വിവാഹ ശേഷം ജോലിക്കാരനായ അനിയൻ ആ പാവം ഏട്ടനെ ശ്ര- ദ്ധിക്കാതെയായി…

രചന : Vijay Lalitwilloli Sathya

ഇത് ഞങ്ങളുടെ ഏട്ടൻ

*************

“ഇനി ചെറുക്കന്റെ മാതാപിതാക്കൾ വന്നു അനുഗ്രഹിക്കുകയും ആശിർവദിക്കുകയും ചെയ്തോട്ടെ..”

“അവരാരുമിപ്പോൾ ജീവിച്ചിരിപ്പില്ല. ഇത് ഞങ്ങളുടെ ഏട്ടനാ… അനിയനും ഭാര്യയും മതിയോ.. ”

ശ്രീകല നാണത്തോടെ ചോദിച്ചു

“ബന്ധുക്കൾ ആരായാലും മതിയെന്നെ…”

ആ വിവാഹം നിയന്ത്രിക്കുന്ന പരികർമി പറഞ്ഞു.

ജഗദീഷ് നാൽപ്പത്തിയഞ്ചാം വയസ്സിൽ അവരുടെ പഴയ തറവാട്ടുമുറ്റത്ത് പണിത പുത്തൻവീട്ടിൽ വച്ച് വിവാഹിതനാകുന്നു.

ഭാര്യ സ്കൂൾ ടീച്ചർ രമണി.

രമണിയുടെയും ഡിലേയ്ഡ് മാരീഡ് ആണ്.

തിരക്കൊക്കെ കഴിഞ്ഞു. ബന്ധുക്കളൊക്കെ പോയി അനിയൻ ഹരികുട്ടന്റെ ഭാര്യ ഒരു ഗ്ലാസ്സ് നിറയെ പാലും കൊടുത്തു ചേട്ടത്തിയെ ചേട്ടന്റെ മണിയറയിലേക്ക് ഉന്തി തള്ളിവിട്ടു..

പാലും ഗ്ലാസ്സും കൊണ്ട് റൂമിനകത്ത് കയറി വന്ന രമണി ടീച്ചറെ കണ്ടപ്പോൾ ജഗദീഷ് അറിയാതെ എണീറ്റ് പോയി.

“അയ്യോ എണീക്കേണ്ട അവിടെ ഇരുന്നോ..”

ടീച്ചറെ കാണുമ്പോൾ കുട്ടികൾ എഴുന്നേൽക്കുന്നത് പോലെ,തന്നെ കാണുമ്പോൾ ഭർത്താവ് എഴുന്നേറ്റത് കൊണ്ട് ടീച്ചർക്ക് വല്ലാത്ത നാണം.

രമണി ടീച്ചർ കതക് അടച്ച് കുറ്റിയിട്ടു. ജഗദീശന് സമീപം പോയി ബെഡിൽ ഇരുന്നു.

“എന്റെ ജീവിതത്തിൽ ഒരിക്കലും ഇനി ഒരു വിവാഹം ഉണ്ടെന്ന് കരുതിയതല്ല”

നാണം കുണുങ്ങി താഴോട്ട് നോക്കിയിരിക്കുന്ന രമണിയെ ചേർത്ത് പിടിച്ചു ജഗദീഷ് പറഞ്ഞു

“എനിക്കും എന്നെക്കുറിച്ചും അങ്ങനെ തോന്നി.

ഇപ്പോഴും വിശ്വസിക്കാൻ ആവണില്ല..”

പഴയതും പുതിയതുമായ ഒരുപാട് കാര്യങ്ങൾ അവർ സംസാരിച്ചു. ഒടുവിൽ ആദ്യരാത്രിയുടെ അനർഘ നിമിഷങ്ങൾ ഒക്കെ ആസ്വദിച്ചു കഴിഞ്ഞങ്ങനെ മയങ്ങവേ രമണി ഉറക്കത്തിലേക്ക് പോയി.

