ആണൊരുത്തൻ തുടർക്കഥ, ഭാഗം 9 വായിക്കുക…

രചന: ഗൗരിനന്ദ

“എനിക്ക് സമ്മതമാണ് നീരു…വിച്ചേട്ടന്റെ പാതിയാവാൻ എനിക്ക് സമ്മതമാണ്…”

വിതുമ്പുന്ന അധരങ്ങൾ അവൾക്ക് മുന്നിൽ മറച്ചു പിടിക്കാനൊരു ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല,എങ്ങനെയാണ് സാധിക്കുന്നത്…??

കൂട്ടുകാരിയേക്കാൾ കൂടപ്പിറപ്പായിരുന്നവളല്ലേ…??

നീരുവിന്റെ ചുണ്ടിൽ മായാത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു….

“അറിയാം വസൂ…എനിക്ക് മുന്നിലാണോ നിന്റെയീ അഭിനയം…?? എനിക്ക് വേണ്ടിയാണിതെന്ന് നന്നായി അറിയാം…പക്ഷേ ഞാനൊരിക്കലും നിന്റെ ഈ തീരുമാനത്തെ എതിർക്കില്ല…കാരണം ഇതാണ് ശരി…ഏട്ടനെ അടുത്തറിയാൻ നിനക്ക് സമയമുണ്ട് വസൂ…ആ സ്നേഹം നീ സ്വയം തിരിച്ചറിയുന്നിടത്താണ് ഏട്ടന്റെ പ്രണയത്തിനും കാത്തിരിപ്പിനും അർത്ഥമുണ്ടാകുന്നത്…”

അമ്മയും വാത്സല്യത്തോടെ തഴുകിയിരുന്നു…അമ്മയുടെയും നീരുവിന്റെയും ഉള്ളിൽ വിരിയുന്ന പ്രതീക്ഷ കെടുത്താൻ തോന്നിയിരുന്നില്ല…

ഹോസ്പിറ്റലിൽ നിന്ന് വന്നതും അമ്മയും നീരുവും വിച്ചേട്ടനോട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു…ഞെട്ടലോടെയാണ് അതൊക്കെ കേട്ടുനിന്നതെന്ന് തോന്നിയിരുന്നു…ഒരുപാട് തവണ തന്നോട് തനിച്ചൊന്ന് സംസാരിക്കാൻ വിച്ചേട്ടൻ ശ്രമിച്ചിരുന്നെങ്കിലും സ്വയം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്…??

ഒരിക്കലും തനിക്കദ്ദേഹത്തോട് പ്രണയമില്ല…പക്ഷേ ഒരുപാട് ആരാധനയും ബഹുമാനവും കടപ്പാടുമുണ്ട്…എന്റെ മോളെയൊരച്ഛന്റെ കുറവറിയിക്കാത്തത്തിന്,തന്നിലെ സ്ത്രീയെ ബഹുമാനിക്കുന്നതിന്…പിന്നേ എന്തിനാണീ തീരുമാനമെടുത്തത്…??അതേ,,നീരുവിനു വേണ്ടി,,,അവള്ടെ ജീവിതത്തിന് വേണ്ടി…

തന്റെ അഭിപ്രായം മുൻനിർത്തി അമ്പലത്തിൽ വെച്ച് വളരെ ചെറിയ ചടങ്ങുകളോടെ താലികെട്ടവസാനിച്ചിരുന്നു…ചത്ത മനസോടെയാണ് നിന്ന് കൊടുത്തത്…ചെയ്യുന്നത് ശരിയാണോയെന്നറിയില്ലെങ്കിലും ഓരോ നിമിഷങ്ങളിലും അനന്തേട്ടനോട് മാപ്പ് പറഞ്ഞു കൊണ്ടിരുന്നു…

നെഞ്ചിലെ താലിമാലയിലേക്ക് നോക്കിയതേയില്ല…ഒരുപക്ഷേ അതെന്നെ നോക്കി കളിയാക്കിയാലോ…??

വിച്ചേട്ടന്റെയും മുഖത്തൊരു തെളിച്ചം കണ്ടില്ല…കുഞ്ഞിപ്പെണ്ണിന് കാര്യങ്ങൾ മനസിലായില്ലെങ്കിലും നീരുവിനോട് കുഞ്ഞ് കുഞ്ഞ് സംശയങ്ങൾ ചോദിക്കുന്നത് കേട്ടു…

വലത് കാൽ വെച്ച് വീട്ടിലേക്ക് കയറുമ്പോഴും പുതുമയൊന്നും തോന്നിയിരുന്നില്ല,,,ഉള്ളാകെ നീറുക മാത്രം…തനിക്കും മോൾക്കുമായി നൽകിയിരിക്കുന്ന റൂമിൽ നിന്നും വിച്ചേട്ടന്റെ മുറിയിലേക്കൊരു കൂട് മാറ്റം…അത്രമാത്രമായിരുന്നു വ്യത്യാസം…

“വസൂ…മോളെവിടെ…?? ”

മുറിയിൽ ആലോചനയോടെ ഇരിക്കുമ്പോഴാണ് വിച്ചേട്ടന്റെ ചോദ്യം ഉയർന്നത്…ഞെട്ടലോടെ പിടഞ്ഞെഴുന്നേറ്റു…

“മോള്…മോള് നീരുന്റെ കൂടെയുണ്ട്…ഞാൻ,,,ഞാനൊന്ന് നോക്കിയിട്ട് വരാം…” ഇടർച്ചയോടെ പറഞ്ഞവസാനിച് മുന്നിലേക്ക് നടന്നെങ്കിലും കയ്യിലൊരു പിടി വീണിരുന്നു…കണ്ണുകളുയർത്തി ഒരുനിമിഷം ആ മുഖത്തേക്ക് നോക്കി,,,ആ കണ്ണുകളിൽ കാണുന്ന വേദനയും വിഷാദവും തന്നെ കൊത്തിവലിക്കും പോലെ തോന്നിയതും നോട്ടം മാറ്റിയിരുന്നു…

