ലിസ നോവൽ രണ്ടാം ഭാഗം വായിച്ചു നോക്കൂ…

രചന: സന്തോഷ് അപ്പുക്കുട്ടൻ

ലിസയുടെ കവിളിൽ നിന്ന് കണ്ണീർ അവൻ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കുന്നതറിഞ്ഞ അവളുടെ പ്രതിരോധം ദുർബലമായി തുടങ്ങിയിരുന്നു……

മഴയുടെ നേർത്ത ഇരമ്പൽ കേട്ടുകൊണ്ടാണ് ലിസ പതിയെ കണ്ണു തുറന്നത്…. ജാലകത്തിലൂടെ കടന്നെത്തിയ മങ്ങിയ വെളിച്ചം കണ്ടപ്പോൾ നേരം വെളുത്തെന്ന് അവൾക്കു മനസ്സിലായി. ഹരിയുടെ നഗ്നമായ ദേഹത്താണ് താൻ കിടക്കുന്നതറിഞ്ഞ അവൾ ഒരു ഞെട്ടലോടെ വഴുതി മാറി, വശത്തേക്കായി കിടന്നു.

വിയർപ്പിൻ്റെയും, മദ്യത്തിൻ്റെയും സമ്മിശ്രമായ ഗന്ധം തന്നെ പൊതിഞ്ഞതുപോലെ അവൾക്കു തോന്നി.

അവനെ പതിയെ പാളി നോക്കിയതും, അവൻ്റെ നെഞ്ചിലെ പോറലുകളിൽ അവളുടെ നോട്ടമുടക്കി….

ചോര പൊടിഞ്ഞ ആ ചെറിയ വരകളിൽ അവൾ… പതിയെ തഴുകി. കുറച്ചു നിമിഷം ഹരിയെ തന്നെ നോക്കി കിടന്ന അവൾ യാന്ത്രികമായി പതിയെ അവൻ്റെ കൈ തണ്ടയിലേക്ക് കയറി കിടന്നു നെഞ്ചിലൂടെ ചുറ്റിപിടിച്ചു…. അവൻ്റെ മദ്യഗന്ധമുള്ള നേർത്ത ശ്വാസം മുഖത്തടിക്കുമ്പോൾ അവളുടെ മിഴികൾ നിറയുകയായിരുന്നു…. തെറ്റു ചെയ്ത ഒരു കുട്ടിയുടെ ഭാവമായിരുന്നു അവൾക്ക് അപ്പോൾ…. കഴിഞ്ഞ രാത്രിയിലെ അപ്രതീക്ഷിത സംഭവങ്ങളോർത്ത് അവൾ ശൂന്യതയിലേക്ക് നോക്കി കിടന്നു. തന്നെ ചതിച്ചത് മദ്യത്തിൻ്റെ ലഹരിയാണോ…. മനസ്സിൻ്റെ കുസൃതിയാണോ എന്നവൾ ആലോചിച്ചു.

ഉത്തരം കിട്ടാത്ത ചോദ്യവുമായി അവൾ സമയം നോക്കാനായി കൈയിലെ വാച്ചിലേക്ക് നോക്കിയതും, വാച്ച് കാണാനില്ലായിരുന്നു….. ചുറ്റും നോക്കി കാണാതായപ്പോൾ അവൾ ഹരിയെ മാറ്റി കിടത്തിയതും, അവൻ്റെ ശരീരത്തിനു താഴെ അമർന്നു കിടക്കുന്ന വാച്ച് കണ്ടു…. വാച്ചിൽ സമയം നോക്കിയതും അവൾ ഒരു ഞെട്ടലോടെ എഴുന്നേറ്റു. സ്ഥാനം തെറ്റി കിടന്നിരുന്ന ലുങ്കി എടുത്ത് ഹരിയുടെ ദേഹത്തേക്കിട്ട് ജീൻസും,ടോപ്പുമെടുത്ത് കൈയിൽ പിടിച്ച്, ഇടറിയ കാൽപാദങ്ങളെ പതിയെ വലിച്ച് വെച്ച് അവൾ ഒരു വിറയലോടെ ബാത്ത് റൂമിലേക്ക് നടന്നു.

ഷവറിനു താഴെ നിൽക്കുമ്പോഴും അവളുടെ വിറയൽ മാറിയിട്ടുണ്ടായിരുന്നില്ല. സൂചിമുനകൾ പോലെ വീഴുന്ന വെള്ളതുള്ളികൾ ശരീരത്തിൽ വേദനയുതിർക്കുമ്പോൾ, അവളറിയാതൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു തുടങ്ങിയിരുന്നു.

