മൗനാനുരാഗം തുടർക്കഥയുടെ ഭാഗം 12 ഒന്ന് വായിച്ചു നോക്കൂ….

രചന: അമ്മു അമ്മൂസ്

“”ഞാൻ വെറുതെ പറഞ്ഞതാ പെണ്ണെ….. നിന്നെ ഈ മേക്കപ്പ് ഒന്നും ഇടാതെ കാണാനാ എനിക്ക് കൂടുതൽ ഇഷ്ട്ടം… അത്രേ ഉള്ളു…. അല്ലാതെ എന്റെ ജാനിക്കുട്ടി മോശമാണെന്നു ഞാൻ പറഞ്ഞോ…. “”അവളുടെ മൂക്കിൽ പിടിച്ചു ഒന്ന് ചെറുതായി വലിച്ചുകൊണ്ട് പറഞ്ഞു.. “”പിന്നെ അവളോട് ചെറുതായി ഒന്ന് വഴക്കിട്ടില്ലെങ്കിൽ…..

നമുക്കിപ്പൊ ഇങ്ങനെ നിക്കാൻ പറ്റുമോ…. “” ഒന്ന് നിർത്തി… “”പിന്നെ എനിക്കിഷ്ടമല്ല എങ്കിലും ചിലരുടെ ഒക്കെ മുഖം വാടുമെന്നു മനസ്സിലാകുമോ….”” ചെവിയോട് ചേർന്നു പതിഞ്ഞ സ്വരത്തിൽ പറയുമ്പോൾ ആദ്യമായി അവനുവേണ്ടി കവിളുകളിൽ ചുവപ്പ് രാശി കലർന്നിരുന്നു.. അവനെ നോക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ വേഗം തന്നെ മുറിക്ക് പുറത്തേക്ക് നടന്നു…. ഇനിയുമവളെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട എന്ന് വിചാരിച്ചു നിവി തടയാൻ നിന്നില്ല.. ഹാളിൽ എത്തിയപ്പോളേക്കും നിധി ഓടി വന്നിരുന്നു….. ഏതൊക്കെയോ കൂട്ടുകാരുമുണ്ട് ചുറ്റും… എല്ലാരേം കാര്യമായി പരിചയപ്പെടുത്തുന്നുണ്ട്… അവരോട് വിശേഷം പറഞ്ഞു നിന്ന് നേരം പോയതറിഞ്ഞില്ല…

നിവി ഒരുങ്ങി വന്നപ്പോഴാണ് ഇറങ്ങാൻ നേരമായി എന്ന് അറിഞ്ഞത്… അടുത്തുള്ള ഒരു കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു പാർട്ടി…

അവനെ നോക്കാൻ വല്ലാത്ത ചമ്മൽ തോന്നി…

എവിടേക്ക് തിരിഞ്ഞാലും ആ കണ്ണുകൾ വിടാതെ തന്റെ പിന്നാലെ ഉള്ളത് പോലെ… നിധിയുടെ കൂടെ തന്നെ നിന്നു…..നിവി അടുത്തേക്ക് വരുമ്പോളേക്കും അവളെന്തെങ്കിലും പറഞ്ഞു ആള് വന്നവഴി തന്നെ വീണ്ടും തിരികെ പോകും…

അലങ്കരിച്ച സ്റ്റേജിൽ നിവിയുടെ അടുത്തായി നിൽക്കുമ്പോൾ വല്ലാത്ത പേടി തോന്നി അവൾക്ക്….

