പ്രണയാർദ്രം നോവലിൻ്റെ ഭാഗം 28 വായിച്ചു നോക്കൂ…

രചന:സീതലക്ഷ്മി

സിദ്ധാർഥ് ഗേറ്റ് കടന്ന് റോഡിൽ ഒക്കെ നോക്കി.

പക്ഷെ അവിടെങ്ങും നിഹയെ കണ്ടില്ല. അവൻ സ്നേഹയുടെ വീട്ടിലേക്ക് ചെന്നു.സ്നേഹ സിറ്റ്ഔട്ടിൽ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുവായിരുന്നു.

“നിഹ ഇങ്ങോട്ട് വന്നായിരുന്നോ….”സിദ്ധു സ്നേഹയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.

“ഇല്ലല്ലോ… എന്ത് പറ്റി…” സ്നേഹയുടെ മറുപടി കൂടെ കേട്ടപ്പോൾ അവനാകെ തളർന്നു പോകുന്നത് പോലെ തോന്നി.സ്നേഹ എന്താ കാര്യമെന്ന് ചോദിച്ചെങ്കിലും അവൻ മറുപടി ഒന്നും പറയാതെ അവിടെ നിന്നും പോയി. അവന്റെ പിന്നാലെ സ്നേഹയും. സിദ്ധു തിരിച്ചു വീട്ടിലേക്ക് ചെന്നപ്പോൾ കരഞ്ഞുകൊണ്ടിരിക്കുന്ന ലക്ഷ്മിയെ ആണ് കണ്ടത്.

അവൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു. അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടികരഞ്ഞു.

“അതെ എല്ലാവരും ഒന്നിങ്ങോട്ട് നോക്കിക്കേ…”നവി ആയിരുന്നു അത്. എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. വാതുക്കൽ നവി നിഹയെയും എടുത്തുകൊണ്ട് നിൽക്കുന്നു. ലക്ഷ്മി ഓടി ചെന്ന് നിഹയെ അവന്റെ കയ്യിൽ നിന്നും മേടിച്ചു തുരുതുരെ ഉമ്മ വെച്ചു. “എവിടെ പോയി കിടക്കുവായിരുന്നു നീ….”കരഞ്ഞുകൊണ്ട് ലക്ഷ്മി അവളോട് ചോദിച്ചു. “പറ്റിച്ചേ…”നിഹ പറഞ്ഞു. സിദ്ധു ലക്ഷ്മിയുടെ അടുത്തേക്ക് ചെന്ന് നിഹയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു. “അയ്യേ നിങ്ങൾ എല്ലാവരും പേടിച്ചോ… ഞങ്ങൾ ചുമ്മാ പറ്റിച്ചതല്ലേ… ഞങ്ങൾ സ്റ്റോർ റൂമിൽ ഒളിച്ചിരിക്കുവായിരുന്നു… അയ്യേ ചേട്ടനും ചേച്ചിയും കുറെ കരഞ്ഞോ….

ശേ…”നവി പറഞ്ഞു തീരുന്നതിനും മുന്നേ സിദ്ധുവിന്റെ കൈകൾ അവന്റെ മുഖത്ത് പതിഞ്ഞു.എല്ലാവരും ഒരു നിമിഷം തറഞ്ഞു നിന്നു.

“മേലാൽ ഇങ്ങനെ തമാശ കാണിക്കരുത്…”സിദ്ധു അത്രയും പറഞ്ഞു ലക്ഷ്മിയുടെ കയ്യിൽ നിന്നും നിഹയെ വാങ്ങിക്കൊണ്ടു അകത്തേക്ക് പോയി.

“നവി…”ലക്ഷ്മി അവന്റെ അടുത്തേക്ക് ചെന്ന് വിളിച്ചു. “സാരമില്ല ചേച്ചി….”എല്ലാവരെയും നോക്കി ഒരു വിളറിയ ചിരി നൽകി അവൻ അകത്തേക്ക് പോയി. ലക്ഷ്മി റൂമിലേക്ക് ചെന്നപ്പോൾ ബെഡിൽ നിഹയെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചിരിക്കുന്ന സിദ്ധുവിനെയാണ്.