കുളിച്ചു കഴിഞ്ഞ്, ഡ്രസ്സും മാറി അവൾ നേരെ കിച്ചനിലേക്ക് നടന്നു. ചായയുണ്ടാക്കി രണ്ട് ഗ്ലാസ്സിലേക്ക് പകർന്ന് അവൾ ഹരിയുടെ അടുത്തേക്ക് നടന്നു. “ഹരിയേട്ടാ…. ” സങ്കോചത്തോടെ വിളിച്ചു കൊണ്ട് ഹരിയെ തട്ടിയതും അവൻ മദ്യലഹരി കനം പിടിപ്പിച്ച കൺപോളകൾ പതിയെ പാതിയുയർത്തി അവളെ നോക്കി. അവളെ കണ്ടതും ആ മിഴികളിലേക്ക് അവൻ ഒന്നും മിണ്ടാതെ നോക്കി കിടന്നു……

ചെയ്തുപോയ തെറ്റിൻ്റെ മൗനമായ കുമ്പസാരമെന്ന പോലെ …. “ലിസാ….. ഞാൻ ”

വാക്കുകൾ കിട്ടാതെ അവൻ തളർന്നപ്പോൾ അവൾ ഒരു പുഞ്ചിരിയോടെ അവനു നേരെ ആവി പറക്കുന്ന ചായ നീട്ടി…. “ഹരിയേട്ടൻ മാത്രമല്ലല്ലോ… ഞാനും തെറ്റു ചെയ്തല്ലോ?… ” അവൾ പാതി നിർത്തി പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി …. “ഈ മഴയാണ് നമ്മളെ ചതിച്ചത്….ഹരിയേട്ടൻ പിന്നെ വരാൻ പറഞ്ഞ സമയത്ത് ഈ മഴ കാരണമാണല്ലോ ഞാൻ പോകാതിരുന്നത്….. ” വിതുമ്പലോടെ അവളത് പറയുമ്പോൾ വിങ്ങലോടെ അവൻ കേട്ടിരുന്നു. ” എന്നാലും “…… “ഹരിയേട്ടൻ വിഷമിക്കണ്ട… ചെയ്തു പോയ തെറ്റിനെ കുറിച്ചോർത്തിട്ട് ഇനി കാര്യമില്ല….

പശ്ചാത്തപിച്ചാലും നമ്മൾ ചെയ്ത തെറ്റ് …

“ശരി”യാകില്ലല്ലോ?” അവൾ പതിയെ അവനരികിൽ നിന്നെഴുന്നേറ്റു. ” ഞാൻ പോണു….. ” അവൾ പറഞ്ഞു തിരിഞ്ഞതും അവൻ ആ കൈ പിടിച്ചു.

“നാട്ടിലേക്ക് പോണെന്നു പറഞ്ഞിട്ട്?” “പോണം….

” ” ഇത്ര പെട്ടെന്ന്?” സംശയമൂറുന്ന കണ്ണുകളോടെ അവൻ ലിസയെ നോക്കി. “ഹരിയേട്ടൻ ഉദ്യേശിച്ചതു തന്നെ കാര്യം… എൻ്റെ വിവാഹം ഏതാണ്ട് ഉറച്ച മട്ടാ…” കണ്ണീർ ചോരാതെ അവൾ അത് പറയുമ്പോൾ അവൻ്റെ ഉള്ളം കിടുങ്ങി. ” ഇതുവരെ പലരും വന്നിരുന്നെങ്കിലും ജോലി ഇതാണെന്ന് അറിഞ്ഞപ്പോൾ, വന്നവരൊക്കെ വന്നതിലും വേഗതയിൽ മടങ്ങിപോയതാണ്…. പക്ഷെ ഇപ്പോൾ വന്ന ആലോചന ഏതാണ്ട് … ” പറഞ്ഞു തീരും മുൻപെ അവൾ ഹരിയെ പാളി നോക്കി. രക്തം വാർന്നു വിളറിയ ഹരിയുടെ മുഖം കണ്ടപ്പോൾ അവൾ പുഞ്ചിരിയോടെ അവൻ്റെ കൈ പിടിച്ചു.

“എന്തിനാ ഇത്ര ടെൻഷനടിക്കുന്നത്? ഒരു ഫ്രണ്ട്ന് കല്യാണം ആയതിൽ സന്തോഷിക്കയല്ലേ വേണ്ടത്?”

അവളുടെ ചോദ്യത്തിന് ഹരി ഒന്നും പറയാതെ, സ്ഥാനം തെറ്റി കിടക്കുന്ന ലുങ്കിയെടുത്ത് ഉടുത്തു, ഫ്രിഡ്ജിനു നേർക്ക് ചെന്നു ബിയറെടുത്ത് തിരിച്ചു വന്നു…. “ആദ്യം ചായ കുടിക്ക് ഹരിയേട്ടാ….

ഇതൊക്കെ പിന്നെ മതി” അവൾ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ബിയർ കുപ്പി ബലമായി വാങ്ങി.

