വെറുതെയിരുന്നു അപ്പനൊണ്ടാക്കിയത് തിന്ന് എല്ലിന്റെടേലു കേറിയപ്പോ നിനക്ക് അപ്പനെ വേണ്ട അല്ലേ

രചന: ബിന്ധ്യ രഘുനാഥ്

“നാളെയല്ലേടാ നമുക്ക് പോവണ്ടത് ”

മനോഹരമായി ഫർണിഷ് ചെയ്ത, ഇറ്റാലിയൻ മാർബിൾ പാകിയ നടുത്തളത്തിലൂടെ അങ്ങുമിങ്ങും നടക്കുന്നതിനിടയ്ക്കാണ് ഔത മകൻ ടോണിയോട് ചോദിച്ചത്. ലാപ്ടോപ്പിൽ നിന്ന് മുഖമുയർത്താതെ “അതേ അപ്പാ “എന്ന് പറഞ്ഞ് കണ്ണട ഒന്നുകൂടി മൂക്കിന് മുകളിൽ ഉറപ്പിക്കുന്ന തന്റെ മകനെ ഒന്ന് കൂടി നോക്കിയിട്ട് പിറ്റേന്ന് അയാളെ കാത്തിരിക്കുന്ന ഒരു പൊരുത്തപ്പെടലിന്റെ ആകുലതകളും പേറി ഔത നടത്തം തുടർന്നു.

മണിക്കൂറുകൾ തുടർന്ന ആ നടത്തത്തിനിടയിൽ കുന്നേൽ ഔത എന്ന ഔതമുതലാളി ഓർത്തതത്രയും അയാളെ വിട്ട് പിരിഞ്ഞ ഭാര്യ സാറയെക്കുറിച്ചായിരുന്നു.

“ഡാ നാളെ പോകുന്നതിന് മുന്നേ നിന്റമ്മച്ചീനെ, എന്റെ സാറാമ്മയെ ഒന്ന് പോയി കാണണം… ഇനി എപ്പഴാ അവളെ ഒന്ന് കാണാൻ പറ്റുക എന്നറിയേലല്ലോ.. ”

മകനോട് അമ്മയെ ഒന്നോർമ്മിപ്പിച്ച് അത് പറഞ്ഞു കൊണ്ട് നരച്ച കൊമ്പൻ മീശയൊന്ന് പിരിച്ച് ഔത തന്റെ മകനെ നോക്കി.അപ്പൻ പറഞ്ഞത് കേട്ട് ലാപ്ടോപ് ഷട്ട്ഡൗൺ ചെയ്ത്, സോഫയിൽ നിന്നെഴുന്നേറ്റ് ടോണി അപ്പനരുകിലേക്ക് ചെന്നു.

“അപ്പാ.. അപ്പനെന്നോട് ദേഷ്യം ഉണ്ടൊ…. ”

“എന്നാത്തിനാടാ ഉവ്വേ എനിക്ക് നിന്നോട് ദേഷ്യം… അപ്പന് ആകെയൊരു ദെണ്ണമേയു ള്ളേട, നിന്റമ്മച്ചി അപ്പന്റെ കൂടെയില്ലല്ലോന്നു.. ആ ഒരു കണക്കിന് അവള് നേരത്തെയങ് പോയത് നന്നായി..

ഇതൊക്കെ കണ്ട് ദെണ്ണിക്കേണ്ടി വന്നില്ലലോ ”

ടോണിയുടെ തോളിലൊന്ന് തട്ടി ചിരിച്ച് കൊണ്ട് ഔത അത് പറയുമ്പോൾ കുറ്റബോധം കൊണ്ട് അപ്പനെയൊന്നു നോക്കാൻ പോലുമാകാതെ തലകുനിച്ചു നിൽക്കുകയായിരുന്നു ടോണി.

“നീ എന്നാത്തിനാടാ സങ്കടപ്പെടുന്നെ… ”

മകന്റെ മുഖം പിടിച്ചുയർത്തി ഔത ചോദിച്ചു.

