ഇനിയൊരിക്കലും ആ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല…..

വൈഗ പറഞ്ഞ കഥ

രചന : മഹിമ മാത്യു

കുളി കഴിഞ്ഞു വന്നു ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ സമയം ഒൻപത് കഴിഞ്ഞിരിക്കുന്നു.

‘ഈശ്വരാ, 10 മണിക്കാണ് പരിപാടി. മന്ത്രി എത്തുന്ന യോഗമായതിനാൽ തുടങ്ങാൻ ലേറ്റ് ആവുമായിരിക്കും. എന്നാലും ഉത്തരവാദിത്വമുള്ള ഒരു പത്രപ്രവർത്തകൻ കൃത്യസമയം പാലിക്കണമല്ലോ…

അരമണിക്കൂർ ഡ്രൈവ് ഉണ്ട് കമ്മ്യൂണിറ്റി ഹാളിൽ എത്താൻ. ട്രാഫിക്കൊക്കെ മറികടന്ന് എപ്പൊ എത്തുവോ ആവോ…?’ അങ്ങനെ പലതും ആലോചിച്ചു ധൃതിയിൽ റെഡിയാവുന്നതിനിടയിലാണ് അമ്മ അങ്ങോട്ടേയ്ക്ക് വന്നത്. അത്‌ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ബാഗ് എടുത്ത് ഇറങ്ങാൻ തുടങ്ങിയപ്പോൾ, ക്ഷീണിച്ച ശബ്ദത്തിൽ അമ്മ വിളിച്ചു….

“മോനേ…”

ഉള്ളിൽ ഇരമ്പി വന്ന ദേഷ്യത്തോടെ അമ്മയെ മറികടന്നു മുന്നോട്ടു നടന്നു.

“മോനേ, നാളെ അച്ഛന്റെ പിറന്നാളാണ്… അമ്മയെ ഗുരുവായൂർ വരെയൊന്നു കൊണ്ടു പോകുമോ?”

നിന്റെ അച്ഛനുണ്ടായിരുന്നപ്പോൾ എല്ലാ പിറന്നാളിനും ഗുരുവായൂർ പോയിരുന്നതല്ലേ… അദ്ദേഹം പോയതിൽപ്പിന്നെ ഒരിക്കൽ പോലും എനിക്ക് അവിടെ പോകാൻ സാധിച്ചിട്ടില്ല… ഞാനും ഇനി എത്ര നാളെന്നു വെച്ചാ…

ഹോ, നാശം… നിങ്ങൾക്കിത് എന്തിന്റെ കേടാ…

വയസ്സായാൽ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കണം…

നാലു നേരം തിന്നാൻ കിട്ടുന്നുണ്ടല്ലോ..

മനുഷ്യനിവിടെ നൂറു കൂട്ടം കാര്യങ്ങളാണ് തലയിലൂടെ ഓടുന്നത്.. എല്ലാത്തിനും ഞാൻ ഒറ്റ ഒരുത്തൻ അല്ലേ ഓടേണ്ടത്.. അതിന്റെ ഇടയിലാ ആവശ്യമില്ലാത്ത ഓരോ കാര്യങ്ങളുമായി വരുന്നത്…

ദേഷ്യപ്പെട്ട് കതക് വലിച്ചടച്ചു പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ, “മോനേ…” എന്ന വിളി കതകടഞ്ഞ ശബ്ദത്തിൽ ലയിച്ചു ചേർന്നിരുന്നു….

ഡ്രൈവ് ചെയ്യുമ്പോഴും നിരഞ്ജന്റെ മനസ്സ് അസ്വസ്ഥതമായിരുന്നു. അച്ഛൻ മരിച്ചിട്ട് അഞ്ചു വർഷം ആകുന്നു. പ്രവാസിയായിരുന്നു അച്ഛൻ..

താൻ കോളേജിൽ പഠിക്കുന്ന കാലത്താണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് അച്ഛൻ നാട്ടിലെത്തുന്നത്.

അതുവരെ അമ്മയായിരുന്നു കൂട്ട്.

