കൊലുസ്സ് തുടർക്കഥയുടെ പതിനഞ്ചാം ഭാഗം വായിക്കാം…..

രചന: ശീതൾ

“മാഷേ ദേ…അവരെ നോക്ക്..നമ്മുടെ അത്ര ചേർച്ച ഇല്ല അല്ലേ…?? പാർക്കിൽ വേറൊരു ബെഞ്ചിൽ ഇരുന്ന് സംസാരിക്കുന്നവരെ നോക്കി അവൾ പറഞ്ഞു..അതുകേട്ട് ഞാൻ നെറ്റി ചുളിച്ച് അവളെ നോക്കി.. “ഓ പിന്നെ….നമ്മളാണല്ലോ ഏറ്റവും ബെസ്റ്റ് കപ്പിൾ..” “അതെന്താ ഒരു പുച്ഛം…നമ്മൾ ബെസ്റ്റ് അല്ലേ..?? “അല്ലേന്നൊക്കെ ചോദിച്ചാൽ…!!! “ചോദിച്ചാൽ….??? ബെഞ്ചിന്റെ ഒരറ്റത്ത് ഇരുന്ന അവൾ നിരങ്ങി എന്റെ അടുത്ത് എത്തി..പുരികം പൊന്തിച്ച് എന്നോട് ചോദിച്ചു..

“ചോദിച്ചാൽ…നീ പറ..ഞാൻ നിന്റെ സങ്കല്പത്തിലുള്ള ആളാണോ…???

“അല്ല……”

പെട്ടെന്ന് അവൾ എടുത്ത വായ്ക്ക് അത് പറഞ്ഞപ്പോൾ ഞാൻ വിളറിയ മുഖത്തൊടെ അവളെ നോക്കി…അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്റെ മുഖം ആ കൈകളിൽ കോരിയെടുത്തു… “അല്ല മാഷേ….നിങ്ങൾ എന്റെ സങ്കല്പത്തിലുള്ള ആളെ അല്ല…അതിനും..അതിനും ഒരുപാട് മേലെയാണ് എനിക്ക് എന്റെ മാഷേട്ടൻ..ഇങ്ങനെ ഒരാളെ എനിക്ക് കിട്ടിയതിന് ഞാൻ പൂജിക്കുന്ന ഈശ്വരന്മാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..”

ദേവൂട്ടി പറഞ്ഞതുകേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. *”നമ്മുടെ ജീവിതത്തിൽ ആരെയെങ്കിലും കണ്ടുമുട്ടണം പരിചയപ്പെണം എന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർ ആരായാലും എവിടെയായാലും എത്ര ദൂരെയായാലും നമ്മൾ അവരിലേക്ക് എത്തിയിരിക്കും.. ഒരു മുൻജന്മ ബന്ധംപോലെ.. ഇതൊരു പ്രപഞ്ച സത്യമാണ് ഏതോരാളുടെ ജീവിതത്തിലും നടന്നുപോകുന്ന സത്യം.. അതുകൊണ്ടല്ലേ…എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ ദേവൂട്ടിയെ എനിക്ക് കിട്ടിയത്…”❣️❣️*

ഞാൻ പറഞ്ഞതുകേട്ട് ദേവൂട്ടി ഒരു പുഞ്ചിരിയോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

“ഇനിയെനിക്ക് എത്ര ജന്മം ഉണ്ടെങ്കിലും…അപ്പോഴെല്ലാം എനിക്കീ നെഞ്ചിൽ കിടന്ന് ഈ ചൂട് പറ്റാനുള്ള ഭാഗ്യം മാത്രം മതി..”

ഞാൻ അവളെ പൊതിഞ്ഞു പിടിച്ചു…ഹൃദയങ്ങൾ തമ്മിൽ പരസ്പരം പ്രണയം പങ്കുവച്ചുകൊണ്ടിരുന്നു…

എത്രനേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല.. ഓരോ നിമിഷവും പറിച്ചെറിയാൻ കഴിയാത്തവിധം ദേവിക്കുട്ടി എന്നിലേക്ക് പടർന്നുകയറിക്കൊണ്ട് ഇരിക്കുകയാണ്… എനിക്കീ ഭൂമിയിൽ കണ്ട് കൊതിതീരാത്ത ഒന്നെ ഒള്ളൂ…അതീ നെഞ്ചിൽ കിടക്കുന്ന എന്റെ പെണ്ണിനെയാണ്…ഒരിക്കലും ആർക്കും വിട്ടുകൊടുക്കില്ല ഈ നിധിയെ ഞാൻ..

ഞങ്ങളിൽനിന്ന് ഉതിർന്ന നിശ്വാസങ്ങൾ പോലും ഭംഗിയായി പ്രണയിച്ചുകൊണ്ടിരുന്നു..ഏറെ നേരം ഞങ്ങൾ പരസ്പരം മൗനമായി പ്രണയിച്ചു…

“മാഷേ……..” “മ്മ്മ്…….” “മാഷിന് എന്നെ ശെരിക്കും എപ്പോൾ മുതലാ ഇഷ്ടമായത്…???

അവൾ എന്റെ നെഞ്ചിൽനിന്ന് തലയുയർത്തി ചോദിച്ചു..ഞാനതുകേട്ട് ചിരിച്ചു… “അന്ന് ആദ്യമായി കണ്ട ദിവസം അമ്പലത്തിൽ വച്ച് നീ വന്ന് വീണത് എന്റെ ദേഹത്തേക്കല്ല പെണ്ണേ..ഈ ഹൃദയത്തിലേക്കാ…അന്ന് നീ സമ്മാനിച്ച മുറിവ് എന്റെ മനസ്സിൽ നിന്നെക്കുറിച്ചുള്ള പ്രണയാക്ഷരങ്ങൾ കുറിക്കുകയായിരുന്നു..”

മാഷിന്റെ വാക്കുകൾ കേട്ട് എന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു… എന്റെ കണ്ണിൽ നീർത്തിളക്കം കണ്ടതും മാഷ് എന്നെ നോക്കി കണ്ണുരുട്ടി…അതുകണ്ട് ഞാൻ വേഗം കണ്ണൊക്കെ അമർത്തി തുടച്ച് മാഷിനെനോക്കി ഇളിച്ചു..