“നിനക്ക് ഒന്നും തോന്നുന്നില്ലേ ലിസാ ?” ചൂടാറിയ ചായ മൊത്തി കുടിച്ചു കൊണ്ട് ഹരി വിഷമത്തോടെ അവളെ നോക്കി. ഹരി എന്ത് ഉദ്യേശിച്ചാണ് ആ ചോദ്യമുതിർത്തത് എന്നറിയാമായിരുന്ന അവൾ, ആ വിഷയം മാറ്റാനെന്നവണ്ണം വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു പതിയെ പറഞ്ഞു തുടങ്ങി…. ”

സന്തോഷം തോന്നുന്നുണ്ട് ഹരിയേട്ടാ…. അപ്പൻ എന്നെ ഒരു കറവപശുവായി കണ്ടില്ലല്ലോ എന്ന സന്തോഷം… അന്വേഷിച്ച് അന്വേഷിച്ച് ഒരു ചെറുക്കനെ കണ്ടെത്തിയ സന്തോഷം… പിന്നെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു പുരുഷൻ്റെ മുന്നിൽ, ലജ്ജയോടെ ചെന്നു നിൽക്കുന്നതിലുള്ള സന്തോഷം….

പിന്നെ… പിന്നെ ” തൊണ്ടയിടറി വാക്കുകൾ കിട്ടാതായപ്പോൾ അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഇന്നോളം ഇത്ര തെളിച്ചം കുറഞ്ഞ ചിരി ലിസയുടെ മുഖത്ത് കണ്ടിട്ടില്ലെന്ന് മനസ്സിലായ അവൻ വിഷാദത്തോടെ പതിയെ തലയാട്ടി.

” കഴിഞ്ഞതൊക്കെ ഒരു സ്വപ്നമാണെന്നു കരുതുക ഹരിയേട്ടാ… നമ്മൾക്കിടയിൽ ഒന്നും സംഭവിച്ചിട്ടില്ലായെന്ന ചിന്തയോടെ എന്നെത്തെയും പോലെ തുടരുക…. കുളിച്ച് ഓഫീസിലേക്ക് പോകാൻ നോക്ക് ” അവൾ പറയുന്നത് കേട്ട അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ” ഇനി കൂടുതലൊന്നും പറയാനില്ല ഹരിയേട്ടാ…. ഈ പെരുംമഴയത്ത് ടാക്സി പിടിച്ച് അവിടെ എത്തുമ്പോൾ സമയം എത്രയാവുമെന്ന് ഒരു ഊഹവുമില്ല….. ”

ലിസ പറഞ്ഞു തീർന്ന് അവൻ്റെ നെറ്റിയിൽ പതിയെ ചുണ്ടമർത്തിയതും, ഹരി അവളുടെ തോളിൽ കൈയിട്ടു ചാരത്തേക്ക് ചേർത്തുനിർത്തി, നീരണിഞ്ഞ വിടർന്ന മിഴികളിലേക്ക് കുറച്ചു നിമിഷം നോക്കി ഇരുന്നു. ” ആദ്യമായിട്ടാണല്ലേ?…..” ആ ചോദ്യം കേട്ടതും ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയത് അവൾ അറിഞ്ഞു. ഹരിയുടെ ചോദ്യത്തിന് ലജ്ജയോടെ മൂളി അവൾ അവനെ നോക്കി പതിയെ ചുണ്ടുകൾ ചലിപ്പിച്ചു. ” അവസാനത്തേതും ….”

ലിസ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാകാതെ അവളെ തന്നെ നോക്കിയിരിക്കുമ്പോൾ, പുറത്ത് പെയ്യുന്ന മഴയുടെ സംഗീതം തങ്ങൾക്കരികിലേക്ക് അരിച്ചെത്തുന്നത് അവനറിഞ്ഞു. “ലിസയ്ക്ക് ഇന്നു ലീവ് എടുത്തുടേ?” ഹരിയുടെ പതർച്ച നിറഞ്ഞ ചോദ്യം കേട്ടതും അവൾ അമ്പരപ്പോടെ അവനെ നോക്കി. ”

ഒറ്റയ്ക്ക് ഇരിക്കാൻ ഒരു വിഷമം പോലെ…. എന്തോ വലിയ അപരാധം ചെയ്തതുപോലെ എൻ്റെ മനസ്സ് മന്ത്രിക്കുന്നത് എനിക്ക് കേൾക്കാം ലിസാ ….” “ഹരിയേട്ടാ…..”

അവൾ വിളിച്ചതും കണ്ണീരോടെ അവളെ നോക്കി ഹരി. “ഈ ഒരൊറ്റ ദിവസം മതി… ആദ്യമായിട്ടും അവസാനമായിട്ടും ഈ ഒരൊറ്റ ദിവസം നീ എൻ്റെ കൂടെ ഉണ്ടാകണം…. ” മറുപടി പറയാൻ കഴിയാതെ അവൾ അവൻ്റെ മുഖത്തേക്ക് നോക്കി ഇരുന്നു. “ഈ ഒരു ദിവസം നിൻ്റെ ഒരു കൂട്ട് എനിക്കു കിട്ടിയേ മതിയാവൂ ലിസാ…. കാരണം കുറ്റബോധം പെട്ടെന്ന് കയറി പിടിക്കുന്ന ഒരു മനസ്സാണ് എൻ്റേത്…..

