മുപ്പത്താറ് കൊല്ലം വേണ്ടുവോളം നുകര്‍ന്നില്ലേ.. ഇനിയാ പരിപ്പൊന്നും വേവില്ല…

രചന : Jayaraj Parappanangadi

ഹൃദയസഖി

****************

സുമിത്രേ…ഇങ്ങിനെ നിലം തുടയ്ക്കണമാതിരി വിയര്‍പ്പൊപ്പല്ലേ…

എനിക്കതിന്റെ മണല്ല്യാംണ്ട്….

പിന്നേ….

മുപ്പത്താറ് കൊല്ലം വേണ്ടുവോളം നുകര്‍ന്നില്ലേ?

ഇനിയാ പരിപ്പൊന്നും വേവില്ല…

വയസ്സായാ മ്മടെ മണവും ഗുണവും സ്വഭാവവുമൊക്കെ മാറും…

സാരിപ്പുറത്തുകൂടി ദേഹമൊപ്പിയ തോര്‍ത്ത്, അയലയില്‍ പരത്തി, അലമാരയില്‍ നിന്നൊരു സ്പ്രേയെടുത്ത് സുമിത്ര മൂന്ന് തവണ ‘ശൂ’ ആക്കി കിടന്നു…..

ടോ….മുപ്പത്തിയാറല്ല മുന്നൂറ്റിയറുപത്തിയഞ്ച് കൊല്ലം കഴിഞ്ഞാലും നിന്റെ പ്രേമഗന്ധം എന്നെ വിട്ട് പോവില്ല….

അയ്യോ അച്ചുവേട്ടാ…..രാവിലത്തേക്കുള്ള ദോശയുടെ അരി വെള്ളത്തിലിട്ടിട്ടില്ല്യ…

ഞാനിപ്പൊ വരാം…

എന്താടോ നന്നാവാത്തത്?

ഇനിയെങ്കിലും ഈ അടുക്കളഭരണം മരുമക്കള്‍ക്ക് വിട്ടുകൊടുത്തൂടേ ?

ദേ…വെറുതെ ദേഷ്യം പിടിപ്പിക്കണ്ടാട്ടോ…

ചോറില്‍ കല്ലുകടിച്ചു, കൂട്ടാനില്‍ അരവ് പോരാ… ചായയില്‍ പഞ്ചാര കൂടി,

എന്നിങ്ങനെ നൂറ് കുറ്റം പറച്ചില് കേക്കണ്ടാന്ന് വച്ചിട്ടാ…

ഞാനടുപ്പിലെ ഊത്ത് നിര്‍ത്തണമെങ്കില്‍ ആദ്യം ഈ അച്ചുതന്‍ ചാവണം…

ഹഹഹഹ….അതിപ്പൊ ശ്വാസം മുട്ടലുള്ള നീ തന്ന്യേ ആദ്യം പോവൂ….

മൂപ്പരേ…ഇനിക്കും അതന്ന്യാ ഇഷ്ടം…

ഈ കുടുസ്സ് മുറീല് ഇങ്ങക്കുവേണ്ടി പതിനാറുദിവസം വിളക്ക് കെടാണ്ടെ മൂടിപ്പുതച്ചിരിക്കണ്ടാല്ലോ…

അയ്യോ അച്ചുവേട്ടാ…

ഒരു കാര്യംകൂടി പറയാന്‍ മറന്നു…

അതെന്താണപ്പാ ?

ദേവ്വേച്ചി വിളിച്ചിരുന്നു….ഒട്ടും വയ്യാന്ന്.. ഒരു ദിവസമൊപ്പം കിടക്കണംന്ന്…

അഞ്ചാം വയസ്സില്‍ എന്റെ അമ്മയായവളാണ്….

ആഗ്രഹം നീട്ടിവയ്ക്കാന്‍ തരമില്ലാത്തോണ്ട് അതിരാവിലെ ഞാനൊന്നു പോകും..

മ്മടെ രാമൂന്റെ ഓട്ടോ ഏല്‍പ്പിച്ചിട്ടുണ്ട്….

ഉം….

മറുത്തൊന്നും പറയാതെ ചുമരു ചാരി ലെെറ്റണച്ച അച്ചുവേട്ടനെ പുതപ്പെടുത്ത് മൂടി സുമിത്ര അടുക്കളയിലേക്ക് പോയി…

വരയ്ക്കപ്പെടുന്ന ചിത്രത്തിനു മുമ്പില്‍ അകമഴിഞ്ഞുല്ലസിക്കുന്നൊരു കലാകാരനെപ്പോലെ സുമിത്രയും അടുക്കളയില്‍ നാളത്തേക്കുള്ള നൂറുകൂട്ടം പണികളില്‍ മുഴുകി….

ശേഷമൊരു നാഴിക കണ്ണടച്ചപ്പോഴേക്കും കോഴി കൂവി….

