കൊലുസ്സ് തുടർക്കഥ, ഭാഗം 11 വായിക്കാം…

രചന: ശീതൾ

രാത്രി ഉമ്മറത്ത് ചാരുപടിയിൽ ഇരുന്ന് മാനത്തെ നിലാവിനെ നോക്കി ഞാൻ ഇരുന്നു…

*”എന്നിലെ പ്രണയത്തിന്റെ മാറ്റ് കൂട്ടാനായി ഭൂമി എനിക്കായി നൽകിയ സമ്മാനം…നീലവെളിച്ചം ഭൂമിയിലേക്ക് ഒഴുക്കിക്കൊണ്ട് ശോഭയോടെ നിൽക്കുന്ന പൂർണ്ണചന്ദ്രൻ..”*

*”സൂര്യവെളിച്ചത്തിൽ തന്റെ പതിയെ ഓർത്ത് വിലപിച്ച് സ്വന്തം പ്രണയത്തെ അടക്കിനിർത്തി നറുനിലാവ് പൊഴിച്ചെത്തുന്ന രാത്രിയുടെ വരവിൽ പുളകിതയായി വിരിഞ്ഞ് തന്റെ പ്രണയഗന്ധം പൊഴിക്കുന്ന നിശാഗന്ധിയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം എന്റെ നാസികയിലേക്ക് തുളച്ചുകയറി..”*

പൂർണ്ണചന്ദ്രനെ നോക്കിയപ്പോൾ പൊടുന്നനെ അതിൽ മാഷിന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു…അതെന്നിൽ നാണത്തിൽ കലർന്ന ഒരു പുഞ്ചിരി വിരിയിച്ചു…

*”പ്രണയിക്കാൻ വേണ്ടി ഞാൻ പരിചയപ്പെട്ടില്ല..പരിചയപ്പെട്ടപ്പോഴും അറിഞ്ഞില്ല എനിക്ക് മാഷിനോട് ഒരു പ്രണയം ഉണ്ടാകുമെന്ന്…പക്ഷെ അടുത്തപ്പോൾ അറിഞ്ഞു..എന്റെ മാഷേട്ടൻ ഇല്ലാതെ ഈ ജന്മം പൂർണ്ണമാകില്ലന്ന്..❣️❣️”*

പെട്ടെന്നാണ് ആരോ ഗേറ്റ് തള്ളിത്തുറക്കുന്ന ശബ്ദം കേട്ടത്…ഇരുട്ടിന്റെ മറവിൽനിന്ന് നിലത്തുറക്കാത്ത കാലുകളുമായി വരുന്ന അയാളെക്കണ്ട് എനിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു… പക്ഷെ ഇന്നത്തെ വരവിന് എന്തൊക്കെയോ ഒരു മാറ്റം..ഷിർട്ടിലും മുണ്ടിലുമൊക്കെ ചെളിയും ദേഹത്ത് അങ്ങിങ്ങായി മുറിവുകളും ഉണ്ട്…

ഇതെന്താ ഇപ്പൊ സംഭവം..

“അയ്യോ…അരവിന്ദേട്ടാ..നിങ്ങൾക്കിത് എന്തുപറ്റി മനുഷ്യാ…??? അതുംചോദിച്ച് അമ്മ ഉമ്മറത്തെക്കുവന്ന് അങ്ങേരെ താങ്ങിപ്പിടിച്ച് ചാരുകസേരയിലേക്ക് കിടത്തി..ഞാനും സഹായിക്കാൻ ചെന്നെങ്കിലും എന്റെ നോട്ടംകൊണ്ട് ദഹിപ്പിച്ചപ്പോൾ ഞാൻ മാറിനിന്നു…

“എന്താ പറ്റിയത് മനുഷ്യാ..ഒന്ന് പറ…”

“ഒന്നുമില്ല…വരണ വഴിയില് ഒരു വണ്ടി തട്ടി…അങ്ങനെ പറ്റിയതാ…” വേദന കടിച്ചമർത്തിക്കൊണ്ട് അച്ഛൻ പറഞ്ഞു…

ഹും കള്ളുംകുടിച്ച് റോഡിന്റെ നടുക്കുകൂടി നടന്നുകാണും.. അമ്മ കയ്യിലും കാലിലും ഒക്കെ പിടിച്ചുനോക്കുമ്പോൾ അച്ഛൻ വേദനകൊണ്ട് പുളഞ്ഞു..പാവം നല്ലോണം കിട്ടിയിട്ടുണ്ട്..

“അയാൾക്ക് ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചുകൂടായിരുന്നോ..?? ”

അതിനുമാത്രം ഒന്നും പറ്റിയിട്ടില്ല..ആ കുഴമ്പിട്ട് ഒന്ന് തിരുമ്മിയാൽ മതി..അതെങ്ങനെയാ ഓരോ അപശകുനം വീട്ടിൽതന്നെ ഉള്ളപ്പോൾ അപകടം ഉണ്ടാകാതെ ഇരിക്കില്ലല്ലോ..

അച്ഛൻ എന്നെനോക്കി പറഞ്ഞതും എന്റെ കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി..അമ്മ എന്നെ നിസ്സഹായതയോടെ നോക്കിയതും ഞാനൊരു മങ്ങിയ പുഞ്ചിരി നൽകി അകത്തേക്ക് പോയി…

മുറ്റത്തെക്ക് കാർ കയറുന്ന ശബ്ദം കേട്ടതും ഗീതു മെയിൻ ഡോർ തുറന്ന് പുറത്തേക്ക് വന്നു..

“നിനക്കൊന്ന് വിളിക്കുമ്പോൾ ഫോൺ എടുത്താലെന്താ കണ്ണാ…എത്ര നേരമായി ട്രൈ ചെയ്യുന്നു…” കാർ ലോക്ക് ചെയ്ത് സിറ്റ്ഔട്ടിലേക്ക് കയറിയ എന്നെനോക്കി ഗീതു ചോദിച്ചു…

“സോറി ഗീതൂസെ…വഴിയിൽ വച്ച് ഒരു ആക്‌സിഡന്റ് അതാ ലേറ്റ് ആയത്…”

“ഈശ്വരാ…എന്നിട്ട്…നിനക്കെന്തേലും പറ്റിയോ…??

“ഓ….എനിക്കല്ല ഗീതു..ഒരാൾ മദ്യപിച്ച് എന്റെ വണ്ടിയുടെ മുന്നിലേക്ക് വന്ന് ചാടി..പിന്നെ കണ്ടവർക്ക് കാര്യം മനസ്സിലായതുകൊണ്ട് കേസും പൊല്ലാപ്പും ഒന്നും ഉണ്ടായില്ല…”

“ഹോ ഞാൻ അങ്ങോട്ട് പേടിച്ചുപോയി…എന്നിട്ട് അയാൾക്ക് വല്ലതും പറ്റിയോ…?? “ഏയ് കാര്യമായിട്ട് ഒന്നും പറ്റിയില്ല…ആ അതുവിട് ഗീതു കഴിക്കാൻ എടുക്ക് എനിക്ക് നല്ല വിശപ്പുണ്ട്..ഞാനൊന്ന് ഫ്രഷ് ആയി വരാം..”

