ഗായത്രി നോവൽ, ഭാഗം 12 വായിക്കാം…

രചന : മഴ

സഞ്ജു അവനോടൊപ്പം വരാൻ പറഞ്ഞെങ്കിലും ഞാൻ പൊയ്ക്കോളാമെന്ന് പറഞ്ഞു അവനെ പറഞ്ഞു വിട്ടു… ലക്ഷ്മിയെ കാണണമെന്നത് തന്നെയായിരുന്നു ഉദ്ദേശവും…. റൂമിലേക്ക് പോയപ്പോൾ തന്നെ ദേഷ്യം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ലക്ഷ്മിയെയാണ് കണ്ടത്….

കതകിൽ തട്ടി ശബ്ദമുണ്ടാക്കി….

“നീയോ… നീയെന്താ ഇവിടെ,?

അത് ഞാൻ നിന്നോട് ചോദിക്കേണ്ട ചോദ്യമല്ലേ ലക്ഷ്മി…. എന്റെ മുറി, എന്റെ ഭർത്താവ്, എന്റെ വീട്,,, അവിടേക്ക് ഇടിച്ചു കയറിയത് നീയും….

എന്നിട്ടും പ്രസക്തിയില്ലാത്ത ചോദ്യം എന്നോടും…

“അധികാരം സ്ഥാപിക്കാൻ വന്നതാണെങ്കിൽ നടക്കില്ല…. നിനക്ക് ഈ മുറിയും നിന്റെ ഭർത്താവും നഷ്ടമായത് പോലെ ഈ വീട്ടിലെ ഓരോ സ്വന്തങ്ങളും നഷ്ടമാകും.. ഇല്ലേൽ ഞാൻ അത് ചെയ്തു കാണിച്ചിരിക്കും…. ”

നീയെങ്ങനെയാ ഇത്രയും സ്വാർത്ഥ ആയത് ലക്ഷ്മി…. നിനക്ക് അത്രയ്ക്കും ഇഷ്ടമായിരുന്നില്ലേ അവനെ… ആ നീ തന്നെയാണ് അവനെ ഉപേക്ഷിച്ചതും…. എന്തിനാ .?

ജീവിക്കാൻ പണം വേണം ഗായത്രി… പണം….

അതില്ലാത്തവൻ പിണമാണ്…

അതൊന്നും നിന്നെപോലൊരു മിഡിൽ ക്ലാസ്സ് ഫാമിലിയിൽ ജനിച്ച ഒരാൾക്ക് മനസ്സിലാകില്ല….

നിങ്ങളുടെ ചിന്തകൾ എന്നും താഴ്‌ന്നേയിരിക്കൂ….

ആദ്യമൊക്കെ സഞ്ജുവിനോടൊരു ഇഷ്ടമൊക്കെ ഉണ്ടായിരുന്നു…. പക്ഷെ അവനു ഇഷ്ടം തോന്നിയതോ നിന്നെ പോലൊരു bitch നോടും….

അവന്റെ ഹൈ ക്ലാസ് ലെവൽ കണ്ടിട്ട് തന്നെയാ അവനോട് അടുത്തതും….. കൂടെ കൂടിയതും

എന്നിട്ടാണോ അവൻ വിളിച്ചിട്ടും കൂടെ പോകാതെ വേണ്ടാന്ന് വെച്ചത്?

Are you mad ഗായത്രി……

ആക്‌സിഡന്റ് ആയി കാലും നഷ്ടപ്പെട്ടു സ്വത്തുമില്ലാതെ വരുന്ന അവനെ സ്വീകരിച്ചു charity life ഞാൻ ജീവിക്കണമെന്നാണോ നീ പറയുന്നെ?

നോ….. i can’t….. പിന്നെ ഇപ്പോൾ അവസ്ഥ പഴയത് പോലെയാണ്…. അവനിപ്പോൾ പഴയതിലും സുന്ദരൻ.. കോടീശ്വരൻ…. എനിക്ക് മുന്നിൽ തടസ്സം നീ മാത്രമാണ്.. നിന്റെ കഴുത്തിൽ കിടക്കുന്ന താലിയും….. അവന്റെ മനസ്സും ശരീരവും ഞാൻ കീഴ്പ്പെടുത്തും…. ശരീരം കൊണ്ട് അവൻ എന്റേതായാൽ പിന്നെ നീ എനിക്കൊരു പ്രേശ്നവുമല്ല…

അവളുടെ ചെകിടത്തു തന്നെ കൊടുത്തു ഒരെണ്ണം…

സഞ്ജു എന്റെ ഭർത്താവാണ്…. എന്റെ മാത്രം….

