ആണൊരുത്തൻ തുടർക്കഥ, ഏഴാം ഭാഗം വായിച്ചു നോക്കൂ…

രചന: ഗൗരിനന്ദ

എന്നോട് ക്ഷമിക്ക് വിച്ചേട്ടാ…സ്നേഹിച്ചിട്ടുള്ളവരെല്ലാം അകന്ന് പോയിട്ടേ ഒള്ളൂ…ഇനിയും താങ്ങാൻ എനിക്ക് വയ്യാ…അറിയാം തെറ്റ് തന്നെയാണ് ചെയ്യുന്നതെന്ന്…പക്ഷേ എന്നിലെ ഭാര്യക്ക്,അമ്മയ്ക്ക് ഇങ്ങനെ ചെയ്യാനേ കഴിയൂ…

അകന്ന് പോകുന്ന വിച്ചുവിനെ നോക്കി ജനൽപ്പടിയിൽ ചാരിനിന്നവൾ തേങ്ങി…ശാന്തമായി ഉറങ്ങുന്ന അമ്മുട്ടിയുടെ നെറ്റിയിലെ കുറുനിരകൾ വകഞ്ഞു മാറ്റി അവിടെ ചുണ്ടുകൾ ചേർത്തു…

എന്തിനാ അനന്തേട്ടാ എന്നെ വിട്ട് പോയെ…??

ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റുന്നില്ലെനിക്ക്…എല്ലാരീതിയിലും ഒറ്റപ്പെടും പോലെ…അനന്തന്റെ ഫോട്ടോയിലേക്ക് നോക്കി മിഴികളടച്ചു…മെല്ലെ അമ്മൂട്ടിയെ ചേർത്ത് പിടിച്ച് എപ്പോഴോ മയക്കത്തിലേക്ക് തെന്നി വീണിരുന്നു…

“മ്മേ…ദേ അച്ഛാ….”

കുഞ്ഞ് പട്ടുപാവാടയും പൊക്കിപിടിച്ച് അമ്പലത്തിന്റെ കൽപാതയിലൂടെ ഓടുന്ന അമ്മൂട്ടിയെ കണ്ടതും അവളെ പിടിച്ചു നിർത്താനാകാതെ വസു നോക്കിനിന്നുപോയി…നീരുവിനൊപ്പം നടന്ന് വരുന്ന വിച്ചേട്ടനെ കണ്ടതും കുറ്റബോധത്തോടെ തല കുനിഞ്ഞു പോയി…മിഴികളുയർത്തി നോക്കാൻ കഴിഞ്ഞിരുന്നില്ല…മോളെ അവനപ്പോഴേക്കും എടുത്തിരുന്നു…

“അച്ചേടെ പൊന്ന് അമ്പോറ്റിയെ കാണാൻ വന്നതാണോടാ കണ്ണാ…മ്മ്ഹ്…?? ”

കുഞ്ഞിപ്പെണ്ണിന്റെ മൂക്കിൽ ഉരസിക്കൊണ്ടവൻ ചോദിച്ചതും അമ്മുട്ടി വസുവിനെ തിരിഞ്ഞു നോക്കിയശേഷം അവനോട് സ്വകാര്യം പോലെ പറഞ്ഞു തുടങ്ങി…

“അതില്ലേച്ഛേ,,,അമ്മ അമ്പോറ്റിനെ കന്റിറ്റ് കരയാ…അച്ഛയല്ലേ പരഞ്ഞെ ഗുദ് ഗേൽസ് കരയില്ലാന്ന്..അമ്മുറ്റി കരഞ്ഞില്ലാറ്റോച്ഛേ…”

നിശകളങ്കമായി പറയുന്ന അമ്മുട്ടിയുടെ സംസാരം കേട്ടിട്ടും വിച്ചു അവളെ നോട്ടം കൊണ്ടുപോലും ബുദ്ധിമുട്ടിക്കാൻ തയാറായില്ല…

“ഏട്ടൻ മോളേം കൊണ്ട് തൊഴുതിട്ട് വായോ…എനിക്കിവളോട് ഒന്ന് സംസാരിക്കാനുണ്ട്…”

മറുപടിക്ക് പോലും കാത്ത് നിൽക്കാതെ വസുവിന്റെ കയ്യിൽ പിടിച്ചവൾ നടന്നു…അപ്പോഴും പിന്നിൽ നിന്ന് അച്ഛന്റെയും മോൾടെയും സന്തോഷം കേൾക്കാമായിരുന്നു…

