Breaking News
Home / Stories / മോൾക്ക് അടുക്കള പണി നല്ല പരിചയം ഇല്ല അല്ലെ.. സാരമില്ല കുറച്ച് കഴിയുമ്പോൾ ശീലമായിക്കോളും….

മോൾക്ക് അടുക്കള പണി നല്ല പരിചയം ഇല്ല അല്ലെ.. സാരമില്ല കുറച്ച് കഴിയുമ്പോൾ ശീലമായിക്കോളും….

രചന : ഗിരീഷ് കാവാലം

“ലച്ചു…. ഇനിമുതൽ താൻ ഗ്രൗണ്ടിൽ ഇറങ്ങിയേ പറ്റൂ ”

“എന്താ ജിനുവേട്ടാ..”

“എന്റെ ട്രാൻസ്ഫർ വന്നു … കുട്ടനാട്ടിലെ പുളിങ്കുന്ന് ബ്രാഞ്ചിലേക്ക്.. പോക്ക് വരവ് ദൂരമാ ജങ്കാർ ഒക്കെ കയറി വേണം പോകാൻ ”

“അതുകൊണ്ട് അടുത്ത ആഴ്ച മുതൽ താൻ ഒറ്റക്ക് തന്നെ പാചകം ചെയ്യേണ്ടി വരും… യൂട്യൂബ് കാഴ്ച ഒക്കെ ഇനി കുറച്ചേ പറ്റൂ ”

ജിനു പറഞ്ഞു തീർന്നതും ചായ കുടിച്ചുകൊണ്ടിരുന്ന ലച്ചുവിന്റെ നിറുകയിൽ ചായ കയറി.. അവൾ ചുമയോട് ചുമയായി..

“എടോ താൻ പേടിക്കണ്ടടോ..രാവിലത്തെ കാര്യം കുഴപ്പം ഇല്ല ഞാൻ ഉണ്ടാക്കിക്കോളാം ഉച്ചക്കുള്ളതും വൈകിട്ടത്തെയും മാത്രം നോക്കിയാൽ മതി ”

ഇതുവരെ നല്ലതായിരുന്നു. വീടിനടുത്തുള്ള ബ്രാഞ്ചിൽ ജോലിക്ക് പോയ്കൊണ്ടിരുന്നത് രാവിലത്തെയും ഉച്ചക്കലത്തേയും ആഹാരം പാകം ചെയ്തു വച്ച ശേഷം ആയിരുന്നു.. കുക്കിങ്ങിൽ വളരെ താല്പര്യം ഉണ്ടായിരുന്ന ജിനു രാത്രിയിലേക്കുള്ള ഭക്ഷണവും ബാങ്കിൽ നിന്ന് വന്ന ശേഷം ആയിരുന്നു ഉണ്ടാക്കാറുള്ളത്.. ലച്ചു കേവലം ഒരു ഹെൽപർ മാത്രം ആയിരുന്നു

ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ മകൾ ആയ ലച്ചു സ്വന്തം വീട്ടിൽ പാചകക്കാരി ചേച്ചി ഉണ്ടാക്കുന്നത് മാത്രം കഴിച്ചു ശീലിച്ചവൾ.

തങ്ങളുടെ കുടുംബത്തേക്കാൾ വളെരെ താഴ്ന്നത് ആയിരുന്നു എങ്കിലും ജിനുവിന്റെ ആകർഷകമായ ബാങ്ക് ജോലി കണ്ടുകൊണ്ട് മാത്രം ആയിരുന്നു ഈ ബന്ധം നടന്നത്

“ഇത്രയും പറഞ്ഞപ്പോഴേക്കും മൂഡ് ഔട്ട് ആയോ താൻ”

“അമ്മ ഇപ്പോഴും റെഡിയാ പണി ചെയ്യാൻ പക്ഷേ ബൈപാസ് സർജറി കഴിഞ്ഞതല്ലേ ശരീരം അനങ്ങരുതെന്നു ഡോക്ടർമാർ പ്രത്യേകം പറഞ്ഞിട്ടുള്ളതാ”

