നിന്റെ ഇത്രേം വർഷത്തെ പ്രണയം തള്ളിക്കളഞ്ഞ അങ്ങേർക്കു ഇട്ടൊരു എട്ടിന്റെ പണി കൊടുത്താലോ…

രചന: വൈദേഹി വൈഗ

“എടി നിന്റെ മനുവേട്ടൻ ദേ നിൽക്കുന്നു .. പോയി ഒന്ന് സംസാരിച്ചിട്ട് വാ… ”

“ഒന്ന് പോയെടി.. നിനക്കൊന്നും വേറെ പണി ഇല്ലേ.. ”

“ഒന്നുമില്ലെങ്കിലും നിന്റെ ആദ്യപ്രണയം അല്ലേ.. ”

“ആദ്യ പ്രണയം.. ഹ്മ്മ്… ”

ചുണ്ട് ഒരു സൈഡിലേക്ക് കോടി പുച്ഛത്തോടെ ഒരു ചിരിയും ചിരിച്ചു കൊണ്ട് ഞാൻ അമ്പല മുറ്റത്തു നിന്നും പുറത്തേക്കു നടന്നു.. പിന്നാലെ രേവതിയും..

“എന്താടി.. കുറച്ചു ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു.. മനുവേട്ടനെ കാണുമ്പോൾ ഉള്ള നിന്റെയീ ഒഴിഞ്ഞു മാറ്റം.. ”

“പിന്നെ ഞാൻ എന്താ വേണ്ടത്.. അങ്ങേരുടെ പിന്നാലെ ഒരു കോമാളിയെ പോലെ ഇനിയും നടക്കണോ? കൊല്ലം ആറു കഴിഞ്ഞു ഞാനീ നടത്തം തുടങ്ങിയിട്ട്…ഇനിയും വയ്യെനിക്ക് .. ”

“നിനക്ക് നിന്റെ വീട്ടുകാരെ വിട്ട് അങ്ങേരുടെ കൂടെ ഇറങ്ങി പോകാൻ ഉള്ള ധൈര്യം ഉണ്ടോ.. ”

“അതൊന്നും എനിക്കൊരു പ്രശ്നം അല്ല.. അങ്ങേരു വിളിച്ചാൽ ഞാൻ ഇറങ്ങി പോകും.. പക്ഷെ വിളിക്കാൻ പോയിട്ട് എന്നെ ഒന്ന് തിരിഞ്ഞു നോക്കുന്നു കൂടെ ഇല്ലല്ലോ.. ”

“നിന്റെ ഇത്രേം വർഷത്തെ പ്രണയം തള്ളിക്കളഞ്ഞ അങ്ങേർക്കു ഇട്ടൊരു എട്ടിന്റെ പണി കൊടുത്താലോ… ”

“എന്ത് പണി… ”

“ആദ്യം അങ്ങേർക്കു മറ്റാരോടെങ്കിലും ഇഷ്ടം ഉണ്ടോ എന്നറിയണം…”

“അങ്ങനെ ഒരു പെണ്ണും അയാളുടെ മനസ്സിൽ ഇല്ല… തെമ്മാടിത്തരവും കൊണ്ട് നടക്കൽ അല്ലാതെ ഒരു പെണ്ണിനേം നോക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല.. ”

മനുവേട്ടനെ പറ്റി ഞാൻ മനസ്സിൽ ചിന്തിച്ചു..

നാട്ടിലെ സകല തല്ലുകൊള്ളിത്തരത്തിനും മുന്നിൽ ഉണ്ടാവും.. പെണ്ണ് കേസിൽ ഒഴികെ.. അത്‌ തന്നെ ആണ് എന്നെ അങ്ങേരിലേക്ക് അടുപ്പിച്ചതും.. ആറു കൊല്ലം പട്ടിയെ പോലെ പിന്നാലെ നടന്നിട്ടും അങ്ങേരെന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല…

എടി.. നി എന്ത് ആലോചിച്ചു നിൽക്കുവാ…

ഞാൻ പറഞ്ഞത് പോലെ ചെയ്താൽ നിനക്ക് അയാളെ കിട്ടും..

രേവതി എന്നെ ചിന്തയിൽ നിന്നും ഉണർത്തി..

“എന്താണെന്നു വച്ചാൽ നി പറ.. എന്ത് ചെയ്യാനും ഞാൻ തയ്യാർ ആണ്. ”

“പക്ഷെ ഇത് നി വിചാരിക്കും പോലെ എളുപ്പം അല്ല.. ഇത്തിരി കൈവിട്ട കളി ആണ്.. എന്തേലും പ്രശ്നം ആയാൽ എന്റെ പേര് പറയരുത്… ”

ഹ ഇല്ലെടി… എന്ത് സഹിച്ചിട്ടായാലും വേണ്ടില്ല..