അതുംപറഞ്ഞ് ചുണ്ടിൽ ഊറിവന്ന ചിരിയോടെ ഞാൻ മുകളിലേക്ക് പോയി..

“ദേവൂ……………!!!!

ഉച്ചക്ക് നിത്യയുടെയും കൃപയുടെയും കൂടെ കത്തി യടിച്ചുകൊണ്ട് നടക്കുമ്പോഴാണ് പിറകിൽനിന്ന് മാഷിന്റെ അലർച്ച ഞാൻ ഞെട്ടിത്തിരിഞ്ഞുനോക്കി….മാഷ് കട്ടക്കലിപ്പിൽ എന്നെത്തന്നെ നോക്കിപ്പേടിപ്പിക്കാ…ഞാൻ അന്തംവിട്ട് അങ്ങനെതന്നെ നിന്നു… മാഷിന്റെ അലർച്ചകേട്ട് അവിടെയുണ്ടായിരുന്ന പിള്ളേർ എല്ലാം എന്നെയും മാഷിനെയും മാറിമാറി നോക്കുകയാണ്…

മാഷ് അവർക്കുനേരെ രൂക്ഷമായ നോട്ടമെറിഞ്ഞതും അവരെല്ലാം അവരവരുടെ പാട് നോക്കിപ്പോയി…

മാഷ് ദേഷ്യത്തിൽ എന്റെ അടുത്തേക്ക് വന്നതും എന്റെ ഇടവും വലവും നിന്ന കള്ളികളും അവരുടെ കുരിശും എടുത്ത് ജീവനുംകൊണ്ട് ഓടി…തെണ്ടികൾ.. മാഷ് എന്റെ അടുത്തെത്തിയതും ഞാൻ വേണോ വേണ്ടയോ എന്ന അർഥത്തിൽ ഒന്ന് ഇളിച്ചു കൊടുത്തു..

“എ…എന്താ മാഷേ….??? “നിന്നെയൊക്കെ…നീ എന്തിനാടി രാവിലെതന്നെ ഇങ്ങോട്ട് കെട്ടിയൊരുങ്ങി വരുന്നത്….ഹേ…???? എക്സ്ട്രീമം കലിപ്പിൽ മാഷ് ചോദിച്ചതും ഞാൻ വായുംപൊളിച്ച് നിന്നു..ഇതിനുമാത്രം കലിതുള്ളാൻ ഇവിടിപ്പോ എന്താ ഉണ്ടായേ….

“അത് മാഷിനെക്കാണാൻ അ…അല്ല പഠിക്കാൻ…എന്തേയ്…??”

“ആണെങ്കിൽ പിന്നെ ഇതെന്താ ഡീ…???

അതുംപറഞ്ഞ് മാഷ് ഒരു പേപ്പർ എനിക്കുനേരെ നീട്ടി…സൂക്ഷിച്ചു നോക്കിയപ്പോൾ എന്റെ കണ്ണ് തള്ളി…സിവനെ ഇന്റെർണൽ എക്സാമിന്റെ റിസൾട്ട്‌…എല്ലാത്തിനും മാർക്ക്‌ നല്ല കുറവാ…എന്ത് ചെയ്യും ഓടിയാലോ..വേണ്ടാ ഇനി എന്നെ പൊക്കിയെടുക്കുന്നത് ഈ കണ്ട പിള്ളേരെക്കൂടി കാണിക്കണോ… ഞാനൊരു അളിഞ്ഞ ഇളി പാസ്സാക്കി കൊടുത്തു..

“ഈൗ പറ്റിച്ചേ ഞാൻ മാഷിനെ പറ്റിച്ചേ… എനിച്ച് അറിയായിരുന്നു ഇതുകണ്ട് മാഷ് എന്നെ വഴക്ക് പറയാൻ വരും എന്ന്…അതിനുവേണ്ടി ഞാൻ ചുമ്മാ ഒരു നമ്പർ ഇറക്കിയതല്ലേ…സത്യായിട്ടും ഇതിന്റെയൊക്കെ ഉത്തരം എനിക്ക് അറിയാം മാഷേ…” ഞാൻ അത് പറഞ്ഞതും മാഷ് എന്റെ ചെവിക്ക് പിടിച്ചതും ഒത്തായിരുന്നു…എന്റെ കണ്ണിൽക്കൂടി പൊന്നീച്ച പാറി…

“ആഹ്….മാഷേ….വിട്..പ്ലീസ്..എനിക്ക് നോവുന്നു…”

“നിന്റെ ഉഴപ്പ് ഈയിടെ ആയിട്ട് കൂടിയിട്ടുണ്ടെന്ന് പറഞ്ഞ് ടീച്ചേർസ് എല്ലാംകൂടി എന്റെ ചെവിതിന്നു..നീ എന്നെ നാണം കെടുത്തിയില്ലേ ടി പോത്തേ….”

മാഷ് കലിച്ചുകയറി എന്നോട് ചോദിച്ചു…കൊറേനേരം പിടിച്ചുതിരിച്ചിട്ട് മാഷ് എന്റെ കാതിനെ സ്വതന്ത്രമാക്കി…

“ഹൂ…മാഷ് പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഫുൾ ഉടായിപ്പ് ആണെന്ന്..ഇത് ആദ്യമായിട്ടല്ലേ ഇങ്ങനെ…”

“അതുതന്നെയാടി പുല്ലേ…ഞാനും ചോദിച്ചത്..ക്ലാസ്സ്‌ ടോപ്പർ ആയ നീ എങ്ങനെയാടി ഇത്രയും ബാക്കിലേക്ക് പോയത്…അതും ഞാൻ വന്നതിന് ശേഷം…”

“അതെ….മാഷ് തന്നെയാ കാരണം…”

ഇന്റെർണൽ എക്സാമിന്റെ റിസൾട്ട്‌ നോക്കിയപ്പോൾ വലിയ അഹങ്കാരത്തിൽ ദേവിക്കുട്ടിയുടെ റിസൾട്ട്‌ എടുത്ത് നോക്കിയതാ.. അപ്പൊ കുരിപ്പിന്റെ മാർക്ക്‌ കണ്ട എന്റെ ഫ്യൂസ് പോയി….അത് ചോദിക്കാൻ വന്ന എന്റെ തലക്ക് അവൾ കുറ്റം ചുമത്തുന്നു…കഴുത

“ഞാനോ….ഞാൻ എന്താടി ചെയ്തത്…..”

“പിന്നല്ലാതെ ഞാൻ ആണോ….മര്യാദക്ക് പഠിച്ചിരുന്ന എന്നെ കയറി പ്രേമിച്ച് എന്റെ മനസ്സിൽ കയറി കുടിയിരുന്ന് എന്നെ ഒന്ന് പഠിക്കാൻ പോലും സമ്മതിക്കാത്തത് മാഷല്ലേ…!!! അവളെ പറച്ചില് കേട്ട് ഞാൻ വായുംപൊളിച്ച് നിന്നു…ആ പറഞ്ഞതിൽ കാര്യമില്ലാതില്ലാ…ബട്ട്‌ അങ്ങനെവിട്ടാൽ ശെരിയാകില്ലല്ലോ..”

“ഓഹോ…അങ്ങനെയാണല്ലേ….ഓക്കെ…എന്നാ ഞാൻതന്നെ ഒരു പരിഹാരം പറയാം..”