ജഗദീഷിന് ഉറങ്ങാൻ പറ്റിയില്ല.. ഒരുപാട് സന്തോഷമായിരിക്കുന്നു അയാൾക്ക്..

ആ സമയത്തും അയാൾ തന്റെ കഴിഞ്ഞകാല സംഭവങ്ങൾ ഓരോന്നോർത്ത് കൊണ്ടിരുന്നു..

തന്റെ വിവാഹം അല്പം വൈകിപ്പോയിരുന്നു. താനല്ലാതെ വേറെ ആരുമില്ലാത്ത അനിയനെ നോക്കി അവന്റെ ഉത്തരവാദിത്വങ്ങളിൽ മുഴുകി കാലം പോയതറിഞ്ഞില്ല.

ജഗദീഷ് കഷ്ടപ്പെട്ടിട്ടാണ്,അച്ഛനുമ്മയും നഷ്ടപ്പെട്ടതിനുശേഷം തന്റെ അനിയൻ ഹരി കുട്ടനെ എഞ്ചിനീയറിംഗ് പഠിപ്പിച്ചത്..

പാടത്തും പറമ്പത്തും ആയി ജഗദീഷ് തന്റെ ജോലിയിൽ മുഴുകിയപ്പോൾ അദ്ദേഹത്തിന് നഷ്ടമായത് ഒരു കുടുംബ ജീവിതമാണ്..

വിവാഹം കഴിക്കാനായി സ്വ_ന്തമായി മിനക്കെട്ടില്ല.

ബന്ധുക്കൾ ആരും അതേക്കുറിച്ച് സൂചിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുക ചെയ്തില്ല..

അങ്ങനെ ഒരു അവിവാഹിതനായി തന്നെ ഇപ്പോൾ തുടരുന്നു.

അനിയൻ എൻജിനീയറിങ് പാസ്സായപ്പോൾ നാട്ടിലെ പ്രഗൽഭ സിവിൽ കോൺസൽട്ടൻസി എൻജിനീയറിങ് ഗ്രൂപ്പിൽ അംഗമായി ജോലി നോക്കി തുടങ്ങി..

ചേട്ടൻ ജഗദീഷിന് സന്തോഷമായി. ഇനിയെങ്കിലും അവൻ സ്വന്തം കാലിൽ നിൽക്കുമല്ലോ..

ആ ഒരേക്കർ പുരയിടത്തിൽ ഉള്ള തെങ്ങിൻ തോപ്പിൽ നിന്ന് കിട്ടുന്ന വരുമാനവും തൊട്ടു പിറകിലുള്ള അഞ്ചേക്കർ പാടത്ത് പണിയെടുത്ത് കിട്ടുന്ന വരുമാനവും ഒക്കെ അനിയന്റെ പഠനത്തിനുവേണ്ടി ഉപയോഗിച്ചിരുന്നു.

അതിനാൽ തന്നെ ആ കാലങ്ങളിൽ രാപ്പകലില്ലാതെ മാടിനെ പോലെ അധ്വാനിച്ച് ജഗദീഷ് തളർന്നിരുന്നു.

ഇനിയുള്ള കാലം അല്പം വിശ്രമിക്കണം. അതാണ് ഉദ്ദേശം. നല്ല ഒരു ബന്ധം നോക്കി അനുജനെ കെട്ടിക്കണം. തന്നെപ്പോലെ ആകരുത്. അവനെങ്കിലും ഒരു കുടുംബ ജീവിതം നയിക്കുന്നത് തനിക്ക് കാണണം.

അതും കൂടി അയാൽ തന്റെ ഉത്തരവാദിത്വം പൂർണ്ണമായി.

പിന്നെ തനിക്ക് സ്വസ്ഥമായി ഈ വീടിന്റെ ഒരു റൂമിൽ ഉണ്ടുറങ്ങി കഴിയണം അത്ര ആഗ്രഹമേ ഉളളൂ ജഗദീശന്..

