ഗായത്രി നോവലിൻ്റെ ആറാം ഭാഗം വായിച്ചു നോക്കൂ…..

രചന : മഴ

എല്ലാവരും സഞ്ജുവിനെ തന്നെ നോക്കി നില്ക്കുവാണ്… സന്ധ്യ ആന്റിയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു…. നെഞ്ചിനകത്ത് ആകെയൊരു അങ്കലാപ്പ്…. എത്രയൊക്കെ വെറുപ്പാണെന്ന് പറഞ്ഞാലും ഒരു പെണ്ണിന് താലി കഴിഞ്ഞേ എന്തുമുള്ളു..

“എന്താ മോനെ എന്തുപറ്റി ”

കൂടി നിന്നവരെല്ലാം സഞ്ജുവിന്റെ മറുപടിയ്ക്കായി അക്ഷമയോടെ നോക്കി…. വന്ന അയൽക്കാരെല്ലാം എന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി…. ആരും ടെൻഷൻ അടിക്കണ്ട.. ആ മാലയിൽ താലി കോർക്കണ്ട എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ..

അതെന്താ മോനെ നീ താലി കെട്ടിയപ്പോൾ കഴുത്തിൽ അണിയിച്ച മാലയല്ലേ അത്…

ആചാരപ്രകാരം അതിലാണ് താലി കോർക്കേണ്ടതും…. ഇനി ഇതിൽ വേണ്ടാന്ന് വെച്ചാലും പുതിയൊരെണ്ണം വാങ്ങി വരുമ്പോഴേക്കും മുഹൂർത്തം തെറ്റും..

ആ…. അത് തന്നെ…. ഇപ്പോൾ ഇതിൽ കോർത്തിട്ട് നമുക്ക് പിന്നെ എപ്പോഴെങ്കിലും മാല മാറ്റാം….

സന്ധ്യ ആന്റിയുടെ തീരുമാനത്തോട് എല്ലാവരും അനുകൂലിച്ചു….

സഞ്ജുവിൻറെ ഉദ്ദേശം എന്താണെന്ന് മാത്രം എനിക്കൊരു പിടിയും ഉണ്ടായിരുന്നില്ല….

“അതിനു പുതിയ മാലയൊന്നും വാങ്ങണ്ട.. എന്റെ മാലയിൽ കോർത്തിടാം.. ” സഞ്ജു കഴുത്തിൽ കിടന്ന മാല ഊരി അമ്മയ്ക്ക് നേരെ നീട്ടി…

“അതിനു ഇതൊരു കുഞ്ഞു മാലയല്ലേ.. ഏട്ടാ… ”

അമ്മു ചോദിച്ചു കൊണ്ട് എന്നെയൊന്നു നോക്കി….

എനിക്കും പിടി കിട്ടുന്നുണ്ടായിരുന്നില്ല….

അതിനെന്താ… എന്റെ ഭാര്യയ്ക്ക് എന്താ ചേരുകയെന്നു എനിക്കല്ലേ അറിയൂ… അവൾക്കിത് മതി….

സഞ്ജുവിന്റെ വാക്കുകൾ കേട്ടു എല്ലാവരും വായും പൊളിച്ചു നിൽക്കുന്നുണ്ടായിരുന്നു….

എന്തൊക്കെയോ കണക്ക് കൂട്ടലുകൾ നടത്തിയിട്ടുണ്ട്…. അവന്റെ ഇഷ്ടപ്രകാരം തന്നെ ആ മാലയിൽ താലി കോർത്തു… അഞ്ചു സുമംഗലികൾ ചേർന്നു കഴുത്തിൽ അതിട്ടു തരണം… അതാണ്‌ ആചാരം…

പക്ഷെ അവിടെയും അവനു അതെന്റെ കഴുത്തിൽ ഇടണമെന്ന് വാശിയായി.. ചുറ്റും നിന്നവർ ഗായത്രിയുടെ ഭാഗ്യം വാഴ്ത്തുമ്പോൾ ഞാൻ അവന്റെ മുഖത്തേക്കൊന്ന് നോക്കി…..

രാവണൻ….. ഒൻപതു തലയുടെ കുറവേയുള്ളു…

“നെറുകയിൽ സിന്ദൂരം എടുത്തു കമിഴ്ത്തുകയായിരുന്നു അവൻ… ”

ഭർത്താവിന്റെ സ്നേഹം കാണിക്കുവാണോ ആവോ…. ചെറിയ രീതിയിൽ സദ്യ ഒക്കെ ഒരുക്കിയിരുന്നു…

ഭക്ഷണം കഴിച്ചിട്ട് വന്നവരൊക്കെ പിരിഞ്ഞു പോയി… വീട്ടുകാർ മാത്രമായി….

