എനിക്കേട്ടനെ ഒന്ന് കാണണം എന്നാണ് ബോധം ശരിക്കു തെളിഞ്ഞപ്പോ ആദ്യം പറഞ്ഞത്…..

പ്രിയമുള്ളൊരാൾ

രചന : Meenu Devu

ഹരിയേട്ടാ ഞാനെങ്ങാനും മരിച്ചോയാ ആദം ജോണിലെ പ്രിഥ്വീരാജിനെ പോലെ ഇങ്ങള് ഇമ്മടെ കുഞ്ഞിനെ വെറുക്കല്ലേ, മാറോട് ചേർത്ത് പിടിച്ചണം കേട്ടോ മൻഷ്യാ. പ്രതികരണമൊന്നും കേക്കണില്ലല്ലോ കർത്താവേന്ന് മനസിലാലോചിച്ച് നോക്കുമ്പള്ളുണ്ട് ഇമ്മടെ കണവൻ ഇരുന്നുറങ്ങണ്..

ടോ മൻഷ്യാ എന്നുറക്കെ വിളിച്ചപ്പോ പാവം ഞെട്ടിയെണീറ്റിട്ട് ഒരു ചോദ്യം ന്താടാ വാവേ വേദനവന്നോന്ന്..

ഈ മൻഷ്യനീ വിചാരേ ഉള്ളോ ൻ്റെ ദൈവമേ ഭർത്താവാണത്രേ ഭർത്താവ് മനസിലൊരുലോഡ് പുച്ഛമാണേലും മുഖത്ത് സെൻ്റി വരുത്തി ഏട്ടൻ്റെ മടിയിൽ നിന്ന് വളരെ പതുക്കെ എണീറ്റ് കണ്ണിൽ നോക്കി ഞാൻ ചോദിച്ചു…

ഞാൻ വേദനിക്കണത് കാണാൻ അത്ര കൊതിയാണോ ഹരിയേട്ടാ ?

ആശുത്രിയിൽ വന്നേ പിന്നെ ഇടയ്ക്കിടക്ക് ആ പഠിക്കണ പിള്ളേര് കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് നോക്കാനൊരു വരവുണ്ട്. ഫ്ലൂയിട് കുറവായോണ്ട് കുഞ്ഞനങ്ങുമ്പോ നല്ല വേദനയാ പിന്നെ അവര് ആ സ്റ്റെതസ്ക്കോപ്പ് വെക്കുമ്പോ വാവയ്ക്ക് വല്ലാത്ത കളിയും.. എങ്ങടൊക്കയാ ഓടുകയെന്ന് പറയാൻ കൂടി പറ്റൂല്ല.. പിന്നെ ചെറിയ വേദനയുണ്ട് എന്ന് പറയുമ്പോളേ ലേബർറൂമിൽ കയറ്റി ഡോക്ടറുടെ ഒരു പരിശോധനയുണ്ട്.. ൻ്റെ പൊന്നു സാറേ അതോർക്കുമ്പോളേ കണ്ണീന്ന് പൊന്നീച്ച പറക്കും..

കല്യാണത്തിന് മുൻപ് നാമൊന്ന് നമുക്ക് മൂന്ന് എന്നൊക്കെ പറയാർന്നു ഏട്ടനോട് (പ്രേമിച്ച് നടന്നപ്പോളുള്ള കാര്യാണേ) കുഞ്ഞാവയുടെ വരവറിയിച്ച ഛർദ്ദി തുടങ്ങിയപ്പോ മൂന്ന് മാറ്റി രണ്ടാക്കി.. (ഇനി ദൈവത്തിന് ഞങ്ങൾക്ക് മൂന്ന് കുട്ടികൾ ഉണ്ടാവണതാ ഇഷ്ടംന്ന് വെച്ചാ ഒരു ഇരട്ട കുട്ടികളെ അങ്ങ് തരട്ടെ ഹല്ല പിന്നെ) ഈ കഴിഞ്ഞ എട്ട് മാസവും എട്ട് പാഠങ്ങളാണുട്ടോ എനിക്ക്, ഒപ്പമേട്ടനും. വരവറിയിച്ച ഛർദ്ദിലും പിന്നെയുള്ള പിടിവാശികളും കുഞ്ഞനക്കങ്ങളും കാലിലെ നീരും കുഞ്ഞി കൊതികളുമിമ്പങ്ങളും അങ്ങനെയങ്ങനെ ഒരുപാടുണ്ട്…