പത്താം ക്ലാസിനു ശേഷം അനിയൻ പുറത്ത് പട്ടണത്തിൽ ഹോസ്റ്റലിൽ തങ്ങിയാണ് പഠിച്ചത്..

അനിയന്റെ പഠിത്തം കൂടാതെ ജഗദീഷിനു വേറൊരു ലക്ഷ്യം ബാക്കിയുണ്ട് നാട്ടിലെ അധ്വാനം കൊണ്ട് ആ ലക്ഷ്യം നിറവേറ്റാൻ സാധിക്കില്ല. പുറത്തു പോയേ പറ്റൂ.

സൗദി അറേബ്യയിൽ പോകുമ്പോൾ ആരുമില്ലാത്ത തറവാട്ടിൽ അനിയൻ ഒറ്റയ്ക്ക് നീന്നു വിഷമിക്കും എന്ന് കരുതിയാണ് അവനെ കൂടി ഹോസ്റ്റലിൽ ആക്കി അയാൾ ഒരു സുഹൃത്ത് മുഖാന്തരം സൗദി അറേബ്യയിലേക്ക് ജോലിക്ക് പോയത്.

ജഗദീഷ് ആവശ്യത്തിന് പണം അയച്ചു കൊടുത്തിരുന്നു. ഹോസ്റ്റൽ ഫീസും പഠന ചിലവുകളും മുറയ്ക്ക് നടന്നു. അഡ്മിഷനും വൻതുക ചെലവായിരുന്നു… ഒന്നിനും ഒരു കുറവും മുടക്കവും ഇല്ലാണ്ട് ഏട്ടൻ ജഗദീഷ് എല്ലാം നോക്കി കണ്ടും ചെയ്തു

അതുകൊണ്ടുതന്നെ ജീവിത വിഷമങ്ങളോ കഷ്ടപ്പാടോ ഒന്നും അനിയൻ അറിഞ്ഞിരുന്നില്ല..

അനിയൻ പഠനം പൂർത്തിയാക്കി നാട്ടിൽ വന്നു,എൻജിനീയറിങ് ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ അഞ്ചാറു വർഷത്തെ വിദേശ ജീവിതം മതിയാക്കി അയാളും വന്നിരുന്നു. എന്തിനാണ് താൻ വിദേശത്ത് പോയത് അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ പൂർത്തിയായപ്പോൾ മനസ്സിനൊരു സമാധാനം.. പിന്നെ അനിയന്റെ കാര്യങ്ങളും മറ്റും നോക്കി വീട്ടിൽ ഭക്ഷണങ്ങൾ ഒരുക്കുന്നതിലും, പഴയ പാടവും പറമ്പും കിളച്ച് കൃഷിയിറക്കുന്നതിലുമായി ശ്രദ്ധ..

ചുരുക്കിപ്പറഞ്ഞാൽ, മുതിർന്നിട്ടും അച്ഛനും അമ്മയും ഇല്ലാത്ത കുറവ് അയാൾ സ്വയം ഏറ്റെടുത്ത് അനിയനെ പൊന്നുപോലെ നോക്കി ഊട്ടി ഉറക്കി ഇപ്പോഴും..!

നല്ലൊരു പെണ്ണു കണ്ടു അനിയനെ ആർഭാടപൂർവ്വം വിവാഹം കഴിപ്പിച്ചു.

വിവാഹാനന്തരം ഉള്ള വിരുന്ന് ചടങ്ങിൽ വീട്ടിൽ ഒരു സ്ത്രീയെ പോലെ അയാൾ അടുക്കളയിൽ തന്നെ പാചകങ്ങളുമായി മല്ലിട്ടു എല്ലാവരെയും നന്നായി സൽക്കരിച്ചു വിട്ടു.

