ലിസ നോവലിൻ്റെ ഏഴാം ഭാഗം ഒന്ന് വായിച്ചു നോക്കൂ…..

രചന: സന്തോഷ് അപ്പുക്കുട്ടൻ

“ആശ്വസിപ്പിക്കലൊക്കെ അകത്തേക്ക് കയറിയിട്ട് മതിയല്ലോ ഹരീ? ആൾക്കാർ കണ്ടാൽ തെറ്റിദ്ധരിക്കില്ലേ?” ഹരിയെ നോക്കി പരിഭവത്തോടെ പറഞ്ഞ് കൊണ്ട്, കാറിൽ നിന്നിറങ്ങിയ മാളവിക ലിസയുടെ അടുത്തേക്ക് ചെന്ന് അവളെ ആലിംഗനം ചെയ്തു. ” ആദ്യമായാണ് നമ്മൾ കാണുന്നതെങ്കിലും ഹരി ലിസയെ കുറിച്ച് ധാരാളം എന്നോടു പറഞ്ഞിട്ടുണ്ട് ” ലിസ പൂക്കുല പോലെ വിറയ്ക്കുന്നത് തൊട്ടറിഞ്ഞ മാളവിക അവളുടെ കണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചു. “എന്തിനാ ഇങ്ങിനെ വിറയ്ക്കുന്നത്?

എല്ലാ പ്രതിസന്ധിക്കും ഒരു സൊല്യൂഷനുണ്ട്… അത് ചിലപ്പോൾ വൈകിയാണ് വരുന്നതെന്നു മാത്രം…

സോ… നമ്മൾ അവനെ കണ്ടുപിടിക്കും…. ഞാനും ഉണ്ടാകും ലിസയുടെ കൂടെ … ഒരു ചേച്ചിയായിട്ടോ, അനിയത്തിയായിട്ടോ?” മാളവികയുടെ ആശ്വസിപ്പിക്കൽ കേട്ടപ്പോൾ, ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടികരഞ്ഞുകൊണ്ട് അവളെ ചേർത്തു പിടിച്ചു ലിസ. ” ഇങ്ങനെ കരയല്ലേ ലിസാ … വയറ്റിൽ ഒരു കുഞ്ഞുള്ളതല്ലേ? അച്ഛനായ ആ ഫ്രോഡിന് വേണ്ടെങ്കിലും അമ്മയായ ലിസക്ക് വേണമല്ലോ ആ കുഞ്ഞിനെ…. അതു കൊണ്ട് സന്തോഷമായിട്ടിരിക്ക് ” മാളവികയുടെ സംസാരം കേട്ടതും, തലയ്ക്ക് ആരോ പ്രഹരിച്ചതു പോലെ തോന്നി ഹരിക്ക്.

ലിസയുടെ കണ്ണീർ തുടച്ച് കൊണ്ട് കവിളത്ത് പതിയെ രണ്ട് അടി അടിച്ച് മാളവിക ഷോക്കേറ്റതു പോലെ നിൽക്കുന്ന ഹരിക്കു നേരെ തിരിഞ്ഞു. “ലിസയുടെ ദു:ഖം കണ്ടപ്പോൾ പലതും മറന്നു ഹരി ”

ഹൃദയത്തിൽ പെരുമ്പറ കൊട്ടുന്നുണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഹരി ചോദ്യഭാവത്തോടെ മാളവികയെ നോക്കി. ” മറന്നു ഹരി…. എല്ലാം…..” ചിരിച്ചു കൊണ്ട് അവൾ ഹരിയുടെ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു. ” ഹരിയെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാറുള്ള എൻ്റെ അവകാശം ആദ്യം നിഷേധിച്ചു… ദാ ഇപ്പോ എനിക്ക് അവകാശപ്പെട്ട ഹഗ് പോലും മറന്നിരിക്കുന്നു…

പക്ഷേ ഹരി മറന്നാലും എനിക്ക് മറക്കാൻ പറ്റില്ലല്ലോ?” അതും പറഞ്ഞ് അവൾ ഒരു പുഞ്ചിരിയോടെ ഹരിയെ ആലിംഗനം ചെയ്യുമ്പോൾ, ചിതറി വന്ന കരച്ചിൽ തൊണ്ടകുഴിയിലമർത്തി വയറിൽ തൊട്ടു ശൂന്യതയിലേക്ക് നോക്കി നിന്നു ലിസ. “അതല്ല….എയർപോർട്ടിൽ നിന്നു വന്ന ഹരി അച്ഛനെ കാണാൻ ഹോസ്പിറ്റലിലേക്കു കയറാതെ എന്തേ ഇവിടെ നിന്നു കളഞ്ഞത്? അതോ എൻ്റെ അച്ഛനോടു ഇപ്പോഴും പരിഭവമുണ്ടോ ഹരിയ്ക്ക്?”