ഞാൻ എന്തു ചെയ്യുമെന്ന് എനിക്ക് തന്നെ അറിയാത്ത ഒരു പ്രത്യേക അവസ്ഥ…. അതു കൊണ്ടാണ് പറയുന്നത്…

പ്ലീസ് ലിസാ…. ” ദയനീയത നിറഞ്ഞ അവൻ്റ സംസാരം കേട്ടതും അവൾ പതിയെ തലകുലുക്കി. ”

ഇത്രയ്ക്കും മനസ്സ് ഉറപ്പില്ലാത്തോനാണോ ഹരിയേട്ടൻ?” ഒരു പുഞ്ചിരിയോടെ അവനരികിലേക്ക് ചേർന്നിരുന്നു അവളത് ചോദിച്ചപ്പോൾ അവൻ നേരിയ ചമ്മലോടെ തല കുലുക്കി. “കുട്ടികാലം തൊട്ട് എല്ലാറ്റിനെയും പേടിയാ… എന്തിനെയും ഭയമാണ്…” ഹരിയുടെ നിഷ്കളങ്കത നിറഞ്ഞ സ്വരം കേട്ടതും, അവൻ്റെ പിന്നെയുള്ള വാക്കുകൾക്കായി അവൾ കൗതുകത്തോടെ കാതോർത്തു.

” മുൻ തലമുറ ചെയ്ത ഏതോ കൊടിയ പാപത്തിന് സർപ്പശാപം പിൻതുടരുന്ന ഒരു ഇല്ലത്താണ് ഞാൻ ജനിച്ചത്….. കുട്ടികാലം മുതൽ കേൾക്കുന്നതും, കാണുന്നതും പുള്ളുവൻ പാട്ടും, സർപ്പകളങ്ങളുമാണ് …. നേരമിരുട്ടിയാൽ പുറത്തേക്കിറങ്ങാത്ത, എപ്പോഴും പാമ്പുകൾ തന്നെ പിൻതുടരുന്നുണ്ട് എന്ന ഭീതിദമായ ചിന്തയിൽ ബാല്യകാലം കഴിച്ചുകൂട്ടിയവൻ…… പുറത്ത് കളിക്കുന്ന കൂട്ടുകാരുമായി കൂടെ ചേർന്ന് കളിക്കാൻ കഴിയാതിരുന്ന്, അതൊക്കെ തുറന്നിട്ട ജനലിലൂടെ കണ്ടിരുന്ന വൻ…… ഹരി ഓരോന്നും പറയുമ്പോൾ അവൻ്റെ മുഖത്ത് ഭീതി നിറയുന്നത് അവൾ ശ്രദ്ധിച്ചു…. ബാല്യകാലത്തെ ഹരിയാണ് തനിക്കു മുന്നിലിരിക്കുന്നതെന്ന് അവൾക്കു തോന്നി….

അവൻ്റെ ആ_ഭാവമാറ്റം അവളിൽ വലിയ നൊമ്പരമുളവാക്കി. അവൻ്റെ ആ ഭീതിദമായ ഭാവം മാറ്റാൻ വേണ്ടി, അറിയാത്ത ഭാവത്തിൽ അവൾ പൊടുന്ന വയറിൽ കൈവെച്ചപ്പോൾ അവൻ ചോദ്യഭാവത്തിൽ നോക്കി. “അല്ല….. ഇനി എൻ്റെ വയറിനകത്തും ഒരു പാമ്പിൻകുട്ടി……. ”

പൂർത്തിയാക്കാതെ അവൾ അവനെ നോക്കി പുഞ്ചിരിച്ചതും, പൊടുന്നനെ അവളെ ചേർത്തു പിടിച്ചു ഹരി…. ” അങ്ങിനെ സംഭവിച്ചാൽ അതൊരു പാമ്പിൻകുട്ടിയായിരിക്കില്ല പകരം.

പുലികുട്ടി ആയിരിക്കും…. കാരണം പണ്ടത്തെ പേടിയും, ഭയവും പകുതിയിലേറെ മാറി കഴിഞ്ഞിരുന്നു എന്നിൽ നിന്ന് ” ഒരു പതിഞ്ഞ ശബ്ദത്തോടെ അവനത് പറഞ്ഞപ്പോൾ, പതിയെ തലയാട്ടി, പാതി പുഞ്ചിരിയോടെ മാറ്റി വെച്ചിരുന്ന ബിയർ കൈ നീട്ടി എടുത്ത് അടപ്പ് തുറന്ന് ഗ്ലാസിലേക്ക് ഒഴിച്ച് അവനു നേരെ നീട്ടി. നുരയുന്ന ബിയറിലേക്കും, മിന്നുന്ന മിഴികളിലേക്കും ഒരു നിമിഷം സംശയത്തോടെ ഹരി നോക്കി. ”