ഏഹ് ആ പറഞ്ഞതിൽ എനിക്കുള്ള ഒരു പണി ഒളിഞ്ഞിരിപ്പുണ്ടോ…ഇല്ലേ..ആവോ…

“എന്ത്…എന്ത് പരിഹാരം…??? ”

നിനക്ക് കോൺസെൻട്രേഷൻ കിട്ടാത്തത് കൊണ്ടല്ലേ..അല്ലെങ്കിലും വായിച്ചു പഠിക്കുമ്പോൾ നമ്മുക്ക് അത്ര കോൺസെൻട്രേഷൻ കിട്ടില്ല…സോ നമുക്ക്….”

“നമുക്ക്………????? ഞാൻ കാത് കൂർപ്പിച്ചുകൊണ്ട് മാഷിനെനോക്കി….

“ഒരു ഇരുന്നൂറ് തവണ എഴുതിപഠിക്കാം…എങ്ങനുണ്ട്….”

പുരികംപൊന്തിച്ച് മാഷ് ചോദിച്ചതുകേട്ട് ഞാൻ പകച്ചു പണ്ടാരമടങ്ങി മാഷിനെനോക്കി…

“ഇ..ഇരു…ന്നൂറോ…….??????? ഞാൻ അന്ധാളിപ്പോടെ ചോദിച്ചു…. “യെസ്….നിന്നെ പഠിപ്പിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ…ഇന്ന് വൈകുന്നേരത്തിനുള്ളിൽ നീ എഴുതി പഠിച്ചത് എനിക്ക് കാണണം…കേട്ടല്ലോ…”

കലിപ്പിൽ തന്നെ മാഷ് അങ്ങനെ പറഞ്ഞ് തിരിഞ്ഞുപോകാൻ ഒരുങ്ങി..ഈശ്വരാ ആദ്യമായി കിട്ടിയ എംമ്പോസിഷൻ…അതും എന്റെ മാഷിന്റെ അടുത്തുനിന്ന്…സുഭാഷ്.. ഇരുന്നൂറ് തവണയൊക്കെ എഴുതുക എന്ന് പറഞ്ഞാൽ ന്റെ കൈ…ഉയ്യോ… ഞാൻ ഓടി മാഷിന്റെ മുൻപിൽ കയറിനിന്നു…

“മാഷേ…പ്ലീസ് മാഷേ…എനിക്ക് എഴുതണ്ട…ഞാൻ ഇനി നന്നായി പഠിച്ചോളാം..ഈയൊരു തവണ ക്ഷമിക്ക് പ്ലീസ്…”

ഞാൻ മാഷിന്റെമുൻപിൽ നിന്ന് കെഞ്ചി…. ”

അത് നീ തീരുമാനിച്ചാൽ പോരാ…എക്സാമിന് തോറ്റ് തുന്നംപാടി ഇരിക്കുന്ന ഒരുത്തിയെ അല്ല എനിക്ക് ഭാര്യയായി വേണ്ടത്…ഞാൻ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ നിനക്ക് കൊള്ളാം…ഇല്ലെങ്കിൽ മര്യാദക്ക് നീ ഡിഗ്രി പാസ്സ് ആയി പോകില്ല…ഗോട്ട് ഇറ്റ്..???

ഞാൻ ഒന്നും മിണ്ടാത്തെ തലയാട്ടി തലതാഴ്ത്തി നിന്നു…മാഷ് എന്നെ മറികടന്നു പോകാനൊരുങ്ങി വീണ്ടും എന്തോ ഓർത്തപോലെ എനിക്കുനേരെ തിരിഞ്ഞു..

“ഹാ…മെയിൻ ആയിട്ട് നിന്നോട് വേറൊരു കാര്യം പറയാനാണ് ഇങ്ങോട്ട് വന്നത്..” ഞാൻ ചോദ്യഭാവത്തിൽ മാഷിനെനോക്കി…

“അടുത്ത മാസം നമ്മുടെ കോളേജിൽ വച്ച് ഒരു കോമ്പറ്റിഷൻ നടക്കുന്നുണ്ട്…മെയിൻ ആയിട്ട് രചന മത്സരങ്ങൾ ആണ് നടക്കുന്നത്…. “അതിൽ ചിത്രരചന കാറ്റഗറിയിൽ നീ മത്സരിക്കണം…ഓക്കെ…കൂടുതൽ പ്രിപ്രേഷൻ ഒന്നും വേണ്ട…വരക്കേണ്ട സബ് അവര് അന്ന് രാവിലേയെ അനൗൺസ് ചെയ്യൂ…രജിസ്ട്രെഷൻ ഓക്കെ ഞാൻ ചെയ്തിട്ടുണ്ട്…

” ആ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി വീണ്ടും മാഷിനെനോക്കി… “ഞാനോ….മാഷേ..ഞാനെന്ത് ചെയ്യാനാ..എനിക്കൊന്നും അറിയില്ല…”

“നിനക്കറിയാത്ത കാര്യമല്ല ദേവൂട്ടി ഞാൻ പറഞ്ഞത്…നിന്റെ കഴിവുകൾ നിന്നിൽ മാത്രം ഒതുങ്ങാൻ ഉള്ളതല്ല… “പിന്നെ നിന്നോട് മത്സരിക്കാമോ എന്നല്ല ഞാൻ ചോദിച്ചത് മത്സരിക്കണം എന്നാണ് ഞാൻ പറഞ്ഞത്…മറ്റു കോളേജിൽ നിന്നൊക്കെ കുട്ടികൾ വരുന്നതാണ്..

“നമ്മുടെ കോളേജിൽ വച്ച് നടക്കുമ്പോൾ നമ്മുക്ക് പ്രൈസ് കിട്ടാതെ പോകരുത്…നിന്നെക്കൊണ്ട് പറ്റും…ഓക്കെ…ഇനി അത് വിട്….ഇപ്പൊ പോയി ഞാൻ പറഞ്ഞ പണി ചെയ്യ്..” മാഷ് ഗൗരവം ഒട്ടും വിടാതെ അതുംപറഞ്ഞ് പോയി…ഞാൻ ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ട അവസ്ഥപോലെ നിന്നു… ഹും കാട്ടാളൻ….ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തൂടെ….അവിടെപ്പോയി ഞാനെന്ത് വരച്ചുകൂട്ടാനാ ന്റെ കൃഷ്ണാ…. അയ്യോ എംമ്പോ…ഞാൻ നേരെ ക്ലാസ്സിലേക്ക് ചെന്നു..അവളുമാർ കാര്യം ചോദിച്ചപ്പോൾ വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞുകൊടുത്തു..അതുകേട്ട് രണ്ടുംകൂടി ഇരുന്ന് പൊരിഞ്ഞ ചിരി..അവറ്റകൾക്ക് രണ്ട് കീറുംകൊടുത്ത് കിട്ടിയ ബുക്കും പേനയും എടുത്ത് ഞാൻ നേരെ ലൈബ്രറിയിലേക്ക് വിട്ടു.. ക്ലാസിൽ ഇരുന്ന് എഴുതിതീർക്കാൻ പറ്റില്ലല്ലോ…അങ്ങനെ ഇരുന്നും കിടന്നും മറിഞ്ഞും ഒക്കെ എഴുതാൻ തുടങ്ങി…