ഓട്ടോയുടെ ശബ്ദം മാഞ്ഞതും അച്ചുവേട്ടന്‍ തികഞ്ഞ കര്‍മ്മബോധത്തോടെ ചാടിയെണീറ്റ് ആദ്യം കോഴിക്കൂട് നാലും വലയിലേക്ക് തുറന്നുവിട്ടു…

അവയ്ക്ക് തീറ്റ കൊടുത്ത ശേഷം ആടുകളുടെ അടുത്തേക്ക് നടന്നു…

പ്ളാവില തൂക്കി കെട്ടിയ കമ്പിയുടെ അടുത്തേക്ക് അവ കൂട്ടം കൂട്ടമായ് പായുമ്പോള്‍ അവള്‍ പറഞ്ഞതോര്‍ത്തു …

അച്ചുവേട്ടാ.. ഒരാടിനെ നോക്കുന്നതിനേക്കാള്‍ എളുപ്പമാണ് പത്തെണ്ണത്തിനെ മേയ്ക്കാന്‍…

സുമിത്ര നിര്‍ബന്ധിച്ചപ്പോള്‍ ഹംസയുടെ വീട്ടീന്ന് ഒരു കൂറ്റനെക്കൂടി വാങ്ങി..

പിന്നെയത് പെറ്റ് പരുകി ഇപ്പൊ മുപ്പതായി…..

മ്പേ….

ഗര്‍ഭ്ഭിണിയായ അമ്മിണിപ്പശുവിന് അച്ചുവേട്ടന്‍ ആലയില്‍ വച്ചുതന്നെ കാടിവെള്ളം കൊടുത്തു…

ഇതുകണ്ട് കുമ്പിരി കൂടിയ പോത്തുകളെ പെട്ടന്ന് പാടത്തേക്ക് തെളിച്ച് വെെക്കോലിട്ടു കൊടുത്തു..

അതിനിടയില്‍ അരയില്‍ നിന്നും ഫോണെടുത്ത് അമര്‍ത്തി കുത്തി…

സുമിത്രേ…നമ്മുടെ ‘കൂട്ടുകാരെ’ല്ലാവരും നിന്നെ തിരക്കീട്ടോ…

അച്ചുവേട്ടാ… മുഷിഞ്ഞ മുണ്ട് പിന്നാമ്പുറത്തെ അയലിലിട്ടാല്‍ മതി…

ഞാന്‍ വന്നിട്ടലക്കിക്കോളാം..

സുനന്ദക്കും ജലജക്കും ചാണകമലര്‍ജ്ജിയല്ലേ ….

ടോ…ഇത്തിരി കഴിഞ്ഞാല്‍ ഇജ്ജ്യവിടത്തെ ഫോണില്‍ തമ്മില്‍ കാണണ കോള് ചെയ്യ്…

അയ്യേ….ന്നെക്കൊണ്ടതിനൊന്നും പറ്റത്തില്ല…

ഞാന്‍ നാളെയങ്ങടെത്തില്ലേ മനുഷ്യാ…

അച്ഛാ…അമ്പലമെത്തീട്ടോ…..

കാറില്‍ തല ചാരി കണ്ണീരൊഴുക്കിയ അച്ചുവേട്ടന്‍ മകനോടിങ്ങനെ പറഞ്ഞു…

ഗോപീ…നമുക്കിനി ഒന്നും വേണ്ട…

ആടും കോഴീം പശും പോത്തും ..ഒന്നും…

വിറ്റുകിട്ടണ കാശീന്ന് കുറച്ച് രാമൂന്റെ വീട്ടിലും കൊടുക്കണം…

വണ്ടിമറിഞ്ഞ് തുടപൊട്ടിയ അവനിനി നാലഞ്ച് മാസം കഴിഞ്ഞല്ലേ ജോലിയെടുക്കാനൊക്കു…

ഉം..അതിനൊക്കെ സമയംണ്ടച്ഛാ…

നവാമുകുന്ദന്റെ പിന്നാമ്പുറത്തെ

‘ഭാരതി’ക്കല്‍പ്പടവില്‍ തോര്‍ത്ത് തലയില്‍ക്കെട്ടിയ അച്ചുവേട്ടന്‍ കര്‍മ്മിയോടിങ്ങനെ പറഞ്ഞു…

തീക്കൊടുത്തത് മകനാണെങ്കിലും ഭാര്യയുടെ ഭസ്മമൊഴുക്കാന്‍ എനിക്കനുവാദം തരണം…

ആയിക്കോളൂ…അതിനൊന്നും തടസ്സമില്ല…

കലമഴിച്ച് പിന്നോട്ടെറിയവെ സുമിത്രയുടെ വാരിയെല്ല് നെഞ്ചില്‍ ചേര്‍ത്തുപിടിച്ച അച്ചുവേട്ടന്‍ മനഃപൂര്‍വ്വം അഗാധമായ പുഴയുടെ അടിത്തട്ടില്‍ ചുഴിതിരിഞ്ഞ് തന്റെ പ്രിയതമയെ തേടി….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Jayaraj Parappanangadi