ഈ താലി എന്റെ നെഞ്ചിന്റെ ചൂടേറ്റ് കിടക്കുന്ന അത്രയും നാൾ നിനക്ക് അവനെ നിന്റേതാക്കാൻ പറ്റില്ല… പിന്നെ ഇപ്പോൾ തല്ലിയത്…. ഇനി മേലാൽ സഞ്ജുവിനെ എന്നല്ല വേറാരുടെയും ഭർത്താക്കന്മാരേയും തലയുയർത്തി നോക്കാതിരിക്കാൻ… കേട്ടോടി…. അത്രയും പറഞ്ഞു ഞാൻ താഴേക്കു സ്റ്റെയർ ഇറങ്ങി…

എന്നെയും കാത്തു സന്ധ്യ ആന്റി നിൽക്കുന്നുണ്ടായിരുന്നു… ആന്റിയുടെ മുഖം അഭിമാനം കൊണ്ട് തിളങ്ങിയിരുന്നു… ബാങ്കിലേക്ക് പോകുന്ന വഴിയിൽ സഞ്ജു വിളിച്ചിരുന്നു…

ബാങ്കിലെത്തി വൈകുന്നേരം ആകുന്നത് വരെ ഒരു നൂറായിരം കാര്യം പറഞ്ഞു അവൻ വിളിക്കും..

ഇത്രയും നാൾ ദ്രോഹിച്ചതിനും ചേർത്ത് അവൻ സ്നേഹം കൊണ്ടെന്നെ പൊതിയുന്നുണ്ടായിരുന്നു

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന്റെ കാര്യം പറയാനായിട്ട് ക്ഷേത്ര ഭാരവാഹികൾ എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു… ഇന്ന് കഴിഞ്ഞു പതിനൊന്നാം ദിവസമാണ് പുനഃപ്രതിഷ്ഠയും ഉത്സവവും നടത്താൻ തീരുമാനിച്ചിരിക്കുന്നത്….

സഞ്ജുവും അച്ഛനും ജിത്തു ചേട്ടനുമെല്ലാം ഏഴുദിവസത്തെ വൃതമുണ്ട്… കുടുംബത്തിലെ എല്ലാവരും ഉടനെ വരും…. ലക്ഷ്മി ഒരു പ്രശ്നം തന്നെയാണ്… എല്ലാവർക്കും മനസ്സിലാകണമെന്നില്ലല്ലോ…തൽക്കാലത്തേക്ക് എങ്ങോട്ടെങ്കിലും മാറ്റാമെന്ന് വെച്ചാൽ പോകില്ല എന്നൊരു വാശിയും… സഞ്ജു ഇടപെട്ടപ്പോൾ പോകാമെന്നു സമ്മതിച്ചു… വൃതം അനുഷ്ടിക്കേണ്ടി വരുമെന്ന് കേട്ടപ്പോൾ അവൾ സമ്മതിച്ചു പോയതായിരിക്കുമെന്നാണ് അമ്മുവിന്റെ നിലപാട്….

ബന്ധുക്കൾ വന്നു തുടങ്ങിയത് കൊണ്ട് താമസം രണ്ടു ദിവസത്തേക്കായി വീണ്ടും മുകളിലേക്ക് മാറ്റി…

അത് കഴിഞ്ഞാൽ അവർക്കുള്ള വൃതം തുടങ്ങും…. പകലൊക്കെ അടുക്കള ഭാഗത്തായി ചുറ്റി കറങ്ങി നടക്കുന്ന സഞ്ജുവിനെ കാണുമ്പോൾ ചിരി വരും…

സഞ്ജുവിന്റെ അമ്മായിമാർക്കൊന്നും ഈ വിവാഹത്തിന് അത്ര താല്പര്യമൊന്നുമുണ്ടായിരുന്നില്ല എന്ന കാര്യം അവരുടെ വർത്തനത്തിൽ നിന്നും മനസ്സിലായി.. അവരുടെ പെണ്മക്കളെ കൊണ്ട് കെട്ടിക്കുകയായിരുന്നിരിക്കും ഉദ്ദേശം…. അമ്മു കാര്യമായിട്ട് പൊരുതുന്നുവെങ്കിലും പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….. കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളുവെന്ന് അവളെ സമാധാനിപ്പിക്കുമ്പോഴും അവരുടെ പെണ്മക്കളുടെയൊക്കെ മുന്നിൽ എന്തോ ഒരു അപകർഷതാബോധം മനസ്സിൽ ഉടലെടുത്തിരുന്നു….