യാതൊരു പരിചയവും ഇല്ലാത്ത ആളുകൾ ആയിരുന്നു ചുറ്റും…. ഹോസ്പിറ്റലിൽ നിന്നും വന്നവർ തന്നെ എല്ലാവരും കൂടിയിരുന്നു കാര്യമായി ചർച്ച നടത്തുന്നത് കണ്ടു…. എന്താകും വിഷയം എന്ന് തനിക്കു നേരെ ഇടക്കിടെ പാളി വീഴുന്ന ചുഴിഞ്ഞു നോട്ടങ്ങൾ കാണുമ്പോൾ ഊഹിക്കാൻ കഴിയുന്നതേ ഉണ്ടായിരുന്നുള്ളു… മൂന്ന് മാസം കൊണ്ട് ഡോക്ടറെ കല്യാണം കഴിച്ച കഥ ഒളിഞ്ഞും തെളിഞ്ഞും കാതിൽ മുഴങ്ങിയപ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ തോന്നി… പക്ഷേ അപ്പോഴേക്കും അവന്റെ കൈകൾ ചേർത്ത് നിർത്തിയിരുന്നു…. സങ്കടം നിറഞ്ഞ കണ്ണുകളോടെ നോക്കിയപ്പോൾ ഒന്നുമില്ല എന്ന് കണ്ണ് ചിമ്മി കാണിച്ചു… ഫങ്ക്ഷൻ അവസാനിക്കുന്നത് വരെയും ഒരിക്കൽ പോലും ആ കൈകൾ അടർന്നു മാറിയില്ല… വല്ലാത്തൊരു ധൈര്യം ഉള്ളിൽ നിറയുന്നുണ്ടായിരുന്നു…. രാത്രിയോടടുത്തിരുന്നു പരിപാടി ഒക്കെ അവസാനിച്ചപ്പോൾ…..

ചെറിയച്ഛന്റെയും ചെറിയമ്മയുടെയും കൂടെ കുറച്ചു ദിവസം നിൽക്കാൻ നിൽക്കാൻ വന്നതിനാൽ മുത്തശ്ശിയും എത്തിയിരുന്നു…. പതിവ് പോലെ ജോലിയുടെ തിരക്ക് പറഞ്ഞു മനുവേട്ടൻ ഒഴിഞ്ഞു മാറിയിരുന്നു…. അല്ലെങ്കിലും മനുവേട്ടന് തന്റെ കാര്യം വരുമ്പോൾ എന്നും തിരക്കായിരുന്നു…

മുത്തശ്ശിയെ കണ്ടപ്പോൾ തന്നെ നിവി ജാനിയെയും കൂട്ടി സ്റ്റേജിൽ നിന്നും ഇറങ്ങി മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു…. താനടുത്തുണ്ട് എന്ന് പോലും ശ്രദ്ധിക്കാതെ രണ്ടാളും സംസാരിക്കുമ്പോൾ വല്ലാത്ത കുശുമ്പ് തോന്നി…. നിവി മനപ്പൂർവം ഇവിടുത്തെ ജാനിയുടെ കാര്യങ്ങൾ ഒക്കെ ഒരു പരാതി പോലെ മുത്തശ്ശിയോട് പറഞ്ഞു…. തിരിച്ചു അവിടെ നിന്നും അതിന്റെ പത്തിരട്ടി പരാതികൾ പറയുന്നുണ്ടായിരുന്നു… വല്ലാതെ ദേഷ്യം വന്നു….

ബലമായി കൈ വിടുവിച്ചു പിണങ്ങി തിരിഞ്ഞു പോകുമ്പോൾ പിന്നിൽ നിന്നും ചിരികൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു…

സമയം വളരെ വേഗത്തിൽ ആയിരുന്നു എന്ന് തോന്നി കടന്നു പോയത്….. കഴിഞ്ഞ ഒരാഴ്ചയും വിരുന്നുകൾ ആയിരുന്നു… മുത്തശ്ശി ചെറിയച്ഛന്റെ വീട്ടിൽ ഉണ്ടായിരുന്നതിനാൽ കോട്ടയത്തേക്ക് പോകേണ്ടി വന്നില്ല…. അധികം വൈകാതെ തന്നെ മനുവേട്ടന്റെ കല്യാണം നടത്തുമ്പോൾ അങ്ങോട്ട് വന്നാൽ മതി എന്ന് മുത്തശ്ശി തന്നെ ആയിരുന്നു പറഞ്ഞത്…. ചെറിയച്ഛന്റെ വീട്ടിൽ നിന്ന ദിവസം മുഴുവൻ മുത്തശ്ശിയുടെ കൂടെ തന്നെ ആയിരുന്നു….

