Breaking News
Home / Stories / ദേവന് അഭിരാമിറ്റീച്ചറിനെ ഇഷ്ടമായിരുന്നു അല്ലേ….? ചോദ്യം പെട്ടെന്നായിരുന്നതു കൊണ്ട് ഞാൻ ചെറുതായി ഒന്നു നടുങ്ങി….

ദേവന് അഭിരാമിറ്റീച്ചറിനെ ഇഷ്ടമായിരുന്നു അല്ലേ….? ചോദ്യം പെട്ടെന്നായിരുന്നതു കൊണ്ട് ഞാൻ ചെറുതായി ഒന്നു നടുങ്ങി….

രചന : ദേവ ഷിജു.

“ദേവന് അഭിരാമിറ്റീച്ചറിനെ ഇഷ്ടമായിരുന്നു അല്ലേ….? ”

ചോദ്യം പെട്ടെന്നായിരുന്നതു കൊണ്ട് ഞാൻ ചെറുതായി ഒന്നു നടുങ്ങി. എന്റെ കയ്യിലിരുന്ന ബുക്കുകൾ ഡെസ്കിന്റെ മുകളിലേക്കു വീണു ചിതറി.

എന്റെ പതറിയ നോട്ടം ഒരു നിമിഷം മാത്രം നയനറ്റീച്ചറുടെ മുഖത്തു പതിഞ്ഞു. അഭിരാമിറ്റീച്ചർ സ്ഥലം മാറിപ്പോയപ്പോൾ പകരം വന്നയാളാണ്.

“സോറി ടീച്ചറേ…!”

പെട്ടെന്നു തന്നെ ഡെസ്കിന്റെ മുകളിലും താഴെയുമായി വീണുകിടന്ന ബുക്കുകൾ പെറുക്കിയടുക്കി വച്ചിട്ട് ഞാൻ സ്റ്റാഫ്‌ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.

അവിടെ മറ്റു ടീച്ചേഴ്‌സ് ആരുമില്ലാതിരുന്നത് ഭാഗ്യം.

നയനറ്റീച്ചർ ചാർജെടുത്തിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. അഭിരാമിറ്റീച്ചർ സ്വന്തം നാട്ടിലേക്ക് മാറ്റം വാങ്ങിപ്പോയശേഷം പതിനേഴു ദിവസങ്ങൾ ആ കസേര ആളില്ലാതെ അങ്ങനെ തന്നെ കിടന്നു

വല്ലാത്തൊരു പിടപ്പായിരുന്നു മനസ്സിൽ.

നിറയെ തേനീച്ചകളുള്ള കൂടിന്റെ നടുവിലെ അറയിൽ നിന്നും റാണി ഇറങ്ങിപ്പോയതുപോലെ!

തേൻ കുടിച്ചു വറ്റിച്ച് മറ്റു തേനീച്ചകളെല്ലാം പറന്നു പോയതുപോലെ!

ശൂന്യമായിപ്പോയ തേനറകൾക്കു നടുവിലൂടെ താൻ മാത്രം ഒറ്റയ്ക്കു നടക്കും പോലെ

ചിരിച്ചും ജോലിയിൽ ശ്രദ്ധിച്ചും മാത്രം നടന്നിരുന്ന ദേവനിലെ മാറ്റം ആദ്യം മനസ്സിലായത് അച്ഛനു തന്നെയായിരുന്നു.

“എന്താടോ പറ്റിയത്….? കനമുള്ളതു വല്ലോം ചങ്കിനുള്ളിൽ കേറ്റി വച്ചിട്ടുണ്ടോ…?” കയ്യിലിരുന്ന പുസ്തകത്തിന്റെ താളുകളിൽ നിന്നും അടർത്തിയെടുത്ത മിഴികളെ കണ്ണടയ്ക്കു മുകളിലൂടെ തന്റെ മുഖത്തു പതിപ്പിച്ചുവച്ച് ചെറു ചിരിയോടെ അച്ഛൻ ചോദിച്ചു..

“ഹേയ്……!” ചിരിച്ചെന്നു വരുത്തി തല വെട്ടിച്ചു നടന്നതേയുള്ളൂ ഞാൻ.

പക്ഷേ ഹെഡ്മാസ്റ്റർ ശശിധരൻ മാഷ് കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു.

“എന്താടോ പ്യൂൺ…. തന്റെ കയ്യിലെ വാച്ച് ചുണ്ണാമ്പിട്ടു വയ്ക്കാനുള്ളതാണോ…?”

കുട്ടികളുടെയും ടീച്ചർമാരുടെയും മുന്നിൽ വച്ചായിരുന്നു ഉച്ചത്തിലുള്ള ചോദ്യം.

ബെല്ലടിക്കാൻ അഞ്ചു മിനിറ്റു താമസിച്ചിരിക്കുന്നു.

ഹെഡ്മാസ്റ്ററുടെയും ടീച്ചർമാരുടെയും ചിരി കണ്ടപ്പോൾ അറിയാതെ തന്റെ നോട്ടം പോയത് അഭിരാമിറ്റീച്ചറുടെ കസേരയിലേക്കായിരുന്നു. ‘ദേവൻ’ എന്ന ഒറ്റ വിളി മതിയായിരുന്നു താണുപോയ തല ഉയരാനും മുഖത്തു പുഞ്ചിരി വിടരാനും.

