മൗനാനുരാഗം തുടർക്കഥ, എട്ടാം ഭാഗം വായിച്ചു നോക്കൂ…

രചന: അമ്മു അമ്മൂസ്

ദേഷ്യം അടങ്ങികഴിഞ്ഞിട്ടാണ് അതേപ്പറ്റി ചിന്തിച്ചത്…. അവനെന്തിനാണ് തന്നെ ദേഷ്യം പിടിപ്പിച്ചത് എന്ന്…. ഓർത്തപ്പോൾ ചെറിയ ഒരു തണുപ്പ് വന്നു പൊതിയും പോലെ തോന്നി…..

ഒരുപക്ഷേ തന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചിരുന്നു എങ്കിൽ പോലും ഇത്രയും വേഗം തന്റെ വിഷമങ്ങൾ മാറില്ലായിരുന്നു എന്ന് തോന്നി……

അവനെപ്പറ്റിയുള്ള എല്ലാ പേടിയുടെയും സംശയത്തിന്റെയും കനലുകൾ കെട്ട് പോയതായി തോന്നി….

എല്ലാത്തിന്റെയും മറുപടി അവൻ തന്നെ തന്നിരിക്കുന്നു….. ഒരുപക്ഷേ ഒരു വാക്ക് പോലും നേരെ പറയാതെ തന്നെ…

രാവിലെ മുത്തശ്ശി വിളിച്ചപ്പോഴാണ് ഉണരുന്നത്…

എപ്പോഴാണാവോ ഉറങ്ങിയത്…. നിവി ഫോൺ വച്ചു കഴിഞ്ഞിട്ടും ഉറക്കം വരാതെ കിടന്ന് ഒടുവിൽ മുത്തശ്ശിയുടെ അടുത്ത് ചെന്ന് കിടന്നത് മാത്രം ഓർമ്മ ഉണ്ട്. “”എന്താ ജാനിമോളെ…..

മുടിയൊക്കെ ഉണങ്ങി കിട്ടണ്ടേ…. “”വേഗം പോയി കുളിക്കാൻ നോക്ക്… സുഭദ്ര അവളെ പതിയെ തട്ടി ഉണർത്തി… പതിയെ കണ്ണുകൾ തിരുമ്മി എണീക്കുമ്പോഴും ഉറക്ക ക്ഷീണം മാറിയിരുന്നില്ല…

ഒരുപക്ഷേ കുറേനാൾ കൂടി ഒന്ന് ഉറങ്ങിയത് കൊണ്ടാകാം. മുത്തശ്ശിയെ കെട്ടിപ്പിടിച്ചു ആ തോളിൽ തല ചായ്ച്ചിരുന്നു കുറച്ചു നേരം…. മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു…. നാളെ ഈ സമയം മറ്റൊരു വീട്ടിൽ…… കുറച്ചു നാളത്തെ മാത്രം പരിചയമുള്ള ആളുകളുടെ കൂടെ… ഈ കല്യാണം വേണ്ടായിരുന്നു എന്ന് പോലും മനസ്സ് ആഗ്രഹിച്ചിരുന്നു… “”നാളെ മുതൽ ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കാൻ വേറെ ആളാകും ട്ടോ….

അപ്പോഴും ഇങ്ങനെ മടി കാട്ടാതെ നേരത്തെ എഴുന്നേറ്റോണം… “”അവളുടെ പുറത്ത് പതിയെ തട്ടിക്കൊണ്ട് സുഭദ്ര പറഞ്ഞു.. മുത്തശ്ശിയുടെ വാക്കുകൾ കേട്ടപ്പോൾ വീണ്ടും പരിഭവം കൂടുകയാണ് ചെയ്തത്…. ചെറിയ പിണക്കത്തോടെ എഴുന്നേറ്റു…. കുളിച്ചിട്ട് ഇറങ്ങിയപ്പോളേക്കും ഫോട്ടോഗ്രാഫർമാർ ഒക്കെ എത്തിയിരുന്നു….

കല്യാണ സാരി ഉടുക്കുന്നതിന് മുൻപ് അമ്പലത്തിൽ പോകുന്ന ഫോട്ടോസും എല്ലാം വേണമത്രേ….