ദിവസങ്ങൾ കഴിഞ്ഞു. അനിയന്റെ ഭാര്യ ശ്രീകലയ്ക്ക് അയാളുടെ നാടൻ ചോറും കറിയും അത്ര ഇഷ്ടപ്പെടുന്നില്ല.

ഒടുവിൽ അവൾ അടുക്കളയിൽ കയറി.

ഇനി വായ്ക്ക് രുചിയായി വല്ലതും കഴിക്കാം തന്റെ അനിയത്തി വെച്ചു ഉണ്ടാക്കും.

ആ ഏട്ടന് അതോർത്തപ്പോൾ സന്തോഷമായി.

അങ്ങനെ അവൾ അടുക്കളയിൽ കേറി ജോലി തുടങ്ങി.

അവൾ അവർക്കു വേണ്ട ന്യൂഡിൽസും ഫ്രൈഡ്രൈസും ഒക്കെ ഉണ്ടാക്കി കഴിച്ചു തുടങ്ങി.

ജഗദീഷിന് അത് ഒട്ടും വായക്ക് പിടിക്കുന്നില്ല..

ചിലപ്പോൾ ഉണ്ടാക്കുന്ന ചോറും കറിയും മാത്രമേ ജഗദീഷിന് വയറു നിറച്ചുണ്ണാൻ സാധിച്ചുള്ളൂ..

ജീവിതം ഇമ്മട്ടിൽ ആയപ്പോൾ ജഗദീഷ് ക്ഷീണിച്ചു തുടങ്ങി.

മിക്കപ്പോഴും ഇങ്ങനെ ആയപ്പോൾ പട്ടിണിയും പരിവട്ടവുമായി അയാളുടെ റൂമിൽ ഒതുങ്ങി.

ജോലിക്കാരൻ അനിയൻ ഏട്ടനെ ശ്രദ്ധിച്ചില്ല.

അവൻ പുതു പെണ്ണിനെ സന്തോഷിപ്പിച്ച് ദാമ്പത്യത്തിലെ മധുര തേൻ നുകർന്നു ജീവിതം ആസ്വദിച്ചു കഴിഞ്ഞു..

ഇടയ്ക്ക് അനിയൻ ഹരിക്കുട്ടൻ ഭാര്യയുടെ ചില ബന്ധുക്കൾ വരുമ്പോൾ അയാളുടെ സാമീപ്യം കാണുമ്പോൾ അനിയന്റെ ഭാര്യ ശ്രീകല വഴക്കു പറയും.

“നിങ്ങളുടെ റൂമിൽ തന്നെ ഇരുന്നാൽ പോരെ ഈ മുഷിഞ്ഞു കീറിയ ബനിയൻ ഒക്കെ ഇട്ടുകൊണ്ട് ഇവരുടെ മുമ്പിൽ വന്നിരിക്കണോ?”

അത് കേട്ടപ്പോൾ തൊട്ട് പിന്നെ അവളുടെ ആരു വന്നാലും അയാൾ ആ മുറിവിട്ടു പുറത്തിറങ്ങിയില്ല

ഭാര്യയെയും കൂട്ടി അവൻ പുറത്തു പോകുന്ന അവസരങ്ങളിലും മധുവി_ധുവിനു പോയപ്പോഴും അയാൾ സ്വന്തമായി പാചകം ചെയ്തു കഴിച്ചു..

ടൂറും ചുറ്റിക്കറങ്ങലും ആയി മടങ്ങി വന്നപ്പോൾ അവൾ നല്ലൊരു പദ്ധതി പ്ലാൻ ചെയ്തിരുന്നു.

തറവാട് ഭാഗം വെച്ച് പകുതി അവകാശം വാങ്ങിച്ച് അവിടെ ഒരു വീട് വയ്ക്കാൻ.

കുറെ നാളുകൾക്കു ശേഷം അനിയൻ അതിനായി വായ തുറന്നു..

