മൗനാനുരാഗം തുടർക്കഥയുടെ പതിനൊന്നാം ഭാഗം വായിക്കാം…..

രചന: അമ്മു അമ്മൂസ്

ഒരു നിമിഷത്തേക്ക് ഞെട്ടിപ്പോയി ശരീരമാകെ ഒരു വിറയൽ കടന്നു പോയത് പോലെ….. എന്ത് ചെയ്യണം എന്നറിയാതെ നോക്കുമ്പോൾ സൈഡ് മിററിൽ കൂടി നോക്കി ചിരിക്കുന്നത് കണ്ടു… കൈ പിൻവലിക്കാൻ തോന്നിയില്ല….. ആദ്യം അനങ്ങാതെ ഇരുന്നെങ്കിലും റോഡിൽ വാഹനങ്ങളുടെ തിരക്ക് കൂടി വരുംതോറും അവനോട് ഒന്ന് കൂടി ചേർന്നിരുന്നു…. കൈകൾക്ക് ഇത്തിരി കൂടി ബലം കൊടുത്തു പയ്യെ അവനിലേക്ക് തലയൊന്ന് ചായ്ച്ചിരുന്നു… കണ്ണാടിയിൽ കൂടി കണ്ണുകൾ തമ്മിൽ ഒന്ന് ഇടഞ്ഞപ്പോൾ ചിരിയോടെ തല താഴ്ത്തി…. വീണ്ടും റോഡിലെ കാഴ്ചകളിലേക്ക് കണ്ണുകൾ പാഞ്ഞു….

കാണുന്ന ഓരോ കാഴ്ചയിലും പുതുമ ഉണ്ടായിരുന്നു…. ഇതിനിടയിൽ ഒരു നൂറു വട്ടം പോയ വഴിയിൽ കൂടിയാണ് പോകുന്നതെങ്കിലും കൊതിയോടെ ഓരോ കാഴ്ചയും കണ്ടിരുന്നു… നട അടക്കാറായതിനാലാകണം അമ്പലത്തിൽ വലിയ തിരക്കുണ്ടായിരുന്നില്ല….

ബൈക്ക് നിർത്തിയപ്പോൾ ശ്രദ്ധയോടെ ഇറങ്ങി…

നിവി തന്നെ ആയിരുന്നു തലയിൽ നിന്നും ഹെൽമെറ്റ്‌ ഊരി തന്നത്. മുടിയാകെ അലങ്കോലമായിരുന്നു…

വെറുതെ കൈകൾ കൊണ്ട് ഒന്ന് മാടി ഒതുക്കി അവന്റെ കൂടെ നടന്നു…. ഇവിടെ സ്ഥിരമായി വരുന്നതാണെന്ന് തോന്നുന്നു ആരെയൊക്കെയോ കൈ പൊക്കി കാണിക്കുന്നുണ്ട്… അവരൊക്കെ തന്നെയും നോക്കി സ്നേഹത്തോടെ ചിരിക്കുന്നുണ്ട്… അമ്മ എന്തൊക്കെയോ വഴിപാടുകൾ പറഞ്ഞിരുന്നു.. എല്ലാം ചെന്ന് രസീതെഴുതിച്ചു അകത്തേക്ക് കയറി….

പ്രാർത്ഥിക്കുമ്പോൾ ഏറെ നാളുകൾക്ക് ശേഷം മനസ്സിൽ ഒരു ശാന്തത ഉണ്ടായിരുന്നു… മധുമ്മ പോയതിന് ശേഷം ഇപ്പോഴാണ് പ്രാർത്ഥിക്കുന്നത്….

ഓരോ തവണയും പ്രാർത്ഥിക്കാൻ കണ്ണുകൾ അടക്കുമ്പോൾ മധുമ്മയുടെയും ദിനു മാമന്റെയും ജീവനറ്റ ശരീരവും മനുവേട്ടന്റെ ശാപവുമായിരിക്കും മനസ്സിലേക്ക് വരിക… അതുകൊണ്ട് തന്നെ പ്രാർത്ഥനകൾ ഒക്കെ എന്നേ ഉപേക്ഷിച്ചതായിരുന്നു…. ഭയമായിരുന്നു മനസ്സിൽ… താൻ പറയുന്ന പ്രാർത്ഥനകൾ പോലും മനുവേട്ടൻ പറയുന്നത് പോലെ അവരുടെ മേൽ ശാപമായി വീഴുമോ എന്നുള്ള ഭയം..

