ഞാനും ഒരു മകളുടെ അമ്മയല്ലേ, നീ വീട്ടിലെത്തിയില്ലെങ്കിൽ നിൻ്റെ മ, കളും തനിച്ചാവുമെന്ന്…

രചന: സജി തൈപ്പറമ്പ്.

“രാധേ.. നീയിന്ന് വീട്ടിൽ പോകണ്ടാട്ടോ, എനിക്ക് അത്യാവശ്യമായി സിറ്റി ഹോസ്പിറ്റൽ വരെയൊന്ന് പോകണം ,അച്ഛന് സുഖമില്ലാതെ അവിടെ കൊണ്ട് വന്നിട്ടുണ്ടെന്ന് അമ്മ വിളിച്ച് പറഞ്ഞു, പാവം അമ്മ ആകെ പേടിച്ചിരിക്കാ, നീയും കൂടി പോയാൽ, പിന്നെ മോളിവിടെ തനിച്ചാവില്ലേ? അത് കൊണ്ടാ പോകേണ്ടെന്ന് പറഞ്ഞത്” വേലക്കാരി രാധയോടത് പറഞ്ഞിട്ട് സുഭദ്ര ,പോർച്ചിലിരുന്ന സ്കൂട്ടറെടുത്ത് വേഗം ഓടിച്ച് പുറത്തേക്ക് പോയി. അടുക്കള ജോലികളൊക്കെ തീർത്ത്, അത്താഴമെടുത്ത് മേശപ്പുറത്ത് മൂടിവച്ചിട്ട്, വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് സുഭദ്ര ,രാധയോടത് പറയുന്നത്.

രാധയവിടെ ജോലിക്ക് വന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു, ഇതിന് മുമ്പ് പല വീടുകളിലും ജോലിക്ക് പോയെങ്കിലും, അവിടുത്തെയൊക്കെ പുരുഷന്മാരാടെ ശല്യം സഹിക്കാൻ വയ്യാതെ, തിരിച്ച് പോരേണ്ടി വന്നു, രാധയ്ക്ക് ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകള് മാത്രമേയുള്ളു ,അവളുടെ പഠിപ്പിനും, പിന്നെ രണ്ട് പേരുടെ വയറ് നിറയ്ക്കാനുള്ള ഭക്ഷണത്തിനുമായിട്ടാണ്, രാധ വീട്ട് ജോലിക്ക് പോകുന്നത്.

സുഭദ്രയുടെ കിടപ്പ് രോഗിയായ മകളെ പരിചരിക്കാനും, വീട്ട് ജോലിക്കും കൂടി വേണ്ടിയാണ് രാധയെ, അവിടെ നിയമിച്ചിരിക്കുന്നത്.

ചേച്ചീടെ ഹസ്ബൻ്റ് ഗൾഫിലായത് കൊണ്ട് മോളും ചേച്ചിയും മാത്രമേ വീട്ടിലുളളു ,എന്നതാണ് രാധയുടെ ഏറ്റവും വലിയ ആശ്വാസം. നാട്ടിലെ തന്നെ യുപി സ്കൂളിലെ പ്രധാനാധ്യാപികയായ സുഭദ്ര, സ്കൂളിൽ പോകുന്നതിന് മുമ്പ് രാധ, സ്വന്തം മകളെ കോളേജിലയച്ചിട്ടാണ് എന്നും ജോലിക്ക് വരുന്നത്…

സുഭദ്രയുടെ, സുഖമില്ലാത്ത മകളെ ശുശ്രൂഷിച്ച് കൊണ്ട്, വീട്ട് ജോലി കൂടി നോക്കുന്ന രാധ, സന്ധ്യയോട് കൂടി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാറാണ് പതിവ്. താൻ തിരിച്ച് വീട്ടിലെത്തുന്നത്തുന്നതും കാത്ത് ഭീതിയോടെ വഴിയിലേക്ക് കണ്ണ് നട്ടിരിക്കുന്ന മകളെക്കുറിച്ചാണ് രാധ അപ്പോൾ ചിന്തിച്ചത്. താനിന്ന് രാത്രി ഇവിടെ തങ്ങിയാൽ, തൻ്റെ മകളവിടെ തനിച്ചായി പോകില്ലേ?

പക്ഷേ സുഭദ്രേച്ചിയുടെ വാക്കിനെ എതിർത്തൊന്നും പറയാനും കഴിയുന്നില്ല “ചേച്ചിക്ക്, ഹോസ്പിറ്റലിൽ കിടക്കുന്ന അച്ഛൻ്റെയടുത്തേക്ക് പോകാതിരിക്കാൻ കഴിയില്ലല്ലോ?” ചേച്ചി പോയാൽ പരസഹായമില്ലാതെ ഒന്നനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന പാവം മകളെ തനിച്ചാക്കി പോകാൻ തനിക്കും മനസ്സ് വരുന്നില്ല രാധ, ആകെ ധർമ്മ സങ്കടത്തിലായി.