“നമുക്കില്ലേ മാഷേ…കല്യാണം കഴിഞ്ഞാലും ഇങ്ങനെ ഇടയ്ക്ക് പാർക്കിലും ബീച്ചിലും ഒക്കെ വരണം ട്ടോ..നമ്മള് മാത്രം കുറച്ച് സമയം..ഒരു തിരക്കും ഇല്ലാതെ…” മാഷ് എന്നെത്തന്നെ ഒരു പുഞ്ചിരിയോടെ നോക്കി ഇരുന്നു എന്നല്ലാതെ ഒന്നും മിണ്ടിയില്ല…. “പിന്നില്ലേ നമുക്ക് മാഷിന്റെ പിറന്നാളും ഗീതമ്മയുടെ പിറന്നാളും നമ്മുടെ വെഡിങ് ആനിവേഴ്സറിയും ഒക്കെ ആഘോഷിക്കണം..വേറെ ആരും വേണ്ട..നമ്മള് മാത്രം..ചെറിയൊരു സദ്യ..അത്രയും മതി…ട്ടോ..” അതുകേട്ടതും മാഷ് എന്റെ അരയിലൂടെ കയ്യിട്ട് മാഷിനോട് ചേർത്തിരുത്തി..ഞാൻ ഞെട്ടി മാഷിനെ നോക്കി..

“ഇതൊക്കെ കല്യാണം കഴിയുമ്പോൾ അല്ലേ..അതെപ്പോഴാ..മ്മ്..?? എന്റെ മുഖം നാണത്താൽ ചുവന്നുതുടുത്തു..ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. പെട്ടെന്നാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്..

“അയ്യോ മാഷേ…സമയം എത്രയായി….?????

“അഞ്ചര…മ്മ് എന്തേയ്…??

“കുന്തം….എന്റെ മാഷേ..ഇപ്പൊത്തന്നെ വൈകി…ഈശ്വരാ അച്ഛൻ ഇപ്പൊ വീട്ടിൽ വന്നിട്ടുണ്ടാകും…എന്നെ കൊല്ലും…” ഞാൻ പറഞ്ഞതുകേട്ട് മാഷ് എന്നെ കനപ്പിച്ചുനോക്കി…പക്ഷെ ഈ സമയത്ത് എനിക്ക് വേറെ നിവർത്തിയില്ലായിരുന്നു… അതുകൊണ്ട് ഞാൻ മാഷിന്റെ ദേഷ്യമൊന്നും കണക്കിൽ എടുക്കാതെ മാഷിനെ അവിടുന്ന് വലിച്ചുകൊണ്ട് പോന്നു.. വീടിന്റെ അടുത്തേക്ക് ബുള്ളെറ്റ് അടുക്കുന്തോറും എനിക്ക് ഭയം കൂടിക്കൂടി വന്നു…

“മാഷേ…വണ്ടി നിർത്ത്..ഇവിടെ മതി..ഇനി ഞാൻ തനിയെ പൊയ്ക്കോളാം…” അതുകേട്ട് മാഷ് എന്നെ മിററിൽക്കൂടി രൂക്ഷമായി നോക്കി.. ‘”നിന്നെ ഇവിടെവരെ കൊണ്ടുവന്നത് ഞാൻ ആണെങ്കിൽ ആ വീടിന്റെ പടി കടത്താനും എനിക്ക് അറിയാം.. ”

“മാഷേ പ്ലീസ്…ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്…ഇപ്പൊ വാശി കാണിക്കാനുള്ള സമയം അല്ല..എനിക്ക് എനിക്ക് ശെരിക്കും പേടിയാ മാഷേ..” “നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..പറയുന്നത് അനുസരിച്ചാൽ മതി…”

പിന്നെ പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാനൊന്നും മിണ്ടാതെ ഇരുന്നു…എങ്കിലും ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു..എന്തോ നടക്കാൻ പോകുന്നതുപോലെ മനസ്സ് പറഞ്ഞു.. ബുള്ളെറ്റ് വീടിന്റെ പടി കയറിയതും എന്റെ എല്ലാ പ്രതീക്ഷികളും തെറ്റിച്ചുകൊണ്ട് അച്ഛൻ രൂക്ഷമായ നോട്ടത്തോടെ മുൻപിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു..

ബുള്ളറ്റിൽനിന്ന് ഇറങ്ങുമ്പോൾ എന്റെ കയ്യും കാലുമെല്ലാം വിറക്കുന്നുണ്ടെങ്കിലും മാഷിന്റെ മുഖത്ത് പ്രത്യേക ഭാവ വ്യത്യാസങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു..

“ദേവൂ….നീ അകത്തേക്ക് പൊയ്ക്കോ..നിന്നെ ആരും ഒന്നും ചെയ്യില്ല…” അച്ഛനെ തുറിച്ചു നോക്കിക്കൊണ്ട് തന്നെ മാഷ് എന്നോട് പറഞ്ഞു..

ഞാൻ പതിയെ വിറയലോടെ ഓരോ ചുവടും മുന്നോട്ട് വച്ചു.. “ഒന്നവിടെ നിന്നേ…..” ഞാൻ അകത്തേക്ക് കയറാൻ ഒരുങ്ങിയതും പിന്നിൽനിന്ന് അച്ഛന്റെ വിളികേട്ട് ഞാൻ ഞെട്ടി അങ്ങനെതന്നെ നിന്നു.. “കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി നടക്കുന്നവർക്ക് കയറി നിരങ്ങാനുള്ള സത്രം അല്ല ഇത്…എന്റെ ചിലവിൽ ജീവിക്കുമ്പോൾ ഞാൻ പറയുന്നത് അനുസരിച്ച് കഴിഞ്ഞോണം…” അച്ഛൻ പറയുന്നതുകേട്ട് ഞാൻ തിരിഞ്ഞ് ദയനീയമായി മാഷിനെ നോക്കി..അച്ഛൻ മാഷിനെ കേൾപ്പിക്കാൻ വേണ്ടിതന്നെ പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി..പക്ഷെ മാഷ് വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ കയ്യുംകെട്ടി ഞങ്ങളെത്തന്നെ നോക്കി നിൽക്കാണ്…

അപ്പോഴേക്കും ശബ്ദംകേട്ട് അമ്മയും വർഷയും ഉമ്മറത്തേക്ക് വന്നു…എന്ത് പറയണം എന്നറിയാതെ ഞാൻ തല താഴ്ത്തി നിന്നു…

“എന്താടി…നിന്റെ നാവിറങ്ങി പോയോ..ഒന്നും പറയാനില്ലേ നിനക്ക്..???? “എന്താടാ..അന്ന് വലിയ ഡയലോഗ് അടിച്ച് പോയതാണല്ലോ..എന്റെ മോളേ തലയിൽ ചുമക്കാൻ താല്പര്യമില്ല എന്നൊക്കെ..പിന്നെയും എന്തിനാടാ വലിഞ്ഞു കയറി വരുന്നത്..?? അച്ഛൻ മാഷിനുനേരെ ഉറഞ്ഞുതുള്ളിക്കൊണ്ട് ചോദിച്ചതും മാഷ് അച്ഛനെനോക്കി പുച്ഛമായി ചിരിച്ചു..