അതങ്ങോട്ട് പിടിപ്പിക്ക്… സുന്ദരികൾ ഒഴിച്ചു തരുന്ന മദ്യമല്ലേ, നിങ്ങൾ പുരുഷൻമാരുടെ എല്ലാ ദു:ഖങ്ങളും മാറ്റുന്നത്? ബിയർ ഗ്ലാസ് കൈയിലേക്ക് വാങ്ങി ഒരു ചെറുചിരിയോടെ അവളെ നോക്കി ഹരി കുറച്ചു നിമിഷം ഇരുന്നു…… ” എനിക്ക് അങ്ങിനെയൊന്നുമില്ല ലിസാ…. ഞാൻ അങ്ങിനെ പുറത്ത് പോയി കഴിക്കാറുമില്ല…. ഒറ്റയ്ക്കാണ് കൂടുതൽ… ചിലപ്പോൾ കൂടെ ദീപേഷ് ഉണ്ടാകുമെന്ന് മാത്രം ”

മഴശബ്ദത്തെ ഭേദിച്ച് ഹുങ്കാരത്തോടെ വന്ന കാറ്റ് ജനൽചില്ലയിൽ ശബ്ദുയർത്തിയപ്പോൾ അവൻ ഒരു നിമിഷം നിർത്തി ജാലകവാതിലിനരികത്തേക്ക് നടന്നു.

കാറ്റിലിളകുന്ന കർട്ടനെ പിടിച്ചു മാറ്റി മഴയിലേക്ക് നോക്കി നിൽക്കുന്ന ഹരിയുടെ ശരീരത്തിൽ ചൂട് നിശ്വാസമടിച്ചപ്പോൾ അവൻ തിരിഞ്ഞു നിന്നു. ”

ആദ്യമായാണ് ഞാൻ അന്ന് ദീപേഷിൻ്റെ നിർബന്ധം കൊണ്ട് ആ ബാറിലേക്കു വന്നത്…. നിന്നെ കണ്ടപ്പോൾ, ആരോടും അത്ര ഇടപഴുകാത്ത എനിക്ക് എന്തോ ഇഷ്ടം തോന്നി… അങ്ങിനെയാണ് ഒരു സൗഹൃദത്തിനു വേണ്ടി എൻ്റെ നമ്പർ ലിസക്കു തന്നത്…. ഇപ്പോൾ തോന്നുന്നു അതൊന്നും വേണ്ടായിരുന്നെന്ന്” ലിസയുടെ മുഖത്തേക്കടിക്കുന്ന മഴതുള്ളികൾ തുടച്ചു കൊണ്ടു അവൻ പതിയെ വിടർന്നു നിൽക്കുന്ന അവളുടെ അധരങ്ങളിൽ പതിയെ തൊട്ടു….. “നീ പറഞ്ഞില്ലേ ഞാൻ പറഞ്ഞ സമയത്ത് മഴയെ കണക്കാക്കാതെ തിരിച്ചു പോയാൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന്.

അതുപോലെ എനിക്കും പറയാം… ദീപേഷ് വിളിച്ചപ്പോൾ അവൻ്റെ ഒപ്പം ഞാൻ ഇറങ്ങി പോയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന്….. ” അവൻ ഒന്നു നിർത്തി ബിയർഗ്ലാസ് ഒരു നിമിഷം ചുണ്ടോടു ചേർത്തുയർത്തി. “ഞാൻ പോയേനെ അവൻ്റെ ഒപ്പം…. പക്ഷെ അവൻ വിളിച്ചത് നല്ല സ്ഥലത്തേക്ക് അല്ലാത്തതു കൊണ്ടായിരുന്നു ഞാൻ പോകാതിരുന്നത്….. ” പറഞ്ഞു തീർന്ന് പതിയെ തലയാട്ടി അവൻ ലിസയെ നോക്കി. ” ഇപ്പോൾ തോന്നുന്നു അവൻ വിളിച്ചപ്പോൾ പോയാൽ മതിയായിരുന്നുവെന്ന് …

അങ്ങിനെയായിരുന്നുവെങ്കിൽ, അതിനെക്കാൾ വലിയ തെറ്റ് ചെയ്യാൻ ഞാൻ ഇവിടെ ഉണ്ടാവില്ലായിരുന്നു…. ” പൊറുക്കാനാവാത്ത തെറ്റ് ചെയ്തതുപോലെ നിൽക്കുന്ന ഹരിയുടെ കണ്ണുകളിലേക്ക് ലിസ ഒരു നിമിഷം നോക്കി നിന്നു.

“എന്നോട് വെറും സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഹരിയേട്ടന്….” അവളുടെ നനഞ്ഞ ചോദ്യം കേട്ടതും അവൻ്റെ കരളിൽ ഒരു കാരമുള്ള് കുത്തിയിറങ്ങി. ” അതേ… സൗഹൃദം തന്നെയായിരുന്നു ഉണ്ടായിരുന്നത്… നിന്നെ കണ്ടപ്പോൾ എൻ്റെ മാളുവിനെ പോലെയാണ് തോന്നിയത്….. ”

“അനിയത്തിയാണോ മാളു?’”