അമ്പലക്കുളത്തിലെ പടിക്കെട്ടിലിരുന്ന് വെള്ളത്തിലൂടെ പായുന്ന പരൽ മീനുകളെ നോക്കിയിരിക്കുകയായിരുന്നു ഇരുവരും…നീരു ഒരക്ഷരം പോലും മിണ്ടാതിരിക്കുന്നത് വസുവിൽ അസ്വസ്ഥത നിറച്ചിരുന്നു…

“നീരു…?? ദേഷ്യമാണോഡി…?? ” വസുവിന്റെ ആ ചോദ്യം മാത്രം മതിയായിരുന്നു നീരുവിനു പൊട്ടിത്തെറിക്കാൻ…

“നിന്നോടെനിക്ക് നല്ല ദേഷ്യം തോന്നുന്നുണ്ട് വസൂ…അതിനേക്കാൾ നിന്റെ അവസ്ഥ ഓർത്ത് സഹതാപം തോന്നുന്നു മോളെ,,,എനിക്കറിയാം നിന്റെ മനസ്…വൈകിക്കിട്ടിയ പ്രണയം കൊതി തീരും മുന്നേ വിട്ടകലുമ്പോ ഒരു പെണ്ണ് എങ്ങനെ സഹിക്കാനാണ്….??”

ഒക്കെ എനിക്കറിയാം,,,പക്ഷേ എനിക്കിത് പറയാതെ വയ്യടി…ഒരുപാട് നോവിക്കുന്നുണ്ട് നീ എന്റേട്ടനെ,,,ഒരേ രക്തമായായത് കൊണ്ടാവാം സഹിക്കാൻ പറ്റുന്നില്ലടി ആ നെഞ്ച് നീറുന്നത്…പലപ്പോഴും ഞാൻ പറഞ്ഞിട്ടില്ലേ ഏട്ടന്റെ അഞ്ജാതപ്രണയത്തെക്കുറിച്…ആ പ്രണയത്തിന്റെ അവകാശി ആരാണെന്ന് അറിയോ നിനക്ക്…??

നീയാടി…നീ മാത്രം,,,ഇരുപത്തൊമ്പത് വയസായി ഏട്ടന്…പതിനാലാം വയസ് മുതൽ ചങ്കിൽ കൊണ്ടുനടന്നതാ നിന്നെ…ഒരിക്കലും പിടിച്ചു വാങ്ങാനോ,തട്ടിപ്പറിക്കാനോ ശ്രമിച്ചിട്ടില്ല,,,ഇപ്പോഴും…പക്ഷേ ആ മനസ്സിൽ നിനക്കല്ലാതെ മറ്റാർക്കും സ്ഥാനമില്ല…എല്ലാം മറന്ന് ഏട്ടന്റെ ഒപ്പം സുഗമായി ജീവിക്കണമെന്നല്ല ഞാൻ പറയുന്നേ…എല്ലാം മറക്കാൻ ശ്രമിച്ചൂടെ മോളെ നിനക്ക്….??

എത്രയാന്ന് വെച്ചാ സ്വയം ഇങ്ങനെ ഉരുകി തീരുന്നത്…??

നീരുവിന്റെ വാക്കുകൾ ഓരോന്നും ഈയം ഉരുക്കി ഒഴിച്ചത് പോലെ ചെവിയിലേക്ക് തുളഞ്ഞു കയറുന്നു…ദേഹമാകെ തളരും പോലെ തോന്നിയതും വസു കണ്ണുകൾ ഉയർത്തി നോക്കി…ഒരിക്കൽ പോലും താനറിഞ്ഞിരുന്നില്ല ആ കണ്ണിലെ പ്രണയം,,,തനിക്കായ് മാത്രം പുഞ്ചിരി സമ്മാനിച്ചിരുന്ന ആ കർക്കശക്കാരന്റെ ഉള്ളിലെ ഇഷ്ടം അറിഞ്ഞിരുന്നില്ല…ചങ്കിലെന്തോ കൊത്തി വലിക്കും പോലെ തോന്നിയത്തും മിഴികൾ അമർത്തി അടച്ചു…ഇല്ല,,,അനന്തേട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ തനിക്ക് കഴിയുന്നില്ല…മനസാകെ മരവിച്ചു പോയിരുന്നു…ചോരപൊടിയുന്ന ചങ്കിൽ വീണ്ടും ആയുധം വെച്ച് കുത്തും പോലെ…