കുഞ്ഞിനോട് വർത്താനം പറഞ്ഞ് മറുപടി സ്വയം സങ്കൽപിച്ച് ചിരിക്കാറുണ്ട്, ഞാൻ മാത്രല്ലാട്ടോ ഏട്ടനും.

ഏട്ടൻ്റെ കൂടെ ആറാം മാസം മഴ നനയാൻ പോയതാ ഏറ്റവും രസം. പനി പിടിച്ചതെനിക്കാനേലും അച്ഛയുടേം അമ്മയൂടേം ചീത്ത കേട്ടത് മുഴുവൻ പാവമെൻ്റെ ഏട്ടനും…

ഏഴാം മാസമെൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോന്നപ്പോ ഏട്ടൻ്റെ മാത്രമല്ല ഏട്ടൻ്റെ അമ്മയുടേം അച്ഛയുടേയും കണ്ണ് കലങ്ങിയിരുന്നു.

ദേവൂസേ ന്തുവാടോ താനീ ചിന്തിച്ച് കൂട്ടണേ കുഞ്ഞിനെന്തേലും പ്രയാസം തോന്നണുണ്ടോ?

ഇല്ല എന്ന് ഒറ്റവാക്കിൽ മറുപടി പറഞ്ഞ് പതുക്കെ വീണ്ടും കട്ടിലിൽ കിടന്നു.. ഇതിപ്പോ മൂന്ന് ദിവസായീ ഈ ആശൂത്രിയിൽ ഫ്ലൂയിട് കുറവായോണ്ട് അഡ്മിറ്റാക്കിയാ അഡ്മിറ്റായേൻ്റെ പിറ്റേ ദിവസം ഐ മീൻ ഇന്നലെ റൗണ്ട്സിന് വന്ന ഡോക്ടർ പ്രഖ്യാപിച്ചു ഇനി കുഞ്ഞാവയായിട്ട് വീട്ടിലേക്ക് പോയാ മതിട്ടോ..

ദേവിക വാവയ്ക്ക് അമ്മയെ കാണാൻ കൊതിയായെന്നാ പറയണേ. വയറിടിഞ്ഞിട്ടുണ്ട് ശ്രദ്ധിക്കണംട്ടോ മിസ്റ്റർ ഹരിഗോവിന്ദ് ഏതു നിമിഷവും പെയിൻ വരാം. നാളെ ഫ്ലൂയിട് ഇടാം എന്നിട്ട് മറ്റനാൾ രാവിലെ പെയിൻ വരാനുള്ള ട്രിപ്പും ഇടാം..

വേദന വരുംന്ന് ഡോക്ടർ പറഞ്ഞോണ്ട് എനിക്ക് ഇന്നലെ തന്നെ വേദന വന്നതും, ഏട്ടൻ പേടിച്ചതും ലേബർ റൂമിൽ സ്ട്രച്ചറിൽ കിടത്തി കൊണ്ടോയ ഞാൻ സ്റ്റെപ്പിറങ്ങി തിരികെ നടന്ന് റൂമിൽ വന്നതുമൊക്കെ ഓർത്ത് സുഖമായിട്ട് ഉറങ്ങികൊണ്ടിരുന്നപ്പോളാ പ്രഷർ നോക്കാൻ ഒരു സിസ്റ്റർ വന്ന് ആ സ്വപ്നം കാണലിൻ്റെ ഫ്ലോയങ്ങ് കളഞ്ഞത്..