“ദേവാ….. നിക്കൂന്നേ… ഞാനും ആ വഴിക്കു തന്നെയാ…”

വൈകുന്നേരം ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോഴാണ് പിറകിൽ നിന്നും നയനറ്റീച്ചറുടെ വിളി വന്നത്.

‘ദേവാ’ എന്നുള്ള അവരുടെ വിളിയിൽ വല്ലാത്തൊരു വിമ്മിഷ്ടം തോന്നി.

‘പ്യൂൺ’ എന്ന വിളിക്കുമപ്പുറം സ്വന്തം പേര് ആരെങ്കിലും വിളിച്ചു കേൾക്കാൻ കൊതിച്ച നാളുകളുണ്ട്. പക്ഷേ അഭിരാമിറ്റീച്ചറുടെ നാവിൽ നിന്ന് ‘ദേവാ’ എന്ന വിളി കേട്ടതിൽപ്പിന്നെ അങ്ങനെ മാറ്റാരു വിളിച്ചാലും ആ വിളിക്ക് അത്ര സൗന്ദര്യം പോരാ എന്നു തോന്നും.

“അഭിരാമിറ്റീച്ചറിനും ഇഷ്ടമായിരുന്നോ ദേവനെ….?”

നയനറ്റീച്ചർ വിടാനുള്ള ഭാവമില്ല.

അല്ല എന്നു പറയണോ അതേ എന്നു പറയണോ…? എനിക്കറിയില്ലായിരുന്നു അതിനുള്ള മറുപടി.

“ടീച്ചറിനോടാരാ ഇങ്ങനൊക്കെ പറഞ്ഞു തന്നത്…?” അവരുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപെടാൻ വേണ്ടി ഞാനൊരു മറുചോദ്യം ചോദിച്ചു.

“എല്ലാരും പറയുന്നു ടീച്ചർക്ക് ദേവനെ കാണുമ്പോൾ മാത്രം ഒരിളക്കം ഉണ്ടായിരുന്നുവെന്ന്….. ടീച്ചർ മാത്രം തന്നെ ‘പ്യൂൺ’ എന്നു വിളിക്കാറില്ലായിരുന്നുവെന്ന്…. ‘ദേവാ’ എന്ന വിളി കേട്ടാൽ അറിയാരുന്നു തന്നോടുള്ള ഇഷ്ടമെന്ന്…..” നയനറ്റീച്ചർ ചിരിച്ചു.

ഉള്ളിലെ കനലുകളെ ചാരം കൊണ്ടു മൂടി വച്ചു തുടങ്ങിയതായിരുന്നു.

അഭിരാമിറ്റീച്ചർക്ക് ട്രാൻസ്ഫർ ആയ കാര്യം താൻ മാത്രം അറിഞ്ഞിരുന്നില്ല, സ്റ്റാഫ് റൂമിൽ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകാൻ എല്ലാവരും ഒത്തു ചേരുന്നതു വരെ

ഒടുവിൽ കുട്ടികളോടും സ്കൂളിനോടും യാത്ര പറഞ്ഞ് പടിയിറങ്ങിപ്പോകുമ്പോഴും ടീച്ചർ മറന്നു ഒരാളെ….. തന്നെ മാത്രം!!

ഇനിയുമോർത്താൽ കണ്ണുകൾ നിറയുമെന്ന് എനിക്കുറപ്പായിരുന്നു.

“അതിപ്പോ ടീച്ചറും എന്നെ ദേവൻ എന്നല്ലേ വിളിക്കുന്നത്..?” ഞാൻ നയനറ്റീച്ചർക്കു മുഖം കൊടുക്കാതെ തല വെട്ടിച്ചു.

“അത് എനിക്കു ദേവനെ ഇഷ്ടമായതു കൊണ്ടല്ലേ…..” അവർ പൊടുന്നനെ പറഞ്ഞു.

എന്റെ കാലുകൾ റോഡിൽ പശചേർത്ത് ഒട്ടിച്ചതുപോലെ അനക്കാൻ വയ്യാതെയായി.

“അതല്ലേ ദേവന്റെ വീട്….?” ടീച്ചർ തിരിഞ്ഞു നിന്നു. അവരുടെ മുഖത്ത് ഒരു ചിരി മാത്രം.

ഞങ്ങളുടെ നോട്ടമെത്തുന്നിടത്ത് വീടിന്റെ മുന്നിലുള്ള തൊടിയിൽ റോഡിന്റെ അരികത്തായി അച്ഛൻ നിൽപുണ്ടായിരുന്നു.

“ദേവന്റെ അച്ഛനാല്ലേ….. എന്റെ പേരു നയന, ദേവന്റെ സ്കൂളിൽ പുതുതായി വന്ന ടീച്ചറാണ്…..”

നയനറ്റീച്ചർ രണ്ടു കൈകളും മുന്നിലേക്കു താഴ്ത്തിയിട്ട് തലയിളക്കിക്കൊണ്ട് അച്ഛനെ നോക്കിച്ചിരിച്ചു.