ദിവസങ്ങൾക്കു ശേഷം ആ മടിയിൽ കിടന്നുറങ്ങുമ്പോൾ വല്ലാത്ത സമാധാനം തോന്നി…

ഇടയ്ക്കിടെ നിവി വന്നു ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കുമെങ്കിലും മുത്തശ്ശിയെ മാത്രം വിട്ടു കൊടുത്തില്ല….

മുറുക്കെ കെട്ടിപ്പിടിച്ചിരുന്നു….

അവിടെ നിന്നും പോരുമ്പോൾ വീണ്ടും വല്ലാത്ത സങ്കടം വന്നു മൂടി…. അതു മനസ്സിലാക്കിയിട്ടാകണം അന്നത്തെ ദിവസം മുഴുവൻ നിധിയും നിവിയും മനഃപൂർവം ഓരോന്ന് പറഞ്ഞു വഴക്കുണ്ടാക്കി പിന്നാലെ ഉണ്ടായിരുന്നു… ഒരിത്തിരി നേരം പോലും ഒറ്റക്ക് വിഷമിച്ചിരിക്കാൻ സമ്മതിച്ചില്ല… നിവിയുടെ ബന്ധുക്കളുടെ വീട്ടിൽ വിരുന്നിന് പോകുന്നതായിരുന്നു ലേശം വിഷമമുണ്ടാക്കിയത്…… നേഴ്സ് ആയ ഒരു പെണ്ണിനെ ഡോക്ടറെ കൊണ്ട് കല്യാണം കഴിപ്പിച്ചത് അവരിൽ പലർക്കും ഇഷ്ടമായില്ല എന്ന് തോന്നി….

പുറമേ ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും ഉള്ളിലുള്ള നീരസം പറയുന്ന വാക്കുകളിലും നോട്ടത്തിലും ഒക്കെ കലർന്നിരുന്നു… എങ്ങനെ എങ്കിലും അവിടെ നിന്നും ഇറങ്ങിയാൽ മതി എന്ന് തോന്നിയിരുന്നു…. പക്ഷേ പുറമേ ഒന്നും കാണിച്ചില്ല… എത്രയൊക്കെ ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും ഉള്ളിലെ വിഷമം തിരിച്ചറിഞ്ഞിട്ടാകാം അവരൊക്കെയും അവിടെ നിൽക്കാൻ നിർബന്ധിച്ചിട്ടും ഇല്ലാത്ത തിരക്കുകൾ പറഞ്ഞു ഓരോ തവണയും നിവി ഇറങ്ങിയത്…

ഇതിനിടയിലെപ്പോഴോ അവനൊരു സുഹൃത്തായിരുന്നു…. ഒരുപക്ഷേ തനിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും നല്ല സുഹൃത്ത്…..

എങ്ങനെയാണ് ഒരു വാക്ക് പോലും പറയാതെ തന്റെ വിഷമങ്ങൾ അറിഞ്ഞു അതിന് പരിഹാരം കാണുന്നതെന്ന് തോന്നിയിട്ടുണ്ട്…. മുഖമൊന്നു വാടുമ്പോഴേക്കും നിവിയും നിധിയും അരികിൽ ഉണ്ടാകും….. തന്നോടായി ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ തമാശയും തല്ല് കൂടലും ഒക്കെ കാണുമ്പോൾ ഉള്ളിലെ വിഷമങ്ങൾ ഒക്കെ എങ്ങോട്ടെന്നില്ലാതെ അലിഞ്ഞു പോകും…..

ജോലിക്ക് വീണ്ടും പോയി തുടങ്ങിയതിനു ശേഷം നിവിയോടൊപ്പമുള്ള സമയം കുറഞ്ഞിരുന്നു….

ഉള്ളിൽ സങ്കടം നിറയുമ്പോൾ അതിശയമായിരുന്നു…

ഒരിക്കൽ ആരെ കാണരുതെന്നാണോ ആഗ്രഹിച്ചത് ഇന്ന് അയാളെ കണ്ടില്ലെങ്കിൽ ഉള്ളിൽ ഒരു കുന്നോളം സങ്കടം നിറയുന്നു…. ഹോസ്പിറ്റലിലേക്ക് പോകുന്നതും വരുന്നതും അവനോടൊപ്പമായിരുന്നു….