“അതേ…ഞാൻ പറഞ്ഞത് ശെരിയാണ്..തന്റെ മകളെ വേണ്ടാ എന്നുതന്നെയാണ് ഞാൻ പറഞ്ഞത്..അല്ലാതെ വളർത്തുമകളെ വേണ്ടാന്ന് അല്ലല്ലോ…” പെട്ടെന്ന് മാഷ് അങ്ങനെ പറഞ്ഞതുകേട്ട് അച്ഛൻ ഞെട്ടി കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി..അമ്മയും ഒരു പകപ്പോടെ എന്നെ നോക്കിയെങ്കിലും വർഷ ഇന്ന് എന്തെങ്കിലും നടക്കും എന്ന ഭാവത്തിൽ നിൽക്കുകയായിരുന്നു..

“ഓഹോ….എല്ലാം എഴുന്നള്ളിച്ച് പറഞ്ഞുകൊടുത്തു അല്ലേ..എന്നാ നീ ഇതുംകൂടി കേട്ടോ ടാ.. ഇവളുടെ തന്ത ഞാനല്ലെങ്കിലും ഇവളുടെമേൽ നിന്നെക്കാൾ അധികാരം എനിക്കാണ്..അതുകൊണ്ട് ഞാനങ്ങോട്ട് ഉറപ്പിച്ചു ഇവളുടെ വിവാഹം…” അച്ഛൻ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടിത്തരിച്ച് അച്ഛനെ നോക്കി..

മാഷിന്റെ മുഖത്ത് പ്രതീക്ഷിച്ചതെന്തോ കിട്ടിയ ഭാവം ആയിരുന്നു..

“എന്താ വിശ്വാസമായില്ലേ..ആളെ നിങ്ങൾ അറിയുമായിരിക്കും ജീവൻ…അവന് ഇവളെ വല്ലാതെ അങ്ങോട്ട് ഇഷ്ടപ്പെട്ടു എന്ന്..എന്തുകൊണ്ടും എനിക്ക് യോജിച്ച മരുമകൻ…അതുകൊണ്ട് വെറുതെ ഇവളുടെ പിറകെനടന്ന് സമയം പാഴാക്കാതെ മോൻ പോയി വേറെ വല്ല പെണ്ണിനേയും കണ്ടുപിടിക്കാൻ നോക്ക്..”

അയാൾ അത്രയുംപറഞ്ഞ് എന്നെനോക്കി പുച്ഛിച്ചതും ഞാനൊരു ചിരിയോടെ ബുള്ളെറ്റ് സ്റ്റാൻഡിൽ വച്ച് ഇറങ്ങി ഉമ്മറത്തേക്ക് കയറി.. ദേവൂട്ടി ഇതെല്ലാം കണ്ടും കേട്ടും എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ്.. “അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ..??? പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് എല്ലാവരും എന്നെ മിഴിച്ചുനോക്കി…

“ഈ നിൽക്കുന്ന ശ്രീദേവി ഇഷ്ടപ്പെട്ടത് എന്നെ ആണെങ്കിൽ ഇവളുടെ കഴുത്തിൽ താലി കെട്ടുന്നത് ഈ ഞാൻ തന്നെ ആയിരിക്കും..”

“ഡാാ….വേണ്ട…ഇവിടെ ഞാൻ തീരുമാനിച്ചത് തന്നെ നടക്കും…ഇതെന്റെ വാശി ആണെന്ന് തന്നെ കൂട്ടിക്കോ..” അയാൾ പറഞ്ഞതുകേട്ട് ഞാൻ ദേവൂട്ടിയെ നോക്കി..അവൾ എന്നെ ദയനീയമായി നോക്കി.. “ദേവൂ….നിന്നെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്…അതെന്നും അങ്ങനെയായിരിക്കും..എന്നെ വിശ്വാസമുണ്ടെങ്കിൽ നിനക്ക് എന്റെ കൂടെ വരാം..ഇനി അതല്ല ഇയാളുടെ വാക്കുകേട്ട് ഇവിടെത്തന്നെ നിൽക്കുകയാണെങ്കിൽ ഇനി ഒരിക്കലും ഒരു ശല്യമായി ഞാൻ വരില്ല…”

അത്രയുംപറഞ്ഞ് അവളുടെ മറുപടിക്കായി ഞാൻ കാത്തു..ദേവൂ അമ്മയെയും വർഷയെയും ദയനീയമായി നോക്കി.. “ചേച്ചി ധൈര്യമായിട്ട് പൊയ്ക്കോ ചേച്ചി..ഇവിടെ ആരും ചേച്ചിയേ ഒന്നും ചെയ്യില്ല…ഇവിടെ പോലീസും കോടതിയും ഒക്കെ ഉണ്ടല്ലോ..”

“വർഷേ…………!!! അയാൾ ദേഷ്യത്തോടെ വിളിച്ചതും വർഷ അയാൾക്കുനേരെ തിരിഞ്ഞു..”

“ചേച്ചി പൊയ്ക്കോട്ടേ അച്ഛാ…വെറുതെ ഇടം കോലിടാൻ നിൽക്കണ്ട..ദേ അച്ഛന്റെ പ്രായം അല്ല ഏട്ടന്…ഒന്ന് കിട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ലല്ലോ..” വർഷ പറഞ്ഞതുകേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…അമ്മയും സമ്മതം എന്ന അർഥത്തിൽ ദേവൂനെ നോക്കി എങ്കിലും അയാളുടെ കാര്യത്തിൽ അവർക്ക് പേടി ഉണ്ടായിരുന്നു.. ദേവൂ ഒരു നിമിഷം ചിന്തിച്ചിട്ട് പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…എനിക്കൊരു നോട്ടം പോലും അവൾ നൽകിയില്ല…അരവിന്ദൻ വിജയിഭാവത്തിൽ എന്നെനോക്കി…

“ഹ്…ഇപ്പൊ എന്തായടാ…അവൾ എന്റെ മോൾ അല്ലെങ്കിലും എന്നെ ധിക്കരിക്കാൻ അവൾക്ക് കഴിയില്ലടാ..ജീവനെക്കൊണ്ട് തന്നെ ഞാൻ അവളെ കെട്ടിക്കും..ഇത്രയും നാളും ഞാൻ കാവലിരുന്ന ഈ സ്വത്തുക്കൾ എനിക്ക് സ്വന്തമാക്കാൻ അവൻ എന്നെ സഹായിക്കും..” അയാൾ പറഞ്ഞതുകേട്ട് ഞാൻ പുച്ഛത്തോടെ അയാളെനോക്കി..

“കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയല്ലോ അരവിന്ദ…” ഞാൻ അയാളുടെ പിറകിലെക്ക് നോക്കി പുഞ്ചിരിയോടെ പറഞ്ഞതും അയാൾ പിന്നിലേക്ക് തിരിഞ്ഞുനോക്കി.. അവിടെ എന്റെ കൂടെ വരാൻ തയാറായി നിൽക്കുന്ന ദേവിക്കുട്ടിയെ കണ്ടതും അയാൾ ഒന്ന് ഞെട്ടി..