ചെറിയ മടുപ്പ് തോന്നിയെങ്കിലും മുത്തശ്ശിയുടെ കണ്ണുരുട്ടലിൽ അതെല്ലാം അവസാനിച്ചു… ചെറിയമ്മ ആയിരുന്നു ഒരുക്കിയത്… മന്ത്രകോടി ഉടുത്തു സർവ്വാഭരണവിഭൂഷിതയായി നിൽക്കുന്ന ജാനിയെ കണ്ടപ്പോൾ സുഭദ്രയുടെ കണ്ണ് നിറഞ്ഞു… ഇന്നലെ വരെ അവളെക്കുറിച്ചു ഓർക്കുമ്പോൾ ഉള്ളിൽ തീ ആയിരുന്നു… പക്ഷേ ഇനി മുതൽ അതിന്റെ ആവശ്യം ഇല്ല…. മുത്തശ്ശി ടെ കുട്ടി സുന്ദരി ആയിട്ടുണ്ട്… കണ്ണ് തട്ടാതെ ഇരിക്കാൻ അവളുടെ തലക്ക് ചുറ്റും ഒന്ന് ഉഴിഞ്ഞു പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു…

അത് പക്ഷേ സന്തോഷത്തിന്റേതായിരുന്നു എന്ന് മാത്രം.. ഒരുങ്ങി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോളാണ് മനുവേട്ടൻ മുറിയിലേക്ക് വന്നത്…. കൈയിലൊരു പൊതിയും ഉണ്ടായിരുന്നു…. “”എനിക്ക് ജാനിയോട് ഒന്ന് തനിച്ചു സംസാരിക്കണം… “”മനു എല്ലാവരെയും നോക്കി ഗൗരവത്തോടെ പറഞ്ഞു…. മറ്റുള്ളവർ പുറത്തേക്ക് ഇറങ്ങി എങ്കിലും സുഭദ്ര മാറിയിരുന്നില്ല…അന്നത്തെപ്പോലെ വീണ്ടും അവൻ അവളെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുമോ എന്നവർക്ക് ഭയം തോന്നിയിരുന്നു… ഒടുവിൽ മനു പോകാത്തെ മുത്തശ്ശിയെ നോക്കി നിൽക്കുന്നത് കണ്ട് ജാനി കുഴപ്പമില്ല എന്ന് പറഞ്ഞപ്പോളാണ് മനസ്സില്ലാമനസ്സോടെ പുറത്തേക്ക് ഇറങ്ങിയത്..

അവൾക്ക് വല്ലാത്ത ഒരു പരിഭ്രമം തോന്നിയിരുന്നു…. ഏറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ മുഖാമുഖം ഒരു കൂടിക്കാഴ്ച…. ഇപ്പോഴും നേരിൽ കാണുമ്പോൾ ഒക്കെ അവസാനമായി പറഞ്ഞ വാക്കുകൾ തന്നെയാണ് മനസ്സിലേക്ക് വരിക.. മനു അടുത്തേക്ക് വന്നപ്പോൾ അറിയാതെ തല താഴ്ന്നിരുന്നു… “”ദാ…. നിനക്കാ…””.

അവൻ കൈയിൽ ഇരുന്ന സമ്മാനപ്പൊതി അവൾക്കായി നീട്ടി.. വാങ്ങാൻ കൂട്ടാക്കിയില്ല….

വെറുതെ കൈകൾ കൂട്ടിപ്പിടിച്ചു നിന്നു…. ഇപ്പോൾ എന്താണ് ഇങ്ങനെ പെട്ടെന്നൊരു മാറ്റം എന്ന സംശയം ആയിരുന്നു… “”ഇത് ഞാൻ വാങ്ങിയതല്ല…… നിന്റെ മധുമ്മ നിനക്ക് വേണ്ടി വാങ്ങി വച്ചതായിരുന്നു…. കല്യാണത്തിന് നീ ഇതിട്ട് കാണണം എന്ന് അമ്മേടെ ആഗ്രഹം ആയിരുന്നു…””

സമ്മാനപ്പൊതി വാങ്ങാതെ മടിച്ചു നിൽക്കുന്ന അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു… മധുമ്മയുടെ പേര് കേട്ടപ്പോൾ ഉള്ളിൽ ഒരു നീറ്റൽ തോന്നി…. കൊലപാതകി എന്നുള്ള ആ വിളി വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങുന്ന പോലെ…. വിറയ്ക്കുന്ന കൈകളോടെയാണ് അത് വാങ്ങിയത്…. തുറന്നു നോക്കിയപ്പോൾ മധുമ്മക്ക് ഏറെ പ്രിയപ്പെട്ട രണ്ടു വളകളാണ്…. കുറച്ചു നേരം അതിലേക്ക് നോക്കി നിന്നു….