“വസൂ…നീ വേദനിക്കാൻ പറഞ്ഞതല്ലടി…നിന്നെ നഷ്ടപ്പെട്ടതിൽ പിന്നേ ഏട്ടനൊന്ന് ചിരിച്ച് ഞാൻ കണ്ടിട്ടില്ല…പഴയൊരു തെളിച്ചം കണ്ടത് അമ്മൂട്ടി ജീവിതത്തിലേക്ക് കടന്ന് വന്നപ്പോളാ…അറിയാതെ അവൾക്കൊരു അച്ഛനാവുകയായിരുന്നു എന്റെട്ടൻ…ഏട്ടൻ കൊടുത്താൽ മാത്രം മടി കൂടാതെയമ്മൂട്ടി ഭക്ഷണം കഴിക്കും,ഏട്ടന്റെ നെഞ്ചിൽ തലചായിച്ചേ ഒറങ്ങാറുള്ളു,ഹോസ്പിറ്റലിൽ പോകേണ്ട ദിവസം എനിക്കും അമ്മയ്ക്കും ഒപ്പം കുറുമ്പ് കാണിച്ചു നടക്കും,ഫ്രീ ആവുമ്പോ ഏട്ടൻ വീഡിയോ കാൾ വിളിച്ചാൽ പൂരമാണ്,,,അച്ഛാ അച്ഛാന്ന് പറഞ്ഞ് തിണ്ണയിൽ പോയിരുന്ന് സംസാരിക്കും…മണിക്കൂറുകളോളം,,,അവർക്കിടയിൽ സംസാരിക്കാൻ ഒരിക്കലും ആശയദാരിദ്രം ഉണ്ടാവാറില്ല വസൂ…

അത്ഭുതപ്പെട്ട് പോയിട്ടുണ്ട് വസൂ സ്വന്തം അച്ഛന് പോലും തന്റെ മകളോട് ഇത്രയും സ്നേഹം കാണിക്കാൻ കഴിയുമോന്ന്…പെട്ടെന്നൊരു ദിവസം മോള് പോയപ്പോ വീട് ഉറങ്ങി പോയി,,,മോൾടെ ഫോട്ടോയും നോക്കി ഏട്ടനിന്നലെ ഉറങ്ങിയിട്ടില്ല…നീ ഇന്ന് ക്ഷേത്രത്തിൽ വരുമെന്ന് എന്റെ മനസ് പറഞ്ഞത് കൊണ്ടാ ഏട്ടനെയും കൂട്ടിക്കൊണ്ട് ഞാൻ വന്നത്…എന്റെ അപേക്ഷയാണ് വസൂ…എന്തിന്റെ പേരിലാണെങ്കിലും മോളിൽ നിന്ന് ഏട്ടനെ അകറ്റി നിർത്തരുത്…ഏട്ടനത് സഹിക്കാൻ പറ്റില്ലടി…

എന്താണവളോട് പറയേണ്ടത്…?? മനസാകെ ശൂന്യമാണ്…ഇന്നലെ അറിഞ്ഞതാണ് അമ്മുട്ടിക്ക് വിച്ചേട്ടനോടുള്ള അടുപ്പം…അല്ലെങ്കിൽ തന്നെ തനിക്കെന്ഥാവകാശമാണ് മോളെ വിച്ചേട്ടനിൽ നിന്നാകറ്റാൻ…??

ചോദ്യങ്ങളോരോന്നും സ്വന്തം മനസാക്ഷിയ്ക്ക് നേരെ വിരൽ ചൂണ്ടുന്നു…തല കുനിച്ചു പോയി…നീരുവിനൊപ്പം തിരിച്ചു നടക്കുമ്പോഴും അവൾ പറഞ്ഞ കാര്യങ്ങളിലൂടെ അലയുകയായിരുന്നു മനസ്…അപ്പോഴും കണ്ടിരുന്നു കളിചിരികളോടെ വിച്ചേട്ടന്റെ കൂടെ വരുന്ന അമ്മുട്ടിയെ…ഒരുനിമിഷം ആ സ്ഥാനത്ത് അനന്തേട്ടനെ ഓർത്തു പോയി…അനന്തേട്ടൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷവതിയായിരുന്നേനെ താൻ…??

അല്ലെങ്കിലും ജീവിതം അങ്ങനെയാണ്,,,തിരിച്ചു പിടിച്ചുവെന്ന് കരുതിന്നിടത്ത് നിന്ന് നമ്മളെ വിഡ്ഢികളാക്കി തട്ടിക്കളിക്കും…ഒരുനിമിഷം നിറഞ്ഞ കണ്ണുകൾ സാരിത്തലപ്പ് കൊണ്ട് ആരും കാണാതെ തുടച്ചെടുത്തു…

“അച്ഛേ,,,അമ്മ പരയാ അമ്മയ്ക്ക് അച്ചേനെ ബല്യ ഇസ്തവാന്ന്…അമ്മുറ്റിക്കും അച്ചേനെ ബല്യ ഇസ്തവാണെ…” കുണുങ്ങി ചിരിച്ചുകൊണ്ടമ്മൂട്ടി പറഞ്ഞതും വിച്ചുവിന്റെ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു…വസു ആരെയാണ് ഉദ്ദേശിച്ചതെന്ന് അവന് നല്ല ബോധ്യമുണ്ടായിരുന്നു…വസു അപ്പോഴും വിച്ചൂവിലേക്ക് ശ്രദ്ധ കൊടുത്തിരുന്നില്ല…എന്തിനാണ് വെറുതെ പ്രതീക്ഷ കൊടുക്കുന്നത്…??