“വേലക്കാരിയെ വെക്കണോ… വെക്കാം പക്ഷേ അത് തനിക്കും കൂടി നാണക്കേടല്ലേ… ഒരു പെണ്ണ് വീട്ടിൽ ഉള്ളപ്പോൾ പണിക്ക് ഒരു വേലക്കാരി എന്ന് പറഞ്ഞാൽ ”

“ഇതുവരെ വീട്ടുപണിയൊന്നും ചെയ്യാത്ത കുട്ടിയാ അത്. നീ വീട്ടുജോലിക്ക് ആരെയെങ്കിലും കിട്ടുവോന്നു നോക്ക് ജിനു”

സാവിത്രിയമ്മ പറഞ്ഞു

“ഉം നോക്കട്ടെ അമ്മേ..”

“തത്കാലം ചെയ്യട്ടെ. അമ്മ ചെയ്യേണ്ടവിധങ്ങൾ ഒക്കെ പറഞ്ഞുകൊടുത്താൽ മതി”

അതിരാവിലെ എഴുന്നേൽക്കുന്ന ജിനു ബ്രേക്ക്‌ഫാസ്റ്റിനുള്ളത് റെഡിയാക്കിയ ശേഷം ആയിരുന്നു പുതിയ ജോലിസ്ഥലത്തേക്ക് പോയിരുന്നത്

സാവിത്രിയമ്മ പറഞ്ഞു കൊടുത്തതനുസരിച്ചു അടുക്കളയിലേക്ക് കാൽ വച്ച ലച്ചുവിന് പാചകം ബാലികേറാമലയായി

“അയ്യോ മോളെ എന്ത് പറ്റി…. എന്തിനാ കരയുന്നെ

അടുക്കളയിലേക്ക് കയറി വന്ന അയൽക്കാരിയായ വായാടി തള്ള, കണ്ണ് നീര് തുടച്ചുകൊണ്ട് നിൽക്കുന്ന ലച്ചുവിനെ കണ്ടു ചോദിച്ചു

“ഏയ്‌ ഒന്നുമില്ല അമ്മേ.. സവാള അരി ഞ്ഞതാ ”

“എന്റെ ശിവനെ അത്രേ ഉള്ളൂ..മോൾക്ക് അടുക്കള പണി നല്ല പരിചയം ഇല്ല അല്ലെ.. സാരമില്ല കുറച്ച് കഴിയുമ്പോൾ ശീലമായിക്കോളും..”

“അല്ല സാവിത്രി എന്തിയെ. ?

“അമ്മ കുളിക്കുവാ”

“മോളെ ഈ അടുക്കള പണിയാ ലോകത്തിലേക്ക് ഏറ്റവും വലിയ ജോലി..ങാ..ആണുങ്ങൾക്ക് എന്താ അവരുടെ ജോലി കഴിഞ്ഞ് വന്നാൽ പിന്നെ ഒന്നും നോക്കണ്ടല്ലോ..നമ്മൾ പെണ്ണുങ്ങളുടെ ലോകം ഈ അടുക്കളയുടെ നാല് ചുവരാ ”

“ആ തള്ള പറഞ്ഞതാ ശരി.. ഏറ്റവും ബുദ്ധിമുട്ടുള്ള പണി തന്നെയാ അടുക്കള പണി ”

അയക്കാരി തള്ള പോയിട്ടും അവർ പറഞ്ഞ വാക്കുകളിൽ കുടുങ്ങികിടക്കുകയായിരുന്നു

താൻ ഈ അടുക്കളയിൽ കിടന്നു നരകിക്കത്തെ ഉള്ളൂ.. നാളെ കുട്ടികൾ കൂടി ആയാൽ താൻ ഒരു വീട്ടമ്മയായി ഈ നാല് ചുവരുകൾക്കിടയിൽ ഒതുങ്ങി കൂടും..എന്തോ ഐഡിയ മനസ്സിൽ ഉദിച്ചിട്ടെന്നവണ്ണം ലിച്ചുവിൽ ഒരു നേർത്ത പുഞ്ചിരി വിടർന്നു