അവളുടെ ഇളം വെള്ളക്കളറിൽ ബ്രൗൺ പൂക്കളുള്ള കോട്ടൺ സാരിയുടെ മുന്താണി അതുവരെ തെരുപ്പിടിച്ചിരുന്ന കയ്യിൽനിന്നും മോചനം കിട്ടിയതോടെ അവളുടെ ദേഹത്തേക്ക് ഒട്ടിച്ചേർന്നും പറന്നു മാറിയും കാറ്റിൽ ഇളകിക്കളിച്ചും ഒരു കൊച്ചു കുട്ടിയെപ്പോലെ കുസൃതി കാട്ടാൻ തുടങ്ങി.

“ആഹാ….. നന്നായി…. എവിടെയാ മോൾടെ വീട്….?” അച്ഛൻ കയ്യിലിരുന്ന നീളമുള്ള കത്തി അടുത്തു നിന്ന വാഴയുടെ കൈയിൽ കൊത്തി വച്ചിട്ട് അല്പം കൂടി റോഡിന്റെ അരികിലേക്കു വന്നു.

“ദാ….. ആ വളവു തിരിഞ്ഞാൽ അപ്പുറത്ത്… ഇവിടുന്ന് ഒരു മൂന്നു നാലു വീടപ്പുറം…” അവൾ ചിരിച്ചു.

“ആഹാ…. ഞാനിതുവരെ കണ്ടിട്ടില്ലാട്ടോ…” അച്ഛന്റെ മുഖത്ത് ഒരു പ്രത്യേക വാത്സല്യം.

“അയ്യോ ഞങ്ങളിങ്ങോട്ടു വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ…. അച്ഛനുമമ്മയുമുണ്ട് ഒപ്പം….. അച്ഛനാണെങ്കിൽ പുതിയ സ്ഥലത്ത് ആരും പരിചയക്കാർ ഇല്ലാത്തേന്റെ ബുദ്ധിമുട്ട്….”

“അതിനെന്താ…. ഞാൻ പരിചയപ്പെടുത്താലോ…. എനിക്കിവിടം നല്ല പരിചയമാ… സ്ഥലവും ആളുകളും…” പുതിയൊരാളെ കൂട്ടിനു കിട്ടിയതിന്റെ എല്ലാ സന്തോഷവും അച്ഛന്റെ മുഖത്തുണ്ടായിരുന്നു.

“ഞാൻ അച്ഛനോടു പറയാം….. ”

നിറഞ്ഞു ചിരിച്ചുകൊണ്ട് ടീച്ചർ വീണ്ടും സാരിയുടെ മുന്താണിയെ കൈപ്പിടിയിലൊതുക്കി. കളിച്ചുകൊണ്ടിരിക്കുമ്പോൾ പിടിച്ചുകൊണ്ടു പോകുന്ന കുട്ടി അമ്മയോടു പരിഭവിക്കും പോലെ അത് ടീച്ചറുടെ കൈത്തണ്ടയിലെ സ്വർണ്ണ രോമങ്ങളെ തഴുകിയെഴുന്നേൽപ്പിച്ചു.

“ആഹ്…. രാവിലെ ദേവൻ എപ്പോഴാ സ്കൂളിൽ പോകുന്നത്…?”

എന്റെ വീടിന്റെ തൊടിയിലേക്കുള്ള ഇടവഴിയും കടന്ന് മുന്നോട്ടു നടക്കുമ്പോൾ ടീച്ചർ ഒരു വട്ടം കൂടി തിരിഞ്ഞു നിന്നു.

“ഞാൻ നേരത്തേ പോകും ടീച്ചറേ, എട്ടു മണിയാകുമ്പോൾ…..” ഞാൻ ഇടവഴിയിലേക്കു കയറി.

‘നാളെ ഞാനും വരാം…. എനിക്കു കുറച്ചു ബുക്കുകൾ നോക്കിത്തീർക്കാനുണ്ട്… ” എന്റെ മറുപടിക്കു കാത്തു നിൽക്കാതെ അവർ മുന്നോട്ടു നടന്നു.

“ഇതാണോ നിന്റെ നെഞ്ചിലെ ആ ഭാരം…..?” തൊടിയിൽ നിന്ന് അച്ഛനും എന്റെ പിന്നാലെ കൂടി.

അച്ഛന്റെ മുഖത്തെ കുസൃതിച്ചിരി കണ്ടപ്പോൾ എനിക്ക്‌ അതേയെന്നും അല്ലെന്നും പറയാൻ തോന്നിയില്ല.

പിറ്റേന്ന് ഞാനും ടീച്ചറും സ്കൂൾ ഗേറ്റു കടന്ന് മുറ്റത്തേക്ക് എത്തുമ്പോൾ അവിടം വിജനമായിരുന്നു.

ചാരിയിട്ടിരുന്ന ഗേറ്റ് തുറക്കുന്നതിന്റെ ശബ്ദം കേട്ടിട്ടാവാം ക്ലാസ്സ് മുറികൾ അടിച്ചു വൃത്തിയാക്കിക്കൊണ്ടിരുന്ന ലതേടത്തി പെട്ടെന്ന് പുറത്തേക്കിറങ്ങി വന്നു.

പതിവിലും ഒരുപാടു നേരത്തേ എന്നെ കണ്ടതുകൊണ്ടാവാം അവരുടെ മുഖത്ത് അങ്കലാപ്പ്. ഇന്നലെ രക്ഷപെടാൻ വേണ്ടി ടീച്ചറിനോടു പറഞ്ഞ കള്ളമാണ് ഈ സമയം. എന്നും എത്തുന്നതിനേക്കാൾ മുക്കാൽ മണിക്കൂർ നേരത്തേ സ്കൂളിൽ എത്തിയിരിക്കുന്നു.