“അപ്പാ.. അപ്പന് അറിയാല്ലോ ഇപ്പൊ ഈ വീട്ടിലെ പ്രശ്നങ്ങൾ . എന്റെ ഭാര്യ ലിസ അപ്പനോട് കാണിക്കണത് എനിക്ക് ഇനീം കണ്ട് നിൽക്കാൻ പറ്റുകേല.. രണ്ട് മക്കളൊള്ളത് കൊണ്ട് അവളെ ഉപേക്ഷിക്കാൻ എന്നെക്കൊണ്ട് പറ്റുവോ അപ്പാ… അപ്പൊ…. ഇതല്ലാതെ എനിക്ക് വേറേ വഴിയില്ല..ഓൾഡ് ഏജ് ഹോമിൽ അപ്പന് ഒരു കുറവും ഉണ്ടാവത്തില്ല..ഞാൻ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്.. ഫോമിൽ ഞാനത് പ്രേത്യകം എഴുതിയിട്ടുണ്ട്”

പൊട്ടിച്ചിരിച്ചു പോയി ഔത.. അപ്പന്റെ ആ ചിരിയുടെ അർത്ഥമെന്താണെന്നു മനസിലാകാതെ നിന്ന ടോണിയോട് ഔത പറഞ്ഞു

“അപ്പന് വട്ടായതൊന്നുമല്ലെടാ.. നാളെ മുതൽ അപ്പന് ഇങ്ങനെ ചിരിക്കാനൊക്കത്തില്ലല്ലോ.. ഇത് അതിലോട്ടിരിക്കട്ടെ… ആ നീ പോയി ഉറങ്ങാൻ നോക്ക്….നാളെ പോകേണ്ടതല്ലേ ”

“അപ്പനുറങ്ങുന്നില്ലേ ”

“അപ്പന് ഉറക്കം വരുന്നില്ല … ഇച്ചിരി കഴിയട്ടെ.. നീ പൊയ്ക്കോ ”

മകന് മുഖം കൊടുക്കാതെ വീണ്ടും നടത്തം തുടർന്ന് കൊണ്ട് ഔത പറഞ്ഞു…അപ്പന് ഗുഡ്‌നൈറ്റ് പറഞ്ഞു മുറിയിലേക്ക് പോകാൻ തിരിഞ്ഞ ടോണിയെ ഔത പിന്നിൽ നിന്ന് വിളിച്ചു.

“എന്നതാ അപ്പാ..?”

“അല്ലേടാ അപ്പന്റെ സ്വത്തും പണവുമൊന്നും നിന്റെ പേരിൽ ആകീട്ടില്ല ഇത് വരെ… നീയായിട്ട് ഇന്നേ വരെ ഒന്നും ചോദിച്ചിട്ടുമില്ല.വച്ച് താമസിപ്പിക്കണ്ട.. ആ കാര്യത്തിൽ ഇനി ഉടനെ തന്നെ ഒരു തീരുമാനം വേണം ”

അടുത്തേക്ക് ചെന്ന ടോണിയോട് ഔത അത് പറഞ്ഞതും ടോണി അപ്പന്റെ കൈയ്യിൽ തൊട്ട് കൊണ്ട് പറഞ്ഞു

“അപ്പന്റെ ഒറ്റമോനാണ് ഞാൻ.. അപ്പന്റെ കാലശേഷം ഈ കാണുന്നതെല്ലാം എനിക്ക് ഉള്ളതല്ലേ…

പിന്നെന്നാത്തിനാ ഞാൻ ചോദിച്ചു വാങ്ങുന്നത്…. അപ്പൻ ഇപ്പൊ ഇതൊന്നും ആലോചിക്കേണ്ട..

