അമ്മക്ക് എന്നെ വിളിച്ച് ചായ തന്നാൽ എന്താ… മിണ്ടാറുള്ള സമയത്തൊക്കെ അങ്ങനെ ആണല്ലോ

രചന : മഹാ ദേവൻ

വൈകീട്ട് ജോലി കഴിഞ്ഞു വന്ന് വീട്ടിലേക്ക് കയറിയപ്പോൾ തന്നെ മനസിലായി അമ്മയും മരുമകളും തമ്മിൽ ഒന്ന് കോർത്തിട്ടുണ്ടെന്ന്.

വഴക്കിലാത്തപ്പോൾ ചിരിച്ചും സംസാരിച്ചും ചക്കയും ഈച്ചയും പോലെ ഒട്ടിനിൽക്കുന്നവർ ഇപ്പോൾ പരസ്പ്പരം മുഖം കൊടുക്കാതെ രണ്ട് ദിശയിൽ നോക്കി നടക്കുന്നതും പണികൾ ചെയ്യുന്നതും കണ്ടപ്പോൾ തന്നെ മനസ്സിലായി വീട്ടിൽ എന്തോ സംഭവവികാസം അരങ്ങേറിയിട്ടുണ്ടെന്ന്.

പലപ്പോഴും കാണുന്ന സംഭവം ആയതുകൊണ്ടും കാരണം ചെറുതാകുമെന്ന് അറിയാവുന്നത് കൊണ്ടും ഒന്നും അറിയാത്ത പോലെ ചായ ഉണ്ടാക്കാൻ പറയുമ്പോൾ ദേ, രണ്ട് പേരും പാത്രം എടുത്ത് ഒരേ ഗ്യാസ്സ്സ്റ്റോവിനടുത്തേക്ക് നടക്കുന്നു.

പിന്നെ പരസ്പരം മുഖത്തോട് മുഖം നോക്കി കനപ്പിക്കുമ്പോൾ ആര് പിന്മാറണമെന്ന് അറിയാതെ ഒരേ നിൽപ്പ്.

എന്നാ പിന്നെ അവരവിടെ നിൽക്കട്ടെ ല്ലേ….

ഇതൊക്കെ കണ്ടാലും മിണ്ടാതിരിക്കുന്നതാണ് ബുദ്ധി എന്ന് അറിയാവുന്നത് കൊണ്ട് രണ്ട് പേരോടും ഒരേ ചിരി പാസാക്കുമ്പോൾ മനസ്സിലുണ്ടാകും

“ആരെയും ചേർത്ത് പിടിക്കാൻ പറ്റില്ല…

ആരെയും തള്ളിക്കളയാനും പറ്റില്ല.. മ്മക്ക് രണ്ട് പേരും വേണമല്ലോ ” എന്ന്.

പതിവ് പോലെ ഭാര്യയോടെ കാര്യം തിരക്കുമ്പോൾ കാര്യം നിസ്സാരം… പ്രശ്നം ഗുരുതരം.

രണ്ട് പേർക്കും പറയാനുണ്ട് അവരുടേതായ ന്യായങ്ങൾ.. രണ്ട് ദിവസം കഴിഞ്ഞാൽ വീണ്ടും ചക്കയും ഈച്ചയും ആകുന്നവർക്കിടയിൽ ഒരാളെ സപ്പോർട്ട് ചെയ്ത് അഭിപ്രായം പറഞ്ഞാൽ പിന്നെ അതിനാകും അടുത്ത വഴക്ക് എന്ന് അറിയാവുന്നത് കൊണ്ട് ഒരു പഴമെടുത്തു വായിൽ തിരുകി മിണ്ടാതിരിക്കും.

പക്ഷേ, ചില വഴക്കുകൾ രണ്ട് ദിവസത്തിനപ്പുറത്തേക്ക് നീങ്ങുമ്പോൾ ഇതിനിടയിൽ പെട്ട് പോകുന്ന ആണുങ്ങളുടെ അവസ്ഥ ഇവർ ചിന്തിക്കാറ് പോലുമില്ല എന്നതാണ് സത്യം.

രണ്ട് പേരെയും തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിൽ എങ്ങിനെ വഴക്ക് തീർക്കും എന്ന് ചിന്തിക്കുമ്പോൾ മനസ്സിൽ തോന്നിയത് അങ്ങനെ ഒരു ഐഡിയ ആയിരുന്നു.

സ്ഥിരം എല്ലാവർക്കും ചായ ഉണ്ടാക്കുന്ന അമ്മ അന്ന് എല്ലാവർക്കും ഉണ്ടാക്കി അവൾക്ക് ഉള്ളത്

” വേണേൽ വന്ന് കുടിക്കട്ടെ എന്ന ഭാവത്തോടെ”

അടുക്കളയിൽ തന്നെ അടച്ചു വെക്കുമ്പോൾ അത് എടുത്ത് റൂമിൽ മുഖം വീർപ്പിച്ചിരിക്കുന്ന അവൾക്ക് നൽകുമ്പോൾ പറയും

നിനക്ക് തരാൻ പറഞ്ഞ് തന്ന് വിട്ടതാണ് അമ്മ എന്ന്.

