പ്രണയാർദ്രം നോവലിൻ്റെ ഭാഗം 35 വായിക്കുക…..

രചന:സീതലക്ഷ്മി

സിദ്ധു നേരെ ദേവിനെ കാണാൻ ആണ് പോയത്.

അവൻ ദേവിനോട് സംഗീത പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു.

“എടാ… അപ്പൊ നമ്മൾ സംശയിച്ചത് പോലെ വേദ് അല്ല പ്രിയങ്ക ആണല്ലേ ഇതിനെല്ലാം പിന്നിൽ…നീ ഒരു കംപ്ലയിന്റ് എഴുതി താ… അവളുടെ കാര്യം ബാക്കി ഞാൻ നോക്കിക്കോളാം…”ദേവ് പറഞ്ഞു.

“ഏയ്… ചാടി കയറി ഒന്നും ചെയ്യണ്ട… നിഹ ഇപ്പോൾ അവളുടെ കയ്യിലാണ്… നമ്മൾ ഇപ്പോൾ അവൾക്കെതിരെ എന്തെങ്കിലും ചെയ്താൽ നിഹയുടെ കാര്യം കഷ്ടത്തിലാകും…”സിദ്ധു പറഞ്ഞു.

“പിന്നെ നമ്മൾ എന്ത് ചെയ്യണം എന്ന നീ പറഞ്ഞു വരുന്നത്…”

“പ്രിയങ്കയെ അത്ര പെട്ടെന്ന് നിയമത്തിനു വിട്ട് കൊടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല… ആദ്യം നമുക്ക് നിഹയെ കണ്ട് പിടിക്കണം…”

“നിഹയുടെ കാര്യം ഓർത്തു നീ പേടിക്കണ്ട…നിഹയെ നമുക്ക് തിരിച്ചു കൊണ്ട് വരാം…”

“എന്നാലും എന്ത് ദുഷ്ടനാടാ ഞാൻ… എന്റെ കുഞ്ഞ് എന്നോട് കരഞ്ഞു പറഞ്ഞില്ലേ അയാളുടെ കൂടെ വിടരുതേ എന്ന് എന്നിട്ടും ഞാൻ….”സിദ്ധു കരഞ്ഞുകൊണ്ട് പറഞ്ഞു.

“നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിലും അങ്ങനെയേ ചെയ്യൂ…ലക്ഷ്മി അറിഞ്ഞോ…”ദേവ് ചോദിച്ചു.

“ഇല്ല…” “നീ ഇപ്പൊ വീട്ടിലേക്ക് ചെല്ല് അവളോട് കാര്യങ്ങൾ എല്ലാം പറ…”

സ്നേഹ കാണണമെന്ന് പറഞ്ഞിട്ട് ലോകേഷ് അവളുടെ വീട്ടിലേക്ക് ചെന്നു.

“എന്താടോ കാണണമെന്ന് പറഞ്ഞത്…”ലോകേഷ് ചോദിച്ചു.

“ഞാൻ… ഞാൻ പോകുവാ… തിരിച്ചു ബാംഗ്ലൂരിലേക്ക്…”സ്നേഹ പറഞ്ഞു.

“അതിനിപ്പോ എന്താ ഉണ്ടായേ…”

“ചേച്ചിയോട് ഞാൻ സിദ്ധുവിന്റെ കല്യാണം കഴിഞ്ഞ കാര്യമോ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു… ഇന്ന് രാവിലെ വിളിച്ചപ്പോൾ ഞാൻ അതൊക്കെ പറഞ്ഞു… ചേച്ചി പറഞ്ഞു അങ്ങോട്ടേക്ക് ചെല്ലാൻ…”

സ്നേഹ വിഷമത്തോടെ പറഞ്ഞു.

ലോകേഷ് ഒന്നും മിണ്ടിയില്ല.

“എപ്പോഴാ പോകുന്നത്….”അവൻ ചോദിച്ചു.

“ജോലി റിസൈൻ ചെയ്യണം അതിനുമുൻപ് കുറച്ചു ജോലി ചെയ്തു തീർക്കാൻ ഉണ്ട്… അടുത്ത തിങ്കളാഴ്ച വൈകിട്ടത്തെ ട്രെയിനിനു പോകാനാ തീരുമാനിച്ചിരിക്കുന്നത്…”സ്നേഹ പറഞ്ഞു.