ഇനിയും താൻ കാരണം ആ മനസ് വേദനിക്കരുതെന്ന് ഉറപ്പിച്ചിരുന്നു…പോകാൻ നേരം അതുവരെ പ്രഭയോടെ നിന്നിരുന്ന അമ്മുട്ടിയുടെ മുഖം വീർത്തിരുന്നു…വിച്ചുവിനെ വിടാതെ അവന്റെ തോളിലേക്ക് ചാരിക്കിടക്കുന്ന അമ്മുട്ടിയെ ഒരുനിമിഷം എങ്ങനെ കൊണ്ടുപോകുമെന്നറിയാതെ വസുവാകെ കുഴങ്ങിയിരുന്നു…

“അച്ചേടെ പിടുക്കൂസ്‌ കരയല്ലേ,,ഇന്ന് ഉത്സവം കൊടിയെറുവല്ലേ വാവേ,,വൈകുന്നേരം അച്ചേടെ പൊന്നിനെ അച്ഛ കൊണ്ടുപോകാട്ടോ…അമ്മേടെ കൂടെ അമ്പോറ്റിയെ കാണാൻ വരണം…ഇപ്പൊ അച്ചേടെ അമ്മുട്ടി അമ്മേടെ കൂടെ നല്ല കുട്ടിയായിട്ട് പൊക്കോട്ടോ…”

മോളെ വസുവിന്റെ കയ്യിലേക്ക് കൊടുത്ത് കൊണ്ട് വിച്ചു പറഞ്ഞതും അമ്മുട്ടിയുടെ കുഞ്ഞ് മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു…

“വസൂ…വൈകുന്നേരം മോളെയും കൊണ്ട് വരണംട്ടോ…നിനക്ക് ആഗ്രഹമില്ലെങ്കിലും മോൾക്ക് വേണ്ടിയെങ്കിലും…” നീരു പറഞ്‌ നിർത്തിയതും വിച്ചുവിന്റെ മുഖത്തും പ്രതീക്ഷ നിറഞ്ഞു…അവരെ നോക്കി ചിരിച്ചെന്ന് വരുത്തിയവൾ തിരിഞ്ഞു നടന്നു…

“മ്മേ…പോകാമ്മേ,,,അമ്മുറ്റിക്ക് പച്ചിനെ കാനനമ്മെ…ബാ അമ്മേ…”

ഉത്സവത്തിലെ പ്രത്യേക ആകർഷണമായിരുന്ന *ഗരുഡൻ പറപ്പിക്കൽ* തുടങ്ങിയതും വലിയ ഗരുഡൻ വേഷം കണ്ട് അമ്മുട്ടി അങ്ങോട്ടേക്ക് പോകാൻ ചിണുങ്ങി തുടങ്ങിയിരുന്നു…വിച്ചുവും നീരുവും വന്നിരുന്നില്ലാത്തതിനാൽ തൊഴുതിട്ട് അരയാലിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു ഇരുവരും…

“അയ്യോടാ വാവേ,,,അങ്ങോട്ട്‌ പോയാ അമ്മുട്ടിനെ ആരേലും പിടിച്ചോണ്ട് പോകും…നല്ല തിരക്കല്ലേ വാവേ,,,നമുക്കിവിടെ നിന്ന് കാണാട്ടോ…” വസു സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അമ്മുട്ടി ഒരേ വാശിയിൽ തന്നെയായിരുന്നു…

ഒരുനിമിഷം അനന്തേട്ടനെ അമ്മുട്ടിയിൽ കണ്ടിരുന്നവൾ,,അനന്തേട്ടന്റെ അതേ വാശി…അച്ഛന്റെ അതേ രൂപം മാത്രമല്ല ഭാവവും ഒന്ന് തന്നെ…അമ്മുട്ടിയുടെ മുൻപിൽ തോറ്റുകൊടുക്കുകയല്ലാതെ വസുവിനു മറ്റുവഴികൾ ഇല്ലായിരുന്നു…മോളെയും കൊണ്ട് തിരക്കിലൂടെ നുഴഞ്ഞു നീങ്ങി…ഒരുപാട് ആളുകൾ ചുറ്റും കൂടിയിരിക്കുന്നു…സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒക്കെ,,,ഗരുഡരൂപം കറങ്ങി ചാടുന്ന സമയങ്ങളിൽ വായുവിലാകെ പൊടി പടർന്നിരുന്നു..സാരിത്തലപ്പ് കൊണ്ട് വസു അമ്മുട്ടിയുടെ മുഖം മൂടിയിരുന്നു…