പക്ഷേ, തിരിച്ചറിവായ നാൾ മുതൽ അമ്മയുടെ പഴഞ്ചൻ രീതികളോട് തനിക്ക് പുച്ഛമായിരുന്നു… ഇന്നും അമ്മയെ അംഗീകരിക്കാൻ തനിക്ക് സാധിക്കുന്നില്ല..

കൂട്ടുകാരുടെ അമ്മമാർ മോഡേൺ രീതികളിലെത്തുമ്പോൾ, അവർക്കു മുൻപിൽ സെറ്റു മുണ്ടും ചന്ദനവും തൊട്ടു നിൽക്കുന്ന അമ്മയെ പരിചയപ്പെടുത്താൻ അന്നും ഇന്നും തനിക്കു കുറച്ചിലാണ്.. കുറച്ചു നാളായി അമ്മയ്ക്ക് ആസ്മയുടെ അസുഖമുണ്ട്. അച്ഛനുണ്ടായിരുന്നപ്പോൾ എല്ലാ കാര്യങ്ങളും അച്ഛൻ നോക്കുമായിരുന്നു.

ഇപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടു പോക്കും വരവും എല്ലാം തന്റെ ബാധ്യതയായി. ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിൽ താൻ മാത്രം ഈ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു…

അതിന്റെ ഇടയിൽ ഗുരുവായൂർ പോകണമത്രേ…

കാവ്യ കേൾക്കാഞ്ഞത് ഭാഗ്യം.. അടുത്ത ആഴ്ച അവളുടെ ഓഫീസിൽ നിന്ന് സ്റ്റാഫ് ഒരു ഫാമിലി ട്രിപ്പ്‌ പോകുന്നുണ്ട്. കഴിഞ്ഞ തവണയോ പോകാൻ പറ്റിയില്ല. അമ്മയെ ആക്കിയിട്ടു പോകാൻ ഒരു സ്ഥലവും ഇല്ലായിരുന്നു, അതു തന്നെ കാരണം..

ഇത്തവണ കൂടി പോകാൻ പറ്റിയില്ലെങ്കിൽ… കാവ്യയുടെ ഒരു ഫ്രണ്ടിന് പരിചയമുള്ള ഒരു അഭയ ഹോം ഉണ്ടത്രേ.. അവിടെ ആക്കിയിട്ടു പോകാമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ചിന്തകളുടെ കുരുക്കിൽ പെട്ട് കമ്മ്യൂണിറ്റി ഹാൾ കടന്നു വണ്ടി മുൻപോട്ട് പോയത് നിരഞ്ജൻ ശ്രദ്ധിച്ചില്ല.

പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്.

ക്യാമറാമാൻ സജീവ് ആണ്.

“നിരഞ്ജൻ, നീ ഇതെവിടെയാ? പ്രോഗ്രാം തുടങ്ങാനായി…”

“ഡാ, ഞാൻ ദേ എത്തി…”

തന്റെ ഫ്രണ്ട് ശ്യാമിന് കിട്ടിയ അസൈൻമെന്റായിരുന്നു ഈ പ്രോഗ്രാം. പക്ഷേ, അവന്റെ ഭാര്യയ്ക്ക് സുഖമില്ലാതെ ഇന്നലെ രാത്രി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. വെളുപ്പിനെയാണ് എം.ഡി വിളിച്ചിട്ട് തന്നോട് ഈ പ്രോഗ്രാം റിപ്പോർട്ട്‌ ചെയ്യാൻ പോകണമെന്ന് ആവശ്യപ്പെട്ടത്. അതുകൊണ്ടു തന്നെ ഈ പ്രോഗ്രാമിനെപ്പറ്റി കൂടുതലൊന്നും തനിക്ക് അറിയില്ല. കാർ പാർക്ക് ചെയ്തിട്ട് ഹാളിലേക്ക് നടന്നു. സജീവ് റെഡിയായി നിൽക്കുകയാണ്.

“സജീവ്, ശരിക്കും എന്താടാ ഈ പരിപാടി? എനിക്ക് ഒരു ഐഡിയയും ഇല്ല…”

“എടാ, ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അവാർഡ് ദാനം ആണ്.”