“ഹ്മ്മ്….പോകുന്ന അന്ന് എന്നോട് പറഞ്ഞാൽ മതി… ഞാൻ…ഞാൻ സ്റ്റേഷനിൽ വിടാം…”ലോകേഷ് അത്രയും പറഞ്ഞിട്ട് അവിടെ നിന്നും പോയി.

സ്നേഹ അറിയാതെ കരഞ്ഞു പോയി. അവൻ പോകണ്ട എന്ന് പറയുമെന്ന് അവൾ കരുതി.

“അവൾ വല്ലതും കഴിച്ചോ…”മാധവൻ ശ്രീജയോട് ചോദിച്ചു.

“ഇല്ല…ഞാൻ കുറെ നിർബന്ധിച്ചു… അവൾ ഒന്നും കഴിക്കാൻ കൂട്ടാകുന്നില്ല…”ശ്രീജ പറഞ്ഞു.

“മാധവേട്ട…നമ്മൾ ഇനി എന്താ ചെയ്യാ… ലക്ഷ്മി മോള്…ഇങ്ങനെ പോയാൽ അവൾ വല്ല കടുംകൈയ്യും ചെയ്യുമോ എന്ന എന്റെ പേടി…”ശ്രീജ പറഞ്ഞു.

“അവൾ അങ്ങനെ ഒന്നും ചെയ്യില്ല…നീ പേടിക്കണ്ട…അവൾ അങ്ങനെ പെട്ടെന്ന് തളർന്നു പോവുന്നവൾ അല്ല… ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ അവളെ കൊണ്ട് കഴിയും…. “മാധവൻ പറഞ്ഞു.

അപ്പോഴാണ് പ്രിയങ്ക അങ്ങോട്ടേക്ക് വന്നത്.

“ആന്റി…. ഞാൻ എല്ലാം അറിഞ്ഞു… ലക്ഷ്മി എവിടെ…”പ്രിയങ്ക വിഷമം അഭിനയിച്ചുകൊണ്ട് ശ്രീജയോട് ചോദിച്ചു.

“അവൾ റൂമിൽ ഉണ്ട്… ഇതുവരെ പുറത്ത് ഇറങ്ങിയിട്ടില്ല…”ശ്രീജ പറഞ്ഞു.

“ഞാൻ ഒന്ന് പോയി കണ്ടിട്ട് വരാം…”

“വേണ്ട മോളേ… അവളെ ശല്യപ്പെടുത്തണ്ട…”

ശ്രീജ പറഞ്ഞത് പ്രിയങ്ക കേട്ടില്ല അവൾ ലക്ഷ്മിയെ കാണാനായി റൂമിലേക്ക് പോയി. റൂമിന്റെ കോലവും ഒപ്പം വാടി തളർന്നു ഇരിക്കുന്ന ലക്ഷ്മിയേയും കണ്ട് പ്രിയങ്ക ഉള്ളിൽ ചിരിച്ചു. പ്രിയങ്ക ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നിരുന്നു.

“ലക്ഷ്മി…”പ്രിയങ്ക ലക്ഷ്മിയുടെ അടുത്ത് ചെന്നിരുന്നു വിളിച്ചു. ലക്ഷ്മി ഒന്നും മിണ്ടിയില്ല ഭിത്തിയിൽ ചാരി മുന്നോട്ട് തന്നെ നോക്കി ഇരിക്കുക ആയിരുന്നു.

ലക്ഷ്മി വിഷമിക്കണ്ട… എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കുക…അവളുടെ അച്ഛന്റെ കൂടെ തന്നെയല്ലേ അവൾ പോയിരിക്കുന്നത്…

അതോർത്തു സമാധാനിക്കാം… അല്ല അയാളെ കുറിച്ച് അറിഞ്ഞത് വെച്ച് അയാൾ അത്ര നല്ലവൻ ഒന്നുമല്ല… അയാൾ കുഞ്ഞിനെ ആർകെങ്കിലും വിൽക്കുവോ മറ്റോ….

പ്രിയങ്ക പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ അവൾ നിലത്തേക്ക് വീണിരുന്നു. ചെവിയിൽ ആകെ ഒരു മൂളൽ മാത്രമേ കേൾക്കാൻ പറ്റുന്നുള്ളു.