“അച്ഛാ കയയണ്ട…ഇനി ഞാ എങ്ങും പോവൂല…”അവന്റെ കണ്ണ് തുടച്ചുകൊണ്ട് നിഹ പറഞ്ഞു.

ലക്ഷ്മി അവന്റെ അടുത്തേക്ക് ചെന്ന് തോളിൽ ചാരി ഇരുന്നു.അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി. “നവിയെ എന്തിനാ സിദ്ധു അടിച്ചത്….”ലക്ഷ്മി ചോദിച്ചത്.

“ഇങ്ങനെയാണോ തമാശ കാണിക്കുന്നത്….”സിദ്ധു ഗൗരവത്തിൽ പറഞ്ഞു. “എന്നും പറഞ്ഞു തല്ലുവാണോ വേണ്ടത്…ചെന്ന് അവനോട് സോറി പറ…” “കുറച്ചു നേരം കഴിയട്ടെ….”അവൻ അത്രയും പറഞ്ഞു കണ്ണുകൾ അടച്ചു ചാരി ഇരുന്നു.

രാത്രിയിൽ ഭക്ഷണം കഴിക്കാൻ നേരത്ത് നവിയെ കണ്ടില്ല. സിദ്ധു നവിയെ ചെന്ന് നോക്കിയപ്പോൾ അവൻ പുറത്ത് ഗാർഡനിൽ ഇരിപ്പുണ്ട്. സിദ്ധു അവന്റെ അടുത്തേക്ക് ചെന്നിരുന്നു.

“സോറി…”സിദ്ധു അൽപ്പം ഗൗരവത്തോടെ പറഞ്ഞു. “എന്ത് മനുഷ്യനാടോ… അടിച്ച് അണപ്പല്ല് ഇളക്കിയിട്ട് ഒരു അവിഞ്ഞ സോറി…”നവി പറഞ്ഞു.

“പിന്നെ ഞാൻ നിന്റെ കാലിൽ പിടിച്ചു കരയണോ….” നവി അതിന് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു. സിദ്ധു ചിരിച്ചു കൊണ്ട് അവന്റെ അടുത്ത് വന്നിരുന്നു. “നവി… അന്ന് മുരുകേശൻ എന്നോട് അയാൾ ഇനി വരുമ്പോൾ നിഹയെ കൊണ്ട് പോകും എന്ന് പറഞ്ഞു…നിഹയെ കാണാതെ ആയപ്പോൾ ഞാൻ പേടിച്ചു പോയി… അതാ ഞാൻ….”സിദ്ധു മുന്നോട്ട് നോക്കി ഇരുന്നു വളരെ പതിയെ പറഞ്ഞു.

“അയാൾ കുഞ്ഞിനെ കൊണ്ട് പോകും എന്നോർത്തു ഏട്ടൻ പേടിക്കണ്ട…. ആരും കുഞ്ഞിനെ കൊണ്ട് പോകില്ല…”നവി പറഞ്ഞു.

“അതങ്ങനെ തീർത്തു പറയാൻ പറ്റില്ലെടാ…ഈ കാര്യത്തിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല…

നിയമങ്ങൾ എല്ലാം അയാൾക്ക് അനുകൂലമാണ്….”സിദ്ധു പറഞ്ഞു. “ചേച്ചി ഇതറിഞ്ഞാൽ ചിലപ്പോ…”

“എന്താ ഇവിടെ എന്നെ കുറിച്ച് പറഞ്ഞത്….”അവരുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് ലക്ഷ്മി ചോദിച്ചു.രണ്ടുപേരും ഞെട്ടി പരസ്പരം നോക്കി. സിദ്ധു എന്ത് പറയണമെന്ന് അറിയാതെ കുഴഞ്ഞു.

നവിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. “അല്ല ചേച്ചി കേക്ക് ഉണ്ടാക്കി തന്നിട്ട് കുറെ നാളായി എന്ന് പറയുവായിരുന്നു….”നവി എങ്ങനെയോ പറഞ്ഞൊപ്പിച്ചു. “അതല്ലല്ലോ പറഞ്ഞത്… സത്യം പറയെടാ…

രണ്ടും കൂടെ ഇവിടിരുന്നു എന്നെ കുറ്റം പറയുവല്ലായിരുന്നോ….”ലക്ഷ്മി ചോദിച്ചു. “ഇനി എന്റെ നെഞ്ചത്തോട്ടു കേറ്…”നവി അതും പറഞ്ഞു അവിടെ നിന്നും എഴുന്നേറ്റ് പോയി. ലക്ഷ്മിയും അവന്റെ പിന്നാലെ പോകാൻ എഴുന്നേറ്റപ്പോൾ സിദ്ധു അവളെ പിടിച്ചു വലിച്ചു അവന്റെ അടുത്തിരുത്തി അവളുടെ മടിയിലേക്ക് കിടന്നു. ലക്ഷ്മി അവന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.

ഏറെനേരം അവരൊന്നും മിണ്ടിയില്ല. സിദ്ധു അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുവായിരുന്നു.

ലക്ഷ്മി പിരികം പൊക്കി എന്താണെന്ന് ചോദിച്ചു. “ലെച്ചു…”അവൻ ആർദ്രമായി വിളിച്ചു.

“മ്മ്…”അവൾ മൂളി.

“നിഹയെ ഇന്ന് ശെരിക്കും കാണാതെ പോയിരുന്നെങ്കിൽ നീ എന്ത് ചെയ്യുമായിരുന്നു….”അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. ലക്ഷ്മി സംശയത്തോടെ അവനെ നോക്കി.

“അറിയില്ല…പക്ഷെ അവളെ ഒന്ന് കാണാതായപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി സിദ്ധു….ന്യൂയോർക്കിൽ വെച്ചിട്ടാണെങ്കിലും എനിക്ക് അവളെ കാണാതെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെയാ തോന്നിയത്… അവൾ വല്ലതും കഴിച്ചോ, എന്നെ കാണാതെ അവൾ കരയുവാണോ…

അവിടെ ആയിരുന്നപ്പോഴും എന്റെ മനസ്സ് മുഴുവൻ ഇവിടെ ആയിരുന്നു….”അവളുടെ മുഖത്ത് നിന്നും അവനതെല്ലാം വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അവൾ കാണാതിരിക്കാൻ വേണ്ടി അവൻ അവളുടെ വയറിലേക്ക് മുഖം ഒളിപ്പിച്ചു കിടന്നു.

പുറത്ത് ആരോ കാളിങ് ബെൽ അടിക്കുന്നത് കേട്ട് ലക്ഷ്മി ചെന്ന് നോക്കി. “ആരാ….”തിരിഞ്ഞു നിക്കുന്ന അയാളെ നോക്കി ലക്ഷ്മി ചോദിച്ചു.

“സിദ്ധാർഥ് സാറില്ലേ….”തിരിച്ചു നിന്ന് മുണ്ട് മടക്കി കുത്തികൊണ്ട് അയാൾ പറഞ്ഞു. “സിദ്ധു ഓഫീസിൽ പോയിരിക്കുവാണല്ലോ….”ലക്ഷ്മി പറഞ്ഞു. “ആരാ മോളേ….”അപ്പോഴേക്കും മാധവൻ അങ്ങോട്ടേക്ക് വന്നു. പുറത്ത് നിൽക്കുന്ന മുരുകേശനെ കണ്ടതും മാധവൻ ഒന്ന് പതറി.ഇനി വരുമ്പോൾ അയാൾ കുഞ്ഞിനെ കൊണ്ട് പോകും എന്ന് സിദ്ധു തന്നോട് പറഞ്ഞത് മാധവൻ ഓർത്തു.