‘എന്താ..?’ എന്നയർത്ഥത്തിൽ ലതേച്ചി കൈകൾ മലർത്തി.

‘ഒന്നുമില്ല’ എന്ന് ഞാൻ ചുമലുകൾ ഇളക്കിക്കാണിച്ചു.

അടിച്ചു വൃത്തിയാക്കിയ സ്റ്റാഫ് റൂം വെറുതേ ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ.

ഞാൻ ടീച്ചർക്കു വാതിൽ തുറന്നു കൊടുത്തു. നയനറ്റീച്ചറുടെ ഇരിപ്പിടത്തിനു മുന്നിലെ ഡെസ്കിൽ നോക്കിത്തീർക്കാനുള്ള ഒരു ബുക്കുപോലും ഇരിപ്പില്ല എന്ന് എനിക്കു മനസ്സിലായി.

പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ ‘L’ ഷെയിപ്പിലുള്ള സ്ക്കൂൾ കെട്ടിടത്തിന്റെ അവസാനത്തെ ക്ലാസ്സ്‌ മുറിയിലേക്ക് ഞാൻ നടന്നു.

മറക്കാൻ പറ്റാത്ത ഓർമ്മകളുള്ള ക്ലാസ്സ്‌ മുറി. ഈ മുറിയിലെ ഒരു ബെഞ്ചിൽ മലർന്നു കിടന്ന് മയങ്ങുമ്പോഴാണ് അഭിരാമിറ്റീച്ചർ ആദ്യമായി തന്റെയരുകിലേക്കു വന്നത്.

ആ മുറിയുടെ ജനാലയഴികൾക്കിടയിലൂടെ സ്റ്റാഫ് റൂം വ്യക്തമായി കാണാമായിരുന്നു.

നയനറ്റീച്ചർ ഇടയ്ക്ക് റൂമിൽ നിന്നും വെളിയിൽ വരുന്നതും വരാന്തയിൽ അങ്ങോളമിങ്ങോളം ആരെയോ തിരയുന്നതും ഞാൻ കണ്ടു.

സ്കൂളിലേക്ക് കുട്ടികൾ വന്നു തുടങ്ങിയിരുന്നു. പിന്നെയും ഏറെ നേരം കഴിഞ്ഞ് ഹെഡ്മാസ്റ്റർ ശശിധരൻ മാഷുടെ പഴയ പ്ലാറ്റിന ബൈക്ക് ഗേറ്റ് കടന്ന് മുറ്റത്തിന്റെ അരികിലെ ബദാം മരത്തിന്റെ ചോട്ടിൽ പാർക്കു ചെയ്തപ്പോൾ മാത്രമാണ് ഞാൻ ക്ലാസ്സ്‌ റൂമിൽ നിന്നും വെളിയിലിറങ്ങിയത്.

നയനറ്റീച്ചർ സ്റ്റാഫ്‌ റൂമിനു പുറത്ത് കുട്ടികളോടു സംസാരിച്ചുകൊണ്ടു നിൽപുണ്ടായിരുന്നു. അവരുടെ നോട്ടം കൃത്യമായി എന്റെ നേർക്കു തന്നെ പതിയുന്നു എന്നു തോന്നിയപ്പോൾ ഞാൻ നിലത്തേക്കു തന്നെ നോക്കി നടന്നു.

“നല്ലൊരു മനുഷ്യനാ കേട്ടോ….!” വൈകിട്ടു വീട്ടിലെത്തി ഡ്രസ്സ്‌ മാറിക്കൊണ്ടിരിക്കുമ്പോൾ അച്ഛൻ പിന്നിലെത്തി.

“ആര്….?” ഞാൻ തിരിഞ്ഞു നോക്കി.

“ആ ടീച്ചറു കൊച്ചിന്റെ അച്ഛനേ….. പാവത്തുങ്ങളാ…. രണ്ടു പെമ്പിള്ളേരാത്രേ…. മൂത്തയാളെ കെട്ടിച്ചു, ഇത് ഇളയതാണ്.

“ഉം…” ഞാൻ വെറുതെ മൂളി.

‘ഓ..’ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അച്ഛൻ അടുക്കളയിലേക്കു കയറി. ‘നിനക്ക് എല്ലാം അറിയാലോ ഞാനിനി എന്തിനാ പറയുന്നേ’ എന്നൊരു ധ്വനി ആ ശബ്‍ദത്തിൽ ഉണ്ടായിരുന്നു.

പിറ്റേന്നു മുതൽ നയനറ്റീച്ചറിൽ നിന്നും മാറി നടക്കാനുള്ള ശ്രമങ്ങൾ എന്റെ സ്കൂൾ സമയത്തെ മൊത്തത്തിൽ താളം തെറ്റിച്ചു. എന്നിട്ടും ഒരു വൈകുന്നേരം ഞാനും ടീച്ചറും ഒരുമിച്ച് ഞങ്ങളുടെ ബസ്സ്റ്റോപ്പിൽ ബസിറങ്ങി.