“പേടിയാണോ തനിക്കെന്നെ…?? ഒരിക്കലും എന്നെ ഇഷ്ടപ്പെടണമെന്ന് ഞാൻ നിർബന്ധം പിടിക്കില്ല…അനന്തനെ മറന്ന് പെട്ടന്ന് പുതിയൊരു ജീവിതം തനിക്കും പറ്റില്ലെന്ന് അറിയാം…ഈ തീരുമാനം എടുത്തത് നീരുവിന് വേണ്ടിയല്ലേ…ഒരുറപ്പ് ഞാൻ തനിക്ക് തരാം,,,നീരുവിനെ നല്ലൊരുവന് കൈ പിടിച്ച് കൊടുത്ത് കൃത്യം ആറ് മാസങ്ങൾക്കു ശേഷം നമുക്കീ നാടകം അവസാനിപ്പിക്കാം…എന്നിൽ നിന്നൊരു സ്വാതന്ത്ര്യം ഞാൻ തന്നെ മേടിച്ചു തരും…വെറുത്തോളു,,,പക്ഷേ എന്നെ ഒഴിഞ്ഞു മാറി നടക്കരുത്…” വിച്ചുവിന്റെ വാക്കുകൾക്കൊരു ഉറപ്പുണ്ടായിരുന്നു…റൂം വിട്ടവനകലുമ്പോഴേക്കും ഒരു വിങ്ങലോടയവൾ വേച്ചിരുന്നു പോയി…

“അച്ഛേ,,,അമ്മുറ്റി എപ്പയാ വരുന്നേ…??”

വിച്ചുവിന്റെ മടിയിലിരുന്ന് അമ്മുട്ടി കൊഞ്ചലോടെ ചോദിച്ചതും കാര്യം മനസിലാവാതെ വിച്ചു അവളെയും നീരുവിനെയും ഒരുനിമിഷം നോക്കി…

“എവിടെ വരുന്ന കാര്യവാടാ പൊന്നെ…??”

അവള്ടെ താടിയിൽ പിടിച്ചു കുലുക്കിയവൻ ചോദിച്ചതും അമ്മുട്ടി ചൂണ്ട് വിരൽ താടിയിലൂന്നി ആലോചനയോടെ ഇരുന്നു..അവള്ടെ ഭാവം കണ്ട് വിച്ചൂവിന്റെയും നീരുവിന്റെയും ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു…

“അതില്ലേച്ഛേ…ആന്തി പരയാ അമ്മുറ്റി ഒന്റാവാനാ അമ്മേനെ അച്ഛ കെറ്റിയേന്ന്…ഇനി അമ്മുറ്റി എപ്പോയാച്ഛേ വെരുന്നേ…?? ” നിഷ്കളങ്കമായവൾ ചോദിച്ചതും വിച്ചു നീരുവിനെ നോക്കി പേടിപ്പിച്ചു…അമ്മുട്ടിയുടെ എല്ലാ ചോദ്യങ്ങൾക്കും തന്റെ കയ്യിൽ ഉത്തരമുള്ളതാണ്…എന്ത് മറുപടി കൊടുക്കുമെന്നറിയാതെ അവനൊരു നിമിഷം പതറിയിരുന്നു….

“പരയച്ചേ…??!!! ”

“അതോ…അമ്മുട്ടി നേരത്തെ ഉണ്ടായല്ലോടാ കണ്ണാ…അമ്മുട്ടി താമസിച്ചു ഉണ്ടായാൽ അമ്മുട്ടിക്ക് അച്ഛേടേം അമ്മേടേം സ്നേഹം കൊറച്ചല്ലേ കിട്ടു…അപ്പൊ അമ്പോറ്റി പറഞ്ഞു,,,അമ്മുട്ടിയെ നേരത്തെ ഇങ് തരുവാണെന്ന്…അപ്പൊ ഞങ്ങടെ പിടുക്കൂസിനെ ഒത്തിരി സ്നേഹിക്കാലോ അച്ചയ്ക്ക്…” അവൻ കുഞ്ഞുവയറിൽ ഇക്കിളി ആക്കിക്കൊണ്ട് പറഞ്ഞതും അമ്മുട്ടി കൈകൊട്ടിക്കൊണ്ട് കുടുകുടെ ചിരിച്ചു…

അവള്ടെ കളിചിരികൾ കേട്ടാണ് വസു ഹാളിലേക്ക് വന്നത്…കണ്ണെടുക്കാതെ ആ അച്ഛന്റേം മകൾടെയും സ്നേഹം അവളൊരു നിമിഷം പരിസരം മറന്ന് ആസ്വദിച്ചു നിന്നുപോയി…അവരുടെ പുഞ്ചിരി അതികം വൈകാതെ അവളിലേക്കും പടരുന്നത് നീരു പ്രതീക്ഷയോടും ആശ്വാസത്തോടും ശ്രദ്ധിച്ചിരുന്നു…

അതികം താമസിക്കാതെ നീരുവിന്റെ വിവാഹം ഉറപ്പിച്ചിരുന്നു…കോളേജിൽ സൂപ്പർ സീനിയറായി പഠിച്ച ആദർശാണ് വരൻ…ആളിപ്പോ കോളേജ് ലക്ച്ചർ ആണ്…എന്തിനും ഏതിനും വിച്ചേട്ടനായിരുന്നു ഓടി നടന്നത്,,,ഒരേട്ടനെക്കാൾ അച്ഛനെപോലെ…അത്ഭുതത്തോടെയാണ് കണ്ടുനിന്നത്…എല്ലാവരിലും നീരുവിനൊരു നല്ല ജീവിതം കിട്ടിയ സന്തോഷമായിരുന്നെങ്കിൽ വിച്ചേട്ടനുള്ളിൽ കൂടപ്പിറപ്പിനെ പിരിയേണ്ടി വരുമല്ലോയെന്നുള്ള വേദനയായിരുന്നു…

