ഭർത്താവിനെ അലട്ടിക്കൊണ്ടിരിക്കുന്ന ആ വലിയ പ്രശ്‌നത്തിന്റെ കാരണം കണ്ടുപിടിച്ചേ മതിയാകൂ…

രചന: Anu Krishnan

അങ്ങേര് രണ്ടീസായിട്ട് വല്ലാത്ത മൂഡ് ഔട്ടാണ്, ഓഫിസിൽ നിന്നും വന്നാൽ എന്നെ നോക്കി ഒരു അഴകൊഴമ്പൻ ചിരി പാസാക്കി ചുമ്മാ കട്ടിലിൽ കേറി കിടക്കും,അതിനിടയിൽ ഡ്രസ്സ് മാറാനോ ബാത്‌റൂമിൽ പോയി ഫ്രെഷാകാനോ ഞാൻ പിടിച്ചെഴുന്നേല്പിക്കണം, ഭക്ഷണം കഴിക്കാനിരുന്നാൽ കുറേ നേരം ചുമ്മാ അതിനെ നോക്കിയങ്ങനെ ഇരിക്കുമെന്നല്ലാതെ ഒരു പിടിപോലും കയ്യിൽ എടുക്കുന്നില്ല…

രണ്ടീസായി ഈ പരിപാടി തുടങ്ങീട്ട്…. കൃത്യമായി പറഞ്ഞാൽ ഞാൻ ഇളയമ്മയുടെ വീട്ടിൽ വിരുന്നിനു പോയി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുതൽ പുള്ളി ഇങ്ങനെ കിളിപോയി നടക്കാണ്… സംഭവം എന്താണെന്ന് ചോദിച്ചാൽ ഒരു വളിച്ച ചിരി പാസാക്കി പറയും….

“ഒന്നൂല്ല… ”

എന്തായാലും എന്റെ മനസ്സിൽ നൂറായിരം സംശയം ഉദിച്ചു… അതിൽ ആദ്യത്തേത്… “ഇനി പുള്ളിക്ക് വേറെ ഏതെങ്കിലും പെണ്ണുമായി വല്ല ചുറ്റിക്കളിയും കാണുമോ, ആളൊരു നിഷ്കു ആണെങ്കിലും ഇവറ്റകളുടെയൊന്നും സ്വഭാവം എപ്പോഴാ മാറുന്നതെന്ന് പറയാൻ ഒക്കില്ലേ… ”

ഈശ്വരാ അങ്ങെനെയൊരിക്കലും സംഭവിക്കല്ലേ….

വേറെ ഒരു പെണ്ണും കൂടെ വഴിയാധാരമാകുന്നത് കാണാനുള്ള ശക്തിയെനിക്കില്ലാത്തത്കൊണ്ടാണ്…

ഇനീം ഒരുപാട് സംശയങ്ങളുണ്ട്, അത് മുഴുവൻ നിങ്ങളോട് പറയാൻ നിന്നാൽ എന്റെ മാനസിക നിലവാരത്തെ കുറിച്ച് ഏകദേശ ധാരണ നിങ്ങൾക്ക് കിട്ടും…. എന്തായാലും എന്റെ ഭർത്താവിനെ അലട്ടിക്കൊണ്ടിരിക്കുന്ന ആ വലിയ പ്രശ്‌നത്തിന്റെ കാരണം കണ്ടുപിടിച്ചേ മതിയാകൂ…

എല്ലാ ഭർത്താക്കന്മാരുടെയും രഹസ്യങ്ങളുടെ കലവറ അവരുടെ മൊബൈൽ ഫോൺ ആണല്ലോ … ഈ ഒരു പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ അങ്ങേരുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ തീരുമാനിച്ചു, പുള്ളി ബാത്‌റൂമിൽ പോയ തക്കം നോക്കി ഞാൻ ഫോണെടുത്തു…