ഇത്തവണയും പ്രാർത്ഥനകൾ ഒന്നും ഉണ്ടായിരുന്നില്ല…. പക്ഷേ മനസ്സ് ശാന്തമായിരുന്നു…. വീണ്ടും വീണ്ടും ആ ശാപ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നില്ല…..

കൈകൾ കൂപ്പി നടയിലേക്ക് നോക്കി നിന്നു…

നിവിയെ നോക്കിയപ്പോൾ ആള് കാര്യമായി കണ്ണടച്ചു പ്രാർത്ഥിക്കുകയാണ്… ഇടയ്ക്കിടെ ചിരിക്കുന്നും ഉണ്ട്…. എന്താ ഇത്രയും അങ്ങ് ചിരിക്കാനുള്ളത് എന്ന് വല്ലാത്ത കൗതുകം തോന്നി…. നിവി കണ്ണ് തുറന്നു നോക്കിയപ്പോൾ അവനെത്തന്നെ ആകാംഷയോടെ നോക്കി നിൽക്കുന്ന ജാനിയെയാണ് കണ്ടത്…. അവളുടെ ഭാവം കണ്ടപ്പോൾ ചിരി വന്നു.. “”അതേ…. നമുക്ക് വീട്ടിൽ പോയി കണ്ണും കണ്ണും നോക്കി ഇരിക്കാം…. ഇപ്പൊ ഇവിടുത്തെ പ്രതിഷ്ഠ ഞാനല്ല… “”അവളുടെ കാതോരം ചേർന്നു പതിയെ പറഞ്ഞു… വല്ലാത്ത ചമ്മൽ തോന്നി….

ശെ എന്ത് വിചാരിച്ചു കാണുമോ എന്തോ…. പിന്നെ അവനെ നോക്കാൻ നിന്നില്ല… പ്രസാദം വാങ്ങുമ്പോഴും തിരികെ നടക്കുമ്പോഴും എല്ലാം തല താഴ്ത്തി പിടിച്ചിരുന്നു അവനെ നോക്കാതിരിക്കാൻ വേണ്ടി… ബൈക്കിൽ കയറിയപ്പോളും അകലേക്ക്‌ നീങ്ങി കമ്പിയിൽ മുറുക്കെ പിടിച്ചിരുന്നു… ഇരുന്ന് കുറച്ചു നേരം കഴിഞ്ഞിട്ടും ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാതിരുന്നപ്പോളാണ് അവനെ നോക്കുന്നത്….

കൈയും കെട്ടി ഇരുപ്പുണ്ട്.. മിററിൽ കൂടി തന്നെയും നോക്കി ഇരിക്കുകയാണ് ആള്… അവന്റെ അടുത്ത് ഇരിക്കാത്തതുകൊണ്ടാണ് വണ്ടി എടുക്കാത്തത് എന്ന് മനസ്സിലായി… കുറച്ചു നേരം കൂടി നോക്കിയിട്ടും ഇപ്പോഴും അതേ ഇരുപ്പ് തന്നെ ആണ് എന്ന് കണ്ടപ്പോൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു….

ഒന്നുറക്കെ ചിരിച്ചുകൊണ്ട് വണ്ടി എടുക്കുന്നത് കണ്ടു.. റോഡിലേക്ക് കയറിയപ്പോൾ അവൻ തന്നെ ആയിരുന്നു കൈ എടുത്തു മുമ്പത്തെപ്പോലെ വീണ്ടും വയറ്റിൽ ചുറ്റി വച്ചത്…

വീട്ടിലേക്ക് വന്നു കയറിയ ഉടനേ വേഗത്തിൽ ഹെൽമെറ്റ്‌ അഴിച്ചു വണ്ടിയിലേക്ക് വച്ചിട്ട് അവനെ നോക്കാതെ അകത്തേക്ക് നടന്നു… ഹാളിൽ നിന്നും അമ്മയുടെയും നിധിയുടെയും ശബ്ദം കേൾക്കാമായിരുന്നു…. “”എന്താ അമ്മേ ഇത് രാവിലെ തന്നെ…””. പിന്നാലെ കയറി വന്ന നിവി ചോദിച്ചു…. “”പിന്നെന്താ പറയണ്ടേ….

