിവസം ഗൾഫിന്ന് അവൻ വിളിച്ചു അവളുടെ കല്യാണം ഉറപ്പിച്ചു ബോംബായിലാണ് ചെറുക്കൻ അവളെയും അങ്ങോട്ട് കൊണ്ടുപോകാനാണ് പ്ലാൻ കല്യാണം കഴിഞ്ഞാൽ അമ്മയെ ഞാൻ ഇങ്ങോട്ടും കൊണ്ടുപോരും

നീ കല്യാണത്തിന് നേരത്തേ ചെല്ലണം

അവൾക്ക് ഞങ്ങളെക്കാളെല്ലാം ഇഷ്ട്ടം നിന്നെയല്ലേ.

ഞങ്ങൾക്കിടയിലുള്ള മാറ്റങ്ങളൊന്നും അവന് അറിയില്ലല്ലോ

കുറെ ദിവസം കഴിഞ്ഞു അവളുടെ ഒരു മെസേജ് വന്നു

( കല്യാണമാണ് വരുന്ന തിങ്കഴാച്ച നീ വരില്ലേ എനിക്ക് നിന്നെയൊന്ന് കാണണം )

മറുപടിയൊന്നും കൊടുത്തില്ല.

തിങ്കളാഴ്ച രാത്രിയിലും അവളുടെ മെസേജ് ഉണ്ടായിരുന്നു.

(നീയെന്തിനാടാ ഇത്രയും എന്നെ വെറുത്തത് , ഞാനെന്ത് തെറ്റാണ് നിന്നോട് ചെയ്തത് )

വിവാഹമൊക്കെ കഴിഞ്ഞു ഒരുമിച്ചു കുറെ നാളുകൾ കഴിയുമ്പോൾ ഈ വിഷമങ്ങളൊക്കെ മാറും അവൾ സന്തോഷത്തോടെ യഥാർത്ഥ ജീവിതം ആസ്വദിക്കും അപ്പോൾ ഇതൊക്കെ ഒരു തമാശ യായി അവളും കരുതും എന്ന് ഞാനും ചിന്തിച്ചു.

പിന്നെയും കുറെ മാസങ്ങൾ കഴിഞ്ഞാണ് ഞാൻ നാട്ടിലേക്ക് പോയത് ഇടക്കൊക്കെ അവളുടെ കോള് പകലുകളിലും അസമയത്തും വരാറുണ്ടെങ്കിലും ഒരിക്കൽ പോലും എടുത്തില്ല.

ഇപ്പോൾ വീട്ടുകാർ എനിക്ക് കല്യാണം ആലോചിക്കുകയാണ്.

വീട്ടിലിരുന്ന് നാട്ടുവിശേഷങ്ങൾ അമ്മയുമായി സംസാരിക്കുന്നതിനിടയിലാണ് അമ്മ പറഞ് അവളെപ്പറ്റി വീണ്ടും അറിയുന്നത്

ടാ.. മോനേ നീയറിഞ്ഞില്ലേ

ആ കൊച്ചില്ലേ നിന്റെ കൂട്ടുകാരന്റ പെങ്ങള് അതിന്റെയൊരു വിധി

എന്താ അമ്മേ?? എനിക്കകെപ്പാടെ വെപ്രാളമായി

ഒരു ബോംബെക്കാരൻ കെട്ടിക്കൊണ്ട് പോയിട്ട് ഒരു വിവരവുമില്ലായിരുന്നു വീട്ടുകാരും നാട്ടുകാരും തിരക്കിയിട്ടുപോലും ആ കൊച്ചിനെയോ ബോംബെക്കാരനെയോ കിട്ടിയില്ല . അമ്മയെ മകൻ ഗൾഫിലേക്കും കൊണ്ടുപോയി രണ്ടുമൂന്ന് മാസം കഴിഞ്ഞു ഒരു വണ്ടിയിൽ ആരോ കുറച്ചുപേർ ആ കുഞ്ഞിനെ വീടിന്റെ പടിക്കൽ തള്ളിയിട്ടു കടന്നുകളഞ്ഞു. നാട്ടുകാരെല്ലാം ചേർന്നാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത് ഇപ്പോ വീട്ടിലുണ്ട്.

നിന്നെ ഭയങ്ക ഇഷ്ടമല്ലായിരുന്നോ ആ കൊച്ചിന്

എന്റെ ശരീരത്തിലൂടെ ഒരു മിന്നൽപോലെ ഓരോ വാക്കുകളും കടന്നുപോയി

ഞാൻ വേഗം ഇറങ്ങി നടന്നു

പോകുന്നവഴിൽ രാഘവൻ ചേട്ടന്റെ കടയിൽ കയറി കപ്പലണ്ടി മിട്ടായി ചോദിച്ചു.