വീണ്ടും വീണ്ടും മനസ്സ് പഴയ കാലത്തിലേക്ക് സഞ്ചരിക്കുന്നു… കുഞ്ഞിലേ മുതൽ എപ്പോഴും മധുമ്മയോട് താനീ വളകൾ ചോദിക്കുമായിരുന്നു….

കുഞ്ഞി കൈയിൽ അതിട്ടു തരുമ്പോളേക്കും ഊരി താഴെ വീഴും…. വിതുമ്പി കരയാൻ വേണ്ടി ചുണ്ടും പിളർത്തി നിൽക്കുന്ന തന്നെ വാരി എടുത്തു മടിയിലേക്ക് വച്ചു മധുമ്മ പറയുമായിരുന്നു “”ജാനിമോളുടെ കല്യാണത്തിന് ഇട്ട് തരാല്ലോ മധുമ്മ ഈ വളയൊക്കെ….. അപ്പൊ ജാനിമോളുടെ കൈ നിറയെ വളയാകുമല്ലോ….”” അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി…. മുൻപിൽ ഇപ്പോഴും മനുവേട്ടൻ നിൽക്കുന്നു എന്ന ബോധം വന്നപ്പോളാണ് കണ്ണുകൾ തുടക്കുന്നത്… എപ്പോഴും തന്നെ കാണുമ്പോൾ ഉള്ള വെറുപ്പ് ആ കണ്ണുകളിൽ ഉണ്ടായിരുന്നില്ല… കുറച്ചു നേരത്തേക്ക് രണ്ടാളും ഒന്നും മിണ്ടിയില്ല…

സംസാരിച്ചു തുടങ്ങാൻ മനുവേട്ടൻ ബുദ്ധിമുട്ടുന്നുണ്ട് എന്ന് തോന്നി…. അങ്ങോട്ട്‌ ഒന്നും പറയാൻ തോന്നിയില്ല…. വെറുതെ ആ വളകളിലേക്ക് തന്നെ നോക്കി നിന്നു… “”ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്നറിയാം…… പലതിനും എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു….

പക്ഷേ……”” അടുത്തതായി പറയാൻ പോകുന്നതിന് മുൻപ് മനു ഒന്ന് നിർത്തി…. വീണ്ടും ആ ഓർമ്മയിൽ ജീവിക്കാൻ ആഗ്രഹം ഇല്ലാത്തത് പോലെ അവനൊന്നു നിർത്തി ദീർഘശ്വാസം എടുത്തു…..

“”അന്ന്… അന്ന് നിന്നോട് പറഞ്ഞ വാക്കുകൾ…. അതൊരിക്കലും പറയാൻ പാടില്ലാത്തതായിരുന്നു……അറിയില്ല ആ സമയത്ത്… എന്താണ് പറ്റിയത് എന്ന്….നിന്നോടൊന്ന് ക്ഷമ പറയണം എന്നുണ്ടായിരുന്നു അന്ന് മുതൽ…. പക്ഷേ പറ്റിയില്ല…… ചമ്മലോ ഈഗോയോ അങ്ങനെ എന്തൊക്കെയോ….. എനിക്കൊരിക്കലും നിന്നെ എന്റെ പാതിയായി കാണാൻ കഴിയില്ല ജാനി…..