അടുക്കളയിൽ വന്നു ഒന്ന് സഹായിക്കാൻ പറഞ്ഞിട്ട് കേട്ട ഭാവം ഉണ്ടോ എന്ന് നോക്ക്…. ഗെയിം കഴിഞ്ഞു വരാം പോലും…”” ഗൗതമി നിധിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.. . കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിയതിന്റെ ആണെന്ന് തോന്നുന്നു ദേഷ്യത്തിൽ കൈയും കെട്ടി ഇരിപ്പുണ്ട്… “”ഞാൻ വരാം അമ്മേ… ഈ വേഷം ഒന്ന് മാറിക്കോട്ടെ…””

പിണങ്ങി ഇരിക്കുന്ന നിധിയെ നോക്കി ജാനി പറഞ്ഞു…. പിണക്കം മാറി ആ മുഖത്ത് വീണ്ടും കള്ളച്ചിരി വിടരുന്നത് കണ്ടു.. “”ഇവനൊറ്റ ഒരുത്തനാ ലാളിച്ചു ഈ പരുവം ആക്കിയത്….

നാളെ വേറെ ഒരു വീട്ടിലേക്ക് പറഞ്ഞു വിടണ്ട പെണ്ണല്ലേ… അവിടേം ചെന്നിട്ട് ഇങ്ങനെ ആണെങ്കിലോ…. “”ഗൗതമി ജാനിയെ നോക്കി പരിഭവം പറഞ്ഞു… അത് കേട്ടതും നിധി ഇരിക്കുന്നിടത്തുനിന്നും എണീറ്റു…. “”

ആഹാ…. എന്നേ എങ്ങോട്ടും കെട്ടിച്ചു വിടില്ല….

ഈ വീട്ടിൽ നിക്കുന്ന ചെക്കനെ കല്യാണം കഴിച്ചു കൊടുക്കൂ എന്ന് ഏട്ടൻ പറഞ്ഞല്ലോ….അല്ലേ ഏട്ടാ…

“” അവൾ നിവിയുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞതും ഗൗതമി അവനെ രൂക്ഷമായി നോക്കി…

എന്ത് പറയണം എന്നറിയാതെ ഉമിനീർ ഇറക്കി കണ്ണും തള്ളി നിൽക്കുന്ന നിവിയെ കണ്ടപ്പോൾ ജാനിക്ക് ചിരി വന്നു…. തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല… അവനെ നോക്കി പൊട്ടിച്ചിരിക്കുന്ന ജാനിയെ നിവി കണ്ണെടുക്കാതെ നോക്കി നിന്നു….മധുമ്മ പോയതിന് ശേഷം അവളൊന്നുറക്കെ ചിരിക്കാറു പോലും ഇല്ല എന്നുള്ള മുത്തശ്ശിയുടെ വാക്കുകൾ ആയിരുന്നു ഓർമ്മയിലേക്ക് വന്നത്… ചുറ്റും നിശബ്ദത നിറഞ്ഞപ്പോഴാണ് താനിപ്പോൾ എന്താ ചെയ്തത് എന്നവൾക്ക് മനസ്സിലായത്…. ചുറ്റും നോക്കിയപ്പോൾ എല്ലാവരും അതിശയത്തോടെ നോക്കി നിൽക്കുന്നത് കണ്ടു….

നിവിയുടെ മുഖത്തുള്ള ഭാവം എന്താ എന്ന് മനസ്സിലായില്ല… “”അത്…. അമ്മേ…

സോറി…. ഞാൻ ഓർക്കാതെ…. “”അവൾ പറഞ്ഞു തുടങ്ങിയപ്പോളെക്കും ഗൗതമി തടഞ്ഞു….

“”മോള്‌ ചിരിച്ചതിന് ഇവിടെ ഒരു കുഴപ്പവുമില്ല….

അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യം ദാ ഇവളുടെ വാ ഞങ്ങൾ തുന്നിക്കെട്ടില്ലായിരുന്നോ…””

നിധിയെ ചൂണ്ടി പറഞ്ഞു.. നിധി പിണക്കത്തോടെ ചുണ്ട് കോട്ടി.. “”മോള് ഇത്രേം സന്തോഷത്തിൽ ചിരിക്കുന്നത് ആദ്യമായിട്ടാ അമ്മ കാണുന്നെ….

അതുകൊണ്ട് നോക്കി നിന്നതാ…. മറ്റുള്ളവർക്ക് വേണ്ടി ഒരു ചിരി അണിയുന്നതും നമ്മൾ മനസ്സറിഞ്ഞു ചിരിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് കേട്ടോ…. “”അവളുടെ തലയിൽ ഒന്ന് തലോടി പറഞ്ഞു.. . കണ്ണും മനസ്സും ഒരുപോലെ നിറയുന്നുണ്ടായിരുന്നു….. അമ്മയെ നോക്കി ഒരിക്കൽ കൂടി ഒന്ന് ചിരിച്ചു വേഗം മുറിയിലേക്ക് നടന്നു… ഡ്രസ്സ്‌ മാറ്റി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളാണ് നിവി മുറിയിലേക്ക് വരുന്നത്…. ഇതുവരെ കാണാത്തത് പോലെ നോക്കുന്നുണ്ടായിരുന്നു…. അവനെ നോക്കാൻ എന്തോ വല്ലാത്ത മടി തോന്നി…. വേഗം മറികടന്നു പോകാൻ ശ്രമിക്കുമ്പോഴേക്കും തടസ്സമായി മുന്നിൽ നിന്നിരുന്നു…. തല ഉയർത്തി നോക്കിയില്ല….

അല്ലാതെ തന്നെ ആ നോട്ടം അറിയുന്നുണ്ടായിരുന്നു…. നെറുകയിൽ സിന്ദൂരത്തിന് മുകളിലായി ചുണ്ട് ചേർക്കുമ്പോൾ അറിയാതെ കണ്ണുകൾ അടഞ്ഞു പോയിരുന്നു…

കുറച്ചു നേരം അങ്ങനെ തന്നെ നിന്നു….നെറുകയിൽ നിന്നും ആ ചൂട് വിട്ടുമാറിയപ്പോളാണ് കണ്ണ് തുറക്കുന്നത്… അപ്പോൾ മുൻപിൽ അവൻ ഉണ്ടായിരുന്നില്ല. .. തിരിഞ്ഞു നോക്കിയപ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ അലമാരയിൽ നിന്നും മാറാനുള്ള ഡ്രസ്സ് എടുക്കുന്നത് കണ്ടു… അമ്മയുടെ അടുത്തേക്ക് നടക്കുമ്പോൾ എന്തൊക്കെയോ പറഞ്ഞറിയിക്കാൻ കഴിയാത്ത ചിന്തകൾ ഉണ്ടായിരുന്നു മനസ്സിൽ… അവയെല്ലാം നിവിയെപ്പറ്റി ആണെന്നോർത്തപ്പോൾ അറിയാതെ ഒരു ചിരി വിടർന്നു..

ആ വീട്ടിലെ ഓരോ അന്തരീക്ഷവും പുതുമ നിറഞ്ഞതായിരുന്നു…. നിവിയുടെയും നിധിയുടെയും കൂടെ ഇരുന്നാൽ മറ്റൊന്നും മനസ്സിലേക്ക് എത്തുകയില്ല….. എത്ര വഴക്കിട്ടാലും നിധിക്ക് എന്ത് കാര്യത്തിനും നിവി മതി എന്ന് തോന്നി…. അവനെ കളിയാക്കാൻ അല്ലാതെ വാ തുറക്കില്ലെങ്കിലും ഏട്ടന് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കാൻ മത്സരം ആയിരുന്നു… ഊണുമേശയിലെ കളിചിരികൾ കാണുമ്പോൾ പഴയ കാലമാണ് ഓർമ്മ വരിക…. മധുമ്മ പോകുന്നത് വരെ ഞങ്ങളുടെ വീടും ഇങ്ങനെ ആയിരുന്നു…. എല്ലാവരും ഒന്നിച്ചു….. തന്നെ പരിപാലിക്കാനുള്ള മത്സരം ആണോ എന്ന് പോലും തോന്നിപ്പോകും മധുമ്മയും മുത്തശ്ശിയും തമ്മിൽ… പലപ്പോഴും മനുവേട്ടൻ കുശുമ്പ് സഹിക്കാൻ കഴിയാതെ എണീറ്റ് പോകും…

അപ്പോഴൊക്കെ താനുറക്കെ ഉറക്കെ ചിരിക്കും….