എല്ലാവർക്കും മുന്നിൽ കളിച്ചിരികളോടെ നിന്നെങ്കിലും നീരുവിന്റെ ഉള്ളം നീറുന്നത് വസു അറിഞ്ഞിരുന്നു…അമ്മുട്ടിയെ എല്ലാവർക്കും മുന്നിൽ സ്വന്തം മോളെന്ന് പരിചയപ്പെടുത്തുന്ന വിച്ചേട്ടൻ വീണ്ടുമൊരത്ഭുതമാവുകയായിരുന്നു…ചുറ്റുമുള്ളവർ വിച്ചേട്ടനോടുള്ള ബഹുമാനവും സ്നേഹവും ഭാര്യയെന്ന നിലയിൽ തന്നിലേക്കും പകരുമ്പോൾ എന്തെന്നില്ലാത്തൊരു കൗതുകം തോന്നിയിരുന്നു…

സർവ്വഭരണവിഭൂഷിതയായി മണ്ഡപത്തിൽ നിറപുഞ്ചിരിയോടെ ഇരിക്കുന്ന വസുവിനെ നിറഞ്ഞു കണ്ണുകളോടെ നോക്കിക്കാണുന്ന വിച്ചേട്ടനിൽ ഒരച്ഛന്റെ ഭാവമായിരുന്നു…എത്ര ഭാഗ്യവതിയാണവളെന്ന് ഒരുനിമിഷം ചിന്തിച്ചു പോയി…ഏട്ടനിൽ നിന്ന് തന്നെ അച്ഛന്റെ വാത്സല്യവും അനുഭവിച്ചവൾ…!!

ആദർശിന്റെ വലതു കൈയോട് ഇടത് കൈ കോർത്ത് നീരു പടിയിറങ്ങുമ്പോൾ ആ കാഴ്ചയിൽ നിന്ന് മറഞ്ഞു നിൽക്കാൻ ഓരോ തിരക്കുകളഭിനയിക്കുന്ന വിച്ചേട്ടന് പിന്നാലെ തന്റെ കണ്ണുകളും പാഞ്ഞിരുന്നു…

പ്രതീക്ഷയോടെ നാലുപാടും സഞ്ചരിക്കുന്ന നീരുവിന്റെ മിഴികൾ പിന്നിലായ് നിന്നിരുന്ന വിച്ചേട്ടനിൽ ഉടക്കിയതും എല്ലാവരെയും തട്ടിമാറ്റിയവൾ ആ നെഞ്ചിലേക്ക് വിങ്ങലോടെ വീണിരുന്നു…അല്ലെങ്കിലും ഇങ്ങനെ ഒരു നിമിഷം ഏതൊരെട്ടനാണ് സഹിക്കാൻ പറ്റുന്നത്…??

നെഞ്ച് വിങ്ങുന്ന വേദനയോടെയല്ലേ അവളെ യാത്രയാക്കുന്നത്…തനിച്ചെന്ന് തോന്നിയ നിമിഷങ്ങളിൽ തോളോട് തോൾ ചേർന്ന് നിന്ന് വീര്യം കത്തിച്ചു തന്നവന്റെ കുടക്കീഴിൽ നിന്നൊരു മാറ്റം…

“തനിച്ചാക്കേല്ലെടി എന്റേട്ടനെ…നിന്നെ ഏൽപ്പിച്ചിട്ട് പോകുവാ…ഞാൻ ജീവനോടെ ഉള്ളിടത്തോളം ആ കണ്ണുനീർ കാണാൻ ആഗ്രഹിക്കാത്തോണ്ടാ മോളെ…വേദനിപ്പിക്കല്ലെടി…”

തന്റെ കൈപിടിച്ച് കൊണ്ടവൾ അപേക്ഷയോടെ പറഞ്ഞതും നെഞ്ചോന്ന് നീറിയിരുന്നു…പുഞ്ചിരിയോടെ അവളുടെ കൈകളിൽ പിടി മുറുക്കുമ്പോ ആശ്വാസത്തോടെ ആ കണ്ണുകൾ നിറയുന്നത് തന്നിലും പുഞ്ചിരി വിടർത്തിയിരുന്നു…നീരു പോയതും ആകെ വീടൊന്നുറങ്ങിയ പോലെയായിരുന്നു…അമ്മുട്ടിയുടെ പൊട്ടിച്ചിരികളും വിച്ചേട്ടന്റെ കളിചിരികളും നിറഞ്ഞതോടെ നീരുവിന്റെ കൂടുമാറ്റം നൽകിയ വേദന ഏറെക്കുറെ ശമിച്ചിരുന്നു…

ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു…തേടിവന്ന കാഴ്ചകളും അറിവുകളുമെല്ലാം അത്ഭുതം തന്നെയായിരുന്നു…നാട്ടിലെ ക്ലിനിക്കിൽ ജോലിനോക്കുന്ന,ഉയർന്നവനോ താഴ്ന്നവനോ എന്ന് നോക്കാതെ എല്ലാവർക്കും സേവനം ചെയ്യുന്ന വിച്ചേട്ടൻ നാട്ടിലുള്ളവരുടെ കണ്ണിലുണ്ണിയായിരുന്നു…ഡോക്ടർ മാത്രമല്ല,,തോട്ടത്തിൽ കൃഷി ഇറക്കുന്ന കർഷകനായും,,നാട്ടുകാർക്കും നാടിനും വേണ്ടപ്പെട്ടവനായും ഓരോ നിമിഷവും അയാൾ മാറിയിരുന്നു…അപ്പോഴും അവരിൽ ഒരാളായി മാത്രം അറിയപ്പെടാനാഗ്രഹിക്കുന്ന വ്യക്തിത്വം…സ്വത്തുകളൊരുപാടുണ്ടെങ്കിലും ആ ഭവമൊന്നുമില്ലാത്ത സാധാരണയൊരു ചെറുപ്പക്കാരൻ…

അമ്മയ്ക്ക് മകനും കൂട്ടുകാരനും,തന്റെ മകൾക്ക് പിതൃസ്നേഹം പകർന്നുകൊടുക്കുന്നവനും…ഓരോനിമിഷവും മനസ് സ്വയം ചോദിച്ചിരുന്നു…യാഥാർത്ഥത്തിൽ ആരാണിയാൾ…??