പ്രഷർ റോർമൽ തന്നെ അല്ലേ സിസ്റ്റർ ഏട്ടനാട്ടോ ചോദിച്ചേ “ചെറിയ വെരിയേഷനുണ്ട് ബട്ട് പേടിക്കാനൊന്നൂല്ല..” സിസ്റ്റർ പോയ പുറകെ ഞാനേട്ടനോട് ഇമ്മക്കിത്തിരി നടക്കാന്ന് പറഞ്ഞ് ഏട്ടനേം കൂട്ടി റൂമിൻ്റെ പുറത്തേക്കിറങ്ങി..

പുറത്തൊരു വരാന്തയുണ്ട്. ഏട്ടൻ്റെ കൈയിൽ ഒരു കൈ കോർത്ത് പിടിച്ച് മറ്റേ കൈ വയറിൽ താങ്ങി അങ്ങോട്ടുമിങ്ങോട്ടുമൊരു മൂന്ന് വട്ടം നടന്ന് കാണും അടിവയറ്റിലൊരു വേദന… ചെറിയ വേദനയാ പക്ഷേ ഞരമ്പൊക്കെ വലിഞ്ഞ് മുറുകണ പോലെ.

ദൈവമേ ഇതാണോ ഈ പ്രസവവേദന!?

ഡോക്ടറുടെ പരിശോധന ഓർത്തപ്പോ ഏട്ടനോട് പറയാൻ തോന്നീല്ല. ഏട്ടൻ്റെ കൈയിൽ ഒന്നൂടെ മുറുകെ പിടിച്ച് പിന്നേം നടന്നു.. മുഖഭാവം മാറിയത് കണ്ടിട്ടാവണം ഏട്ടൻ എന്തേലും വിഷമമുണ്ടോടാ എന്ന് ചോദിച്ചത്.. വേദന പിന്നേം കൂടണപോലെ തോന്നിയത് കൊണ്ട് ഏട്ടനോട് പറഞ്ഞു…

കണ്ണൊക്കെ ഞാൻ പോലുമറിയാതെ അപ്പൊളേക്കും നിറഞ്ഞ് തുടങ്ങിയിരുന്നു, ഏട്ടൻ്റെ കൈയിൽ ഒന്നൂടെ മുറുകെപിടിച്ച് തോളിൽ ചാരി പതിയെ നടന്ന് എങ്ങനെയോ മുറിയിലെത്തി… എന്നെ കട്ടിലിൽ കിടത്തി നേഴ്സുമാരേം വിളിച്ച് ഏട്ടൻ പെട്ടെന്ന് തന്നെ വന്നു.. ലേബർ റൂമിലേക്ക് സ്ട്രെച്ചറിൽ കിടത്തി സിൽമേൽ കാണണ പോലെ കൊണ്ട് പോകുമ്പോ ഏട്ടൻ്റെ കൈ ഞാനും പിടിച്ചിരുന്നു നടിമാരെ പോലെ..

വേദനകൊണ്ടലറി കരഞ്ഞിലേലും എല്ലുകൾ പൊടിയണ ഫീലായിരുന്നു എനിക്ക് ഇതിനിടയ്ക്ക് വാവ താഴേക്ക് മാത്രം അനങ്ങുന്ന പോലൊരു തോന്നലും.. ലേബർ റൂമിൻ്റെ വാതിക്കലെത്തിയപ്പോ ഏട്ടൻ ഒരു കുഞ്ഞുമ്മ തന്നു നെറ്റിയിൽ.

അകത്തേക്ക് പോകും തോറും വേദന കൂടി കൂടി വന്നു.. ഡോക്ടർ വന്നു പരിശോധന നടത്തിയിട്ട് നേഴ്സുമാരോട് എന്തൊക്കെയോ പറഞ്ഞു..