രാത്രി ഉറങ്ങാനായി റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്യുമ്പോഴേക്കും പുറകിൽ നിന്നും രണ്ടു കൈകൾ എന്നെ ചുറ്റിവരിഞ്ഞിരുന്നു….

കഴുത്തിൽ താടി അമർത്തിക്കൊണ്ട് എന്നിലേക്ക് ചേർന്ന് നിൽക്കുന്ന അവന്റെ കൈകൾ ശരീരത്തിൽ മുഴുവനും വികൃതി കാട്ടി നടക്കുന്നുണ്ടായിരുന്നു…

കൈ തട്ടിമാറ്റി അവനെ തറപ്പിച്ചു നോക്കിക്കൊണ്ട് ബെഡിലേക്കിരുന്നു…

“എന്താടി വീർത്തിരിക്കുന്ന മുഖം ഒന്നുകൂടി വീർപ്പിക്കുന്നത്? ”

എനിക്ക് ഉറക്കം വരുന്നുണ്ട്… good night…

അതും പറഞ്ഞു കയറി കിടന്നു…. ലൈറ്റ് ഓഫ്‌ ചെയ്തു അവനും കിടന്നു…. ആകെ രണ്ടു ദിവസമാ സ്വസ്ഥമായിട്ട് സ്നേഹിക്കാൻ കിട്ടിയത്…

അത് ഇങ്ങനെയുമായി എന്ന് പറഞ്ഞു അവൻ പിറുപിറുക്കുന്നുണ്ടായിരുന്നു…..

ക്ഷീണം കാരണം പെട്ടന്ന് ഉറങ്ങി പോയി…

പുലർച്ചെ അലാറം കേട്ടപ്പോഴാണ് എഴുന്നേറ്റത്….

സമയം പുലർച്ചെ മൂന്നരയായി…. കുറച്ചു കൂടി കിടന്നിട്ട് എഴുന്നേറ്റു… വീട്ടിൽ എല്ലാവരും ഉള്ളത് കൊണ്ട് എന്തെങ്കിലും കാര്യമായിട്ട് ഉണ്ടാക്കണം….

കുളിക്കാനായിട്ട് ഡ്രെസ്സും എടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് കയറിയപ്പോഴാണ് പുറത്തു നിന്ന് സഞ്ജുവിന്റെ വിളി കേട്ടത്….

“എന്താടാ? ”

“നീ ഇതൊന്നു തുറന്നെ… ഒരു കാര്യം പറയാനുണ്ട്… ”

“എന്താ ടാ.. നിനക്ക് ഉറക്കമൊന്നുമില്ലേ… ഞാൻ കുളിച്ചിട്ട് വന്നിട്ട് എന്താണെങ്കിലും പറയാം… നീ ഇപ്പോൾ പോയേ…. ”

പിന്നെ കേട്ടത് നിലവിളിയായിരുന്നു…. ഉള്ള ദൈവങ്ങളെയും വിളിച്ചു പുറത്തേക്കിറങ്ങി..

പുറത്തിറങ്ങിയപ്പോൾ വയറും പൊത്തി പിടിച്ചു നിൽക്കുന്ന സഞ്ജുവിനെയാണ് കണ്ടത്… ‘

“എന്താ ടാ… എന്ത് പറ്റി? കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു ഞാൻ…. പെട്ടെന്നാണ് അവൻ എന്നെ വട്ടം ചുറ്റി പൊക്കിയെടുത്തത്….

ചുമ്മാ…. നിന്നെയിങ്ങനെയൊന്നു കാണാൻ….

വെറുതെ വിളിച്ചതാ….

മൂക്കിലിട്ടു ആഞ്ഞൊരു ഇടി കൊടുക്കാനാ തോന്നിയത്…. നീയെന്താ എന്നെ കണ്ടിട്ടില്ലേ….

ഇങ്ങനെ കണ്ടത് കല്യാണത്തിന്റെ അന്നാ… നീ കുളിച്ചിട്ട് ഇറങ്ങുമ്പോൾ… അതിനു ശേഷം ഇന്നാ….

