തനി തങ്കം.. ഈ ചെറുകഥ ആരും വായിക്കാതെ പോകരുത്…..

രചന : എ കെ സി അലി

ജീവിതത്തിലിനി പെണ്ണും പിടക്കോഴിയൊന്നും വേണ്ട..

മനസ്സിലുറപ്പിച്ച മന്ത്രങ്ങൾ ഒരായിരം വട്ടം ഉരുവിട്ടു കൊണ്ടിരുന്നു.. വീട്ടിലേക്ക് നടക്കുമ്പോൾ നടന്നെത്താത്തത് പോലെ തോന്നിയെനിക്ക്.. പണയം വെച്ച എന്റെ ഹൃദയവുമായി അവൾ മൂട്ടിലെ പൊടിയും തട്ടി പോയ വിഷമം തീർക്കാൻ രണ്ടെണ്ണം അടിച്ചില്ല വിങ്ങൽ തീർക്കാൻ ഏകാന്തതയിലേക്ക് നോക്കി ഏകനായി ഇരുന്നില്ല നേരെ തറവാട്ടു കുളം ലക്ഷ്യമാക്കി നടന്നു..

പതിവു തെറ്റിച്ച് കുളത്തിലേക്കുള്ള എടുത്ത് ചാട്ടം കണ്ട് അമ്മ ഒന്നമ്പരക്കാതിരുന്നില്ല.. അതു കൊണ്ടാണ് കുളിച്ചു കയറി വരുമ്പോൾ അമ്മ ചോദിച്ചത് നീ രാവിലെ കുളിച്ച് കുറിയും തൊട്ടിറങ്ങിയതല്ലേ എന്ന്.. കേട്ടതായി ഞാൻ ഭാവിച്ചില്ല അകത്തേക്ക് നടന്നു..

കാലം പട പടാന്നു കടന്നു പോകുമ്പോൾ പെങ്ങളുടെ കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടായി.. അവളെ കല്യാണം കഴിപ്പിച്ചു അയച്ചത് മുതലാണ് മുടി നരച്ച നടപ്പ് കണ്ട് അമ്മ പല വട്ടം പെണ്ണു കെട്ടണ കാര്യം വന്നു പറഞ്ഞത്.. ഭൂമി കുലുങ്ങിയാലും ഞാൻ കുലുങ്ങില്ല എന്ന മട്ടിൽ ഞാനും നിന്നു.. ഇന്ന് കെട്ടാതെ നടക്കുന്നതിന്റെ രഹസ്യം അനിയനാണ് അമ്മക്ക് ഒറ്റിക്കൊടുത്തത്.. ഏട്ടനായ ഞാൻ കെട്ടാതിരിക്കുന്നത് അവനൊരു തടസ്സമായിരുന്നു..

ഞാനിങ്ങനെ ഇരുന്നാൽ അവന്റെ കാര്യം വൈകുമെന്നറിഞ്ഞു തന്നെയാണ് അവനെല്ലാം വീട്ടിൽ വിളമ്പിയത്.. ഇതറിഞ്ഞതു മുതൽ അമ്മ ഞാൻ പിറകെ നടന്നവൾക്ക് കൊച്ച് രണ്ടായ കാര്യം പറഞ്ഞും തല നരച്ച കാര്യം പറഞ്ഞ് വഴക്കിടാനും തുടങ്ങി.. എങ്കിലും എന്റെ കല്യാണം കഴിഞ്ഞാലേ അവന്റെ കാര്യം ആലോചിക്കുകയുള്ളെന്ന് അമ്മ പല വട്ടം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്..

അവൻ ഇനിയും കാത്തിരിക്കണമെന്നോർത്തപ്പോൾ അവനോടെനിക്ക് ദേഷ്യമൊന്നും തോന്നിയില്ല..

കാത്തു നിൽക്കാതെ അവനോട് വേണേൽ കെട്ടിക്കോളാനും ഞാൻ പറഞ്ഞു.. അതു ശരിയാവില്ല എന്നും പറഞ്ഞവനും നടന്നു.. എന്റെ മനസ്സ് മാറാൻ അമ്മ നേർച്ചകൾ നേർന്ന് അച്ഛന്റെ കീശ കാലിയാക്കാനും തുടങ്ങി.. എന്റെ മനസ്സിളകി തുടങ്ങിയത് വീട്ടിലിരിക്കാൻ സ്വസ്ഥത കിട്ടാതായപ്പോഴാണ്.. എന്റെ ചിന്തകൾ മാറാൻ തുടങ്ങിയത് ഒരു തുണ വേണ്ടേ എന്ന വാക്കുകൾ കേട്ടു മടുത്തപ്പോഴാണ്.. ഒരുത്തിയെ ഞാൻ തേടി പിടിച്ചപ്പോളാണ് വീട്ടുകാർ പറഞ്ഞത് കുട്ടി അനാഥയാണെന്ന്.. ഞാൻ ചെന്നു കണ്ടതും ഇഷ്ടപ്പെട്ടതും അനാഥയെന്നറിഞ്ഞു തന്നെയാണ്..