ആശ്ചര്യം തോന്നിപ്പോയ നിമിഷങ്ങളായിരുന്നു നിരഞ്ജൻ എന്ന വ്യക്തിത്വത്തേ അറിഞ്ഞപ്പോൾ മുതൽ…

എങ്കിലും ഒരിക്കൽ പോലും അദ്ദേഹത്തോട് തനിക്ക് പ്രണയമില്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു…

അനന്തേട്ടനെ കണ്ടിരുന്ന സ്വപ്നങ്ങളിൽ വേദനയോടെ തന്നെ നോക്കി പുഞ്ചിരിക്കുന്ന വിച്ചേട്ടൻ ഉള്ളിലൊരു നോവായി അവശേഷിച്ചിരുന്നു…വിശാലമായ കട്ടിലിന്റെ രണ്ടറ്റങ്ങളിൽ കിടക്കുമ്പോഴും ഒരിക്കലും അടുക്കുമോയെന്ന പ്രതീക്ഷകളില്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു തുടങ്ങിയിരുന്നു…

“ഒന്നേ,,,ദണ്ടേ,,..മൂന്നേ…ആരെ,,,ഒമ്പതെ…പത്തെ…” മേശമേൽ ഇരുന്ന് നഴ്സറിയിൽ പഠിച്ചതൊക്കെ വിച്ചുവിനോട് പറഞ്ഞു കൊടുക്കുകയാണ് അമ്മുട്ടി…അടുക്കളയിൽ പണിയിലായിരുന്നു വസുവും അമ്മയും…അവരെ ചെറിയ രീതിയിൽ സഹായിക്കാൻ ഉള്ളിയും എടുത്തോണ്ട് വന്നിരുന്നതാണ് വിച്ചു…കണ്ണ് നീറാതെയിരിക്കാൻ പിൻചെവിയിൽ രണ്ട് ഉള്ളിയും വെച്ചിട്ടുണ്ട്…

“അച്ചേടെ പൊന്നിന് തെറ്റിയല്ലോടാ കണ്ണാ…മൂന്ന് കഴിഞ്ഞാണ് നാല്…നാല് കഴിഞ്ഞ് അഞ്ചും ഉണ്ട്…അച്ചേടെ കുഞ്ഞമ്പിളി അതൊന്നും പറഞ്ഞില്ലാട്ടോ…ആാാാ…” അരിയുന്നതിനിടയിൽ അമ്മുട്ടിയെ നോക്കി പറഞ്ഞതും സ്ഥാനം തെറ്റി കത്തി അവന്റെ കൈയ്ക്ക് കൊണ്ടിരുന്നു…

വേദനയോടെ കൈവലിച്ചൊന്ന് കുടഞ്ഞതും രക്തം തെറിച്ചിരുന്നു…തെളിഞ്ഞിരുന്ന അമ്മുട്ടിയുടെ മുഖം ഒരുനിമിഷം കൊണ്ട് മങ്ങിയിരുന്നു…വിച്ചുവിന്റെ മുഖത്തെ നീറ്റൽ കണ്ടതും അമ്മുട്ടി കുഞ്ഞിച്ചുണ്ടുകൾ പുറത്തേക്കുന്തി വിതുമ്പി തുടങ്ങിയിരുന്നു…

“അമ്മേ…അമ്മേ….” അമ്മുട്ടി ഉച്ചത്തിൽ വിളിച്ചതും അടുക്കളയിൽ പണിയിലായിരുന്ന വസു ഓടിയെത്തിയിരുന്നു…അമ്മുട്ടി പറയുന്നതിന് മുൻപേ ചോരയോലിക്കുന്ന വിച്ചുവിന്റെ കൈവിരൽ അവൾ ശ്രദ്ധിച്ചിരുന്നു…അത്യാവശ്യം ചെറിയ മുറിവെങ്കിൽ പോലും എന്തെന്നില്ലാത്തയൊരു വേദന അവളിൽ നിറഞ്ഞിരുന്നു…ഫസ്റ്റ് ബോക്സ് അവനരുകിൽ വെച്ച് അവന്റെ കൈ വെള്ളത്തിൽ കഴുകാൻ വന്നതും അവനൊരു പുഞ്ചിരിയോടെ തടഞ്ഞിരുന്നു…

“നമ്മളേറെ സ്നേഹിക്കുന്നവർ തരുന്ന വേദനയോളം വരില്ലെടോ ഇത്…താൻ ബുദ്ധിമുട്ടണ്ട…ഞാൻ ചെയ്തോളാം…” വാക്കുകളിൽ പ്രതിഭലിച്ചിരുന്ന അവന്റെ മനസ് അവൾക്ക് മനസിലാകുന്നുണ്ടായിരുന്നു…ഒരുനിമിഷം തല കുനിഞ്ഞു പോയി…പിന്തിരിഞ്ഞു നടക്കുമ്പോൾ കണ്ണുകളും നിറഞ്ഞിരുന്നു…മുറിയിലേക്ക് ചെന്ന് അനന്തേട്ടന്റെ ഫോട്ടോയിലേക്ക് നോക്കിയിരുന്നു…

അറിയില്ല അനന്തേട്ട,,,സഹതാപം തോന്നുന്നു എനിക്കാ മനുഷ്യനോട്,,ബഹുമാനവും ആരാധനയും തോന്നുന്നു…അതിലൊടുവിൽ ഒരു പ്രണയമുണ്ടോ…?? ഇനിയും വേദനിപ്പിക്കുന്നത് തെറ്റാണോ…??

