എന്നിട്ടും തുടർക്കഥ, ഭാഗം 15 വായിക്കുക…..

രചന : നീഹാരിക നീനു

ടീ….. ഇതാ നിൻ്റെ വയ്യായ്ക അല്ലേ?? നിന്നെ ഞാൻ ” എന്ന് പറഞ് ഓടി ചെന്ന് നിന്നത് ധ്രുവിൻ്റെ മുന്നിലായിരുന്നു….

“എന്താ ഇത് ചന്തയാണോ ” എന്നും പാർവ്വണയോട് പറഞ്ഞ് കപട ദേഷ്യം കാട്ടി വേഗം നടന്ന് നീങ്ങി…..

അപ്പുറത്ത് എല്ലാം നിന്ന് കണ്ട് ആസ്വദിക്കുന്ന ഗായത്രിയെ, “ഗായു താൻ വാടോ …..” എന്നും പറഞ്ഞ് ധ്രുവ് കൂടെ കൂട്ടി, എല്ലാം കൂടെ ആകെ വിളറി കരയാറായി നിൽക്കുന്ന പാറുവിനെ കൂട്ടി പോകുമ്പോൾ ജെനിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു…

വിളിപ്പിച്ചതനുസരിച്ച് ധ്രുവിൻ്റെ കാബിനിൽ എത്തിയതായിരുന്നു പാറു,

“മേ ഐ കം ഇൻ സർ? ”

“ആ ”

മുന്നിലിരിക്കുന്ന ഗായത്രിയെ നോക്കി ഒന്നു ചിരിച്ച് ഒട്ടും താൽപര്യമില്ലാത്ത മട്ടിൽ ധ്രുവ് അനുവാദം കൊടുത്തു…. പാറു മെല്ലെ ധ്രുവിൻ്റെ അടുത്ത് നിന്നു, അവളെ ഒട്ടും മൈൻഡ് ചെയ്യാതെ ഗായത്രിയുമായി ചിരിച്ച് സംസാരിക്കുകയായിരുന്നു ധ്രുവ്…..

“ഗായൂ തനിക്കീ മോഡേൺ ഡ്രസ് നന്നായി ഇണങ്ങുന്നുണ്ട്……. യു ലൂക്ക് സോ പ്രെറ്റി….”

ഒരിക്കൽ പോലും തന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ലല്ലോ എന്ന മട്ടിൽ വിടർന്ന മുഖത്താലെ നോക്കുന്നുണ്ട് ഗായത്രി …..

പിന്നെ അസ്വസ്ഥമാവുന്ന പാറുവിനെ കണ്ടപ്പോൾ അവളെ ദേഷ്യം പിടിപ്പിക്കാനാവുമെന്ന് കരുതി അവളും മാക്സിമം കൊഞ്ചി ……

“പോ ധ്രുവ്, ഇങ്ങനെ പുകഴ്ത്തല്ലേ മാൻ! ഞാനങ്ങ് പൊങ്ങി റൂഫ് പൊളിച്ച് പോവുമേ”

“ഹേയ് നോ ഗായു…. ദിസ് ഈസ് നോട്ട് ഫ്ലാറ്ററി…. ഇറ്റ്സ് ട്രൂ ഡിയർ ”

ഗായത്രിക്ക് ശരിക്ക് സുഖിക്കുന്നുണ്ടായിരുന്നു…

പാറുവിന് ഇറങ്ങി ഓടാൻ തോന്നി, സ്വന്തം എന്ന് പറഞ്ഞ് മനസിലിട്ട് നടക്കുന്നവർ എത്ര അകന്നെന്ന് പറഞ്ഞാലും മറ്റൊരാളോട് അടുപ്പം കാണിക്കുന്നത് കാണുമ്പോ ഹൃദയം മുറിയും…. അതിൽ നിന്ന് രക്തം പൊടിയും…

ശരിക്കും ഇപ്പോൾ തൻ്റെ വീണയെ മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അവളുടെ ശ്രീയേട്ടന്…

പക്ഷെ പെണ്ണേ ഒന്നും നിന്നോട് പറയാൻ നേരായില്ല….. ക്ഷമിക്കെടി… എന്ന് മനസുകൊണ്ട് ഒരു നൂറാവൃത്തി പറഞ്ഞു കഴിഞ്ഞിരുന്നു ധ്രുവ് …..

“സർ! എന്തിനാ എന്നെ വിളിപ്പിച്ചേ?”