കഴിക്കുന്നില്ലേ എന്നുള്ള അമ്മയുടെ ചോദ്യം കേട്ടപ്പോളാണ് ഇപ്പോഴും താനവരെ നോക്കി ഇരിക്കുകയാണ് എന്ന് മനസ്സിലായത്… പിന്നെ വേഗം കഴിച്ചിട്ട് എണീറ്റു.. അന്നത്തെ ദിവസം മുഴുവൻ അമ്മയെ ചുറ്റിപ്പറ്റി ആയിരുന്നു….

നിവിയുടെയും നിധിയുടെയും കുഞ്ഞിലേ കഥകൾ ഒക്കെ പറഞ്ഞു തരുന്നുണ്ട്…. രണ്ടാളുടെയും കുരുത്തക്കേടുകൾ കേൾക്കുമ്പോൾ അറിയാതെ ചിരി വരും…. ഇപ്പോഴും വലിയ മാറ്റം ഒന്നുമില്ലെന്ന് തോന്നി രണ്ടാൾക്കും… ഇടയ്ക്കിടെ നിവി വന്നു തിരക്കുന്നുണ്ടായിരുന്നു…. ആള് അടുത്ത് വന്നു ഇരിക്കുമ്പോഴേക്കും നിധിയും വരും… അമ്മയുടെ മടിയിലേക്ക് കിടക്കാൻ ആയിരുന്നു ഏറ്റവും അടി…..

രണ്ടാൾക്കും ഉറങ്ങണം… നിവി നിധിയെ തള്ളി മാറ്റി ആദ്യം തന്നെ അമ്മയുടെ മടിയിൽ കിടന്നിരുന്നു….

സങ്കടത്തോടെ അതും നോക്കി നിൽക്കുന്ന നിധിയെ കണ്ടപ്പോൾ വിഷമം തോന്നി…

ഒന്ന് വിളിച്ചപ്പോഴേക്കും അവളോടി വന്നു മടിയിൽ കിടന്നു…… നിവിയെ കൊഞ്ഞനം കുത്തി കാണിക്കുന്നുണ്ടായിരുന്നു… അങ്ങോട്ടേക്ക് നോക്കിയപ്പോൾ പല്ല് കടിച്ചു ഞങ്ങളെ നോക്കുന്ന നിവിയെയാണ് കണ്ടത്…. നിധി അവനെ ദേഷ്യം പിടിപ്പിക്കാൻ കാട്ടികൂട്ടുന്നതൊക്കെ കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി…. പതിയെ പതിയെ അവരിലൊരാളായി തന്നെ മാറുകയായിരുന്നു…

അന്ന് രാത്രി പക്ഷേ അവന്റെ അരികിലേക്ക് പോകാൻ ഇന്നലത്തെ പോലെ പേടി തോന്നിയില്ല….

നിധി നിർബന്ധിച്ചു അവളുടെ കൂടെ സിനിമ കാണാൻ ഇരുത്തിയതിനാൽ ഇത്തിരി വൈകിയിരുന്നു…..

ഇഷ്ടപ്പെട്ട സിനിമ ഇടാത്തതിൽ നിവി ആദ്യമേ തന്നെ പിണങ്ങി പോയിരുന്നു…. തന്നെയും കൂടെ ചെല്ലാൻ വിളിച്ചെങ്കിലും നിധി കൈയിൽ മുറുക്കെ പിടിച്ചു വച്ചതിനാൽ പോകാൻ പറ്റിയില്ല… മുറിയിൽ ചെന്നപ്പോഴേക്കും ആള് ഉറങ്ങി കഴിഞ്ഞിരുന്നു….

പകുതി സ്ഥലം തനിക്കായി ഒഴിച്ചു ഇട്ടിട്ടുണ്ട്….