മാളവിക ഒരു ചെറുചിരിയോടെ പറഞ്ഞ് ഹരിയുടെ കൈപിടിച്ച് ചോദിച്ചപ്പോൾ അവൻ ഒരു കള്ളം കണ്ടെത്താനുള്ള തിരക്കിലായിരുന്നു. “ലിസ വൊമിറ്റ് ചെയ്യണമെന്ന് പറഞ്ഞു.. അപ്പോൾ തന്നെ കാർ നിർത്തി പുറത്തേക്കു വന്നതും ഛർദിച്ചു തുടങ്ങി …. അതാ കാർ അവിടെ നിർത്തിയിരിക്കുന്നത് ”

മാളവികയുടെ കാറിന് മുന്നിലുള്ള കാറിനെ ചൂണ്ടി കാണിച്ച് ഹരി ഒരു വിധം പറഞ്ഞൊപ്പിക്കുമ്പോൾ, അവൻ പറയുന്ന പച്ചകള്ളം കേട്ട് തരിച്ച് നിൽക്കുന്ന ലിസ, മാളവികയെ തന്നെ ശ്രദ്ധിയ്ക്കുകയായിരുന്നു.

വെളുത്തു മെലിഞ്ഞ് ഉയരത്തിൽ ഒരു സുന്ദരി…

ഇളംറോസ് ചുരിദാറിനു മുകളിൽ വെളുത്ത കോട്ടും, കഴുത്തിൽ തൂങ്ങി കിടക്കുന്ന സ്റ്റെതും. കറുത്ത് സമൃദ്ധമായി നിതംബത്തോളമെത്തുന്ന മുടിയിഴകളിൽ കൊരുത്ത് വെച്ചിരിക്കുന്ന തുളസി കതിർ…

നെറ്റിയിൽ നീണ്ട ഒരു മഞ്ഞൾവര…. ഇപ്പോൾ തന്നെ കുളിച്ചു വന്നതു പോലെ മുടിയിഴയിൽ നിന്ന് ഈറനുറ്റി വീണു കോട്ടിൻ്റെ പിൻഭാഗം നനയുന്നുണ്ട്.

“എന്താ ലിസാ പന്തം കണ്ട പെരുചാഴിയെ പോലെ നോക്കുന്നത്? എന്നെ മനസ്സിലായില്ലാന്നുണ്ടോ?”

മാളവികയുടെ ചോദ്യം കേട്ടതും മൗനത്തിൽ നിന്ന് ഞെട്ടിയുണർന്ന ലിസ അവളെ നോക്കി ഒരു മങ്ങിയ ചിരിയുതിർത്തു. “ലിസയുടെ ഈ പതർച്ച പോകാൻ എന്തായാലും എൻ്റെ സെൽഫ് ഇൻട്രോ അത്യാവശമാണ്…. ഞാൻ മാളവിക നാരായണൻ നമ്പൂതിരി… ഒരു ചെറിയ ഡോക്ടറാണ്…. പിന്നെ ”

പാതിയിൽ നിർത്തി മാളവിക ഹരിയുടെ കൈയിൽ പിടുത്തമിട്ടു. ” ഇവൻ നിങ്ങൾക്ക് ഹരിഗോവിന്ദ് ആയിരിക്കും… പക്ഷെ എനിക്ക് ഇവൻ ടിൻറുമോനാണ്… എൻ്റെ സ്വന്തം ടിൻ്റുമോൻ….

മാസങ്ങൾക്കുള്ളിൽ എൻ്റേതു മാത്രമാകുന്ന എൻ്റെ സ്വന്തം ഹരികുട്ടൻ” പ്രണയപൂർവം പറഞ്ഞ് മാളവിക ഹരിയുടെ കൈ എടുത്ത് അവളുടെ തോളത്ത് വെക്കുന്നത് കണ്ട് ഉള്ളുരുകി നിൽക്കാനേ ലിസക്ക് ആയുള്ളൂ… “നീയേന്താ ഹരി വിറയ്ക്കുന്നുണ്ടോ?”

മാളവിക ഹരിയെ നോക്കി ചോദിച്ചതും അവൻ പതിയെ തലയാട്ടി. ” ചെറുതായി… കാലാവസ്ഥയുടെ വ്യത്യാസം കൊണ്ടായിരിക്കും…. ”

“എന്തു വ്യത്യാസം ഹരീ… ഡിസംബർ മാസത്തിൽ എല്ലായിടത്തും തണുപ്പ് കാലാവസ്ഥയാണെന്നാ ഞാൻ കേട്ടിരിക്കുന്നത്?” മാളവിക അവനെ നോക്കി പുഞ്ചിരിയോടെ തലയാട്ടി. “ഈ വിറയൽ അതിൻ്റേ അല്ല ഹരീ…. ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചോ എന്നോർത്തുള്ള വിറയലാ… ഏത് പെൺകൂട്ടത്തിലിട്ടാലും അവരെ തൊട്ടുരുമ്മാതെ പോരുന്ന നിന്നെ എനിക്കറിയാമല്ലോ ഹരീ… പിന്നെ ഈ കൊച്ചിനെ കണ്ടാലറിയാം ദൈവഭയമുള്ള കൂട്ടത്തിലാണെന്ന് ” മാളവികയുടെ ഉള്ളുതുറന്നുള്ള, നിഷ്കളങ്കമായ സംസാരം കേട്ടതും ലിസയും, ഹരിയും ഉരുകുകയായിരുന്നു. മാളവികയെ ഒരു ഡോക്ടറായിട്ടല്ല ലിസയ്ക്ക് അപ്പോൾ തോന്നിയത്…. ഗ്രാമത്തിൻ്റെ എല്ലാം വിശുദ്ധിയും, ഉള്ളിലേറ്റിയ ഒരു നാടൻ പെൺകുട്ടിയെ പോലെയായിരുന്നു അവളപ്പോൾ…..

