കറുത്തമുത്ത്, ഈ ചെറുകഥ ഒന്ന് വായിച്ചു നോക്കൂ..

രചന: സുധീ മുട്ടം

ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറത്തേക്കൊന്നിറങ്ങാൻ ഭാവിക്കുമ്പഴാണ് പിന്നിൽ നിന്നൊരു നിലവിളിപോലൊരു ശബ്ദം ഉയർന്നത്… “ഏട്ടാ പ്ലീസ് എന്നെക്കൂടി കൊണ്ടുപോകൂ…” ശബ്ദം കേട്ടിടത്തേക്ക് അവഞ്ജയോടെ ഞാൻ നോക്കി.നന്ദുവിന്റെ മുഖമവിടെ തെളിഞ്ഞതോടെയെന്നിൽ വെറുപ്പ് അലയടിച്ചുയർന്നു… വീണ്ടും നന്ദുവിന്റെ വിളി കേട്ടതോടെ ഞാൻ കാർക്കിച്ചു നീട്ടിയൊരു തുപ്പു കൊടുത്തു. പെട്ടെന്ന് നിർത്തിയത് പോലെ അവൾ നിശബ്ദയായി….

“കറുത്ത് കരിവാളിച്ച നിന്നെയെന്റെ ബൈക്കിനു പിറകിലിരുത്തിയട്ട് വേണം എല്ലാവരും എന്നെ പരിഹസിക്കാൻ.നാശമൊരുത്തി കാരണം ബാക്കിയുള്ളനു തല ഉയർത്തി നടക്കാനും പറ്റുന്നില്ല…”

അവളുടെ ഉളളം നീറുമെന്ന് അറിഞ്ഞ് തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞതും.പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.

മുളചീന്തും പോലെ പൊട്ടിക്കരഞ്ഞു അകത്ത് എവിടെയോ നന്ദു മറഞ്ഞു.ക്രൂരമായയൊരു ആനന്ദത്തോടെ ബൈക്ക് ഞാൻ മുമ്പോട്ടെടുത്തു….

ചെറുപ്പത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട നന്ദു വളർന്നത് എന്റെ വീട്ടിലാണ്. അമ്മയുടെ ആങ്ങളയുടെ മകൾ.കുട്ടിക്കാലം മുതലേ എനിക്കവളോട് വല്ലാത്ത വെറുപ്പായിരുന്നു.തരം കിട്ടുമ്പോഴൊക്കെ നുള്ളിയും വാക്കുകളാൽ വേദനിപ്പിക്കുന്നത് എനിക്കൊരു ഹരമായി.കരിക്കട്ടയെന്ന് അവളെ ഇരട്ടപ്പേരിട്ട് വിളിച്ചത് മറ്റുള്ളവർ കൂടി ഏറ്റെടുത്തത് എന്നെയൊരുപാട് സന്തോഷിപ്പിച്ചു… സ്കൂളും കടന്ന് കോളേജ് ജീവിതത്തിൽ എത്തിയട്ടും ആ വെറുപ്പ് എന്നിൽ തന്നെ നിലനിന്നു.മറ്റുള്ളവർ കളിയാക്കുമ്പഴും അവളുടെ മിഴികൾ പെയ്തട്ടില്ല.പക്ഷേ ഞാൻ അങ്ങനെ ചെയ്യുമ്പോൾ അവൾക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു…

ഞാൻ പഠിക്കുന്ന കോളേജിൽ അവളെ ചേർത്തപ്പഴും ഞാനൊരുപാട് എതിർത്തു. പക്ഷേ അച്ഛന്റെ വാക്കിനു മുമ്പിൽ ഞാൻ നിശബ്ദനായി.എന്റെ വീട്ടിലെ വേലക്കാരിയാണെന്ന് പറഞ്ഞാണ് ഞാൻ നന്ദുവിനെ അവിടെവെച്ച് പരിഹസിച്ചത്… എന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ഡിഗ്രി പരീക്ഷയിൽ ഞാൻ തോൽക്കുകയും നന്ദു ഉയർന്ന മാർക്കു വാങ്ങി പാസായതും എന്നെയേറെ ഞെട്ടിച്ചു.

അന്നുമുതൽ എന്റെ ഗ്രാഫ് താഴ്ന്നു….