“എന്നാലും എന്റെ എട്ടത്തീ…. ഈ ചേട്ടന് എന്താ പറ്റിയത്… ഒരു ദിവസം കൊണ്ട് ഇത്രയ്ക്കും മാറ്റമോ… ഞാൻ ചോദിച്ചിട്ട് പോലും തരാത്ത മാലയാ… ഇന്ന് വരെ കഴുത്തിൽ നിന്നും മാറ്റി കണ്ടിട്ടില്ല…. ഇന്നത് ചേച്ചിക്ക് തരുമ്പോൾ ഞാൻ ശെരിക്കും ഞെട്ടി… ” അമ്മുവിന്റെ വാക്കുകളുടെ അർത്ഥം ശെരിക്കും ഗ്രഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

സഞ്ജുവിന്റെ ഉദ്ദേശം എന്തായിരിക്കും?

വൈകുന്നേരം ചായ കുടിച്ചു എല്ലാവരും പിരിഞ്ഞു..

അവരുടെ പുറകെ കാറും എടുത്തു സഞ്ജുവും പോയി…. ഇന്നലത്തെ ഉറക്ക ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ബെഡിലേക്ക് കയറി കിടന്നു…. കഴുത്തിലെ താലി മാലയിലേക്ക് ഒന്ന് തൊട്ട് നോക്കി…

കാണാൻ പറ്റില്ല.. ഇറക്കം കുറവാണ്…. എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിലേക്ക് പോയി നിന്നു…

നെറുകയിലെ സിന്ദൂരചുവപ്പ് എന്തോ ഒരു വികാരത്തിലേക്ക് തള്ളി മാറ്റുന്നത് പോലെ…. സഞ്ജുവിന്റെ അവകാശം ആണെന്ന് ഒരുമിച്ചപ്പോൾ എല്ലാ സന്തോഷങ്ങളും കെട്ടു…. ഒരു തലയണയും കെട്ടിപ്പിടിച്ചു ഉറക്കമായി…… ഉറങ്ങി എഴുനേറ്റു നോക്കിയപ്പോൾ ഇരുട്ട് പരന്നിരുന്നു….

ഒന്ന് ചുറ്റിനും നോക്കി.. ബെഡിൽ ചാരിയിരുന്ന് ഫോണിൽ നോക്കിക്കൊണ്ടിരുന്ന സഞ്ജുവിനെ കണ്ടു..

ഞെട്ടി ഒന്ന് പുറകിലോട്ട് ആഞ്ഞു…. ചാടി എഴുന്നേറ്റു…. എന്തായിരുന്നു ഉദ്ദേശം എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു.. ഒന്ന് നോക്കിയിട്ട് മുഖവും കഴുകി താഴേക്കു പോയി..

രാത്രി ആകുന്നത് വരെ സഞ്ജുവിനെ എങ്ങും കണ്ടില്ല… രാത്രി എല്ലാവർക്കൊപ്പവും ഇരുന്നു ഫുഡ്‌ കഴിക്കാൻ വന്നിരുന്നു… ആ പരിസരത്തേക്ക് പോയില്ല… എന്നെ കാണുമ്പോൾ ഉള്ള ദേഷ്യം ആഹാരത്തിലേക്ക് ആകും തീർക്കുന്നത്….

അടുക്കളയിൽ ജോലിയൊക്കെ തീർത്തു എല്ലാവരും ഉറങ്ങാൻ പോയി…. കുറച്ചു ഉറങ്ങിയത് കൊണ്ടാകും ഉറക്കം വന്നില്ല… ഡൈനിങ്ങ് ടേബിളിൽ തല വെച്ച് കിടന്നു…. എന്നിലുള്ള വിശ്വാസം വീണ്ടെടുക്കാൻ ഞാൻ എന്താ ചെയ്യേണ്ടത്…. ഒരിക്കൽ അവൻ എന്നെ വിശ്വസിച്ചാൽ ഞാൻ ഈ താലി ഊരി ഏൽപ്പിച്ചു അവന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങും…

എനിക്കൊന്നും വേണ്ട… ആരുടേയും പകയും ദേഷ്യവും ഇല്ലാതെ സമാധാനത്തോടെ ഒന്ന് ഉറങ്ങണം…..

ഒരുപാട് കടമകളുണ്ട്…

രണ്ടു ദിവസം കഴിഞ്ഞു ജോലിയ്ക്ക് പോയി തുടങ്ങണം… ഒരു മാസത്തേക്ക് കൊടുത്തിരുന്ന ലീവ് ആണ്… ഇനി അതിന്റെ ആവശ്യമൊന്നുമില്ലല്ലോ… എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു….

തലയിൽ ആരുടെയോ തലോടൽ അറിഞ്ഞു….

“ജിത്തു ചേട്ടൻ “….

