എന്നിട്ടും തുടർക്കഥയുടെ ആറാം ഭാഗം വായിക്കൂ…..

രചന: നിഹാരിക നീനു

ജെനിക്ക് കേട്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു, കോടീശ്വരനായ ധ്രുവ് സർ താലികെട്ടിയവൾ….

ഇങ്ങനെ ആരും ഇല്ലാതെ…

കരയുകയായിരുന്നു പാറു…. മെല്ലെ ജെനി അവളുടെ തോളിൽ കൈ മുറുക്കി,

പിന്നെ….. പിന്നെ എങ്ങനെ മോളേ നീ ……

പറയാം…..

എല്ലാം പറയാ ജെനി….. എനിക്ക് അരോടെങ്കിലും ഒക്കെ പറയണം… എന്നിട്ട്…. എന്നിട്ട് മനസ് തുറന്ന് കരയണം, സങ്കടമൊക്കെ ഒഴുക്കിക്കളയണം…… ഇനി വയ്യടാ ….. ഒക്കെ ഉള്ളിൽ ഒതുക്കാൻ ഇനി വയ്യ……

ആ പൊട്ടിപ്പെണ്ണ് കാത്തിരുന്നു ജെനീ, ഒത്തിരി നോക്കിയിരുന്നിട്ടും പറഞ്ഞദിവസം അവളുടെ ശ്രീയേട്ടൻ വന്നില്ല! എന്തേലും അപകടം പറ്റിക്കാണുമോ എന്ന് പേടിച്ചു, അല്ലാതെ അവളെ കാണാതിരിക്കാൻ കഴിയില്ലായിരുന്നു….

ഫോൺ എടുത്ത് ഒരു നൂറാവൃത്തി ആ നമ്പറിലേക്ക് വിളിച്ചു, ” നിലവിലില്ല” എന്ന് പറഞ്ഞു… വെറുതേ ഒന്നു ചിന്തിച്ച് നോക്കി… ഇനി…. ഇനി ചതിച്ചതാവുമോ ?? ഏയ് അവളുടെ ശ്രീയേട്ടന് അതിന് പറ്റില്ല എന്ന് തന്നെ ഉറച്ച് വിശ്വസിച്ചു, ഒടുവിൽ സഹികെട്ട് ഒഫീസിൽ എത്തി, അവിടെ ശ്രീയേട്ടൻ്റെ കസേരയിൽ അവളായിരുന്നു “” ഗായത്രി “” മാധവൻ മാമയുടെ ഫാമിലി ഫ്രണ്ടിൻ്റെ മകൾ…

ഇടക്ക് ഓഫീസിലേക്ക് വരാറുണ്ടായിരുന്നു….

ശീയേട്ടനോട് അമിതസ്വാതന്ത്ര്യം എടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്, തിരിച്ച് പക്ഷെ ശ്രീയേട്ടൻ മിതമായിട്ടാണ് പെരുമാറിയിരുന്നത്, ഗായത്രിയുടെ ചെയ്തി കണ്ടിട്ടും ചോദിക്കാൻ പേടിച്ച് പലപ്പോഴും അസ്വസ്ഥയായിട്ടുണ്ട്, കണ്ടതും അവൾ എന്നോട് കാര്യം അന്വേഷിച്ചു. “” ശ്രീ സർ…””

“ഓഹ് ധ്രുവിനെ അന്വേഷിച്ച് വന്നതാണോ? അപ്പൊ കൊച്ചൊന്നും അറിഞ്ഞില്ലേ? അവൻ പോയീ…..

ഒരു ബിസിനസ് ടൂർ കഴിഞ്ഞ് വന്ന അന്ന് വൈകീട്ട് തന്നെ പോയി,…

“” പോയോ? എ…. എവിടേക്ക് ??””

“” ജോർദാൻ… അവൻ്റെ ഫാമിലി മൊത്തം അവിടെയല്ലേ? തന്നെയുമല്ല ഈ മാസം അവസാനം ഞങ്ങടെ എൻഗേജ്മെൻ്റാ, രണ്ട് ഫാമിലിയും തമ്മിൽ എന്നേ തീരുമാനിച്ചതാ””

“”ഇല്യ…. ഗായത്രി ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ !! പ്ലീസ് ഞാൻ ചത്ത് പോവും””

“”ശ്ശെടാ !! തനിക്കിതെന്താ പറ്റിയേ?? അവൻ പോയതിന് നിനക്കെന്താ ??””

“” ശ്രീ യേട്ടൻ അങ്ങനെ പോവില്ല! എന്നെ ഇവിടെ വിട്ടിട്ട് ഒരു വാക്ക് പറയാതെ പോവില്ല …..”” “”

നിന്നോട് പറഞ്ഞിട്ട് പോവാൻ നീയാരാ അവൻ്റെ കെട്ട്യോളോ ??