ഇത്തിരി ഈർഷ്യയോടെ തന്നെ പാർവ്വണ ചോദിച്ചു.

“ഗായൂ…. ഏത് പെർഫ്യൂമാടാ താൻ ഉപയോഗിക്കുന്നേ….? നൈസ് ഓഡർ ”

പാർവ്വണയുടെ ക്ഷമ മുഴുവൻ കെട്ടിരുന്നു…

“സർ ”

അവൾ ഉറക്കെ വിളിച്ചു…

“വാട്ട്….. എനിക്ക് തോന്നുമ്പോ ഞാൻ വിളിക്കും…. എന്നിട്ട് തോന്നുമ്പോ കാര്യം പറയും….. ഹൂ യൂ ആർ ടു ക്വസ്റ്റ്യൻ മീ?? ”

ഗായത്രിയുടെ മുഖം വീണ്ടും വിടർന്നു, ഇടംകണ്ണിട്ട് ധ്രുവ് അത് ആസ്വദിച്ചു. കണ്ണ് നിറയാൻ സമ്മതിക്കാതെ പിടിച്ച് നിന്നു പാറു…

” ഗെറ്റ് ഔട്ട് ”

അത് ധ്രുവിൻ്റെ വായിൽ നിന്നും കേട്ടതും വേഗം പുറത്തേക്കോടി പാറു…

സീറ്റിൽ തല വച്ച് കിടന്ന് കരയുന്ന പാറുവിനെ കണ്ടിട്ടാണ് ജെനി വന്നത്…

“ടീ …എന്താ? എന്താടി ” മെല്ലെ അവളുടെ തല പിടിച്ചുയർത്തി ജെനി ചോദിച്ചു…. ”

അയാൾക്ക് ശൃംഗരിക്കണെങ്കിൽ എന്നെ വിളിക്കണോ?

മതിയായി… ഒരു ദിവസം കൊല്ലും ഞാൻ എല്ലാത്തിനേം…

ജെനിക്ക് ചിരി വന്നു, ശ്ശെടാ ഭയങ്കരാ നിങ്ങളീ പെണ്ണിനെ റാഗ് ചെയ്യാണോ പിന്നേം, ഇവളാണെങ്കിൽ ഒന്നും മനസിലാക്കാതെ മോങ്ങാനും…..

അതെ പാറൂ… നീയിങ്ങനെ കരയാൻ നിന്നാ പിന്നെ അവര് നിന്നെ കരയിപ്പിച്ചോണ്ടിരിക്കും…

പെണ്ണുങ്ങളായാലേ ഇത്തിരി ചുണയൊക്കെ വേണം, അല്ല പിന്നെ…..

ഓ! നീയും അയാൾടെ സൈഡാ ലേ…

പോടി….

എന്നും പറഞ്ഞ് ചവിട്ടിത്തുളളി പോകുന്നവളെ കണ്ട് ജെനി പൊട്ടിച്ചിരിച്ചു, എൻ്റെ പാറു… നിങ്ങൾ പരസ്പരം എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് പോലും അറിയില്ലെടി ….. ഇങ്ങനെ രണ്ടെണ്ണം

ധ്രുവിൻ്റെ നിർദ്ദേശപ്രകാരം രാവിലെ തന്നെ കുഞ്ഞുമായി ഇറങ്ങി ജെനി…..

“നീയും ഹരി സാറും കൂടി ഊര് ചുറ്റുന്നതിൻ്റെ ഇടയിൽ എന്തിനാ പൊന്നേ കട്ടുറുമ്പായിട്ട് കുഞ്ചൂസിനെ കൊണ്ട് പോകണെ??”

“ൻ്റെ കുഞ്ചൂസാ നീ പോടി…..ല്ലേടാ മുത്തേ, ജെനി മ്മേടെ കൂടെ അവന്നും വരും ”

“ആയിക്കോട്ടെ മാഡം…. ”

ചിരിച്ച് പാറു അവരെ യാത്രയാക്കി, ഞായറാഴ്ച ആയതു കൊണ്ട് ഹരി സാർ ടെ കൂടെ കറങ്ങാൻ പോവാണ് എന്നായിരുന്നു ജെന്നി പറഞ്ഞത്…