“ഈ വെളുപ്പാൻ കാലത്ത് ഇവിടെ നിൽക്കാതെ അകത്തോട്ടേക്ക് വാ…” ലിസയുടെ കൈയും പിടിച്ച് മാളവിക തൻ്റെ കാറിനടുത്തേക്ക് നടന്നതും ഹരി ഒരു നിമിഷം അവൾക്കു മുന്നിൽ നിന്നു. “ലിസയ്ക്കു വിശക്കുന്നുണ്ടാവും മാളൂ..,, ഫ്ലൈറ്റിൽ വെച്ച് ഇവൾ ഒന്നും കഴിച്ചിട്ടില്ല…. ഓരേ കരച്ചിലായിരുന്നു.. ആ ഹോട്ടലിൽ നിന്ന് എന്തെങ്കിലും വാങ്ങിച്ചു കൊടുത്തിട്ട് ഞാൻ വരാം ” എതിർവശത്തുള്ള ഹോട്ടലിനെ ചൂണ്ടി ഹരി പറഞ്ഞപ്പോൾ മാളവിക ദേഷ്യത്തോടെ അവനെ നോക്കി. ” പ്രഗ്നൻ്റ് ആയ ഒരു പെണ്ണാണ് ലിസയെന്ന് അറിയാമല്ലോ ഹരിയ്ക്ക്? അപ്പോൾ ഹരിയല്ലേ അവളെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കേണ്ടത് …

ഇതൊക്കെ എന്നാണ് ഹരി പഠിക്കുന്നത്…. എന്നെ വിവാഹം കഴിച്ചതിനു ശേഷമോ?” മാളവിക ദേഷ്യത്തോടെ ഹരിയോടു പറഞ്ഞു കൊണ്ട്, മുന്നിൽ നിന്ന അവനെ പതിയെ മാറ്റി കൊണ്ടു കാറിനടുത്തേക്ക് നടന്നു. “ഇവിടെ നിന്ന് ഒന്നും കഴിക്കണ്ട… ഹോസ്പിറ്റൽ കാൻറീനിൽ നല്ല മസാലദോശയുണ്ട്… നമ്മൾക്ക് ഒരുമിച്ച് അവിടെ നിന്നും കഴിക്കാം… അതു പോരെ ലിസാ?” മാളവിക സ്നേഹത്തോടെ പറഞ്ഞതും ലിസ പുഞ്ചിരിയോടെ തലയാട്ടി. “നിങ്ങൾ വന്ന കാർ ഡ്രൈവറോട് ലഗേജുകൾ ഹോസ്പിറ്റലിൻ്റെ പോർച്ചിൽ ഇറക്കി വെച്ചിട്ടുണ്ട് പൊയ്ക്കോളാൻ പറ” മാളവികയുടെ സംസാരം കേട്ടതും എന്തോ പറയാനൊരുങ്ങിയ ഹരിയുടെ വാക്കുകൾക്ക് കാതോർക്കാതെ അവൾ കാർ മുന്നോട്ടെടുത്തു. ഡ്രൈവറോട് പറഞ്ഞ് ഹരി ഹോസ്പിറ്റലിൻ്റെ പോർച്ചിൽ ലഗേജ് ഇറക്കിവെച്ച് അയാൾക്ക് വാടകയും കൊടുത്ത് പറഞ്ഞയച്ച ശേഷം മാളവികയുടെ അടുത്തേക്ക് പോകാതെ അവിടെ തന്നെ നിന്നു…. മാളുവിൻ്റെ അരികെ നിൽക്കുമ്പോൾ കുറ്റബോധം കൊണ്ട് ചുട്ടുപൊള്ളുന്നത് പോലെ അവന് തോന്നി…..

മാളവികയുടെ നോട്ടം പോലും തന്നിലെ ചതിയനെ നോക്കി പുച്ഛിക്കുന്നതു പോലെ…… ഇന്നോളം ഒരു ചെറിയ നുണ പോലും പറഞ്ഞിട്ടില്ലാത്തവളോട് എത്ര വലിയ നുണകളാണ് ഒരു സങ്കോചവുമില്ലാതെ പറഞ്ഞു തീർത്തത്……? ഇനി എത്രയെത്ര നുണകൾ പറഞ്ഞാലാണ് ശരിയുടെ പക്ഷത്തേക്ക് എത്തുക?

നുണകൾ കുന്നുകൂടിയാലും അതൊരിക്കലും സത്യമാകില്ലായെന്നറിയാമെങ്കിലും ഇതുപോലെ തന്നെ, പോകുന്നിടം വരെ പോകട്ടെയെന്ന് മനസ്സിലുറപ്പിച്ച് ഹോസ്പിറ്റലിൻ്റെ അകത്തേക്ക് നടന്നു ഹരി.

