കമലമ്മായി ചേട്ടനെ ഒത്തിരി ചീത്ത പറഞ്ഞു, തലയ്ക്ക് കൈ വച്ച് പ്രാകുകയും ചെയ്തു…

രചന : സജി തൈപ്പറമ്പ്.

ബീനേ … ചായ എടുത്തോളൂ …

ഓഫീസിൽ നിന്ന് വീട്ടിലെത്തിയ അയാൾ ഭാര്യയോട്, ആജ്ഞാപിച്ചിട്ട് കെയ്യിലിരുന്ന ബാഗ് , ടീപോയിലേക്കെറിഞ്ഞ് ,

വേഗം ,പോക്കറ്റിലിരുന്ന മൊബൈലെടുത്ത് നെറ്റ് ഓൺ ചെയ്തു.

വാട്സ്ആപ്പിൽ തുരുതുരാ വന്ന് കൊണ്ടിരുന്ന മെസ്സേജുകളിൽ ഏറ്റവും മുകളിൽ കിടന്ന പേരില്ലാത്ത അക്കൗണ്ടയാൾ ആകാംക്ഷയോടെ ഓപ്പൺ ചെയ്തു.

ങ്ഹാ ചേട്ടാ .. ഇന്ന് കമലമ്മായി വന്നിരുന്നു ,സുജയ്ക്കൊരു ആലോചന വന്നിട്ടുണ്ടെന്ന് പറയാനാണ് വന്നത്,

ചെറുക്കൻ്റെ ആൾക്കാര് ,ഞായറാഴ്ച വൈകുന്നേരം , നാല് മണിക്ക് കാണാൻ വരുന്നുണ്ട് , ചേട്ടൻ നിർബന്ധമായും ചെല്ലണമെന്ന്, അമ്മായി പറഞ്ഞിട്ടുണ്ട് കെട്ടോ?

ആദ്യത്തെ മെസ്സേജ് വായിച്ച അയാൾ, അമ്പരപ്പോടെ പ്രൊഫൈലിലേക്ക് നോക്കി.

ങ്ഹേ! ഇത് തൻ്റെ ഭാര്യയുടെ അക്കൗണ്ടാണല്ലോ ?

അവളുടെ വിവാഹ സമയത്തെ ഫോട്ടോയാണ്,

പ്രൊഫൈൽ പിക് കൊടുത്തിരിക്കുന്നത്,

പക്ഷേ അവളെപ്പോഴാണ് വാട്‌സ്ആപ് അക്കൗണ്ടെടുത്തത്?

ഉദ്വോഗത്തോടെ അയാൾ ആദ്യത്തെ മെസ്സേജിൻ്റെ മുകളിലെ സമയം നോക്കി.

17/12/2021 രാത്രി എട്ട് മണിക്കാണ്, മെസ്സേജ് സെൻഡ് ചെയ്തിരിക്കുന്നത്

അയാൾ മൊബൈലിൽ നിന്ന് തല ഉയർത്തി ചുമരിലെ കലണ്ടറിലേക്ക് കണ്ണോടിച്ചു.

ഇന്ന് 20/12/2021 തിങ്കളാഴ്ചയാണല്ലോ ?

അപ്പോൾ ഇന്നലെ ഞായറാഴ്ചയായിരുന്നു,

അമ്മായീടെ മോളെ കാണാൻ ചെറുക്കൻകൂട്ടര് വന്നത് ഇന്നലെ അല്ലായിരുന്നോ ?

ഈശ്വരാ … ഇനി അമ്മായീടെ മുഖത്ത് താൻ എങ്ങനെ നോക്കും ,ചെറുപ്പത്തിലേ അമ്മ മരിച്ചതിൻ്റെ കുറവ് ,ഒരു പരിധി വരെ അറിയാതിരുന്നത്, കമലമ്മായി ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ്,

അമ്മായീടെ മോളുടെ ഒരാവശ്യത്തിന്, തന്നെ ഇവിടെ വന്ന് ക്ഷണിച്ചെങ്കിൽ, അത് തന്നോട് അമ്മായിക്ക് അത്ര മാത്രം സ്നേഹമുള്ളത് കൊണ്ടല്ലേ ? ,ഇങ്ങനെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ, എന്നും വീട്ടിലെത്തുന്ന തന്നോട് നേരിട്ട് പറയാതെ ,വാട്സ്ആപ്പിലൂടെ അറിയിക്കുകയാണോ തൻ്റെ ഭാര്യ ചെയ്യേണ്ടത്?