“തനിക്ക് സ്പോർട്സ് ഡിപ്പാർട്മെന്റിലേക്ക് ഒന്നു ട്രൈ ചെയ്തൂടെ ദേവാ…?” ഞാൻ സംശയത്തോടെ ടീച്ചറുടെ മുഖത്തേക്കു നോക്കി.

“അല്ല മുങ്ങൽ വിദഗ്ദർക്കൊക്കെ ഇപ്പൊ നല്ല ഡിമാന്റാ….” അവർ ചിരിക്കിടയിലൂടെ പറഞ്ഞു.

ഞാൻ അവരെ മനഃപൂർവം ഒഴിവാക്കി നടക്കുന്നത് അവർ അറിഞ്ഞതിന്റെ ഒരു വൈക്ലബ്യം എന്റെ മുഖത്തു പ്രകടമായി.

റോഡിൽ നിന്നും വീടിനരുകിലേക്കു തിരിയുമ്പോൾ അച്ഛൻ ചിരിച്ചു കൊണ്ടു വരാന്തയിൽ നിൽപുണ്ടായിരുന്നു.

“ദേവൻ ഒന്നു നിന്നേ….” പെട്ടെന്നു പറഞ്ഞുകൊണ്ട് നയനറ്റീച്ചർ റോഡിൽ നിന്നും എന്റരുകിലേക്ക് നടന്നു വന്നു.

“ഞാൻ മൂക്കൊന്നു കുത്തി ഒരു മൂക്കുത്തി ഇട്ടാലോന്ന് ആലോചിക്കുവാ… ഏതു കളറുള്ള കല്ലാവും എന്റെ നിറത്തിനു ചേരുന്നത്…?”

എന്റെ മിഴികൾ പൊടുന്നനെ ഒന്നു പിടഞ്ഞുണർന്നു.

“എന്തേ….. ദേവനു മൂക്കുത്തി ഇഷ്ടമല്ലേ…?”

അവൾ എന്തോ കള്ളത്തരം കണ്ടുപിടിച്ചപോലെ ചിരിച്ചു കൊണ്ട് റോഡിലേക്കു കയറി നടന്നു പോയി.

എന്റെ മിഴികളിൽ അഭിരാമിറ്റീച്ചറുടെ മൂക്കുത്തിയിലെ പച്ചയും പിങ്കും ചുവപ്പും കല്ലുകൾ മാറി മാറിത്തിളങ്ങി.

നെഞ്ചിനുള്ളിൽ നിറഞ്ഞു നിന്നിരുന്ന ഇഷ്ടം അരനിമിഷത്തിൽ ആവിയായി പിന്നെ തണുത്ത് മിഴിയിണകളിൽ നനവായ് പടരുന്നത് ഞാനറിഞ്ഞു.

“വിദ്യാഭ്യാസോം നല്ല ജോലീം പിന്നെ ജീവിക്കാനുള്ള കാശും കയ്യിലൊണ്ടായിട്ടും ഇക്കാലത്തു വല്ല്യ കാര്യമൊന്നുമില്ല സാറേ….” ശബ്‍ദമുയർത്തിയുള്ള കമെന്റ് സന്തോഷ്‌ സാറിന്റേതായിരുന്നു.

വൈകുന്നേരം പതിവുള്ള ചായ സ്റ്റാഫ് റൂമിൽ എല്ലാവർക്കും വിതരണം ചെയ്യുകയായിരുന്നു ഞാൻ.

“അതെന്താ സാറേ അങ്ങനെ പറഞ്ഞേ…?” അശോകൻ സർ അതേ ശബ്‍ദത്തിൽ തിരിച്ചു ചോദിച്ചു.

“അല്ല നമ്മുടെ മനോഹരൻ സാറിന്റെ കാര്യമെടുക്ക്… നല്ല ജോലിയൊണ്ട് കാശോണ്ട്….. പാവത്തിന് ഒരു പെണ്ണു കിട്ടുന്നുണ്ടോ…. ഇതിന്റെ പകുതി പോലുമില്ലേലും ചെലരുടെ പിന്നാലെ പെണ്ണുങ്ങള് ക്യു നിക്കുവല്ലേ….” നയനറ്റീച്ചറെയും എന്നെയും അർത്ഥഗർഭമായി നോക്കിക്കൊണ്ട് സന്തോഷ്‌ സർ പൊട്ടിച്ചിരിച്ചു.

“എന്റെ സാറേ കാശും ഉദ്യോഗവുമൊക്കെ നോക്കി കല്യാണം ആലോചിച്ചോണ്ടിരുന്നത് കാർന്നോന്മാരാ, ഇപ്പോഴത്തെ പെൺപിള്ളേർ അവർക്കു വേണ്ട നല്ല സ്നേഹമൊള്ള ചെക്കന്മാരെ നേരിട്ടു കണ്ടെത്തും…” അനില ടീച്ചർ വിളിച്ചു പറഞ്ഞു.

“ടീച്ചറേ…… മനോഹരൻ സാറിനു സ്നേഹമില്ലാന്നു മാത്രം പറയരുത്…. സാറു തന്റെ സ്നേഹം തുറന്നു പറയാത്ത ഒരു ലേഡി സ്റ്റാഫും ഈ സ്കൂളിൽ ഉണ്ടാവില്ല…. ദേ ഇന്നലെ വന്ന നയനറ്റീച്ചറിനും കിട്ടിക്കാണും സാറിന്റെ വക ഒരു സ്നേഹഹൃദയം….!! ഇല്ലേ ടീച്ചറേ…..?”

