അഷ്ടപദി തുടർക്കഥയുടെ അവസാന ഭാഗം വായിക്കുക….

രചന : ഉല്ലാസ് OS

മീനാക്ഷി വരുന്നത് കണ്ടതും അവൻ പെട്ടന്ന് കാർ തുറന്നു വെളിയിലേക്ക് ഇറങ്ങി നിന്നു..

എന്താ മീനാക്ഷി ലേറ്റ് ആയത് ഇന്ന്,? അടുത്ത വന്ന അവളോട് അവൻ തന്റെ വാച്ചിലേക്ക് നോക്കി കൊണ്ട് ചോദിച്ചു..

കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു,..

ശ്രീയേട്ടൻ എന്താ പതിവില്ലാതെ.. അവൾ ശ്രീഹരിയെ നോക്കി ചോദിച്ചു..

ഞാൻ ഈ വഴി പോയപ്പോൾ ആണ് താൻ ഈ സമയത്ത് ആണലോ ഇറങ്ങുന്നത് എന്നോർത്തത്, അങ്ങനെ നിന്നതാടോ…

ശ്രീഹരി പറഞ്ഞു..

എന്നാൽ നമ്മൾക്ക് പോകാം, താൻ കയറിക്കോ..

ശ്രീഹരി ഡോർ തുറന്നു വണ്ടിയിലേക്ക് കയറി..

മീനാക്ഷിയും അവന്റെ ഒപ്പം കയറി

മീനാക്ഷി ഇനി എന്നാണ് നാട്ടിൽ പോകുന്നത് ..

കുറച്ചു ദൂരം പിന്നിട്ടപ്പോൾ ശ്രീഹരി അവളോട് ചോദിച്ചു..

ഞാൻ അടുത്ത ദിവസം പോകുന്നുണ്ട്,ഹോസ്പിറ്റലിൽ നിന്നു മടങ്ങി വന്നിട്ട് അച്ഛനെ കാണാൻ പിന്നീട് പോയില്ലായിരുന്നു..

അവൾ മറുപടി കൊടുത്തു..

ശ്രീഹരി ഒരുപാട് കാര്യങ്ങൾ സംസാരിച്ചെങ്കിലും മീനാക്ഷിയുടെ ചിന്തകൾ വേറെ ലോകത്തായിരുന്നു…

വീടെത്തിയിട്ടും അവൾ കാറിൽ നിന്ന് ഇറങ്ങാതിരിക്കുന്നത് കണ്ടപ്പോൾ ആണ് ശ്രീഹരിക്കും ഇത് മനസിലായത്..

മീനൂട്ടി എന്തേ ഇറങ്ങുന്നില്ലേ…. രുക്മിണിയമ്മ ഉറക്കെ ചോദിക്കുന്നത് കേട്ടുകൊണ്ട് മീനാക്ഷി വേഗം കാറിൽ നിന്ന് ഇറങ്ങി..

എന്താ കുട്ടി, എന്താ ഇത്ര ആലോചന..

രുക്മണിയമ്മ ചിരിച്ചപ്പോൾ അവൾ അകത്തേക്ക് പോയി..

അന്ന് രാത്രിയിൽ എല്ലാവരും ഒന്നിച്ചിരുന്നു അത്താഴം കഴിക്കുകയാണ്..

മാമ്പുഴപുളിശ്ശേരിയും കായമെഴുക്കുവരട്ടിയും, ഓമയ്ക്കതോരനും,പാവയ്ക്കയുംകാരറ്റും അച്ചാറും ഒക്കെയാണ് വിഭവങ്ങൾ.. എല്ലാം ശ്രീഹരിയുടെ ഇഷ്ടവിഭവങ്ങൾ ആണ്..

അവൻ ആസ്വദിച്ചിരുന്നു കഴിക്കുകയാണ്..

അമ്മയും മകനും നാട്ടുവിശേഷങ്ങൾ ഒക്കെ പറയുകയാണ്..