“ഏട്ടാ ഈ തറവാട്ടിൽ കൂറയുടെയും പാറ്റയുടെ ശല്യം കാരണം അവൾക്ക് നന്നായി ഉറങ്ങാൻ പറ്റുന്നില്ല. അടച്ചു ഉറപ്പുഉള്ള ഒരു പുതിയ കൺസ്ട്രക്ഷൻ ബിൽഡിങ് ആയിരുന്നുവെങ്കിൽ എ സി എങ്കിലും ഫിറ്റ് ചെയ്യാമായിരുന്നു. ഇത് ഇപ്പോൾ സീലിങ് ഒക്കെ മരം ആയതുകൊണ്ട് എസി ഇട്ട് തണുക്കുമ്പോൾ ഒക്കെ നാറും സ്മെല്ല് കാരണം ഉറങ്ങാൻ പറ്റില്ല. അതിനാൽ ഞങ്ങൾ വേറെ ഒരു വീട് വെക്കാൻ തീരുമാനിച്ചു. ചേട്ടൻ എനിക്കുള്ള അച്ഛന്റെ സ്വത്തിന്റെ ഷെയർ എഴുതി തരണം.

ചേട്ടൻ ഇവിടെ ഈ തറവാട്ടിൽ താമസിച്ചു ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കി കഴിച്ച് ജീവിക്കാമല്ലോ.”

അനിയന്റെ വർത്തമാനം കേട്ടപ്പോൾ ജഗദീഷ് ആദ്യമൊന്ന് ചിരിച്ചു..

ഏതായാലും തന്റെ അനിയൻ എന്റെ പ്രതീക്ഷയേക്കാളും ഉയർന്ന് നന്നായി ജീവിക്കാൻ പഠിച്ചിരിക്കുന്നു.

“അതിന് സ്വത്ത് എന്തിന് അളക്കണം.. നീ ഇവിടെ ഒരിടത്ത് വീട് വച്ചോളൂ. എനിക്ക് ഒറ്റത്തടി എന്തിനാ വളപ്പും വീടുമൊക്കെ. ഒക്കെ നിനക്കുള്ളതല്ലേ.. ”

“അച്ഛന്റെ സ്വത്ത് അല്ലേ…. രണ്ടാൾക്കും അവകാശം ഉള്ളതല്ലേ? അതു ഷെയർ ചെയ്തു ചേട്ടൻ ഉള്ളത് ചേട്ടന് എനിക്കുള്ളത് എനിക്ക്.. അതല്ലേ അതിന്റെ മര്യാദ..”

“അതല്ലേ ഞാൻ പറഞ്ഞത് എനിക്ക് ഒന്നും വേണ്ട ഒക്കെ നിനക്ക് ഉള്ളതല്ലേ എന്ന്.. ”

“ദേ ഏട്ടാ ഇങ്ങനെ കണാ കുണ പറഞ്ഞു ഈ പാർട്ടിഷൻ വെക്കുന്നത് നീട്ടിക്കൊണ്ടുപോകാൻ അല്ലേ പരിപാടി?”

“ഓഹരി വെക്കേണ്ട ആവശ്യമില്ല എന്നാണ് ഞാൻ പറഞ്ഞത്.. വെറുതെ രജിസ്ട്രേഷൻ ഫീസ് കളയാൻ.. എനിക്കൊന്നും വേണ്ട ഒക്കെ നിനക്കുള്ളതാണ്..”

” എനിക്ക് ആരുടെയും ഔദാര്യം വേണ്ട ചേട്ടന് ഉള്ള ഷെയർ വല്ല അനാഥാലയത്തിന് എഴുതി കൊടുക്കു… എനിക്ക് അച്ഛൻ സമ്പാദിച്ചതിന്റെ ഷെയർ മാത്രം മതി. എങ്ങനെയായാലും വീടുവെക്കണം. ”

“ഞാൻ എന്തിനാ മോനെ അനാഥാലയത്തിന് കൊടുക്കണം എനിക്ക് നീ അല്ലേ എല്ലാം. നിനക്ക് എഴുതിത്തരാം.”

