അവളെ കാണുമ്പോൾ ഉള്ള ധൈ, ര്യം ചോ, ർന്നു പോ, കും അതെന്താണോ അങ്ങിനെ…

രചന : Ammu Santhosh

“നിങ്ങൾ ഒരു ആണാണോ ?”

ഗേറ്റ് കടന്നതും വെടിയുണ്ട പോലെ അവളുടെ ചോദ്യം. മുറ്റത്തു ഓടിക്കളിക്കുന്ന നാലു പുത്രന്മാരെ കൂടാതെ അവളുടെ എളിയിലിരുന്നു കോലുമുട്ടായി തിന്നുന്ന അഞ്ചാമനെ കൂടെ ഞാൻ ഒന്ന് നോക്കി..

എന്നോടോ ബാല “എന്ന അർത്ഥത്തിൽ ഞാൻഅവളെ ഒന്ന് കൂടെ നോക്കി. ഈ അഞ്ചെണ്ണത്തിന്റെയും പ്രൊഡ്യൂസർ ആയ എന്നോട് ഒരു ഉളുപ്പുമില്ലാതെ അവൾ ചോദിക്കുന്നു ഞാൻ ആണാണോന്ന്..

അല്ലെങ്കിൽ തന്നെ നാട്ടിലിറങ്ങി നടക്കാൻ വയ്യ. എൽകെ ജി കുട്ടികൾ പോലും കളിയാക്കി ചിരിക്ക്യ..

പെൺകുഞ്ഞുണ്ടായിട്ടേ പ്രസവം നിർത്തു എന്ന് ഒറ്റക്കാലിൽ തപസ്സ് ചെയ്യുകയല്ലേ രാക്ഷസി…. പടിയിൽ ഇരിക്കുന്ന അമ്മയുടെ മുഖത്ത് പോലും പരിഹാസം.

“നീ എന്താടീ പറഞ്ഞത്…. മോളെ ?

സത്യത്തിൽ പുലി പോലെയാ ചെന്നത് എന്തെന്നറിയില്ല അവളെ കാണുമ്പോൾ ഉള്ള ധൈര്യം ചോർന്നു പോകും. അതെന്താണോ അങ്ങിനെ ?എനിക്ക് മാത്രം ഉള്ളോ ഇനി ഇങ്ങനെ ?.. പക്ഷെ മോളെ എന്ന് ഞാൻ വിളിച്ചത്തിനിപ്പുറത്തു ഞാൻ വേറെ ചേർത്തിട്ടുണ്ട്… മനസ്സിൽ എങ്കിലും ഞാൻ അവളെ പത്തു തെറി പറഞ്ഞോട്ടെ… എന്നെങ്കിലും നേരെ ഒരു വാക്ക് പറയാനുള്ള ധൈര്യം തരണേ പളനി മല മുരുകാ !

“നിങ്ങൾ കാരണമാ എനിക്ക് ഒരു മോളെ കിട്ടാത്തെ ?അവൾ മൂക്ക് പിഴിയുന്നു… എന്തോ കാര്യസാധ്യം ഉണ്ട്.. കള്ള കരച്ചിൽ… ഞാൻ കുറച്ചു നീങ്ങി നിന്ന്.

“ചെക്കന്റെ ബയോളജി പുസ്തകം വായിച്ചിട്ടുണ്ടോ നിങ്ങൾ “?

ബെസ്റ്റ് ഞാൻ എന്റെ ബയോളജി പുസ്തകം പോലും കണ്ടിട്ടില്ല. പിന്നെയാണ്…

“അതിലുണ്ട് കൊച്ചുണ്ടാകുമ്പോ ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് അച്ഛന്റെ എന്തോ ഒരു കുന്തമാണെന്നു ”

“ദൈവമേ ഈ പാറു ഇതെന്താ പറയണേ.. എടീ പിള്ളാര്‌ കേൾക്കും നീ മിണ്ടാതിരിക്കാൻ ”

വാലും തലയുമില്ലാത്ത സാധനം ആയി പോയല്ലോ ദൈവമേ എന്റെ ഭാര്യ

“അവനു പഠിക്കാൻ ഉള്ളതാ മനുഷ്യനെ.. എന്താ അതിന്റെ പേര് .. കുസുമമോ ?

“ഹോ ഇതാരുന്നോ ?കുസുമം അല്ലെടീ പോത്തേ ക്രോമസോം ”

“നിങ്ങള്ക്ക് അതൊക്കെ അറിയുവോ ?” അവളുടെ മുഖത്തു ഒരു ആരാധന

ഇതൊക്കെ കൃത്യം ആയിട്ടറിയാം പിന്നല്ല ബിയോളജി ക്ലാസ്സിൽ ഞാൻ ആകെ ഇത് മാത്രമേ കേട്ടിട്ടുള്ളു…

“നിങ്ങളുടെ കുസുമം ഇത്തവണ എങ്കിലും നേരെ ആകുമോ “?

