നമ്മളെ സ്നേഹിക്കുന്നവരുടെ പരിഭവങ്ങൾക്കും പിണക്കങ്ങൾക്കും ഒക്കെ ഇരട്ടിമധുരമാണെന്ന്…

രചന : മൃദുല മുരളി

“എന്റെ പൊന്നളിയാ…പെട്ടെന്നൊന്നും കല്യാണം കഴിക്കല്ലേട്ടോ.. ഞാനോ പെട്ടു. നീയെങ്കിലും കുറച്ച് കാലം സമാധാനമായി നടക്കൂ..” വീട്ടുകാരുടെ ഒപ്പം പെണ്ണുകാണാൻ പോകുമ്പോൾ, കൂട്ടുകാരന്റെ വാക്കുകൾ എന്റെ കാതിൽ തങ്ങി നിന്നിരുന്നു.

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒട്ടും ഇഷ്ടമല്ലെങ്കിൽ കൂടി പെണ്ണുകാണാൻ പോയത്.

മോഹിച്ച പെണ്ണിനെ കെട്ടാൻ വിധി ഇല്ലായിരുന്നു.

വിധിച്ച പെണ്ണിനെ സ്നേഹിക്കാൻ മനസ്സും തയ്യാറായില്ല. കല്യാണം കഴിക്കുന്നതും തലയിൽ ഹെൽമെറ്റ്‌ വെക്കുന്നതും ഒരുപോലെയാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മുടി എത്ര ചീകിവെച്ചാലും ഹെൽമെറ്റ്‌ വെച്ചാൽ എല്ലാം പോയില്ലേ…കല്യാണം കഴിഞ്ഞ പലരുടെയും അനുഭവങ്ങൾ കൂടി കേട്ടപ്പോൾ കല്യാണമേ വേണ്ടാന്ന് തോന്നിയതാണ്. പക്ഷേ വീട്ടുകാരോട് എത്ര പറഞ്ഞിട്ടും മനസിലാകുന്നില്ല.

കല്യാണം കഴിച്ചില്ലെങ്കിൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ… എങ്കിലും പെണ്ണ് കാണാൻ പോകുമ്പോഴും ഞാൻ തീരുമാനിച്ചിരുന്നു.. ഭാര്യ പറയുന്നത് കേട്ട്,ഭാര്യയുടെ നിയന്ത്രണവലയത്തിൽ കഴിയുന്ന ഒരു ഭർത്താവ് ആയിരിക്കില്ല ഞാൻ.

പെണ്ണുകാണാൻ ചെന്നപ്പോൾ എന്റെയും വീട്ടുകാരുടെയും മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന മീനുവിനെ കണ്ടപ്പോൾ പുച്ഛം ആണ് മനസ്സിൽ തോന്നിയത്. കണ്ടമാത്രയിൽ തന്നെ വീട്ടുകാരുടെ മനസ്സ് കീഴടക്കിയ അവളോട്‌ ദേഷ്യവും തോന്നി. തമ്മിൽ സംസാരിക്കുന്ന വേളയിൽ അവളെ ജോലിക്ക് വിടണം എന്ന് മാത്രമേ അവൾക്ക് പറയാൻ ഉണ്ടായുള്ളൂ.

‘അതിനൊന്നും ഒരു കുഴപ്പവുമില്ല ‘എന്ന് പറയുമ്പോഴും,” എവിടെങ്കിലും പൊക്കോട്ടെ ശല്യം..”

എന്ന് മനസ്സിൽ കരുതി.

പെണ്ണിനെ ഇഷ്ടായോ എന്ന വീട്ടുകാരുടെ ചോദ്യത്തിന് മനസ്സില്ല മനസ്സോടെ അതെ എന്നും പറഞ്ഞു.

ഇനിയും പെണ്ണുകാണാൻ പോകാനുള്ള മടി കൊണ്ടും..മീനു അത്യാവശ്യം നല്ല കുട്ടി ആയത് കൊണ്ടും അങ്ങനെ തന്നെ പറയാനേ തോന്നിയുള്ളൂ.

അങ്ങനെ മീനു എന്റെ ഭാര്യയായി. മനസ്സ് കൊണ്ട് ആ കല്യാണം, അംഗീകരിക്കാൻ പറ്റാത്തതു കൊണ്ടാകാം മീനു ആയിട്ട് എപ്പോഴും ഒരു അകലം പാലിച്ചു. പക്ഷേ എന്റെ അനിയത്തിക്ക് ഒരു നല്ല കൂട്ടുകാരി ആവാനും അച്ചനും അമ്മയ്ക്കും ഒരു നല്ല മരുമകൾ ആകാനും അവൾക്കു കഴിഞ്ഞു.