“വേണ്ട എന്നല്ലേ പറഞ്ഞേ.. എനിക്ക് ഒരു തരി നിങ്ങളുടെ വേണ്ട. അച്ഛന്റെ സ്വത്തിൽ നിന്നും എനിക്ക് അർഹതപ്പെട്ടത് മാത്രം മതി. അത് തരാൻ കൂട്ടാക്കിയില്ല എങ്കിൽ ഞാൻ കേസ് കൊടുക്കും നോക്കിക്കോ.. ”

ജീവിതം മാത്രമല്ല നല്ല കച്ചവടവും ഇവൻ പഠിച്ചിരുന്നു. അച്ഛന്റെ സമ്പാദ്യത്തിന്റെ ഷെയർ ആണ് അവൻ ആവശ്യപ്പെടുന്നത്.

“ശരി ഞാൻ എഴുതിത്തരാം നീ ആ ആധാരം എഴുത്തുകാരൻ പ്രഭാകരനെ കണ്ടു കാര്യങ്ങൾ എല്ലാം ശരിയാക്കി വെക്ക് അടുത്ത തിങ്കളാഴ്ച നമുക്ക് രജിസ്ട്രേഷൻ നടത്താം..”

തന്റെ ഭീഷണി ഏറ്റിരിക്കുന്നു എന്നു അവനു തോന്നി.ഏട്ടൻ പാർട്ടീഷൻ വെക്കാം എന്ന് സമ്മതിച്ചു.

അവൻ ഉത്സാഹിച്ചു എല്ലാ ഏർപ്പാടും ചെയ്തു.

അന്ന് തിങ്കളാഴ്ച രാവിലെ ആധാര എഴുത്ത് ഓഫീസിൽ നേരത്തെ ചെന്ന് അവൻ ഏട്ടനെ വെയിറ്റ് ചെയ്യുകയായിരുന്നു.

അവരുടെ കുടുംബ ചരിത്രം മുഴുവൻ അറിയുന്ന അവിടുത്തെ വെണ്ടർ പ്രഭാകരൻ അനിയനോട് ചോദിച്ചു.

“നീ ആരുടെ സ്വത്ത് ഷെയർ വാങ്ങിക്കാൻ ആണ് ആധാരം തയ്യാറാക്കുന്നത്..?”

“അച്ഛന്റെ…. എനിക്കും ഏട്ടനും ഉള്ളതാ..”

അതൊക്കെ കേട്ടതോടെ പ്രഭാകരൻ ഒറ്റ ചിരി..

അയാൾക്ക് ചിരി നിയന്ത്രിക്കാനായില്ല.

“അതിന് നിന്റെ അച്ഛന് സ്വത്ത് ഒന്നും ഇല്ലല്ലോ?”

“ഞങ്ങൾ താമസിക്കുന്ന സ്ഥലവും പാടവും പിന്നെ ആരുടെ അച്ഛന്റെ അല്ലാതെ..?”

“അപ്പോൾ നിനക്ക് സംഭവം ഒന്നും അറിയില്ല അല്ലേ….വർഷങ്ങൾക്കു മുമ്പ് നിന്റെ അപ്പൻ മടുക്ക കളിയിൽ ആസക്തനായി. ആദ്യം കയ്യിൽ ഉണ്ടായ കാശൊക്കെ കളഞ്ഞു. ഒടുവിൽ വീടിന്റെ ആധാരവും പാടത്തിന്റെ ആധാരവും പണയം വെച്ച് കളിച്ചു. അവിടുന്നും തോറ്റപ്പോൾ അത് ശേഖരൻ മുതലാളിക്ക് വിൽക്കുകയാണ് ഉണ്ടായത്.

ആ തുകയും കളിച്ചു തോറ്റ അയാൾ വീട്ടിൽ വന്ന് ഉത്തരത്തിൽ കെട്ടിത്തൂക്കി ചാവുകയായിരുന്നു.