എനിക്കെന്താ സംഭവിക്കുന്നത് എന്ന് എനിക്കുതന്നെ മനസ്സിലാകുന്നില്ല..ഇത്രനാളും അച്ഛന്റെ മുൻപിൽ നില്കാൻ വരെ ഭയപ്പെട്ടിരുന്ന ഞാൻ ഇപ്പൊ അയാളെ ധിക്കരിക്കാൻ പോകുന്നു.. ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.. “അന്നും ഇന്നും എന്നും ഞാൻ നിങ്ങളെ ഒരച്ഛന്റെ സ്ഥാനത്തെ കണ്ടിട്ടുള്ളു..നിങ്ങൾ എന്നോട് എന്തൊക്കെ ചെയ്താലും ആ സ്ഥാനം ഞാൻ മറക്കില്ല…പക്ഷെ അതിന്റെപേരിൽ മാഷിന്റെ സ്നേഹത്തെ കൈവിടാൻ ഞാൻ ഒരുക്കമല്ല..അതുകൊണ്ട് പോകാ ഞാൻ…

“പിന്നെ ഇതൊക്കെ എന്റെ അച്ഛൻ സമ്പാദിച്ച സ്വത്ത്‌ ആണെങ്കിലും ഇവിടുന്ന് ഒന്നും ഞാൻ കൊണ്ടുപോകുന്നില്ല..ഈ അച്ഛന് വേണ്ടത് ഇതായിരുന്നല്ലോ..അതുകൊണ്ട് എല്ലാം എടുത്തോളൂ..ഞാനായിട്ട് തടസ്സം നിൽക്കില്ല..”

മാഷിന്റെ കൈ പിടിച്ച് ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ഞാൻ ഒന്നുകൂടി തിരിഞ്ഞുനോക്കി…അവിടെ കണ്ണീർപൊഴിച്ചു നിൽക്കുന്ന അമ്മയെ കണ്ടതും എന്റെ നെഞ്ച് പിടഞ്ഞു…ഞാൻ മാഷിന്റെ കയ്യിൽ പിടി മുറുക്കി…

ആർത്തലച്ചുവന്ന് കരയെ ചുംബിച്ചു തന്റെ പ്രണയം പകർന്ന് തിരികെ പോകുന്ന കടലിനെ നോക്കി ഞങ്ങൾ ഒരു ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു…

ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി നിന്നു..ഇങ്ങനെതന്നെ ആകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ആകുമെന്ന് കരുതിയില്ല.. “”ദേവൂട്ടി….നീ ഓക്കെ ആണോ..വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ..?? മൗനത്തെ ഭേദിച്ച് ഞാൻ ചോദിച്ചതുകേട്ട് അവൾ കരഞ്ഞുകലങ്ങിയ മിഴികളോടെ എന്നെ നോക്കി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. “ഇങ്ങനെയൊന്നും പറയല്ലേ മാഷേ…എനിക്ക് എനിക്കിപ്പോ സ്വന്തമെന്ന് പറയാൻ മാഷേ ഒള്ളൂ…മാഷിന് തോന്നുന്നുണ്ടോ ഇപ്പൊ എന്നെ സ്നേഹിക്കണ്ടായിരുന്നു എന്ന്…???

“മതി നിർത്ത് ദേവൂ…ഞാനാണ് നിന്നെ കൂട്ടികൊണ്ടുവന്നത്…വേറൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല..നിന്റെ ഈ സ്നേഹം അതുമാത്രം മതി എനിക്ക്…” അവൾ എന്നെ ഒന്നുകൂടി ചുറ്റിവരിഞ്ഞു… “അമ്മയെയും വർഷയെയും ഓർക്കുമ്പോൾ നെഞ്ചിൽ ഇപ്പോഴും ഒരു നീറ്റൽ ആണ് മാഷേ..” ഞാൻ ദേവൂന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു..വീശിയടിച്ച കടൽക്കാറ്റ് ഞങ്ങളെ തട്ടി തഴുകി പോയി…സൂര്യൻ പതിയെ കടലിലേക്ക് മുങ്ങിയൊളിക്കുന്നത് നോക്കി ഞങ്ങൾ ഇരുന്നു.. “ദേവൂട്ടി..ആ സൂര്യൻ കടലിലേക്ക് മുങ്ങുന്നത് തന്റെ ഇന്നിലെ സങ്കടങ്ങൾ എല്ലാം അതിൽ ഒഴുക്കി നാളെ പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഒരു പൊൻകിരണമായി കിഴക്കേ ചക്രവാളത്തിൽ ഉതിക്കാൻ ആണ്..അതുപോലെ എന്റെ ദേവിക്കുട്ടി ആ സങ്കടങ്ങൾ എല്ലാം ഇവിടെ ഒഴുക്കിയിട്ട് എന്റെ കൂടെ വന്നാൽ മതി..അവിടെ എന്റെ പെണ്ണിനെ സ്നേഹംകൊണ്ട് മൂടാൻ ഒരു പാവം അമ്മ കാത്തിരിപ്പുണ്ട്‌..ട്ടോ…”

“മാഷേ..ഗീതമ്മക്ക് ഇതൊക്കെ ഇഷ്ടാവുമോ..ഇങ്ങനെ പെട്ടെന്ന്..” “അതിന് എന്റെ ഗീതു ഒരു സൈക്കോ അല്ല..നല്ല ട്രെൻഡി പാർട്ടി ആണ്..നീ വന്നേ..ഇനി വേറൊന്നും ആലോചിക്കേണ്ട വാ പോകാം…” ഞാൻ അവളെയുംകൊണ്ട് എഴുന്നേറ്റു..ഗീതുവിനെ കാര്യം വിളിച്ചു പറഞ്ഞപ്പോൾ വേഗം പെണ്ണിനെ അങ്ങോട്ട് കൊണ്ടുപോരാനാ പറഞ്ഞത്..ഇനി അറിയാതെ ഇരിക്കേണ്ട എന്ന് കരുതി വിമലിനെയും കാര്യം വിളിച്ചു പറഞ്ഞു..

മാഷിന്റെ വീട്ടിലേക്ക് ബുള്ളറ്റ് കയറിയതും എന്റെ ഉള്ളിൽ ആശങ്ക നിറഞ്ഞു..ഗീതമ്മ പാവമാണ്..പക്ഷെ പെട്ടെന്ന് ഇങ്ങനെയൊരു പെൺകുട്ടി വീട്ടിലേക്ക് വരുക എന്ന് പറഞ്ഞാൽ..