“മോളകത്തേക്ക് പൊക്കോ….”ലക്ഷ്മി അകത്തേക്ക് പോയി എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാധവൻ മുരുകേശന്റെ അടുത്തേക്ക് ചെന്നു.

“എന്താ വേണ്ടത്….”മാധവൻ ചോദിച്ചു. “എനിക്ക് വേണ്ടത് എന്താണെന്നു നിങ്ങൾക്ക് അറിയാമല്ലോ….”വായിൽ ഉണ്ടായിരുന്ന മുറുക്കാൻ മുറ്റത്തേക്ക് തുപ്പിക്കൊണ്ട് അയാൾ പറഞ്ഞു.

“മുരുകേശനു എത്ര രൂപ വേണം…”മാധവൻ ചോദിച്ചു. “എനിക്ക് പൈസ അല്ല കുഞ്ഞിനെയാണ് വേണ്ടത്…”എങ്ങോട്ടേക്കോ നോക്കി മുരുകേശൻ പറഞ്ഞു.

“മുരുകേശൻ വാ… പറയട്ടെ….”മാധവൻ അയാളെയും കൊണ്ട് പുറത്തേക്ക് മാറി നിന്നു എന്തൊക്കെയോ സംസാരിച്ചു. ഇതൊക്കെ മുകളിൽ നിന്ന് ലക്ഷ്മി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.മുരുകേശൻ മാധവനോട് ദേഷ്യപ്പെടുകയും മാധവൻ അയാളെ എന്തെല്ലാമോ പറഞ്ഞു സമാധാനിപ്പിക്കുന്നുമുണ്ട്.

മാധവൻ അകത്തേക്ക് പോകുകയും തിരിച്ചു വന്നു അയാളുടെ കയ്യിൽ ഒരു ചെക്ക് കൊടുക്കുകയും ചെയ്തു. “അയ്യോ….”നിഹയുടെ ശബ്ദം കേട്ട് ലക്ഷ്മി തിരിഞ്ഞു നോക്കി. മുരുകേശനെ നോക്കികൊണ്ട് നിൽക്കുന്ന നിഹയെ ലക്ഷ്മി പിടിച്ചു മടിയിൽ ഇരുത്തി. “എന്ത്‌ പറ്റി മോളേ….”ലക്ഷ്മി അവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു. “പിള്ളേരെ പിടുത്തക്കാരൻ….”മുരുകേശനെ ചൂണ്ടി നിഹ പറഞ്ഞു. “പിള്ളേരെ പിടുത്തക്കാരനോ….”നവി അങ്ങോട്ടേക്ക് വന്നുകൊണ്ട് ചോദിച്ചു. നിഹ മുരുകേശനെ ചൂണ്ടി കാണിച്ചു.മാധവനോട് സംസാരിച്ചു നിൽക്കുന്ന മുരുകേശനെ കണ്ടതും നവിയുടെ മുഖം മാറി. “കുഞ്ഞിനെ പിടിചോണ്ട് പോയല്ലോ അന്ന്….”നിഹ പറഞ്ഞു.

“പിടിച്ചുകൊണ്ട് പോയെന്നോ…. എന്ന്…”ലക്ഷ്മി ചോദിച്ചു. നിഹയെ മുരുകേശൻ തട്ടിക്കൊണ്ടു പോകാൻ ശ്രെമിച്ചിട്ടുണ്ടാകും എന്ന് നവിക്ക് മനസ്സിലായി. അത് മനസ്സിലാക്കി നവി പറഞ്ഞു.