വലിയ ചിറകുകൾ ആൾക്കൂട്ടത്തിന് നേരെ ആവേശത്തിൽ വീശിയതും ആർപ്പ് വിളിയോടെ എല്ലാവരും പിന്നിലേക്ക് നീങ്ങിയിരുന്നു…അമ്മൂട്ടിയെയും കയ്യിലെടുത്ത് നിന്നതിനാൽ തിരക്ക് കാരണം വസു സ്ഥാനമുറയ്ക്കാതെ പിന്നിലേക്ക് വീഴാൻ തുടങ്ങിയതും മോൾക്കൊന്നും പറ്റാതെയിരിക്കാൻ രണ്ട് കൈകൊണ്ടും വസു അവളെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചിരുന്നു…

ബലിഷ്ടമായ രണ്ട് കരങ്ങൾ വസുവിനെ ചേർത്ത് പിടിച്ചതും ഒരു പിടച്ചിലോടെയവൾ മിഴകളുയർത്തി…ദേഷ്യം നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന വിച്ചു അവളെ തോളോട് ചേർത്ത് പിടിച്ച് അമ്മുട്ടിയെ ഒരു കയ്യിലെടുത്ത് ആൾക്കൂട്ടത്തിലൂടെ പുറത്തേക്ക് നടന്നു…

“മോളെയും കൊണ്ടാണോ വസു ആ തിരക്കിനിടയിലേക്ക് പോകുന്നത്…?? ”

അനിഷ്ടത്തോടെ വിച്ചുവത് ചോദിച്ചതും വസുവിന്റെ ശിരസ് കുനിഞ്ഞു പോയിരുന്നു…അമ്മുട്ടി ഇരുകയ്യും പൊത്തിപ്പിടിച് വസുവിനെയും വിച്ചുവിനെയും മാറിമാറി നോക്കി…

“അച്ഛേ…അമ്മേനെ വയക്ക് പരയല്ലേ…അമ്മുറ്റി പരഞ്ഞിട്ടാ അമ്മ അമ്മുറ്റിനെയും കൊന്റ് പോയെ…”

ചുണ്ട് ചളുക്കി അമ്മുട്ടി അത് പറഞ്ഞതും വിച്ചു പുഞ്ചിരിയോടെ അവളെ നോക്കി…അപ്പോഴേക്കും നീരു തൊഴുതിറങ്ങിയിരുന്നു…അമ്മുട്ടി ചുറ്റും കണ്ട ബലൂണുകളിലും കളിപ്പാട്ടങ്ങളിലും അതിശയത്തോടെ മിഴികൾ പായിച്ചതും വിച്ചു അവളെയും കൊണ്ട് പുറത്തേക്ക് നടന്നിരുന്നു…

സ്റ്റേജിൽ നടക്കുന്ന ആദ്യദിവസത്തെ തിരുവാതിരകളി കാണാതെ വസുവും നീരുവും ആൽത്തറയിലേക്ക് ചാരി നിന്നു…നീരു എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഒന്നിനും ശ്രദ്ധ കൊടുക്കാൻ സാധിച്ചിരുന്നില്ല…അകലെ അമ്മുട്ടിയ്ക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കുന്ന വിച്ചേട്ടനെ കണ്ടു…കിട്ടിയ ഐസ്ക്രീം കഴിക്കാതെ ആദ്യം വിച്ചേട്ടന് നേരെ നീട്ടുന്ന അമ്മുട്ടിയെ കണ്ടതും കണ്ണുകളിൽ അതിശയം വിടർന്നിരുന്നു…എങ്ങനെയാണ് ഈ അച്ഛന്റെയും മകളുടെയും സ്നേഹം കണ്ടില്ലാന്നു നടിക്കുന്നത്…??