അത് കേൾക്കുമ്പോൾ ” അത് അമ്മക്ക് എന്നെ വിളിച്ച് തന്നാൽ എന്താ… മിണ്ടാറുള്ള സമയത്തൊക്കെ അങ്ങനെ ആണല്ലോ ” എന്ന അവളുടെ മറുചോദ്യത്തിന്

” നിനക്ക് അങ്ങോട്ടും മിണ്ടാമല്ലോ.. നിന്റെ അമ്മയല്ലേ അത്. പിന്നെ മിണ്ടാഞ്ഞിട്ടും ചായ ഉണ്ടാക്കി നിനക്ക് തരാൻ പറഞ്ഞില്ലേ.. അപ്പോൾ തന്നെ മനസ്സിലാക്കിക്കൂടെ വഴക്കിട്ടാലും സ്നേഹത്തിനു കുറവൊന്നും ഇല്ലെന്ന്. ”

എന്ന മറുചോദ്യത്തോടെ കുറച്ചൊക്കെ മനസ്സിൽ തട്ടും അവളുടെ.

എന്നാലും ഉണ്ടാകും ചെറിയ ബലം പിടുത്തം..

അതുപോലെ വല്ല ആപ്പിളോ മാങ്ങയോ മറ്റോ അവൾ എല്ലാവർക്കും വേണ്ടി മുറിക്കുമ്പോൾ പിണങ്ങിനിൽക്കുന്ന അമ്മക്ക് മുന്നിലേക്ക് അതുമായി ചെല്ലാൻ മടിക്കുമ്പോൾ അത് വാങ്ങി അമ്മക്ക് അരികിലെത്തി നീട്ടുമ്പോൾ അമ്മയോടും പറയും

” ദേ, മരുമോൾ തന്നതാണ് അമ്മക്ക് തരാൻ ” എന്ന്.

അത് കേൾക്കുമ്പോൾ അമ്മ തിരികെ ചോദിക്കുന്ന ചോദ്യവും അത് തന്നെ ആയിരുന്നു

” മിണ്ടുമ്പോൾ ഇതൊക്കെ വായിൽ വെച്ചു തരുന്ന സ്നേഹം ആണല്ലോ..

ഇപ്പോൾ അവൾക്കെന്താ നേരിട്ട് കൊണ്ടുതരാൻ പറ്റിയില്ലേ എന്ന്.

അത് കേൾക്കുമ്പോൾ മറുപടിയായി പറയാനുള്ളതും അവളോട് പറഞ്ഞത് തന്നെ ആയിരിക്കും,

” ഇതിപ്പോ അമ്മക്ക് അങ്ങോട്ടും മിണ്ടാലോ..

പലപ്പോഴും അവൾ ഇങ്ങോട്ടല്ലേ മിണ്ടി വരാറുള്ളത്. ഇടക്ക് അതുപോലെ അങ്ങോട്ടും ആവാലോ.. ഒന്നുല്ലെങ്കിൽ നല്ല മരുമകൾ അല്ലെ അവൾ.. അതിനേക്കാൾ ഒക്കെ മോള് തന്നെ അല്ലെ. ആ സ്നേഹം അവളുടെ മനസ്സിൽ ഉള്ളത് കൊണ്ടല്ലേ പിണങ്ങി നിന്നിട്ടും ഇതൊക്കെ ചെത്തി വൃത്തിയാക്കി അമ്മക്ക് തരാൻ എന്നെ ഏൽപ്പിച്ചത്. ”

എന്ന് പറയുന്നതോടെ കുറച്ചൊക്കെ ദേഷ്യം അമ്മയുടെ മുഖത്തുനിന്ന് മാറുന്നത് കാണാം.

പിന്നെ രണ്ട് പേരെയും വിളിച്ച് അടുത്ത് നിർത്തുമ്പോൾ പരസ്പ്പരം മുഖത്തേക്ക് നോക്കാൻ മടിച്ചു നിൽക്കുന്ന അവരോട് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളു,

” സ്നേഹം എന്നത് മനസ്സിൽ പൂട്ടിയിടാനുള്ളതല്ല..

രണ്ട് പേർക്കും പരസ്പരം അറിയാം അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം ഉണ്ടെന്ന്..

പിന്നെ എന്തിനാണ് ഈ ചെറിയ കാര്യത്തിന് വഴക്ക്

എന്ന്

അത് കേൾക്കുമ്പോൾ അവർ തന്നിൽ മുഖത്തോട് മുഖം നോക്കി പറയും ” നീയല്ലേ ആദ്യം തുടങ്ങിയതെന്ന് അമ്മയും അമ്മയല്ലേ അതിന് വഴക്കിട്ട് മിണ്ടാതിരുന്നതെന്ന് അവളും”

ന്നാലും നീ അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ ഞാൻ വഴക്കിട്ടത് എന്ന് അമ്മ !

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞത് അമ്മ കാര്യമായി എടുക്കുമെന്ന് എനിക്ക് അറിയില്ലല്ലോ എന്ന് അവൾ

എന്തായാലും പരസ്പരം പറഞ്ഞ് പറഞ്ഞ് വഴക്ക് ഒരു ചിരിയിലേക്ക് വഴിമാറുമ്പോൾ അവരുടെ ആ നല്ല നിമിഷങ്ങളിൽ നിന്ന് പതിയെ പിൻവാങ്ങുമ്പോൾ മനസ്സിൽ ഒരു നിർമാല്യം തൊഴുത പ്രതീതി ആയിരിക്കും..

അപ്പൊഴെല്ലാം ഓർക്കുന്നത് ഒന്ന് മാത്രമായിരുന്നു,

” അമ്മയെയും ഭാര്യയെയും ഒരുപോലെ സ്നേഹിക്കാൻ കൊതിക്കുന്നവന്റെ ഓരോ കഷ്ടപ്പാടേ

ഇലക്കും മുള്ളിനും കേടില്ലാതെ വേണ്ടേ വഴക്കൊന്നു തീർക്കാൻ..

അല്ലെങ്കിൽ കഴിഞ്ഞു കഥ

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : മഹാ ദേവൻ