എന്റെ കൂടെ കിടന്നവളുടെ മനസ്സിൽ എന്റെ കൂട്ടുകാരൻ ആണെന്ന് തിരിച്ചറിയാൻ വൈകിപ്പോയി ഞാൻ….

രചന : ശ്യാം കല്ലുകുഴിയിൽ

കനൽ പൂക്കൾ….

***********

” മോളെ നിന്നോട് ഹരിക്കുഞ്ഞിന്റെ കുട്ടിയെ നോക്കാൻ ചെല്ലാൻ പറ്റുമോ എന്ന് കുഞ്ഞ് ചോദിച്ചു…”

വൈകുന്നേരം വീട്ടിലെത്തിയ കേശവൻ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയ കവർ ദേവിയെ ഏല്പിക്കുമ്പോൾ മോളുടെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത്. ദേവിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ തന്നെ അയാൾ ഉള്ളിലേക്ക് കയറിപ്പോയി…

” ആ കുഞ്ഞിന് ആറുമാസമല്ലേ പ്രായമുള്ളു,

അവിടെ നിൽക്കുന്ന തള്ള ആണേൽ നേരാവണ്ണം നോക്കത്തും ഇല്ല, പാവം കുഞ്ഞ്…”

വൈകുന്നേരം അത്താഴം കഴിക്കുമ്പോൾ ആണ് കേശവൻ അത് പറഞ്ഞത്, ദേവി മറുപടി ഒന്നും പറയാതെ തല കുമ്പിട്ട് ചോറുപാത്രത്തിൽ നോക്കിയിരുന്നതെയുള്ളൂ…

” ജോലിക്ക് വേണ്ടിയല്ല എന്നാലും മോൾക്കും അത് ഒരു ആശ്വാസം ആകും, വെറുതെ ഇവിടെ ചടഞ്ഞ് കൂടിയിരുന്ന് മനസ്സ് വിഷമിക്കുന്നതിലും നല്ലതല്ലേ..

പിന്നെ ഹരി കുഞ്ഞിനെ നമുക്ക് എല്ലാവർക്കും അറിയുന്നത് ആണല്ലോ, ഞാനും അവിടെ ഇടയ്ക്ക് ഒക്കെ കാണുമല്ലോ… മോള് ഒന്ന് ആലോചിച്ച് തീരുമാനം പറ, നി ഇങ്ങനെ നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ….”

അത് പറഞ്ഞ് മുഴുവിപ്പിക്കാതെ ഒഴുകി വന്ന കണ്ണുനീർ ഇടത് കൈകൊണ്ട് തുടച്ച് അയാൾ കഴിപ്പും മതിയാക്കി എഴുന്നേറ്റു. മുന്നിൽ ഇരിക്കുന്ന ചോറു പാത്രത്തിൽ അൽപ്പനേരം കൂടി വിരലിട്ട് ഇളക്കി ഇരുന്ന ശേഷമാണ് ദേവി പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയത്..

പാത്രങ്ങളൊക്കെ കഴുകി അടുക്കി വച്ച് വന്നപ്പോഴേക്കും കേശവൻ ഉറങ്ങാൻ കിടന്നിരുന്നു,

പുറത്തെ ലൈറ്റുകൾ എല്ലാം അണച്ച് മുറിയിൽ കയറി ദേവി അൽപ്പനേരം കട്ടിലിൽ തന്നെയിരുന്നു,

മേശപ്പുറത്ത് ഇരിക്കുന്ന ദേവിയുടെയും സുധിയുടെയും കല്യാണ ഫോട്ടോ കൈ നീട്ടി അവൾ എടുത്തു.