ഒരു കള്ളചിരിയോടെ അവൻ എന്നെ സാകൂതം വീക്ഷിക്കുമ്പോൾ നാണം കൊണ്ട് ഞാനവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു….

അവൻ തെരുതെരാ എന്റെ ശരീരത്തിൽ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോഴും അവന്റെ സ്നേഹം ഏറ്റുവാങ്ങുമ്പോഴും ഉള്ളിൽ എവിടെയോ ഒരു വിഷമം…. എന്നെക്കാളും നല്ലൊരു പെണ്ണിനെ അവന് കിട്ടുമായിരുന്നല്ലോ എന്നോർത്തു…

അയ്യോ.. സമയം ഒരുപാടായി എന്ന് പറഞ്ഞു കൊണ്ട് അവനിൽ നിന്നും പിടഞ്ഞു മാറുമ്പോൾ അവൻ വീണ്ടും എന്നേ അവനിലേക്ക് അടക്കിചേർത്തു…

ഷവറിൽ നിന്നും വീഴുന്ന തണുത്ത വെള്ളം ഞങ്ങളുടെ ശരീരത്തിലേക്ക് അരിച്ചിറങ്ങുമ്പോൾ അവന്റെ ചുണ്ടുകൾ കൊണ്ട് എന്റെ സങ്കടങ്ങൾ ഒപ്പുകയായിരുന്നു….. അവന്റെ ചുംബനങ്ങൾ എന്നെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു…. അത്രയും ദീർഘമായ അധര ചുംബനങ്ങൾ…..

ഓരോ പത്തു മിനിറ്റ് കൂടുംതോറും അവൻ എനിക്ക് പുറകെ എന്തെങ്കിലും കാരണവും പറഞ്ഞു കൂടെയുണ്ടാകും… ആരും ഇല്ലായെങ്കിൽ അവൻ ഉമ്മയും തന്ന് പോകും… ശെരിക്കും ഈ സ്നേഹത്തിനു ഞാൻ അർഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല… അവനോടൊപ്പമുള്ള നിമിഷങ്ങൾ ഒരു സ്വപ്നത്തിലെന്ന പോലെ നീങ്ങി….

പുരുഷൻമാർക്കുള്ള വൃതം ആരംഭിച്ചു…. അവർ പകലെല്ലാം ക്ഷേത്രത്തിൽ ആയിരുന്നു… രാത്രി വീട്ടിൽ വരും.. മുതിർന്ന സ്ത്രീകൾക്ക് മാത്രമേ അവർക്ക് മുന്നിലേക്ക് പോകാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ.. ഏഴു ദിവസത്തെ വൃതം കഴിഞ്ഞു.. അഞ്ചു ദിവസത്തെ ഉത്സവം….

ശെരിക്കും അന്നായിരുന്നു സഞ്ജുവിനെ ഒന്ന് കാണുന്നത് തന്നെ… കൂടുതൽ സംസാരിക്കാനൊന്നും കഴിയില്ല… എന്തെങ്കിലും തിരക്ക് കാണും…. ജോലിയൊക്കെ തീർത്തിട്ട് താഴെ എവിടെയെങ്കിലും ഒതുങ്ങും… ഉത്സവം കഴിയുന്നത് വരെ അങ്ങനെ മതിയെന്നാണ് അമ്മായി പറഞ്ഞത്….

രാത്രി ക്ഷേത്രത്തിലെ പ്രോഗ്രാം കാണാൻ എല്ലാവരും കൂടെ പോകും… ഒരു ദിവസം ക്ഷേത്രത്തിലേക്ക് പോയവൻ വേഗം വീട്ടിലേക്ക് തിരിച്ചു വന്നു കിടപ്പായി… എന്താന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല… കുറെ നേരം ആവർത്തിച്ചപ്പോൾ അവൻ കാര്യം പറഞ്ഞു… അവന് ഞാൻ സാരി ഉടുക്കണത് കാണണമെന്ന്…. കൂട്ടുകാർ ആരോ പറഞ്ഞു വീമ്പിളക്കിയപ്പോൾ സഞ്ജു ചേട്ടന് വിഷമമായി പോലും…

ഒരു വിധത്തിൽ ഉന്തിയും തള്ളിയും പറഞ്ഞു വിടാൻ പെട്ട പാട്….