“നോക്കി ഇരിക്കാതെ ഇറങ്ങടോ….” മാഷ് വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്..ഞാൻ ബുള്ളറ്റിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്ന് വീക്ഷിച്ചു… നല്ല ശാന്തമായ അന്തരീക്ഷം…ഇരുനില വീട്..പഴയ തറവാടിന്റെ മോഡലിൽ ആണ് വീട് പണിതിരിക്കുന്നത്..മുറ്റത്ത് സൈഡിലായി ഒരു പുൽതകിടി ഉണ്ട്…അതിൽ നടുക്കായി കാണുന്ന ചെറിയ കുളത്തിൽ നിറയെ ആമ്പൽപ്പൂവാണ്..അതിന് അടുത്തായി മരത്തിന്റെ ഒരു ബെഞ്ച്..അതിന് തണൽ ഏകാൻ പൂത്തുലഞ്ഞു നിൽക്കുന്ന മൂവാണ്ടൻ മാവ്..എന്തോ വല്ലാത്തൊരു പോസിറ്റീവ് എനർജി എനിക്ക് ലഭിച്ചു.. “ഇതൊക്കെ ഗീതുവിന്റെ സെറ്റിംഗ്സ് ആണ്..ഈ വീട് വാങ്ങിച്ചപ്പോൾ ഇതൊന്നും അല്ലായിരുന്നു കോലം..ഒരാഴ്ച കൊണ്ട് ഗീതു എല്ലാം സെറ്റ് ആക്കി…വീടിന്റെ പിറകിൽ വേറെയും സെറ്റിംഗ്സ് ഉണ്ട്..അതൊക്കെ നമുക്ക് വഴിയേ കാണാം ഇപ്പൊ ദേവൂസ് വാ..വന്ന കാലിൽ നിൽക്കാതെ..” മാഷ് എന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു…

“നില്ക്കവിടെ….ഒരടി മുന്നോട്ട് വച്ചു പോകരുത്…”

പെട്ടെന്ന് ഗീതമ്മയുടെ ശബ്ദം കേട്ടതും ഞാനും ഗീതമ്മയും ഒരുപോലെ ഞെട്ടി പടിയിലേക്ക് വയ്ക്കാൻ ഉയർത്തിയ കാൽ അവിടെ വയ്ക്കാതെ സ്റ്റക്ക് ആയി നിന്നു.. ഗീതമ്മ ദേഷ്യത്തോടെ പുറത്തേക്ക് വന്നു…ഞാൻ പേടിയോടെ മാഷിന്റെ കയ്യിൽ മുറുക്കെ പിടിച്ചു.. “എങ്ങോട്ടാ വലിഞ്ഞുകയറി…??

ഗീതമ്മ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ മാഷിനോട് അങ്ങനെ ചോദിച്ചതും ഞാൻ അന്തംവിട്ട് മാഷിനെയും ഗീതമ്മയെയും നോക്കി.. “ഇതെന്ത് ചോദ്യ ഗീതു…അകത്തേക്ക് അല്ലാതെ എങ്ങോട്ടാ..??

മാഷ് ചോദിച്ചതുകേട്ട് ഗീതമ്മ മാഷിനെ അടിമുടി നോക്കി.. “നിന്നോട് ഞാൻ ആട്ടപ്പൊടി വാങ്ങാൻ വിളിച്ചു പറഞ്ഞിരുന്നു..അത് വാങ്ങിയോടാ….??? ഗീതമ്മ അത് ചോദിച്ചതും മാഷ് എരിവ് വലിച്ച് കണ്ണ് ചിമ്മി ഒന്ന് ഇളിച്ചുകൊണ്ട് തല ചൊറിഞ്ഞു..

“ഈൗ ഇല്യാ….മറന്നുപോയി….” “ആ മലന്നുപോയി ല്ലേ…ഞഞായി…എന്നാലേ അത് വാങ്ങി വന്നിട്ട് മോൻ വീട്ടിൽ കയറിയാൽ മതി..”

അപ്പൊ മാഷ് ദയനീയമായി ഗീതുവിനെ നോക്കി കണ്ണുകൊണ്ട് എന്നെ കാണിച്ചു… “നിന്ന് കഥകളി കളിക്കാതെ പോയി വാങ്ങിയിട്ട് വാടാ പോത്തേ..മോള് വാ ഈ കുരങ്ങനോട്‌ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല…” ഗീതമ്മ അതുംപറഞ്ഞ് എന്റെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി..പോണ പോക്കിൽ മാഷിനെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ എന്തോ കോക്രി കാട്ടി പിറുപിറുത്തോണ്ട് പോകുന്ന ആളെക്കണ്ട് എനിക്ക് ചിരി വന്നു.. “മോള് എന്തിനാ വിഷമിക്കുന്നെ…മോൾടെ അച്ഛനോട് ഗീതമ്മ സംസാരിക്കാം ട്ടോ…അച്ഛന് മനസ്സിലാകും..ഇതൊക്കെ വെറും ഷോ ആന്നേ..അല്ലെങ്കിലും സ്വന്തം മോളേ ഒരച്ഛനും തള്ളി പറയില്ല..” ഗീതമ്മ എനിക്കുനേരെ ചായ നീട്ടിക്കൊണ്ട് പറഞ്ഞു…

ഗീതമ്മയുടെ സംസാരവും കരുതലും ഒക്കെ കണ്ടപ്പോൾ എനിക്ക് അമ്മയെ ഓർമ്മ വന്നു..പാവം ഒരുപാട് വിഷമിക്കുന്നുണ്ടാകും.. “അല്ല മോൾ എന്താ ചായ കുടിക്കാത്തത്..ചായ കുടിച്ചിട്ട് മോള് പോയി ഫ്രഷ് ആയിട്ട് വാ..അമ്മ അപ്പോഴെക്കും കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം..” ഗീതമ്മ പറഞ്ഞപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത്..മാറി ഉടുക്കാൻ ഒന്നും തന്നെ എന്റെ കയ്യിൽ ഇല്ല…ആകെ ആ വീട്ടിൽ നിന്ന് പോരുമ്പോൾ ഞാൻ എടുത്തത് അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോ ആണ്.. “എന്താ മോളേ ആലോചിക്കുന്നത്..??? “അത് ഗീതമ്മേ…എന്റെ കയ്യിൽ വേറെ ഡ്രസ്സ്‌ ഒന്നും ഇല്ല…ആകെ ഇതേ ഒള്ളൂ..” ചുണ്ട് ചുളുക്കിക്കൊണ്ട് ഞാൻ പറഞ്ഞതുകേട്ട് ഗീതമ്മ ചിരിച്ചു… “അതാണോ ഇത്ര വലിയ കാര്യം…മോൾക്ക് ഇടാൻ പറ്റിയതൊക്കെ ഇവിടെയുണ്ട്…ഇനി അത് ഇഷ്ടായില്ലാച്ചാൽ നാളെ കണ്ണന്റെ കൂടെപ്പോയി മോള് വേറെ വാങ്ങിക്കോ..ഇപ്പൊ വാ അമ്മ എടുത്തുതരാം..”

അതുംപറഞ്ഞ് ഗീതമ്മ എന്നെ കൂട്ടികൊണ്ടുപോയി..