മുമ്പും ജെനി കുഞ്ചുസുമായി പുറത്ത് പോയിട്ടുള്ളത് കൊണ്ട് പാർവ്വണ കൂടുതൽ ചിന്തിച്ചില്ല! ഹരി കാറുമായി വന്നു, നേരെ ഇന്ദീവരം”” എന്ന ധ്രുവിൻ്റെ വീട്ടിലേക്ക് നേരെ പോയി…

കാറിൽ നിന്ന് ഇറങ്ങിയതും ജെനി കണ്ടു അക്ഷമനായി സ്വന്തം ചോരയെയും കാത്ത് നിൽക്കുന്ന ഒരച്ഛനെ… കുഞ്ചൂസിനെ കണ്ടതും അയാളുടെ മുഖത്ത് വന്ന വാൽസല്യം അദ്ഭുതത്തോടെ ജെനി നോക്കി കണ്ടു….

“ദാ സാറിൻ്റെ മോൻ പറഞ്ഞ പോലെ കൊണ്ടു വന്നിട്ടുണ്ട് കുഞ്ഞുമുതലാളിയെ… ദേ കൃത്യം 4 മണിക്ക് ഞങ്ങൾ വരും.. ട്ടോ, ”

” ഹരി കേറുന്നില്ലേ?” ഒരു സഹോദരസ്ഥാനം കല്പിച്ച് നൽകിയിരുന്നു ഹരീക്ക്…

” ഇല്ല! ഞങ്ങൾക്ക്… ചെറിയ … കണ്ണടിച്ച് ചൂളം വിളിച്ച് കാണിച്ചു ഹരി… “ഓ…. നടക്കട്ടെ നടക്കട്ടെ ….. അച്ഛൻ്റെ പൊന്ന് വാടാ” എന്ന് പറഞ്ഞവനെ കയ്യിൽ വാങ്ങിയപ്പോൾ കണ്ണ് നിറഞ്ഞിരുന്നു ധ്രുവിൻ്റെ ….. നിറഞ് വന്ന കണ്ണുമായി ഭ്രാന്തമായി കുഞ്ഞിനെ ചുംബിക്കുന്ന അവനെ അലിവോടെ നോക്കി ഹരിയും ജെനിയും, ചിലരുടെ ദുഷ്ട മനസിൻ്റെ ചെയ്തികൾ കാരണം നിഷേധിക്കപ്പെട്ട ആ സ്നേഹം എത്ര പവിത്രമാണെന്ന് തിരിച്ചറിയുകയായിരുന്നു ജെനി….

അമ്മയുടെ അടുത്തേക്ക് ധ്രുവ് കുഞ്ഞിനേയും കൊണ്ട് പോയി

” ശ്രീക്കുട്ടാ…… ഇത് ??”

“സംശയിക്കണ്ട എൻ്റെ കുഞ്ഞാ….. ”

” വീണമോളെ കണ്ടപ്പോ …. നിന്നെ പറിച്ച് വച്ച പോലെ ഈ പൊന്നും കുടത്തിനെ കണ്ടപ്പോ ഒക്കെ നീ പറഞ്ഞ പോലെ മനസ് നിയന്ത്രിച്ച് എല്ലാം കലങ്ങി തെളിയാൻ ഞാനും പ്രാർത്ഥിക്കാരുന്നു”

“എല്ലാം വ്യക്തമായി അമ്മേ…. ഇനി എൻ്റെ പെണ്ണിനെ സ്വന്തമാക്കുക എന്നത് മാത്രമേ ബാക്കിയുള്ളൂ” പ്രതീക്ഷയോടെ മിഴിയും മനസും നിറഞ്ഞ് ആ അമ്മ മകനെ നോക്കി…..

ഒരു കയ്യിൽ അമ്മയേയും മറുകയ്യിൽ അവൻ്റെ ജീവനെയും ചേർത്ത് പിടിച്ച് നിന്നവൻ ഒരാളുടെ കുറവുള്ളത് ഓർത്ത്….. കുസൃതിയോടെ കവിളിൽ മുളച്ച് പൊന്തുന്ന പാൽ പല്ല് പതിക്കുകയായിരുന്നു കുഞ്ചൂസ് ….. അവൻ്റെ അച്ഛനോടെന്ന അധികാരത്തോടെ…..