കവിളാണെങ്കിൽ വേദനിക്കുന്നു. അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ പ്രിയങ്കയെ തന്നെ നോക്കി പല്ല് ഞെരിക്കുന്ന സിദ്ധുവിനെയാണ് കണ്ടത്.

“Get out….”

അവൻ കണ്ണുകളടച്ചു ദേഷ്യം നിയന്ത്രിച്ചു വാതിലിലേക്ക് ചൂണ്ടി പറഞ്ഞു. അപ്പോഴും പ്രിയങ്ക വേദനയുടെ ആഘാതത്തിൽ അവിടെ തന്നെ ഇരിക്കുക ആയിരുന്നു. സിദ്ധു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു റൂമിന് വെളിയിൽ ആക്കി വാതിൽ അടച്ചു.

“ഇതിനൊക്കെ നിങ്ങൾ അനുഭവിക്കും…”അടങ്ങാത്ത ദേഷ്യത്തോടെ പ്രിയങ്ക മനസ്സിൽ പറഞ്ഞു. സിദ്ധു വാതിൽ അടച്ചു ലക്ഷ്മിയുടെ അടുത്ത് ചെന്നിരുന്നു. അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.

സംഗീത പറഞ്ഞതിനെ കുറിച്ചെല്ലാം അവനു ലക്ഷ്മിയോട് പറയണമെന്ന് ഉണ്ടായിരുന്നു. പക്ഷെ മുരുകേശനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയിട്ട് മതി അവൾ എല്ലാം അറിയുന്നത് എന്ന് അവൻ തീരുമാനിച്ചു. ഒരുപക്ഷെ അയാളെ കുറിച്ച് അറിവൊന്നും കിട്ടിയില്ലെങ്കിൽ ലക്ഷ്മിയെ വെറുതെ ആശിപ്പിക്കണ്ട എന്ന് അവൻ കരുതി.

“ലെച്ചു…..”

ലക്ഷ്മിയുടെ അടുത്തേക്കിരുന്ന് അവൻ വിളിച്ചു.

“എത്ര നേരമായി ഇങ്ങനെ ഇരിക്കുന്നു… ഒന്ന് ഫ്രഷ് ആയിട്ട് വാ… എന്നിട്ട് എന്തെങ്കിലും കഴിക്കാം…”

അവൻ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു. ലക്ഷ്മി അവനെ ഇറുക്കെ പുണർന്നു അവന്റെ തോളിൽ മുഖം അമർത്തി നിശബ്ദമായി കരഞ്ഞു.സിദ്ധു അവളെ ഇരുകൈകൾ കൊണ്ടും ചേർത്തു പിടിച്ചു.ലക്ഷ്മിയുടെ നിർത്താതെ പെയ്യുന്ന മിഴികൾ അവനെ വേദനിപ്പിച്ചു കൊണ്ടിരുന്നു. നിഹയെ എങ്ങനെ എങ്കിലും കണ്ടുപിടിക്കണം എന്നവൻ തീരുമാനിച്ചു.

വൈകുന്നേരം ദേവിനെ കാണാനായി സിദ്ധു അവന്റെ വീട്ടിലേക്ക് ചെന്നു.

“ഇത് ഞാൻ വീട്ടിലെ സിസി ടീവിയിൽ നിന്നും എടുത്ത മുരുകേശന്റെ ഫോട്ടോ ആണ്…അയാളെ കുറിച്ച് മറ്റു ഡീറ്റെയിൽസ് ഒന്നും എനിക്ക് അറിയില്ല…”

ദേവിന് നേരെ ഒരു കവർ നീട്ടികൊണ്ട് സിദ്ധു പറഞ്ഞു. ദേവ് ആ കവർ വാങ്ങിച്ചു തുറന്നു ഫോട്ടോസ് നോക്കി.

“ഇയാളെ ആദ്യം നീ എപ്പോഴാ കാണുന്നത്…”

ആ ഫോട്ടോസിലേക്ക് നോക്കികൊണ്ട് ദേവ് ചോദിച്ചു.