മീനാക്ഷി… എന്താ ഇത്ര ആലോചന, നീ പറയു കുട്ടി… രുക്മിണിയമ്മ അവളുടെ നേർക്ക് നോക്കി..

അതേ അതേ, ഇന്ന് ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയ ആലോചന ആണ്.. എന്താന്ന് ചോദിച്ചിട്ട് ഇയാൾ പറയുന്നുവില്ല..

ശ്രീഹരി കൈ കഴുകാവനായി എഴുനേറ്റു കൊണ്ട് പറഞ്ഞു..

ഒന്നുമില്ല അമ്മേ, ഞാൻ രണ്ട് ദിവസം കൂടി ഇവിടെ ഒള്ളൂ.

ഒരു ഹോസ്റ്റൽ ഉണ്ട് ബാങ്കിന്റെ അടുത്ത്.. അങ്ങോട്ട്‌ മാറുകയാണ് ഞാൻ.. അമ്മയോടും ശ്രീയേട്ടനോടും പറയുവാനായി ഇരിക്കുക ആയിരുന്നു ഞാൻ..

മീനാക്ഷി പതിങ്ങിയ ശബ്ദത്തിൽ ആണ് പറഞ്ഞതെങ്കിലും ആ വാക്കുകൾ ഉറച്ചതായിരുന്നു..

ശ്രീഹരിയും അമ്മയും പരസ്പരം നോക്കി..

മീനാക്ഷി വേഗം തന്നെ എഴുനേറ്റു പോയി..

രണ്ട് ദിവസത്തിനുളിൽ മീനാക്ഷി ഇവിടുന്നു മാറും എന്ന് അവർക്ക് ഉറപ്പായി..

പറഞ്ഞതുപോലെ അടുത്ത ദിവസം തന്നെ അവൾ പോകുവാനുള്ള ഒരുക്കങ്ങൾ എല്ലാം നടത്തി..

എല്ലാം പാക്ക് ചെയ്തു വെച്ച് കഴിഞ്ഞു, അവൾ രുക്മിണിയമ്മയുടെ അടുത്ത് ചെന്നു..

ഒരു തവണ പോലും ശ്രീയേട്ടനോ അമ്മയോ തന്നോട് എങ്ങോട്ടും പോകേണ്ട ഇവിടെ നിന്നാൽ മതി എന്നൊരു വാക്ക് പറഞ്ഞില്ല….. ആ ഒരു നീറ്റൽ മാത്രമേ മീനാക്ഷിക്ക് ഒള്ളു..

അവൾ തന്റെ മുറിയിൽ ജനാലയിൽ കൂടി വെളിയിലേക്ക് നോക്കി നിൽക്കുകയാണ് ,നാലുമാസം ആയി ഇവിടെ എത്തിയിട്ട്, രുക്മിയമ്മ സ്വന്തം മകളെ പോലെ ആണ് തന്നെ സ്നേഹിച്ചത്…ശ്രീയേട്ടന് ഒരു ജീവിതം ഉണ്ടായാൽ, ആ വരുന്ന പെൺകുട്ടി സൗഭാഗ്യവതി ആണെന്ന് മീനാക്ഷി ഓർത്തു..

കാരണം അത്രയും നല്ലൊരു അമ്മ ആണ് ഇവിടെ ഉള്ളത്..

ഇന്ന് ഇവിടെ നിന്നും പടി ഇറങ്ങും, ഇനി ഒരിക്കലും ഇങ്ങോട്ട് വരരുത് എന്നവൾ മനസ്സിൽ ഓർത്തു..

പെട്ടന്നാണ് അവളുടെ അടിവയറ്റിൽ ഒരു കരസ്പർശം വന്നു പതിഞ്ഞത്..

അവളുടെ പിന്കഴുത്തിലേക്ക് അവന്റെ അധരങ്ങൾ പതിഞ്ഞതും അവൾ പുളകിത ആയി തിരിഞ്ഞു വന്നു..