അൽപ്പനേരം അത് നോക്കി ഇരിക്കുമ്പോൾ അവൾ അറിയാതെ തന്നെ അവളുടെ കണ്ണുനീർ അതിലേക്ക് വീണ് തുടങ്ങി, ചുരിദാർ ടോപ്പിന്റെ തുമ്പ് കൊണ്ട് കയ്യിൽ ഇരുന്ന ഫോട്ടോ തുടച്ച് മേശപ്പുറത്ത് വയ്ക്കുമ്പോഴും അനുസരണയില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…

മുറിയിലെ ലൈറ്റ് അണച്ച് അവൾ ഉറങ്ങാൻ കിടന്നെങ്കിലും പതിവ് പോലെ തന്നെ ഉറക്കം കിട്ടാതെ ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു, അപ്പോഴൊക്കെ അവളുടെ ചിന്ത അച്ഛൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ആയിരുന്നു…

ഹരിയും സുധിയും കുട്ടിക്കാലം മുതലേ സുഹൃത്തുക്കൾ ആയിരുന്നു. ഹരിയുടെ അച്ഛൻ ആ നാട്ടിലെ ഒരു കോടീശ്വരനും, പുറത്തൊക്കെ പോയി പഠിച്ച് കഴിഞ്ഞ് വന്ന് നാട്ടിൽ പല ബിസിനസ്സ് തുടങ്ങുമ്പോഴും എന്നും കൂട്ടായി സുധി ഉണ്ടായിരുന്നു,

ഹരി തന്നെയാണ് സുധിയുമായി ഉള്ള ദേവിയുടെ വിവാഹത്തെപറ്റി കേശവനോട് പറഞ്ഞതും മുൻകൈ എടുത്ത് അത് നടത്തിയതും…

അന്നൊരു ദിവസം ഹരി എവിടെയോ അത്യാവശ്യമായി പോയ ദിവസമാണ് സുധി ഹരിയുടെ ഭാര്യയുമായി എന്തോ കാര്യത്തിന് പുറത്ത് പോയത്. എതിരെ വന്ന ടിപ്പർ ലോറി അവരുടെ കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുമ്പോൾ ആളൊഴിഞ്ഞ റോഡിൽ രക്തം വാർന്ന് രണ്ട് ജീവനുകൾ ഈ ലോകത്ത് നിന്ന് പോയതോടൊപ്പം രണ്ട് കുടുംബങ്ങൾ കൂടിയാണ് അനാഥമായത്…

” മോളെ ഞാൻ ഹരി കുഞ്ഞിനോട് എന്താ പറയേണ്ടത്…”

പിറ്റേന്ന് രാവിലെ കേശവൻ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ മോളുടെ തീരുമാനം അറിയാനെന്നോണം അവളോട് ചോദിച്ചു…

” നാളെ മുതൽ ഞാൻ വന്നേക്കാം എന്ന് പറഞ്ഞേരെ അച്ഛാ….”

ദേവി അത് പറയുമ്പോൾ അയാളുടെ മുഖത്തും ഒരു ആശ്വാസം തോന്നിയിരുന്നു..

പിറ്റേന്ന് രാവിലെ കേശവന്റെയൊപ്പം ആണ് ദേവി ഹരിയുടെ വീട്ടിലേക്ക് പോയത്. ആ വല്യ ഗേറ്റ് തുറന്ന് അകത്തേക്ക് നടക്കുമ്പോൾ കുട്ടിക്കാലത്ത് അച്ഛനോടൊപ്പം അവിടെ വന്നതും സുധിയ്ക്കും

ഹരിയ്ക്കും ഒപ്പം കളിച്ച നിമിഷങ്ങളുമൊക്കെ അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു പോയി…

” മോളെ നി അവിടേക്ക് ചെല്ല് അവിടെ അമ്മിണിയമ്മ ഉണ്ടാകും.. ഞാൻ ഹരി കുഞ്ഞിനെ കണ്ടിട്ട് വരാം…”

അടുക്കള ഭാഗത്തേക്ക് വിരൽ ചൂണ്ടി ദേവിയോട് അത് പറഞ്ഞ് കേശവൻ ഹരിയെ കാണാനായി അകത്തേക്ക് നടന്നു….