“ഗായത്രി എന്താ ഉറങ്ങുന്നില്ലേ “?

“ഞാൻ പോകുവായിരുന്നു… ഏട്ടാ… ചുമ്മാ ഇവിടെ ഇരുന്നതാ… “മ്മ്,, അധികം ഉറക്കം കളയണ്ട…

മോള് അമ്മുവിന്റെ റൂമിലേക്ക് പൊയ്ക്കോ… എനിക്ക് അത്യാവശ്യമായിട്ട് വീട് വരെ പോണം… ഇന്ന് അമ്മുവിന്റെ കൂടെ പോയി കിടന്നോ…. ” എന്തോ സമാധാനം തോന്നി…

അമ്മുവിന്റെ റൂമിലേക്ക് പോയി കതകും അടച്ചു കിടന്നു … ഉറക്കത്തിൽ കിടന്നു കൊണ്ടുള്ള ജിത്തു ചേട്ടാ എന്ന് വിളിച്ചുള്ള അമ്മുവിന്റെ സ്നേഹപ്രകടനങ്ങൾ കണ്ടു ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു…. ഇടയ്ക്ക് റൂം ഡോർ ആരോ അടയ്ക്കുന്നത് പോലെ തോന്നി… ഡോർ തുറന്നു പുറത്തേക്ക് പോയി നോക്കിയപ്പോൾ സ്റ്റെയർ കയറി പോകുന്ന സഞ്ജുവിനെ കണ്ടു…. ഇരയെ കാണാത്തത് കൊണ്ട് വന്നതാകും….

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് റൂമിലേക്ക് പോയി..

കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും സഞ്ജു എഴുന്നേറ്റ് ഇരിക്കുന്നുണ്ടായിരുന്നു….

കോഫി….. എങ്ങോട്ടേക്കോ നോക്കി കൊണ്ടാണ് പറഞ്ഞത്… ഓഫീസിൽ പോകാനുള്ളതല്ലേ..ഞാനുമായിട്ടുള്ള ദേഷ്യം ഓഫീസിലെ ഏതെങ്കിലും സ്റ്റാഫിനോടാകും തീർക്കുന്നത്…

ഒന്നും മിണ്ടാതെ അമ്മുവിന്റെ കയ്യിൽ കോഫി കൊടുത്ത് വിട്ടു..

സഞ്ജു ഓഫീസിൽ പോകുന്ന സമയം വല്ലാതെ സ്വസ്ഥമായിരുന്നു… വീട്ടിൽ കളിയും ചിരിയുമായി എല്ലാവർക്കൊപ്പവും കൂടി…. അവരെക്കൊണ്ട് കഴിയുന്നത് പോലെ എന്നെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു… വിലയ്‌ക്കെടുത്ത ഭാര്യയുടെ എല്ലാ കടമകളും ഞാൻ സഞ്ജുവിന് വേണ്ടി ചെയ്തു…. ഡ്രസ്സ്‌ അലക്കുന്നതും ആഹാരം ഉണ്ടാക്കുന്നതുമായ എല്ലാം…. ജോലിക്ക് പോകുന്ന കാര്യം അവതരിപ്പിച്ചപ്പോൾ ലീവ് കഴിഞ്ഞിട്ട് പോകാം മോളെ എന്ന് ആന്റി പറഞ്ഞു… അതും ശെരിയാണെന്ന് തോന്നി…

പലപ്പോഴും പകൽ ഉറങ്ങി രാത്രിയിൽ ഉറങ്ങാതിരുന്നു… അന്നും പതിവ് പോലെ എല്ലാവരും ഉറങ്ങാൻ പോയി കഴിഞ്ഞ് ഡൈനിങ്ങ് ടേബിളിൽ പോയിരുന്നു….

നിനക്ക് ഇന്നും ശിവ രാത്രിയാണോ?

സഞ്ജുവിന്റെ ശബ്ദം കേട്ടാണ് നോക്കിയത്….

റൂമിൽ പോയി കിടക്കെടി…..

ഇല്ല…. ഞാൻ വരുന്നില്ല….. പിന്നൊന്നും പറഞ്ഞില്ല… പൊക്കിയെടുത്തു കൊണ്ട് റൂമിൽ കൊണ്ട് പോയി താഴെ നിർത്തി…. ഇറങ്ങി പോകാൻ ആണ് ഉദ്ദേശമെങ്കിൽ നീ വിവരമറിയും….

ബെഡിൽ ചാരി നിലത്തിരുന്ന് ഉറങ്ങി നേരം വെളുപ്പിച്ചു… പിറ്റേന്ന് തൊട്ട് ജോലിയ്ക്ക് പോയി തുടങ്ങണമായിരുന്നു…. അടുത്തൊരു ബാങ്കിൽ ക്ലാർക്ക് ആണ്…. രാവിലെ എഴുന്നേറ്റു റെഡി ആയി….സാരി ഉടുത്തപ്പോഴേക്കും സഞ്ജു കുളിച്ചു വന്നു…

“നീയെങ്ങോട്ടേക്കാ “?