പ്രതീക്ഷ അസ്തമിക്കാത്ത ഒരു ചോദ്യമാണ് അവളിൽ നിന്നുയർന്നത് എന്നറിഞ്ഞ അവൻ്റെ ചുണ്ടിൽ ഒരു വരണ്ട ചിരി വിടർന്നു. “അനിയത്തി എന്ന് ചോദിച്ചാൽ ഞങ്ങൾ സമപ്രായക്കാർ ആണ്…

അമ്മാവൻ്റെ മകളാണ്… എൻ്റെ മുറപ്പെണ്ണാണ് …

എൻ്റെ ഈ ലീവിന് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടുള്ളതാണ്…” ഒരൊറ്റ ശ്വാസത്തിൽ ഉള്ള് പിടഞ്ഞ് ഹരി അതെല്ലാം പറയുമ്പോൾ ഒരു വട്ടം പോലും അവൻ ലിസയുടെ കണ്ണിലേക്ക് നോക്കിയില്ല.

ഹരിയുടെ സംസാരം കേട്ടതും നെഞ്ചിലുതിർന്ന ഒരു തേങ്ങൽ അവൾ മാത്രമേ കേട്ടുള്ളൂ. “വിഷമമായോ നിനക്ക്?” കുറച്ചു നിമിഷം കഴിഞ്ഞ് ഹരിയുടെ ചോദ്യം കേട്ടതും അവൾ, അവനെ നോക്കി ചിരിച്ചു…..

നിസഹായയായവളുടെ വരണ്ട ചിരിക്കു മീതെ സന്തോഷത്തിൻ്റെ ചായം വാരിപൂശാൻ ശ്രമിച്ചിട്ടും അവൾ തോറ്റുപോയെന്ന് അവളുടെ പതറിയ ശബ്ദത്തിലൂടെ ഹരി തിരിച്ചറിഞ്ഞു.

“എനിക്കെന്തിന് വിഷമം ഹരിയേട്ടാ….

ആടിയുലയുന്ന മെഴുകുതിരി വെട്ടം ആളികത്താൻ ആഗ്രഹിക്കുന്നത് അഹങ്കാരമല്ലേ? അതിന് ഇങ്ങിനെ ഉരുകിയുരുകി പതിയെഅവസാനിക്കാനാണല്ലോ വിധിച്ചിട്ടുള്ളത് ….” നീർ നിറഞ്ഞ മിഴികളും, ഇടറുന്ന ചുണ്ടുകളും ഹരിയിൽ നിന്ന് അവൾ ഒരു നിമിഷം മാറ്റി പിടിച്ചു. “ചിലർക്ക് ചിലതേ വിധിച്ചിട്ടുള്ളൂ…..

അതിന് ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല… ഹരിയേട്ടനെ പോലും ”

ഹരിയുടെ നെഞ്ചിലേക്ക് ചാരി നിന്ന് പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി അവളത് പറയുമ്പോൾ, മാനം പോലെ അവളുടെ മനസ്സും കരയുകയായിരുന്നുവെന്ന് ഹരി അറിഞ്ഞിരുന്നില്ല. ”

മാളവികയെ ഞാനൊന്നു കണ്ടോട്ടെ ഹരിയേട്ടാ…

മൊബൈലിൽ ഫോട്ടോ ഉണ്ടാവുമല്ലോ?” നിശബ്ദമായ നിമിഷങ്ങൾക്ക് ഒടുവിൽ അവളത് ചോദിച്ചപ്പോൾ ഹരി പുഞ്ചിരിയോടെ തലയാട്ടി.

ലാപ്ടോപ്പ് എടുത്ത് അവളെയും കൊണ്ട് അവൻ ബാൽക്കണിയിലേക്ക് നടന്നു. ലാപ്ടോപ്പ് തുറന്ന് അവൻ മാളവികയുടെ ഫോട്ടോസ് ലിസയ്ക്ക് കാണിച്ചപ്പോൾ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു…..

വളരെയേറെ സുന്ദരിയായ മാളവികയുടെ വ്യത്യസ്ത ഫോട്ടോസ്….. കഴുത്തിൽ സ്റ്റെത് തൂക്കിയിട്ടിരിക്കുന്ന ഡ്യൂട്ടി ടൈമിലെ ഫോട്ടോയിൽ ഒഴിച്ച് ബാക്കിയുള്ള ഫോട്ടോയിലൊക്കെ ഹരിയുമുണ്ട്….. ” നീർ നിറഞ്ഞ് കാഴ്ച അവ്യക്തമാകുന്നതറിഞ്ഞ അവൾ ഹരിയിലേക്ക് നോട്ടമയക്കാതെ പതിയെ മന്ത്രിച്ചു.