” കുഞ്ഞ് എവിടെയാ….”

അടുക്കളയിൽ എന്തോ ജോലിയെടുത്ത് കൊണ്ടിരുന്ന അമ്മിണിയമ്മയോട് ദേവി ചോദിച്ചു…

” ആ,, കുഞ്ഞിനെ നോക്കാൻ വന്നത് ആണല്ലേ ഹരി കുഞ്ഞ് പറഞ്ഞിരുന്നു.. കുഞ്ഞിനെ ഇപ്പോൾ ഒന്ന് ഉറക്കി ഞാൻ ഹോ എന്തൊരു കരച്ചിൽ ആണെന്നോ, തൊള്ള തുറന്നാൽ പിന്നെ അടയ്ക്കില്ല…”

നനഞ്ഞ കൈ അവരുടെ തോളിൽ കിടന്ന തോർത്തിൽ തുടച്ച് അമ്മിണിയമ്മ അതും പറഞ്ഞ് അകത്തേക്ക് നടന്നു പിന്നാലെ ദേവിയും.

അടക്കളയിൽ നിന്ന് പുറത്തെ വല്യ മുറിയുടെ സൈഡിൽ കെട്ടിയിരുന്ന തൊട്ടിലിന്റെ അടുക്കലേക്ക് അമ്മിണിയമ്മയ്ക്കൊപ്പം ദേവിയും എത്തി..

” ആള് നല്ല ഉറക്കത്തിൽ ആണ്. എന്നാ മോള് ഇവിടെ ഇരിയ്ക്ക് ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ…”

തൊട്ടിലിലേക്ക് ഒന്ന് നോക്കിയിട്ട് അമ്മിണിമ്മ അതും പറഞ്ഞ് തിരിഞ്ഞു നടന്നു. ദേവി തൊട്ടിലിലേക്ക് നോക്കുമ്പോൾ കുഞ്ഞ് നല്ല ഉറക്കത്തിൽ ആണ്.

ഉറങ്ങുമ്പോഴും ആ കുഞ്ഞിന്റെ മുഖത്ത് ചിരി വിരിയുന്നത് കണ്ടപ്പോൾ അറിയാതെ ദേവിയുടെ മുഖത്തും ചിരി വിരിഞ്ഞു, ആ കുഞ്ഞിനെ അങ്ങനെ നോക്കി നിൽക്കുമ്പോൾ ദിവസങ്ങൾക്ക് ശേഷം അവളുടെ മനസ്സും ഒന്ന് ശാന്തമായി…

ആ വല്യ മുറിക്ക് ചുറ്റും അവളൊന്ന് കണ്ണോടിച്ചു നോക്കി മുറിയിലെ ഭിത്തിയിൽ നിറയെ ഹരിയുടെയും ഭാര്യയുടെയും ഫോട്ടോകൾ, കല്യാണം കഴിഞ്ഞപ്പോൾ ഉള്ളതും, പുറത്ത് പോയപ്പോൾ എടുത്തതും ഉണ്ട്

അതിനൊപ്പം ഗർഭിണിയായ ഓരോ അവസ്ഥയിലും ഉള്ള ഫോട്ടോകൾ നിരത്തി നിരത്തി വച്ചിരിക്കുന്നു അതിനാവസാനമായി മോനൊപ്പമുള്ള ഫോട്ടോയും ഉണ്ട്. അവരെപ്പോലെ തന്നെ മോനും വെളുത്ത് സുന്ദരനായിട്ടുണ്ട്. ദേവി കുറച്ച് നേരം കൂടി തൊട്ടിലിൽ കിടക്കുന്ന മോനെയും നോക്കി നിന്നിട്ട് അടുക്കളയിലേക്ക് നടന്നു…

” ഞാനും എന്തേലും സഹായിക്കാം മോൻ നല്ല ഉറക്കത്തിൽ ആണ്..”