ഇത് മതി എന്ന് ഞാനും പറഞ്ഞപ്പോൾ പിന്നെ എതിരൊന്നും വീട്ടുകാർ പറഞ്ഞില്ല.. വലതു കാലെടുത്തു വെച്ചവൾക്ക് എന്റെ വീടൊരു അത്ഭുതമായിരുന്നു.. എല്ലാവരുമൊത്ത് സന്തോഷത്തോടെ കഴിയുന്നത് കണ്ടവൾ ഒത്തിരി സന്തോഷിച്ചിരിന്നു.. എന്റെ കെട്ടു കഴിഞ്ഞ് മാസം രണ്ട് കഴിഞ്ഞില്ല അനിയന്റെ കല്യാണക്കാര്യം പറഞ്ഞമ്മ അടുത്ത് വന്നെന്നെ നോക്കി.. ഒരു കല്യാണം വീട്ടിൽ നടന്ന ക്ഷീണം അങ്ങോട്ട് മാറിയിട്ടില്ല ഇത്ര പെട്ടെന്നോ എന്ന് ഞാൻ അമ്മയോട് ചോദിച്ചു..

അമ്മ കൈ മലർത്തി പറഞ്ഞു ആ എനിക്കൊന്നുമറിയില്ല ഇപ്പൊ കല്യാണം നടന്നില്ലേൽ അവൻ അവളെ വിളിച്ചോണ്ട് വരുമെന്നൊക്കൊ പറയണത് കേട്ട് ചൂലെടുത്തപ്പോൾ അവൻ മുങ്ങി..

അമ്മ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് മനസിലായി അവനും ഹൃദയം പണയം വെച്ചിട്ടുണ്ട് എന്ന് ഇപ്പൊ നടത്തിയില്ലേൽ അവന്റെ കാര്യത്തിലും ഒരു തീരുമാനമാവും കാര്യം ഏതാണ്ട് മനസ്സിലായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു എങ്കിൽ നാളെ കുട്ടിയെ ഒന്നു കാണാൻ പോയാലോ അമ്മേ എന്ന്.. അമ്മയും സമ്മതിച്ചു അങ്ങനെ കുട്ടിയെ ചെന്നു കണ്ടു അവന്റെ ഇഷ്ടം മാത്രം നോക്കി അങ്ങോട്ട് ഉറപ്പിച്ചു..

അങ്ങനെ വീട്ടിൽ ഒരു സദ്യയും കൂടി വിളമ്പി വീട് ശാന്തമായി.. നാളുകൾ പുട്ടും കടലയും പോലെ കടന്നു പോകുമ്പോൾ അമ്മയുടെ അടുക്കള ഭരണം അവസാനിച്ചിരുന്നു.. ഇത് വരെ അടുക്കള സാധനങ്ങളുടെ വില നോക്കാത്ത ഞാൻ ഭാര്യ രാവിലെ അടുക്കള സാധനങ്ങളുടെ കുറിപ്പ് തരുമ്പോൾ വില നോക്കി തുടങ്ങി കണ്ണുകൾ തള്ളി തുടങ്ങി..

ഒന്നിച്ചു മഴ ആസ്വദിച്ചു വെയിലാസ്വദിച്ചു മകര കുളിരും മഞ്ഞു കാലവും ആസ്വദിച്ചു പലരുടെയും പ്രസവ വിശേഷം കേൾക്കുമ്പോൾ ഞാൻ നമുക്കെന്ന് എന്ന മട്ടിൽ ഭാര്യയുടെ മുഖത്തേക്ക് നോക്കും..

ഉത്തരം മുകളിലിരിക്കുന്ന ആളുടെ കയ്യിലെന്ന മട്ടിൽ അവളും മേലേട്ടു നോക്കും.. പിന്നീട് അവളുടെ മുഖത്തെ പ്രസാദം കുറഞ്ഞു വന്നത് ഞാൻ കണ്ടിരുന്നു.. പലയിടത്തു നിന്നും സഹതാപവും കുത്തുന്ന വാക്കുകളും കേട്ടു തുടങ്ങിയപ്പോഴാണ് അവൾ മംഗള കാര്യങ്ങൾക്കൊന്നും പോകാതെയായത്.. പലവട്ടം അവളുടെ കണ്ണുകൾ കലങ്ങിയത് ഞാൻ കണ്ടിട്ടുണ്ട്.. വീട്ടിലമ്മയവളെ സാന്ത്വനിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..