നയനയുടെ തൊട്ടടുത്ത കസേരയിലിരുന്ന അശ്വതി ടീച്ചർ വെടിപൊട്ടുന്ന ഒച്ചയിൽ ചോദിച്ചു.

സ്റ്റാഫ് റൂം മുഴുവൻ കൂട്ടച്ചിരി മുഴങ്ങി.

“പക്ഷേ എന്നാ ചെയ്യാനാ… ടീച്ചറുടെ ഹൃദയം അതിനും മുന്നേ മണിയടിക്കാൻ പോയീ……”

ഒരു പ്രത്യേക ഈണത്തിൽ നീട്ടിക്കൊണ്ട് അശ്വതി ടീച്ചർ പറഞ്ഞു നിർത്തിയപ്പോൾ എല്ലാ കണ്ണുകളും എന്റെ നേർക്കു നീണ്ടു.

എനിക്ക്‌ നയനറ്റീച്ചറെ ഒന്നു നോക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവസാനത്തെ ചായയും ടേബിളിൽ വച്ച് തലതാഴ്ത്തി ഇറങ്ങിപ്പോരാൻ മാത്രമേ കഴിഞ്ഞുള്ളൂ.

ഉച്ചയൂണിനു ശേഷമുള്ള ആദ്യത്തെ പീരിയഡ്. സ്കൂൾ ഏറ്റവും ശാന്തമാകുന്നത് ഈ നേരത്താവും. വയറു നിറഞ്ഞതിന്റെ ആലസ്യത്തിൽ അരമയക്കത്തിലാവും കുട്ടികൾ.

ഓടിട്ട സ്കൂൾ കെട്ടിടത്തിന്റെ ക്ലാസ് മുറികളെ തമ്മിൽ വേർതിരിക്കുന്ന വെള്ളയടിച്ച ചുവരുകളോട് സയൻസും മലയാളവും ഇഗ്ളീഷും ഊർജമില്ലാതെ പ്രസംഗിക്കുക്കുകയാവും മിക്ക ടീച്ചർമാരും.

ശശിധരൻ സാറിന്റെ പഴയ പ്ലാറ്റിന ബൈക്കിൽച്ചാരി ബദാം മരത്തിന്റെ തണലിൽ വെറുതേ നിൽക്കുകയായിരുന്നു ഞാൻ.

പെട്ടെന്നാണ് സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ നയനറ്റീച്ചർ എന്റെ നേർക്കു നടന്നു വന്നത്. ഉച്ചതിരിഞ്ഞ് ആദ്യത്തെ പീരിയഡ് എന്നും ടീച്ചറിന് ഫ്രീയാണ്.

നേർക്കുനേരെ ടീച്ചർ നടന്നു വന്നപ്പോൾ എങ്ങോട്ടെങ്കിലും ഒഴിഞ്ഞു മാറാനോ നടന്നകലാനോ കഴിയാതെ ഞാൻ അവിടെത്തന്നെ നിന്നു പോയി.

“നല്ല തണലുണ്ടല്ലേ ഇവിടെ….?” ടീച്ചർ മരത്തണലിൽ എന്റെയടുത്തേക്ക് വന്നു നിന്നു.

ഞാൻ മറുപടിയൊന്നും പറയാതെ ചുറ്റും നോക്കി. സ്കൂളിലെ ഏതു ക്ലാസ്സ്‌ മുറിയിൽ നിന്നു നോക്കിയാലും കാണാൻ പറ്റും ആ ബദാം മരത്തിന്റെ തണൽ.

ആരുടെയൊക്കെയോ കണ്ണുകൾ തങ്ങളിൽ തന്നെ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും അവിടം കൂടുതൽ നിശബ്‍ദമായിയെന്നും തോന്നിയപ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനായി.

“ദേവനു സങ്കടമായോ എല്ലാരും കൂടെ കളിയാക്കിയപ്പോ…?” റ്റീച്ചർക്ക് യാതൊരു കൂസലുമില്ല.

“അവർ എന്നെയല്ലല്ലോ ടീച്ചറെയല്ലേ കളിയാക്കിയത്…?” ഞാൻ ചിരിച്ചെന്നു വരുത്തി.

“ദേവാ…. നമുക്കൊരു യാത്ര പോയാലോ….? ഈ ശനിയാഴ്ച…? നമ്മൾ രണ്ടാളും മാത്രം…?

“ഇല്ല ടീച്ചറേ, ഞാൻ വരില്ല….!”

എങ്ങോട്ട് എന്നു ചോദിക്കുക പോലും ചെയ്യാതെ ഉടനടി ഞാൻ മറുപടി പറഞ്ഞു.

“എങ്ങോട്ടാണെന്ന് ദേവൻ ചോദിച്ചില്ലല്ലോ….”

“എങ്ങോട്ടാണെങ്കിലും ഞാൻ വരില്ല ടീച്ചറെ..,”

പിന്നെയും എന്റെ മറുപടി പെട്ടെന്നായിരുന്നു.