അടുക്കളയിൽ കറിക്ക് അരിഞ്ഞുകൊണ്ടിരുന്ന അമ്മിണിയമ്മയുടെ അടുക്കലേക്ക് ചെന്ന് ദേവി പറഞ്ഞു…

” അയ്യോ വേണ്ട മോളെ, മോള് കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ മതി, വേറെ ഒന്നും ചെയ്യിപ്പിക്കേണ്ട എന്നാണ് ഹരി കുഞ്ഞു പറഞ്ഞിട്ടുള്ളത്, അത് കൊണ്ട് മോള് കുഞ്ഞിന്റെ അടുക്കൽ പോയി ഇരുന്നോ…”

അമ്മിണിയമ്മ അത് പറഞ്ഞ് വീണ്ടും അവരുടെ ജോലി തുടങ്ങി…

” ആ മോളെ ഹരി കുഞ്ഞിനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്, ഞാൻ പോയിട്ട് വൈകുന്നേരം വരാം…”

കേശവൻ അടുക്കളയിലേക്ക് എത്തി നോക്കി ദേവിയോട് അത് പറയുമ്പോൾ അവൾ തലയാട്ടി നിന്നു,

അച്ഛൻ പോയി കഴിഞ്ഞ ശേഷം അവൾ വീണ്ടും കുഞ്ഞിന്റെ അടുക്കൽ പോയ്‌ ഇരുന്നു…

പിന്നെയും ഏറെ വൈകിയാണ് കുഞ്ഞ് ഉണർന്നത്,

ചൂടാക്കി തണുപ്പിച്ച് കുപ്പിയിലാക്കിയ പാൽകുപ്പിയുടെ നിപ്പിൾ അവന്റെ ചുണ്ടിൽ വച്ചുകൊടുക്കുമ്പോൾ അവൻ അത് നുണഞ്ഞ് കുടിക്കുന്നതിനൊപ്പം കൈ കാലുകൾ അടിച്ചു തുടങ്ങുമ്പോൾ ദേവി അവനെ മാറോട് ചേർത്ത് പിടിച്ചു,

അവളുടെ ചൂട് തട്ടിയപ്പോൾ ആ കുഞ്ഞ് അനങ്ങാതെ അവളെയും ചേർന്ന് കിടന്ന് പാൽ കുടിച്ചു…

പാൽ കുടിച്ച് കഴിഞ്ഞ് ദേവി കുഞ്ഞിനെ കട്ടിലിൽ കിടത്തി അവളെ നോക്കി കൈകാൽ ഇട്ട് അടിച്ച് കളിക്കുന്ന കുഞ്ഞിനെ നോക്കി അവൾ

” ഉണ്ണീ…” എന്ന് നീട്ടി വിളിച്ചു.. ഒന്നുകൂടി വിളിച്ച് കുഞ്ഞിന്റെ അടുത്തേക്ക് മുഖം ചേർക്കുമ്പോൾ കുഞ്ഞ് മോണകാട്ടി ചിരിച്ചുകൊണ്ട് ദേവിയുടെ മുഖത്ത് കൈകൾ ഇട്ടടിച്ചു. കുഞ്ഞിന്റെ കൈകൾ അവളുടെ കവിളിൽ ചേർത്ത് വച്ചുകൊണ്ട് ഓരോന്ന് പറഞ്ഞവൾ കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരുന്നു…

അമ്മിണിയമ്മയുടെ ജോലി കഴിഞ്ഞതിന് ശേഷമാണ് അവർ കുഞ്ഞിനെ എണ്ണ തേയ്പ്പിച്ചു കുളിപ്പിക്കാൻ വന്നത്. കുഞ്ഞിന്റെ ശരീരത്ത് എണ്ണ തേയ്ക്കുന്നത് ദേവി ശ്രദ്ധയോടെ നോക്കി ഇരുന്നു.