ഗൗരിയമ്മയുടെ ചിന്തകൾ ഒരു ഒന്നര വർഷം പുറകിലേക്ക് പോയി, അന്ന് കേസും കൂട്ടവുമായി ഓടി പിടിച്ച് ശ്രീ എത്തിയപ്പോഴെക്ക് അവൻ്റെ അച്ഛനെ പോലീസ് വഞ്ചനാകുറ്റത്തിന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇനി അന്വേഷണം ഞങ്ങളിലേക്കാവും എന്നറിഞ്ഞ് ഞങ്ങളും ഒരു അറസ്റ്റ് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു…

അവൻ അത്രക്ക് അസ്വസ്ഥനായി… എൻ്റെ കൈയ്യും പിടിച്ചന്ന് പൊട്ടിക്കരഞ്ഞു, എന്താ പറ്റിയേ ൻ്റെ ശ്രീക്കുട്ടന് എന്ന് ആധിയായി, കുറേ ചോദിച്ചു…

അപ്പഴാണ് അവൻ പറഞ്ഞത് നാട്ടിൽ ഒരു പെൺകുട്ടിയെ കണ്ട് താലികെട്ടിയ കാര്യം. അവളെ നഷ്ടപ്പെടുമോ എന്ന ഭയമാണ് പാവത്തിനെ കൊണ്ട് ഞങ്ങളുടെ അസാന്നിധ്യത്തിലും അങ്ങനെ ചെയ്യിപ്പിച്ചത് എന്നോർത്തപ്പോൾ ശരിക്ക് അലിവ് തോന്നിയിരുന്നു, ആ കുട്ടി എൻ്റെ വീണ മോളാണ് എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി, ഞങ്ങളും പിടിയിലായി, ‘ ചെയ്യാത്ത കുറ്റത്തിന്, മനസറിയാത്ത തെറ്റിന്, പക്ഷെ എല്ലാം കഴിഞ്ഞ് പുറത്തിറക്കിയപ്പോൾ അവന് എല്ലാം നഷ്ടപ്പെട്ടിരുന്നു, അച്ഛനെ.. സ്വത്തുക്കൾ.. അവൻ്റെ പ്രണയം..

ഒത്തിരി ദേഷ്യം തോന്നി അവളോട് എൻ്റെ കുഞ്ഞിനെ തഴഞ്ഞ് സുഖം തേടി പോയി എന്നറിഞ്ഞത് മുതൽ…… പിന്നീട് ഒരു തരം ഭ്രാന്തു പോലായിരുന്നു അവന് ഈ കണ്ടതെല്ലാം നേടിയെടുത്തു വാശിയോടെ, ചതിച്ചവനെ ശരിയിലൂടെ നേരിട്ടു എന്റെ കുട്ടി, ഒന്നുമില്ലാത്തവനാക്കി തീർത്തു….

ആദ്യ പ്രതികാരം, പിന്നെ, അവളെ കണ്ടു പിടിച്ചു….. വീണയെ… അവൻ കൽപ്പിച്ച് കൂട്ടിയ അവൻ്റെ ശത്രു…. പക്ഷെ ഇവിടെ വന്നപ്പോ മുതൽ അവളെ അറിഞ്ഞതു മുതൽ തോന്നിയ സംശയം, അവന് എവിടെയോ പിഴച്ചു പോയോ എന്ന്, അത് അവനെ കൊണ്ടെത്തിച്ചത് നാട്ടിൽ അവളുടെ വീട്ടിലാ, അവനെ പേടിച്ചാവണം, അവളുടെ അമ്മായി സത്യം പറഞ്ഞത്…

ഗായത്രി! അവൾ പറഞ്ഞിട്ടാണ് അവർ ശ്രീക്കുട്ടനോട് നുണകൾ പറഞ്ഞതെന്ന്,. അവൻ്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടായിരുന്നു എന്ന്, തളർന്നു പോയിരുന്നു പിന്നെ എൻ്റെ കുട്ടി…

അവൻ്റെ പെണ്ണിനെ ഓർത്ത്, ഞാനും കൂടെയാ അവനോട് പറഞ്ഞത്, ആ ഗായത്രി… ആ പിശാചിനെ വെറുതേ വിടരുത് എന്ന്….

വൈകുന്നേരം വരെ ആ അച്ഛൻ മകനെ നിലത്ത് വച്ചില്ല! അവനും അവൻ്റെ അച്ഛൻ്റെ സ്നേഹം ആവോളം നുകർന്നു. വൈകുന്നേരം ജെനി വന്നപ്പോൾ മകനെ വിട്ട്‌ കൊടുക്കാനുള്ള പ്രയാസത്തിലായിരുന്നു ധ്രുവ്…..