ഇത്തവണ ഒരു ലേഡിയ്ക്കാണ്. ആള് ചെറുപ്പക്കാരിയാ…വൈഗ എന്നാണ് പേര്…

“വൈഗ…” നിരഞ്ജൻ ആ പേര് ഒന്നുകൂടി ഉരുവിട്ടു.

അവർ ഹാളിനുള്ളിലേയ്ക്ക് കടന്നു. ഇരിപ്പിടങ്ങളിൽ കൂടുതലും പ്രായമായ സ്ത്രീകളായിരുന്നു. ‘ഇതെന്താ വൃദ്ധജന സംഗമം ആണോ…’ നിരഞ്ജൻ പുച്ഛത്തോടെ ഒന്നു ചിരിച്ചു. മന്ത്രി എത്തിയതോടെ പരിപാടി ആരംഭിച്ചു. അഭിനന്ദനങ്ങൾക്കും ഹർഷാരവങ്ങൾക്കുമിടയിൽ വൈഗ സംസാരിക്കാനായി എഴുന്നേറ്റു.

പ്രസന്നവദനയായ, സുന്ദരിയായ ഒരു യുവതി…

മുപ്പതിനോടടുത്തു പ്രായം… അവളുടെ മുഖത്ത് എന്തോ ഒരു തേജസ്‌ ഉള്ളതുപോലെ നിരഞ്ജനു തോന്നി…

“ഞാൻ വൈഗ….”

സദസ്സിനെ വണങ്ങി വൈഗ പറഞ്ഞുതുടങ്ങിയത് ഒരു സ്‌ക്രീനിലെന്നപോലെ നിരഞ്ജന്റെ മുൻപിൽ തെളിഞ്ഞു….

പാലക്കാട്‌ ഒരു ചെറിയ ഗ്രാമത്തിലാണ് എന്റെ വീട്.

അമ്മ എന്റെ ചെറുപ്പത്തിലെ മരിച്ചു. പിന്നെ അച്ഛനായിരുന്നു എല്ലാം… എന്റെ ആഗ്രഹം പോലെതന്നെ ഒരു ഐ.ടി കമ്പനിയിൽ ജോലി കിട്ടിയാണ് ഈ നഗരത്തിലേക്ക് വന്നത്… ഒരു സുഹൃത്തു മുഖാന്തിരം ഓഫീസിനു കുറച്ച് അടുത്തു തന്നെ താമസ സൗകര്യവും ലഭിച്ചു. അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞു വരുന്ന വഴി, അറുപതിനോടടുത്തു പ്രായമുള്ള ഒരു സ്ത്രീ വഴിയരികിൽ തളർന്നിരിക്കുന്നത് കണ്ടു.

മുഷിഞ്ഞ വസ്ത്രം ആണെങ്കിലും അവരുടെ മുഖത്ത് ഒരു ഐശ്വര്യം ഉണ്ടായിരുന്നു. എന്നെ കണ്ടതും, “എനിക്ക് ഒരു നൂറു രൂപ തരുമോ മോളേ?” എന്നവർ ചോദിച്ചു…

ആദ്യം എനിക്ക് ഒന്നും തോന്നിയില്ല. അവരെ മറികടന്നു ഞാൻ നടന്നു… പിന്നെ എന്തോ, മനസ്സിന് ഒരു ബുദ്ധിമുട്ട് പോലെ… അവരെ ഇട്ടിട്ടു പോവാൻ തോന്നിയില്ല. വേഗം അവരുടെ അടുത്തെത്തി പൈസ കൊടുത്തു കാര്യം ചോദിച്ചു… പണം കൊടുത്ത് അവരെ കടയിൽ വിട്ടതാണ്… പക്ഷേ, പൈസ കളഞ്ഞു പോയി.. തിരികെ ചെന്നാൽ വഴക്കു പറയും. ആരെങ്കിലും പൈസ തന്നാലോ എന്നു കരുതിയാണ് അവിടെ ഇരുന്നതെന്നും വിതുമ്പിക്കൊണ്ട് ആ സ്ത്രീ പറഞ്ഞു. ‘പാവം, ഏതെങ്കിലും വീട്ടിൽ വേലയ്ക്ക് നിൽക്കുന്നതാവും…’