പെങ്ങളും കുട്ടികളും വീട്ടിലേക്ക് വരുമ്പോൾ അവളുടെ കുട്ടികളോടൊത്ത് ഭാര്യ കളിച്ചു ചിരിച്ച് ഉള്ളിലെ വിഷമം തീർക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഇനി അവനാണോ അവൾക്കാണോ കേടെന്ന് പാൽക്കാരി ജാനുവമ്മ കുത്തിക്കുത്തി അമ്മയോട് ചോദിക്കണത് ഞാൻ കേട്ടിട്ടുണ്ട്.. അമ്മ ഉത്തരമായി നൽകിയത് ജാനു നിനക്ക് ചോദിക്കാൻ വേറൊന്നും കിട്ടിയില്ലേ എന്നാണ്..

അവളെയും കൂട്ടി വല്ലപ്പോഴും പുറത്തേക്ക് പോവുമ്പോൾ അറിയാവുന്ന ചിലർ മാറി നിന്ന് ഇത് വരെ ഇവർക്ക് കുട്ടികളൊന്നുമായില്ലേ എന്ന കുശു കുശുക്കുന്നത് ഞങ്ങൾ കേട്ടിട്ടും കണ്ടിട്ടുമുണ്ട്..

അതു കാണുമ്പോൾ ഞങ്ങളേക്കാൾ ആധിയാണ് ഇത് പറയുന്നവർക്ക് എന്ന് തോന്നും ആരാന്റെ കഥ ഒരു സുഖമാണ് ചിലർക്കെല്ലാം.. അനിയന്റെ രണ്ടാമത്തെ മോന്റെ നൂലു കെട്ടിന്റന്നാണ് അവൾ അടുക്കള ഭാഗത്ത് നിന്ന് ചർദ്ധിക്കുന്ന ശബ്ദം ഞാൻ കേട്ടത്..

ദൈവമെന്റെ പ്രാർത്ഥന കേട്ടു എന്നും പറഞ്ഞ് അമ്മ സന്തോഷത്തോടെ അവളുടെ അടുത്തേക്ക് ഓടണത് ഞാൻ കണ്ടത്.. എന്റെ ജീവൻ അവളുടെ ഉദരത്തിൽ തുടിക്കുമ്പോൾ അമ്മ അവളെ അടുക്കളയിൽ നിന്ന് ഓടിക്കുന്നത് ഞാൻ കണ്ടിരുന്നു.. ഏട്ടത്തി അടങ്ങി ഒരു ഭാഗത്ത് ഇരിന്നാൽ മതി എന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു..

അവളുടെ പ്രസവം അടുത്തു.. ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ സിസേറിയൻ മതി എന്നവളും സുഖ പ്രസവം മതി എന്ന് ഞാനും..

ഡോക്ടർ പറഞ്ഞു എന്തായാലും സിസേറിയന്റെ ആവശ്യം ഇപ്പോളില്ലാ എന്ന്.. ലേബർ റൂമിലേക്കവളെ കൊണ്ട് പോകുമ്പോൾ അവളെന്നെ വിളിച്ചിരിക്കും…. കാലമാടാ എന്ന് അവളെ ഞാൻ കുറ്റം പറയില്ല ഈ ദിവസമൊരു സ്വപ്നം പൂർത്തിയാകുന്നത് കൊണ്ട് ഇന്നവൾക്ക് എന്തു വേണേലും വിളിക്കാം..

ലേബർ റൂമിലേക്കവളെ കൊണ്ട് പോകുമ്പോൾ അവളെന്നെ നോക്കിയൊന്നു ചിരിച്ചു ചിരിക്കിടയിലും അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ എന്നിലൊരു പിടച്ചിൽ പടർന്നു.. ലേബർ റൂമിന്റെ മുമ്പിൽ ഇരിന്നപ്പോൾ ഇരിക്കപ്പൊറുതി കിട്ടിയില്ല ലേബർ റൂമിന്റെ മുന്നിലൂടെ ഞാൻ അങ്ങോട്ട് നടന്നു ഇങ്ങോട്ടും നടന്നു ചിലരത് തന്നെ നോക്കി നിന്നു ഞാൻ മൈന്റ് ചെയ്തില്ല..