വരാന്തയിലൂടെ കുറച്ചു നടന്നതും, ഡോ :മാളവിക എന്ന് എഴുതിയ ബോർഡു കണ്ട് അവൻ ഒരു നിമിഷം നിന്നു.

ബോർഡിനു താഴെയുള്ള റൂമിൻ്റെ പാതി ചാരിയ വിടവിലൂടെ നോക്കിയപ്പോൾ തമാശ പറയുന്ന മാളവികയെയാണ് കണ്ടത്….. അത് കേട്ട് ഉള്ളിൽ ആളി കത്തുന്ന അഗ്നി പുറത്തു കാണിക്കാതെ ചിരിക്കുന്ന ലിസയും…. ഒരു നിമിഷം അവൻ ചുമരിൽ ചാരി നിന്ന് മുകളിലേക്ക് നോക്കി കണ്ണടച്ചു.

“എന്താ ഹരി സാർ മാഡത്തെ കാണാതെ ഇവിടെ തന്നെ നിന്നു കളഞ്ഞത്?” വരാന്തയിലൂടെ ട്രേയും പിടിച്ചു പോകുന്ന നഴ്സിൻ്റെ ചോദ്യം കേട്ടതും, അവൻ കണ്ണു തുറന്ന് ഒന്നുമില്ലായെന്ന് തലയാട്ടി.

വരാന്തയിലൂടെ നടന്നു പോകുന്ന നഴ്സുമാരും, ജോലിക്കാരും തന്നെ സംശയത്തോടെ നോക്കുന്നത് കണ്ട് അവൻ പതിയെ റൂം തുറന്ന് ഇടറുന്ന കാൽപാദത്തോടെ അകത്തേക്ക് നടന്നു. “ഇവിടം ഇരിക്കൂ ഹരി… ”

വാതിലിനടുത്ത് ആരോ പിടിച്ചുകെട്ടിയതുപോലെ നിന്നിരുന്ന ഹരിയോട് പറഞ്ഞു കൊണ്ട് മാളവിക തൻ്റെ അടുത്ത കസേര ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞപ്പോൾ ലിസയെ ഒന്നു പതറി നോക്കി ഹരി അവൾക്കരികിൽ ഇരുന്നു….. മാളവികയെയും ചേർന്നിരിക്കുന്ന ഹരിയെ കണ്ടപ്പോൾ മനസ്സിനുളളിൽ എന്തൊക്കെയോ പൊട്ടി ചിതറുന്നതു പോലെ ലിസക്ക് തോന്നി. ആ കാഴ്ച കാണാൻ ശക്തിയില്ലാതെ അവൾ മുഖം താഴ്ത്തി. പതിയെ അടിവയറിൽ കൈവെച്ചു……

രണ്ടിറ്റു നീർ അവളുടെ മിഴികളിൽ ഉരുണ്ട് കൂടി നിന്നു…… “എൻ്റെ സെലക്ഷൻ എങ്ങിനെയുണ്ട് ലിസാ ?” ചോദ്യം കേട്ട് മുഖമുയർത്തിയ ലിസ കണ്ടത് ഹരിയുടെ തോളിൽ കൈയിട്ടിരിക്കുന്ന മാളവികയെയായിരുന്നു. നനഞ്ഞ മിഴിയോടെ ലിസ പതിയെ ഹരിയെ ഒരു നിമിഷം നോക്കി മാളവികയ്ക്ക് നേരെ ഒരു പുഞ്ചിരിയെറിഞ്ഞു. ” നന്നായിരിക്കുന്നു ഡോക്ടർ … മെയ്ഡ് ഫോർ ഈച്ച് അദർ എന്ന് പറയും പോലെ… ” വാക്കുകൾ പരതിയെടുത്ത് വാചകം പൂരിപ്പിച്ചതിനു ശേഷം ലിസ പതിയെ കസേരയിൽ നിന്നെഴുന്നേറ്റു. “എനിക്ക് പെട്ടെന്ന് വീടെത്തണം ഡോക്ടർ…. അപ്പച്ചനും, അമ്മച്ചിയും കാത്തിരിക്കുന്നുണ്ടാകും” “പോകാം ലിസാ….

അതിനു മുൻപ് എന്തെങ്കിലും കഴിക്കേണ്ടേ? വാ…

നമ്മൾക്ക് കാൻറീനിലേക്ക് പോകാം ” മാളവികയുടെ സംസാരം കേട്ടതും ലിസ സംശയത്തോടെ അവളെ നോക്കി. ” എനിക്ക് തിരക്കൊന്നുമില്ല ലിസാ…. ഓ പി.തുടങ്ങാൻ നേരമായിട്ടില്ല…. ഇവിടെ കിടക്കുന്ന എൻ്റെ അച്ഛന് പൊടിയരി കഞ്ഞിയും കൊണ്ട് നേരത്തേ വന്നൂന്നുള്ളൂ… പിന്നെ ഡോക്ടറെന്നുള്ള ആവിളി മാറ്റി മാളൂന്ന് വിളിച്ചാൽ വല്യ സന്തോഷം”