നാളെ പോകാനുള്ളതല്ലേ.. ഉറങ്ങ്… ഗുഡ്‌നൈറ്റ് ”

വൃദ്ധസദനത്തിൽ കൊണ്ട് പോയ് ആക്കാൻ പോകുന്ന അപ്പന് സുഖനിദ്ര ആശംസിച്ചു പോകുന്ന മകനെ നോക്കി നെടുവീർപ്പിട്ടു കൊണ്ട് ഓരോന്ന് ചിന്തിച്ചും, ആലോചിച്ചും മുറിക്കുള്ളിൽ നടന്നും ഇരുന്നും ഔത നേരം വെളുപ്പിച്ചു…അപ്പോഴൊക്കെയും ഔതയുടെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു…

ഇന്നോളം ആർക്ക് മുന്നിലും തോറ്റുപോയിട്ടില്ലാത്തൊരുവന്റെ ചിരി…

❤❤❤❤❤❤❤❤❤❤❤

“എല്ലാം പാക്ക് ചെയ്തോ അപ്പാ.. എന്തെങ്കിലും എടുക്കാൻ മറന്നിട്ടൊണ്ടെൽ ഫോൺ ചെയ്താൽ മതി.. ഞാൻ എത്തിച്ചേക്കാം ”

പാക്ക് ചെയ്ത് വച്ച പെട്ടികൾ ഡിക്കിയിൽ വയ്ക്കുന്ന ഔതയോടു ടോണി ചോദിച്ചു. കനത്തിലൊന്നു മൂളിയതല്ലാതെ ഔത മറുപടിയൊന്നും പറഞ്ഞില്ല.അയാൾ കൊച്ചുമക്കളെ നെഞ്ചോട് ചേർത്ത് പിടിച്ച് “വല്യപ്പച്ചൻ പോയേച്ചു വരാം “എന്ന് പറഞ്ഞ് അവർക്ക് ഉമ്മകൾ കൊടുത്തു.. ആ നിമിഷം കണ്ണിലൊരു നനവ് പൊട്ടുന്നത് പോലെ ഔതയ്ക്ക് തോന്നി.. ഇല്ല…. കുന്നേൽ ഔത കരയാൻ പാടില്ല… മനസ് കല്ലാക്കിയാൽപിന്നെ വികാരങ്ങൾക്ക് അടിമപ്പെടാൻ പാടില്ല..

ട്രിം ചെയ്ത താടിയിലൊന്നു തടവി, കൊമ്പൻ മീശ പിരിച്ച്‌ തേച്ചു മിനുക്കിയ ജുബ്ബയുടെ കൈകൾ രണ്ടും മുട്ടിനു മുകളിൽ തെറുത്തു കയറ്റി, ചുളിവ് വീഴാത്ത കസവു മുണ്ടിന്റെ കോന്തല കാൽ കൊണ്ട് തട്ടിപ്പിടിച്ചു കാറിനടുത്തേക്ക് നീങ്ങുമ്പോഴാണ് കൂട്ടിൽ കിടന്ന് തന്റെ യജമാനനെ നോക്കി കരഞ്ഞു ഒച്ച വയ്ക്കുന്ന ജിമ്മിയെ ഔത കണ്ടത്..

“ടോണി.. നീ അവനെ കാറിൽ കയറ്റ്‌.. ഞാൻ എവിടെപ്പോയാലും അവൻ കൂടെവരുന്നതല്ലേ ”

അപ്പൻ പറഞ്ഞത് കേട്ട് ടോണി ജിമ്മിയെ കൂട്ടിൽ നിന്ന് പുറത്തിറക്കി കാറിൽ കയറ്റുമ്പോൾ ഔത പറഞ്ഞു

“താക്കോലിങ് താ അപ്പൻ ഡ്രൈവ് ചെയ്യാം ”

അപ്പന്റെ കയ്യിലേക്ക് താക്കോൽ കൊടുത്ത് ടോണി ഫ്രണ്ട് സീറ്റിൽ ഇരുന്നു. ജിമ്മി ഔതയെ തൊട്ടുരുമ്മി ബാക്ക് സീറ്റിലും. കുന്നേൽ ബംഗ്ളാവിൻെറ മുറ്റം കടന്ന് ആ ബെൻസ് മുന്നോട്ട് പായുമ്പോൾ ഔത കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കി… യാത്രയിലുടനീളം അപ്പനും മകനും തമ്മിൽ മിണ്ടിയില്ല. ജിമ്മി മാത്രം ഇടയ്ക്കെല്ലാം ബഹളം വച്ചുകൊണ്ടിരുന്നു.