കാത്തിരിപ്പിനൊടുവിൽ നഴ്സ് വന്നെന്റെ പേര് വിളിച്ചു ഞാൻ തിരിഞ്ഞു നോക്കി…

തിരിഞ്ഞു നോക്കിയതും എന്റെ കണ്ണുകൾ തള്ളി എന്റെ ഹൃദയം മുമ്പ് പണയം വെച്ച സ്ഥാപനം മുന്നിൽ കണ്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി.. എന്നെ കണ്ടതും അവളൊന്നു പരിഭ്രമിച്ചു.. മൂട്ടിലെ പൊടിയും തട്ടി പോയവളെ ഇന്നാണ് ഒന്നു കാണണത്.. ഞാൻ താടിയും മുടിയും വളർത്തി കാശിക്കു പോയിക്കാണും എന്ന് കരുതിയവൾക്ക് ഇതിലും വലിയ ഒരു മറു പണി കൊടുക്കാനില്ല എന്നെനിക്കു തോന്നി..

കുഞ്ഞിനെ അവൾ എന്റെ കൈ വെള്ളയിലോട്ട് വെച്ച് തരുമ്പോൾ ഇവനെന്റെ രാശിയാണ് എന്ന് ഞാനവളോട് പറഞ്ഞതും അവൾ തല താഴ്ത്തിയതും വളരെ പെട്ടന്നായിരുന്നു.. അതിയായ സന്തോഷത്താൽ പ്രസവ വിവരം അടുത്ത എല്ലാവരേയും വിളിച്ചറിയിച്ചു എന്നിട്ട് ആശ്വാസത്തോടെ കസേരയിൽ ഒരു ചിരിയുമായ് അങ്ങനെ ഇരിന്നു..

അമ്മ ഇവനെന്തു പറ്റി എന്ന മട്ടിൽ ഇടക്കെന്നെ നോക്കി ഈശ്വരനെ സ്തുതിച്ച് എന്റെ അരികിൽ തന്നെ ഇരിന്നു.. എല്ലാം കഴിഞ്ഞ് ഭാര്യയുടെ ചാരെ എത്തി അവളെ ഒന്ന് നോക്കി അവൾ ചിരിച്ചു..

നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്നവളോട് ചോദിച്ചു.. ഉടനെ അവൾ പറഞ്ഞു ശ്ശ് ശ്ശ് പതുക്കെ കുഞ്ഞുണരും എന്ന്.. ഒന്ന് പറഞ്ഞാൽ പത്തു പറയുന്ന പെണ്ണിന് എത്ര പെട്ടെന്നാണ് അമ്മയിലേക്കുള്ള മാറ്റം തുടങ്ങിയത് എന്നോർത്തു..

കഴിക്കാനുള്ളതും വാങ്ങി കൊണ്ട് വന്ന് അവളുടെ അടുത്തിരിക്കും നേരം അവൾ പറഞ്ഞു ” അതേ നിങ്ങൾ മുമ്പ് ഹൃദയം പണയം വെച്ച സ്ഥാപനത്തെ ഞാൻ കണ്ടു എന്ന്.. എന്റെ തല കറങ്ങുന്ന പോലെ തോന്നി എങ്കിലും പിടിച്ചു നിന്ന് ഭാര്യയുടെ മുഖത്തേക്ക് തന്നെ നോക്കി ഞാൻ പറഞ്ഞു അതു മുക്കായിരുന്നെടി തനി തങ്കമായി നിന്റെ കയ്യിൽ തന്നെ ഇപ്പോഴും എപ്പോഴും എന്ന്.. അതു കേട്ടവൾ ചിരിക്കുമ്പോൾ ഞാൻ അവളുടെ ചാരത്തു തന്നെ ഇരിന്നു.. അവളുടെ ഭാഗത്ത് നിന്ന് ഒരു പൊട്ടിത്തെറി ഞാൻ പ്രതീക്ഷിച്ചതാണ് അവൾക്ക് എന്നെ മനസ്സിലാക്കാനായി എന്നോർത്തപ്പോൾ ശ്വാസം നേരെ വീണു..

വീട് കുഞ്ഞു രാജാക്കന്മാരുടെ ഭരണത്തിലായിരുന്ന നേരത്ത് അവളുടെ കാതിൽ ഞാൻ പതിയെ മന്ത്രിച്ചു നമ്മുടെ ലോകം ഇനി ഇവനെ ചുറ്റിയാണ്.. അവൾ ചിരിച്ചു.. ഒരു നേർത്ത മൂളൽ അവൻ തുടങ്ങി തൊട്ടിലിൽ കിടന്നവൻ കൈ കാലിട്ടടിച്ചു ഒരു പാട്ടുമായി വീണ്ടും അവൾ അവനെ ഉറക്കത്തിലേക്ക് നയിച്ചു.. മുക്കിനു പകരം തനി തങ്കത്തെ കിട്ടിയ സന്തോഷത്തിൽ ഒരു തണുത്ത കാറ്റെന്നിൽ വീശിയിരുന്നു…

ലൈക്ക് കമന്റ് ചെയ്യണേ…

രചന : എ കെ സി അലി

Scroll to Top