പറഞ്ഞു തീർന്നതും കഴുത്തിൽ കിടന്നിരുന്ന സ്റ്റെത് മേശപുറത്ത് വെച്ച് മാളവിക കസേരയിൽ നിന്നെഴുന്നേറ്റു. ” ചോദിക്കാൻ മറന്നു ഹരീ നിൻ്റെ മുഖം വല്ലാതെ വിളറിയിരിക്കുന്നല്ലോ? യാത്രാ ക്ഷീണമാണോ അതോ ഫ്ലൈറ്റിൽ നിന്നും കിട്ടിയ കള്ള് മൊത്തം മോന്തിയോ?” മാളവികയുടെ ചോദ്യം കേട്ടതും അവളെ നോക്കി തലയാട്ടി ഒരു വിളറിയ ചിരി ചിരിച്ചു മേശയിലേക്ക് മുഖമണച്ച് കിടന്നു ഹരി…

“വല്ലാത്ത ക്ഷീണം മാളൂ…. നിങ്ങൾ കഴിച്ചിട്ടു വാ.. ഞാൻ ഇവിടെ ഇത്തിരി റെസ്റ്റ് എടുക്കട്ടെ….. ”

“അതു വേണ്ട…. ചിലപ്പോൾ നീ ഇവിടെ കിടന്നു വാളു വെക്കും…. നീ ഒരു കാര്യം ചെയ്യ്…. അച്ചൻ കിടക്കുന്ന റൂമിലേക്ക് പൊയ്ക്കോ…. ” തമാശയോടെ പാതിയിൽ പറഞ്ഞു നിർത്തി മാളവിക മേശയിലേക്ക് മുഖമണച്ച് കിടക്കുന്ന അവൻ്റെ ചുമലിൽ തൊട്ടു.

“അതാവുമ്പോൾ നീ ഇത്രയും കാലം ദേഷ്യപ്പെട്ടു നടന്നിരുന്ന നിൻ്റെ അമ്മാവനോട് ഉള്ളുതുറന്ന് സംസാരിക്കാമല്ലോ…. ” മാളവിക അത്രയും പറഞ്ഞ് മാളവികയുടെ കൈയും പിടിച്ച് ഡോറിനടുത്തേക്ക് നടന്നതും, എന്തോ ആലോചിച്ചതിനു ശേഷം പിൻതിരിഞ്ഞു ഹരിയെ നോക്കി. “ഓരോന്നും പറഞ്ഞ് ഇനിയും ആ മനുഷ്യനെ വെറുതെ വേദനിപ്പിക്കരുത് ട്ടോ…. ഒരു സ്ട്രോക്ക് വന്നതിൻ്റെ ഭീതിയിൽ കിടക്കുകയാണ് ആ പാവം” മാളവികയുടെ ആ സങ്കടം നിറഞ്ഞ സംസാരം കേട്ടതും ഹരി പതിയെ എഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നു. “അമ്മാവനോടു എനിക്കിപ്പോൾ ഒരു ദേഷ്യവും ഇല്ല മാളൂ….

വന്നപ്പോൾ തന്നെ ഓടി ചെന്നു കാണണമെന്നുണ്ടായിരുന്നു….. പക്ഷേ മദ്യത്തിൻ്റെ ഗന്ധം എനിക്കു ചുറ്റും ഇപ്പോഴും ഉണ്ട്… അതു കൊണ്ടാണ് ഞാൻ അമ്മാവൻ്റെ മുന്നിലേക്ക് ഇപ്പോൾ പോകാതിരുന്നത് …..”

കുറ്റംബോധം നിറഞ്ഞ ഹരിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണീരോടെ ഒന്നു ചിരിച്ചു മാളവിക അവൻ്റെ കൈയിൽ പിടിച്ചു. “ഇപ്പോ എന്താ ഇങ്ങിനെയൊരു ബോധോദയം ഉണ്ടാകാൻ കാരണം…. അടിച്ചു പാമ്പായി വല്ല ബോധി വൃക്ഷത്തിനു ചുവട്ടിൽ പോയി കിടന്നോ?”

മാളവികയുടെ തമാശ നിറഞ്ഞ ചോദ്യം കേട്ടതും അവൻ പതിയെ അവളുടെ കൈ പിടിച്ചതും….

ചുട്ടുപൊള്ളുന്നതു പോലെ തോന്നിയപ്പോൾ പിൻവലിച്ചതും ഓരേ നിമിഷമായിരുന്നു…..

കുറ്റബോധത്തിൻ്റെ അഗ്നി തനിക്കു ചുറ്റും ആളിപടരുന്നുണ്ടെന്ന് അറിഞ്ഞ അവൻ ഒരു വരണ്ട ചിരിയുതിർത്തു. ” തെറ്റുകൾ ആർക്കും അവരറിയാതെ സംഭവിക്കും മാളൂ…. ആ തെറ്റ് ഏറ്റ് പറഞ്ഞ് പഞ്ചാത്തപിക്കുമ്പോൾ പുറം തിരിഞ്ഞ് നടക്കാതെ ആരെങ്കിലും ചേർത്തു പിടിക്കാനുണ്ടെങ്കിൽ അതൊരു വലിയ ഭാഗ്യം തന്നെയാണ് …. അമ്മാവൻ്റെ അവസ്ഥ ഇപ്പോൾ എനിക്ക് നന്നായി അറിയാം മാളൂ…. ”