എന്താ,,ശ്രീയേട്ടാ ഇത് …അവൾ അവനെ തള്ളിമാറ്റുവാൻ ശ്രമിച്ചതും അവന്റെ കൈകൾ ഒന്നുകൂടി മുറുകി..

മീനാക്ഷി, എന്നോട് ബലപിടിത്തത്തിനു വരണ്ട കെട്ടോ, ഞാൻ ബ്ലാക്ക്ബെൽറ്റ്‌ ആണ് കെട്ടോ..

അവൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു..

മോളേ, മീനുട്ടി… രുക്മിണിയമ്മ അകത്തേക്ക് വന്നതും ശ്രീഹരി പിടിവിട്ടു..

മോളേ, ഇത് ആരൊക്കെയാണ് വന്നതെന്ന് നോക്കിക്കേ നീ..അവർ മീനാക്ഷിയുടെ കൈയിൽ കടന്നു പിടിച്ചു കൊണ്ട് വെളിയിലേക്ക് പോയി..

അമ്മയും, അമ്മാവനും ആയിരുന്നു വെളിയിൽ..

അവൾ ഓടിച്ചെന്നു അമ്മയെ കെട്ടിപിടിച്ചു..

മീനു… മോൾ,ഇനി ജോലിക്ക് ഒന്നും പോകേണ്ട കെട്ടോ, അമ്മയുടെ കൂടെ നാട്ടിലേക്ക് പോരുക..അച്ഛന് തീരെ വയ്യാണ്ടായി..

അമ്മ പറഞ്ഞപ്പോൾ മീനാക്ഷി ആദ്യം വിസമ്മതിച്ചെങ്കിലും പിന്നെ അവളും ഓർത്തു ഇനി ഈ നാട് വേണ്ട, ഇവിടുന്നു പോകാം എന്ന്..

അമ്മയും അമ്മാവനും രുക്മിണിയമ്മയും ആയി ഓരോരോ കാര്യങ്ങൾ സംസാരിച്ചു..

ശ്രീഹരിയുടെ ചുഴിഞ്ഞുള്ള നോട്ടം അവൾക്കത്ര പിടിക്കുന്നില്ല..

മോളേ, നീ പോയി ബാഗ് എടുത്തു വരൂ, നമ്മൾക്ക് ഇറങ്ങാം, അച്ഛനും മുത്തശ്ശിയും തനിച്ചേ ഒള്ളൂ…

അമ്മ ദൃതി കൂട്ടിയപ്പോൾ അവൾ വേഗം തന്റെ മുറിയിലേക്ക് പോയി..

യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ മീനാക്ഷിക്ക് കണ്ണ് നിറഞ്ഞുവന്നു..

അന്ന് അവർ തിരിച്ചു എത്തിയപ്പോൾ നേരം വൈകിയിരുന്നു..

വീട്ടിലെത്തിയ മീനാക്ഷി ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീയേട്ടന്റെ കാൾ..

മീനുകുട്ടി, നിനക്കൊരു ഗിഫ്റ്റ് ഉണ്ട് ആ ബാഗിൽ,,

പെട്ടന്നു കാൾ കട്ട്‌ ആയി..

ബാഗിൽ ഒരു പൊതി ഉണ്ടായിരുന്നു..

അതിൽ ഒരു മയിൽ പീലിയും, ഒരു കണ്മഷിയും,…..

വെള്ളക്കടലാസിൽ ഒരു കുറിപ്പും

മീനുട്ടിയുടെ സച്ചുഏട്ടൻ……

ഈശ്വരാ……..

അടുത്ത തവണ കാവിലെ പൂരം വന്നപ്പോൾ താൻ ചീരുവിനോട് പറഞ്ഞത്..