ഞാൻ കൊണ്ടു വിടാം എന്ന് പറഞ്ഞ് അവരെയും കൂട്ടി നടന്നു. നടക്കുന്നതിനിടയിൽ അവർ അധികമൊന്നും സംസാരിച്ചില്ല…എന്തോ ഒരു ഭയം അവരുടെ മുഖത്ത് നിഴലിച്ചിരുന്നു. ഒരു വലിയ ഇരുനില വീടിന്റെ മുൻപിലാണ് നടത്തം അവസാനിച്ചത്. അഡ്വക്കേറ്റ് ദമ്പതികളുടെ വീടാണ് അതെന്ന് ഗെയ്റ്റിൽ തൂങ്ങുന്ന ബോർഡുകളിൽ നിന്നും മനസ്സിലായി.

“അമ്മ ഇവിടെയാണോ ജോലി ചെയ്യുന്നത്?”

എന്റെ ചോദ്യത്തിന് അവർ നൽകിയ മറുപടി എന്നെ ഞെട്ടിച്ചു.

“എന്റെ മോന്റെ വീടാണിത്….”

നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് അവർ അകത്തേയ്ക്ക് നടന്നപ്പോൾ, പെട്ടെന്നാരോ തോന്നിച്ചതുപോലെ ഞാൻ എന്റെ നമ്പർ എഴുതി അവരുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു, “അമ്മയ്ക്ക് എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കണം…”

അവിടെ നിന്ന് തിരികെ നടക്കുമ്പോൾ മനസ്സ് ചിന്താകുലമായിരുന്നു. ആ അമ്മയുടെ മുഖം പിന്നീടുള്ള ദിവസങ്ങളിലും എന്നെ അലട്ടിക്കൊണ്ടിരുന്നു. എന്റെ ജോലിയോടുള്ള ഇഷ്ട്ടം കുറഞ്ഞു തുടങ്ങി. എനിക്ക് ഇതിലുപരിയായി എന്തൊക്കെയോ ചെയ്യാനുണ്ടെന്നു മനസ്സ് പറയുന്നപോലെ… ഒരു ദിവസം എനിക്കൊരു ഫോൺ കോൾ വന്നു, ആ അമ്മയായിരുന്നു… വിതുമ്പൽ അല്ലാതെ മറുതലയ്ക്കൽ മറ്റൊന്നും കേൾക്കാനില്ലായിരുന്നു. പക്ഷേ, ആ വിതുമ്പലിൽ അവർക്ക് പറയാനുള്ളതൊക്കെയുണ്ടായിരുന്നു…

ഞാൻ വേഗം അവരുടെ വീട്ടിൽ എത്തി.

പാവം…ആകെ വയ്യാതെ, ശരീരത്തൊക്കെ മുറിവുകളും… എന്തു ചെയ്യണമെന്ന് എനിക്കാദ്യം ഒരു ഊഹവും ഉണ്ടായിരുന്നില്ല. പരിചയമുള്ള ഒരു ട്രസ്റ്റിൽ വിളിച്ചന്വേഷിച്ചു… ആ അമ്മയെ സ്വീകരിക്കാൻ അവർ തയ്യാറാണ്…പക്ഷേ, വീട്ടുകാർ ഉള്ളതുകൊണ്ട് അതിന്റെതായ ഫോർമാലിറ്റീസും പ്രൊസീജേഴ്സും കഴിഞ്ഞേ സാധിക്കുകയുള്ളു. അതുവരെ എന്തു ചെയ്യും? വീട്ടിൽ നിൽക്കില്ല എന്ന് ആ അമ്മ പറഞ്ഞു…

പിന്നെ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു, എന്റെ കൂടെ താമസസ്ഥലത്തേക്ക് കൊണ്ടുവന്നു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ട്രസ്റ്റിൽ നിന്നും ആളുകൾ വന്നു. അവരോടൊപ്പം ഞാനും അമ്മയുടെ വീട്ടിൽ പോയി. മകനും മരുമകളും അവിടെ ഉണ്ടായിരുന്നു. സംസാരിച്ചപ്പോൾ അവരുടെ മകൻ പറയുന്നത് കേട്ട് ഞാൻ അന്ധംവിട്ടു, ഏറെക്കാലം കുട്ടികൾ ഇല്ലാതിരുന്ന അവർ ഈ മകനെ ദത്തെടുത്തതാണ്… വളർത്തി, പഠിപ്പിച്ചു, കല്യാണം കഴിപ്പിച്ചു… ഇപ്പോൾ ജോലിയും സ്റ്റാറ്റസുമൊക്കെ ആയപ്പോൾ അമ്മ അവർക്കു ചേരുന്നതല്ലാതായി.