എണ്ണ തേയ്ക്കുമ്പോഴും കുളിപ്പിക്കുമ്പോഴും കരയുന്ന അവനെ ഓരോന്ന് പറഞ്ഞ് കരച്ചിൽ മാറ്റാൻ ദേവി ശ്രമിച്ചു കൊണ്ടിരുന്നു…

കുളിപ്പിച്ച് തലയും ശരീരവും തുടച്ച് അമ്മിണിയമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങുമ്പോൾ,

കരഞ്ഞു തളർന്ന് ദേവിയുടെ കയ്യിൽ കിടന്ന അവൻ ചുണ്ടുകൾ നുണഞ്ഞു കൊണ്ട് ദേവിയുടെ മാറിലേക്ക് മുഖം അടുപ്പിച്ചു. അവൾ വീണ്ടും കുപ്പിപ്പാൽ കുഞ്ഞിന്റെ ചുണ്ടിലേക്ക് വച്ചു കൊടുക്കുമ്പോൾ അതും നുണഞ്ഞവൻ അവളുടെ ചൂടും പറ്റി കിടന്നു. ദേവി അവന് പുരികം വരച്ച് കണ്ണും എഴുതി മുഖത്ത് പൗഡറും ഇട്ടു കൊടുക്കുമ്പോൾ കുഞ്ഞ് വീണ്ടും ഉറക്കം പിടിച്ചു,

ശ്രദ്ധയോടെ ദേവി അവനെ തൊട്ടിലിൽ കിടത്തി ആട്ടുമ്പോൾ പുറത്ത് കേശവൻ വന്നിരുന്നു.

” മോളെ രാത്രി കൂടി നിൽക്കാൻ പറ്റുമോ എന്ന് ഹരി കുഞ്ഞു ചോദിച്ചു, രാത്രി ഇപ്പോൾ ആരാ കുഞ്ഞിനെ നോക്കാൻ ഹരി കുഞ്ഞിന് ഒരാഴ്ച്ചത്തേക്ക് ബാംഗ്ലൂർ പോകണം എന്നാ പറഞ്ഞത്…”

കേശവൻ അത് പറഞ്ഞപ്പോൾ അവിടെ നിൽക്കാൻ അവൾക്കും തോന്നി, കാരണം ചുരുങ്ങിയ നിമിഴഷം കൊണ്ട് തന്നെ ദേവിയുടെ മനസ്സിൽ ആ കുഞ്ഞ് കയറി പറ്റിയിരുന്നു…

” മോളെന്താ ആലോചിക്കുന്നത്, ഞാനും രാത്രി ഇവിടെ നിൽക്കാം..”

കേശവൻ വീണ്ടും പറഞ്ഞു…

” അല്ല അച്ഛാ കുറച്ച് ഡ്രെസ്സ് ഒക്കെ വീട്ടിൽ നിന്ന് എടുക്കണം…”

” കുഞ്ഞ് ഉറങ്ങിയെങ്കിൽ വാ നമുക്ക് പോയി എടുത്തിട്ട് വരാം…”

കുഞ്ഞിനെ നോക്കാൻ അമ്മിണിയമ്മയെ ഏൽപ്പിച്ച് അവർ രണ്ട് പേരുംകൂടി വീട്ടിൽപോയി അത്യാവശ്യം സാധങ്ങളും എടുത്ത് വന്നു, സാധങ്ങൾ എടുക്കുന്ന കൂട്ടത്തിൽ ദേവിയുടെ കല്യാണ ഫോട്ടോ എടുത്ത് ബാഗിൽ വയ്ക്കാൻ അവൾ മറന്നിരുന്നില്ല…