എങ്ങനെയാണ് ആ കാത്തിരിപ്പും പ്രണയവും കാണാതെ നടക്കുന്നത്…??

ഒരുപാട് വേദനിപ്പിക്കുന്നുണ്ട്…അതിനേക്കാൾ വേദന എനിക്കിന്ന് തോന്നുന്നു…പറയ്‌ അനന്തേട്ട പഴയ ഓർമകളെ മറവിയുടെ പടുകുഴിയിലേക്കേറിഞ്ഞു എനിക്ക് പുതിയൊരു ജീവിതം ജീവിച്ചു തുടങ്ങാനാകുമോ…??

മറക്കാൻ ശ്രമിക്കുന്നുണ്ട് ഞാൻ…പക്ഷേ അല്പം കൂടി സമയം എനിക്ക് വേണം…അല്പം കൂടി…

പിന്നീടുള്ള ദിവസങ്ങളിൽ അമ്മുട്ടിയോടൊപ്പം അവള്ടെ അച്ഛനെ അറിയാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…എന്നും വൈകുന്നേരം അമ്മുട്ടിക്കായ് കരുതുന്ന ചോക്ലേറ്റുകളുടെ മധുരം എപ്പോഴോ ഒരു പുഞ്ചിരിയോടെ ആസ്വദിക്കാൻ തുടങ്ങിയിരുന്നു…ആ മധുരത്തിന്റെ പാതി വിച്ചേട്ടനുവേണ്ടി അമ്മുട്ടിയുടെ കൈകളിലാരുമറിയാതെ കൊടുക്കുമ്പോ അറിയാതൊരു സന്തോഷം ഉള്ളിൽ നിറഞ്ഞിരുന്നു…

ഇതാണ് ശരിയെന്ന് ഓരോ നിമിഷവും അനന്തേട്ടൻ ഓർമിപ്പിച്ച് കൊണ്ടിരുന്നെങ്കിലും തന്റെ മനസിലെ ഈ വികാരം പ്രണയമാണോയെന്നറിഞ്ഞിരുന്നില്ല…

മാസങ്ങൾ പിന്നിട്ടിരുന്നു…അപ്പോളും മനസുകൾ തമ്മിൽ രണ്ട് ആണെന്നറിഞ്ഞിരുന്നു…പക്ഷേ ഇന്നറിയാം,,,വിച്ചേട്ടന്റെ ഈ ലോകത്ത് നിന്നും തനിക്കൊരു മടക്കമില്ലെന്ന്…തന്നെ പറയാതെ അറിയുന്ന അമ്മയും,ശാന്തമാക്കുന്ന അവിടുത്തെ ചുറ്റുപാടും,എന്തിനേറെ വീട്ടിലെ കുഞ്ഞു കോഴികൾ പോലും തനിക്കിന്ന് സ്വന്തമായത് പോലെ…അതിനേക്കാൾ ഉപരി തന്റെ വിച്ചേട്ടൻ…ആ പ്രണയം ലഭിക്കാൻ യോഗ്യതയോ അർഹതയോ ഉള്ളവളാണോയെന്നറിയില്ല,,,എങ്കിലും തന്റെ ശ്വാസമാണയാളിന്ന്…

ഇനിയും വേദനിപ്പിക്കാനോ,സ്വയം വേദനിക്കാനോ കഴിയുമായിരുന്നില്ല…ഒപ്പം ആ കാത്തിരിപ്പിനെ നിസാരവത്കരിക്കാനും…പതിനഞ്ചു വർഷത്തെ വിച്ചേട്ടന്റെ പ്രണയം മനസാൽ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു…ഒരിക്കൽ പോലും പക്ഷേ തുറന്ന് പറയാൻ സാധിച്ചിരുന്നില്ല…

നാളെ മകയിരമാണ്…വിച്ചേട്ടന്റെ പിറന്നാൾ,,,തനിക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം ഈ മനസ് അദ്ദേഹത്തിന് മുന്നിൽ തുറന്ന് കാട്ടുക മാത്രമാണ്…ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞിരുന്നു…ഇവിടെ പിറന്നാളിന് ആഘോഷങ്ങളൊന്നുമില്ല,,,അമ്മുട്ടിയുടെ പിറന്നാള് മാത്രമാണ് വിശാലമായി ആഘോഷിക്കുന്നത്…

ഒരു വയസ് കൂടി മരണത്തിലേക്ക് അടുക്കുന്നതെന്തിനാ മോളെ ആഘോഷിക്കുന്നതെന്നാണ് അമ്മയുടെ വാദം…സ്വന്തം പിറന്നാൾ വിച്ചേട്ടൻ കൂടി ഓർക്കുന്നുണ്ടാവില്ല…എങ്കിലും അന്നേ ദിവസം പായസം വെക്കണമെന്ന് അമ്മയ്‌ക്കേറെ നിർബന്ധമുണ്ട്…

രാവിലെ തന്നെ നീരു വീഡിയോ കാൾ ചെയ്തതും മോളും വിച്ചേട്ടനും ഒരുപാട് നേരമിരുന്ന് സംസാരിക്കുന്നത് ശ്രദ്ധിച്ചിരുന്നു…അവൾക്കിപ്പോ വിശേഷമുണ്ട്…ഇടയ്ക്കിടെ തന്നെ വിളിച്ച് വിച്ചേട്ടന്റെ കാര്യം ഓർമ്മപ്പെടുത്തുന്ന നീരുവിനെ തനിക്കേറെ പരിചിതമാണ്….പിറന്നാളിന് ആദ്യം ആശംസ അറിയിച്ചത് അമ്മ തന്നെയാണ്…താനപ്പോളും പുഞ്ചിരിയോടെ നിന്നതേയുള്ളു…മനസ്സിൽ പെയ്തിറങ്ങുന്ന സന്തോഷത്തിന് നിമിഷങ്ങൾ ബാക്കിയെന്ന് മന്ത്രിക്കും പോലെ…