ചില സമയത്തു കുഞ്ഞു കുട്ടികളെ പോലെയുള്ള അവന്റെ പെരുമാറ്റം അവനോടുള്ള സ്നേഹം ഇരട്ടിയാക്കിയിരുന്നു…. പോകുന്നതിന് മുന്നേ ഒരു കവർ എടുത്തു എനിക്ക് നേരെ നീട്ടി… ഒരു സാരി ആയിരുന്നു…. എന്റെ ഭർത്താവിന്റെ ആദ്യ സമ്മാനം… ശെരിക്കും വല്ലാത്തൊരു അഭിമാനമായിരുന്നു അതും ഉടുത്തു നിൽക്കുമ്പോൾ….. ഉത്സവം കഴിഞ്ഞു എല്ലാവരും പോയി.. ലക്ഷ്മി തിരിച്ചു വന്നു….

വീണ്ടും ഞങ്ങൾ രണ്ടു ധ്രുവങ്ങളിലായി… കാണാൻ പറ്റിയില്ലെങ്കിലും ഓഫീസിൽ ഇരുന്നുള്ള ഫോൺ വിളി ആകെയൊരു ആശ്വാസമായിരുന്നു….

ലക്ഷ്മി സഞ്ജുവിന്റെ അടുത്ത് എന്തെങ്കിലും പറഞ്ഞു പോയാലും അവൻ മുഖം കൊടുക്കാറില്ല….

ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു…. ഒരു ദിവസം ബാങ്കിൽ ഇരുന്നപ്പോൾ ഒരു തലകറക്കവും മനം പിരട്ടലും ഓർക്കാനാവും തോന്നി… എന്റെ ലക്ഷണക്കേട് കണ്ടു നീതു ചേച്ചി സംശയം പറഞ്ഞു….

റിസൾട്ട്‌ പോസിറ്റീവ് ആയാൽ വീട്ടിൽ എന്ത് പറയും എന്നാലോചിച്ചപ്പോൾ തന്നെ ആകെ ഒരു വല്ലായ്ക…. ഞാനും സഞ്ജുവും ചേർന്നു എല്ലാവരെയും പൊട്ടൻ കളിച്ചു എന്നറിഞ്ഞാൽ എല്ലാവർക്കും വിഷമമാകില്ലേ… വീട്ടിലേക്ക് പോകുന്ന വഴി മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു പ്രെഗ്നൻസി കിറ്റും വാങ്ങിച്ചു ബാഗിൽ ഇട്ടു…. സഞ്ജുവിനോട് പറയണമെന്ന് വിചാരിച്ചുവെങ്കിലും ഉറപ്പിച്ചിട്ട് പറയാമെന്ന് വെച്ചു….

രാത്രി കിടന്നിട്ടും ഉറക്കം വന്നില്ല… നേരം വെളുത്തിരുന്നുവെങ്കിൽ എന്നൊരു ആകാംഷ മാത്രം….

രാവിലെ അതിൽ ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ പോസിറ്റീവ് ആണെന്ന് കാണുമ്പോൾ കയ്യൊക്കെ വിറയ്ക്കുകയായിരുന്നു… സന്തോഷം കൊണ്ട്..

കൈകൾ കൊണ്ട് വയറിനെ പതിയെ തടവി നോക്കി…. ഒരു ജീവന്റെ തുടിപ്പ് എന്നിൽ വളരുന്നു എന്നുള്ളത് എന്നെ സന്തോഷത്തിൽ ആഴ്ത്തി…..

ആരോടും പറഞ്ഞില്ല…. ഹോസ്പിറ്റലിലേക്ക് പോയി ഒന്ന് കൂടി ഉറപ്പിച്ചു…. വിറ്റാമിൻ tablets മാത്രം തന്നു next അപ്പോയ്ന്റ്മെന്റ് തന്നു വിട്ടു….

സഞ്ജു ഫോൺ വിളിച്ചാലും എടുക്കാതെയായി…

ദേഷ്യവും സങ്കടവും സന്തോഷവും ഇടകലർന്ന ഒരു സമ്മിശ്ര വികാരം…. സ്വന്തം ഭർത്താവിനോട് പോലും ജീവിതത്തിലെ മനോഹരമായ ഈ മുഹൂർത്തം ഒളിച്ചും പാത്തും പങ്കുവെക്കേണ്ടി വരുന്നത് ഏത് പെണ്ണാണ് സഹിക്കുന്നത്….