വൈകുന്നേരം ഇന്റർവെൽ കഴിഞ്ഞ് ഫ്രീ ഹവർ ആയതുകൊണ്ട് ദേവിക്കുട്ടിയെ തപ്പി ഇറങ്ങിയതാണ് ഞാൻ എന്നെ കണ്ടപ്പോഴേ അവളുടെ വാലുകൾ അവൾ ലൈബ്രറിയിൽ ഉണ്ടെന്ന് പറഞ്ഞു…

അങ്ങോട്ട് ചെന്നപ്പോൾ പെണ്ണ് ടേബിളിൽ കമന്നുകിടന്ന് പൊരിഞ്ഞ എഴുത്താണ്…എനിക്കത് കണ്ട് ചിരി വന്നു.. ഞാൻ അകത്തേക്ക് കയറി അവളുടെ അടുത്തുള്ള ചെയറിൽ ഇരുന്നു…

എന്നെക്കണ്ടതും പെണ്ണ് എന്നെ തുറിച്ചുനോക്കിയിട്ട് തിരിഞ്ഞിരുന്നു…ഞാൻ വിടുവോ.. ഞാൻ അവിടുന്ന് എഴുന്നേറ്റ് അവൾ തിരിഞ്ഞ ഭാഗത്തുള്ള ചെയറിൽ പോയി ഇരുന്നു… കുറച്ച് നേരം അവിടെ ഇതുതന്നെ ആയിരുന്നു പരിപാടി…അവസാനം അവൾ സുല്ലിട്ട് നിർത്തി..ബട്ട്‌ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല…

“ദേവൂട്ടീ…………” എന്നുവിളിച്ചുകൊണ്ട് ഞാൻ പതിയെ അവൾ എഴുതുന്ന കയ്യിൽ തൊട്ടതും പെണ്ണെന്റെ കൈ തട്ടിമാറ്റി എന്നെ തുറിച്ചുനോക്കി…

“വേണ്ടാ എന്നോട് മിണ്ടണ്ട…ഞാൻ മാഷിനോട് കൂട്ടില്ല…പോ…” എന്നെനോക്കി കവിൾവീർപ്പിച്ച് കൈരണ്ടും കവിളിൽ അടിച്ച് അത് പൊട്ടിച്ചുകൊണ്ട് അവൾ പറഞ്ഞിട്ട് വീണ്ടും എഴുത്ത് തുടങ്ങി…

ഞാൻ ചിരിഅടക്കി പിടിക്കാൻ നന്നായി പാടുപെട്ടു… “എടി ഞാനൊന്ന് പറയട്ടെ….!!

“വേണ്ടാ എനിക്കൊന്നും കേൾക്കണ്ട….കൂട്ടില്ലന്ന് പറഞ്ഞാ കൂട്ടില്ല…” ഈ കുരിപ്പ്…അങ്ങനെവിട്ടാൽ ശെരിയാകില്ലല്ലോ…ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്ന് ആ കാലിൽപാദത്തിൽ എന്റെ കാലുകൊണ്ട് പതിയെ തഴുകി… എന്റെ സ്പർശനം ഏറ്റതും പെണ്ണൊന്ന് ഞെട്ടി…എഴുതിക്കൊണ്ടിരുന്ന അവളുടെ കൈകൾ വിറച്ചു..ചെന്നിയിലൂടെ വിയർപ്പുതുള്ളികൾ ചാലിട്ടൊഴുകി… ഞാനതെല്ലാം ഒരു കുസൃതിയോടെ നോക്കിയിരുന്നു…എന്റെ തള്ളവിരൽ അവളുടെ കാലിൽ കിടക്കുന്ന വെള്ളിക്കൊലുസ്സിന്റെ ഇടയിലേക്ക് അരിച്ചുകയറി അത് കൊരുത്തുവലിച്ചു.. ഞൊടിയിടയിൽ ചെറിയൊരു കിലുക്കത്തോടെ അത് പൊട്ടി അതിലെ വെള്ളിമണികളെല്ലാം നിലത്തേക്ക് തെറിച്ചുവീണു….

ദേവിക്കുട്ടി ഞെട്ടി അവളുടെ കാലിലേക്കും എന്റെ മുഖത്തെക്കും നോക്കി…

മാഷ് ഇങ്ങനെയൊരു ചെയ്ത് ചെയ്യുമെന്ന് ഞാൻ കരുതിയില്ല…കൊളുത്തടക്കം പൊട്ടിയിരിക്കുന്നു..ഒരുപാട് ആഗ്രഹിച്ച് അമ്മയോട് കരഞ്ഞുപറഞ്ഞത് വാങ്ങി തന്നതാണ് ഇപ്പൊ ഈ ചിതറി കിടക്കുന്നത്…എന്റെ കണ്ണൊക്കെ നിറഞ്ഞുവന്നു.. മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെനോക്കി ചിരിച്ചുകൊണ്ട് ഇരിക്കാ..അതുകൂടി ആയപ്പോൾ എനിക്ക് കലിച്ചു കയറി….ഞാൻ ദേഷ്യത്തിൽ ബുക്കും വാരിക്കൂട്ടി എഴുന്നേറ്റ് പോകാൻ തുടങ്ങിയതും മാഷ് എന്റെ കയ്യിൽ പിടിച്ചു…

“വിട് മാഷേ….എനിക്ക് പോണം…”

“ദേഷ്യം വരുമ്പോൾ ഇങ്ങനെ ചുവന്നുതുടുത്ത് നിൽക്കുന്ന ദേവിക്കുട്ടിയുടെ മുഖം കാണാൻ നല്ല ചേലാ ട്ടോ..” മാഷ് പറഞ്ഞതുകേട്ട് ഞാൻ വീണ്ടും മാഷിനെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കിയിട്ട് വീണ്ടും പോകാൻ ഒരുങ്ങിയതും മാഷ് എന്നെ അവിടെ പിടിച്ചിരുത്തി… വേറെ നിവർത്തിയില്ലാതെ ഞാൻ അവിടെ ഇരുന്നെങ്കിലും മാഷിനെ മുഖത്തുനോക്കാതെ ഞാൻ മറ്റെങ്ങോ നോട്ടം പായിച്ചിരുന്നു…

കാൽപ്പാദത്തിൽ കുളിര് അനുഭവപ്പെട്ടപ്പോൾ ഞാൻ മെല്ലെ താഴേക്ക് നോട്ടം തെറ്റിച്ചു…നോക്കുമ്പോൾ ചുറ്റിലും കരിമണികളും അതിന് നടുക്ക് മൂന്ന് ചെറിയ മണികളും ഉള്ള ഒരു കൊലുസ്സ് മാഷ് എന്റെ കാലിൽ ഇടുന്നു… ഞാൻ കണ്ണുകൾ അമർത്തിതുടച്ച് വീണ്ടും നോക്കി…എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

മാഷ് എന്നെനോക്കി ഒന്ന് കണ്ണുചിമ്മി കാണിച്ച് എന്റെ കാൽ എടുത്ത് മാഷിന്റെ മടിയിൽ വച്ചു..