അങ്ങേരുടെ താലി എന്റെ കഴുത്തിൽ വീണാൽ മതി…

രേവതി അവളുടെ പ്ലാൻ വിശദമായി എന്നോട് പറഞ്ഞു… ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി… ഉപ്പൂറ്റി മുതൽ തല വരെ വല്ലാത്തൊരു വിറയൽ…

“എടി ഇതൊന്നും ശരിയാവില്ല… നാട്ടുകാരുടെ മുന്നിൽ നാറും…. ”

എന്റെ അച്ചു.. ഇനി ഈ ഒരൊറ്റ വഴിയേ ഉള്ളു..

ഇനി നി എന്താണെന്നു വച്ചാൽ തീരുമാനിക്ക്

ഇത്രയും പറഞ്ഞു അവൾ പോയി….

ഒരു രാത്രി മുഴുവൻ ഞാൻ തലപുകഞ് ആലോചിച്ചു.. മനുവേട്ടനെ കിട്ടണമെങ്കിൽ രേവതി പറഞ്ഞത് പോലെ ഈ ഒരു വഴിയേ ഉള്ളു. പിറ്റേന്ന് രാവിലെ പെട്ടിയും കിടക്കയും എടുത്തു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി..

“എവിടേക്കാടി ബാഗൊക്കെ തൂക്കീട്ട്… ”

“എന്റെ കൊച്ചിന്റെ തന്തേടെ അടുത്തേക്ക്… ”

എന്റെ ഉത്തരം കെട്ട് എന്റെ അച്ഛനും അമ്മയും കണ്ണും തള്ളി നിന്നു… അവരെ വകവെക്കാതെ വീട്ടിൽ നിന്നിറങ്ങി നേരെ രണ്ടു വീട് അപ്പുറം ഉള്ള മനുവേട്ടന്റെ വീട്ടിൽ ചെന്ന് കയറി… മുറ്റത്തു തന്നെ ശാന്തേടത്തി ഉണ്ടായിരുന്നു.. മനുവേട്ടന്റെ അമ്മ..

അവര് ഓല മടൽ കൊത്തുവായിരുന്നു… കയ്യിൽ കത്തി കണ്ടപ്പോൾ ഞാൻ ഒന്ന് പതറി.. ഇനി നടക്കാൻ പോകുന്ന കാര്യം ഓർത്തിട്ടു…

“മോളെന്താ ബാഗൊക്കെ ആയിട്ട്.. എവിടെ പോകുവാ… ”

ശാന്തേടത്തീടെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ ഞാൻ നേരെ വീട്ടിലോട്ട് കയറി.. അവരും എന്റെ പിന്നാലെ വന്നു..

“എവിടുത്തേക്കാണ് കൊച്ചേ നി ചാടി തുള്ളി പോകുന്നെ… ”

“മനുവേട്ടന്റെ അടുത്തേക്ക്… ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലാണ്…”

ഇത് കേട്ടതും അവര് തലയ്ക്കു കൈ വച്ചു…

അപ്പോഴേക്കും ഗേറ്റ് കടന്നു എന്റെ അച്ഛനും അമ്മയും എത്തിയിരുന്നു…

“ദേ ബാസ്‌ക്കരാ.. നിങ്ങടെ മോൾക്ക്‌ ഭ്രാന്തായെന്നാ തോന്നുന്നേ.. വിളിച്ചോണ്ട് പോയേ… ”

അവര് എന്റെ അച്ഛന് നേരെ തിരിഞ്ഞു…

“ഭ്രാന്ത് നിങ്ങടെ മോനാണ് തള്ളേ… അങ്ങേരുടെ കൊച്ചാ എന്റെ വയറ്റിൽ കിടക്കുന്നെ… ”

ഇത് കേട്ടതും വെട്ടിയിട്ട വാഴ പോലെ ശാന്തേടത്തി നിലത്തു വീണു.. ഒച്ചയും ബഹളവും ഒക്കെ കേട്ടിട്ട് അകത്തു ഉറങ്ങി കിടപ്പുണ്ടായ മനുവേട്ടനും നാട്ടുകാരും ഓടി വന്നു.. ഏകദേശം കാര്യങ്ങൾ ഒക്കെ ഞാൻ വിചാരിച്ച പോലെ വരുന്നത് കണ്ടിട്ട് ഞാൻ മനസ്സിൽ ആനന്ദ നൃത്തമാടി… സന്തോഷം അതികം നേരം നീണ്ടു നിന്നില്ല… മനുവേട്ടന്റെ കൈ വീണു എന്റെ കരണം നന്നായി പുകഞ്ഞു…

“എപ്പഴാടി ഞാൻ നിന്റെ കൊച്ചിന്റെ തന്ത ആയത്. ”

അങ്ങേരു എന്റെ നേരെ അലറി..

“ആവേശത്തിന് ഓരോന്ന് ചെയ്യുമ്പോൾ ആലോചിക്കണം… അപ്പഴേ ഞാൻ പറഞ്ഞതല്ലേ ഇതൊക്കെ കെട്ട് കഴിഞ്ഞു മതിയെന്ന്… ”

ഞാനും വിട്ട് കൊടുത്തില്ല..

“എടീ.. അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ…..”