“നല്ല സുന്ദരി…. ഹരിയേട്ടനു വേണ്ടി സൃഷ്ടിച്ചതു പോലെ….” ” കുട്ടികാലം തൊട്ടേ കൂടെയുള്ളവളാ…. വല്ലാത്ത ധൈര്യമാണ് അവൾക്ക്…. ചെറുപ്പത്തിൽ പേടിച്ചിരിക്കുന്ന എന്നെ ധൈര്യം തന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് അവളാ…… ” ഹരി ഒരു നിമിഷം നിർത്തി ലാപ്ടോപ്പ് അടച്ച്, ബിയ റെടുത്ത് വായിലേക്ക് കമഴ്ത്തി. ” അവൾ പാവമാണെങ്കിലും അവളുടെ അച്ഛൻ…. അതായത് എൻ്റെ അമ്മാവൻ വളരെ ക്രൂരനാണ് ….” ഹരിയുടെ ശബ്ദത്തിന് കാഠിന്യം കൂടിയതും അവൾ ചോദ്യഭാവത്തോടെ അവനെ നോക്കി.

” പലതും പറഞ്ഞ് എൻ്റെ അച്ഛനെ പറ്റിച്ച് അമ്മാവൻ സ്വത്തുക്കൾ കൈക്കലാക്കിയപ്പോഴാണ് നാട്ടിലെ പ്രമാണിയായിരുന്ന എൻ്റെ അച്ഛൻ ഒടുവിൽ ദരിദ്രനായി തീർന്നത് ” ഹരിയുടെ ദേഹം ദേഷ്യം കൊണ്ട് വിറയ്ക്കുന്നത് കണ്ടപ്പോൾ ലിസ അവൻ്റെ കൈയിൽ പതിയെ പിടിച്ചു. ” അതും കൂടാതെ സ്വത്തൊക്കെ പോകുന്നത് ഇല്ലത്ത് പുറംപണിക്കു വരുന്ന ത്രേസ്യ എന്ന സ്ത്രീക്കാണെന്ന് പറഞ്ഞ് അമ്മയെയും പറഞ്ഞു പറ്റിച്ചു കുടുംബ കലഹമുണ്ടാക്കിച്ചിരുന്നു അമ്മാവൻ…..”

“അമ്മാവൻ്റെ ചതിയറിയാതെ, അമ്മയുടെ ചീത്ത വിളി കേൾക്കാതെ എല്ലാ സർപ്പശാപത്തിൻ്റെ അനന്തരഫലങ്ങളാണെന്ന് പറഞ്ഞ്, ഉള്ളുരുകി കഴിഞ്ഞ അച്ഛൻ മരിച്ചപ്പോൾ, അതുവരെ പുറം പണിക്ക് വന്നിരുന്ന ത്രേസ്യ പിന്നെ അമ്മയെ പേടിച്ച് അങ്ങോട്ടേക്ക് വന്നിട്ടില്ല….. ” “അത്രയ്ക്കും തൻ്റേടിയാണോ ഹരിയുടെ അമ്മ ?” ലിസയുടെ ചോദ്യത്തിന് ഹരി പതിയെ മൂളി. ” അച്ഛനെ ചതിച്ചത് പെണ്ണാണ് എന്ന ചിന്ത കൊണ്ട്, അടുത്ത ബന്ധത്തിൽ അല്ലാത്ത ഒരു പെണ്ണിനെയും ഇല്ലത്തിൻ്റെ അകത്തേക്ക് കടത്തില്ല അമ്മ…. ”

അവൻ്റെ സംസാരം കേട്ടതും നിരാശ ബാധിച്ചവളെ പോലെ ലിസ നിന്നു…… ” അടയും ചക്കരയും ആയിരുന്ന അമ്മാവനും, അമ്മയും ഇപ്പോൾ കീരിയും, പാമ്പും പോലെയാണ് ” “അതെന്താ ”

ദുർബലമായിരുന്ന ചോദ്യമായിരുന്നു അവളുടേത്. ”

മാളവികയെ മറ്റൊരു ഡോക്ടർക്കു മാത്രമേ വിവാഹം കഴിച്ചു കൊടുക്കുകയുള്ളൂവെന്ന് അമ്മാവനും….

ഇല്ലത്തേക്ക് മരുമകളായി മാളവികയെ എന്തായാലും കൊണ്ടു വരുമെന്ന് അമ്മയും ” “ഹരിയേട്ടൻ മാളവികയെ വിട്ടു കളയരുത് … ഒപ്പം ആ സ്വത്തും… ഹരിയേട്ടൻ്റെ അച്ഛനെ പറ്റിച്ച് ഉണ്ടാക്കിയതല്ലേ?