മാഷ് ഒരു കള്ളച്ചിരിയോടെ കുനിഞ്ഞ് ആ കൊലുസ്സിലെ കൊളുത്ത് കടിച്ചുമുറുക്കി… മാഷിന്റെ താടിരോമങ്ങൾ എന്റെ കാലിൽ കുത്തിക്കയറിയപ്പോൾ ഞാൻ ശ്വാസം നീട്ടിയെടുത്തു… മാഷ് എന്റെ മറ്റേ കാലിലും കൊലുസ്സ് ഇട്ട് മുറുക്കി.. കൂടെ എന്റെ പാദത്തിൽ ഒരു നനുത്ത ചുംബനവും നൽകി… എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി….

*”എന്റെ ആദ്യചുംബനം മുല്ലപ്പൂവിന്റെ ഗന്ധമുള്ള നിന്റെ ഇളംപാദങ്ങളിൽ തരാനാണ് ഞാൻ ആഗ്രഹിച്ചത്…നിന്റെ കാലിൽ ഞാൻ അണിഞ്ഞ ഈ കൊലുസ്സിന്റെ കിലുക്കം എന്റെ ഹൃദയസ്പന്ദനമാണ്..ഈ ദേവി എന്റെ സ്വന്തം ദേവി ആകുന്ന അന്നുവരെ എന്റെ ഹൃദയതാളം ഇതിൽനിന്നുതന്നെ എനിക്ക് കേൾക്കണം…❤️❤️”*

മാഷിന്റെ വാക്കുകൾ ഒരു പ്രണയമഴയായി എന്നിലേക്ക് പെയ്തിറങ്ങി…ഞാൻ നിറഞ്ഞ മനസ്സോടെയും നിറഞ്ഞ കണ്ണുകളോടെയും മാഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

“ഹൈ….മാഷേ നോക്ക്…നല്ല കിലുക്കം അല്ലേ…നല്ല രസണ്ട്…” ഫോണിൽ നോക്കിക്കൊണ്ട് ഗ്രൗണ്ടിന്റെ സൈഡിലുള്ള മതിൽ ഇരിക്കുന്ന എന്നോട് അവൾ പറഞ്ഞു..

പെണ്ണ് ദാവണിയുടെ പാവാട ചെറുതായി ഉയർത്തിപ്പിടിച്ച് കൊലുസ്സും കിലുക്കിക്കൊണ്ട് നിന്ന് വട്ടം കറങ്ങുകയാണ്…

“ശ്ശേ….ആ കുന്ത്രാണ്ടത്തിൽ നോക്കി ഇരിക്കാതെ എന്നെയൊന്ന് നോക്ക്…ദേ നല്ല രസമില്ലേ…”

അതുംപറഞ്ഞ് പെണ്ണ് വീണ്ടും രണ്ട് താളം ചവിട്ടി…ഞാൻ ഫോണിൽനിന്ന് മുഖം ഉയർത്തി അവളെനോക്കി.. ഇടയ്ക്ക് താളം ചവിട്ടും പിന്നെ കൊലുസ്സിന്റെ ഭംഗിനോക്കി നിൽക്കും..ഇതുതന്നെ പണി…ഇവൾക്ക് ഒരു പിരി ലൂസ് ആയെന്നാ തോന്നുന്നേ…

“എന്താ നോക്കുന്നെ…മ്മ്..?? ദേവൂട്ടി ഇളിച്ചോണ്ട് എന്നോട് ചോദിച്ചു…ഞാൻ അവളെ അടിമുടി നോക്കി..

“വട്ടായോ പെണ്ണേ…..???”

“ആഹ്….പ്രേമം മൂത്ത് വട്ടായതാ…”

“മ്മ്…കേട്ടിട്ടേ ഉണ്ടായിരുന്നൊള്ളൂ…ഇപ്പൊ കണ്ടു…ചങ്ങല വേണോ ഷോക്ക് വേണോ…”

“രണ്ടും വേണ്ടാ….മാഷേട്ടനെ മതി…” അവൾ പറഞ്ഞതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ ഗൗരവത്തിൽ തന്നെ നിന്നു.. “ഒഞ്ഞു പോയെടി…

എന്നെക്കൊണ്ടൊന്നും വയ്യ ഇതുപോലുള്ള ലൂസിനെയൊക്കെ തലയിൽ ചുമക്കാൻ…

“ഞഞഞ….അങ്ങനെ ഞാൻ ഒഴിഞ്ഞു പോകൂല്ലടാ മാഷേ….” പെണ്ണ് എന്നെനോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും ചിരി വന്നു…

“ഡീ നിന്നോട് ഞാൻ എത്രതവണ പറഞ്ഞു എന്നെ മാഷേന്ന് വിളിക്കാതെ കണ്ണേട്ടാന്ന് വിളിക്കാൻ…വിളിക്കെടി..”

“വിളിക്കമാട്ടേനെ നീ എന്നാ പണ്ണുവേ….???”

“ഡിവോഴ്സ് പണ്ണുവേ…” അവൾ പറഞ്ഞ അതെ ട്യൂണിൽ ഞാൻ പറഞ്ഞതും ദേവൂട്ടി മോന്ത വീർപ്പിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..

എന്നിട്ട് മതിലിൽ കയറാൻ കിടന്ന് പരിശ്രമം ആണ്..എവിടെ കുരുട്ടടക്കക്ക് എത്തണ്ടേ..കൊറേ നേരം ട്രൈ ചെയ്ത് മടുത്ത് അവസാനം ദയനീയമായി എന്നെനോക്കി…

“എടുക്കുവോ…..???? എന്നെനോക്കി ചുണ്ട് പിളർത്തി നിഷ്കു ആയി അവൾ ചോദിച്ചതും എനിക്ക് ചിരിപൊട്ടി.. അതുകണ്ട് അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് എന്റെ കയ്യിനിട്ട് ഒരു തല്ല് തന്നതും ഞാൻ ചിരി കടിച്ചുപിടിച്ച് കയ്യും ഉഴിഞ്ഞു താഴെക്കിറങ്ങി അവളെ എടുത്ത് മതിലിന്റെ മുകളിൽ ഇരുത്തി… എന്നിട്ട് ഞാനും അവളുടെ അടുത്തായി കയറിയിരുന്ന് വീണ്ടും ഫോണിൽ നോക്കാൻ തുടങ്ങി…

ഹും ജന്തു….ഇങ്ങനെ നോക്കാൻ മാത്രം എന്ത് കുന്തമാ അതിലുള്ളത്…എനിക്കങ്ങോട്ട് കലിച്ചു കയറി… ഞാൻ ആ ഫോൺ തട്ടിപ്പറിച്ചു വാങ്ങി..അതുകണ്ട് മാഷെന്നെ നോക്കിയപ്പോൾ ഞാൻ കണ്ണുരുട്ടി കാണിച്ചു….

“മ്മ്…..എന്താ ഇങ്ങനെ നോക്കുന്നെ….???”

ഞാൻ മാഷിനെ ഒന്ന് നോക്കിയിട്ട് ഇളിച്ചുകൊണ്ട് മാഷിന്റെ മുടിയൊക്കെ കൈകൊണ്ട് തെറിപ്പിച്ചു ആകെ കുളമാക്കി..

“ഛെ…..നീ എന്താടി ഈ കാണിക്കുന്നത്…ചീകിവച്ചത് മുഴുവൻ കുളമാക്കി..”