എനിച്ചൊന്നും മനസിലായില്ല.. എന്നോട് ആകെ പറഞ്ഞത് നല്ല വേദന വരുമ്പോ പറയണംന്ന് മാത്രാ വേദനയിലും നലതും ചീത്തയുമുണ്ടോ ഡാക്ടറേ എന്ന് ചോദിക്കാൻ നാവ് പൊങ്ങിയെങ്കിലുംം എൻ്റെ വാവയുടെ കാണാത്ത മുഖം മനസിൽ സങ്കൽപിച്ചപ്പോ ഇമ്മളാഡയലോഗ് മൊത്തം വിഴുങ്ങി മം എന്ന് മാത്രം മൂളി..

പിന്നെ വേദനയുടേയും ഇൻഞ്ചക്ഷൻ്റേം ഒരു ഘോഷയാത്രയായിരുന്നു.. ഇടയ്ക്ക് ഡോക്ടർ വന്ന് നോക്കി എന്നിട്ടെന്നോട് നന്നായിട്ട് പുഷ് ചെയ്യാൻ പറഞ്ഞു.. നൻപൻ സിനിമ കണ്ട ഓർമ്മയിൽ ഞാൻ വയറ്റിൽ നന്നായി പുഷി.. പക്ഷേ എൻ്റെ വയറല്ലേ അതിനുള്ളിൽ എൻ്റെ കുഞ്ഞല്ലേ എനിക്കങ്ങനെ വേദനിപ്പിക്കാൻ പറ്റ്വോ?

പുഷിൻ്റെ ശക്തി പോരാന്ന് പറഞ്ഞ് ഒരു സിസ്റ്റർ വന്ന് എൻ്റെ കൈയിൽ പിടിച്ച് നന്നായി വയറ്റിലമർത്തി..

അമ്മേയ് ഈരേഴുപതിനാലു ലോകവും കണ്ടു ഞാനാ സമയത്ത്..

വീണ്ടും വീണ്ടും മുറുക്കെ വയറ്റിൽ ഞെക്കി..

കണ്ണൊക്കെ മറിയണ പോലെയായിരുന്നു അപ്പോൾ..

വീണ്ടും കുറച്ച് സമയം കൂടി വാവകുട്ടൻ എന്നെ വേദനിപ്പിച്ചൂട്ടോ.. ഒടുവിലവൻ തോൽവി സമ്മതിച്ചു പുറത്തേക്ക് വന്നു, ഒരു കുഞ്ഞികരച്ചിലിൻ്റെ അകമ്പടിയോടെ.. ഡോക്ടറുടെ കൈയിൽ പാതിമയക്കത്തിൽ ഞാൻ എൻ്റെ കുഞ്ഞിനെ കണ്ടു..

ആൺകുട്ടിയാട്ടോ ദേവിക.. ആ വേദനയിലും എൻ്റെ ചുണ്ടിൽ ഒരു കുഞ്ഞിചിരി വിരിഞ്ഞിരുന്നു.. ഏട്ടൻ കുഞ്ഞിനെ കാണുമ്പോ എന്താവും പറയുക എന്നായിരുന്നു അപ്പോ എൻ്റെ ചിന്ത ചിന്തിക്കാൻ ഓരോരോ കാരണങ്ങൾ അല്ലാണ്ടെന്ത് ?

എനിക്കേട്ടനെ ഒന്ന് കാണണം എന്നാണ് ബോധം ശരിക്കുതെളിഞ്ഞപ്പോ ആദ്യം പറഞ്ഞത്. ഏട്ടനെ കാണണമെന്ന് പറഞ്ഞപ്പോ സിസ്റ്റർ കൊണ്ടേ കൈയിൽ തന്നത് കുഞ്ഞാവേനെയാട്ടോ.. വാവേനെ നെഞ്ചോട് ചേർത്തപ്പോ ഞാനറിയുകയായിരുന്നു അമ്മയെന്ന അനുഭൂതി.. റൂമിൽ വന്നപ്പോ വേറെയാരും കാണാതെ ഏട്ടൻ കൈ ചേർത്ത് പിടിച്ച് ഉമ്മ തന്നപ്പോ ഞാനനുഭവിക്കുകയായിരുന്നു കുടുംബമെന്ന സത്യം!!

ശുഭം

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന : Meenu Devu