ആദ്യമായി അയാളെന്റെ മുഖത്തേക്ക് നോക്കി. വളരെ നിർവികാരമായി

“” നിനക്ക് കെട്ടാൻ പാടില്ലായിരുന്നോടാ ആ കുഞ്ഞിനെ ”

പടിവാതിൽ കയറി അകത്തേക്ക് ചെന്നപ്പോൾ അവൾ അവിടെ നിൽപ്പുണ്ടായിരുന്നു

അവളുടെ നേരേ നോക്കാൻ ഞാൻ ഭയന്നു.

അവളുടെ രൂപം അത്രക്കും മാറിയിരുന്നു തടിച്ചുരുണ്ടു കുറുമ്പിയായ സുന്ദരിപെണ്ണിന്റെ മജ്ജയും മാംസവുമുണങ്ങി ഒരു ജീവിച്ചിരിക്കുന്ന ശവകുടീരം

നീ കേറിവാ എനിക്കറിയുമായിരുന്നു നീ വരുമെന്ന്

എന്നെങ്കിലും

നിന്റെ ഈ പെങ്ങളെ കാണാൻ

നിനക്ക് കാണേണ്ടേ ? വാ

പണ്ട് അവള് പല്ലുകളാഴ്ത്തിയ എന്റെ കൈയിൽ പിടിച്ചു അകത്തേക്ക് അവളുടെ മുറിയിലേക്ക് കൊണ്ടുപോയി

നിനക്കിപ്പോ ഇവിടെ വേദനയുണ്ടോ? എന്റെ മുറിപ്പാടിൽ വിരലുകളോടിച്ചു കൊണ്ടവൾ ചോദിച്ചു.

അന്ന് നിനക്ക് നല്ല വേദന ഉണ്ടായിരുന്നല്ലേ !!

നീയിത് കണ്ടോ അവൾ ദേഹത്തുണ്ടായിരുന്ന വസ്ത്രം മാറ്റി

ഇവിടുന്ന് ബോംബെ ചെന്നപ്പോ മുതൽ മാസങ്ങളോളം മയക്കുമരുന്നിന്റെ അടിമയായ കാമവെറിപൂണ്ട ഒരു മൃഗത്തിന്റെ പരാക്രമം ആണ് ഈ ശരീരം മുഴുവനും പല്ലുകള്കൊണ്ട് കടിച്ചുമുറിച്ചും ബ്ലെയ്ഡ് കൊണ്ട് കീറിമുറിച്ചും വേദനകൊണ്ട് പുളയുമ്പോൾ അതും ലഹരിയായി അയാൾ ആസ്വദിക്കുകയായിരുന്നു അതിന്റെ പാടുകളാണ് നിന്റെ ഈ പെങ്ങളുടെ ശരീരത്ത് കാണുന്നത്.

നീയെന്തിനാ കണ്ണുകളടക്കുന്നത് നോക്കെടാ എന്നെ

പലപ്പോഴും നിന്നെ ഞാൻ വിളിച്ചു എന്നെയൊന്ന് അവിടുന്ന് രക്ഷപെടുത്താൻ ഒരിക്കലെങ്കിലും നിനക്ക് ആ ഫോൺ ഒന്നെടുക്കാമായിരുന്നില്ലേ??

പെങ്ങളാണ് വിളിക്കുന്നതെന്ന് കരുതിയെങ്കിലും ഒരുപ്രാവശ്യമെങ്കിലും എടുക്കാമായിരുന്നില്ലേ?

” നീ എന്തിനാടാ എന്നെ പെങ്ങളെപോലെ സ്നേഹിച്ചത്? ”

അവളുടെ ഓരോ ചോദ്യവും ഹൃദയത്തിൽ കാരമുള്ള് കുത്തിയിറക്കുന്ന പോലെ വേദനയുണ്ടാക്കി എന്റെ കണ്ണിൽ ഇരുട്ട് കയറുമ്പോഴും അവളുടെ ചോദ്യത്തിന്റെ അർത്ഥമെനിക്കറിയില്ലായിരുന്നു

” നീയെന്തിനാടാ എന്നെ പെങ്ങളെപോലെ സ്നേഹിച്ചത്???

(വായനക്കാരോട് ഈ കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രതീഷിക്കുന്നു )

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സാജുപി കോട്ടയം