പിന്നെയുള്ള ദിവസങ്ങളിൽ ദേവി കുഞ്ഞുമായി ഏറെ അടുത്തു, പിന്നെയങ്ങോട്ട് കുഞ്ഞിനെ എണ്ണ തേയ്ക്കുന്നതും കുളിപ്പിക്കുന്നതുമൊക്കെ ദേവി തന്നെയായി, ഒരമ്മയെ പോലെ തന്നെ കുഞ്ഞിനോട് ഓരോന്ന് പറഞ്ഞും ചിരിച്ചു കളിച്ചും അവനെ സ്വന്തം കുഞ്ഞിനെ പോലെ അവൾ നോക്കി…

ദേവിയുടെ അവിടത്തെ താമസം ഒരാഴ്ചയിൽ നിന്ന് മാസങ്ങളോളം നീണ്ടു തുടങ്ങി, ഇടയ്ക്ക് കേശവൻ വീട്ടിൽ പോയി വീട് വൃത്തിയാക്കി തിരിച്ചു പോരും എന്നല്ലാതെ ദേവി പിന്നെ സ്വന്തം വീട്ടിലേക്ക് പോയിരുന്നില്ല. കേശവൻ ഇപ്പോൾ പുറത്ത് പണിക്ക് പോകാതെ അവിടെയുള്ള ചെറിയ ചെറിയ പണികൾ എടുത്ത് അവിടെ പുറത്തുള്ള ചെറിയ മുറി വൃത്തിയാക്കി അവിടേക്ക് ആക്കി താമസം….

ഹരിയെ മാത്രം ദേവി പിന്നെ കണ്ടതേയില്ല, ദേവി ഇല്ലാത്തപ്പോൾ ഹരി കുഞ്ഞിന്റെ അരികിൽ വരുകയും എടുക്കുകയും കളിപ്പിക്കുകയും ചെയ്യുമെങ്കിലും ദേവിയുടെ മുന്നിൽ മാത്രം ഹരി ചെന്നിരുന്നില്ല…

പിന്നെയും വർഷങ്ങൾ രണ്ട് കഴിഞ്ഞ് പോയി,

ദേവിയും കേശവനും അവിടത്തെ ഒരു അംഗത്തെ പോലെയായി. ഇതിനിടയിൽ മോൾക്ക് വേറെ ഒരു ജീവിതത്തെ കുറിച്ച് കേശവൻ നായർ ചിന്തിച്ചിരുന്നില്ല, ദേവിയും വേറെ ഒരു ജീവിതത്തെ കുറിച്ച് ആലോചിച്ചതേ ഇല്ല, അവളും ഉണ്ണിയും അത്ര മാത്രം അടുത്തിരുന്നു, അവളുടെ ചിന്തകളിൽ എന്നും ഉണ്ണി മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ഉണ്ണി പിച്ചവെച്ച് നടക്കാൻ തുടങ്ങുമ്പോൾ അവന്റെ പുറകെ ഓടുന്നതും, ഇടയ്ക്ക് വീണ് കരയുന്ന ഉണ്ണിയെ ഉമ്മ കൊടുത്ത് ആശ്വസിപ്പിക്കുന്നതും,

കഥകൾ പറഞ്ഞ് ആഹാരം കൊടുക്കുന്നതും,

താരാട്ട് പാടി ഉറക്കുന്നതും കാണുമ്പോൾ ദേവി ഉണ്ണിയുടെ സ്വന്തം അമ്മയാണെന്ന് ഹരിപോലും സംശയിച്ചു പോയിരുന്നു, ദേവിയും ഉണ്ണിയും മനസ്സ് കൊണ്ട് അത്രയധികം അടുത്തിരുന്നു. ഉണ്ണി സംസാരിച്ച് തുടങ്ങുമ്പോൾ അവൻ ആദ്യം വിളിക്കുന്നത് അമ്മയെന്നാണ്, അവന്റെ വായിൽ നിന്ന് അത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറയുന്നത് ഹരി കണ്ടിരുന്നു…