“അങ്ങകലെ ഒരിടത്ത് ജനുവരി മാസത്തിൽ ഒരു നീല മലയുടെ മുകളിലേക്ക് മേഘങ്ങൾ പോലെ മഴ പെയ്തിറങ്ങി വരുന്നത് ദേവൻ കണ്ടിട്ടുണ്ടോ…..?”

എന്റെ കണ്ണുകളിലേക്ക് മിഴികൾ തറച്ചു വച്ചിരിക്കുകയായിരുന്നു നയനറ്റീച്ചർ.

എന്റെ ഹൃദയം ഒന്നു വെട്ടിപ്പിടഞ്ഞത് കണ്ണുകളിൽ പ്രതിധ്വനിച്ചപ്പോൾ അവളുടെ ചുണ്ടുകളിൽ ചെറിയൊരു ചിരി വിടർന്നു.

“…… മരങ്ങൾക്കിടയിലൂടെ മണ്ണിനെ നനച്ച് അരുവിയെ കുളിരണിയിച്ച് മഴപ്പെണ്ണു പറന്നു വരുമ്പോൾ അവളെ ഓടിത്തോൽപിക്കാൻ ആരുടെയെങ്കിലും കരം ചേർത്തു പിടിച്ചത് ഓർമ്മയുണ്ടോ…?”

“…….. ആമി….!! ”

എന്റെ ചുണ്ടുകൾ വിറകൊണ്ടു. എന്തിലെങ്കിലും തെരുപ്പിടിക്കാൻ വിരൽത്തുമ്പുകൾ ബൈക്കിന്റെ സീറ്റിനുമേൽ പരതി നടന്നു.

“…. അഭിരാമിറ്റീച്ചർടെ ദേവൻ… അല്ല ആമീടെ സ്വന്തം ദേവൻ…!! അന്നു പിടിച്ച കൈ വീണ്ടും ചേർത്തു വയ്ക്കണ്ടേ ദേവന്…..””

സന്തോഷത്തിന്റെ അഗ്രത്തിൽ മാത്രം പൂവിടുന്ന ഒരു പുഞ്ചിരി നയനയുടെ മിഴിക്കോണുകളിൽ നീർത്തുള്ളികളായി വിടർന്നുവന്നു

എനിക്ക്‌ എന്തൊക്കെയോ ചോദിക്കണമെന്നും പറയണമെന്നുമുണ്ടായിരുന്നു. പക്ഷേ വാക്കുകൾ എന്റെ തൊണ്ടയിൽ കുടുങ്ങി

“ഞാനും അഭിരാമിയും കൂട്ടുകാരാടോ…. ഒന്നിച്ചു പഠിച്ചു ഒരേ ജോലി… അവളെക്കാൾ കുറച്ചു കൂടി മുന്നേ ഞാൻ ജോലിയിൽ കയറിയെന്നേയുള്ളൂ….. അവൾ നാട്ടിലേക്ക് ട്രാൻസ്ഫറായതും ഞാൻ പകരം വന്നതും യാദൃശ്ചികമൊന്നുമല്ല… പക്കാ പ്ലാനിങ്….. അവൾക്ക് അവളുടെ നാടു തിരിച്ചു വേണമത്രേ…. അവളുടെ ഇഷ്ടങ്ങളും അവളുടെ സന്തോഷങ്ങളും…… ഒപ്പം അവളുടെ……”

പറഞ്ഞു പകുതിയിൽ നിർത്തിയിട്ടും നയനയുടെ കണ്ണിൽ നിന്നും നീർത്തുള്ളികൾ ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു.

“ആമി…. അവൾ പോയി…. ഒരു വാക്കു പോലും എന്നോടു മിണ്ടാതെ……” ഞാൻ വാക്കുകൾക്കായി വിക്കി.

“ചെല്ല്…. അവളോടു തന്നെ ചോദിക്ക്… എന്തിനായിരുന്നെന്ന്…. അവിടെ കാത്തിരിപ്പുണ്ടാവും…. നീല മലയിലെ മഴപ്പെണ്ണിനേയും കാത്ത് ദേവ…….

“…….. ന്റെ പ്രണയ മൂക്കുത്തി!!!”

അവൾ പറഞ്ഞു വന്നത് ഞാൻ അറിയാതെ പൂരിപ്പിച്ചു.

“അവൾക്ക് ആരെയോ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ…. അത് ഏതോ ഒരു ദേവനെയാണെന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു… നിനക്കു ഭ്രാന്താണ് മോളേന്ന്….

നയന വീണ്ടും ഇടയ്ക്കു വച്ചു നിർത്തിയിട്ട് എന്നെ നോക്കി. സ്കൂൾ മുറ്റത്തേക്കിറങ്ങിച്ചെന്ന് എല്ലാരുടെയും മുന്നിൽ ഞാൻ തുള്ളിച്ചാടിയേക്കുമോയെന്ന് അവൾ ഭയപ്പെടുന്ന പോലെ തോന്നി.

“ഇവിടെവന്നു ദേവനെക്കണ്ടു നിന്നോടൊപ്പം നടന്നപ്പോൾ….. ഒരു മൂക്കുത്തിയുടെ ഓർമ്മ പോലും നിന്റെ കണ്ണിൽ സൃഷ്ടിച്ച തിളക്കം കണ്ടപ്പോൾ… ഒരു യാത്രപോകാമെന്നു ഞാൻ പറഞ്ഞപ്പോ നിന്റെ ഓരോ അണുവും തുടിച്ചുയർന്നു തടസ്സം നിക്കുന്നതു കണ്ടപ്പോൾ…….