പലപ്പോഴും ഞാൻ വീട്ടിൽ എത്താൻ വൈകിയാൽ ഉള്ള അവളുടെ ഫോൺ വിളികൾ എന്നെ ദേഷ്യം പിടിപ്പിച്ചു. കല്യാണം കഴിഞ്ഞെന്നു കരുതി കൂട്ടുകാരുടെ ഒപ്പം ഉള്ള എന്റെ സഞ്ചാരങ്ങൾ ഉപേക്ഷിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.

അത്കൊണ്ട് തന്നെ ഒരിക്കൽ ഞാൻ അവളോട്‌ നന്നായി ചൂടായി. അത് നന്നായി ഏറ്റു.പിന്നീട് കുറച്ച് സമാധാനം ഉണ്ടായിരുന്നു. വിളിച്ചു ശല്യം ചെയ്യാറില്ല..അതോണ്ട് കല്യാണം കഴിഞ്ഞിട്ടും ഞാൻ എന്റെ സ്വാതന്ത്ര്യം ആഘോഷിച്ചു. അവളോട്‌ എനിക്ക് പലപ്പോഴും പുച്ഛമേ തോന്നാറുള്ളു.അവളുടെ മുന്നിൽ എപ്പോഴും ഒരു ഗൗരവം കാണിച്ചിരുന്നു. ദിവസങ്ങൾ അങ്ങനെ കടന്നു പോയി..

എന്റെ അനിയത്തി അമ്മുവിന് കല്യാണ ആലോചനകൾ വന്നുതുടങ്ങി. കല്യാണമേ ഭയന്ന് മുഖം വാടി ഇരിക്കുന്ന അമ്മുവിനെ സമാധാനിപ്പിക്കുന്ന മീനുവിന്റെ വാക്കുകൾ എന്റെ ഹൃദയത്തിലും സ്പർശിച്ചു.

“അമ്മൂ..നീ സമാധാനം ആയിരിക്കു കുട്ടീ..ആദ്യമായിട്ടല്ലല്ലോ ഒരാൾ കല്യാണം കഴിക്കാൻ പോകുന്നത്.

പിന്നെ നിന്നെ പോലെ തന്നെ അവർക്കും ഉണ്ടാകില്ലേ ആധികൾ.. ?

നീ നിന്റെ ഭാവി അമ്മായിഅമ്മയുടെ ഭാഗത്ത്‌ നിന്നും ഒന്ന് ആലോചിച്ചു നോക്കു.. നീ എങ്ങനെയുള്ള കുട്ടി ആണ്, ഏതു സ്വഭാവക്കാരി ആണ് എന്നൊന്നും അവർക്കും അറിയില്ലല്ലോ.. വില്ലത്തിമാരായ മരുമക്കളെ പറ്റി നമ്മളും കേൾക്കുന്നതല്ലേ…ആ അമ്മയ്ക്കും ഉണ്ടാകും ഒരുപാട് ഭയം. ഒരുപാട് സങ്കൽപങ്ങൾ.നീ അവർക്ക് ഒരു മരുമകൾ ആകാൻ ശ്രമിക്കരുത്.. പകരം ഒരു മകൾ ആയി മാറണം..

എല്ലാവരെയും സ്വന്തം എന്ന് കരുതി സ്നേഹിക്കണം.. അവർ തിരിച്ചും സ്നേഹിക്കും.

പിന്നെ നിന്നെ കെട്ടാൻ പോകുന്ന ആൾക്കും, ഒരുപാട് ആശങ്കകൾ ഉണ്ടാകും. നീ തന്നെ ഒന്ന് ആലോചിച്ചു നോക്കു.. ചെറുപ്പം മുതലേ എല്ലാ സ്വാതന്ത്രങ്ങളും കൊടുത്തുകൊണ്ടാണ് സമൂഹം തന്നെ ആൺകുട്ടികളെ വളർത്തുന്നത്.കല്യാണം കഴിഞ്ഞാൽ ആ സ്വാതന്ത്ര്യം എല്ലാം പെട്ടെന്ന് ഇല്ലാതെ ആയി ഉത്തരവാദിത്തം ഒക്കെ ആവുമല്ലോ എന്നോർക്കുമ്പോൾ അവർക്കും ഉണ്ടാകും ഒരുപാട് ആധികൾ..