എടി, നീ പറഞ്ഞ സച്ചുഏട്ടൻ എന്നെ അത്രക്ക് സ്നേഹിക്കുന്നുണ്ടെങ്കിൽ ഈ പ്രാവശ്യം പൂരത്തിന് എനിക്ക് എന്താ വേണ്ടതെന്നു പറയട്ടെ..

മ്മ് പറയെടി, ഞാൻ ഒന്ന് ശ്രമിക്കാം… ചീരു അലസഭാവത്തിൽ പറഞ്ഞപ്പോൾ, താൻ അവളോട് പറഞ്ഞ കാര്യങ്ങൾ ഇന്നലെ എന്നത് പോലെ ഓർക്കുന്നുണ്ട്..

നീ, സച്ചു ഏട്ടനോട് പറയുമോ എനിക്ക് ഒരു മയിൽപീലിയും ഒരു കണ്മഷിയും കൊണ്ട് കൊണ്ടുതരുവാൻ എന്ന് പറഞ്ഞതും തന്നെ കൊഞ്ഞനംകുത്തി കാണിച്ചുകൊണ്ട് ഓടി മറയുന്ന ചീരു…

പിന്നീടൊന്നും ഈ ആളെ കുറിച്ചറിഞ്ഞില്ല..

ആരാണെന്നും എവിടെയാണെന്നും കുറെ കാലം താൻ ഓർത്തിരുന്നു,,,

കാലം അതെല്ലാം പതിയെ പതിയെ അവളുടെ മറവിയാകുന്ന മടി തട്ടിലേക്ക് എടുത്തെങ്കിലും ഒന്ന് മാത്രം അവശേഷിച്ചു..

തന്റെ കുപ്പിവളകൾ..

അപ്പോൾ ഇതെല്ലാം തനിക്ക് തന്നത് ശ്രീയേട്ടൻ ആയിരുന്നോ..

അവൾക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല..

ശ്രീയേട്ടൻ ,,,

അവൾ ഫോണെടുത്തു അവന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും അവൻ അത് എടുത്തില്ല..

***************

ഇന്ന് മീനുട്ടിയുടെ വിവാഹമാണ്

മീനുട്ടിയെ അണിയിച്ചൊരുക്കുവാൻ കാലത്തെ തന്നെ ബ്യുട്ടീഷൻ എത്തിയിരുന്നു..

അതേയ്, ഇത്തിരി വേഗം ആയിക്കോ കേട്ടോ, ദക്ഷിണ കൊടുത്തു രാഹുകാലത്തിനു മുൻപ് ഇവിടുന്നു ഇറങ്ങണം അമ്പലത്തിലേക്ക്… അമ്മ ഓടിവന്നു പറഞ്ഞു

കതിർമണ്ഡപത്തിൽ ശ്രീയേട്ടന്റെ അരികിലായി ഇരിക്കുമ്പോൾ എല്ലാ കണ്ണുകളും അസൂയയോടെ നോക്കുന്നത് മീനാക്ഷി കണ്ടു..

അച്ഛനോടും അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞു ഈറൻകണ്ണുകൾ തുടച്ചുകൊണ്ട് തന്റെ നല്ലപാതിയുടെ അരികത്തേക്ക് കയറിയപ്പോൾ പുതിയൊരു നാളേക്ക്, പ്രതീക്ഷയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെ അവസാന ഘട്ടത്തിൽ ആയിരുന്നു ശ്രീഹരി..

മനസ്സുകൊണ്ടും ശരീരം കൊണ്ടും ശ്രീയേട്ടന്റേതായി കഴിഞ്ഞപോലും ദേവു കാവിലമ്മയോട് പ്രാർഥിച്ചത് ഒരേ ഒരു കാര്യം മാത്രമുള്ളു..