ഇടയ്ക്കൊക്കെ വരുന്ന ക്ഷീണവും തളർച്ചയും ഛർദിയും സന്ധ്യ ആന്റിയിൽ സംശയം ഉണ്ടാക്കിയിരുന്നുവെന്ന് തോന്നുന്നു …

അന്നൊരു ഞായറാഴ്ച ആയിരുന്നു…. സഞ്ജു എന്തോ ആവശ്യത്തിന് പുറത്തു പോയിരുന്നു…

ബാക്കി എല്ലാവരും വീട്ടിൽ ഉണ്ട്…. ഹാളിൽ നിന്നുമുള്ള ലക്ഷ്മിയുടെ ബഹളം കേട്ടാണ് ഞാൻ ഹാളിലേക്ക് പോയത്… അവളുടെ ബഹളം കേട്ട് എല്ലാവരും ഹാളിൽ എത്തിയിരുന്നു….

“ഓഹ്… വന്നോ മാഡം…. ”

ആരുടേ കൂടെ അഴിഞ്ഞാടാൻ പോയിട്ടാടി നീ വയറ്റിൽ കുഞ്ഞിനെ ഉണ്ടാക്കിയത്….

അവളുടെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി നിന്നു….

തെളിവെന്ന വണ്ണം ഹോസ്പിറ്റൽ റിസൾട്ട്‌ അവളുടെ കയ്യിൽ ഉയർത്തി പിടിച്ചിട്ടുണ്ടായിരുന്നു… കേട്ടത് വിശ്വസിക്കാൻ കഴിയാത്ത പോലെ എല്ലാവരുടെയും ദൃഷ്ടികൾ എന്നിൽ പതിഞ്ഞു… ഒരു കുറ്റവാളിയെ പോലെ ഞാൻ തല കുനിഞ്ഞു നിന്നു…

“എല്ലാവർക്കും ഗായത്രി ഗായത്രി എന്ന് പറഞ്ഞാൽ സത്യവതി ആയിരുന്നല്ലോ.. ഇപ്പോൾ എന്തായി…”

കണ്ടവന്റെ കൂടെ പോയി പിഴച്ചു വന്നു നിൽക്കുന്നു..

ഇത് സഞ്ജുവിന്റെ കുഞ്ഞല്ലാന്ന് ഇവിടെ കൂടി നിൽക്കുന്ന ഓരോരുത്തർക്കും അറിയാം… ഇത്രയും പിഴച്ചവളെയാണല്ലോ നിങ്ങൾ ഇത്രയും നാളും ഇവിടെ പിടിച്ചു നിർത്തിയത്…. ഞാൻ സഞ്ജുവിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്…. വേഗം വീട്ടിൽ വരാൻ… അവൻ വന്നിട്ട് തീരുമാനിക്കട്ടെ ബാക്കി….

അവളുടെ വാക്കുകൾ കൂടുതൽ ശക്തമായി എന്നെ മോശക്കാരിയായി ചിത്രീകരിച്ചു… സഞ്ജു ഉടനെ എത്തും… അവൻ അംഗീകരിക്കുമോ ഈ സത്യം…. ഒരുപാട് സന്തോഷങ്ങൾ ഏറ്റു വാങ്ങേണ്ട മുഹൂർത്തം ഇങ്ങനെ ശപിക്കപ്പെട്ട നിമിഷമായി..

സഞ്ജുവിന്റെ കാർ വന്ന ശബ്ദം കേട്ടു….

നെഞ്ചിടിപ്പ് ശക്തമായി… തല കറങ്ങുന്ന പോലെ…. അവൻ അകത്തേക്ക് കയറിയപ്പോൾ തന്നെ എല്ലാവരെയും ഹാളിൽ കണ്ടു എന്നെയും ലക്ഷ്മിയെയും മാറി മാറി നോക്കി….. എന്തിനാ വിളിച്ചതെന്നുള്ള ചോദ്യഭാവേന അവൻ ലക്ഷ്മിയുടെ മുന്നിലേക്ക് ചെന്നു നിന്നു…..

തുടരും….

അടുത്ത part കൂടി കഴിഞ്ഞാൽ ഗായത്രി അവസാനിക്കുകയാണ്…. ഇത്‌ വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി….

കാത്തിരിക്കുക….തുടരും എന്ന് എഴുതാൻ പ്രേരിപ്പിച്ച നിങ്ങൾ കൂടെയുണ്ടാകണം ഈ എഴുത്തിനെ അവസാനിച്ചു എന്നെഴുതി ചേർക്കാനും…

രചന : മഴ