എടുക്കാനായി കൈ നീട്ടിയപ്പോൾ അച്ചൻ്റെ തോളത്ത് ഒളിച്ചു കിടന്നു കുഞ്ചൂസ്, ജെനി ധർമ്മസങ്കടത്തിലായി, കുഞ്ഞിന്നെ വാങ്ങാൻ വന്ന തന്നെ കണ്ട് ധ്രുവിൻ്റെയും അമ്മയുടെയും മുഖം വാടിയത് ആദ്യമേ അവൾ ശ്രദ്ധിച്ചിരുന്നു, ധ്രുവ് അവനെ ഗൗരി അമ്മയുടെ അടുത്തേക്ക് കൊണ്ടു പോയി, ആ കുഞ്ഞു മുഖം വാത്സല്യ ചുംബനങ്ങൾ കൊണ്ട് നിറച്ചു കുഞ്ചൂസിൻ്റ അച്ഛമ്മ!

” ഇനിയെന്നാ എൻ്റെ കണ്ണൻ ഈ അച്ഛമ്മയെ കാണാൻ ഒന്ന് വരുക ” നിറഞ്ഞ കണ്ണ് തുടച്ച് അവർ ചോദിച്ചു …. ഒന്നും മിണ്ടാതെ അവനെ വാങ്ങി, ജെനിയുടെ അടുത്തേക് നടന്നു ധ്രുവ്… അവനെ അവളുടെ കയ്യിൽ കൊടുത്തപ്പോൾ ഹൃദയം പറിയുന്ന പോലെ വേദന തോന്നി ഉള്ളിൽ…. കുഞ്ചുസും തന്റെ നേരെ കൈ നീട്ടി കരയുകയായിരുന്നു, എത്രയും പെട്ടെന്ന് അച്ഛൻ്റെ കുഞ്ഞ് ഇവിടെ വരും, എന്ന് ഉറപ്പിച്ചു അവൻ….

വെള്ളം ചൂടാക്കി തണുപ്പ് വി ടീച്ച് കുഞ്ചൂസിനെ മേല്‌ കഴുകിക്കാൻ എടുത്തതായിരുന്നു പാർവ്വണ, ഉടുപ്പ് ഊരിയപ്പഴാണ് കുഞ്ഞി കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല കണ്ടത്……

എസ്. ഡി എന്ന് കൊത്തിയ ലോക്കറ്റ് കണ്ട് അവളുടെ മിഴികൾ നിറഞ്ഞു… രോമാവൃതമായ ശ്രീയേട്ടൻ്റെ നെഞ്ചിൽ തല വെച്ച് കിടന്ന് ഈ ലോക്കറ്റിൽ കൊത്തിയ ശ്രീ ധ്രുവ് എന്നതിൻ്റെ എസ് ഡി എന്ന അക്ഷരങ്ങളിലേയ്ക്ക് പ്രണയപൂർവ്വം ചുണ്ടു ചേർത്തിരുന്നത് അവളുടെ ഓർമ്മകളിൽ തിളങ്ങി….

” അത്ത…. അത്ത….” എന്ന് അവ്യക്തമായി വന്നത് മുതൽ അവൻ പറയുന്നുണ്ടായിരുന്നു, അപ്പോൾ അത്ര ശ്രദ്ധിച്ചില്ലെങ്കിലും ഇപ്പോ ഓർത്തപ്പോൾ ആകെ കൂടെ നെഞ്ചിടിപ്പ് കൂടി….

കുഞ്ചുസിനെ ചേർത്ത് പിടിച്ചു…. അവനും ശ്രീയേട്ടൻ്റെ ഗന്ധം പോലെ…… ജെനി തന്നിൽ നിന്ന് എന്തൊക്കെയാ മറക്കുന്നത് ??