ഞാൻ ഇടം കണ്ണിട്ട് നോക്കി മനഃപാഠമാക്കിവെച്ചിരുന്ന പാസ്‌വേഡ് ഉപയോഗിച്ച് അത് തുറന്നു നോക്കി…

ദോഷം പറയരുതല്ലോ എന്റെ ഒറ്റ ഫോട്ടോ അതിൽ ഇല്ലായിരുന്നു… സർവ്വവും ഫുട്ബോളും ലോകകപ്പും… ഒടുവിൽ വാട്സാപ്പ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഞാൻ ആ വലിയ സത്യം കണ്ടെത്തിയത്… ലോകകപ്പിൽ അർജന്റീന തോറ്റാൽ തന്റെ മീശയെടുക്കുമെന്ന് ഇങ്ങേര് ആരോടോ ബെറ്റ് വെച്ചിട്ടുണ്ട്… നാണം ഉണ്ടെങ്കിൽ മീശയെടുക്കെടാ, പറഞ്ഞ വാക്ക് പാലിക്കെടാ എന്നൊക്കെ പറഞ്ഞ് കുറേ തെറിവിളികൾ ആണ് ഫോൺ മൊത്തം….

ഞാൻ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഫോൺ അവിടത്തന്നെ വെച്ചു… ഒരു അരമണിക്കൂറിന് ശേഷം, കുളി കഴിഞ്ഞത്തിയ ഉടനെ പുള്ളി നേരെ കണ്ണാടിക്ക് മുൻപിലേക്ക് പോയി… പിന്നെ മുഖം കൊണ്ട് കുറേ കസർത്തുകൾ…. മീശ പിരിച്ചു വെക്കുന്നു, പൊത്തിപ്പിടിക്കുന്നു…മീശയില്ലാതെ മുഖത്തെ ഭാവനയിൽ കാണാൻ പെടാപാട് പെടുകയാണ് … ഞാൻ അദ്ദേഹത്തിന്റെ അടുത്ത് വന്നു നിന്നു , ഒന്നും അറിയാത്ത മട്ടിൽ…

നിങ്ങൾക്ക് ഇത്രേം ഉയരവും നിറവുമൊക്കെ ഉള്ളതല്ലേ… കണ്ടാൽ ഹൃതിക് റോഷനെ പോലിരിക്കുന്നു…

പക്ഷേ ആ മീശ അത്ര പോരാ…

ഏട്ടന് നല്ലത് മീശയില്ലാതിരിക്കുന്നതാണ്…

ഞാൻ പറഞ്ഞു മുഴുവനാക്കില്ല, പുള്ളീടെ മുഖത്ത് ഒരു ആയിരം വാട്ടിന്റെ വെളിച്ചം…

“തന്നെ അല്ലേ… ഞാനും അതാലോചിക്കയായിരുന്നു… നിനക്കിഷ്ടമാകില്ലെന്ന് കരുതി മടിച്ചിരിക്കയായിരുന്നു… ”

“അല്ല, ഇപ്പോൾ ഇതാലോചിക്കാൻ എന്തേലും കാരണം???.., ”

“ഹേയ്… ഒന്നൂല്ല… എന്നും ഇങ്ങനെ നടന്നാൽ ഒക്കില്ലല്ലോ,ഒരു മാറ്റം ആരാ ഇഷ്ടപ്പെടാത്തത്??.,”

എന്തായാലും ഒരു ലോട്ടറി അടിച്ച ഭാവത്തിൽ ഷേവ് സെറ്റുമെടുത്ത് ബാത്റൂമിലേക്ക് പോയിട്ടിട്ടുണ്ട് പുള്ളി …. ഇനി എന്തൊക്കെ കാണേണ്ടി വരും എന്റെ ഭഗവാനെ…. വിധിയെ തടുക്കാൻ വില്ലേജ് ആപ്പീസർക്കും കഴില്ലല്ലോ.. എല്ലാം എന്റെ വിധി…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ…

രചന: Anu Krishnan


Comments

Leave a Reply

Your email address will not be published. Required fields are marked *