നിനക്ക് ചേരുന്നത് നിവി തന്നെയാണ്…..ഇപ്പോൾ ഇതൊക്കെ പറയുന്നേ എന്തിനാ എന്ന് വച്ചാൽ പുതിയ ജീവിതത്തിലേക്ക് പോകും മുൻപ് കഴിഞ്ഞതൊക്കെ നിന്റെ മനസ്സിൽ നിന്നും ഉപേക്ഷിക്കണം എന്ന് തോന്നി… സോറി… “”

പറഞ്ഞവസാനിപ്പിച്ചു കഴിഞ്ഞിട്ടും ജാനിയിൽ നിന്നും മറുപടി ഒന്നും ലഭിക്കാത്തതിനാലാകണം മനു പതിയെ പുറത്തേക്ക് നടന്നു… മനസ്സിലെ ഭാരം കുറച്ചു കുറഞ്ഞതായി തോന്നി അവന്…..ഏറെ നാളായി പറയണം എന്ന് വിചാരിച്ച കാര്യങ്ങളാണ്…

കുട്ടിക്കാലം മുതലേ അവളോട് ദേഷ്യമായിരുന്നു….

ആദ്യമത് തന്നെക്കാൾ കൂടുതൽ അമ്മ അവളെ സ്നേഹിക്കുന്നത്കൊണ്ടായിരുന്നു….. താൻ പരിഭവം പറയുമ്പോൾ ഒക്കെ അവൾ കുഞ്ഞല്ലേ എന്ന് പറഞ്ഞു അമ്മ ആശ്വസിപ്പിക്കും എങ്കിലും ഉള്ളിൽ അവളോട് വല്ലാത്ത കുശുമ്പ് തോന്നിയിരുന്നു….. കൗമാരം എത്തിയപ്പോളായിരുന്നു കൂട്ടുകാരുടെ മുറപ്പെണ്ണ് എന്നുള്ള കളിയാക്കലുകൾ കേൾക്കേണ്ടി വന്നത്….

അവൾക്കും അങ്ങനെ ഒരിഷ്ടം ഉണ്ടെന്നറിഞ്ഞപ്പോൾ ദേഷ്യം തോന്നി വല്ലാതെ….. പ്രിയയുടെ കാര്യം അറിഞ്ഞിട്ട് പോലും അച്ഛനും അമ്മയും അവൾക്കായിട്ടാണ് വാദിച്ചത്….. അവളുടെ മനസ്സ് വേദനിപ്പിക്കരുതെന്ന്…. അതിനിടയിൽ തന്റെ മനസ്സ് ആരും കാണാതെ പോയി…. ഒടുവിലെപ്പോഴോ പ്രിയയും അവളുടെ പേരിൽ തന്നോട് അകൽച്ച കാണിച്ചപ്പോൾ ആയിരുന്നു ദേഷ്യവും കടന്നു വെറുപ്പിലേക്ക് അത് മാറിയത്….

അവളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അച്ഛനും അമ്മയും പോയതോടെ അതിനും അവളുടെ മേൽ മാത്രം കുറ്റം ചാർത്തുകയായിരുന്നു……. ഇപ്പോൾ പക്ഷേ ശെരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്നുണ്ട്…..പക്ഷേ അപ്പോഴേക്കും വാക്കുകൾ കൊണ്ട് അവളെ വല്ലാതെ വേദനിപ്പിച്ചു കഴിഞ്ഞിരുന്നു….. അതിന്റെ കുറ്റബോധം ഇനി എത്ര കാലം കഴിഞ്ഞാലും ഉള്ളിൽ കാണും എന്നും അറിയാം.. “”നീ ഇതെന്താലോചിച്ചു നിൽക്കുവാ മനു…. ദാ മുഹൂർത്തം ആകാറായി…. ഇപ്പൊ ഇറങ്ങണ്ടേ….”” രവി വന്നു വിളിച്ചപ്പോൾ ഒരിക്കൽ കൂടി അവളുടെ മുറിയിലേക്ക് നോക്കി വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു….

കല്യാണ പന്തലിൽ ജാനിക്കായി കാത്തിരിക്കുമ്പോൾ സന്തോഷവും ടെൻഷനും ഒക്കെക്കൂടി കലർന്ന അവസ്ഥ ആയിരുന്നു നിവിക്ക്….. ഇന്നലെ രാത്രി മുതൽ താലി എങ്ങനാ കെട്ടുന്നേ എന്ന് പഠിക്കുകയായിരുന്നു….. “”ഈശ്വരാ ശെരിയായി തന്നെ കെട്ടാൻ പറ്റണെ…””. ഒരു നിമിഷം അവൻ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു…. കണ്ണ് തുറന്നു നേരെ നോക്കുന്നത് നിധിയെയാണ്…. വാ പൊത്തി ചിരിച്ചോണ്ട് നിൽപ്പുണ്ട്…..ഇന്നലെ മുതൽ തുടങ്ങിയതാണ് അവളുടെ കളിയാക്കിയുള്ള ചിരി….