അന്നത്തെ രാത്രി തന്നെയും കാത്തെന്ന പോലെ വിച്ചേട്ടൻ മുറിക്കുള്ളിലുണ്ടായിരുന്നു…നിറഞ്ഞ പുഞ്ചിരിയോടെ തനിക്ക് നേരെ നീട്ടിയ പേപ്പർ അതേ പുഞ്ചിരിയോടെ തുറന്ന് നോക്കിയതും ഒരുനിമിഷം ഹൃദയം നിശ്ചലമായത് പോലെ…വിശ്വസിക്കാനാവാതെ വിച്ചേട്ടനിലേക്ക് കണ്ണുകൾ പാഞ്ഞിരുന്നു…

“ആറ് മാസങ്ങൾ പിന്നിട്ടിരിക്കുന്നു വസൂ…ഇനിയും തന്നെ ബുദ്ധിമുട്ടിപ്പിക്കുന്നില്ല…എന്നിൽ നിന്നൊരു മോചനമാഗ്രഹിച്ച തനിക്കുള്ള ഗിഫ്റ്റ്…ഇവിടെ ഉള്ളവരെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം…പൊരുത്തപ്പെടാൻ പറ്റാത്ത ബന്ധത്തിൽ കടിച്ചു തൂങ്ങി തന്നെ വീർപ്പുമുട്ടിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല…മോളെ കാണാൻ മാത്രം അനുവദിച്ചാ മതി…ഞാൻ ഒപ്പിട്ടുണ്ട്,,,താനും കൂടെ ഒപ്പിട്ടാ കാര്യങ്ങൾ വേഗത്തിൽ നടക്കും…അതികം വൈകാതെ തനിക്ക് എന്നിൽ നിന്ന് മോചനം ലഭിക്കും….”

വിറകൈകളോട് പേന കയ്യിലായി വാങ്ങുമ്പോൾ നെഞ്ചകം ആർത്ത് കരയുന്നതറിഞ്ഞു…പുറത്തേക്ക് പെയ്യാൻ കാത്ത് നിൽക്കുന്ന മിഴികളെ അടക്കിനിർത്തി മറ്റൊന്നും ചോദിക്കാതെ വിച്ചേട്ടൻ ചൂണ്ടിയിടത്ത് ഒപ്പിട്ട് പുറത്തേക്കിറങ്ങി…പുറത്തെ ഇരുട്ടിൽ നിന്ന് വാ പൊത്തി കരഞ്ഞു…വിഡ്ഢിയാണ് താൻ..??

കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിഞ്ഞില്ല…സ്വാർത്ഥതയായിരുന്നോ തനിക്ക്…??

തുറന്നു പറഞ്ഞൂടായിരുന്നോ ഉള്ളിലെ പ്രണയം…എന്നിലേക്ക് ചൂണ്ടുന്ന ചോദ്യങ്ങളെ തലകുമ്പിട്ടല്ലാതെ നേരിടാൻ കഴിഞ്ഞില്ല…നിറഞ്ഞു വരുന്ന കണ്ണുകളെ ഒരുവിധം അടക്കി നിർത്തി ഹാളിലേക്ക് കടന്നതും ഒന്നും സംവാവിച്ചിട്ടില്ലാത്ത മട്ടിൽ അമ്മുട്ടിയെ കളിപ്പിക്കുന്ന വിച്ചേട്ടനെ കണ്ടതും ചുണ്ടുകൾ വിതുമ്പി തുടങ്ങിയിരുന്നു..

കിടക്കയിലേക്ക് വീണ് പൊട്ടിക്കരഞ്ഞു…ഒരുപാട് നിമിഷങ്ങൾ,,,സ്വയം ആശ്വസിപ്പിക്കാൻ കഴിയുന്നില്ല…തനിക്കും വിച്ചേട്ടനിലുമിടയിലുള്ള ബന്ധങ്ങളെല്ലാം വെറുമൊരു രണ്ടൊപ്പിൽ അവസാനിച്ചിരിക്കുന്നു…എന്തിനാണ് തനിക്ക് മാത്രം ഇത്രയും വേദന തരുന്നത്…??

സഹിക്കാനാകുന്നില്ല ഒന്നും…ഇല്ല,,,ഇനിയും വയ്യാ…വിച്ചേട്ടനെ വിട്ട് പോകണം…വിച്ചേട്ടനും മടുത്തു കാണും…തിരിച്ചു കിട്ടുമോയെന്നുറപ്പില്ലാതെ സ്നേഹിക്കുന്നതെന്തിനാണ്…??

മനസ് പോലും വിച്ചേട്ടനെ ന്യായീകരിക്കാൻ ആരംഭിച്ചിരുന്നു…തോറ്റുപോയ പടയാളിയെ പോലെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും അറിഞ്ഞിരുന്നില്ല തന്നെ വേദനയോടെ നോക്കുന്ന ആ കണ്ണുകളെയും കീറിയെറിഞ്ഞ ഡൈവോഴ്സ് പേപ്പറുകളെക്കുറിച്ചും…

രാവിലെ തന്നെ മോളെയും കൂട്ടി ഇറങ്ങി…രണ്ടുമൂന്ന് ദിവസം താമസിക്കാനാണെന്നാണ് അമ്മയോട് പറഞ്ഞത്…അമ്മുട്ടി അവള്ടെ അച്ഛനെ വിട്ട് വരാൻ സമ്മതിച്ചിരുന്നില്ലെങ്കിലും ഒരുവിധേനെ അവളെ കൊണ്ടുപോയി…വിച്ചേട്ടന്റെ മുഖത്തേക്ക് പോലും നോക്കിയില്ല…