താൻ ഈ ഭൂമിയിൽനിന്നു പോയതിനുശേഷം തന്റെ ശ്രീയേട്ടനെ വിളിക്കാവൊള്ളൂ… അന്നും മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു, ആ മഴക്ക് പ്രണയിനിയുടെ ഭാവം ആയിരുന്നു…

പ്രസവവേദന കൊണ്ട് പുളഞ്ഞപ്പോളും ആദ്യത്തെ കണ്മണി ശ്രീയേട്ടൻ ആഗ്രഹിച്ചതുപോലെ ഒരു പെൺകുഞ്ഞാകണം എന്നാണ് താൻ നേർച്ച നേർന്നത്..

മണികുട്ടിയുടെ കളിയും ചിരിയും കൊഞ്ചലുകളും ഒക്കെയായി തങ്ങളുടെ വീടൊരു സ്വർഗമായപ്പോൾ ദൈവത്തിനു അസൂയ തോന്നി കാണും..

അമ്മയുടെ അനുജത്തിയുടെ മകളുടെ വിവാഹം കഴിഞ്ഞു മടങ്ങി വരുവായിരുന്നു, നല്ല മഴയായതുകൊണ്ട് ശ്രീയേട്ടൻ സൂക്ഷിച്ചാണ് വണ്ടി ഓടിച്ചത്..

മുത്തശ്ശിയുടെ മടിയിൽ പിൻസീറ്റിൽ ഇരുന്നു കൊഞ്ചുന്ന മണികുട്ടിയെ എടുത്തു തന്റെ അടുത്ത് ഇരുത്തുവാൻ ശ്രീയേട്ടന് പറഞ്ഞതും,താൻ കുഞ്ഞിനെ എടുക്കുവാൻ കൈ നീട്ടിയതും തനിക്ക് ഓര്മയുള്ളു..

മഴയായതുകൊണ്ട് തെന്നിപ്പോയി കാണും,,,

അതാണ് അപകടം ഉണ്ടായത് എന്ന് അമ്മാവൻ പറഞ്ഞാണ് താൻ അറിയുന്നത്…

ആ മഴക്ക് ഒരു കൊലയാളിയുടെ ഭാവം ആയിരുന്നു…

ഇന്നു എട്ടുവർഷമായി താൻ ഈ കിടക്കയിൽ കഴിയാൻ തുടങ്ങിയിട്ട്…

ഭഗവാന്റെ അനുഗ്രഹത്താൽ ശ്രീയേട്ടനും അമ്മക്കും പരുക്കുകൾ അല്ലാതെ ഒന്നും സംഭവിച്ചില്ല…

ഭഗവാന്റെ അനുഗ്രഹം കിട്ടിയത് തങ്ങളുടെ മണികുട്ടിക്കായിരുന്നു,,,

അവൾക്ക് ഒരു പോറൽപോലും ഏൽക്കാതെ ഈശ്വരന്റെ കരങ്ങൾ അവളെ കാത്തു..

മീനു…… ശ്രീയേട്ടൻ വിളിച്ചപ്പോൾ മീനാക്ഷി ഓർമ്മകളിൽ നിന്നു എഴുനേറ്റു..

ഒരു വേലക്കാരിയെ പോലും വെയ്ക്കാതെ മീനാക്ഷിയിടെ കാര്യങ്ങൾ ചെയ്തുകൊടുക്കുന്ന ശ്രീഹരി ആണ് അവൾക്കിപ്പോൾ ഈശ്വരൻ

മോളെന്തിയെ ഏട്ടാ… മീനു ചോദിച്ചു..

അവൾ മുറ്റത്തു കളിക്കുന്നുണ്ട് എന്നും പറഞ്ഞു അവൻ അവളുടെ കൈകൾ എടുത്തു അവന്റെ കൈകളിലേക്ക് കോർത്തു പിടിച്ചു..

ഓഫീസിൽ നടന്നകാര്യങ്ങളും, ഓരോരോ വിശേഷങ്ങളും എല്ലാം അവൻ മീനാക്ഷിയോട് പങ്കുവെയ്ക്കുകയാണ്..