അത് കാണുമ്പോളെക്കും ഉള്ളിലുള്ള കോൺഫിഡൻസ് മുഴുവൻ പോകും….. അവളെ നോക്കി കണ്ണുരുട്ടി കാണിച്ചപ്പോളേക്കും മുഹൂർത്തം ആയി പെണ്ണിനെ വിളിക്കാൻ ആരോ പറയുന്നത് കേട്ടു… നെഞ്ച് വല്ലാതെ ഇടിക്കുന്നതായി തോന്നി അവന്…. എത്ര വേണ്ട എന്ന് വിചാരിച്ചിട്ടും കണ്ണുകൾ അവളെ പ്രതീക്ഷിച്ചു ചുറ്റും തിരഞ്ഞു….

കൈയിൽ നിലവിളക്കും പിടിച്ചു തല കുനിച്ചു നടന്നു വരുന്ന അവളെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞതായി തോന്നി അവന്…. മുൻപിലുള്ള താലമേന്തിയ പെൺകുട്ടികൾ കാരണം അടുത്ത് വന്നപ്പോൾ ആയിരുന്നു മുഖം നേരെ കാണാൻ സാധിച്ചത്…

ഒരു നിമിഷം അവളെ കണ്ണെടുക്കാതെ നോക്കി നിന്നു….സദസ്സിന് നേരെ കൈകൾ കൂപ്പിയിട്ട് അവൾ അടുത്തിരുന്ന ശേഷവും ഒരു നോട്ടം പോലും തനിക്ക് നേരെ വീണില്ല എന്ന് കണ്ടപ്പോൾ അവന് ചെറിയ നിരാശ തോന്നി…. പിന്നെയാണ് വിറയ്ക്കുന്ന അവളുടെ കൈകൾ കണ്ടത്….

പേടിച്ചിട്ടാണ് മുഖത്തോട്ട് നോക്കാത്തത് എന്ന് കണ്ടപ്പോൾ അവന് ചിരി വന്നിരുന്നു…. “”ഞാൻ കൊല്ലാനൊന്നും കൊണ്ട് പോകുവല്ല കേട്ടോ….

“”പതിയെ ശബ്ദം താഴ്ത്തി അവളുടെ അരികിലേക്ക് നീങ്ങി പറഞ്ഞു… . രൂക്ഷമായ ഒരു നോട്ടം ആയിരുന്നു തിരിച്ചു കിട്ടിയത്…. പക്ഷേ അപ്പോഴും കൈയുടെ വിറയലിന് കുറവൊന്നും ഉണ്ടായിരുന്നില്ല…. താലി കെട്ടുമ്പോൾ കൈകൾ കൂപ്പി കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുന്ന അവളെ കണ്ടപ്പോൾ അവന് അതിയായ വാത്സല്യം തോന്നി…

താലി ശെരിക്ക് കെട്ടിയ ആശ്വാസത്തിൽ ഒന്ന് ശ്വാസം നേരെ വിട്ടു… അപ്പോഴും അവൾ പ്രാർത്ഥിക്കുന്നത് കണ്ടു… ചുണ്ടുകൾ ചെറുതായി അനങ്ങുന്നുണ്ട്….

കാര്യമായി എന്തോ പറയുകയാണ് എന്ന് തോന്നുന്നു…. മെല്ലെ അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു… ഒരു നിമിഷം കൊണ്ട് പ്രാർത്ഥന നിർത്തി കണ്ണും തള്ളി നോക്കുന്നത് കണ്ടു…