രോഗികളെ പരിശോധിക്കാനല്ലാതെ ഓഫീസ് കാര്യങ്ങൾ നോക്കാൻ മടി ഉള്ള ആൾ തന്റെ ഒപ്പം വരാൻ വേണ്ടി അച്ഛനെ സഹായിക്കാൻ നിൽക്കുന്നത് കാണുമ്പോൾ ചിരി വരും…. മുൻപ് സൗഹൃദത്തോടെ നോക്കിയ പല കണ്ണുകളിലും ഇന്നൊരു തരം അകലം നിറഞ്ഞു നിന്നിരുന്നു….

ചിലതിൽ നീരസം മറ്റു ചിലതിൽ പുച്ഛം…. പക്ഷേ അവയൊന്നും ബാധിക്കുന്നതായിരുന്നില്ല….

ഒരുപക്ഷേ ഇന്ന് വരെ അനുഭവിച്ച വേദനകളെക്കാൾ വീര്യം കുറവായത്കൊണ്ടാകാം….

രാവിലെ മുതൽ അവൾക്കെന്തോ വല്ലാത്ത അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു….. നൈറ്റ്‌ ഡ്യൂട്ടിയുടെ ഷിഫ്റ്റ്‌ കഴിഞ്ഞതിനാൽ ഓഫ് ആയിരുന്നു… അതുകൊണ്ട് വീണ്ടും കുറച്ചു നേരം കൂടി ഉറങ്ങി… നിവി രാവിലെ തന്നെ പോയിരുന്നു…. ഇനി വൈകുന്നേരം ആകുമ്പോളെ വരൂ… ഉറങ്ങി എഴുന്നേറ്റു കഴിഞ്ഞിട്ടും അതേ പേടി ഉള്ളിൽ നിറഞ്ഞു…. ഇതിനു മുൻപും ഇങ്ങനെ തോന്നിയിട്ടുണ്ട് അന്നൊക്കെ തനിക്കേറെ പ്രിയപ്പെട്ടതിനെ വിധി തന്നിൽ നിന്നും തട്ടി എടുക്കുകയായിരുന്നു…. അറിയാതെ കൈ താലിയിലേക്ക് നീണ്ടു….. അടുത്തു തുടങ്ങുമ്പോളെക്കും തന്നിൽ നിന്നും തട്ടിയെടുക്കുകയാണോ എന്ന് തോന്നി… താലിയിൽ മുറുക്കെ പിടിച്ചു കണ്ണടച്ചു പ്രാർത്ഥിച്ചിരുന്നു….

നിവിയുടെ മുഖം മാത്രം ആയിരുന്നു മനസ്സിൽ തെളിഞ്ഞത്…. ഇനിയും അവനിൽ നിന്നും ഒരു തിരിച്ചുപോക്കില്ലാത്ത വിധം ആ മുഖം ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു…. “”ഏട്ടത്തി ഞാൻ പറയുന്നത് എന്തെങ്കിലും കേൾക്കുന്നുണ്ടോ….””

പരിഭവത്തോടെ നിധി തട്ടി വിളിച്ചപ്പോളാണ് കണ്ണ് തുറക്കുന്നത്… “”എന്താ ഏട്ടത്തി…. എന്തിനാ കരയണേ…. എന്തെങ്കിലും കുഴപ്പമുണ്ടോ…

“”ജാനിയുടെ കലങ്ങി ചുവന്ന കണ്ണുകൾ കണ്ടപ്പോൾ നിധി പെട്ടെന്ന് ചോദിച്ചു.. കണ്ണുകൾ ചെന്നത് ക്ലോക്ക്ലേക്കായിരുന്നു നിവി വരണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു….

“”ഏട്ടത്തി…..എന്താ….””വീണ്ടും ജാനി മറുപടി ഒന്നും പറയാതെ വാതിലിലേക്ക് നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ നിധി വീണ്ടും പരിഭ്രമത്തോടെ ചോദിച്ചു… “”ഒന്നുമില്ലെടാ….. ചെറിയ ഒരു തലവേദന..””