തന്റെ കൂടെയെങ്കിൽ പോലും മോളിത്രയും സന്തോഷിച്ചു കണ്ടിട്ടില്ല…എങ്കിലും മോൾക്ക് വേണ്ടി വിച്ചേട്ടനെ സ്വീകരിക്കാൻ തനിക്ക് കഴിയില്ല…അന്നും ഇന്നും മനസ്സിൽ അനന്തേട്ടൻ അതേ ശോഭയോടെ നിൽക്കുന്നു..ആ ഓർമകളിൽ ജീവിക്കാനാണ് താനാഗ്രഹിക്കുന്നതും…അറിയാതെ പോലും മോഹിപ്പിക്കാൻ പാടില്ല,,,അങ്ങനെ ചെയ്‌താൽ ഒരിക്കലും പൊറുക്കാൻ പറ്റാത്തൊരു തെറ്റായിരിക്കും അത്…

കണ്ണുകൾ ഒരുനിമിഷം നിറഞ്ഞതും നീരു കാണാതെയത് ഒപ്പുമ്പോൾ അങ്ങ് ദൂരെ വിച്ചുവിന്റെ കണ്ണുകൾ തന്നിൽ സംരക്ഷണത്തിന്റെ കവചം തീർക്കുന്നതവൾ അറിഞ്ഞിരുന്നില്ല…

“അമ്മേ…അമ്മച് അച്ഛ മാങ്ങിറ്റന്നതാ…”

അമ്മുട്ടിയുടെ ശബ്ദം കേട്ടതും വസു ഞെട്ടലോടെ കണ്ണുകളുയർത്തി…നീരുവിന്റെ കൈകളിലായിരുന്നു മോള്…വിച്ചേട്ടൻ കുറച്ച് മാറി ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ടു…അപ്പോഴാണ് അമ്മുട്ടിയുടെ കൈകളിൽ ഇരിക്കുന്ന പൊതി കാണുന്നത്…കറുത്ത കുപ്പിവളകൾ…

“അമ്മയ്ക്ക് വേണ്ടടാ കണ്ണാ…അമ്മ ഇതിനോടൊക്കെയുള്ള ഇഷ്ടം ഒക്കെ കളഞ്ഞു…ആന്റിക്ക് കൊടുത്തോട്ടോ…”

അമ്മുട്ടിയുടെ കവിളിൽ മൃദുവായി തഴുകിക്കൊണ്ടവൾ പറഞ്ഞു നിർത്തിയതും വസുവിന്റെ നിഷേധത്തിൽ അകലെ നിന്നിരുന്ന വിച്ചുവിന്റെ മുഖം വേദനയോടെ ഇരുണ്ടിരുന്നു…മോളെയും വസുവിനെയും വീട്ടിലാക്കിയാണ് വിച്ചുവും നീരുവും മടങ്ങിയത്…

“അമ്മൂട്ടി,,,എവിടേം പോകല്ലേട്ടോ…അമ്മ ഇപ്പൊ പാലെടുത്തിട്ട് വരാട്ടോ…”

പാല് ചൂടാക്കുന്നതിനിടയിൽ വസു പറഞ്ഞതും അമ്മുട്ടി തലയാട്ടിക്കൊണ്ട് കൈയിലിരുന്ന പാവക്കുട്ടിയോടൊപ്പം കളിക്കാൻ തുടങ്ങി,,,അവളുടെ കളിചിരികൾ വസു ഒരു പുഞ്ചിരിയോടെ കണ്ട് നിന്ന് ശേഷം ഗ്യാസിലേക്ക് ശ്രദ്ധ തിരിച്ചു…അടുത്തിരുന്ന ഫോൺ ബെല്ലടിച്ചതും ഗ്യാസ് ഫ്ലെയിം അല്പം കുറച്ചവൾ ഫോൺ കയ്യിലെടുത്തു…നീരുവിന്റെ പേര് കണ്ടതും പുഞ്ചിരിയോടെ കാൾ എടുത്തു…

“വസൂ…അമ്മയാ മോളെ,,,മറന്നോ നീ അമ്മേനെ…?? ”

ദേവിയമ്മയുടെ ശബ്ദം കേട്ടതും കണ്ണൊന്നു നിറഞ്ഞു…പരിഭവങ്ങളും വിഷമവും അമ്മയും വസുവും പരസ്പരം പറഞ്ഞു തീർത്തിരുന്നു…ഒരുപാട് നിമിഷങ്ങൾ,,,മനസല്പം ശാന്തമാകുന്നതവൾ അറിഞ്ഞിരുന്നു…

“എന്റെ അമ്മുട്ടി എന്ത്യേ മോളെ…??

കുറുമ്പിനെ കാണാഞ്ഞിട്ട് വയ്യാ…അമ്മുട്ടിക്ക് ഫോണോന്ന് കൊടുത്തേ മോളെ…

“ഇപ്പൊ കൊടുക്കാമ്മേ…അമ്മൂട്ടി,,,അച്ഛമ്മ വിളിക്കുന്നട്ടോ…” തിരിഞ്ഞു നിന്ന് പറഞ്ഞതും മോളിയവിടെ കണ്ടിരുന്നില്ല…ഒരുനിമിഷം നെഞ്ചോന്ന് പിടച്ചു…ഉള്ളിൽ പരിഭ്രമം നിറഞ്ഞതും കണ്ണുകൾ ചുറ്റും പാഞ്ഞിരുന്നു…

“അമ്മൂട്ടീ……വാവേ…..അമ്മേനെ കളിപ്പിക്കല്ലേ മോളെ……അമ്മുട്ടി….”