പിന്നെയുള്ള ഓരോ ദിവസങ്ങൾ കടന്ന് പോകുമ്പോഴും ഉണ്ണി സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവനൊരു വിക്കൽ വരുന്നത് ദേവി ശ്രദ്ധിച്ചിരുന്നു, അവൻ വളരുന്നതിനൊപ്പം ആ വിക്കലും വളർന്ന് വന്നപ്പോൾ ദേവിയുടെ മനസ്സ് ഒന്ന് പിടച്ചു, സുധിയേട്ടനും ഉണ്ടായിരുന്നു ഒരു വിക്കൽ അതോർക്കുമ്പോൾ ദേവിയുടെ മനസ്സിൽ വേറെ എന്തൊക്കെയോ ചിന്തകൾ കടന്ന് വന്നിരുന്നു,

ഇടയ്ക്ക് അവൾ തന്നെ സ്വന്തം മനസ്സിനെ ശാസിക്കാൻ ശ്രമിച്ചു എങ്കിലും ഉണ്ണിയുടെ വിക്കൽ അവളുടെ മനസ്സിനെ അസ്വസ്ഥത ആക്കികൊണ്ടിരുന്നു…

മനസ്സിൽ പല പല ചോദ്യങ്ങളും സംശയങ്ങളും ഉയർന്നപ്പോൾ ആണ് ഒരു ദിവസം രാത്രി വർഷങ്ങൾക്ക് ശേഷം ദേവി ഹരിയെ കാണാൻ ഹരിയുടെ മുറിയിലേക്ക് ചെന്നത്, അടഞ്ഞ് കിടന്ന വാതിലിൽ ഒന്ന് മുട്ടിയ ശേഷം അവൾ തള്ളിയപ്പോൾ വാതിൽ തുറന്ന് വന്നു. മുറിയിലെ അരണ്ട വെളിച്ചത്തിൽ കസേരയിൽ ഇരിക്കുന്ന ഹരിയെ ദേവി അവ്യക്തമായി കണ്ടു…

” എന്താ ദേവി….”

ഹരിയുടെ ശബ്ദം കേട്ടപ്പോൾ അവൾ ഒന്ന് പരുങ്ങി,

ദേവി സ്വിച്ച് ഓൺ ആക്കി മുറിയിലെ ലൈറ്റ് തെളിച്ചു. മുറിയിൽ പ്രകാശം പടർന്നപ്പോൾ വർഷങ്ങൾക്ക് ശേഷം ദേവി ഹരിയുടെ മുഖം കണ്ടു.

പണ്ടത്തെ ഹരിയിൽ നിന്ന് ആളാകെ മാറി പോയിരിക്കുന്നു വല്ലാണ്ട് മെലിഞ്ഞ് മുടിയും താടിയും വളർന്ന് ആര് കണ്ടാലും പേടിക്കുന്ന ഒരു രൂപം. അൽപ്പനേരം ദേവി ഒന്നും മിണ്ടാതെ ഹരിയെ തന്നെ നോക്കിയിരുന്നു. ഹരിയുടെ ആ രൂപമാറ്റം കണ്ടപ്പോൾ അവളുടെ ഉള്ളിലെ സംശയങ്ങൾ വീണ്ടും കൂടി കൂടി വന്നു..

” ഹരിയേട്ട എനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്…”

ദേവി അത് പറയുമ്പോൾ ഹരി എഴുന്നേറ്റ് മേശപ്പുറത്ത് ഇരുന്ന മദ്യ കുപ്പിയിൽ നിന്ന് അൽപ്പം മദ്യം ഗ്ലാസ്സിലേക്ക് പകർന്ന് അതിലേക്ക് വെള്ളം ഒഴിച്ച് അൽപ്പം കുടിച്ച ശേഷം ബാക്കി ഗ്ലാസ്സുമായി വീണ്ടും കസേരയിൽ വന്നിരുന്നു….