“നിഹക്ക് രണ്ട് വയസ്സുള്ളപ്പോൾ…”

“അന്ന് ഇയാൾ തന്നെയാണ് നിഹയുടെ അച്ഛൻ എന്ന് നിനക്ക് എങ്ങനെ മനസ്സിലായി…”

“ഞാൻ ആദ്യം ചെന്നു അന്വേഷിച്ചത് സംഗീതയുടെ അടുത്താണ്… പിന്നീട് സംഗീതയാണ് എനിക്ക് ഡീറ്റെയിൽസ് എല്ലാം പറഞ്ഞു തന്നത്… പക്ഷെ അതെല്ലാം കള്ളം ആയിരുന്നല്ലോ…”

“മ്മ്… എന്തായാലും ഇയാൾ അത്ര നല്ലവൻ ഒന്നുമല്ല എന്നല്ലേ നീ പറഞ്ഞത്… അപ്പോൾ ഏതെങ്കിലും സ്റ്റേഷനിൽ ഇയാളുടെ പേരിൽ എന്തെങ്കിലും കേസ് ചാർജ് ചെയ്തിട്ടുണ്ടാകും”….

നമുക്ക് ഈ ഫോട്ടോ വെച്ച് അന്വേഷിക്കാം… നീ വിഷമിക്കണ്ട…

ദേവിനോട് യാത്ര പറഞ്ഞു സിദ്ധു വീട്ടിലേക്ക് തിരിച്ചു.

മോളേ… നീ വന്നു എന്തെങ്കിലും ഒന്ന് കഴിക്ക്….

ഇന്നലെ രാത്രിയിലും ഒന്നും കഴിച്ചില്ല… ഇന്നും ഒന്നും കഴിച്ചില്ല… ക്ഷീണം കാണില്ലേ…. ഗൗതം ലക്ഷ്മിയോട് പറഞ്ഞു.

“എനിക്കൊന്നും വേണ്ട ഏട്ടാ…”ലക്ഷ്മി പറഞ്ഞു.

അങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോളേ…

എന്തെങ്കിലും ഒന്ന് കഴിക്ക്… ഗൗതം അവളെ നിർബന്ധിച്ചു.

“ചേച്ചി…. ഈ വെള്ളം എങ്കിലും കുടിക്ക്…”കയ്യിലിരുന്ന ഗ്ലാസ്‌ ലക്ഷ്മിക്ക് നേരെ നീട്ടികൊണ്ട് നവി പറഞ്ഞു. ലക്ഷ്മി കണ്ണ് തുടച്ചുകൊണ്ട് ഇല്ലെന്നു തലയാട്ടി.

“ഞാൻ ഒന്ന് സ്നേഹയുടെ അടുത്തേക്ക് പോകുവാ…”ലക്ഷ്മി അതും പറഞ്ഞു ബെഡിൽ നിന്നും എഴുന്നേറ്റു. ലക്ഷ്മിക്ക് അത് ചിലപ്പോൾ ആശ്വാസം നൽകിയേക്കാം എന്ന് കരുതി ആരും അവളെ തടഞ്ഞില്ല.അവൾ പുറത്തേക്കിറങ്ങുന്നത് കണ്ടപ്പോൾ തന്നെ എല്ലാവർക്കും പകുതി ആശ്വാസമായി.

ലക്ഷ്മി ഗേറ്റ് കടന്ന് സ്നേഹയുടെ വീട്ടിലേക്ക് ചെന്നു. സ്നേഹയുടെ വീടിനോട് ചേർന്ന് സിദ്ധുവിന്റെ കാർ കിടപ്പുണ്ടായിരുന്നു. ലക്ഷ്മി കാറിനകത്തേക്ക് ഒന്ന് നോക്കിയതിനു ശേഷം സ്നേഹയുടെ വീട്ടിലേക്ക് ചെന്നു. ഡോർ തുറന്നു കിടക്കുവായിരുന്നു അകത്തു നിന്നും അനക്കം ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.

ലക്ഷ്മി കിച്ചണിൽ ചെന്നു നോക്കിയതിനു ശേഷം ഹാളിലേക്ക് തിരിച്ചു ചെന്നു.പാതി തുറന്നു കിടന്ന റൂമിന്റെ വാതിലിനിടയിലൂടെ ലക്ഷ്മി നോക്കി.