വീട്ടിലേക്ക് കേറി ചെല്ലുമ്പോഴെ അച്ഛൻ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങിയിരുന്നു…ഒന്നും പറഞ്ഞില്ല,,,മൗനമായിരുന്നു,,,അതിനേക്കാൾ ശൂന്യതയായിരുന്നു…കളിചിരികളോടെ മുത്തശ്ശനൊപ്പം നടക്കുന്ന അമ്മുട്ടി വേദന കൂട്ടിയതേയുള്ളു…ആദ്യമായി പ്രണയത്തോടെ വിച്ചേട്ടൻ കെട്ടിയ താലി കയ്യിലെടുത്തു…

പെയ്തിറങ്ങിയ കണ്ണുനീർ തുടച് മാറ്റി അമർത്തി ചുംബിച്ചു…ഉത്സവത്തിന് തനിക്കായ് മേടിച്ച കരിവളകൾ പൊട്ടിച്ചെറിഞ്ഞു…ഇതണിയാൻ മാത്രം യോഗ്യതയുള്ളവളല്ല താൻ…ഒഴിഞ്ഞു കിടന്നിരുന്ന സീമന്ത രേഖ ചുവപ്പിച്ചു…കഴിഞ്ഞു പോയ നിമിഷങ്ങൾ തിരിച്ചു കിട്ടിയിരുന്നെങ്കിൽ…സ്വയം ഒരു കോമാളി ആവുകയായിരുന്നോ…??

അറിയില്ല…തനിക്ക് കൂട്ടിനിന്ന് ശൂന്യത മാത്രമാണ്…ശൂന്യത മാത്രം…

മേശയിലിരുന്ന പേപ്പർ കണ്ടതും വിച്ചു സംശയത്തോടെ അതെടുത്തു നോക്കി…ഒരുനിമിഷം ഹൃദയം പിടഞ്ഞുപോയി ആ വരികളിലൂടെ…

*എന്റെ വിച്ചേട്ടന്… അങ്ങനെ വിളിക്കാമോ…??

പ്രണയം, സ്നേഹം ഇവയൊക്കെ രംഗബോധമില്ലാതെ കടന്ന് വരുന്നവയാണ്…എന്നിലേക്കെത്തിയപ്പോഴേക്കും വൈകിയിരുന്നു,,,ശൂന്യമായ മനസ്സ് എന്റെ പ്രണയത്തെ നഷ്ടപ്പെടുത്തി…ഒന്ന് മാത്രം,,,നിനക്കായ് കരുതിവെച്ച സമ്മാനപ്പൊതി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്റെ നെഞ്ചിൽ,,,എന്തുചെയ്യണമെന്നറിയാതെ…!!*

അത്രമാത്രം,,,ഒരുവേള തന്റെ ഹൃദയമിടിപ്പുയരുന്നതും നെഞ്ചകം വിങ്ങുന്നതുമാവനറിഞ്ഞു…കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു…വര്ഷങ്ങളായി താൻ കേൾക്കാൻ കൊതിച്ച വാക്കുകൾ…പുറത്തേക്ക് ഓടിയിറങ്ങുമ്പോഴേക്കും അവളെ ഒരുനോക്ക് കാണാൻ മനസ് വെമ്പിയിരുന്നു…

കാറ് കൊണ്ട് പാഞ്ഞു ചെല്ലുമ്പോഴേക്കും കണ്ടിരുന്നു മുറ്റത്തു കളിക്കുന്ന അമ്മുട്ടിയെ…ഓടിച്ചെന്നവളെ കോരിയെടുത്തൊന്നു കറക്കി…കുറുമ്പോടെ ഉച്ചത്തിൽ ചിരിക്കുന്നുണ്ടായിരുന്നവൾ…കവിളിലൊരു സ്നേഹചുംബനം നൽകി അകത്തേക്ക് കടക്കുമ്പോൾ അമ്മുട്ടിയ്ക്കായ് പാല് കൊണ്ടുവരുന്ന മുത്തശ്ശനെ കണ്ടിരുന്നു…

ആഹാ…നിരഞ്ജനോ…??

എന്താടോ പെട്ടന്ന്,,,അവിടുന്ന് വന്നപ്പോ മുതൽ ഇവിടെയൊരുത്തി വാതിലടച്ചു കുറ്റിയിട്ട് മോന്തേം വീർപ്പിച്ചിരിക്കാ…ചോദിച്ചിട്ടാണെൽ ഒന്നും പറയുന്നുമില്ല…

അയാൾ പറഞ്ഞതും വിച്ചു അമ്മുട്ടിയെ മുത്തശ്ശനെ ഏൽപ്പിച്ചു അകത്തേക്ക് കടന്നു…വസുവിന്റെ മുറി തള്ളിത്തുറന്നതും താലിയിൽ പിടിച്ച് മറ്റെന്തോ ആലോചിച്ചിരിക്കുന്ന അവളെയാണ് കണ്ടത്…പിന്നിലൊരു അനക്കം കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞു…കൈകെട്ടി നിന്ന് തന്നെ സാകൂതം വീക്ഷിക്കുന്ന വിച്ചുവിനെ കണ്ടതും ഒരുനിമിഷം സ്വബോധം നഷ്ടപ്പെട്ടവളെപ്പോലെ അവളൊന്ന് തരിച്ചു നിന്നു…

അതേ നിമിഷം പാഞ്ഞു ചെന്നവനെ വാരിപ്പുണർന്നു…

അവന്റെ കൈകളും അവളിൽ മുറുകിയിരുന്നു…രണ്ടുപേരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു…ഒരുപാട് നിമിഷങ്ങൾ പരസ്പരം ഇറുക്കെ പുണർന്നു… “എന്തെ പറയാഞ്ഞേ…?? ” താടിയിൽ പിടിച്ചവളുടെ മുഖമുയർത്തിയതും തേങ്ങാലോടെയവൾ അവന്റെ നെഞ്ചിലേക്ക് ചാരി…