അതിന് അയാളും ഭാര്യയും പറഞ്ഞ ന്യായം എന്താണെന്നോ, “എന്റെ അമ്മ ആണെങ്കിൽ അല്ലേ എനിക്ക് നോക്കേണ്ടതുള്ളൂ…” എന്ന്.. മനസാക്ഷി മരവിച്ച മറുപടി. അന്ന് ആ അമ്മയെയും കൂട്ടി അവിടെ നിന്ന് ഇറങ്ങുമ്പോൾ ആ മരുമകളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു. ആ മകനെതിരെ കേസ് കൊടുക്കണമെന്ന് പലരും അമ്മയോട് ആവശ്യപ്പെട്ടു.

പക്ഷേ, ഇത്രയൊക്കെ ചെയ്തിട്ടും ആ അമ്മയുടെ മനസ്സു നിറയെ മകനോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു….

അവരെ ട്രസ്റ്റിൽ ഏൽപ്പിച്ചു മടങ്ങുമ്പോൾ എന്റെ കൈ പിടിച്ച് ആ അമ്മ പറഞ്ഞു, ഒരിക്കലും മറക്കില്ലെന്ന്…. അന്ന് ഞാൻ തിരിച്ചറിഞ്ഞു ഞാൻ പോകേണ്ട വഴി ഇതാണെന്ന്… ഇന്ന് ഇത് എന്റെ ജോലിയാണോ, സേവനമാണോ, കടമയാണോ….

ഒന്നും അറിയില്ല… പക്ഷേ ഒന്നറിയാം, ഇതെന്റെ ഇഷ്ട്ടമാണ്, ജീവിതമാണ്… ഐ. ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തി. അതൊന്നും ഞാൻ കാര്യമാക്കിയില്ല…

എനിക്ക് സന്തോഷം നൽകുന്നത് ഞാൻ ഇപ്പോൾ ആയിരിക്കുന്ന ഈ മേഖലയാണ്…. അമ്മയുടെ സ്നേഹവും സാന്ത്വനവും അനുഭവിക്കാൻ ഭാഗ്യം ലഭിക്കാതിരുന്ന എനിക്ക് കൂട്ടായി ഇന്ന് ഇരുപത്തിരണ്ട് അമ്മമാരുണ്ട്… ഇവിടിരിക്കുന്ന ഓരോ അമ്മയ്ക്കും പറയാനുണ്ട് നൊന്തു പെറ്റ മക്കൾ തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞതിന്റെ കഥ… പക്ഷേ, അവർക്ക് മക്കളോട് പരാതിയോ പരിഭവമോ ഇല്ല, അവരെ ഉള്ളറിഞ്ഞു ശപിക്കില്ല… ഉള്ളു നിറയെ അവരോടുള്ള സ്നേഹം മാത്രമാണ്… എന്നെങ്കിലും അവർ തങ്ങളെ തേടിയെത്തും എന്ന പ്രതീക്ഷയും…. അതാണ് അമ്മ…. അമ്മയെന്നതിന് രണ്ടക്ഷരമേ ഉള്ളൂവെങ്കിലും, ഒരായിരം അക്ഷരങ്ങൾ ചേർത്തു വെച്ച് വർണ്ണിക്കാവുന്നതിലും ഉയരെയാണ് അമ്മ…