“”അതെ ! ദാ ഈ താലി എൻ്റെ കഴുത്തിൽ കെട്ടിയത് ശ്രീയേട്ടനാ…. ഹൃദയം കൊണ്ടാ ഞാനത് ഏറ്റുവാങ്ങിയേ… “”

“”വാട്ട്!! നിന്നെ താലി കെട്ടിയിട്ട് പിന്നെ എന്തിനാ അവൻ ഞാനും ആയുള്ള എൻഗേജ്മെൻ്റിന് സമ്മതിച്ചത്!: ” ”

ഉള്ളിൽ ഒരായിരം മുള്ള് കുത്തിയിറങ്ങുന്ന പോലെ ഉണ്ടായിരുന്നു എനിക്ക്….

ഞാൻ എല്ലാം വിശദായിട്ട് ചോദിക്കാം പാർവ്വണ അവനോട് …. എന്തിൻ്റെ പേരിലാ അവനൊരു പാവം പെണ്ണിനെ ഇങ്ങനെ ?? ഇതവൻ്റെ സ്ഥിരം പരിപാടിയായിരുന്നു പാർവ്വണ! എല്ലാം നിർത്തി എന്ന് പറഞ്ഞാ ഞാനീ വിവാഹത്തിന് സമ്മതിച്ചത്! എന്നിട്ടിപ്പോ “” ഒന്നും എനിക്കപ്പോൾ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, എങ്ങനെയോ വീടെത്തി, കരയാനല്ലാതെ എനിക്കെന്തിന് പറ്റും, പിറ്റേ ദിവസം ഗായത്രി എന്നെ കാണാൻ വന്നിരുന്നു….

പ്രതീക്ഷയോടെ ഓടിച്ചെന്നു, എൻ്റെ ശ്രീയേട്ടൻ പറഞ്ഞ് വിട്ടതറിയാൻ, വരാൻ പറ്റാത്തതിൻ്റെ കാരണം അറിയാൻ , ചിന്തിച്ച് കൂടിയതൊക്കെ എന്ത് വിഡ്ഡിത്തരമാണ് എന്നോർത്ത് പൊട്ടിപൊട്ടി ചിരിക്കാൻ….

പക്ഷെ കണ്ടത് നീട്ടിപ്പിടിച്ച ഒരു ബ്ലാങ്ക് ചെക്കാണ്, അഞ്ച് ദിവസം കൂടെ കഴിഞ്ഞതിന് ശ്രീയേട്ടൻ കൊടുത്ത് വിട്ട സമ്മാനം, ഒപ്പം അവരുടെ എൻഗേജ്മെൻ്റ് ഇൻവിറ്റേഷൻ കാർഡും, പിന്നെ ഇനി ശ്രീയേട്ടനെയും ഓർത്ത് ജീവിതം കളയരുതെന്ന വിലപ്പെട്ട ഉപദേശവും…

തകർന്നു പോയിരുന്നു ജെനീ ഞാൻ, അപ്പഴും ഒരു വിശ്വാസം ഉള്ളിൽ കിടന്നു എന്നെങ്കിലും ശ്രീയേട്ടൻ വരും.. ഗായത്രി പറഞ്ഞതെല്ലാം കള്ളമാണ് എന്ന് പറഞ്ഞ് എന്നെ കൂട്ടികൊണ്ട് പോവും എന്നൊക്കെ….

പിന്നെ അറിഞ്ഞു ആ ദിവസങ്ങളിലെ ആ മനുഷ്യൻ്റെ സ്നേഹം എൻ്റെ ഉദരത്തിൽ നാമ്പെടുത്തിട്ടുണ്ട് എന്ന്, അതോട് കൂടി ഞാൻ ആർക്കും വേണ്ടാത്തവളായി, അമ്മൂമ്മ എന്നെ കരുതി ഹൃദയം പൊട്ടി മരിച്ചു, ഈ പാപി കാരണം എല്ലാം നശിച്ചു, എന്നിട്ടും അവസാനത്തെ ശ്രമം, ഗായത്രി വഴി എൻ്റെ അവസ്ഥ ശ്രീയേട്ടനെ അറിയിക്കാൻ ശ്രമിച്ചു, അപ്പഴേക്കും ആ സ്ഥാപനം തന്നെ വിറ്റ് അവർ എല്ലാവരും പോയിരുന്നു….