നിറഞ്ഞ മിഴിയോടെ പറഞ്ഞു തീർത്ത ഹരിയുടെ തോളിൽ പുഞ്ചിരിയോടെ ഒന്ന് തട്ടി ലിസയുടെ കൈയും പിടിച്ചു പോകുമ്പോൾ, ലിസ പതിയെ അവനെ ഒന്നു തിരിഞ്ഞു നോക്കി… ഇന്നലെ വൈകീട്ട് ഭക്ഷണം കഴിച്ചതാണ് ഹരിയേട്ടൻ…. ഫ്ലൈറ്റിൽ നിന്നും കിട്ടിയ ഭക്ഷണം തനിക്കു നേരെ നീട്ടി ഹരിയേട്ടൻ പറഞ്ഞ വാക്കുകൾ അവളോർത്തു.

ഇതും കൂടി നീ കഴിച്ചോ… കാരണം നിൻ്റെ വയറ്റിൽ ഇപ്പോൾ ഒരു കുഞ്ഞും കൂടിയുണ്ട്’…..

നന്നായി കഴിക്കേണ്ട ടൈമാ ഇത് ” നീട്ടിവെച്ച ഭക്ഷണം ഒരുപാട് തവണ വേണ്ടായെന്നു പറഞ്ഞിട്ടും നിർബന്ധിച്ചു കഴിപ്പിക്കുകയായിരുന്നു…. താൻ ഭക്ഷണം കഴിക്കുന്നതും നോക്കി, വെറും മദ്യം മാത്രം കഴിക്കുകയായിരുന്നു ഹരിയേട്ടൻ….. ആ ഹരിയേട്ടനാണ് വിശപ്പില്ലായെന്ന് പറഞ്ഞ് കൺമുന്നിൽ നിൽക്കുന്നത്…. അതോർത്തപ്പോൾ അവളുടെ മനസ്സ് ഒന്നു തേങ്ങി….. എനിക്കും വിശപ്പില്ലായെന്ന് പറഞ്ഞ് ഓടിചെന്നു ഹരിയേട്ടൻ്റെ ഒപ്പം നിൽക്കണമെന്നവൾക്കു തോന്നി…. പക്ഷേ അങ്ങിനെ പറഞ്ഞാൽ മാളവിക ചിലപ്പോൾ സംശയിച്ചാലോ എന്ന പേടികൊണ്ട് ലിസ മനസുരുകി മൗനം പാലിച്ചു. നീരണിഞ്ഞ മിഴികൾക്കപ്പുറത്ത് ഹരി അവ്യക്തമാകുമ്പോൾ ഒന്നുറക്കെ വിളിക്കാൻ തോന്നിയെങ്കിലും അവൾ വേണ്ടെന്നു വെച്ചു….

ഇവിടംകൊണ്ട് ഈ ബന്ധം തീരണം…. മനസ്സിലെ മൃദുലഭാവങ്ങളിൽ നിന്ന് ഹരിയേട്ടനെ പുറംതളളണം….. കാരണം അയാൾ മറ്റൊരു പെൺകുട്ടിയുടെ സ്വന്തമാണ്…. തന്നെ പോലെ ഒരു നിമിഷം കൊണ്ടുണ്ടായ ബന്ധമല്ല…. ജന്മം കൊണ്ട് ചേർത്തുവെച്ച ബന്ധം….! അവർക്കിടയിൽ ലിസ ഒരു അധികപറ്റു തന്നെയാണ്…. നന്മയുടെ നിറകുടമായ മാളവികയെ ചതിച്ചിട്ട് ഒരു ജീവിതം നേടുന്നതിനെക്കാളും നല്ലത് ഭർത്താവ് ആരെന്ന് ചൂണ്ടി കാണിക്കാനില്ലാതെ പ്രസവിക്കുന്നതാണ്…..

മറ്റൊരു പെണ്ണിൻ്റെ കണ്ണീർ വീഴുന്നതിനെക്കാളും നല്ലത് പിഴച്ചവളെന്ന് നാട്ടുകാർ മുദ്ര ചാർത്തുന്നത് തന്നെയാണ്….. “എന്താ ലിസ ഒന്നും കഴിക്കാത്തത്?” പ്ലേറ്റിലെ മസാലദോശയിൽ നുള്ളി കൊണ്ട് ഇരിക്കുന്ന ലിസ, മാളവികയുടെ ചോദ്യം കേട്ടതും തലയുയർത്നി അവളെ നോക്കി. “വിശപ്പില്ലാ മാളൂ…. ”

“അത് പറഞ്ഞാൽ പറ്റില്ല ലിസാ….

കഴിച്ചേ മതിയാവൂ… ജോലി പോയെന്ന് വെച്ച് ടെൻഷനടിക്കണ്ട…. ഇവിടെ ഒരു ജോലി ശരിയാക്കാം…. റിസപ്ഷണിസ്റ്റായോ മറ്റോ?”