അവളുടെ ശബ്ദത്തിലെ പേടി തിരിച്ചറിഞ്ഞപ്പോൾ പെട്ടെന്ന് പറഞ്ഞു…

“”ഹോ…. അതായിരുന്നോ…. ഇങ്ങനെ മിണ്ടാതെ കണ്ണും നിറച്ചു ഇരുന്നപ്പോൾ ഞാൻ പേടിച്ചു പോയില്ലേ…. ഏട്ടത്തി ഇവിടെ ഇരിക്ക്….ഞാൻ വേഗം പോയി മരുന്നെടുത്തു വരാം… “” തടയാൻ കഴിയുന്നതിനു മുൻപേ അവൾ മുറിയിലേക്ക് ഓടിയിരുന്നു…. ഓരോ നേരത്തും ഓരോ സ്വഭാവം ആണെന്ന് തോന്നി….. രാവിലെയും കൂടി നിവിയോട് തല്ല് കൂടിയ ആ കുഞ്ഞിപ്പെണ്ണിൽ നിന്നും പെട്ടെന്നവൾക്ക് പക്വത വന്നത് പോലെ… വാതിൽ കടന്നു അകത്തേക്ക് വരുന്ന നിവിയെ കണ്ടപ്പോൾ ശ്വാസം നേരെ വീണത് പോലെ തോന്നി….

ഓടുകയായിരുന്നു അവന്റെ അരികിലേക്ക്….

“”എവിടെയായിരുന്നു… ഇതുവരെ… “”

ചോദിക്കുന്നതിനു മുൻപ് തന്നെ ആ നെഞ്ചിൽ മുഖം അമർത്തി കെട്ടിപ്പിടിച്ചിരുന്നു…. കാര്യമെന്താ എന്നറിയാതെ നിവി തരിച്ചു നിന്നു പോയി….

അവളെ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു….

“”ഇത്തിരി തിരക്കായിപ്പോയി പെണ്ണെ ഓഫീസിൽ….

പതിയെ അവളുടെ പുറത്ത് തട്ടിക്കൊടുത്തു ….

വിട്ട് മാറാൻ മടിയുള്ള കുട്ടിയെ പോലെ അവളപ്പോഴും അവനോട് ചേർന്നു നിന്നിരുന്നു….

“”ആഹാ….. ഇതായിരുന്നല്ലേ തലവേദന….””

നിധിയുടെ ശബ്ദം കേട്ടപ്പോളാണ് പിടഞ്ഞു മാറിയത്… തിരിഞ്ഞു നോക്കിയപ്പോൾ തൊട്ട് പിന്നിലായി മൂക്കത്തു വിരൽ വച്ചു നിൽക്കുന്നുണ്ടായിരുന്നു…. നിവിയെ നോക്കിയപ്പോൾ ആ മുഖത്തും അതേ കള്ള ചിരി…

രണ്ടാളുടെയും ചിരി കണ്ടപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല… “”ഞാൻ…. ഞാൻ കോഫി എടുക്കാം… “” രണ്ടു പേരും പിന്നിൽ നിന്നും വിളിക്കുന്നത് കേട്ടിട്ടും അടുക്കളയിലേക്ക് നടന്നു..

കോഫിയും കൊണ്ട് മുറിയിൽ എത്തിയപ്പോൾ നിവി തലക്ക് കൈ കൊടുത്തു കിടക്കുകയായിരുന്നു…

“”തല വേദനിക്കുന്നുണ്ടോ….””. അടുത്തേക്ക് ചെന്നിരുന്നു പതിയെ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി…. “”പനി ഒന്നും ഇല്ല… “” “”ഹെയ്…. നല്ല ക്ഷീണം…

ഒന്ന് ഉറങ്ങണം അത്രേ ഉള്ളു… “”അവളുടെ മുഖത്ത് വിരിഞ്ഞ പരിഭ്രമം നോക്കി ഒരു ചിരിയോടെ പറഞ്ഞു… ഉള്ളിലാകെ ഒരു സന്തോഷം നിറയുന്നുണ്ടായിരുന്നു…. “”എങ്കിൽ കോഫി ഉറങ്ങി എണീറ്റിട്ടു തരാം…. കോഫി കുടിച്ചാൽ ഉറക്കം പോകും….”” കപ്പ്‌ ടേബിളിലേക്ക് മാറ്റി വച്ചു അവന്റെ അടുത്ത് ഇരുന്നു… മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു…. ഇന്നത്തെ ജോലിയുടെ ആകാം..