എന്നും തന്റെ ശ്രീയേട്ടൻ ഇങ്ങനെയണ്..

തന്റെ അടുത്തുവന്നിരുന്നു തന്നോട് ചെറിയ കാര്യങ്ങൾ പോലും പങ്കുവെക്കും..

ഈ കിടക്കയിൽ കിടക്കുന്ന ചലനമറ്റ ഈ ശരീരം ആകുന്ന എന്നെ ഉപേക്ഷിക്കുവാൻ എത്രയോ വട്ടം താൻ അദ്ദേഹത്തോട് പറഞ്ഞതാണ്..

ഇല്ല മീനു,,, ഈ ശ്രീഹരിക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഈ മീനാക്ഷി ആയിരിക്കും..

നിന്നെ ജീവനോടെ തരണമേ എന്നേ ഞാൻ പ്രാർത്ഥിച്ചോള്ളൂ.. ആ പ്രാർത്ഥന കേട്ട ഈശ്വരൻ അടുത്ത ജന്മത്തിൽ നിന്നെ എനിക്ക് തരണമേ എന്നാണ് ഞാൻ ഇപ്പോളും പ്രാർത്ഥിക്കുന്നത്..

അടുത്ത ജന്മത്തിൽ മാത്രം അല്ല ജന്മജന്മാന്തരങ്ങളിൽ തന്റെ ശ്രീയേട്ടന്റേതാകണം എന്ന് ആണ് മീനു പ്രാർത്ഥിച്ചതും ആഗ്രഹിച്ചതും..

അച്ഛാ….

ഒരു കിളിമൊഴി കേട്ട ഭാഗത്തേക്ക്‌ ശ്രീഹരി നോക്കിയതും മണിക്കുട്ടി അങ്ങോട്ട് കയറിവന്നു..

പട്ടുപാവാടയും ബ്ലോസും ധരിച്ചു വന്ന മണിക്കുട്ടി ഓടിപോയി അമ്മയ്ക്ക് നെറുകയിൽ മുത്തം കൊടുത്തു..

എന്നിട്ട് പുറത്തേക്ക് ഓടി

അമ്പലത്തിൽ പോകുവാൻ സമയം ആയി അല്ലേ,,

ശ്രീഹരി മെല്ലെ എഴുനേറ്റു..

അഷ്ടപദി പാടുവാൻ മുടങ്ങാതഅമ്പലത്തിൽ പോകാറുണ്ട് ശ്രീഹരി..

മീനാക്ഷിക്ക് വേണ്ടി നേർന്ന നേർച്ചയാണ്..

ഇന്നുംഅത് തെറ്റിക്കാതെ ചെയ്യുവാനായി നടന്നുപോകുന്ന ശ്രീഹരിയെ നോക്കി മീനു കിടന്നു..

ചെറിയ മഴച്ചാറ്റൽ ഉണ്ട് കെട്ടോ,

മണിക്കുട്ടി മോളേ…മഴ .. നനയരുത്, പനി പിടിക്കും കെട്ടോ എന്ന് രുക്മിണിയമ്മ വിളിച്ചുപറയുന്നത് മീനാക്ഷി കേട്ടു..

ആ മഴക്കപ്പോൾ തന്റെ മണികുട്ടിയുടെ ഭാവം ആയിരുന്നു..

അവസാനിച്ചു..

(ഹായ്, എല്ലാവരും കാത്തിരിക്കുകയാണെല്ലേ, എല്ലാവരും തന്ന കട്ടസപ്പോർട്ടിന് ഹൃദയത്തിൽ നിന്നും നൂറായിരം നന്ദി, എല്ലാവർക്കും ഇഷ്ടമായിന്നു വിശ്വസിക്കുന്നു, തുടർന്ന് പ്രതീക്ഷിക്കുന്നു, വായിച്ചിട്ടു കമന്റ്‌ ഇടണം, വീണ്ടും കാണാം…)

രചന : ഉല്ലാസ് OS