മാളവികയുടെ ആശ്വസിപ്പിക്കുന്ന വാക്കുകൾ കേട്ട ലിസ പതിയെ തലയാട്ടി. “വീട്ടിലൊക്കെ പോയി ഒരാഴ്ചയോ, ഒരു മാസമോ നിന്ന് അവരെയൊക്കെ കണ്ട് ,സന്തോഷം പങ്കിട്ട് തിരിച്ചു വന്നാൽ മതി….”

മസാലദോശ മുറിച്ചു കഴിക്കുന്നതിനിടയിൽ മാളവിക തുടർന്നു. “ലിസ ഒറ്റയ്ക്കു നാട്ടിലേക്ക് പോകണ്ട…

എൻ്റെ കാറ് കൊടുത്ത് ഹരിയെയും പറഞ്ഞു വിടാം…. ” “അതു വേണ്ട മാളൂ”

പൊടുന്നനെയായിരുന്നു ലിസയിൽ നിന്ന് ആ ശബ്ദമുതിർന്നത്….. ” ഇവിടം വരെ എത്തിച്ചതിന് ഹരിയേട്ടനോട് നന്ദിയുണ്ട്… ഇനി ഞാൻ ഒറ്റയ്ക്ക് പോകുന്നതാണ് നല്ലത്….” ലിസയുടെ മറുപടി കേട്ടതും മാളവികയുടെ മുഖം മങ്ങി….. “ലിസ എന്തു ഭ്രാന്താണീ പറയുന്നത്… കിലോമീറ്ററുകൾക്ക് അകലെയുള്ള തൊടുപുഴയിലേക്ക് ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് വിടാൻ കഴിയില്ല ലിസാ… അതും നമ്മുടെ നാട്ടിലെ ഇന്നത്തെ അവസ്ഥ വെച്ച്….” “അത് വേണ്ട മാളൂ… ഗൾഫിൽ നിന്ന് വരുന്ന ഞാൻ മറ്റൊരു ചെറുപ്പക്കാരനുമായി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ വീട്ടുകാർ ഒന്നും പറഞ്ഞില്ലെങ്കിലും നാട്ടുകാർ പലതും പറഞ്ഞെന്നിരിക്കും…..

പ്രത്യേകിച്ച് ഹരിയേട്ടനെ പോലെയൊരു ചെറുപ്പക്കാരനാകുമ്പോൾ വിളറിയ ചിരിയോടെ ലിസ പറയുമ്പോൾ, കാൻറീനിലേക്ക് വന്നിരുന്ന ഹരിയത് കേട്ട് ഞെട്ടലോടെ ഒരടി പിന്നോട്ടുവെച്ചു… ലിസ തന്നെ അവഗണിച്ചു തുടങ്ങിയെന്ന് അവന് മനസ്സിലായി… കാൻ്റിനിലേക്ക് പോകുമ്പോൾ, പോരുന്നില്ലേയെന്ന് ചോദിക്കാതിരുന്നപ്പോൾ തന്നെ സംശയിച്ചതാണ് ഈ അവഗണന….. ഇപ്പോൾ ലിസയുടെ ഈ സംസാരത്തിലൂടെ എല്ലാം ബോധ്യപ്പെട്ടിരിക്കുന്നു…

എത്ര പെട്ടെന്നാണ് പഴയ ബന്ധങ്ങൾ അവസാനിക്കുന്നതെന്നോർത്ത അതേ സമയത്ത് തന്നെയാണ് അതിലും പെട്ടെന്നാണ് പുതിയ ബന്ധങ്ങൾ തുടങ്ങുന്നതെന്നും ഹരി ഓർത്തു പോയി, ആ പരുപരുത്ത ശബ്ദം കേട്ടപ്പോൾ…. ” ഞാൻ ഡ്രോപ്പ് ചെയ്യാം ഡോക്ടർ ….” ശബ്ദം കേട്ടതും മാളവികയും, ലിസയും തിരിഞ്ഞു നോക്കി.

തൊട്ടടുത്തെ കസേരയിൽ ഇരിക്കുന്ന അലോഷിയെ അപ്പോഴാണ് മാളവിക ശ്രദ്ധിച്ചത്.

” ഡോ: അലോഷി….. ” പതിയെ മന്ത്രിച്ച് അവനു നേരെ കൈ നീട്ടിയ മാളവികയുടെ കൈ പിടിച്ചു കുലുക്കികൊണ്ട് അലോഷി ലിസയെ നോക്കി….

“ലിസയെന്നല്ലേ പേര്… പോകേണ്ടത് തൊടുപുഴയിലേക്ക്… ഒരു കാര്യം ചെയ്യ്…

കോട്ടയം കെ.എസ്.ആർ.ടി.സിയിൽ ഞാൻ ഡ്രോപ്പ് ചെയ്യാം… അവിടെ നിന്ന് ബസ് കയറിയാൽ രണ്ട് മണിക്കൂറിനുള്ളിൽ തൊടുപുഴയിലെത്താം…. ”

കറുത്ത് തടിച്ച്, താടി നീട്ടി വളർത്തിയ സിനിമാ നടൻ ലാലിനെ പോലെ തോന്നിക്കുന്ന അയാളെ ലിസ കൗതുകപൂർവം നോക്കി. ” ഡോക്ടർ അലോഷിയെന്താ ഇത്ര പെട്ടെന്ന് കോട്ടയത്തേക്ക്?”

ലീവിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ?”…

മാളവികയുടെ പുഞ്ചിരിയോടെയുള്ള ചോദ്യത്തിന് മറുപടി പോലെ അയാൾ കസേരയിൽ ഇരുന്ന് കാലിൽമേൽ കാൽ കയറ്റി വെച്ചു. “ലീവിൻ്റെ കാര്യം ഞാൻ വേണ്ടപ്പെട്ട ആളോട് പറഞ്ഞിട്ടുണ്ട്…. അത് നോട്ടീസ് ബോർഡിൽ ഇടുകയും ചെയ്തിട്ടുണ്ട് ”

മാളവികയോട് ഗൗരവമായി പറഞ്ഞ് അലോഷി ലിസയെ നോക്കി പുഞ്ചിരിച്ചു…

“ഇരുപത്തിയൊന്നാമത്തെ പെണ്ണുകാണാൻ അപ്പച്ചൻ വിളിച്ചിട്ടുണ്ട്… അവസാനമായി ഇതും കൂടി പോയി ഒന്നു നോക്കാമെന്നു വെച്ചു…. ” ” വിഷ് യു ഗുഡ്ലക്ക് ” പുഞ്ചിരിയോടെ ആശംസകൾ നേർന്ന് മാളവിക അലോഷിയെ നോക്കി തലയാട്ടി. “ഈ കുട്ടിയെ കൊണ്ടു പോകുന്നത് ഒക്കെ ശരിയാ…പക്ഷേ ഒടുക്കം ഇവൾക്കൊരു കുരിശാ വരുത് അലോഷി….” മാളവികയുടെ നർമ്മം നിറഞ്ഞ സംസാരം കേട്ടതും അലോഷി പതിയെ ചിരിച്ചു. ” ഞാനൊരു കുരിശാവുമെന്ന് വിചാരിച്ച് പലരും എന്നെ അവഗണിക്കാറുണ്ട് എന്നല്ല അവഗണിച്ചിട്ടുണ്ട്…. പക്ഷെ സത്യത്തിൽ ഞാനാരു വിശുദ്ധനാണെന്ന് ആരും അറിയാൻ ശ്രമിച്ചിട്ടില്ല ”

അലോഷി പറഞ്ഞു തീർന്നതും കസേരയിൽ നിന്നെഴുന്നേറ്റു. “പിന്നെ ഈ കുട്ടി…. ലിസ..

ഞങ്ങൾ രണ്ടും കുരിശുകളാ… പോരാത്തതിന് ഹൈറേഞ്ചിൻ്റെ സന്തതികളും… പേടിയുണ്ടോ ലിസക്ക് എൻ്റെ കൂടെ വരാൻ….?” ഡോക്ടർ അലോഷിയുടെ ചോദ്യം കേട്ട് ഇല്ലായെന്ന് തലയാട്ടി പുഞ്ചിരിയോടെ കസേരയിൽ നിന്ന് എഴുന്നേറ്റു ലിസ…. “എന്നാൽ ഇനി നേരം കളയണ്ട….

പോർച്ചിൽ എൻ്റെ കാറ് കിടക്കുന്നുണ്ട്…

ലഗേജുകൾ ഒക്കെ അതിലെടുത്ത് വെച്ചോളൂ’…. ”

അലോഷിയുടെ വാക്കുകൾ കേട്ട് ലിസ പൊടുന്നനെ കസേരയിൽ നിന്നെഴുന്നേറ്റു മാളവികയുടെ കൈ പിടിച്ചു. ” ഞാൻ പോയിട്ട് വരാം മാളു…

പോകുന്നതിനു മുൻപ് മാളൂൻ്റെ അച്ഛനെ ഒന്നു കാണണം… ” ലിസയുടെ സംസാരം കേട്ട് തലകുലുക്കിയ മാളുവിനെ കൈയിൽ ഒന്നു അമർത്തി പിടിച്ച് അവൾ കാൻ്റീനു പുറത്തേക്ക് ഓടിയതും, ഒരു ചുമരിൽ ചെന്നിടിച്ചതു പോലെ നിന്നു…. തലയുയർത്തി നോക്കിയ അവൾ കണ്ണീരോടെ നിൽക്കുന്ന ഹരിയെ കണ്ടതും, അവനിൽ നിന്നും നോട്ടം പിൻവലിച്ചു വിദൂരതയിലേക്ക് ശ്രദ്ധിച്ച്…. അവളുടെ അടിവയറിൽ പതിച്ചു വെച്ചിട്ടുള്ള അവൻ്റെ കൈ ബലമായി പിടിച്ചു മാറ്റുമ്പോൾ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി നീർ പൊടിഞ്ഞിരുന്നില്ല…..

അവളുടെ മനസ്സിലപ്പോൾ നന്മ നിറഞ്ഞ മാളവികയുടെ രൂപം മാത്രമായിരുന്നു….. തൻ്റെ കൈ പിടിച്ചു മാറ്റി മുന്നോട്ട് ഓടുന്ന ലിസയെ നോക്കി നിന്ന ഹരിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു തുടങ്ങിയിരുന്നു……

തുടരും….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: സന്തോഷ് അപ്പുക്കുട്ടൻ