എനിക്ക് ഈ മക്കളോട് പറയാൻ ഒന്നേയുള്ളൂ, ജീവിതത്തിൽ നിങ്ങൾ പഠിച്ച ആദ്യ പാഠങ്ങളെല്ലാം അമ്മയിൽ നിന്നായിരുന്നു…. പിന്നെ എപ്പോഴാണ് അമ്മയെന്നത് നിങ്ങൾക്ക് അറിവില്ലാത്തവളും, പഴഞ്ചനുമായത്?? ‘എനിക്ക് അറിയാം’എന്നു നീ പറയുന്നത് വരെ നീ അറിഞ്ഞിരുന്നത് നിന്റെ അമ്മയിലൂടെയല്ലേ?? നിനക്ക് വേണ്ടി രാപ്പകൽ അദ്ധ്വാനിച്ച ആ ശരീരം ഇന്ന് അവശതയിലാകുമ്പോൾ, അതിനുത്തരവാദി നീ തന്നെയല്ലേ…..??

വൈഗയുടെ ശബ്ദം ഉയർന്നുകൊണ്ടേയിരുന്നു….

കൈത്തണ്ടയിൽ ഒരു വെള്ളത്തുള്ളി വീണപ്പോഴാണ് നിരഞ്ജൻ ഞെട്ടിയുണർന്നത്… കൈയിലിരുന്ന നോട്ട്പാഡ് നനഞ്ഞിരിക്കുന്നു… അതിനു കാരണം തന്റെ കണ്ണിൽ നിന്നും നിലയ്ക്കാതെ പ്രവഹിക്കുന്ന കണ്ണുനീർ തുള്ളികളാണെന്നറിഞ്ഞപ്പോൾ ടവൽ എടുത്തു വേഗം മുഖം തുടച്ചു.

“ഈശ്വരാ… അമ്മ…”

‘മോനേ….’ എന്ന വിളി ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു… താൻ എന്തൊരു ക്രൂരനാണ്… അമ്മയെന്ന സ്നേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും, അത് അവഗണിച്ച് ഓടുകയായിരുന്നില്ലേ ഇത്രയും കാലം…. എത്ര അവഗണിച്ചിട്ടും തന്നോടുള്ള അമ്മയുടെ സ്നേഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ലല്ലോ…. എന്നിട്ടും അതു തിരിച്ചറിയാൻ തനിക്കു കഴിയാതെ പോയല്ലോ…. താനും അച്ഛനും ആയിരുന്നു അമ്മയുടെ ലോകം… അച്ഛൻ പോയതിനു ശേഷം അമ്മ ഒരു മുറിക്കുള്ളിൽ മാത്രമായി ഒതുങ്ങിയത് താൻ അമ്മയെ ചേർത്തു നിർത്താഞ്ഞതുകൊണ്ടല്ലേ…. തന്റെ ജീവിതത്തിലേയ്ക്ക് കാവ്യ കടന്നു വന്നപ്പോൾ അമ്മയെ താൻ വീണ്ടും ഒറ്റപ്പെടുത്തുകയായിരുന്നില്ലേ…. ആ മനോഭാവം തന്നെയാണ് കാവ്യയും സ്വീകരിച്ചത്… താൻ അതിനെ തിരുത്താൻ ശ്രമിച്ചിട്ടുമില്ല… അമ്മ ആ വീട്ടിൽ ഉണ്ടായിരുന്നിട്ടും, താൻ അമ്മയെ കാണാറില്ലായിരുന്നു…

മിണ്ടാറില്ലായിരുന്നു… പല രാത്രികളിലും താൻ ഉറങ്ങിയെന്നു കരുതി റൂമിനു വെളിയിൽ അമ്മ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്… അപ്പോഴൊക്കെ ദേഷ്യമാണ് തോന്നിയിട്ടുള്ളത്… ഈശ്വരാ, തന്റെ സാമീപ്യം അമ്മ എന്തുമാത്രം ആഗ്രഹിച്ചിട്ടുണ്ടാവും….??