വീട്ടിൽ എന്നെക്കാൾ പ്രാധാന്യം അവൾക്കായി.അത് എന്നിൽ കൂടുതൽ വാശി കയറ്റി.അവൾക്ക് മുമ്പിൽ തൊലിവെളുപ്പുള്ള പെണ്ണിന്റെ കാമുകനായി.അവിടെയും തേപ്പുകാരണം ഞാൻ പരാജിതനായി… നന്ദുവിനു സർക്കാർ ജോലി ലഭിച്ചപ്പോൾ ഞാൻ ഒരു സെയിൽസ്മാനായി.വീട്ടുകാർ എന്നെ കൂടുതൽ ഞെട്ടിച്ചത് നന്ദുവുമായി എന്റെ വിവാഹം ഉറപ്പിച്ചാണ്.എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന് പല പ്രാവശ്യം ഞാൻ അവളോട് പറഞ്ഞതാണ്. എന്റെ വീട്ടുകാർ കാരണമാണ് അവൾക്കൊരു ജീവിതം ലഭിച്ചെന്നും അവരുടെ വാക്കുകൾ ഒരിക്കലും എനിക്ക് ധിക്കരിക്കാൻ കഴിയില്ലെന്നും അവൾ പറഞ്ഞു…

ഞാനായി ഒഴിയാൻ ശ്രമിച്ചെങ്കിലും അച്ഛന്റെ തീരുമാനം മാറിയില്ല.ഒടുവിൽ ഇഷ്ടമില്ലാതെ നന്ദുവിനെ താലി ചാർത്തി. ഒരിക്കലും പോലും അവളെയൊന്ന് തൊട്ടട്ടില്ല.നിലത്ത് പാ വിരിച്ചവൾ അവിടെ കിടന്നുറങ്ങും.ഞാൻ എഴുന്നേൽക്കും മുമ്പവൾ അവിടെ നിന്നും മാറിക്കഴിഞ്ഞിരിക്കും.നന്ദു ഒരുതുള്ളി വെള്ളം തന്നാൽ പോലും ഞാൻ കുടിക്കില്ല.പല രാത്രികളിലും അവളെ കുത്തുവാക്കിനാൽ മുറിവേൽപ്പിക്കും.പാതിരാത്രിയിൽ അവളുടെ കുഞ്ഞു നിലവിളികൾ എന്റെ കകാതിൽ പതിക്കുമ്പോൾ മനസ്സിൽ ഞാൻ ഉറക്കെ ചിരിക്കും…. ഓർമ്മകൾ കാട് കയറിയതിനാൽ എതിരെ സ്പീഡിൽ വന്ന കാർ ഞാൻ ശ്രദ്ധിച്ചില്ല.

ബൈക്കിൽ കാലമർത്തും മുൻപേ കാറെന്നെ ഇടിച്ചു തെറുപ്പിച്ചു…. ബോധം വരുമ്പോൾ ഞാൻ ഹോസ്പിറ്റൽ ആണ്. കാലിനും കൈക്കും തലക്കും എനിക്ക് ഫാക്ച്ചറുണ്ട്.എഴുന്നേറ്റു നടക്കാൻ കുറഞ്ഞത് മൂന്നാലു മാസമെങ്കിലും എടുക്കും…

അച്ഛനും അമ്മക്കും ആശുപത്രിയിൽ അധികം ഇരിക്കാൻ കഴിയില്ല. ചില്ലറ അസുഖങ്ങൾ ഉണ്ട്.

നന്ദുവാണ് എന്നെ പരിചരിച്ചത്.എന്റെ കാലുകളും കൈകളും അവളായി.പരസഹായമില്ലാതെ പറ്റാത്തതിനാൽ നന്ദുവിനെ ഒഴിവാക്കാൻ കഴിയില്ല…

മലമൂത്ര വിസർജ്യങ്ങൾ അവൾ യാതൊരു അറപ്പുമില്ലാതെ എടുത്തു. അന്നാദ്യമായി അവൾ പകർന്നു നൽകിയ കഞ്ഞി എന്റെ തൊണ്ടക്കുഴിയിലൂടെ ഇറങ്ങി.ഞാൻ ആവശ്യപ്പെടാതെ എന്റെ മനസ്സറിഞ്ഞ് ഓരോന്നും അവൾ ചെയ്തു.

എനിക്കിങ്ങനെ സംഭവിച്ചതിൽ അവൾക്ക് വലിയ സങ്കടമുണ്ട്.പുറമേ പ്രകടിപ്പിക്കില്ലെന്ന് മാത്രം…

നന്ദുവിനെ ഞാൻ കൂടുതൽ അടുത്ത് അറിയുകയായിരുന്നു.പാവം പരാതിയും പരിഭവുമില്ലാതെ ലീവെടുത്ത് എനിക്കായി അവൾ കൂട്ടു നിന്നു.ഉള്ളിൽ പശ്ചാത്താപത്തിന്റെ കനലുകൾ എന്നിലെരിയുന്നത് ഞാൻ മനസ്സിലാക്കി. ആ പാദങ്ങളിൽ വീണു ക്ഷമയൊന്ന് യാചിക്കാൻ മനസ്സ് തുടിച്ചെങ്കിലും ശരീരം വഴങ്ങിയില്ല…. അവളോടുള്ള എന്റെ വെറുപ്പുകൾ അലിഞ്ഞില്ലാതെയായി.ഏതൊ ഒരുനിമിഷത്തിൽ ഞാനും നന്ദുവിനെ അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങി….