ആ സമയത്ത് വീടൊഴിയാൻ പറഞ്ഞ പലിശക്കാരൻ ശേഖരൻ മുതലാളിയുടെ കാലുപിടിച്ച് അഞ്ചാറു വർഷം അവധി വാങ്ങിച്ച് നിന്റെ ചേട്ടൻ പട്ടിയെപ്പോലെ പാടത്തും പറമ്പത്തും അധ്വാനിച്ചു വിസാക്കുള്ള കാശുണ്ടാക്കി സൗദിയിൽ പോയി അഞ്ചാറു വർഷം കഠിനമായി അധ്വാനിച്ചു സ്വത്തു തിരിച്ചു വാങ്ങേണ്ട കാശും സമ്പാദിച്ചു നാട്ടിൽ വന്നു ശേഖരൻ മുതലാളിയോട് വീടും പറമ്പും പാടവും തിരിച്ചു ചോദിച്ചത് .. പക്ഷേ.

അപ്പോഴേക്കും അയാൾ അത് വേറെ ആൾക്ക് കൈമാറിയിരുന്നു.. അതിനാൽ പിന്നെ അവർ പറഞ്ഞ തുക കൊടുത്തു അവന്റെ പേരിൽ ആണ് വീടും പറമ്പും പാടവും വാങ്ങിച്ചത്. അന്ന് ഞാനാണ് ആധാരം എഴുതിയത്. ഇപ്പോൾ നിനക്ക് വല്ലതും തരേണ്ടത് നിന്റെ ചേട്ടൻ ആണ്..

അതും അയാളുടെ സ്വന്തം സമ്പാദ്യം അച്ഛൻ്റേതല്ല..

നിന്നെ കുറെ പണം ചെലവിട്ടു പഠിപ്പിച്ചത് നിനക്കറിയാമല്ലോ നാണമില്ലല്ലോ ഷെയർ ചോദിച്ചു ആ വലിയ മനസ്സുള്ള മനുഷ്യന്റെ മുമ്പിൽ ചെറുതാവാൻ.. കഷ്ടം.. അങ്ങേരു മിനിഞ്ഞാന്ന് വിളിച്ചു ഒക്കെ നിന്റെ പേരിൽ എഴുതിക്കാൻ വേണ്ടി പറഞ്ഞിരുന്നു… നിന്റെ മട്ടും ഭാവവും കണ്ടപ്പോൾ എനിക്കു മനസ്സിലായി നിന്നെ ഇതൊന്നും അറിയിക്കാതെയാണ് അവൻ വളർത്തിയതെന്ന്..

ഒക്കെ മനസ്സിലാക്കിയ സ്ഥിതിക്ക് നല്ലൊരു അനിയൻ എന്ന നിലയ്ക്ക് ആ പാവത്താനെ പിടിച്ചു ഒന്ന് കെട്ടിക്കാൻ നോക്കൂ. ഈ ഭൂമിയിലെ ദാമ്പത്യ സുഖം ആ പാവം കൂടി അറിയട്ടെ കുറെ കഷ്ടപ്പെട്ടതല്ലേ… ഇതൊക്കെ നിന്നെ ഏൽപ്പിച്ച ശേഷം പുള്ളി തീർത്ഥാടനത്തിന് പോകുന്നെന്നാ പറഞ്ഞേക്കണതു …

ഒക്കെ കേട്ട് അനിയനും ഞെട്ടി തരിച്ചു പോയി.

നന്ദികേട് കാരണം അടഞ്ഞുപോയ അവന്റെ ഉൾക്കണ്ണ് അന്ന് തുറന്നു..

അച്ഛന് സ്വന്തമായി സമ്പാദ്യം ഒന്നുമില്ല. എല്ലാം ചേട്ടന്റെ അധ്വാനവും, കൊണ്ടുണ്ടായതാണ് തന്റെ ഈ കരിയർ പോലും ചേട്ടന്റെ കരുണ കൊണ്ട് ഉണ്ടായതാണ്

അപ്പോഴേക്കും ജഗദീഷ് അവിടെ എത്തി.