ശരീരം തളരുന്നത് പോലെ തോന്നി ലക്ഷ്മിക്ക്.

അവൾ വീഴാതിരിക്കാനായി അടുത്ത് ഫ്ലവർ വേസ് വെച്ചിരുന്ന സ്റ്റാൻഡിൽ കയറി പിടിച്ചു.അപ്പോഴേക്കും ഫ്ലവർ വേസും സ്റ്റാൻഡും തട്ടി താഴെ വീണു. ശബ്ദം കേട്ട് ഞെട്ടി സിദ്ധു കണ്ണ് തുറന്നു. തലക്കെന്തോ ഭാരം തോന്നുകയും കണ്ണുകൾ തുറക്കാൻ അവൻ നന്നേ പ്രയാസപ്പെടുകയും ചെയ്തു.കണ്ണ് വലിച്ചു തുറന്നു ചുറ്റും നോക്കിയതും തന്റെ കര വലയത്തിൽ കിടക്കുന്ന സ്നേഹയെ ആണ് കണ്ടത്. അവൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു.അവന്റെ പെട്ടെന്നുള്ള നീക്കത്തിൽ സ്നേഹയും ഞെട്ടി എഴുന്നേറ്റു. അടുത്ത് സിദ്ധുവിനെ കണ്ടതും അവൾ ഒന്ന് പകച്ചു.

ലക്ഷ്മിക്ക് കണ്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.ലക്ഷ്മിക്ക് പിന്നാലെ നവിയും ലോകേഷും വന്നിരുന്നു. ലക്ഷ്മി ഒരിടത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവരും അങ്ങോട്ടേക്ക് നോക്കി.

അവർക്കും കണ്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. തലക്ക് വല്ലാത്ത കനവും വേദനയും തോന്നി സിദ്ധു തല ഇട്ട് വെട്ടിച്ചു. മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ട് സിദ്ധു ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.

“ഞാൻ…. എനിക്ക്… എനിക്കൊന്നും അറിയില്ല…”ലക്ഷ്മിയോടും നവിയോടും ലോകേഷിനോടുമായി സിദ്ധു പറഞ്ഞു. ലോകേഷ് അവനെ ഒന്ന് അടിമുടി നോക്കി. അലങ്കോലമായി കിടക്കുന്ന ഷർട്ടും മുടിയും.

അവന്റെ പിന്നിലായി മറഞ്ഞു നിൽക്കുന്ന സ്നേഹയുടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു.

“ലെച്ചു…എനിക്കൊന്നും അറിയില്ല… ഞാൻ എങ്ങനെ ഇവിടെ…”ലക്ഷ്മി മറ്റെങ്ങോട്ടേക്കൂ നോക്കി നിൽക്കുക ആയിരുന്നു.പക്ഷെ ഇത്തവണ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. ലക്ഷ്മി ഒന്നും മിണ്ടാതെ തിരിച്ചു വീട്ടിലേക്ക് പോയി.സിദ്ധു അവളുടെ പിറകെ പോകാൻ പോയതും ലോകേഷ് അവനെ കൈ കൊണ്ട് തടഞ്ഞു.

എടാ സത്യമായും എനിക്ക് ഒന്നും അറിയില്ല….

നവി…”അവൻ ലോകേഷിനെയും നവിയെയും മാറി മാറി നോക്കികൊണ്ട് പറഞ്ഞു. ലോകേഷ് സിദ്ധുവിന്റെ കവിളിൽ ആഞ്ഞടിച്ചു.സിദ്ധു താഴേക്ക് തന്നെ നോക്കി നിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു. ലോകേഷ് സ്നേഹക്ക് പുച്ഛം കലർന്ന ഒരു ചിരി നൽകി അവിടെ നിന്നും പോയി. പിന്നാലെ നവിയും.

തുടരും…

ഈ പാർട്ട്‌ നന്നായോ എന്ന് അറിയില്ല…

ചെറുതായിട്ട് ഇടക്ക് വെച്ച് ഒന്ന് സ്റ്റക്ക് ആയി…

അഭിപ്രായം അറിയിക്കുക…

ലൈക്ക് & വെല്യ കമന്റ്‌ ❤️

രചന:സീതലക്ഷ്മി


Comments

Leave a Reply

Your email address will not be published. Required fields are marked *