സംസാരിച്ച് തുടങ്ങിയപ്പഴാണ് അവളാ സത്യം പറഞ്ഞത്… “മനുവിനു ഇപ്പോൾ സമയം മോശമാണെന്നും അപകടം സാധ്യത ഒരുപാട് ഉണ്ടെന്നും കണിയാൻ പറഞ്ഞു. ഇരുവരും ഒരുമിച്ച് ശിവക്ഷേത്രത്തിൽ മാസത്തിലൊരു ശനിയാഴ്ച തൊഴണമെന്നും അതെയുള്ളൂ പരിഹാരമെന്നും അദ്ദേഹം പറഞ്ഞെന്ന്.അതിനായിട്ടാണ് അന്നവൾ കൂടെ വരാൻ കെഞ്ചിയത്…” എന്റെ മിഴികൾ സാഗരമായതും അവളുടെ ചുണ്ടുകൾ അതെല്ലാം ഒപ്പിയെടുത്തു.നാലു മാസം കഴിഞ്ഞു ഞാൻ പൂർണ്ണ ആരോഗ്യവാനായി തിരിച്ച് വന്നു.

അപ്പോഴാണ് നന്ദു എന്നോടൊരു കാര്യം പറഞ്ഞത്…

“ഞാൻ മനുവിനു യോജിച്ച പെണ്ണല്ല.ഒരുമിച്ച് വിവാഹമോചനക്കേസ് ഫയൽ ചെയ്താൽ പെട്ടെന്ന് ബന്ധം വേർപ്പെടുത്തി തരും.ഈ അപേക്ഷയിൽ ഞാൻ ഒപ്പിട്ടു.മനു കൂടിയിട്ടാൽ ഇന്ന് വക്കീലിന്റെ അടുത്ത് കൊടുക്കാം” അവളുടെ സ്വരം ഇടറിയിരുന്നു.ഒപ്പം ഞാൻ വല്ലാതെ അസ്സെപ്റ്റായി….. കുറച്ചു കഴിഞ്ഞു സ്വയബോധം വീണ്ടുകിട്ടാൻ.അവൾ തന്ന അപേക്ഷ ഞാൻ കുനുകുനെ വലിച്ചു കീറിയെറിഞ്ഞു..നന്ദുവിനെ വലിച്ചെന്റെ മാറിലേക്കിട്ട് അവളുടെ ചുണ്ടിൽ ഉമ്മകൾ തീർത്തു….

ആദ്യം ഷോക്കായ നന്ദു എന്നിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു. വിടതെ വീണ്ടും ഞാൻ ഇറുക്കിപ്പിടിച്ചു ചുണ്ടിൽ നിന്ന് എന്റെ ചൊടികൾ വിടാതെ… “നിനക്കെന്നെ കളഞ്ഞിട്ട് പോണം ല്ലെ.പിന്നെ നീയെന്നെ സ്നേഹിച്ചതോ.ഇഷ്ടത്തോടെ എന്റെ താലിയണിഞ്ഞതോ”… നൂറായിരം ചോദ്യങ്ങൾ…. എല്ലാത്തിനും കൂടി അവൾക്കൊരു ഉത്തരം…. ” ഈ വെറുപ്പിൽ നിന്നൊരിക്കൽ എന്നെ എന്നെങ്കിലും ഇഷ്ടപ്പെട്ടു തുടങ്ങുമെന്ന് എനിക്കറിയാം.

ആ ഒരു നിമിഷത്തിനായി എത്രകാലം വേണമെങ്കിലും ഞാൻ കാത്തിരിക്കും” “അപ്പോൾ ഡൈവോഴ്സ് നാടകമായിരുന്നു അല്ല…” “അല്ല മനു..നിനക്കത് സന്തോഷം നൽകുമെങ്കിൽ ആ സന്തോഷമായിരുന്നു എന്റെ സംതൃപ്തി….” മനസ്സ് നിറഞ്ഞ് ഞാൻ നന്ദുവിനെ കൂടുതൽ വരിഞ്ഞു മുറുക്കി അവളുടെ മൂർദ്ധാവിൽ ചുംബിച്ചു…. “ഇനിയൊരിക്കലും ഞാൻ വിട്ടുകളയില്ല വിലപിടിച്ചയെന്റെ കറുത്ത മുത്തിനെ…..” അപ്പോഴവളുടെ മുഖഭാവം ആയിരം പൂർണ്ണ ചന്ദ്രന്മാർ ഒരുപോലെ ഉദിച്ചത് പോലെയായിരുന്നു…..”

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: സുധീ മുട്ടം