“ഹോ കിളവന്റെ ശല്യം ഒഴിഞ്ഞല്ലോ..ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല..അയാൾക്ക് വേണ്ടത് കിട്ടിയല്ലോ..”

വിമൽ എന്നോട് പറഞ്ഞതുകേട്ട് ഞാൻ അല്ലെന്ന മട്ടിൽ തലയാട്ടി.. “ഇല്ലടാ പ്രശ്നം തീർന്നിട്ടില്ല..അയാളുടെ പ്രശ്നമെ ഒതുങ്ങിയൊള്ളു..ജീവൻ അവൻ ഇപ്പോഴും പാര ആയിട്ട് നിൽക്കുകയാണ്..”” “ഓ പിന്നെ..ആ നരുന്ത്‌ എന്ത് ചെയ്യാനാ…?? “അത്ര നിസ്സാരൻ ആയി അവനെ കാണാൻ പറ്റില്ല ടാ..അവന് ഒരുതരം മെന്റൽ ഡിസോർഡർ ആണ്…ആഗ്രഹിച്ചത് കിട്ടാൻ അവൻ എന്തും ചെയ്യും…” “നീ വെറുതെ അതോർത്ത് വറീട് ആകേണ്ട..എത്രയും പെട്ടെന്ന് നിങ്ങളുടെ വിവാഹം അങ്ങോട്ട് നടത്താം..ഞാനും ശ്രുതിയും അങ്ങോട്ട് വരാം..എന്നിട്ട് എല്ലാം തീരുമാനിക്കാം…” വിവാഹം എന്ന് കേട്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു..

“അയ്യാ എന്താ ഇളി…മ്മ് മ്മ്..നടക്കട്ടെ നടക്കട്ടെ..” “എന്ത്…ഒഞ്ഞു പോയെടാ ഊളെ….”

ചടപ്പ് മാറ്റാനായി അവനെ രണ്ട് തെറിയും വിളിച്ച് ഞാൻ വണ്ടി എടുത്ത് വീട്ടിലേക്ക് വിട്ടു…ഗീതുവിന്റെ ഒരു ആട്ടപ്പൊടി..മനുഷ്യനെ നാറ്റിക്കാൻ…😬

“അയ്യേ..ഗീതമ്മേ…ഇത് ശെരിയാകില്ല..ഒട്ടും ശെരിയാകില്ല..നോക്കിയേ എന്തോ പോലെ ഇല്ലേ..??

കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ ഗീതമ്മ എടുത്തുതന്ന മാഷിന്റെ ഒരു ടീ ഷർട്ടും സ്പോർട്സ് പാന്റും ഇട്ട് കണ്ണാടിയുടെ മുൻപിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കുകയാണ് ഞാൻ.. “എന്റെ കുട്ട്യേ…അത് നിനക്ക് ചേരുന്നുണ്ട്..നല്ലതാ..”

“മ്മ്…എന്നാലും….” “ഇന്ന് ഇത് വച്ച് മോള് അഡ്ജസ്റ്റ് ചെയ്യ്..നാളെ നമുക്ക് പുറത്തുപോയി വേറെ വാങ്ങാം..ട്ടോ..” വേറെ നിവർത്തിയില്ലാതെ ഞാൻ അത് സമ്മതിച്ച് ഒന്നുകൂടി കണ്ണാടിയിൽ നോക്കി…ഒരു ക്രീം കളർ ടീ ഷർട്ടും ബ്ലാക്ക് പാന്റും ആണ്…ഇതൊന്നും ഇട്ട് ശീലം ഇല്ലാത്തതുകൊണ്ട് ആകെ എന്തോ പോലെ..മാത്രവുമല്ല ഇതിൽ മുഴുവൻ മാഷിന്റെ ഗന്ധവും ആണ്…മൊത്തത്തിൽ ഒരു കുളിരാരിറ്റി..🙈

“ഗീതു…ഇതാ…ആട്ട…..

പെട്ടെന്ന് പിന്നിൽനിന്ന് മാഷിന്റെ ശബ്ദം കേട്ടതും ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി..നോക്കുമ്പോൾ മാഷ് അന്തംവിട്ട് എന്നെത്തന്നെ നോക്കി നിൽക്കാണ്..

എന്റെ ദേവിയേ….ഈ പെണ്ണിന് ഇത്ര ഗ്ലാമർ ഉണ്ടായിരുന്നോ..എന്റെയൊരു ക്രീം കളർ ടീ ഷർട്ടും ബ്ലാക്ക് കോട്ടൺ പാന്റും ആണ് പെണ്ണ് ഇട്ടിരിക്കുന്നത്… അതിലാണെങ്കിൽ അവളുടെ ഷേപ്പ് നല്ല ക്ലിയർ ആയിട്ട് കാണാം..ഞാൻ ഏതോ ലോകത്തെന്നപോലെ അവളെ നോക്കിനിന്നു..

“ആഹ് നീ വന്നൊ കണ്ണാ..” ഗീതു വിളിച്ചപ്പോൾ ഞാൻ ഞെട്ടി അവളിൽനിന്ന് നോട്ടം മാറ്റി..പെണ്ണ് എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു ആകെ ചടച്ച് നിൽക്കുന്നുണ്ട്… ഗീതു ചായ എടുക്കാം എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയ പിറകെ അവളും പതിയെ വലിയാൻ തുടങ്ങിയതും ഞാൻ അവളെ വലിച്ച് ചുമരിലേക്ക് ചേർത്തുനിർത്തി ഇരുവശത്തും കൈ കുത്തി നിന്നു….പെണ്ണ് ഞെട്ടി എന്നെ നോക്കി..

“മാ…മാഷേ എന്തായിത് വിട്ടേ..ഗീതമ്മ കാണുവേ..ഞാൻ പോട്ടേ..” “ഗീതമ്മ കണ്ടാൽ എന്താ..ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ..”

ഞാൻ പറഞ്ഞതുകേട്ട് അവൾ എന്നെനോക്കി..എന്റെ കണ്ണുകൾ അവളുടെ മുഖംമാകെ ഓടിനടന്നു..

പെണ്ണിന്റെ ഇടതൂർന്ന കുറുനിരകളിൽ നിന്ന് വെള്ളം ഇറ്റിറ്റു വീണ്ടുകൊണ്ടിരുന്നു.. എന്റെ വശ്യമായ നോട്ടം താങ്ങാനാകാതെ ആ മിഴികൾ താഴ്ന്നു..

“നീ എന്തിനാ ഇതൊക്കെ എടുത്തിട്ടത്…???