പുതുപ്പള്ളി പള്ളിയിലെ സിമിത്തേരിയിൽ , മാർബിളിൽ പണിത സാറയുടെ കല്ലറയിൽ പൂക്കൾ വച്ച് പ്രാർത്ഥിച്ച്, ഇടയ്ക്ക് നിന്ന് വീണ്ടും തുടർന്ന ആ രണ്ട് മണിക്കൂർ യാത്രയുടെ ഒടുവിൽ, ഔത വണ്ടി ഇടത്തോട്ട് തിരിക്കുന്നത് കണ്ട്

“അപ്പാ വഴി വലത്തോട്ടാണ്… എന്നോർമ്മിപ്പിച്ച ടോണിയോട്, “അതിന് മുൻപ് നമുക്ക് വേറൊരിടം വരെ ഒന്ന് പോകാടാ ” എന്ന് പറഞ്ഞു ഔത ബെൻസ് ഒന്ന് സ്ലോ ചെയ്തു. പത്ത് മിനിറ്റ് കൂടി നീണ്ട ആ യാത്ര അവസാനിച്ചത്, ഒരു പടുകൂറ്റൻ കെട്ടിടത്തിന് മുന്നിലാണ്.

“എത്തി… വാ ഇറങ്ങ് ”

വണ്ടി പോർച്ചിലേക്കൊതുക്കി നിർത്തി ഔത ടോണിയോട് പറഞ്ഞു.കാറിൽ നിന്നിറങ്ങിയ ടോണി അമ്പരന്നു ചുറ്റും നോക്കി. ഏക്കറു കണക്കിന് പരന്നു കിടക്കുന്ന പറമ്പിന്റെ ഒത്ത നടുക്കായൊരു പത്ത് നില കെട്ടിടം… ഗേറ്റിൽ പാറാവുകാർ.. കുറച്ച് മാറി മറ്റൊരു കെട്ടിടം.. അതിന്റെ പണി പൂർത്തിയായിട്ടില്ല. എല്ലാം കണ്ട് പകച്ചു നിൽക്കുന്ന ടോണിയുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് ഔത ചോദിച്ചു

“എന്നാടാ.. എന്നാ പറ്റി… അപ്പനൊണ്ടാക്കിയ അഞ്ഞൂറ് കോടി സ്വത്തിനെക്കുറിച്ചു അറിവൊള്ള എന്റെ മോന് അപ്പന്റെ ഈ സമ്പാദ്യത്തെക്കുറിച്ചു അറിയോ? ”

ഔതയുടെ ചോദ്യത്തിന് ഇല്ല എന്നവൻ തലയാട്ടി. ഔത മകനെയും കൊണ്ട് ആ കെട്ടിടത്തിനുള്ളിലേക്ക് കയറി. ഒരു അഞ്ഞൂറ്പേർക്ക് സുഖമായി താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉള്ളതായിരുന്നു ആ കെട്ടിടം.ഓഫിസ് മുറികൾ… സ്റ്റാഫുകൾ.അവരെല്ലാം തന്റെ അപ്പനെ വണങ്ങുന്നതും ഭവ്യതയോടെ പോകുന്നതുമെല്ലാം കണ്ട് ഒന്നും മനസിലാകാതെ നിൽക്കുന്ന മകന്റെ മുഖത്തേക്ക് ഔത നോക്കി. തന്റെ പേരിൽ വരാൻ പോകുന്ന പുതിയ സ്വത്തിന്റെ പുറമോടിയിൽ മയങ്ങി നിൽക്കുകയായിരുന്നു ടോണി