അരികിലിരുന്നു പതിയെ മുടിയിഴകളിൽ കൂടി വിരലോടിക്കുമ്പോൾ അവൻ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു…. കാര്യമാക്കാൻ നിന്നില്ല… ചിരിയോടെ അത് തന്നെ തുടർന്നു…

കുറച്ചു നേരം കൂടി അവനങ്ങനെ നോക്കി കിടന്നെങ്കിലും ക്ഷീണം കാരണം വേഗം തന്നെ മയങ്ങിപ്പോയി…

ഉറങ്ങി കഴിഞ്ഞിട്ടും അവന്റെ അടുത്ത് തന്നെ ഇരുന്നു…. നെറ്റിയിലും മുടിയിലുമൊക്കെ മാറി മാറി വിരലോടിച്ചു… ഇടക്ക് ഫോൺ ബെല്ലടിച്ചപ്പോൾ ആ മുഖം ഒന്ന് ചുളിയുന്നത് കണ്ടു… വേഗം എടുത്തു നോക്കി സിം കമ്പനിക്കാരാണ്…. കട്ട്‌ ആക്കി വിട്ടു… വീണ്ടും ബെല്ലടിക്കാൻ തുടങ്ങിയപ്പോഴേക്കും വേഗം സൈലന്റ് ആക്കി…. അവൻ നല്ല ഉറക്കത്തിൽ ആയി എന്ന് മനസ്സിലായപ്പോൾ പതിയെ എഴുന്നേറ്റു ശബ്ദമുണ്ടാക്കാതെ കതക് ചാരി പുറത്തേക്കിറങ്ങി… അത്താഴം കഴിക്കാൻ നേരമായിട്ടും ഉറക്കം എഴുന്നേറ്റു വരാതെ ആയപ്പോളാണ് വീണ്ടും മുറിയിലേക്ക് നടന്നത്…

അതുവരെ ശല്യപ്പെടുത്താൻ തോന്നിയില്ല… പകുതി വഴി എത്തിയപ്പോളേ ആള് വേഗത്തിൽ നടന്നു വരുന്നത് കണ്ടു… “”ക്ഷീണം ഒക്കെ മാറിയോ…””. അടുത്തേക്ക് നടന്നു ചോദിച്ചെങ്കിലും ശ്രദ്ധിക്കാതെ വേഗം മറികടന്നു പോയി… ആ മുഖം വലിഞ്ഞു മുറുകിയിരുന്നു… ഒരു നിമിഷം സ്തംഭിച്ചു നിന്നു…

ഊണ് മുറിയിൽ നിന്നും അമ്മയും ചോദിക്കുന്നത് കേട്ടപ്പോൾ വേഗത്തിൽ വാതിലിന്റെ അടുത്തേക്ക് ഓടി…. പക്ഷേ അപ്പോഴേക്കും വണ്ടി എടുത്തു പോയിക്കഴിഞ്ഞിരുന്നു…. വളരെ വേഗത്തിൽ ഗേറ്റ് കടന്നു പോകുന്ന ആ കാർ നോക്കി നിൽക്കെ ഉള്ളിൽ വീണ്ടും ഭയത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നതറിഞ്ഞു….

തിരികെ നടക്കുമ്പോൾ മനസ്സ് ഇവിടെ ഒന്നും ആയിരുന്നില്ല…. അച്ഛനും അമ്മയും നിധിയുമെല്ലാം സംശയത്തോടെ നോക്കുന്നത് കണ്ടു… അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല….