പെട്ടെന്ന് ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അവൾ മുഖമുയർത്തി എന്നെ നോക്കി…ഞാനൊരു കള്ളച്ചിരിയോടെ അവളെനോക്കി സൈറ്റ് അടിച്ചു…

“അത് എന്റെ കയ്യിൽ വേറൊന്നും ഇല്ലല്ലോ..അപ്പൊ ഗീതമ്മ എടുത്ത് തന്നതാ..കൊള്ളാമോ..?? അവൾ ഇളിച്ചുകൊണ്ട് ചോദിച്ചതുകേട്ട് ഞാൻ അവളെ ആപാദചൂഡം വീക്ഷിച്ചു… “എന്റെ കണ്ട്രോൾ കളയാനായിട്ട് തന്നെ ഇറങ്ങിയതാണോ അമ്മേം മോളും..ഏതായാലും കൊള്ളാം..അകത്ത് ഇതുപോലത്തെ വേഷമൊക്കെ മതി..നമുക്ക് നാളെ പോയി വാങ്ങാം…” “മ്മ്ഹ് വേണ്ടാ…എനിക്ക് മാഷിന്റെ ഷർട്ടും ടീ ഷർട്ടും ഒക്കെ മതി..”

“എന്ത്…അതെന്തിനാ എന്റെ…?? ഞാൻ അത്ഭുതത്തോടെ ചോദിച്ചതുകേട്ട് അവൾ വിരലിൽ ഉയർന്ന് എന്റെ ചെവിക്കരുകിൽ ചുണ്ടുകൾ ചേർത്തു.. “ഇതിൽ നിറയെ എന്റെ മാഷേട്ടന്റെ ഗന്ധമാണ്..അതെനിക്ക് ആവോളം ആസ്വദിക്കണം…” അവൾ പറഞ്ഞതുകേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..ഞാൻ ആണോ എന്ന അർഥത്തിൽ ദേവൂനെ നോക്കി..പെണ്ണ് നാവ് പുറത്തേക്ക് നീട്ടി എന്നെ കൊഞ്ഞനം കുത്തി കാണിക്കാ.. “മാഷേ നാളെ എന്നെ അമ്പലത്തിൽ കൊണ്ടുപോണേ..ഇവിടുന്ന് ഒറ്റക്ക് പോകാൻ നിക്ക് അറിയില്ല..” “ഒഞ്ഞു പോയെടി..എനിക്കതല്ലേ പണി..അറിയില്ലേൽ പോണ്ട..അല്ല പിന്നെ..”

അതുംപറഞ്ഞ് ഞാൻ മുഖം കോട്ടി റൂമിലേക്ക് നടന്നു…പെണ്ണ് പുറകിൽനിന്ന് മാഷേ കൊണ്ടുപോകുവോ എന്നൊക്കെ ചോദിച്ച് ചിണുങ്ങുന്നുണ്ട്… ഞാൻ ചിരി കടിച്ചുപിടിച്ച് അവളെ മൈൻഡ് ആക്കാതെ പോയി..

“നമുക്ക് മോൾടെ അച്ഛനോട് ഒന്ന് സംസാരിച്ചു നോക്കിയാലോ കണ്ണാ..ചിലപ്പോ ദേഷ്യമൊക്കെ മാറിയാലോ..” പ്ലേറ്റിലേക്ക് ഫുഡ് വിളമ്പുന്നതിനിടയിൽ ഗീതമ്മ പറയുന്നതുകേട്ട് ഞാൻ മാഷിനെനോക്കി..ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ ആ മുഖം വരിഞ്ഞു മുറുകിയിട്ടുണ്ട്.. “അതിന്റെ ആവശ്യമില്ല…ഇത്രയും നാളായിട്ടും തോന്നാത്ത ഒന്നും ഇനി അങ്ങോട്ടും തോന്നാൻ പോകുന്നില്ല..”

മാഷ് ദേഷ്യത്തിൽ അതുംപറഞ്ഞ് കഴിപ്പ് തുടർന്നു…

ഗീതമ്മ ഇവനെന്താ ഇങ്ങനെ എന്ന മട്ടിൽ മാഷിനെനോക്കിയിട്ട് പിന്നെ എന്നെനോക്കി ഒന്നുമില്ലെന്ന് കണ്ണുചിമ്മി കാണിച്ചു.. ഞാൻ ഒരു മങ്ങിയ ചിരി ചിരിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി…പെട്ടെന്നാണ് എനിക്ക് വേറൊരു കാര്യം ഓർമ്മ വന്നത്…ഞാൻ ഗീതമ്മയെ തൊണ്ടി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു..

അപ്പൊ ഗീതു പെട്ടെന്ന് ഓർമ്മ വന്നതുപോലെ തമ്പ്സ് അപ്പ്‌ കാണിച്ചു.. “കണ്ണാ…നീ നാളെ മോളെയൊന്ന് അമ്പലത്തിൽ കൊണ്ടുപോണേ…” ഗീതമ്മ മാഷിനെനോക്കി പറഞ്ഞതും മാഷ് പെട്ടെന്ന് എന്നെനോക്കി..അത് പ്രതീക്ഷിച്ചപോലെ ഞാൻ പെട്ടെന്ന് പ്ലേറ്റിലേക്ക് നോട്ടം മാറ്റിയിട്ട് ഇടംകണ്ണിട്ട് മാഷിനെ നോക്കി…സിവനെ ഫുൾ ഫോക്കസ് എന്നിൽ ആണ്…ഞാൻ ദയനീയമായി പ്ലീസ് എന്ന് പതിയെ പറഞ്ഞു..

“എന്നാ ഒരു കാര്യം ചെയ്യാം..അമ്പലത്തിന്റെ അടുത്ത് ഞാനൊരു വീട് എടുത്ത് തരാം..കിടപ്പും കുടിയും അവിടെത്തന്നെ ആക്കിക്കോ…”

“ദൈവദോഷം പറയാതെടാ ചെക്കാ…നീയൊട്ട് നന്നാവത്തും ഇല്ല..നല്ല രീതിയിൽ പോകുന്നവരെ അതിന് സമ്മതിക്കുകയും ഇല്ല…”” “ഓ…ഇനി അതിന്റെ പേരിൽ രണ്ടുംകൂടി എന്റെ ചെവി തിന്നണ്ട..രാവിലെ കൊണ്ടുപോയേക്കാം..”

അതുംപറഞ്ഞ് മാഷ് കൈ കഴുകാൻ എഴുന്നേറ്റ് പോയി…ഞാൻ മിഷൻ വിജയിച്ച സന്തോഷത്തിൽ ഗീതമ്മക്ക് ഒരു ഉമ്മയും കൊടുത്തു..