ചെന്നു കയറുന്നത് മുതൽ ഉള്ള നിന്റെ പരിഭവങ്ങളും പരാതികളും ഒക്കെ അവർക്ക് വെറും ശല്യങ്ങൾ ആയി മാത്രേ തോന്നൂ.

എല്ലാം അറിഞ്ഞും കണ്ടും മനസിലാക്കണം..

എല്ലാരേയും സ്നേഹിക്കണം..സ്നേഹം കൊണ്ട് കീഴടക്കാൻ പറ്റാത്തത് ആയി ഒന്നും തന്നെ ഇല്ല മോളെ…

അവളുടെ വാക്കുകൾ മറഞ്ഞിരുന്നു കേൾക്കുമ്പോൾ..എന്റെ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു.

ഒരിക്കൽ പോലും അവളുടെ വീട്ടുകാരെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല. ജീവിതം അവളുടെ കണ്ണിലൂടെ നോക്കികാണാൻ ശ്രമിച്ചിട്ടില്ല. എന്നിട്ടും അവൾ എന്റെ വീട്ടുകാരെ പൊന്നുപോലെ നോക്കുന്നത് കാണുമ്പോൾ..ആദ്യമായി അവളോട്‌ ഒരിഷ്ടം.. മുഖം വാടി ഇരിക്കുന്ന എന്റെ പെങ്ങളെ കാണുമ്പോൾ പലപ്പോഴും എന്റെ നെഞ്ചും പിടഞ്ഞിരുന്നു.

അവളെ ഒരു വീട്ടിലേക്കു പറഞ്ഞയക്കേണ്ടി വരുമല്ലോ എന്നോർത്ത് പിടയുന്ന, രണ്ടു ഹൃദയങ്ങൾ കണ്ടപ്പോൾ മാത്രം ഞാൻ അവളുടെ വീട്ടുകാരെ കുറിച്ച് ഓർത്തു.

അമ്മുവിന്റെ സ്ഥാനത്തു മീനുവിനെ സങ്കല്പൽപ്പിക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു..ഒരു പെണ്ണിന്റെ വിഷമങ്ങൾ.. പിറ്റേന്ന് പെണ്ണുകാണാൻ വന്നവരുടെ മുന്നിൽ പുഞ്ചിരി തൂകി നിൽക്കുന്ന അമ്മുവിനെ കണ്ടപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു.

ഇവൾ തന്നെയല്ലേ.. ഇത്രയും ദിവസം വിഷമിച്ചിരുന്നത്. ? ഇതേ പുഞ്ചിരി തന്നെയല്ലേ അന്ന് മീനുവിലും ഞാൻ കണ്ടത് ?.. ഇതേ പുഞ്ചിരിയെ തന്നെയല്ലേ ഞാൻ അന്ന് പുച്ഛിച്ചു തള്ളിയത്.. ?

മനസ്സിൽ തെല്ലു കുറ്റബോധം നിഴലിച്ചു.

പൊട്ടിത്തെറിക്കേണ്ട ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ .എല്ലായിപ്പോഴും അവൾ മൗനം പാലിച്ചു.. തെറ്റ് എന്റെ ഭാഗത്ത്‌ ആയിരുന്നിട്ട് കൂടി അവൾ ക്ഷമ പറയുമായിരുന്നു..

എന്നിട്ടും അവളോടുള്ള എന്റെ നിലപാട് മാറിയില്ല..

ദേഷ്യപ്പെടാമായിരുന്നിട്ടും അവൾ എന്ത്കൊണ്ട് മൗനം പാലിച്ചു എന്നതിനുള്ള ഉത്തരം അവളിൽ നിന്ന് തന്നെ എനിക്ക് കിട്ടിയിരുന്നു. ..രണ്ടു കയ്യും കൂട്ടി അടിച്ചാൽ മാത്രമല്ലേ ശബ്ദം ഉണ്ടാകൂ… വൈകി ആണെങ്കിലും മീനുവിനെ ഞാൻ മനസിലാക്കിതുടങ്ങിയിരുന്നു. നന്മയുള്ള അവളുടെ മനസ്സ് പലപ്പോഴും ഞാൻ കാണാതെ പോയി. പിറ്റേന്ന് പതിവിലും നേരത്തെ ഞാൻ വീട്ടിലെത്തി.

അവൾക്കായി വാങ്ങിയ ഒരു സാരി അവളുടെ കയ്യിൽ കൊടുക്കുമ്പോൾ എന്തോ മഹാത്ഭുതം നടന്നപോലെ അവൾ എന്നെ നോക്കി. ആ കണ്ണുകളിൽ ഞാൻ കണ്ടു.. സന്തോഷത്തിന്റെ, സ്നേഹത്തിന്റെ തിളക്കം..