പരിപാടി കഴിഞ്ഞ് എല്ലാവരും ഇറങ്ങി. വൈഗയോട് നേരിട്ട് സംസാരിക്കണമെന്നുണ്ടായിരുന്നു… പക്ഷേ, അതിനുള്ള സമയം ഇപ്പോഴില്ല. ഓഫീസിൽ എത്തി റിപ്പോർട്ട്‌ കൊടുത്തിട്ട്, രണ്ടു ദിവസത്തെ ലീവിന് അപേക്ഷിച്ച് വേഗം വീട്ടിൽ എത്തി… ആ യാത്രയിൽ, സ്കൂൾ വിടുമ്പോൾ അമ്മയുണ്ടാക്കി വെയ്ക്കുന്ന പലഹാരം കഴിക്കാൻ വീട്ടിലേയ്ക്ക് ഓടുന്ന ആ ആറു വയസ്സുകാരനായി താൻ മാറുന്നുവെന്ന് അയാൾക്ക് തോന്നി… അമ്മയുടെ ആ രുചികളൊക്കെ മറക്കാൻ തനിക്ക് എങ്ങനെ കഴിഞ്ഞു…??

ചാരി കിടന്ന അമ്മയുടെ മുറിയുടെ വാതിൽ മെല്ലെ തുറന്നു… ഭിത്തിയോടു മുഖം തിരിഞ്ഞു കിടക്കുകയായിരുന്നു അമ്മ.

“അമ്മേ….” എന്റെ ശബ്ദം കേട്ടു ഞെട്ടിത്തിരിഞ്ഞ ആ കണ്ണുകൾ അമ്മയുടെ ഉള്ളിന്റെ വേദന ചൊല്ലുന്നുണ്ടായിരുന്നു…. പതിവില്ലാതെ എന്നെ അമ്മയുടെ മുറിയിൽ കണ്ടതുകൊണ്ടാവും, “എന്താ മോനേ…??” എന്നു ചോദിച്ച്, ആധിയോടെ അമ്മ എഴുന്നേറ്റിരുന്നു.

“അമ്മേ, നാളെ നമുക്ക് ഗുരുവായൂർ പോകാം…”

ആ മുഖത്ത് വിരിഞ്ഞത് സന്തോഷമാണോ, ആശ്ചര്യമാണോ എന്ന് എനിക്ക് തിരിച്ചറിയാനായില്ല…

ആ കാൽക്കൽ വീണ്

“എന്നോട് ക്ഷമിക്കമ്മേ….” എന്ന് നിലവിളിച്ചപ്പോൾ, എന്റെ നെറുകയിൽ തലോടിക്കൊണ്ട് അമ്മയ്ക്ക് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളു…. “എന്താ മോനൂട്ടാ ഇത്… എന്റെ മോൻ പോയി കുളിച്ച്, എന്തേലും കഴിക്ക്… ആകെ കോലം കെട്ടു നീയ്…..” ഈ വീടിപ്പോൾ ഒരു സ്വർഗ്ഗമാണ്… അമ്മയെന്ന നിലവിളക്ക് ജ്വലിച്ചു നിൽക്കുന്ന സ്വർഗ്ഗം. ഇത്ര നാൾ ഈ സന്തോഷത്തെ അവഗണിച്ചല്ലോ എന്നൊരു ദുഃഖം മാത്രം….

കാവ്യയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവളുടെ ഓഫീസിൽ നിന്നുള്ള ട്രിപ്പിന് ഡോക്ടറോടു ചോദിച്ചിട്ട് അമ്മയെയും ഒപ്പം കൂട്ടി…

ഇനിയൊരിക്കലും ആ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല… അമ്മയ്ക്കിപ്പോൾ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല..

അല്ലെങ്കിലും മനസ്സിന്റെ സുഖമാണല്ലോ ശരീരത്തിനും സുഖം പകരുന്നത്…. ഇന്ന് ഞങ്ങളുടെ പത്രത്തിന് വൈഗയുടെ ഒരു അഭിമുഖം അനുവദിച്ചിട്ടുണ്ട്.

അമ്മയുടെ നെറുകയിൽ ഒരു മുത്തം കൊടുത്ത്, വൈഗയുടെ അടുക്കലേയ്ക്ക് പോകുമ്പോൾ മനസ്സ് വളരെയധികം സന്തോഷത്തിലായിരുന്നു… കാരണം, ഇന്നവരോട് പറയാൻ തനിക്കും ഒരു കഥയുണ്ട്…. ഒരു തിരിച്ചറിവിന്റെ കഥ…

രചന : മഹിമ മാത്യു