അവന്റെ ഉറക്കത്തിനു തടസ്സമുണ്ടാക്കാതെ പതിയെ ചെന്ന് കിടന്നു… നിധിയോട് പിണങ്ങി പോന്നപ്പോൾ ഉള്ള അതേ ഭാവം തന്നെ ഇപ്പോഴും…. പിണങ്ങി തന്നെ ആണെന്ന് തോന്നുന്നു ഉറങ്ങിയത്….

വെറുതെ കുറച്ചു നേരം അവനെ തന്നെ നോക്കി കിടന്നു…. പതിയെ പതിയെ കണ്ണുകൾ അടഞ്ഞു പോകുമ്പോഴും അവനെ ആയിരുന്നു കണ്ടത്….

ഇന്നലത്തെ പോലെ വൈകാതെ അലാറം വച്ചു തന്നെ രാവിലെ എഴുന്നേറ്റു….. നിവി ഇന്നും അടുത്തുണ്ടായിരുന്നില്ല…. പക്ഷേ ജോഗിങ്നു പോയിക്കാണും എന്ന് മനസ്സിലായിരുന്നു…

വൈകുന്നേരം ആയിരുന്നു റിസപ്ഷൻ പറഞ്ഞിരുന്നത്…. ഉച്ചക്ക് തന്നെ ബന്ധുക്കൾ ഒക്കെ എത്തും എന്ന് അമ്മ പറഞ്ഞിരുന്നു… ഉച്ച വരെ നിവിയെ കാണാൻ കിട്ടിയതേ ഇല്ല….

ജോഗിങ് കഴിഞ്ഞു വന്നു കുളിച്ചിട്ടു അങ്ങ് പോയതായിരുന്നു… റിസപ്ഷൻന്റെ എന്തൊക്കെയോ അറേഞ്ച്മെന്റസ് ഉണ്ടത്രേ… ഗൗൺ ഇട്ട് ഒരുങ്ങി ഇറങ്ങിയപ്പോൾ അവൾക്ക് എന്തോ പോലെ തോന്നി….

ആദ്യമായിട്ടാണ് ഇങ്ങനെ മേക്കപ്പ് ഇടുന്നതും ഇത്രയും ഹെവി ആയിട്ടുള്ള ഡ്രസ്സ് ഇടുന്നതും ഒക്കെ….

എല്ലാം നിധിയുടെ നിർബന്ധം ആയിരുന്നു… ഒരു ബ്യുട്ടീഷൻ നേം കൊണ്ട് ഉച്ച മുതൽ തുടങ്ങിയതായിരുന്നു….. അവൾക്ക് ഏട്ടനെ ഞെട്ടിക്കണമത്രേ…. ആദ്യം കണ്ടപ്പോൾ നിവി ഒന്ന് ഞെട്ടി നിൽക്കുന്നത് കണ്ടു…. പിന്നെ നിധിയുടെ നേരെ ദേഷ്യത്തിൽ കണ്ണ് കൂർപ്പിച്ചു നോക്കി…

അവിടെ പക്ഷേ പുച്ഛ ഭാവം ആയിരുന്നു….

“”എന്താ…. മേക്കപ്പ് ഇല്ലാതെ ബാക്കി ഉള്ള ദിവസം കണ്ടാൽ മതി….. ഇന്നേ ഫോട്ടോയും വീഡിയോയും ഒക്കെ ഉള്ളതാ…. എന്റെ ഏട്ടത്തി ഏറ്റവും ബെസ്റ്റ് ആകണം…”” അതും പറഞ്ഞു അവനെ ഒന്ന് നോക്കി കലിപ്പിച്ചിട്ട് പുറത്തേക്ക് പോയി… ഈ ഒരുങ്ങിയത് നിവിക്കിഷ്ടമായില്ല എന്ന് തോന്നി….എന്തോ പേരറിയാൻ കഴിയാത്ത ഒരു സങ്കടം ഉള്ളിൽ നിറഞ്ഞു…. എന്തിനാണ് വിഷമിക്കുന്നത് എന്ന് പോലും മനസ്സിലായില്ല….