എടീ ബീനേ …

അയാൾ രോഷത്തോടെ അടുക്കള ഭാഗത്തേയ്ക്ക് നോക്കി, വിളിച്ചു.

എന്താ ചേട്ടാ … എന്തേലും കഴിക്കാൻ വേണോ?

അവൾ, അയാളുടെ മുന്നിൽ വന്ന് ,നിർവികാരതയോടെ ചോദിച്ചു.

എടീ … നിനക്ക് സാമാന്യബുദ്ധിയില്ലേ? ഇത്തരം സീരിയസ്സ് മാറ്റർ, എന്നോട് നേരിട്ടല്ലേ പറയേണ്ടത്?

നിൻ്റെ വായിലെന്താ പഴമായിരുന്നോ ?

നീയിങ്ങനെ വാട്സപ്പിലൂടെ മെസ്സേജിട്ടത് കൊണ്ടല്ലേ?സുജയുടെ പെണ്ണ് കാണൽ ചടങ്ങിന് ,ഇന്നലെ എനിക്ക് പോകാൻ പറ്റാതിരുന്നത് ,

അല്ലാ .. നീയെന്ന് മുതലാണ് വാട്സ്ആപ് യൂസ് ചെയ്യാൻ തുടങ്ങിയത് ?

കലി കൊണ്ടയാൾ ഉറഞ്ഞ് തുള്ളുകയായിരുന്നു.

കുറച്ച് നാൾ മുൻപ് വരെ നിങ്ങളോട് ഞാൻ എല്ലാ കാര്യങ്ങളും നേരിട്ട് പറയുന്നുണ്ടായിരുന്നു,

പക്ഷേ, നിങ്ങളൊന്നും കേൾക്കുന്നുണ്ടായിരുന്നില്ലാ,

എന്ന് മാത്രമല്ല, എൻ്റെ മുഖത്തേയ്ക്ക് പോലും നോക്കിയിട്ട് എത്ര ദിവസങ്ങളായി ,

അത് കൊണ്ടാണ്, നിങ്ങൾ മുടങ്ങാതെ എന്നും നോക്കിക്കൊണ്ടിരിക്കുന്ന ,

വാട്സപ്പിലേയ്ക്ക് മെസ്സേജിട്ടത്,

നിങ്ങൾ എല്ലാ മെസ്സേജും നോക്കിയോ? ഇല്ലെങ്കിൽ ബാക്കിയുള്ള മെസ്സേജുകൾ കൂടി വായിച്ച് നോക്ക്

എനിക്ക് അടുക്കളയിൽ പണിയുണ്ട് ,

എട്ട് മണിയാകുമ്പോൾ നിങ്ങൾക്ക് കഴിക്കാൻ തരണ്ടേ ?

നീരസത്തോടെ അത്രയും പറഞ്ഞ്, ഭാര്യ അടുക്കളയിലേക്ക് വലിഞ്ഞപ്പോൾ ,അയാൾ അടുത്ത മെസ്സേജുകളിലേക്ക് നോക്കി

19/12/2021, 9 Am

ചേട്ടാ … ഇന്ന് വൈകിട്ട് നാല് മണിക്കാണ്,

സുജയെ പെണ്ണ് കാണാൻ ,ചെറുക്കൻകൂട്ടര് വരുന്നത്, മറക്കല്ലേ ?.

20/12/2021, 5:30 pm

ഇന്ന് കമലമ്മായി വീണ്ടും വന്നിരുന്നു ,ചേട്ടനെ അവര് ഒത്തിരി ചീത്ത പറഞ്ഞു, തലയ്ക്ക് കൈ വച്ച് പ്രാകുകയും ചെയ്തു ,

എൻ്റെ വിയർപ്പിൻ്റെ ഫലം കൊണ്ടാണ്, അവനൊരു ഉദ്യോഗസ്ഥനായതെന്നും, വന്ന വഴി മറക്കരുതെന്നും ,എന്നെ വേദനിപ്പിച്ചാൽ,

അവനൊരിക്കലും ഗുണം പിടിക്കില്ലെന്നുമൊക്കെ പോകാൻ നേരത്ത് ശപിക്കുന്നത് പോലെ പറയുകയും ചെയ്തു,

അവസാന മെസ്സേജിലേക്ക് നോക്കിയിട്ട് , അയാൾ പകച്ചിരുന്ന് പോയി.

NB : സോഷ്യൽ മീഡിയ ആവശ്യത്തിനാവാം,

പക്ഷേ അതിര് കടന്നാൽ അതുചിലപ്പോൾ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തും

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ്.


Comments

Leave a Reply

Your email address will not be published. Required fields are marked *