പറയാതിരിക്കാൻ കഴിയുന്നില്ല….. ആമി പ്രണയിച്ചത് ദേവനെയല്ല അവൾക്കായി ജനിച്ച ഗന്ധർവ്വനെയാണെന്ന്……” അവൾ കിതച്ചു.

പിന്നെ നയനറ്റീച്ചർ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.

അവർക്കു പിന്നിലെ ആകാശവും സ്കൂൾ മുറ്റവും കടന്ന് എന്റെ മനസ്സു കുതിച്ചു പായാൻ തുടങ്ങിയിരുന്നു

സ്കൂളിന്റെ മുന്നിലുള്ള റോഡിലൂടെ ബസ് സ്റ്റോപ്പ്‌ വരെ ഓടിക്കിതച്ച്….

ടൗണിൽ നിന്നും ഹൈറേഞ്ചിലേക്കുള്ള ബസിന്റെ ഏതോ ഒരു സീറ്റിലിരുന്ന് ആടിയുലഞ്ഞ്…

വളവുകളും തിരിവുകളുമുള്ള റോഡിലൂടെ കയറ്റവും ഇറക്കവും കടന്ന്…

കയറ്റിറക്കങ്ങൾക്കിടയിൽ മെയിൻ റോഡിനോട് ഒരു ചെറിയ പഞ്ചായത്തു റോഡ് വന്നു ചേരുന്നിടത്തു ബസിറങ്ങി….

ഫലവൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന പുരയിടത്തിനു നടുവിലൂടെ രണ്ടു വശവും കല്ലുകെട്ടിത്തിരിച്ച വഴിയേ പതഞ്ഞൊഴുകുന്ന പാലരുവിയുടെ കരയിലേക്കു ഞാനെത്തുമ്പോൾ…..

നിറയെ മീനുകളുള്ള കുളത്തിന്റെ പടവിൽ കാലിലെ ഒറ്റപ്പാദസ്വരം കിലുക്കി അവളിരിപ്പുണ്ടായിരുന്നു….

ആമി!!!

അവൾ ദൂരേയ്ക്കു വിരൽ ചൂണ്ടി!!

അകലെ നീല മലയുടെ മുകളിലേക്ക് മേഘങ്ങൾ പറന്നിറങ്ങുന്നുണ്ടായിരുന്നു.

“അതു മഴയാണ്…. അവൾ അവിടെ നിന്ന് ചിറകുകൾ വിരിച്ചു പറന്നു വരും…!!”

ആമി പറഞ്ഞതുപോലെ തന്നെ മഴ പതിയെ മലയിറങ്ങി വന്നു. അകലെ നിന്നും പറന്ന്, വരുന്ന വഴിയിലെ കാഴ്ചകൾ മറച്ച് അവൾ അരികത്തെത്തുമ്പോഴേക്കും ആമി ചാടിയെഴുന്നേറ്റു.

അവളുടെ വലതു കൈ എന്റെ ഇടതു കയ്യുടെ പെരുവിരൽത്തുമ്പിനെ സ്വന്തമാക്കി. ആദ്യത്തെ മഴത്തുള്ളിക്കൊപ്പം ഇടതു കൈകൊണ്ടു സാരി ഉയർത്തിപ്പിടിച്ച് അവൾ മുന്നോട്ടോടി. ഒപ്പം ഞാനും.

സ്വന്തമാക്കിയ വിരൽത്തുമ്പുകൾ തമ്മിൽക്കോർത്ത് പറന്നുയരുന്ന രണ്ടു തുമ്പികളെപ്പോലെ മണ്ണിൽത്തൊടാതെ പറന്ന് വീടിന്റെ പിന്നാമ്പുറത്തെ ചെറിയ വരാന്തയിൽ നിന്നു ഞങ്ങൾ കിതച്ചു.

“കണ്ടോ മഴപ്പെണ്ണു തോറ്റു….!!” അഭിരാമി എന്റെ കണ്ണിലേക്കു നോക്കി.

അവൾ പിന്നാലെ വരുന്നുണ്ടായിരുന്നു, മഴപ്പെണ്ണ്….!!

സ്വയം തോറ്റ് തന്നെക്കാൾ പ്രിയമുള്ള ഒരാളെ ജയിപ്പിച്ചതിന്റെ പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.

അവളുടെ ആദ്യത്തെ തുള്ളി വീടിന്റെ പിന്നാമ്പുറത്തെ തകരഷീറ്റിൽ വീണ് സംഗമതാളത്തിന്റെ ചുവടു വയ്ക്കാൻ തുടങ്ങുമ്പോൾ ആമിയുടെ ചൂടുള്ള കിതപ്പ് എന്റെ നെഞ്ചിൽ പടരാൻ തുടങ്ങിയിരുന്നു.

മെല്ലെ മെല്ലെ അവളുടെ മൂക്കുത്തിയുടെ ചുവപ്പു വർണ്ണം എന്റെ ചൊടികളിലേക്കു ഞാൻ പടർത്തി…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ദേവ ഷിജു.

About Webdesk

Leave a Reply

Your email address will not be published. Required fields are marked *

Watch Dragon ball super