“കൺഗ്രാറ്റ്ലേഷൻസ്..ഞാൻ പ്രതീക്ഷിച്ചപോലല്ലടോ.. തന്റെ കറികൾക്ക് ടേസ്റ്റ് ഉണ്ട് ട്ടോ.. അമ്മേടെ നിർദേശം ആണെങ്കിലും ”

“എന്താടോ ഒന്നും മിണ്ടാത്തെ”

തന്റെ കോമ്പ്ലിമെന്റ്സിന് മറുപടിയോ പുഞ്ചിരി യോ കിട്ടാത്തതുകൊണ്ട് ജിനു ചോദിച്ചു

“ഏയ്‌ ഒന്നുമില്ല ഏട്ടാ… ഞാൻ ആലോചിക്കുവാരുന്നു PSC ക്ക് ട്രൈ ചെയ്താലൊന്നു”

“ആഹാ അത് കൊള്ളാല്ലോ… ഞാൻ ഫുൾ സപ്പോർട്ട് എന്റെ ഹെല്പ് തീർച്ചയായും ഉണ്ടാകും… നാളെ തന്നെ ബുക്കുകൾ ഒക്കെ വാങ്ങി തരാം ട്ടോ”

“താൻ റാങ്ക് ലിസ്റ്റിൽ വന്നാൽ അന്ന് തന്നെ വീട്ടു ജോലിക്ക് ഒരാളെ ഏർപ്പെടുത്താം”

അടുത്ത ദിവസം തന്നെ ജിനു പഠിക്കുവാനുള്ള ബുക്കുകൾ വാങ്ങി കൊണ്ടുവന്നു വീടിന്റെ ഏറെ അകലെ അല്ലാത്ത കോച്ചിങ് ക്യാമ്പിലേക്കുള്ള സൺ‌ഡേ ക്ലാസിനുള്ള അഡ്മിഷനും എടുത്തു

“മോളെ നീ പോയിരുന്നു പഠിച്ചോ പാചകം ഞാൻ ചെയ്തോളാം.. പക്ഷേ ജിനു ഇത് അറിയല്ല് ഞാനാ പാചകം ചെയ്തതെന്ന്.. ഇത് നമ്മൾ രണ്ട് പേരുടെ ഉള്ളിൽ തന്നെ ഇരുന്നാൽ മതി”

ആ ഐഡിയ ലച്ചുവിന് ഇഷ്ടമായി അവൾ സന്തോഷത്തോടെ തന്റെ റൂമിലേക്ക്‌ പോയി ബുക്കുമായി ഇരുന്നു

“അല്ല ലച്ചു തന്റെ കുക്കിങ് കൊള്ളാല്ലോ ഇത്ര പെട്ടന്ന് താൻ ക്യാച്ച് ചെയ്തോ..”

അന്ന് വൈകിട്ട് ഡെയിനിങ് ടേബിളിൽ ഭക്ഷണത്തിനിടയിൽ ജിനു ചോദിച്ചു

“ഞാൻ യന്ത്രികമായി ചെയ്യുന്നു എന്ന് മാത്രം അമ്മയുടെ നിർദ്ദേശത്തിലല്ലേ പാചകം”

പകൽ മുഴുവനും തീർത്തും അലസതയില്ലാതെ ലച്ചു ബുക്കുകളിലും സാമ്പിൾ ചോദ്യപേപ്പറിലും മുഴുകി

“ദേ നമ്മൾ പെണ്ണുങ്ങൾ ഈ അടുക്കളയിൽ തന്നെ ജീവിതം തീർക്കേണ്ടവരാ”

അലസത വരുമ്പോൾ എല്ലാം അയൽക്കാരി തള്ളയുടെ ആ വാക്കുകൾ ആണ് ലച്ചുവിന് തുടർന്ന് പഠിക്കുന്നതിനുള്ള മോട്ടിവേഷൻ ആയത്

“ലച്ചു ഒരു കാര്യം പറയട്ടെ ”

“തന്റെ പാചകം അമ്മയെ കടത്തി വെട്ടിയിരിക്കുന്നു…”

“ഓ കളിയാക്കണ്ട…”

ജിനുവിന്റെ അഭിനന്ദനങ്ങൾ ക്ക് മറുപടി എന്നവണ്ണം പറഞ്ഞു

“സത്യമായിട്ടും പറഞ്ഞതാടോ”