“മാഷിനി കുറച്ച് നാളത്തേക്ക് ക്ലീൻ ഷേവ് ചെയ്യ്….എന്നിട്ട് മുടിയിൽ ഓക്കെ എണ്ണ നല്ലോണം തേച്ചുപരത്തി വയ്ക്ക്…” ഞാൻ പറഞ്ഞതുകേട്ട് മാഷെന്നെ കണ്ണുംമിഴിച്ചു നോക്കി…

“ഞാൻ എന്താടി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചോ…എന്നാ ഒരു കാര്യം ചെയ്യാം…ദേ ബട്ടൺസ് കൂടി ഫുൾ അങ്ങോട്ട് ഇടാം…ന്തേയ്‌…??

കഴുത്തിനുതാഴെ തുറന്നുകിടക്കുന്ന ബട്ടണിൽ തൊട്ടുകാണിച്ചുകൊണ്ട് മാഷ് ചോദിച്ചു…

“ആഹ് എന്നാ വളരെ നന്നായിരിക്കും….”

“നിനക്കെന്താടി പ്രാന്താണോ….ഈൗ ഊള സ്റ്റൈൽ…”

“ആഹ് എന്നെ കെട്ടുന്നതുവരെ നിങ്ങൾ ഇനി അങ്ങനെ നടന്നാൽ മതി..അല്ല പിന്നെ…ഓരോ പെണ്ണുങ്ങളുടെ നോട്ടം കാണുമ്പോൾ ആ കണ്ണ് കുത്തിപ്പൊട്ടിക്കാൻ തോന്നും…..”

“അതിന് ഞാൻ അങ്ങനെ വന്നാൽ ആ പെണ്ണുങ്ങൾ നോക്കാതെയിരിക്കുമോ..?? ചിരി അടക്കിപ്പിടിച്ചുകൊണ്ട് മാഷ് ചോദിച്ചു…”

ആ അങ്ങനെയൊരു പേക്കോലത്തിൽ വന്നാൽ ഒരു ലുക്കും ഉണ്ടാകില്ല..അപ്പൊ അവളുമാർ നോക്കില്ലല്ലോ..എങ്ങനെയുണ്ടെന്റെ ഫുദ്ധി…മ്മ്..??

“ഹും കൊണ്ടുപോയി ഉപ്പിലിട്ടു വയ്ക്ക്…ഞാൻ ഇങ്ങനെതന്നെ വരും…ആ നോക്കുന്നുണ്ട് എന്നുപറഞ്ഞ പിള്ളേർ ഏതാടി…” മാഷ് ഇളിച്ചുകൊണ്ട് ചോദിച്ചതുകേട്ട് ഞാൻ കലിച്ചു കയറി ഞാൻ മാഷിനെ അടിക്കാനും പിച്ചാനും മാന്താനുമൊക്കെ തുടങ്ങി…അവസാനം മാഷ് കലികയറി എന്നെ തല്ലാൻ ഓങ്ങിയപ്പോൾ ഞാൻ ഇറങ്ങി ഓടി…

സെക്കന്റ്‌ സാറ്റർഡേ ആയതുകൊണ്ട് കൊറേനേരം വീട്ടിൽ ഇരുന്ന് ചടച്ചപ്പോൾ നേരെ വിമലിന്റെ വീട്ടിലേക്ക് വിട്ടു… എനിക്ക് പിന്നെ നല്ല സ്വാതന്ത്ര്യം അവിടെ ഉള്ളതുകൊണ്ട് ഞാൻ കോളിങ് ബെൽ പോലും അടിക്കാതെ മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറി… ബട്ട്‌ അവിടെയുള്ള കാഴ്ച്ച കണ്ടപ്പൊഴാണ് ഞാൻ ചെയ്തത് എത്രവലിയ തെറ്റാണെന്ന് എനിക്ക് ബോധ്യമായത്.. ഞാൻ നോക്കുമ്പോൾ രണ്ടും കിസ്സിങ് ആയിരുന്നു…അതും ഫ്രഞ്ച്..ഡോർ തുറന്ന ശബ്ദംകേട്ട് രണ്ടും ഞെട്ടി അകന്നുമാറി… ഞാൻ ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ അവരെനോക്കി… എന്നെക്കണ്ട് ശ്രുതിയുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു എങ്കിലും വിമൽ എന്നെ ചുട്ടെരിക്കാൻ പാകത്തിനുള്ള നോട്ടവുമായി എന്നെനോക്കി നിൽക്കാ..ഞാനൊന്ന് ഇളിച്ചു കൊടുത്തു..

“സിദ്ധു….ദിസ്‌ ഈസ്‌ ടൂ മച്ച് …നിനക്കൊന്ന് ഡോർ മുട്ടിയിട്ട് എങ്കിലും കയറിവന്നൂടെടാ പന്നി….?? എന്റെനേരെ ഉറഞ്ഞുതുള്ളിക്കൊണ്ട് അവൻ പറഞ്ഞു…

“സോറി ടാ…നിങ്ങൾ ഇങ്ങനെയൊരു സിറ്റുവേഷനിൽ ആയിരിക്കുമെന്ന് ഞാൻ കരുതിയില്ല..”

“അതേടാ…ഞങ്ങൾ മൂന്ന് കൊല്ലം പ്രേമിച്ചുനടന്നിട്ട് പിന്നെ കല്യാണം കഴിച്ചത് എന്തിനാണെന്ന് നിനക്ക് അറിയോ…?? “എന്തിനാ…….???? എനിക്ക് ആകാംഷ കൂടി

“അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്ന് അന്താക്ഷരി കളിക്കാൻ…ഇപ്പൊപ്പിന്നെ നീയും വന്നല്ലോ..വാ ഇനി നമുക്ക് ഒരുമിച്ച് കളിക്കാം…വാ കൂട്രാ കൂട്രാ….”

അവൻ എന്റെനേരെ ചീറിക്കൊണ്ട് പറഞ്ഞു…ഞാൻ ചിരി അടക്കിപ്പിടിച്ചു നിന്നു…പാവം റൊമാൻസ് വെള്ളത്തിൽ ആയതിൽ നല്ല വിഷമം ഉണ്ട്..

“സിദ്ധുവേട്ടന് കുടിക്കാൻ ചായ വേണോ കാപ്പി വേണോ…??? എല്ലാംകണ്ട് ആകെ ചടച്ചുനിന്ന ശ്രുതി വിഷയം മാറ്റാനായി എന്നോട് ചോദിച്ചു..

“എന്തെങ്കിലും തണുത്തത് തന്നെ ആയിക്കോട്ടെ പെങ്ങളെ….കുറച്ച് നിന്റെ കെട്ടിയോനും എടുത്തോ…ഭയങ്കര ചൂടാ…” അതുകേട്ട് ശ്രുതി ചിരി കടിച്ചുപിടിച്ചുകൊണ്ട് അങ്ങനെ പടക്കക്കട ഗദാ ഹവാ..എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി..അതുംകൂടി ആയപ്പോൾ എനിക്ക് ചിരിപൊട്ടി..