അത് തിരിച്ചു വാങ്ങേണ്ടത് മകനായ ഹരിയേട്ടൻ്റെ കടമയാണ്” ലിസയുടെ ധൈര്യം പകർന്ന വാക്ക് കേട്ടതോടെ ഹരി അവളെ ചേർത്തു പിടിച്ചു ആ മിഴികളിൽ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു. “ഇനി കൂടുതൽ ഞാൻ ഇവിടെ നിൽക്കുന്നില്ല ഹരിയേട്ടാ….. മഴ തോർന്നു … ”

പറഞ്ഞതും അവൾ പുറത്തേക്ക് പാഞ്ഞതും ഒന്നിച്ചായിരുന്നു. വലിഞ്ഞുകയറി വന്നിടത്ത് നിന്ന് രക്ഷപ്പെടുന്ന ഒരു വേഗതയായിരുന്നു അവൾക്ക് അപ്പോൾ … ലിസ ഓടി പോകുന്നതും നോക്കി നിന്ന അവൻ പതിയെ മുറിയിലേക്ക് കടക്കുമ്പോഴാണ്, അവളുടെ ബാഗ് സോഫയിൽ കിടക്കുന്നത് കണ്ടത്…..

പൊടുന്നനെ അവളുടെ മൊബൈലിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫ് ആയിരുന്നു ഓടി ചെന്ന് ബാൽക്കണിയിൽ നിന്ന് ഹരി നോക്കിയതും, മറന്നു വെച്ച ബാഗ് എടുക്കാൻ തിരിച്ചു വരുന്ന ലിസയെ കണ്ടു.

ആളുകൾക്കിടയിലൂടെ, ചാറൽ മഴയും കൊണ്ട് മുഖം കുനിച്ചു നടന്നു വരുന്ന അവളുടെ കണ്ണീർ അപ്പോഴും പെയ്തു കൊണ്ടിരുന്നത് ആരും അറിഞ്ഞിരുന്നില്ല….

“മിസ്റ്റർ ഹരിഗോവിന്ദ്…..” ആരോ വിളിയ്ക്കുന്ന ശബ്ദം കേട്ടാണ് ഹരി നീണ്ട ചിന്തയിൽ നിന്ന് ഉണർന്നത്….. മുന്നിൽ നിൽക്കുന്ന ദീപേഷിനെ കണ്ടതും അവൻ ഒരു വരണ്ട ചിരിയുതിർത്തു.

“ഓഫീസാണെന്നു പോലും ഓർക്കാതെ ഇത്രയും നേരം നീ ആരെ ഓർത്താണ് കണ്ണടച്ചു കിടന്നിരുന്നത്…

ഞാൻ ഇത്തിരി നേരമായി ഈ മുറിയിൽ കടന്നു വന്നിട്ട് ” അവനോട് എന്തു പറയണമെന്നറിയാതെ നിൽക്കുമ്പോഴായിരുന്നു സൈലൻ്റിൽ കിടന്നിരുന്ന മൊബൈലിൽ വെളിച്ചം നിറഞ്ഞത് അവൻ കണ്ടത്…

ഡിസ്പ്ലേയിൽ നോക്കി ലിസ എന്നു കണ്ടതും അവൻ അമ്പരപ്പോടെ മൊബൈൽ ചെവിയോരം ചേർത്തു.

അപ്പുറത്ത് നിന്ന് വന്ന വാക്കുകൾ അവനെ തളർത്തുന്നത് കണ്ടപ്പോൾ ദീപേഷ് ആരെന്ന് കണ്ണുകൊണ്ട് ചോദിച്ചതും ഹരി ഒന്നുമില്ലെന്ന് തലയാട്ടിയ അതേ നിമിഷമായിരുന്നു അവൻ്റെ പോക്കറ്റിൽ കിടന്നിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്…. ” ഞാൻ വരാം … അടുത്ത മാസം ഫസ്റ്റ് വീക്ക് …..”

മൊബൈലെടുത്ത് ചെവിയോരം ചേർത്ത് ഇത്രയും സന്തോഷത്തോടെ സംസാരിക്കുന്നത് മാളുവിനോട് ആയിരിക്കുമെന്ന് മനസ്സിലായ ദീപേഷ് കഴുത്തിലൊരു വൃത്തം വരച്ച് ഹരിയെ നോക്കി. “അതെ…..

അത് തന്നെ .. അടുത്ത മാസം ഫസ്റ്റ് വീക്കിൽ രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യണം ദീപേഷ് ” ” ഒരു ടിക്കറ്റ് നിനക്ക്…. മറ്റൊരു ടിക്കറ്റ് ആർക്കാ?” “ലിസയ്ക്ക് ” ദീപേഷ് സംശയമുന്നയിച്ചതും ഹരി ഒരു ഭാവവും കൂടാതെ പറഞ്ഞത് കേട്ട് അവൻ അമ്പരന്നു….

മനസ്സിലൂറിയ സംശയങ്ങൾ ദീപേഷ് ചോദിക്കും മുൻപെ ,അവനെ നോക്കി ഒന്നു തലയാട്ടി ഹരി ചെയറിലേക്ക് മലർന്ന് കണ്ണടച്ചു കിടന്നു.

തുടരും…….

ബാക്കി നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം ഒരു കമന്റ് ഇടുക… ഈ പേജ് ലൈക്ക് ചെയ്യുക…

രചന: സന്തോഷ് അപ്പുക്കുട്ടൻ