“ങാ…എന്റെ ഡാറ്റാ തീർന്നു തന്റെ മൊബൈൽ ഇങ്ങ് തന്നെ”

“ങേ… യൂട്യൂബ് എവിടെ പോയി”

ജിനു ലച്ചുവിനെ തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു പോയി

“ഡി ആക്റ്റീവേറ്റ് ചെയ്തു”

“ങേ….യൂട്യൂബിനു അഡിക്റ്റ് ആയ താൻ ഡി ആക്റ്റീവേറ്റ് ചെയ്തെന്നോ”

ജിനു അവളെ തന്നെ പുഞ്ചിരിയോടെ നോക്കിയിരുന്നു

പകലും രാത്രിയിലും ഉള്ള സ്വയം പഠനവും ഞായറാഴ്ച്ച കോച്ചിങ് ക്ലാസ്സിലെ പഠിത്തവും, ജിനുവിന്റെ ട്യൂഷനും ഫലം കണ്ടു

ആദ്യ ടെസ്റ്റിൽ തന്നെ റാങ്ക് ലിസ്റ്റിൽ വന്നു

ആ സന്തോഷം ലച്ചുവിനെ സംബന്ധിച്ചോളം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു

ആ സന്തോഷത്തിൽ അടുത്ത ദിവസം രാവിലെ ദേവി ക്ഷേത്രത്തിൽ വഴിപാട് കഴിക്കാൻ പോയ ലച്ചു തിരിച്ചു വരുമ്പോൾ അയൽക്കാർ വീടിന് മുന്നിൽ കൂടി നിൽക്കുന്നതാണ് കണ്ടത്

“മോളെ സാവിത്രിക്ക് അറ്റാക്ക് വന്നു ആശുപത്രിയിൽ കൊണ്ടുപോയി… കൊണ്ടുപോകുമ്പോൾ അനക്കം ഒന്നും ഇല്ലായിരുന്നു.. എന്റെ ദേവി കാത്ത് രക്ഷിക്കണമേ ”

ആധിയോടെ സ്കൂട്ടി ഗേറ്റിനുള്ളിൽ നിർത്തിയതും വായാടി തള്ളയുടെ വാക്കുകൾ കേട്ട ലച്ചു ഷോക്ക് അടിച്ചപോലെ ഇരുന്നു

“അതേ മോളെ വഴിയേ പോയ ഒരാളാ സാവിത്രിയേച്ചി മുറ്റത്ത് വീഴുന്നത് കണ്ടത്”

“അയാൾ ഒച്ച വെച്ചത് കേട്ടാ ഞങ്ങൾ എല്ലാം അറിഞ്ഞത്”

“എന്റെ മകനും, അങ്ങാപ്പുറത്തെ ജയനും കൂടി ഞങ്ങളുടെ കാറിലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്”

മറ്റൊരു അയൽവാസി പറഞ്ഞു

“ജിനുവിനെ വിളിച്ചു പറഞ്ഞു അവൻ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട് ”

“മോളെ വിളിച്ചിട്ട് ബെൽ അടിക്കുന്നുണ്ടായിരുന്നു പക്ഷേ കിട്ടിയില്ല.. അമ്പലത്തിൽ പോയതല്ലേ കൊണ്ടുപോയി കാണില്ലന്ന് വിചാരിച്ചു”

ലച്ചുവിന്റെ അതുവരെ ഉണ്ടായിരുന്ന സന്തോഷം പെട്ടന്ന് അപ്രത്യക്ഷമായി..അവളുടെ കണ്ണ് നിറഞ്ഞു..

സ്കൂട്ടി മുറ്റത്തു വച്ചിട്ട് അവൾ അകത്തേക്ക് കയറി

ബെഡ് റൂമിൽ കയറിയ അവൾ തലയിണയിൽ മുഖം പൊത്തി കമിഴ്ന്നു കിടന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“ഇതിനെല്ലാം കാരണം താൻ ഒറ്റ ഒരാൾ മാത്രമാ”

“ജിനുവേട്ടൻ അറിയാതെ അമ്മയെ കൊണ്ടു താൻ വീട്ടു ജോലി ചെയ്യിച്ചു..”