ശബ്ദം ഇടറിയിരുന്നു…പേടിയോടെ ചുറ്റും മോളെ തിരഞ്ഞെങ്കിലും കണ്ടിരുന്നില്ല…തന്റെ ശബ്ദം മാറിയതിനാലാവും അമ്മ മറുവശത്ത് നിന്ന് എന്തൊക്കെയോ ചോദിക്കുന്നു…ഒന്നും കേട്ടിരുന്നില്ല,,,ഇടയ്ക്ക് വിച്ചേട്ടന്റെയും നീരുവിന്റെയും ശബ്ദം കേട്ടിരുന്നെങ്കിലും എന്തെങ്കിലും മറുപടി പറയാൻ തക്ക മാനസികാവസ്ഥയിലായിരുന്നില്ല താൻ…ചെവിയിൽ ഹെഡ്സെറ്റും തിരുകിയിറങ്ങി വരുന്ന അപർണയെ കണ്ടതും വെപ്രാളത്തോടെ അവൾക്കരുകിലേക്ക് പാഞ്ഞു…

“അപർണെ…എന്റെ മോള്…എന്റെ മോളെ കണ്ടോ…ഇത്രേം നേരം ഇവിടെയുണ്ടായിരുന്നു…കണ്ടിരുന്നോ..”

ചോദിക്കുമ്പോ വാക്കുകൾ മുറിഞ്ഞിരുന്നു…താല്പര്യമില്ലാത്തപോലെയവൾ ഹെഡ്സെറ്റൂരി പറഞ്ഞു തുടങ്ങി…

“പിള്ളാരായാൽ അടങ്ങി ഇരിക്കണം…ചേച്ചിക്ക് കൊച്ചിനെ ഒന്ന് അടക്കി നിർത്തിക്കൂടെ…വെറുതെ എന്നെ ശല്യം ചെയ്യാൻ…ഞാൻ ചേച്ചീടെ മുറിയിൽ കേറ്റിയിരുത്തിയിട്ടുണ്ട്…”

അത്രയും പറഞ്ഞവൾ നടന്നു നീങ്ങിയതും മുകളിലേക്ക് പാഞ്ഞിരുന്നു…ഹൃദ്യമിടിപ്പ് ഉയർന്നതും കാലുകളുടെ വേഗത ഏറിയിരുന്നു…മുറിയുടെ മുന്നിലേക്ക് ചെന്നതും അത് പുറത്ത് നിന്നും പൂട്ടിയിരുന്നു…വെപ്രാളത്തോടെ വാതിൽ തുറന്നതും നിലത്ത് കിടന്ന് പിടയുന്ന മോളെയാണ് കണ്ടത്…ഒരുനിമിഷം ശ്വാസം വിങ്ങിപ്പോയി…

വെള്ളനിറത്തിൽ പത ചുണ്ടുകൾക്കിടയിലൂടെ അരികിലൂടെ അരിച്ചിറങ്ങുന്നത് കണ്ടതും ആകെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നിയിരുന്നു…മുറിയുടെ താഴെടുത്ത് അമ്മുട്ടിയുടെ കയ്യിൽ അമർത്തി പിടിപ്പിച്ചവളെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി…വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു മോള്…സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു പോയി…ആകെയുള്ള മോൾക്കെന്തെങ്കിലും സംഭവിച്ചാൽ മരിച്ചു പോകും താനും…

ഉച്ചത്തിൽ അച്ഛനെയും അമ്മയെയും വിളിച്ചെങ്കിലും ആരും വന്നിരുന്നില്ല…പെയ്തിറങ്ങുന്ന കണ്ണുകൾ തുടയ്ക്കാൻ നിൽക്കാതെ മോളെയും കയ്യിലെടുത്ത് പുറത്തേക്കോടി…അനക്കമില്ലാതെ കിടക്കുന്ന അവളെ കണ്ടതും ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു…

“മോളെ,,,കണ്ണുതുറക്ക് വാവേ…അ,,,അമ്മയാ വാവേ..കണ്ണ് തുറക്കടാ…”

അനങ്ങിയിരുന്നില്ലവൾ…താഴേക്ക് ഓടിയിറങ്ങിയതും കണ്ടിരുന്നു അകത്തേക്ക് പാഞ്ഞു വരുന്ന വിച്ചേട്ടനെയും നീരുവിനെയും…ആ കണ്ണുകളിൽ ആദ്യമായി ഭയം നിറയുന്നത് കണ്ടു…

മോളെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി പൾസ് നോക്കിയശേഷം പുറത്തേക്ക് വേഗത്തിലിറങ്ങി…ശില പോലെ നിൽക്കുകയായിരുന്ന തന്നെ നീരുവാണ് കയ്യിലായ് പിടിച്ചുവലിച്ചു കാറിൽ കയറ്റിയത്…അപ്പോഴും കണ്ടിരുന്നില്ല അനന്തേട്ടന്റെ അച്ഛനെയോ അമ്മയെയോ…

ആശുപത്രിയിൽ എത്തിയപ്പോഴേക്കും വിച്ചേട്ടൻ മോളെയും വാരിയെടുത്ത് ഇറങ്ങിയിരുന്നു…പുറകെ വസുവും നീരുവും…ICU ന് മുന്നിൽ ഇരിക്കുമ്പോഴും മനസ് സ്വയം കുറ്റപ്പെടുത്തുകയായിരുന്നു…താൻ,,,താൻ കാരണമല്ലേ മോൾക്കിങ്ങനെ…മുഖം പൊത്തിപ്പിടിച്ചു കരഞ്ഞുപോയി…

കൈകളിലാരോ പിടിച്ചു വലിച്ചതും കണ്ണുനീർ കാഴ്ചയെ മറച്ച് ഒഴുകിയിരുന്നു…ചുവന്ന മുഖത്തോട് കൂടെ നിൽക്കുന്ന വിച്ചേട്ടനെ കണ്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ ഊക്കോടെ ആ കൈകൾ കവിളിൽ മുദ്രണം വെച്ചിരുന്നു…

“എന്റെ മോളെ എല്ലാവർക്കും കൂടെ കൊല്ലാനാണോ നീ അങ്ങോട്ട് കൊണ്ടുപോയെ…?? ”

മകളെക്കുറിച്ചുള്ള അച്ഛന്റെ പരിഭ്രമം…അത് മാത്രമായിരുന്നു ആ കണ്ണുകളിൽ…എന്റെ മോള്…അപ്പൊ അവളെന്റെ ആരാ…കൊല്ലാൻ കൊടുക്കോ വിച്ചേട്ടാ എന്റെ മോളെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു…സാധിച്ചില്ല,,,നാവ് തളർന്നിരിക്കുന്നു…നീറിപ്പുകയുന്ന നെഞ്ചിൽ വിച്ചേട്ടൻ തീ കോരിയിടുന്ന പോലെ…ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല വിച്ചേട്ടന്റ ആ ചോദ്യം…

തന്റെ ഭാഗത്ത്‌ നിന്ന് മറുപടിയൊന്നും കിട്ടാതായതും തോളിൽ കുലുക്കി ദേഷ്യത്തോടെ വിച്ചേട്ടൻ ചോദ്യമാവർത്തിച്ചിരുന്നു…

“എന്റെ മോൾക്കെന്തെങ്കിലും സംഭവിച്ചാൽ ഒന്നിനെയും വെച്ചേക്കില്ല നിരഞ്ജൻ….”

അത്രയും പറഞ്ഞവൻ അകന്നതും കണ്ണുകളടച്ചവൾ ഭിത്തിയിലേക്ക് ചാരി നിന്നു…അനന്തേട്ടാ,,,ഒരുപാട് നോവുന്നു…വയ്യെനിക്ക്…ഒട്ടും വയ്യാ…എന്റെ പ്രാണനെ അകറ്റിയപോലെ മോളെയും എന്നിൽ നിന്നകറ്റിയാ ഞാനും വരും…അനന്തേട്ടനോടൊപ്പം,,,!!!

തുടരും….

ഈ പാർട്ട്‌ ബോറായിട്ടുണ്ടാവുട്ടോ…വേഗം എഴുതി തീർത്തതാണ്…തെറ്റുകൾ ക്ഷമിക്കണം ട്ടോ…അതികം വൈകാതെ സ്റ്റോറി നിർത്താട്ടോ,,,നിങ്ങളെ ഇനിയും വിഷമിപ്പിക്കാൻ എനിക്ക് വയ്യാ…ഇപ്പൊ ചെറുതായി മടി പിടിക്കുന്നുണ്ട്…എന്നാ പറയാനാ…🤕

ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ…അഭിപ്രായങ്ങൾ പോസറ്റീവ് ആയാലും നെഗറ്റീവ് ആയാലും അറിയിക്കാൻ മടിക്കല്ലേ…

രചന: ഗൗരിനന്ദ

Scroll to Top