ചാവാൻ പേടിയായിരുന്നു ജെനി… ഉള്ളിലെ ജീവനെ കൊല്ലാൻ മനസ് വന്നില്ല… അപ്പഴാ നിന്നെ വിളിച്ച് ഇങ്ങോട്ട് പോന്നത്, പോരുമ്പഴും ഇവിടെത്തെ അഡ്രസ് കൊടുത്ത് അമ്മായിയോട് ശ്രീയേട്ടൻ വന്നാൽ കൊടുക്കാൻ ഏൽപ്പിച്ചിരുന്നു, പൊട്ടി പെണ്ണിൻ്റെ പാഴ്ക്കിനാവുകൾ…

പിന്നെ പിന്നെ തിരിച്ചറിയുകയായിരുന്നു എനിക്കാണ് തെറ്റ് പറ്റിയതെന്ന്, കുഞ്ഞിന് വേണ്ടി മാത്രം ജീവിക്കുകയായിരുന്നു, അപ്പഴാണ് അയാൾ വീണ്ടും…. എനിക്ക് കൽപ്പിച്ചു തന്ന ശത്രു സ്ഥാനം എന്താണ് എന്ന് മാത്രം മനസിലായില്ല… ഒരിക്കൽ എല്ലാം കൊടുത്ത് സ്നേഹിച്ചതിനുള്ള സമ്മാനമാവും…..

അലകടലിനേക്കാൾ പ്രക്ഷുബ്ദമായി ജെനിയുടെ മനസ് ….. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം ആ പാവത്തിനെ എന്നവൾക്ക് അറിയില്ലായിരുന്നു…

വാക്കുകൾക്കായി പരതിയപ്പഴും നിരാശയായിരുന്നു ഫലം….. ഒരു വാക്കിനും അവളുടെ ഉള്ളിലെ തീയണക്കാൻ കഴിയില്ല എന്ന് അവൾ അറിയുകയായിരുന്നു…..

വീട്ടിലെത്തിയതും പാർവ്വണ കുഞ്ചൂസിനെ നോക്കി, തൊട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്, കാലിൽ ഒന്ന് മുത്തിയപ്പോൾ ഉണ്ടായ അലോസരത്തിൽ, വായിലിട്ട വിരൽ നുണഞ്ഞിറക്കുന്നുണ്ടായിരുന്നു…

ഉം…. ഉം…. ഒന്ന് മൂളിയപ്പോൾ വീണ്ടും ഉറക്കത്തിലേക്ക് വീണു, മെല്ലെ മാറ്റാനുള്ള തുണിയുമായി ബാത്ത് റൂമിൽ കയറുമ്പോൾ അറിഞ്ഞിരുന്നു ഉളളാകെ ശാന്തമായത്, മെല്ലെ ഷവറിനു ചുവട്ടിൽ നിൽക്കുമ്പോഴും തെല്ല് സമാധാനം തോന്നിയിരുന്നു, എല്ലാം പറഞ്ഞ് സങ്കടങ്ങൾ ഒഴുക്കി കളഞ്ഞതിൻ്റെ ആശ്വാസം ശരിക്ക് തോന്നി…

ഇന്ന് നടന്നതെല്ലാം മറന്നു ആ പെണ്ണ്, കുഞ്ചുസിൻ്റ മുഖം ഓർത്ത്, വേഗം കുളിച്ചിറങ്ങിയപ്പോഴേക്ക് കുഞ്ഞ് ഉണർന്ന് തൊട്ടിലിൽ കിടന്ന് കളിക്കുന്നുണ്ടായിരുന്നു… മെല്ലെ ഇളകുന്ന തൊട്ടിക്കനുസരിച്ച് നിലത്ത് വന്നു വീഴുന്ന ഉണ്ണി മൂത്രം കണ്ട് പാറുവിൻ്റെ ചുണ്ടിൽ ചിരി വന്നു…

“”എടാ… വീരാ നീ പണിയൊപ്പിച്ചു ലേ…എവടെ വടി….”” മോണകാട്ടി ചിരിച്ച് മയക്കുന്നുണ്ടായിരുന്നു കഞ്ചൂസ്, വേഗം എടുത്ത് നിക്കർ മാറ്റി ഇടീച്ചപ്പഴേക്ക് കണ്ടു പാലിനായി പരതുന്നത്.. “”

ദേ കൊച്ചേ കുളി കഴിഞ് തള്ളയൊന്നും കുടിക്കാണ്ട് കൊച്ചിന് പാലു കൊടുക്കാതെ ! എത്ര തവണ പറഞ്ഞതാ.. അതിന് ഗ്രഹണി വരും! ന്നാ ഈ ചായ കുടിക്ക്..

പാർവ്വണചിരിച്ച് അന്നമ്മ ചേടത്തിയെ നോക്കി….

അന്നമ്മ ചേടത്തി കൈ നീട്ടിയപ്പോൾ കുഞ്ചൂസ് വേഗം അമ്മയുടെ തോളിൽ ചാഞ്ഞിരുന്നു, എന്നിട്ടൊരു കള്ളനോട്ടം കൊണ്ട് അന്നമ്മചേടത്തിയെ നോക്കുന്നുണ്ടായിരുന്നു….