അതുകണ്ട് വിമൽ എന്റെനേരെ പാഞ്ഞടുത്ത് എന്റെ കഴുത്തിനുകുത്തി പിടിച്ചു…

“എടാ മരപ്പട്ടി….ഒരുമാതിരി മാ…മറ്റേടത്തെ പരിപാടി കാണിക്കരുത്…മനുഷ്യൻ എന്ത് കഷ്ടപ്പെട്ടാ അതിനെയോന്ന് വളച്ച് ഇവിടെവരെ എത്തിച്ചത് എന്ന് നിനക്കറിയോ…എല്ലാം പോയി…ങ്ങീ ങ്ങീ….”

അതുംപറഞ്ഞ് അവൻ ഇരുന്ന് മോങ്ങാൻ തുടങ്ങി..

“ങാഹാ….അങ്ങനെയിപ്പോ എന്റെ മേൽ മാത്രം കുറ്റം ചുമത്തണ്ട…ഇത്തരം സന്ദർഭങ്ങളിൽ ഡോർ ലോക്ക് ചെയ്യണം…”

“പോടാ തെണ്ടി…എന്റെ ബെസ്മം നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല…അത് മനസ്സിലാക്കണം എങ്കിൽ നിന്റെയും കെട്ട് കഴിഞ്ഞ് അവളെ കയ്യിൽ കിട്ടിയിട്ട് ദാ ഇതുപോലെ തെന്നി പോകണം…”

“പ്രാകാതെടാ ശവമേ……..”

“പ്രാകുമെടാ പ്രാകും…..നീയും അനുഭവിക്കണം…ഹാ ഈ ജന്മത്തിൽ ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗം എനിക്ക് ഉണ്ടാകുമോ എന്തോ….” അതുംപറഞ്ഞ് വിമൽ നെടുവീർപ്പിട്ടു..

“എല്ലാത്തിനും ഓരോ സമയമില്ലേ ദാസാ…നീ വെയിറ്റ് ചെയ്യൂ….” “വേറെ നിവർത്തിയില്ല വിജയാ….”

” അപ്പോഴേക്കും ശ്രുതി അങ്ങോട്ടേക്ക് വന്നു…പിന്നെ ഞങ്ങൾ മൂന്നും കോളേജിലെ ഓരോ പണ്ടത്തെ ഓരോ തമാശകളും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു.. ഇടയ്ക്ക് ദേവിക്കുട്ടിയും സംസാരവിഷയം ആയി…പെണ്ണിനെ പറ്റി പറയുമ്പോൾ എന്റെ ചുണ്ടിൽ വിരിയുന്ന ചിരികണ്ട് രണ്ടുംകൂടി എന്നെ കളിയാക്കി ഒരു വിധം ആക്കി….

കുറച്ച് സമയം കഴിഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി..

അമ്പലത്തിൽനിന്ന് ഇറങ്ങിയപ്പോഴാണ് ബുള്ളറ്റിന്റെ ശബ്ദം കാതിലേക്ക് തുളച്ചുകയറിയത്…തലയർത്തി നോക്കിയപ്പോൾ ദേ വരുന്നു എന്റെ മാഷ്…പക്ഷെ കക്ഷി എന്നെ കണ്ടില്ല…

“മാഷേ…………” ഞാൻ അവിടെനിന്ന് നീട്ടിവിളിച്ചു…പെട്ടെന്ന് എന്റെ സൗണ്ട് കേട്ട് മാഷ് വണ്ടി നിർത്തി….തല ചെരിച്ച് എന്നെനോക്കി….ഞാൻ ഓടി മാഷിന്റെ അടുത്തെത്തി… “നീ എന്താടി ഈ സമയത്ത് ഇവിടെ…..??? എന്നെനോക്കി മാഷ് ചോദിച്ചു…

“ഞാൻ അമ്പലത്തിൽ വന്നതാ..ഇന്ന് ഭജന ഉണ്ടായിരുന്നു…” “ഓ രാവിലെയും വൈകുന്നേരവും ഒക്കെ അമ്പലം…അല്ല നിന്നെ പെറ്റിട്ടത് വല്ല അമ്പലത്തിലും ആണോ..ബ്ലഡി അമ്പലവാസി…??

“ഞഞഞ……….” ഞാൻ മാഷിനെനോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഇലചീന്തിൽനിന്ന് കുറച്ച് ചന്ദനമെടുത്ത് മാഷിന്റെ നെറ്റിയിൽ തൊടാൻ ആഞ്ഞു…പക്ഷെ അപ്പോഴേക്കും മാഷ് എന്റെ കൈ പിടിച്ചുവച്ചു.. ഞാൻ ചോദ്യഭാവത്തിൽ മാഷിനെനോക്കിയപ്പോൾ മാഷ് എന്നെനോക്കി ഒരു കള്ളച്ചിരിയോടെ സൈറ്റ് അടിച്ചു… അതിന്റെ അർഥം മനസ്സിലായതും ഞാനൊരു കള്ളച്ചിരിയോടെ ചുറ്റും ഒന്ന് വീക്ഷിച്ചിട്ട് ഒന്നുകൂടി മാഷിന്റെ അടുത്തേക്ക് ചേർന്നുനിന്ന് പതിയെ മാഷിന്റെ നെറ്റിയിലേക്ക് അലസമായി വീണുകിടന്ന മുടി വകഞ്ഞുമാറ്റി… മാഷ് എന്റെ ഇടുപ്പിലേക്ക് കൈ ചുറ്റിവരിഞ്ഞ് ഉയർത്തി…ഞാൻ പതിയെ എന്റെ നെറ്റി മാഷിന്റെ നെറ്റിയുമായി കൂട്ടിമുട്ടിച്ചു.. ഞാൻ കുതറിയിറങ്ങാൻ തുടങ്ങിയെങ്കിലും മാഷ് എന്നിലെ പിടി ഒന്നുകൂടി മുറുക്കി…

“മാഷേ…..വിട്ടേ….ആരേലും കാണും….”

“മ്മ്ഹ്……….” ഞാൻ ഒരു പേടിയോടെ ചുറ്റും നോക്കി…അച്ഛൻ വരണ്ട സമയം ആയതുകൊണ്ട് എന്റെ ഭയം കൂടി… മാഷ് എന്റെ മുഖം മാഷിന്റെനേരെ തിരിച്ചു..അത്രയും അടുത്ത് മാഷിന്റെ ചുടുനിശ്വാസം എന്റെ മുഖത്തേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു..ഞാൻ ഉമിനീരിറക്കി മാഷിനെനോക്കി..

മാഷിന്റെ വീണ്ടും എന്നിലേക്ക് മുഖം അടുപ്പിച്ച് പതിയെ എന്റെ മൂക്കിൽ കടിച്ചു..

സ്സ്….ഞാൻ ഒന്ന് പുളഞ്ഞു..എന്റെ ഹൃദയമിടിപ്പ് കുതിച്ചുയർന്നു… എന്റെ വെപ്രാളം കണ്ട് മാഷൊരു ചിരിയോടെ എന്നെ വിട്ടു..ഞാൻ താഴേക്ക് ഊർന്നിറങ്ങി നെഞ്ചിൽ കൈവച്ച് ശ്വാസം വലിച്ചുവിട്ടു..