ചമ്മിയ ഒരു ചിരി ചിരിച്ചു….””. അല്ല നീ എന്നേ സ്നേഹിച്ചു തുടങ്ങുമ്പോൾ പിന്നെ ഒന്നൂടെ കല്യാണം കഴിക്കാൻ പറ്റില്ലല്ലോ….. അപ്പൊ ഒരു ഓർമ്മക്ക്….””. തലയുടെ പിന്നിൽ ചെറുതായി കൈ തടവി ചമ്മലോടെ പറഞ്ഞു… ദേഷ്യമാണ് പ്രതീക്ഷിച്ചത് എങ്കിലും ഒന്നും പറയാതെ തിരിഞ്ഞിരിക്കുന്നത് കണ്ടു….. ഇടക്കെപ്പോഴോ ഒരു ചിരി മിന്നി മാഞ്ഞ പോലെ തോന്നി… പക്ഷേ സംശയം തീർക്കാൻ പോയാൽ ആരോഗ്യത്തിന് നല്ലതല്ല എന്ന് അറിയാവുന്നത് കൊണ്ട് മിണ്ടാതെ ഇരുന്നു… അനുഗ്രഹം വാങ്ങൽ ഒക്കെ കഴിഞ്ഞു ഊണ് കഴിക്കാൻ കയറിയപ്പോളായിരുന്നു വല്ലാതെ പെട്ട് പോയത്….

അങ്ങോട്ടും ഇങ്ങോട്ടും വാരി കൊടുക്കണം എന്നും പറഞ്ഞു വീഡിയോഗ്രാഫർമാർ എല്ലാം കൂടി ചുറ്റും നിൽപ്പുണ്ട്…. കല്യാണം കഴിഞ്ഞു കുട്ടികൾ ആയ ചേച്ചിമാർ വരെ നാണം കലർന്ന ചിരിയോടെ നോക്കി നിൽപ്പുണ്ട്…

അവൾക്ക് വല്ലാത്ത ചമ്മൽ തോന്നി…. പക്ഷേ അവസരം നോക്കി ഇരുന്ന പോലെ ആയിരുന്നു നിവിയുടെ പെരുമാറ്റം…. ആദ്യം ചേട്ടൻ കൊടുക്ക്‌ എന്ന് പറയേണ്ട താമസം ആള് ഒരു ഉരുള ചോറ് തന്റെ വായ്ക്ക് നേരെ നീട്ടി കഴിഞ്ഞിരുന്നു….

കൂർപ്പിച്ചു നോക്കിയപ്പോൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു ചിരി അമർത്തുന്നത് കണ്ടു…. വേറെ വഴി ഇല്ലാതെ വാങ്ങി കഴിച്ചു…. തിരിച്ചും വാരി കൊടുത്തിട്ടേ അവർ വെറുതെ വിട്ടുള്ളു… ചുറ്റും ഉള്ള ആരെയും നോക്കാതെ ഒരു ചെറിയ ഉരുള ചോറ് അവന് കൊടുത്തു….. അത് കഴിഞ്ഞു പായസം കൊടുക്കുന്നതും കൂടി വേണം എന്ന് പറഞ്ഞു നിധി വന്നെങ്കിലും ഒന്ന് കണ്ണുരുട്ടിയപ്പോൾ പിന്നെ അങ്ങ് പോയി… യാത്ര പറയാൻ നേരം തന്നെ കെട്ടിപ്പിടിച്ചു കരയുന്ന ജാനിയെ ചേർത്ത് പിടിച്ചു സുഭദ്രയും കരഞ്ഞിരുന്നു….

വിറയ്ക്കുന്ന കൈകളോടെ അവർ ജാനിയുടെ കൈകൾ നിവിയുടേതിലേക്ക് വച്ചു കൊടുത്തു…

അവനതൊന്ന് കൂടി മുറുക്കെ പിടിച്ചു…ഇനി ഒരിക്കലും കൈവിടില്ല എന്ന പോലെ…

തുടരും…

അപ്പൊ എല്ലാരും കല്യാണം കൂടി പായസം ഒക്കെ കുടിച്ചല്ലോ…. ഇനി വലിയ കമന്റ്‌ ആയിട്ട് അഭിപ്രായങ്ങൾ പോന്നോട്ടെ 😁😁.. ലൈക്ക് ചെയ്യണേ, ഞാനിവിടെ കാത്തിരിക്കുന്നു.. അടുത്ത ഭാഗം നാളെ…

രചന: അമ്മു അമ്മൂസ്


Comments

Leave a Reply

Your email address will not be published. Required fields are marked *