“എന്നാലും അപ്പാ.. അപ്പൻ ആള് കൊള്ളാം.. ഇത് വരെ ഈ പ്രോപ്പർട്ടിയെക്കുറിച്ച് എന്നോട് പോലും ഒന്നും മിണ്ടിയില്ല ”

അടക്കാനാവാത്തൊരു സന്തോഷത്തോടെ ടോണി പറഞ്ഞു. മകനെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട്, ആ ബിൽഡിങ്ങിലെ ശീതികരിച്ച ഓഫിസ് മുറിയിൽ കൊണ്ട് ഇരുത്തിയിട്ട്, ഔത ഫോൺ എടുത്ത് തന്റെ സ്റ്റാഫിനെ വിളിച്ചു.

നിമിഷങ്ങൾക്കുള്ളിൽ തന്നെ ഔത ആവശ്യപ്പെട്ട ഫയലുകളും പേപ്പറുകളുമായി എത്തിയ സ്റ്റാഫ്‌ ഫയൽ ഔതയ്ക്ക് നേരെ നീട്ടി. ഫയലിൽ നിന്നൊരു പേപ്പർ പുറത്തേക്കെടുത്ത്, ഒപ്പ് വച്ച് മകന് നേരെ നീട്ടുമ്പോൾ, പണത്തിനു അത്രമേൽ കൊതിച്ചൊരുവന്റെ വൃത്തികെട്ട ചിരിയുണ്ടായിരുന്നു ടോണിയുടെ ചുണ്ടിൽ.

അപ്പന്റെ കയ്യിൽ നിന്ന് പേപ്പർ വാങ്ങി കയ്യിലെ സ്യൂട്കേസിൽ വച്ച്

“വാ അപ്പാ ഇനി പോകാം..തണലിൽ പോയി അഡ്മിഷൻ ശരിയാക്കുനള്ളതാ അപ്പന്റെ ” എന്ന് പറഞ്ഞു ധൃതി വച്ച് എഴുന്നേൽക്കാൻ തുനിഞ്ഞ ടോണിയോട്

“അവിടിരിക്കെടാ ഇനീം പറയാനുണ്ട് “എന്ന് പറഞ്ഞൊന്നു ചിരിച്ചിട്ട് കാളിംഗ് ബട്ടണിൽ ഔത വിരലമർത്തി.ടോണി നോക്കുമ്പോൾ കാണുന്നത്, സെക്യൂരിറ്റി ഗാർഡുകൾ എന്ന് തോന്നിപ്പിക്കുന്ന നാല് പേർ ക്യാബിനിലേക്ക് വരുന്നതാണ്. കയറി വന്നവർ ഔതയെ നോക്കി സല്യൂട്ട് ചെയ്യുന്നത് കണ്ട് അമ്പരന്ന് ടോണി അപ്പനെ നോക്കി. മകന്റെ നോട്ടം കണ്ട് ഒന്ന് പൊട്ടിചിരിച്ചിട്ട് ഔത പറയാൻ തുടങ്ങി

“അഞ്ചുകൊല്ലം മുൻപാണ് ഈ കെട്ടിടമിരിക്കുന്ന അമ്പത്തഞ്ചേക്കർ അപ്പൻ വാങ്ങിയത്. അന്നത്തെ പൊതുമരാമത്തു മന്ത്രി അപ്പന്റെ അടുത്ത കൂട്ടുകാരൻ ആയിരുന്നത് കൊണ്ട്, മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെ അപ്പൻ ഈ ഏർപ്പാട് അങ്ങ് തുടങ്ങി…സാറാ മെമ്മോറിയൽ ഓർഫനേജ്..