“എന്താ പ്രഭാകര ഒക്കെ എഴുതി വെച്ചോ?”

“വച്ചു ജഗദീശ്…”

അന്ന് അവിടെ വെച്ചു അനിയൻ ഹരിക്കുട്ടൻ ചേട്ടനെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു..തന്റെ തെറ്റുകൾ ഏറ്റു പറഞ്ഞു. ക്ഷമിക്കണം ക്ഷമിക്കണം എന്ന് വിലപിച്ചു. ആ ചേട്ടനെ സംബന്ധിച്ച് തന്റെ ഒരു മകന്റെ ഒരു കൊച്ചു തെറ്റായിട്ട് അതിനെ കാണാൻ പറ്റിയുള്ളൂ.

ഹരിക്കുട്ടൻ അവന്റെ പേരിൽ എഴുതിത്തയ്യാറാക്കിയ ആധാരം പകർപ്പ് കീറിക്കളഞ്ഞു..

വീട്ടിലെത്തി ഹരിക്കുട്ടൻ തന്റെ ഭാര്യയോട് ചേട്ടൻ എന്ന ആ വലിയ മഹാമനസ്കതയുടെ സ്നേഹത്തിൻറെയും ത്യാഗത്തെയും കഥ ഭാര്യ ശ്രീകലയെ പറഞ്ഞു കേൾപ്പിച്ചു.

കുറ്റബോധത്താൽ അവൾക്കും പശ്ചാത്താപം ഉണ്ടായി..

തന്റെ ജീവിതം പോലും വേണ്ടെന്നു വെച്ച് അനിയന്റെ നല്ലൊരു ജീവിതത്തിന് വേണ്ടി യത്നിച്ച ആ ചേട്ടനെ അവർ കൺകണ്ട ദൈവമായി കാണാൻ പഠിച്ചു..

അതിനുശേഷം അവരുടെ തറവാട്ടു വളപ്പിൽ എല്ലാവരും ചേർന്ന് വലിയ വീട് വച്ചത്..

അതിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ആ അനിയൻ തന്റെ എല്ലാ പുതിയ സുഹൃത്തുക്കളും ബന്ധുക്കളോടും തന്റെ ഏട്ടന്റെ മാഹാത്മ്യം എടുത്തു പറഞ്ഞ് പ്രത്യേകം അഭിനന്ദിച്ച് ചേട്ടനെ സ്നേഹം കൊണ്ട് പൊതിഞ്ഞത്

അവിടുന്നാണ് രമണി ടീച്ചറും ചേട്ടനും അടുത്ത മാസം വിവാഹിതരാവുന്ന കാര്യവും അനിയനും അനിയത്തിയും വെളിപ്പെടുത്തിയത്…

ജഗദീഷ് പതിയെ ഉറക്കത്തിലേക്ക് വീണു.

അങ്ങനെ ഇന്ന് പകൽ ആ വിവാഹം കഴിഞ്ഞു..

അവരിപ്പോൾ രണ്ടുപേരും ഉറക്കത്തിൽ ഇത്തിരി വൈകിയാണെങ്കിലും വരും നാളുകളിൽ പൂവണിയിക്കാനുള്ള ആ നല്ല സ്വപ്നങ്ങളെ താലോലിച്ചു മയങ്ങുകയാണ്… നന്മയുള്ള വരെ ദൈവത്തിനും വേണം അവർക്കും ജീവിക്കാനുള്ള എന്തെങ്കിലും ഒരു നിവൃത്തി ഉണ്ടാക്കി കൊടുക്കും…!

അതിത്തിരി വൈകിയാണെങ്കിലും…

ലൈക്കും കമന്റ് ചെയ്യണെ…

രചന : Vijay Lalitwilloli Sathya