“സമയം ഒരുപാട് ആയില്ലേ..വാ ഞാൻ കൊണ്ടുവിടാം…” അതുംപറഞ്ഞ് മാഷ് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു…എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി…ഇപ്പൊ മാഷിന്റെകൂടെ പോയാൽ ഉറപ്പായിട്ടും അച്ഛൻ കാണും…കണ്ടാൽ അതോടെ തീർന്നു…ഇത് ഞാൻ എങ്ങനെ തടയും എന്റെ കൃഷ്ണ..

“വേണ്ടാ മാഷേ…ഞാൻ…ഞാൻ..പൊയ്ക്കോളാം…”

“ചുമ്മാ അവിടെനിന്ന് കഥകളി കളിച്ച് എന്നെ ദേഷ്യം പിടിപ്പിക്കാതെ കയറ് ദേവൂ…” എനിക്ക് പേടിയായി..ദേഷ്യം വരുമ്പോൾ മാത്രമേ മാഷ് ദേവൂ എന്ന് വിളിക്കൂ..ഞാൻ മടിച്ചു മടിച്ച് മാഷിന്റെ പുറകിലായി കയറിയിരുന്നു.. ആദ്യമായി ബുള്ളെറ്റിൽ കയറുന്ന വെപ്രാളവും അച്ഛൻ കാണുമോ എന്ന ഭയവും എല്ലാംകൂടി എനിക്ക് വല്ലാത്തൊരു അവസ്ഥയായി… ഞാൻ ഇരുന്ന് മാഷിന്റെ അരയിലൂടെ ചുറ്റിവരിഞ്ഞ് ഇറുക്കിപ്പിടിച്ചിരുന്നു…

വീടിന് അടുത്തേക്ക് വണ്ടി അടുക്കുന്തോറും എന്റെ ഉള്ളിലെ ഭയം കൂടിവന്നു..അച്ഛൻ അവിടെ ഉണ്ടാകരുതേ എന്ന് ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു…

ദൂരെ വച്ചുതന്നെ ഞാൻ കണ്ടു എന്നെ ചുട്ടെരിക്കാൻ പാകത്തിനുള്ള ചുവന്ന കണ്ണുകളുമായി നിൽക്കുന്ന ആളെ.. മാഷ് പെട്ടെന്ന് വണ്ടി നിർത്തിയതും ഞാൻ വിറയാർന്ന കാലുകളോടെ വണ്ടിയിൽ നിന്നിറങ്ങി..

“അ….അച്ഛൻ………” അറിയാതെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു…

ദേവൂട്ടിയുടെ വായിൽനിന്ന് വന്ന പേര് കേട്ട് ഞാനൊരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി…

കേട്ടത് സത്യമാകരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു… “എന്താ…എന്താ നീ പറഞ്ഞത്….??? ഞാൻ ഉയർന്ന ഹൃദയമിടിപ്പോടെ അവളോട് ചോദിച്ചു…അപ്പോഴേക്കും അയാൾ ഞങ്ങളുടെ അടുത്തെത്തി…

“വരണം വരണം മിസ്റ്റർ സിദ്ധാർഥ് വിശ്വനാഥ്‌…നീയും നിന്റെ തള്ളയും ഈ നാട്ടിലേക്ക് എത്തി എന്ന് നേരത്തെ അറിയാൻ കഴിഞ്ഞെങ്കിലും ഇന്നാണ് നിന്നെ എന്റെ കണ്മുന്നിൽ കിട്ടിയത്…” അയാൾ പറഞ്ഞതുകേട്ട് എന്നിലെ കോപം ഇരട്ടിച്ചു.. “എന്താടോ…ഞങ്ങൾ ഈ നാട്ടിലേക്ക് വരില്ലെന്ന് കരുതിയോ…അത്ര പെട്ടെന്ന് എല്ലാം ഉപേക്ഷിക്കാൻ കഴിയോ ടോ…പിന്നെ തന്റെ മുന്നിലേക്ക് ഞാൻ ആദ്യമായാണ് വരുന്നതെന്ന് ഒന്നും പറയല്ലേ…കള്ളിന്റെ പുറത്ത് ഓർമ്മ പോയതാ..”

അയാൾ എന്റെനേരെ പാഞ്ഞടുത്ത് എന്റെ കോളറിൽ കുത്തിപ്പിടിച്ചു..

“പന്ന…..മോനെ….നീ എന്താടാ വിചാരിച്ചത്..ഞാൻ കാരണം നിന്റെ തന്ത ആത്മഹത്യ ചെയ്ത് ചത്തതിന് എന്റെ മോളിലൂടെ എന്നോട് പ്രതികാരം ചെയ്യാം എന്നോ…ഹേ….???

അയാൾ പറഞ്ഞ വാക്കുകൾ അമ്പുകൾ തറച്ചുകയറുന്നതുപോലെ എന്നിലേക്ക് തുളച്ചുകയറി..എന്റെ കണ്ണുകൾ ദേവൂട്ടിയിൽ ഉടക്കിനിന്നു…. എല്ലാംകണ്ട് നിസ്സഹായതയോടെയും ഒരുതരം അന്താളിപ്പോടെയും നിന്ന ദേവൂട്ടിയെ കണ്ട് എന്റെ ഉള്ള് പിടഞ്ഞു…ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ…. ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ച് എന്റെ കോളറിൽ പിടുത്തമിട്ട അയാളുടെ കൈ ബലമായി വിടുവിച്ചു..അയാൾ വേദനകൊണ്ട് പുളഞ്ഞു…

“ഞാൻ എന്നേക്കാൾ മുതിർന്നവർക്ക് എന്നും ഒരു പരിഗണന കൊടുക്കും..പക്ഷെ ആ ഗണത്തിൽ ഞാൻ തന്നെ പെടുത്തിയിട്ടില്ല.. എന്റെ ദേഹത്ത് കൈ വച്ചാൽ ഉണ്ടല്ലോ…വെട്ടി അരിയും ഞാൻ….”

“ഡാാ………….” അയാൾ ചീറിക്കൊണ്ട് എന്റെ അടുത്തേക്ക് വന്ന് എന്നെ അടയ്ക്കാനായി കൈ ഓങ്ങിയതും ഞാൻ അത് തടഞ്ഞു.. “നടുറോഡിൽ വച്ചൊരു ഷോ നടത്താൻ എനിക്ക് തീരെ താല്പര്യമില്ല മിസ്റ്റർ അരവിന്ദൻ…പിന്നെ താൻ പറഞ്ഞല്ലോ മകളിലൂടെ പ്രതികാരം ആണോ എന്ന്..

“അറിഞ്ഞില്ലേടോ ഇത്രനാൾ പ്രാണനായി സ്നേഹിച്ചത് തന്റെ ചോരയെ ആയിരുന്നു എന്ന്…അറിഞ്ഞിരുന്നേൽ ഇവളുടെ നിഴലിനെ പോലും ഞാൻ നോക്കില്ലായിരുന്നു… “മേലെടത്ത് അരവിന്ദന്റെ മകളെയല്ല ഞാൻ എന്റെ ഭാര്യയുടെ സ്ഥാനത്ത് ആഗ്രഹിച്ചത്…ഇനി ആഗ്രഹിക്കുന്നുമില്ല…”

ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാനതു പറഞ്ഞതും ദേവൂട്ടി ഒരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി..

തുടരും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ…

രചന: ശീതൾ