ആ തിളക്കം പലരിലും പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.. “ഏട്ടാ.. എന്നെ കൂടി കൊണ്ട് പോകോ സിനിമക്ക്” എന്ന് എന്റെ അമ്മു ചോദിക്കുമ്പോൾ, കൊണ്ട്പോവാം എന്ന എന്റെ മറുപടിയിൽ അവളുടെ കണ്ണുകളിലും ഉണ്ടായിരുന്നു ഇതേ തിളക്കം..

ആദ്യമായി അമ്മക്ക് സാരി വാങ്ങി കൊടുത്തപ്പോൾ..

എന്റെ ശമ്പളം അമ്മയെ ഏല്പിച്ചപ്പോൾ.. ഒരുപാട് നിർബന്ധിച്ചപ്പോൾ ഗുരുവായൂരപ്പനെ കാണാൻ നിരീശ്വരവാദിയായ അച്ഛൻ കൂടി വരാമെന്നു പറഞ്ഞപ്പോൾ.. എല്ലാം എന്റെ അമ്മയുടെ കണ്ണിലും ഉണ്ടായിരുന്നു ഇതേ തിളക്കം..

രണ്ടു ദിവസം സ്വന്തം വീട്ടിൽ പോയി നിൽക്കാൻ എന്റെ ഏട്ടന്റെ കയ്യിൽ നിന്നും അനുവാദം കിട്ടിയപ്പോൾ എന്റെ ഏട്ടത്തിയുടെ കണ്ണിലും കണ്ടിരുന്നു ഇതേ തിളക്കം.. ചിലപ്പോഴൊക്കെ നമ്മളുടെ ചെറിയ ചില പ്രവൃത്തികൾ മറ്റുള്ളവരുടെ കണ്ണിൽ ഉണ്ടാക്കുന്ന തിളക്കം..അതുതന്നെയാണ് ജീവിതത്തിലെ ഏറ്റവും ധന്യമേറിയ നിമിഷങ്ങൾ.അതാണ് ഒരാൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം..

രാത്രി റൂമിൽ എത്തിയ മീനുവിനോട് “നീ രണ്ടു ദിവസം ലീവ് എടുക്കു.. നമുക്ക് എവിടെങ്കിലും ഒരു യാത്ര പോകാം…” എന്ന് പറഞ്ഞപ്പോൾ അന്തം വിട്ട് എന്നെ നോക്കിയ ആ മിഴികൾ നിറഞ്ഞിരുന്നു.

മനസ്സ് കൊണ്ട് അവളെ ഒരുപാട് പുച്ഛിച്ചതിനും, വാക്കുകൾ കൊണ്ട് വേദനിപ്പിച്ചതിനും, ജീവിതത്തിൽ ആദ്യമായി ഞാൻ അവളോട്‌ ക്ഷമ പറഞ്ഞപ്പോൾ..ആ കൈകൾ കൊണ്ട് എന്റെ ചുണ്ട് പൊത്തി, ‘അരുത് ‘എന്ന് പറഞ്ഞ അവളെ ചേർത്ത് പിടിച്ചു ഞാനും കരഞ്ഞുപോയി.. അവളോടൊപ്പം യാത്ര പോകുമ്പോൾ ലോകം കീഴടക്കിയ സന്തോഷം ഉണ്ടായിരുന്നു എനിക്ക്..

ഇന്നും ഞങ്ങൾക്കിടയിലെ ചില സൗന്ദര്യപിണക്കങ്ങളിൽ,അവളുടെ മൗനമാണ് എന്നെ വേദനിപ്പിക്കാറുള്ളൂ.

വൈകിയെങ്കിലും ഞാൻ തിരിച്ചറിയുകയായിരുന്നു..

“നമ്മളെ സ്നേഹിക്കുന്നവരുടെ പരിഭവങ്ങൾക്കും പിണക്കങ്ങൾക്കും ഒക്കെ ഇരട്ടിമധുരമാണെന്ന്…”

അവരുടെ മൗനങ്ങൾക്ക് നമ്മുടെ ഹൃദയത്തെ മുറിവേൽപ്പിക്കും വാളിനോളം മൂർ ച്ചയുണ്ടാകുമെന്നും….

ലൈക്ക് & കമന്റ് ചെയ്യണേ…

രചന : മൃദുല മുരളി


Comments

Leave a Reply

Your email address will not be published. Required fields are marked *