ദേവിയെ ! ഞാൻ ഞെട്ടി.. ഒന്ന് ഒന്നര അല്ല രണ്ടു രണ്ടര ഞെട്ടൽ

“അവൾക്കു വയറ്റിലുണ്ടെടാ ”

അമ്മയുടെ അല്ലെ ആ അശിരീരി ?അമ്മ ഒരു ലോഡ് പുച്ഛം മുഖത്തു വരി വിതറി ഒരു പോക്ക്.. അല്ല കുറ്റം പറയാനൊക്കില്ല. ആരാണേലും വിതറും.

ഒന്നല്ല രണ്ടു ലോഡ്.

“ഡി… നീ എന്റെ പുക കണ്ടേ അടങ്ങുവുള്ളോ ?

ഗുളിക കഴിച്ചില്ലേ ?

“ഇല്ലാ.. നിങ്ങൾക്ക് അറിയാല്ലോ എനിക്കൊരു മോളു വേണം ”

“അത് ദൈവത്തിന്റെ കയ്യിലല്ലേ എന്റെ പാറുവേ നീയിങ്ങനെ പ്രസവിച്ചു ജീവിതം തീർക്കല്ലേ.. വേറെ എന്തൊക്കെ ചെയ്യാനുണ്ട് ജീവിതത്തില് ?കുറേ നാളായില്ലേ തുടങ്ങിട് നിനക്ക് മടുത്തില്ലേ ?”

ഞാൻ തളർന്നു നിലത്തിരുന്നു

“അതെ നിങ്ങൾ വിഷമിക്കണ്ട ഇത് മോൾ ആകും “.

“ഇത് തന്നല്ലേ നീ കഴിഞ്ഞ അഞ്ചു തവണേം പറഞ്ഞത്…. ഇത് വേണ്ട നമുക്കു ”

“അയ്യടാ.. “അവൾക്കു നിസ്സാരം

“ഇത് പെണ്ണല്ലെലോ ?അര ഡസൻ ആവുമെടീ നാട്ടുകാർ എന്താ പറയുക “. ഞാൻ കെഞ്ചി.

“ഇതെങ്ങാനും പെണ്ണല്ലെങ്കിൽ.. ഞാൻ വേറെ ആളിനെ നോക്കും “..അവൾ ഉറക്കെ…

“ങേ ?” ഞാൻ വാ പൊളിച്ചു പോയി അല്ലാതെന്തു ചെയ്യാൻ

“ആ..പെണ്ണിനെ തരുന്ന കുസുമം ഉള്ള ആണുങ്ങൾ വേറെ ഉണ്ടാവില്ലേ ദുനിയാവില് ?

ഡി പോത്തേ ക്രോമസോം ”

“എന്തായാലും നിങ്ങള്ക്ക് കാര്യം മനസിലായില്ലേ ?”

ഇവൾക്ക് വട്ടാണെന്ന കാര്യത്തിൽ എനിക്കിപ്പോ ഒരു സംശയവും ഇല്ല… പെൺകുഞ്ഞിനെ കിട്ടാൻ എന്ത്‌ പാതകവും ചെയ്യാൻ മടിയില്ലാത്ത ഘാതകി.

9മാസം 9യുഗം പോലെയാ പോയെ ലേബർ വാർഡ് കാണുമ്പോൾ ഇപ്പോൾ ടെൻഷൻ എനിക്ക… അവൾ നല്ല കുതിര പോകും പോലെ പോകുന്നു. പോക്ക് കണ്ടാൽ ഏതോ മുട്ടായി പെറുക്കൽ മത്സരത്തിന് പോകും പോലുണ്ട്. ഇത്ര നിസാര മാണോ പ്രസവം

“പാർവതിയുടെ കൂടെ ഉള്ള ആരാ “?

നേഴ്സ് വന്നു ചോദിക്കുന്നു

ഞാൻ അല്ലെ ആ ഹതഭാഗ്യൻ ?എന്റെ ദേഹം തളരുന്നു വിയർക്കുന്നു. ദൈവമേ കുഞ്ഞിനെ മാറിപോയാലും വേണ്ടില്ല.. ഇനി കഷ്ടപ്പെടാൻ എനിക്ക് വയ്യ

“പെൺകുഞ്ഞ് ആണ് ”

ഒരാവേശത്തിൽ അവരെ അങ്ങ് കെട്ടിപിടിച്ചേനെ.. വേണ്ട…. ഈശ്വരൻ ഉണ്ട് എന്നെനിക്കു മനസ്സിലായി…

“ലേറ്റ വന്താലും ലെറ്റസ്റ്റാ വരുവേൻ ”

അവളുടെ മുഖത്ത് പൂര്ണചന്ദ്രനുദിച്ച പ്രകാശം

“ഇത്തവണ നിങ്ങളുടെ ക്രോമസോം തോറ്റു ”

അവിടെയും എന്റെ ക്രോമസോമിനിട്ടു താങ്ങിക്കോണം… നല്ലോണം പറയാൻ വാ തുറന്നതാണ്

അവളുടെ ചിരി കാണെ… പാവം തോന്നി ..

എന്നാലും….

അവളിത്തവണ എങ്കിലും ക്രോമസോം എന്ന വാക്ക് ശരിയായി പറഞ്ഞല്ലോ എന്നാ ഞാൻ ഓർത്തത്‌…

ലൈക്ക് കമന്റ് ചെയ്യണേ…

രചന : Ammu Santhosh