നിന്റെ അമ്മച്ചീടെ പേരിൽ. വേറൊരു തരത്തിൽ പറയുവാന്നെ ഒരു റീതിങ്കിങ് സെന്റർ. .. അപ്പൻ ഇതിന്റെ ഓണർ ആണേലും,, ഇതൊരു ഗവണ്മെന്റ് രജിസ്‌ട്രേഡ് ഓർഗനൈസേഷൻ ആണ്. ഇനി ഇത് എന്നാത്തിന് വേണ്ടി ഉണ്ടാക്കിയതാണെന്ന് കൂടി പറയാം.. മോൻ കേട്ടോ…. ജന്മം കൊടുത്തു വളർത്തി വലുതാക്കി നിന്നെപ്പോലുള്ള മക്കളെ ഓരോ നിലയിൽ എത്തിക്കുന്ന തന്തയേയും തള്ളയേയും ഭാരമെന്നു പറഞ്ഞു നീയൊക്കെ കണ്ട കുപ്പയിൽ കൊണ്ട് തള്ളും. അപ്പനേം അമ്മയേം വേണ്ട.. അവരുണ്ടാക്കിയ സ്വത്തു വേണം….

അങ്ങനെയുള്ള നിന്നെപ്പോലുള്ള മക്കളെ കൊണ്ട് വന്ന് താമസിപ്പിക്കാൻ അപ്പനൊണ്ടാക്കിയതാടാ ഈ സ്ഥാപനം.. നീയാണ് ഇവിടുത്തെ ആദ്യ അഡ്മിഷൻ. ഇപ്പൊ ഞാൻ ഒപ്പിട്ട് നിന്റെ കയ്യിലേക്ക് തന്നത് അഡ്മിഷൻ ഫോം ആണ്..ഇവിടെ നിനക്ക് ഒരു കുറവും വരുകേല.. അതിന് പ്രേത്യേകം അപ്പൻ മെൻഷൻ ചെയ്തിട്ടുണ്ട് ‘സൺ ഓഫ് കുന്നേൽ ഔതക്കുട്ടി ‘എന്ന്…എന്നാ സന്തോഷായോ നിനക്ക്?

അപ്പന്റെ വാക്കുകൾ കേട്ട് ഞെട്ടി ഉമിനീര് വറ്റി വാക്കുകൾ പുറത്ത് വരാതെ നിന്ന ടോണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഔത…

“അ.. അപ്പാ… ഞാ.. ഞാൻ.. അപ്പനെന്നോട് പൊറുക്ക്.. എനിക്ക് അപ്പന്റെ കൂടെ… ”

പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ ടോണിയുടെ മുഖമടച്ചൊരെണ്ണം കൊടുത്തിട്ട് ഔത പറഞ്ഞു

“വിളിക്കരുത് നീയെന്നെ അപ്പാന്നു… ഇനി ഇവിടെ കഴിഞ്ഞോണം… പെമ്പറന്നോത്തിമാരുടെ വാക്ക് കേട്ട് ജനിപ്പിച്ച തന്തയെയും തള്ളയേയും പെരുവഴീലോട്ട് ഇറക്കി വിടുന്ന എല്ലാ അവന്മാർക്കും ഇതൊരു പാഠമാകണം. നിന്റെ കെട്ട്യോൾ ഉണ്ടല്ലോ, എന്റെ മരുമോള് ലിസ, അവൾക്കും ഞാൻ കരുതി വച്ചിട്ടുണ്ട്. മോൻ കണ്ടില്ലാരുന്നോ കേറി വന്നപ്പോ പണി നടന്നോണ്ടിരിക്കുന്നൊരു കെട്ടിടം.. അത് വനിതകൾക്കൊള്ളതാ.. അവിടെ ആദ്യ അഡ്മിഷൻ മിസിസ് ലിസ ടോണി ആണ്….

ചങ്കിൽ നേരൊള്ള സത്യക്രിസ്ത്യാനിയാട കുന്നേൽ ഔത.. പട്ടിണി കിടന്നും എല്ലുമുറിയെ പണിയെടുത്തും കഷ്ടപ്പെട്ടാടാ നിന്റപ്പൻ ഇന്നീ കാണുന്ന നെലേലെത്തിയത്…വെറുതെയിരുന്നു അപ്പനൊണ്ടാക്കിയത് തിന്ന് എല്ലിന്റെടേലു കേറിയപ്പോ നിനക്ക് അപ്പനെ വേണ്ട..സ്വത്തു മതി…ന്നാ കേട്ടോ എന്റെ കാലശേഷം, കുന്നേൽ ഔതേടെ സ്വത്ത് എന്റെ കൊച്ചുമക്കൾക്കൊള്ളതാ….നയാ പൈസ നിനക്ക് തരില്ല ഞാൻ..”