രാത്രി കനത്ത് കൊണ്ടിരുന്നു, രാധ പുറത്തേയ്ക്ക് നോക്കിയപ്പോൾ, എങ്ങു കട്ടപിടിച്ച ഇരുട്ടാണ് ആകാശത്ത് ഒരൊറ്റ നക്ഷത്രം പോലുമില്ല ,മഴ പെയ്യുമെന്ന് തോന്നുന്നു “ഈശ്വരാ.. കൊള്ളിയാൻ മിന്നുമ്പോൾ തന്നെ, തൻ്റെ മകള് ചെവി പൊത്തി പിടിക്കുന്ന കാര്യം രാധയോർത്തു ,ഇടിവെട്ടുന്നത് അവൾക്ക് ഭയങ്കര പേടിയാണ്…” രാധയുടെ ഉള്ള് പിടഞ്ഞ് കൊണ്ടിരുന്നു ,മോളെയൊന്ന് വിളിച്ച് സമാധാനിപ്പിക്കാമെന്ന് വച്ചാൽ ,തൻ്റെ ഫോണിൽ ബാലൻസ് തീരെയില്ല , അവളൊന്ന് ഇങ്ങോട്ട് വിളിച്ചാൽ മതിയായിരുന്നു സ്വന്തം മകളെയോർത്ത് ഉള്ളുരുകുമ്പോഴും രാധ ,സുഭദ്രയുടെ മകൾക്ക് കൃത്യ സമയത്ത് ഭക്ഷണവും മരുന്നും കൊടുത്തു.

ക്ളോക്കിൽ മണി ഒൻപതടിച്ചപ്പോൾ, രാധയുടെ ശരീരം വിറച്ചു. “ഈശ്വരാ.. എൻ്റെ മോൾക്ക് ധൈര്യം കൊടുക്കണേ, അവൾക്ക് ഒരാപത്തും വരുത്തരുതേ…” രാധ മനസ്സുരുകി പ്രാർത്ഥിച്ച് കൊണ്ടിരുന്നപ്പോൾ, അവളുടെ മൊബൈൽ റിങ്ങ് ചെയ്തു . “ങ്ഹാ, രാധേ.. മോളുറങ്ങിയോ?” “ഇല്ല ചേച്ചി ,ഞാനിപ്പോൾ മരുന്ന് കൊടുത്തതേയുള്ളു ,മോൾക്ക് ഫോൺ കൊടുക്കണോ ?” “വേണ്ട രാധേ ..എനിക്കിവിടെയിരുന്നിട്ട് ഒരു സമാധാനമില്ല ,മഴ പെയ്യാൻ സാധ്യതയുണ്ട്, അങ്ങനെയെങ്കിൽ നീ അവളോടൊപ്പം ചേർന്ന് കിടക്കണം കെട്ടോ ?ഇടി കുടുങ്ങിയാൽ അവൾക്ക് ഭയങ്കര പേടിയാണ്…”

ശരി ചേച്ചീ.. ഞാൻ നോക്കിക്കൊള്ളാം, പിന്നെ ,ചേച്ചി…എനിക്കൊരു സഹായം ചെയ്യുമോ? എൻ്റെ ഫോണിൽ ബാലൻസില്ല, ഒരു പത്ത് രൂപയുടെ ടോക് ടൈം ഒന്ന് ചാർജ്ജ് ചെയ്ത് തരുമോ?വീട്ടിൽ എൻ്റെ മോള് തനിച്ചാണ്, അവൾക്കും ഇടിമിന്നൽ ഭയങ്കര പേടിയാണ്” രാധ മടിച്ച് മടിച്ച് സുഭദ്രയോട് പറഞ്ഞു…

“രാധേ .. നിൻ്റെ മോളുടെ കൈയ്യിൽ ഞാൻ ഫോൺ കൊടുക്കാം നീയിപ്പോൾ തന്നെ അവളെ ആശ്വസിപ്പിച്ചോളു, അവളെൻ്റെ കൂടെ തന്നെയുണ്ട്” “ങ്ഹേ, സത്യമാണോ ചേച്ചീ..”

“അതേ രാധേ .. ഞാനും ഒരു മകളുടെ അമ്മയല്ലേ?

നീ വീട്ടിലെത്തിയില്ലെങ്കിൽ നിൻ്റെ മകളും തനിച്ചാവുമെന്ന് ഞാൻ പിന്നീടാണ് ചിന്തിച്ചത് ,അങ്ങനെ ഞാൻ ഹോസ്പിസ്റ്റലിൽ എത്തുന്നതിന് മുമ്പ് തന്നെ, നിൻ്റെ വീട്ടിൽ പോയി, മോളെക്കൂടി എന്നോടൊപ്പം കൊണ്ട് വന്നു, അവളിപ്പോൾ പൂർണ്ണസുരക്ഷിതയാണ്, അത് കൂടി പറയാനാണ് ഞാനിപ്പോൾ വിളിച്ചത്”

“എൻ്റെ ചേച്ചീ…

നിങ്ങളോടെങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല..

“അങ്ങനെയൊരു ഫോർമാലിറ്റിയുടെ ആവശ്യമില്ല രാധേ .. ഓരോ അമ്മയും നൊന്ത് പ്രസവിച്ച മക്കളെയോർത്ത് എത്രമാത്രം ഉത്ക്കണ്ഠാകുലരാണെന്ന് എനിക്ക് നന്നായറിയാം, ഒരമ്മയ്ക്ക് മാത്രമേ മറ്റൊരമ്മയുടെ മനസ്സ് മനസ്സിലാകു,നീ സമാധാനമായി കിടന്നുറങ്ങിക്കോളു ,ഞാൻ മോളെയും കൊണ്ട് രാവിലെയെത്തും അച്ഛനിപ്പോൾ കുറച്ചാശ്വാസമുണ്ട്” അത് വരെ പ്രക്ഷുബ്ധമായിരുന്ന രാധയുടെ മനസ്സ് അപ്പോഴേക്കും പെയ്ത് തോർന്നിരുന്നു…

ലൈക്ക് & കമന്റ് ചെയ്യണേ…

രചന: സജി തൈപ്പറമ്പ്.

Scroll to Top