“ബാങ്കിലേക്ക് “…

വേറെ ചോദ്യവും പറച്ചിലുമൊന്നും ഉണ്ടായില്ല…

കുങ്കുമചെപ്പിലേക്ക് സഞ്ജുവിന്റെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് പതിയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…

കഴുത്തിൽ താലി പിടിച്ചു സാരിക്കുള്ളിൽ ആക്കാൻ നോക്കിയപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലായത്…

അതെങ്ങനെ ഇട്ടാലും പുറത്തു തന്നെ കിടക്കും… സഞ്ജുവിന്റെ മുഖത്ത് ഒരു ഗൂഡ്ഡമന്ദഹാസം വിരിഞ്ഞു….. അന്ന് ക്ഷേത്രത്തിൽ പോയപ്പോൾ കാണിച്ചതിന് പകരം വീട്ടിയതാണല്ലേ…. മുഖത്ത് വിരിഞ്ഞ പുഞ്ചിരി മറച്ചു വെച്ചു കൊണ്ട് jewel box ഇൽ നിന്നും വേറൊരു മാലയെടുത്തു കഴുത്തിലിട്ടു കൊണ്ട് താലി മാലയുടെ കൊളുത്തഴിച്ചെടുത്തു…

പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ഞാനിട്ട പകരം മാല കഴുത്തിൽ നിന്നും ഊരി അവന്റെ കഴുത്തിൽ ഇട്ടു….. ഇനി നീ എന്ത് ചെയ്യും എന്ന ഭാവത്തിൽ നോക്കി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു…

കഴുത്തിലേ മാലയിൽ ദേഷ്യത്തിൽ പിടിച്ചതും എന്റെ കൈ തട്ടി തെറിപ്പിച്ചുകൊണ്ട് അവന്റെ പല്ലുകൾ മാലയുടെ കൊളുത്തിൽ അമരാൻ തുടങ്ങി….

അവന്റെ താടി കഴുത്തിൽ ഇക്കിളി കൂട്ടാൻ തുടങ്ങി… അവന്റെ ഗന്ധം എന്നിൽ വ്യാപിക്കാൻ ആരംഭിച്ചു… അറിയാതെ ഞാൻ അവനെ സ്നേഹിക്കാൻ തുടങ്ങിയപോലെ…. മാല ശെരിയാക്കിയ ശേഷം അവൻ എന്നെ നോക്കി….

എന്തോ ഒരു പുതിയ ഭാവം അവനിൽ വന്ന പോലെ… അവനെ ഒന്ന് ദേഷ്യത്തിൽ നോക്കിയ ശേഷം താലി കഴുത്തിനു പുറകിലായി വരുന്ന പോലെ മാലയെ തിരിച്ചിട്ടു…. ബാഗും എടുത്തു റൂമിനു പുറത്തേക്ക് ഇറങ്ങിയ എന്റെ കയ്യിൽ അവന്റെ കൈ അമർന്നു.. മേശ പുറത്തിരുന്ന കുങ്കുമം നെറുകയിൽ തൊട്ട് എന്നെ സ്വതന്ത്രമാക്കി….

കാണുന്നത് സത്യമാണോന്നറിയാൻ അവനെ ഒന്ന് പകച്ചു നോക്കി… കൂടുതൽ സ്വപ്നങ്ങളൊന്നും കാണണ്ട… എന്റടുത്തു നിന്ന് രക്ഷപ്പെടണമെന്ന് ഈ ജന്മം നിനക്ക് തോന്നാൻ പാടില്ല… .. ഇനി എങ്ങാനും തോന്നിയാൽ ആ ആഗ്രഹം ഈ താലിയും കുങ്കുമവും കാണുമ്പോൾ തീർന്നുകൊള്ളും… നീ എന്റെ കൂടെ ഇങ്ങനെ നരകിച്ചു ജീവിക്കും… ഒന്ന് തല ചായ്ക്കാൻ കൂടി ഒരിടമില്ലാതെ… ഒരിറ്റ് സമാധാനമില്ലാതെ……

“എന്നെ ഞെട്ടിക്കാനാണ് ഇതൊക്കെ പറഞ്ഞതെങ്കിൽ ഞാനിതാ ഞെട്ടി… സന്തോഷമായെങ്കിൽ സഞ്ജു ചെന്നാട്ടെ… ”

അവനെ തള്ളി മാറ്റി റൂമിൽ നിന്നുമിറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു….

തുടരും…

രചന : മഴ

Scroll to Top