നേരംകൊറേ ആയിട്ടും പെണ്ണിന്റെ പൊടിപോലും കാണാത്തതുകൊണ്ട് ഞാൻ അവളെ തിരഞ്ഞ് ഗീതുവിന്റെ റൂമിലേക്ക് പോയി.. നോക്കുമ്പോൾ അമ്മയും മോളും കൂടി ബെഡ്ഷീറ്റ് ഒക്കെ വിരിച്ച് ബെഡ് സെറ്റ് ആക്കാ.. “ഡീ…നീ കിടക്കുന്നില്ലേ…ഇവളുടെ റൂം മുകളിൽ അല്ലേ ഗീതു..?? ഞാൻ ചോദിച്ചതുകേട്ട് പെണ്ണ് ഗീതുവിന്റെ കയ്യിൽ കൈ കോർത്തുപിടിച്ച് നിഷ്കു ആയി നിന്നു.. “മോള് ഇന്ന് എന്റെ കൂടെയാ കണ്ണാ കിടക്കുന്നത്…നീ പോയി കിടന്നോ…ഗുഡ്‌ നൈറ്റ്..” സുഭാഷ്…ഇവളോട് കുറച്ചുനേരം സൊള്ളിയിട്ടൊക്കെ പതിയെ കിടക്കാം എന്ന് വിചാരിച്ച ഞാൻ ആരായി..ആഹ് അതന്നെ..ഇവൾക്ക് എന്തിന്റെ അസുഖമാ..

“എന്തിന്..അതിന്റെ ആവശ്യമില്ല..പോടീ പോയി നിന്റെ റൂമിൽ കിടക്ക്..പോ..”

“ഇല്ലാ…മാഷിനെന്താ ഞാൻ ഗീതമ്മയുടെ കൂടെയാ കിടക്കുന്നത്..” അതുംപറഞ്ഞ് അവൾ ഗീതുവിനെ കെട്ടിപ്പിടിച്ചു..ഓഓ ഇതിനെയൊക്കെ..കല്യാണം കഴിഞ്ഞിരുന്നെങ്കിൽ പൊക്കിയെടുത്തോണ്ട് പോകാമായിരുന്നു..ഇതിപ്പോ ഗീതു എന്ത് വിചാരിക്കും😌 അവര് അപ്പൊത്തന്നെ എന്നെയൊന്നു മൈൻഡ് പോലും ചെയ്യാതെ ബെഡിൽ കയറി അടയും ചക്കരയും പോലെ കെട്ടിപ്പിടിച്ച് കിടന്നു..ഏഈ മകന് പ്രാണവേദന അമ്മക്ക് വീണവായന എന്ന അവസ്ഥയാണ് എനിക്കിപ്പോ… “ഹാ…നീ പോയില്ലേ…പോയി കിടന്നുറങ്ങെടാ…” ഗീതു കണ്ണ് തുറന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ വായുംപൊളിച്ച് അങ്ങനെതന്നെ നിന്നു..

പെണ്ണ് അപ്പുറത്ത് കിടന്ന് നല്ല അന്തസ്സായി എന്നെനോക്കി കോക്രി കാണിക്കാ..അങ്ങനെയിപ്പൊ നീ സുഗിക്കണ്ട.. “അതേയ് ഞാനും ഇന്ന് ഇവിടെയാ കിടക്കുന്നത്..വെറുതെ എന്തിനാ ഞാൻ മാത്രം ഒറ്റക്ക് കിടക്കുന്നത്..” ഞാൻ അതുംപറഞ്ഞ് ഓടി ഗീതുവിന്റെ ഒരു സൈഡിൽ കിടന്നു..അപ്പുറത്തെ സൈഡിൽ എന്റെ പെണ്ണ് ആണ്..അവിടെ ശെരിയാവൂലല്ലോ.. “എന്തോന്ന് എന്തോന്ന്…എണീറ്റു പോയെടാ ചെക്കാ…അവനൊരു ഇള്ളക്കുട്ടി വന്നിരിക്കുന്നു..”

“ഹാ…ഈ ഗീതുവിന് എന്താ…ഞാൻ ഇവിടെ കിടന്നു എന്ന് വച്ചിപ്പൊ എന്താ…??? “നിന്നെ എനിക്ക് തീരെ വിശ്വാസം പോരാ…” ഗീതു അത് പറഞ്ഞപ്പോൾ അപ്പുറത്തുനിന്ന് ഒരു അടക്കി ചിരി കേട്ടു..ഞാൻ തലയുയർത്തി നോക്കിയപ്പോൾ അവൾ ഉറങ്ങിയപോലെ കിടന്നു.. “അയ്യേ…ഞാൻ അങ്ങനെ ചെയ്യോ ഗീതു…അതും ഗീതു ഉള്ളപ്പോൾ..” ഞാൻ നിഷ്കു ആയി ചോദിച്ചു..

“മ്മ്…ആ ബോധം ഉണ്ടായാൽ നന്ന്..ഒരു മതിൽ ആയി ഞാൻ ഇവിടെയുള്ള കാര്യം രണ്ടും മറക്കണ്ട..”

ഞാൻ അതുകേട്ട് ഇളിച്ചുകൊണ്ട് കിടന്നു..കുറച്ചുകഴിഞ്ഞ് ഗീതു ഉറങ്ങിയെന്ന് ഉറപ്പായുപ്പോൾ ഞാൻ പതിയെ എന്റെ കൈ എടുത്ത് ഗീതുവിന് മുകളിലൂടെ ദേവൂട്ടിയെ ചേർത്തുപിടിച്ച് കണ്ണടച്ച് കിടന്നു..അപ്പോഴേക്കും കുരിപ്പ് എന്റെ കയ്യിൽ ഒരു അടാർ നുള്ള് തന്നതും ഞാൻ എരിവ് വലിച്ചുകൊണ്ട് അവളെ തലപൊക്കി നോക്കി..

അപ്പൊ പെണ്ണ് തൊട്ടാൽ ഇടി കിട്ടും എന്ന് ആംഗ്യം കാണിച്ചു…ഞാൻ അവളെനോക്കി ദേഷ്യംപിടിച്ചിട്ട് തിരിഞ്ഞുകിടന്നു… അല്ലപിന്നെ…ഇനി എന്റെ പട്ടി തൊടും അവളെ..ഞാൻ സ്നേഹത്തിന്റെ കരം നീട്ടുമ്പോൾ അവൾ യുദ്ധത്തിന്റെ സിംബൽ കാണിക്കുവാ… കുറച്ചുകഴിഞ്ഞപ്പോൾ ഒരു കരം വന്ന് എന്റെ കവിളിൽ ചെറുതായി പിടിച്ചുവലിച്ചു..

അതാരാണെന്ന് മനസ്സിലായതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..പിന്നെ കൂടുതൽ ജാഡ കാണിക്കാതെ ആ കൈകൾ ചുണ്ടോട് ചേർത്ത് ഞാൻ നിദ്രയെ പുൽകി…

തുടരും…

നീളമുള്ള വലിയ പാർട്ടാണെ, എല്ലാവരും ലൈക്ക് ചെയ്യണേ, അഭിപ്രായങ്ങൾ അറിയിക്കണേ…

എങ്കിൽ അടുത്ത ഭാഗവും ഉടൻ ഇടാം…

രചന: ശീതൾ