അയാൾക്ക് ഇഷ്ടമായില്ല എങ്കിൽ തനിക്കെന്തിനാണ് വിഷമം തോന്നുന്നത്…. അയാളെ കാണിക്കാൻ ഒന്നും അല്ലല്ലോ ഒരുങ്ങിയത്…. എത്രയൊക്കെ വാദപ്രതിവാദങ്ങൾ നടത്തിയിട്ടും മനസ്സ് തോറ്റു പോയിരുന്നു… അടുത്ത് വന്നു നിന്നതറിഞ്ഞിട്ടും നോക്കിയില്ല…. കണ്ണ് ചെറുതായി നനഞ്ഞിരുന്നു….

പെയ്യാനൊരുങ്ങി നിന്ന ഒരു കണ്ണുനീർ തുള്ളിയെ കവിളിൽ തട്ടും മുൻപ് വിരൽ കൊണ്ട് ഒപ്പി എടുത്തിരുന്നു അവൻ…

“”പെണ്ണെ…. നീ ഇനി കരഞ്ഞു ഈ മേക്കപ്പ് എങ്ങാനും കളഞ്ഞാൽ ഉണ്ടല്ലോ…. അവൾ വീണ്ടും ഒന്നൂടെ ഒരുക്കാൻ കയറും…. “” ഒന്നും മിണ്ടിയില്ല…. വെറുതെ നിലത്തേക്ക് നോക്കി നിന്നു….

“”എനിക്കിഷ്ടായില്ല എന്ന് വിചാരിച്ചിട്ടാ….”” ശബ്ദത്തിൽ കുസൃതി ഒളിപ്പിച്ചത് പോലെ… അതിനും മറുപടി പറഞ്ഞില്ല….

തെല്ലൊരു ജാള്യത തോന്നി തുടങ്ങിയിരുന്നു…

കണ്ണാടിയുടെ മുൻപിലേക്ക് തിരിച്ചു നിർത്തി തോളിൽ മുഖം അമർത്തി നിന്നു..””..നീ തന്നെ നോക്ക്…… നന്നായിട്ടുണ്ടോ ഇല്ലയോ എന്ന്… “”

ആദ്യം ഒന്ന് മടിച്ചെങ്കിലും അവൻ വീണ്ടും പറഞ്ഞപ്പോൾ പതിയെ മിഴികളുയർത്തി തന്റെ പ്രതിബിംബത്തിലേക്ക് നോക്കി… നന്നായിട്ടാണല്ലോ ഒരുക്കിയിരിക്കുന്നത്…. വീണ്ടും പരിഭവം കലർന്ന കണ്ണുകൾ അവന് നേരെ ചെന്നു…. “”ഞാൻ വെറുതെ പറഞ്ഞതാ പെണ്ണെ….. നിന്നെ ഈ മേക്കപ്പ് ഒന്നും ഇടാതെ കാണാനാ എനിക്ക് കൂടുതൽ ഇഷ്ട്ടം… അത്രേ ഉള്ളു…. അല്ലാതെ എന്റെ ജാനിക്കുട്ടി മോശമാണെന്നു ഞാൻ പറഞ്ഞോ….

“”അവളുടെ മൂക്കിൽ പിടിച്ചു ഒന്ന് ചെറുതായി വലിച്ചുകൊണ്ട് പറഞ്ഞു.. “”പിന്നെ അവളോട് ചെറുതായി ഒന്ന് വഴക്കിട്ടില്ലെങ്കിൽ….. നമുക്കിപ്പൊ ഇങ്ങനെ നിക്കാൻ പറ്റുമോ…. “” ഒന്ന് നിർത്തി…

“”പിന്നെ എനിക്കിഷ്ടമല്ല എങ്കിലും ചിലരുടെ ഒക്കെ മുഖം വാടുമെന്നു മനസ്സിലാകുമോ….”” ചെവിയോട് ചേർന്നു പതിഞ്ഞ സ്വരത്തിൽ പറയുമ്പോൾ ആദ്യമായി അവനുവേണ്ടി കവിളുകളിൽ ചുവപ്പ് രാശി കലർന്നിരുന്നു..

തുടരും..

അപ്പൊ ഇനി എല്ലാരും വായിച്ചിട്ട് അഭിപ്രായം പറഞ്ഞോ…. വലിയ കമന്റ്‌ തന്നാൽ ഒത്തിരി ഒത്തിരി സന്തോഷം…

രചന: അമ്മു അമ്മൂസ്

Scroll to Top