“എന്റെ പൊന്നോ എന്തൊരഭിനയം… എന്റെ കൊച്ചിന്റെ തന്ത ഈ വീട്ടിൽ കഴിയുമ്പോൾ ഞാൻ എന്തിനു വേറെ വീട്ടിൽ കഴിയണം.. എന്റെ ദൈവമേ.. എനിക്കീ ഗതി വന്നല്ലോ… ”

ഇത്രയും പറഞ്ഞ് നാട്ടുകാര് കാണാൻ വേണ്ടി ഞാൻ നന്നായങ്ങു കരഞ്ഞു..

“ടാ ചെക്കാ.. എന്തേലും ഒപ്പിച്ചിട്ടുണ്ടെങ്കിൽ കൂടെ പൊറുപ്പിച്ചോണം ഇവളെ.. ഇനി ഇങ്ങനെ ഒരു മകളെ ഞങ്ങൾക്ക് വേണ്ട… ”

ഇത്രയും പറഞ്ഞ് എന്നെ നോക്കി നീട്ടി ഒന്ന് തുപ്പിയിട്ട് അച്ഛൻ അമ്മയുടെ കയ്യും പിടിച്ചു അവിടുന്ന് ഇറങ്ങി… ഞാൻ ദയനീയമായി മനുവേട്ടനെ ഒന്ന് നോക്കി..

“എടീ… ”

അങ്ങേരെന്റെ മുടിക്ക് കുത്തി പിടിക്കാൻ വന്നു.

“അയ്യോ ചേട്ടാ ഇനിയും ചെയ്യല്ലേ.. നമ്മടെ കുഞ്ഞിന് വേദനിക്കും… ”

പല്ല് ഞെരിച്ചു കൊണ്ട് അങ്ങേരു കൈ താഴ്ത്തിയതും നാട്ടുകാരിൽ ആരോ ഒരാള് പറയുന്നത് കേട്ടു…

“പണി പറ്റിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ വയറ്റിലാവുമ്പോൾ ധാ ഇങ്ങനെ കിടന്നു നട്ടംതിരിയേണ്ടി വരും ”

നാട്ടുകാര് ഇടപെട്ട കേസ് ആയതു കൊണ്ട് പെട്ടന്ന് ഒത്തുതീർപ്പ് ആയി..

കണ്ണന്റെ നടയിൽ നിന്ന് താലി കെട്ടി അങ്ങേരെന്നെ വീട്ടിൽ കൊണ്ട് വന്നു. ആദ്യരാത്രി മുണ്ടും മടക്കി കുത്തി എനിക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ടപ്പോൾ ഞാൻ ശെരിക്കും പേടിച്ചു..

“ഇതെന്താ ആന മദം ഇളകി വരുന്നതാണോ… ”

“ആത്മഗനം ഇത്തിരി ഉച്ചത്തിൽ ആയെന്നു തോന്നുന്നു… ”

“ആന ആണോ കാട്ടുപോത്ത് ആണോന്നു നിനക്ക് ഞാനിന്ന് കാണിച്ചു തരാമെടി പൂതനെ… ”

ഞാൻ പേടിയോടെ പിന്നോട്ട് നടന്നു…

“എവിടേക്കാടി ഓടുന്നെ..”

രാവിലെ ഞാൻ നടത്തിയ നാടകത്തിന്റെ പര്യവസാനം എന്തായിരിക്കും എന്ന് ഏകദേശം അങ്ങേരുടെ മുഖത്തു നിന്നും വ്യക്തമായിരുന്നു…

“ദേ മനുവേട്ടാ.. കളിക്കല്ലേ… ”

ഞാൻ ഒന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അങ്ങേരത് കേൾക്കാൻ കൂടെ കൂട്ടാക്കിയില്ല.

“നി എന്നെ ഇല്ലാത്ത കൊച്ചിന്റെ തന്ത ആക്കും അല്ലേടി പ്ഫാര്യേ” പിന്നെ അവിടെ നടന്നത് പ്രത്യേക തരം ഉത്സവം ആയിരുന്നു.. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടും തൃശൂർ പൂരത്തിന്റെ വെടിക്കെട്ടും അന്നാദ്യമായി ഞാൻ ഒന്നിച്ചു കേട്ടു.. ഏറെ നേരത്തെ പോരാട്ടത്തിനൊടുവിൽ അങ്ങേര് നടുവും തല്ലി താഴെ വീണപ്പോൾ വരാൻ പോകുന്ന ദുരന്തത്തെ ഓർത്തു ഞാനും കരയാൻ തുടങ്ങിയിരുന്നു…

കൃത്യം ഒൻപതു മാസങ്ങൾക്കിപ്പുറം തന്തയും രണ്ടു കുരിപ്പുകളും എന്നെ നോക്കി പല്ലിളിക്കുമ്പോൾ അന്നെനിക്ക് ഈ ഒടുക്കത്തെ ബുദ്ധി ഉപദേശിച്ചു തന്ന രേവതിയെ നന്നായൊന്ന് സ്മരിക്കാൻ ഞാനും മറന്നില്ല..

ലൈക്ക് കമൻറ് ചെയ്യണേ

ശുഭം..

രചന: വൈദേഹി വൈഗ