“മനസാകെ മരവിച്ചു പോയിരുന്നു വിച്ചേട്ടാ…എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ട് പോയി…എല്ലാം പറയാനിരുന്നതാ…അപ്പോഴാ ഡൈവോഴ്സ് പേപ്പർ നീട്ടിയെ…ഒരുനിമിഷം എന്റെ കണ്ണുകളിലെ ഭാവം എന്തെ മനസിലാക്കാത്തിരുന്നേ…?? ”

“ഞാൻ അന്നും ഇന്നും നിന്നെയെ മനസിലാക്കിയിട്ടുള്ളു വസൂ…ഞാൻ കീറിയെറിഞ്ഞ ഡൈവോഴ്സ് പേപ്പറിനെക്കുറിച് ഇപ്പോഴും നീയറിഞ്ഞിട്ടില്ല…ഒരിറ്റ് സ്നേഹമെങ്കിലും എന്നോടുണ്ടോയെന്ന് അറിയണമായിരുന്നു…അതിനാ നിനക്ക് മുൻപിൽ അത് നീട്ടിയത്…അതിൽ നീ ഒപ്പിട്ടപ്പോ ചങ്ക് പറിഞ്ഞ വേദനയായിരുന്നു പെണ്ണേ…എല്ലാം മറന്നൊരു ജീവിതം ഒരുപെണ്ണിനും സാധിക്കില്ല…എനിക്ക് വേണം ആ പഴയ വസുവിനെ,,,എന്റെ പ്രണയത്തിനെ…ഒരിക്കലും മറക്കാത്തൊരു എടായി അനന്തൻ നിന്റെ ഉള്ളിലുണ്ടാവും…അതോടൊപ്പം എന്റെ പ്രണയവും…”

അതോരൊന്നും പുതിയ അറിവായിരുന്നവൾക്ക്…മനസ് കൊണ്ടായിരം ക്ഷമ പറഞ്ഞു കഴിഞ്ഞു…എന്തെ ഈ സ്നേഹം അറിയാൻ വൈകിയതെന്ന് ഓരോനിമിഷവും മനസ് ചോദിച്ചു കൊണ്ടേയിരുന്നു…തന്റെ പ്രണയത്തിന്റെ പരിശുദ്ധിയോടെ അവളുടെ മൂർദ്ധാവിൽ അവൻ സ്നേഹത്തോടെ ചുംബിച്ചു…ആദ്യചുംബനം…പതിനഞ്ചു വർഷത്തെ പ്രണയത്തിന്റെ നിസ്വാർത്ഥമായ അടയാളം…

“മുറ്റച്ഛാ…അച്ഛ അമ്മച് ഉമ്മ കൊറ്റുത്തേ…അമ്മുറ്റി കന്റേ…അമ്മുറ്റി കന്റച്ചേ…” വാ പൊത്തിപ്പിടിച് കണ്ണടച്ച് കുലുങ്ങി ചിരിച്ച് കൊണ്ട് പറയുന്ന അമ്മുട്ടിയുടെ ശബ്ദം കേട്ടതും ഇരുവരും അടർന്നു മാറിയിരുന്നു…വസുവിന്റെ മുഖം നാണത്താൽ ചുവക്കുന്നത് വിച്ചു പുഞ്ചിരിയോടെ കണ്ട്നിന്നിരുന്നു…അമ്മുട്ടിയെ പൊക്കിയെടുത്ത് വസുവിന്റെ കൈപിടിച്ച് അവിടുന്ന് ഇറങ്ങുമ്പോൾ മുത്തശ്ശന്റെ ചുണ്ടിലും മായാത്തൊരു പുഞ്ചിരിയുണ്ടായിരുന്നു…

വിച്ചേട്ടന്റെ വീട്ടിലേക്ക് ആ കൈകൾ കോർത്തു പിടിച്ചു കയറുമ്പോ എന്നുമില്ലാത്തൊരു പുതുമയും പ്രത്യാശയും തോന്നിയിരുന്നു…തങ്ങളെ കാത്തെന്ന പോലെ നിൽക്കുന്ന നീരുവിലും ആദർശിലും അമ്മയിലും കണ്ണുകൾ പാഞ്ഞതും ഉള്ളിലെ സന്തോഷങ്ങൾക്ക് മാറ്റേരുന്നതറിഞ്ഞിരുന്നു…വിച്ചേട്ടന്റെ പ്രണയർദ്രമായ നോട്ടങ്ങൾക്ക് മുന്നിൽ നിറപുഞ്ചിരിയോടെ നിൽക്കുന്ന വസുവിനെ കണ്ടതും ഒരുനിമിഷം നീരുവിന്റെ കണ്ണുകൾ ഈറനായായിരുന്നു…

രാത്രിയുടെ യാമത്തിലെപ്പോഴോ പരസ്പരം അലിഞ്ഞു ചേർന്ന നിമിഷത്തിൽ കാത്തുവെച്ചിരുന്ന പ്രണയം അവൾക്കായ് പകർന്നു നൽകുമ്പോൾ അടുത്ത മുറിയിലായി ദേവിയമ്മയുടെ നെഞ്ചിൽ ചാരിയുറങ്ങുകയായിരുന്നു അമ്മുട്ടി…

പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ *ആണൊരുത്തന്റെ* പ്രണയം ഇതൾ വിടർത്തിയതും നെറുകയിൽ നിന്നൊലിച്ചിറങ്ങിയ സിന്ദൂരം അവളെ പൂർണയാക്കിയിരുന്നു…പുഞ്ചിരിയോടെ അങ്ങകലെ തിളങ്ങുന്ന നക്ഷത്രത്തിനൊപ്പം ഹാളിലിരുന്ന അനന്തന്റെ ഫോട്ടോയ്ക്ക് പ്രത്യേക ചൈതന്യം തെളിഞ്ഞിരുന്നു…!!!

ശുഭം…♥️

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ…

രചന: ഗൗരിനന്ദ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top