അപ്പന് മുന്നിൽ എല്ലാം കേട്ട് തല കുനിച്ചു നിൽക്കാനല്ലാതെ മറ്റൊന്നും ടോണിക്ക് കഴിയുമായിരുന്നില്ല.

കണ്ണുകൾ നിറച്ച് തനിക്ക് മുന്നിൽ നിൽക്കുന്ന മകനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് ഔത മകനോടായി പറഞ്ഞു

“മോനേ ടോണി .. ന്നാ അപ്പനങ് പോയേക്കുവാ… എന്നതേലും എടുക്കാൻ വിട്ട് പോയിട്ടൊണ്ടെൽ വിളിക്ക്.. ഇങ്ങെത്തിക്കാം….. നീ പഴയ ടോണിമോൻ ആയെന്ന് അപ്പന് തോന്നണ കാലത്ത് അപ്പൻ വന്ന് കൊണ്ട് പോരാം… ഇപ്പൊ പോട്ടെ.. ചെന്നിട്ട് ഓഫീസിൽ പോകണം.. പൊന്നുമോനും പെമ്പറന്നോത്തീയും അവള്ടെ അപ്പനും കൂടി തൊലച്ചതിന്റെയൊക്കെ കണക്കൊക്കെ നോക്കാനുണ്ട്.. ബാക്കി അത് കഴിഞ്ഞേച്ചു… അപ്പൊ ശരി ”

സീറ്റ് ബെൽറ്റ് നേരെയാക്കി, പോക്കറ്റിൽ നിന്ന് കറുത്ത റൈബാൻ ഗ്ലാസ്‌ എടുത്ത് വച്ച്, നരച്ച കട്ടിമീശ കൈകൾ കൊണ്ട് പിരിച്ച് ടോണിയെ നോക്കി ഒരു ചിരി ചിരിച്ചിട്ട്, ബാക്ക് സീറ്റിൽ എത്തിപ്പിടിച്ചു തന്നെ തൊട്ടുരുമ്മുന്ന ജിമ്മിയെ പതിയെ തലോടി മകനോട് പറഞ്ഞു

“തിരിച്ചു ഡ്രൈവ് ചെയ്യുമ്പോ എന്തേലുമൊന്നു മിണ്ടിയും പറഞ്ഞു ഇരിക്കാനാ ഇവനെ കൊണ്ട് വന്നത്… സ്നേഹമൊള്ളവനാ… നന്ദികേട് കാണിക്കുകേല… അപ്പൊ ശരി… കാണാം.. ”

ടോണി എന്തെങ്കിലും പറയാൻ നാവുയർത്തും മുൻപേ തന്നെ തികട്ടി വന്ന നൊമ്പരത്തെ ഉള്ളിലമർത്തിപിടിച്ച് വിറയ്ക്കുന്ന ഇടംകൈകൊണ്ടു മീശ പിരിച്ചുവെച്ചു ഔത തന്റെ ബെൻസ് പായിച്ചു തന്റെ കുന്നേൽ ബംഗ്ളാവിലേക്കു… സ്വന്തം വീട്ടിലേക്ക്… സാറയുടെ ഓർമകളുള്ള തന്റെ മുറിയിലേക്കു …. പുറമെ ചിരിച്ച്… ഉള്ളിൽ കരഞ്ഞ്……

ലൈക്ക് കമന്റ്‌ ചെയ്യണേ

Nb : കഥയിൽ ചോദ്യമില്ല….

രചന : ബിന്ധ്യ രഘുനാഥ്