അത്രത്തോളം ഭയം മനസ്സിനെ വരിഞ്ഞു മുറുക്കിയിരുന്നു…. അമ്മ നിർബന്ധിച്ചു കഴിക്കാൻ ഇരുത്തിയിട്ടും ഒരു വറ്റ് പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല… ശ്വാസം പോലും തടഞ്ഞിരിക്കുന്നത് പോലെ… തന്റെ മനസ്സ് അറിഞ്ഞിട്ടാകണം അമ്മ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…..

ഹോസ്പിറ്റലിൽ എന്തെങ്കിലും എമർജൻസി ഉണ്ടായി കാണും എന്ന്…

പക്ഷേ എത്രയൊക്കെ ആശ്വാസ വാക്കുകൾ കേട്ടിട്ടും അതിലൊന്നിന് പോലും മനസ്സിനെ തണുപ്പിക്കാൻ കഴിഞ്ഞില്ല… അവനും തന്നിൽ നിന്നും അകലുകയാണോ എന്ന് തോന്നി…. അമ്മ കൂട്ടിരിക്കാം എന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചു പറഞ്ഞയച്ചു… തന്റെ മനസ്സിലെ പേടി അവരെക്കൂടി അറിയിക്കാൻ തോന്നിയില്ല…. ഇതിനിടയിൽ പല തവണ ഫോൺ വിളിച്ചെങ്കിലും ഒരിക്കൽ പോലും എടുത്തില്ല….

ആദ്യമൊക്കെ ബെല്ലടിച്ചു നിന്നിരുന്നു….. പിന്നീട് വിളിക്കുമ്പോൾ ഓരോ തവണയും സ്വിച്ചഡ് ഓഫ് എന്ന് കേൾക്കുമ്പോൾ നിലക്കുന്നത് തന്റെ ഹൃദയം കൂടി ആണെന്ന് തോന്നി അവൾക്ക്… അന്യോന്യം മത്സരിച്ചു പായുന്ന സെക്കന്റ്‌ സൂചിയും മിനിറ്റ് സൂചിയും നോക്കി മുറിയിൽ ചടഞ്ഞിരുന്നു…. മറ്റൊന്നും മനസ്സിലേക്ക് വന്നിരുന്നില്ല…. ആകെ മരവിച്ചു പോയിരുന്നു….

ആരോ വാതിൽ തള്ളി തുറക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേൽക്കുന്നത്…. നിവിയെ കണ്ടപ്പോൾ അത്രയും നേരം പിടഞ്ഞ ഹൃദയത്തിനു ശ്വാസം കിട്ടിയ പോലെ തോന്നി… ഓടി ചെന്നു അവനെ ഇറുക്കെ പുണരുമ്പോൾ ആ കലങ്ങി ചുവന്ന കണ്ണുകളും ഗൗരവം നിറഞ്ഞു നിന്ന മുഖവും ശ്രദ്ധിച്ചിരുന്നില്ല…

അവനിട്ട ഷർട്ട്‌ കണ്ണീരാൽ കുതിരുമ്പോൾ പോലും ആ കൈകൾ ഒന്ന് ചേർത്ത് പിടിക്കാതിരുന്നപ്പോഴാണ് മുഖമുയർത്തി അവനെ പതിയെ നോക്കുന്നത്… ശില പോലെ നിൽക്കുകയായിരുന്നു…. തന്നിലേക്ക് ഒരു നോട്ടം പോലും നോക്കാതെ അകലേക്ക്‌ മിഴികൾ നട്ട് മുഷ്ടി ചുരുട്ടി നിൽക്കുന്ന അവന്റെ രൂപം ഭയത്തെക്കാൾ ഉള്ളിൽ വേദന ആയിരുന്നു നിറച്ചത്…

തുടരും….

അപ്പൊ ഇനി എല്ലാരും അഭിപ്രായം പറഞ്ഞോ… 😍

സൂപ്പർ… സ്റ്റിക്കർ… വെയ്റ്റിംഗ്… ഇടാതെ തുറന്നു പറഞ്ഞാൽ ഒത്തിരി സന്തോഷം 😌..

രചന: അമ്മു അമ്മൂസ്