“അത് ചേച്ചി ഒരു ദിവസം….ചേച്ചി ഇവിടെ ഇല്ലാതിരുന്ന സമയത്ത് നിഹ ഫുഡ്‌ കഴിക്കാതെ ഇരുന്നപ്പോൾ….. അയാൾ ഇവിടെ വന്നപ്പോൾ അവളെ പേടിപ്പിക്കാൻ വേണ്ടി ചുമ്മാ…. പിള്ളേരെ പിടിത്തകാരൻ ആണെന്ന് പറഞ്ഞു അതാ അവൾ പറയുന്നേ….” “അയാൾ ആരാ… അന്ന് അമ്പലത്തിൽ വെച്ചും കണ്ടിരുന്നല്ലോ….”ലക്ഷ്മി നവിയോട് ചോദിച്ചു.

“അത്… അത്….പ്ലമ്പറാ….”നവി വിക്കി വിക്കി പറഞ്ഞു. “പ്ലമ്പറോ…. അയാൾ എന്തിനാ സിദ്ധുവിനെ കാണുന്നത്…”ലക്ഷ്മി മുരുകേശനെ നോക്കികൊണ്ട് ചോദിച്ചു. “അ… അത് പിന്നെ…

പുള്ളിയുടെ ഒരു പരിചയക്കാരന് നമ്മുടെ കമ്പനിയിൽ ജോലി കൊടുക്കാമെന്നു പറഞ്ഞിരുന്നു…

അതിന്…കാണാൻ വന്നതാകും….”നവി ആദ്യം പതറിയെങ്കിലും പിന്നെ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു. “അച്ഛൻ എന്തിനാടാ അയാൾക്ക്‌ ചെക്ക് കൊടുത്തത്….”ലക്ഷ്മി പിന്നെയും സംശയങ്ങൾ ഉന്നയിച്ചു. “ഓ എന്റെ ചേച്ചി….

ചേച്ചി എന്താ ഒരുമാതിരി പോലീസിനെ പോലെ ചോദ്യം ചോദിക്കുന്നെ… അയാൾക്ക് വല്ല കാശിനു അത്യാവശ്യം കാണും അതായിരിക്കും ഇങ്ങു വന്നേ….”നവി നിഹയെയും എടുത്ത് ലക്ഷ്മിയുടെ കയ്യും പിടിച്ചു അവിടെ നിന്നും കൊണ്ട് പോയി.അപ്പോഴും ലക്ഷ്മിയുടെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു.

ഓഫീസിൽ എന്തോ ഫയൽ നോക്കുവായിരുന്നു സിദ്ധു. അപ്പോഴാണ് ടേബിളിന്റെ പുറത്ത് കിടന്ന ഒരു എൻവലപ്പ് അവൻ ശ്രെദ്ധിച്ചത്. അവൻ അതെടുത്തു പൊട്ടിച്ചു നോക്കി.അതിനകത്തു ഒരു ഫോട്ടോ ആയിരുന്നു. അവൻ അതെടുത്തു നോക്കി.

ലക്ഷ്മിയുടെ ഫോട്ടോ ആയിരുന്നു അത്. റെഡ് മാർക്കർ കൊണ്ട് ഫോട്ടോയിൽ ക്രോസ്സ് മാർക്ക്‌ ചെയ്തിട്ടുണ്ട്. സിദ്ധുവിന് അതെന്താണെന്ന് മനസ്സിലായില്ല. അവൻ ഫോട്ടോ തിരിച്ചു നോക്കി.ഫോട്ടോയുടെ പിറകിൽ എഴുതിയത് വായിച്ചപ്പോൾ അവന്റെ ഉള്ളൊന്ന് പിടഞ്ഞു.

“നിനക്ക് പ്രീയപ്പെട്ടത്…..”

തുടരും…

എല്ലാവരും നിഹ സ്നേഹയുടെ അടുത്ത് കാണുമെന്നു വിചാരിച്ചല്ലേ…എന്തായാലും കൊച്ചിനെ അവരുടെ കയ്യിൽ തന്നെ തിരിച്ചു എത്തിച്ചിട്ടുണ്ട്…

അപ്പൊ ലൈക്ക് & കമന്റ്‌♥️

രചന:സീതലക്ഷ്മി