എൻ്റടുക്കേ വരാൻ. മേലേ ??

ആ നാളെ അമ്മയങ്ങ് പോവുമ്പം ആരാ എടുക്കുന്നേന്ന് കാണാലോ….

കപട ഗൗരവം നിറച്ച് ചുണ്ടുകൂർപ്പിക്കുന്ന അന്നമ്മ ചേട്ടത്തിയെ കണ്ട് പാർവ്വണ ചിരിച്ചു…

ജീവിതത്തിൽ ലഭിക്കുന്ന ചില ബന്ധങ്ങൾ രക്ത ബന്ധത്തേക്കാൾ ഉള്ളിൽ വേരുറക്കും, സ്വന്തം അമ്മയെ പോലെ തന്നെ ആയിരുന്നു അവർക്ക് അന്നമ്മ ചേടത്തി, ഈ കപട ഗൗരവവും ബഹളവും മാറ്റി നിർത്തിയാൽ വെറും പാവം…

ഹാളിൽ നിലത്തിരുന്ന് കളിപ്പാട്ടം കൊണ്ട് നിലത്തടിച്ച് ആ ശബ്ദം കേട്ട് ചിരിക്കുന്ന കുഞ്ചുസിനെ സസൂക്ഷ്മം നോക്കുകയായിരുന്നു ജെനി, ശരിക്കും ധ്രുവ് സാറിനെ പറച്ച് വച്ചു പോലെ, ഇത്രയും നാൾ ധ്രുവ് സറിൻ്റെ മുഖം എവിടേയോ കണ്ട് മറന്നതു പോലെ തോന്നിയിരുന്നു, ഇപ്പഴാണ് മനസിലായത്, ഈ കുഞ്ഞു മുഖത്താണ് അത് എന്ന്, ഇത്ര സാമ്യം കിട്ടുന്നത് കണ്ടിട്ടില്ല, പാർവ്വണയുടേതായ ഒരു ഛായയും കുഞ്ഞിന് കിട്ടിയിട്ടില്ല…. ഇത് ശ്രീ ധ്രുവ് മാധവ് മാത്രമാണ്……

അയാൾ ചെയ്തതോർത്ത് ഉളളിൽ ദേഷ്യം നുരഞ്ഞ് പൊന്തിയെങ്കിലും കുഞ്ഞിനോട് അതിയായ വാത്സല്യം തോന്നിയിരുന്നു ജെനിക്ക്, ഒരു കൂടപ്പിറപ്പിനേക്കാൾ തന്നെ മനസിലാക്കി കൂടെ നിൽക്കുന്ന തൻ്റെ പാറുവിൻ്റെ മകൻ അവൾക്കും ജീവനായിരുന്നു…..

മെല്ലെ ആ കുഞ്ഞിക്കയ്യിൽ മുത്തിയപ്പോൾ കയ്യിൽ കിട്ടിയ കളിപ്പാട്ടം എടുത്ത് അവളുടെ മുഖത്തേക്ക് അടിച്ചതും ഒരുമിച്ചായിരുന്നു….

“” അച്ഛൻ്റെ പോലെ മറ്റുള്ളോരെ ദ്രോഹിച്ച് പഠിക്കണ്ട ട്ടോ ആൻ്റീടെ കുഞ്ഞ്, പർവ്വണ അമ്മയെ പോലെ തൊട്ടാവാടിയും ആവണ്ട, ആൻ്റിയെ പോലെ തൻ്റേടി ആയാ മതി ട്ടോ “” ഒന്നും മനസിലാവാതെ മോണകാട്ടി ചിരിക്കുന്ന കുഞ്ഞിനെ അപ്പഴേക്കും വാരിയെടുത്തു ജെനി…

രാവിലെ എണീറ്റതു മുതൽ ഓഫീസിൽ പോവേണ്ട കാര്യം ആലോചിച്ച് ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു പാറു, ജോലികൾ ചെയ്യുമ്പോൾ ഒന്നും ശരിയാവാത്ത പോലെ കൈകൾ മനസിനൊപ്പം എത്തുന്നില്ലായിരുന്നു, ഒരു വിധം എല്ലാം തീർത്ത്, കുഞ്ചൂസിന് ഉമ്മയും കൊടുത്ത്, ജെനിയുടെ കൂടെ കമ്പനി വണ്ടിക്കായി കാത്തു നിൽക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു, ജെനിയും ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു, അപ്പോൾ കണ്ടു ദൂരെന്ന് വരുന്ന കമ്പനി ബസ്……

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിച്ചേക്കണേ…

തുടരും…

രചന: നിഹാരിക നീനു