അവൾ വേഗം കുഞ്ചൂസിനെ മേല് കഴുകിച്ച് ജെനിയുടെ അടുത്തേക്ക് നടന്നു… ഫോണിൽ മെസേജ് നോക്കി നഖം കടിച്ച് ചിരിക്കുന്നുണ്ട്…

” ജെനീ”

അടുത്ത് വന്ന് നിന്നതൊന്നും ശ്രദ്ധിക്കാത്തത് കൊണ്ട് പേരെടുത്ത് വിളിച്ചു, വേഗം ഫോൺ മാറ്റി ഒരു ചമ്മിയ ചിരി ചിരിച്ച് അവൾ പാറൂന്നെ നോക്കി…

“എന്താടി… ”

” നിങ്ങളിന്ന് കുഞ്ചുസിനെം കൊണ്ട് എവിടെ യൊക്കെയാ പോയേ?” എന്തോ അവളുടെ ചോദ്യം കേട്ട് ഒന്ന് പരുങ്ങി ജെനി…

“ഉം … ലാൽബാഗിൽ പോയി, പിന്നെ ഒരു മൂവി , പിന്നെ പുള്ളിടെ വീട്ടിൽ , അമ്മ നാട്ടിൽ പോയേ പിന്നെ ഒറ്റക്കല്ലേ ?”

“എന്നിട്ട് മൂവി കഴിയും വരെ ഇവൻ കരയാതെ വാശി പിടിക്കാതിരുന്നോ?”

” അ ….. അത് , അവൾ ഉറങ്ങി…. ആ അവൻ ഉറങ്ങി… ”

“സിനിമയുടെ ശബ്ദം കേട്ടും ഉണർന്നില്ല അല്ലേ??”

“ഇല്ല ! അതിന് അത്ര സൗണ്ട് ഒന്നൂല്യത്ത സിനിമ ആയിരുന്നു, ”

“അതേത് സിനിമ? ”

” കൺജൂറിംഗ് ടു ”

“ഓഹ്! അത് പിന്നെ സൈലൻ്റ് മൂവി ആണല്ലോ ലേ ?? ചുമ്മാതല്ല ഇവൻകിടന്ന് ഉറങ്ങിയത്!”

ജെനി ഇടം കണ്ണിട്ട് പാറുവിനെ നോക്കി, അവൾ എളിയിൽ കയ്യും കുത്തി നിന്ന് ചോദ്യം ചെയ്യാണ്…

കുഞ്ചൂസ് നിലത്ത് ഇറങ്ങി കളിക്കുന്നു, പണി പാളിയോ കർത്താവേ, ഇവളിതെന്നാ എന്തോ സംശയം ഉള്ള പോലെ ‘ “നീയെന്താ എന്നെ ചോദ്യം ചെയ്യാണോ ?? ഒഞ്ഞ് പോയേടി…. ബാടാ കുട്ടാ മ്മക്ക് പോവാ…

നിൻ്റെ അമ്മക്ക് വട്ടാ; എന്നും പറഞ്ഞ് ജെനി മെല്ലെ സ്കൂട്ടായി , അപ്പളും അവളെ തന്നെ നോക്കി നിൽക്കാരുന്നു, പാറു…..

തൻ്റെ അലമ്പ് ഫ്രണ്ട്സിന് മെസേജ് അയക്കാരുന്നു ഗായത്രി….., പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്… ” ധ്രുവ് ” ആർത്തിയോടെ അവൾ ആ കാൾ അറ്റൻ്റ് ചെയ്തു. “ഹായ് ധ്രുവ് ”

“ഗായു…..!” “ഞാൻ തന്നെ ത്തന്നെ ഓർത്ത് ഇരിക്കാരുന്നു ധ്രുവ് !”

“ഞാനും …… ” അത് കേട്ട് ഗായത്രി ആകെ പൂത്തുലഞ്ഞു, “ഗായൂ…. ടാ എനിക്ക് തന്നോട് സീരിയസ് ആയൊരു കാര്യം പറയാന്ണ്ട്…… ”

“എന്താ! ധ്രുവ് ” “നാളെ താൻ നേരത്തെ റെഡിയാവ് ഞാൻ വന്ന് പിക് ചെയ്യാം……”

“ഓകെ….. ഗുഡ്‌ നൈറ്റ് ധ്രുവ് ” ഫോൺ കട്ടായതുo ഗായത്രി സന്തോഷം കൊണ്ട് തുള്ളിച്ചാടി….

ഫോണിൻ്റെ ഡിസ്പ്ലേയിൽ തെളിയുന്ന ധ്രുവിൻ്റെ ഫോട്ടോ നോക്കി, “എൻ്റെ യാ…. നീ ധ്രുവ്…. എൻ്റെ മാത്രം… അതിനായി ഏതറ്റം വരെയും ഞാൻ പോകും…….

ലൈക്ക് കമന്റ് ചെയ്യണേ…

തുടരും…

രചന: നിഹാരിക നീനു