“താൻ സ്വാർത്ഥതക്കാരി ആണ്. സ്വന്തം കാര്യ സാധ്യത്തിനായി ആവതില്ലാത്ത അമ്മയെ കൊണ്ടു പണി ചെയ്യിപ്പിച്ചു..”

നിരാശാബോധം അവളിൽ ഉണർന്നു

മൈബൈൽ എടുത്തു നോക്കിയ ലച്ചു കാണുന്നത് തനിക്ക് വന്ന ജിനുവേട്ടന്റെ ഒന്നിലധികം മിസ്സ്ഡ് കോളുകൾ

അപ്പോൾ വന്ന ജിനുവിന്റെ കാൾ വിറയലോടെ ആണ് അവൾ അറ്റൻഡ് ചെയ്തത്

മറുതലക്കൽ നിന്ന് കേട്ട ആ വാക്കുകൾ അവളുടെ മുഖഭാവത്തിൽ ഞൊടിയിടയിൽ മാറ്റം വരുത്തി

“ദേവീ “”

നെടുവീർപ്പോടെ അവൾ നെഞ്ചിൽ കൈവെച്ചു

‘അമ്മക്ക് ഓക്കേ ആണ്… കാൽ തട്ടി ചെറുതായി ഒന്ന് വീണതായിരുന്നു.. വീണ സമയം ചെറിയ ഒരു നൂൽ കമ്പി ഷോൾഡറിൽ കൊണ്ടു സ്വല്പം മുറിവ് ഉണ്ടായതെ ഉള്ളൂ.. അല്ലാതെ ഒരു കുഴപ്പവും ഇല്ല”

ഉച്ചക്ക് ശേഷം അമ്മയെയും കൊണ്ട് തിരിച്ചു വീട്ടിൽ എത്തിയത് കണ്ടപ്പോൾ ആണ് ലച്ചുവിന്റെ ശ്വാസം നേരെ ആയത്

അടുത്ത ദിവസം അവധി എടുത്ത ജിനു ഉണർന്നപ്പോൾ ലച്ചുവിനെ ബെഡ്‌ഡിൽ കണ്ടില്ല

മെല്ലെ നടന്നു അടുക്കളയിൽ ചെന്നപ്പോൾ പതിവിലും സന്തോഷത്തോടെ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു ലച്ചു

“എടോ… ഒരു സർപ്രൈസ് ഉണ്ട്..”

ചോദ്യഭാവേന ലച്ചു മുഖം ഉയർത്തി

“നാളെ മുതൽ ഒരു ചേച്ചി നമ്മുടെ വീട്ടു ജോലിക്കായി എത്തും… എന്താ സന്തോഷമായോ”

അത് കേട്ടതും ലച്ചുവിന്റെ മുഖം അല്പം ഒന്നിരുണ്ടു

” തുള്ളി ചാടണ്ടതിന് പകരം താൻ എന്താടോ കിളി പോയപോലെ നിൽക്കുന്നെ”

“വേണ്ട ഏട്ടാ.. വീട്ടു പണിക്ക് ആരെയും നിർത്തണ്ട.. ജോലിക്ക് പോകാൻ തുടങ്ങിയാലും ഞാൻ തന്നെ ചെയ്തോളാം”

ജിനുവിന് വിശ്വസിക്കാൻ കഴിയാത്ത വാക്കുകൾ ആയിരുന്നു അത്

പെറ്റതല്ലെങ്കിലും അമ്മയോട് ചെയ്യാവുന്ന പ്രായാശ്ചിത്തം ഇത് മാത്രമേ ഉള്ളൂ

അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ഒരു നെടുവീർപ്പോടെ ജിനുവിനോട് ചേർന്ന് നിന്നു

അത് കേട്ടുകൊണ്ട് അടുത്ത മുറിയിൽ കിടക്കുവായിരുന്ന സാവിത്രിയമ്മയുടെ കണ്ണും നിറഞ്ഞു പോയി….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : ഗിരീഷ് കാവാലം

About Webdesk

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super