” നിന്റെ ഈ വരവ് കുറെ നാളായി ഞാൻ പ്രതീക്ഷിക്കുന്നത് ആണ് ദേവി, എനിക്ക് നിന്നെ അഭിമുഖീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് ഇതുവരെ നിന്റെ കൺവെട്ടത്ത് വരാതെ ഇരുന്നത്….”

അത് പറഞ്ഞ് ഹരി വീണ്ടും എഴുന്നേറ്റ് ജനലിന്റെ അടുക്കലേക്ക് നീങ്ങി പുറത്തേക്ക് നോക്കി നിന്നു.

കയ്യിൽ ഇരുന്ന മദ്യ ഗ്ലാസ് അയാൾ വീണ്ടും ചുണ്ടോട് അടുപ്പിച്ചു…

” ഉണ്ണിയുടെ വിക്ക് അതാണ് നിന്നെ ഇവിടെ എത്തിച്ചത് എന്നെനിക്ക് അറിയാം, നിന്റെ സംശയങ്ങൾ ഒക്കെ ശരിയാണ് ദേവി….”

ഹരി കയ്യിൽ ഇരുന്ന ഗ്ലാസ് കാലിയാക്കി മേശപ്പുറത്ത് വച്ചു…

” സുധി,,,, അവൻ എനിക്കൊരു സുഹൃത്ത് മാത്രമായിരുന്നില്ല

എന്റെ കൂടെപിറപ്പിനെ പോലെ ആയിരുന്നു അവൻ,

എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നവൻ, ഊണിലും ഉറക്കത്തിലും കൂടെ ഉള്ളവൻ ….

പണ്ട് അവന്റെ വിക്കിന്റെ പേരിൽ എല്ലാവരും കളിയാക്കുമ്പോൾ, കളിയാക്കുന്നവരുടെ മൂക്ക് ഇടിച്ച് പൊട്ടിച്ചതിന് ഒരുപാട് തല്ല് വാങ്ങിയവൻ ആണ് ഞാൻ, ഒരു ദിവസം അവനെ കളിയാക്കിയതിന് നിന്റെ നെറ്റിക്ക് കല്ലെറിഞ്ഞതും നെറ്റി പൊട്ടി ആശുപത്രിയിൽ കൊണ്ട് പോയതും നി മറന്ന് കാണില്ലല്ലോ, ആ മുറിവിന്റെ പാട് ഇന്നും നിന്റെ നെറ്റിയിൽ ഉണ്ട്….”

ഹരി അത് പറയുമ്പോൾ ദേവി തന്റെ നെറ്റി തടവി നോക്കി, ഹരി വീണ്ടും ഗ്ലാസ്സിലേക്ക് മദ്യം പകർന്നു…

” നിന്റെ നെറ്റി പൊട്ടിച്ചതിന് അച്ഛൻ അന്ന് എന്നെ പൊതിരെ തല്ലുമ്പോൾ കേശവേട്ടൻ ആണ് എന്നെ അച്ഛനിൽ നിന്ന് രക്ഷിച്ചത്, പിന്നെ പിണക്കങ്ങൾ മാറ്റി കേശവേട്ടന്റെ കയ്യും പിടിച്ചു വരുന്ന നിന്റെയൊപ്പം നമ്മൾ ഈ മുറ്റത്ത് ഓടി കളിച്ചത് ഓർമ്മയുണ്ടോ, പുറത്ത്‌ പഠിക്കാൻ പോകുമ്പോഴും അച്ഛന്റെ കയ്യിൽ നിന്ന് പൈസ വാങ്ങി ആരും അറിയാതെ ഞാൻ അവന് അയച്ചു കൊടുത്തിരുന്നു.

അച്ഛന്റെയും അമ്മയുടേയും മരണ ശേഷമാണ് ഞാൻ പിന്നെ നാട്ടിൽ വരുന്നത്, അന്ന് മുതൽ എല്ലാത്തിനും സുധി കൂടെ ഉണ്ടായിരുന്നു, എല്ലാം നഷ്ടപ്പെട്ട എനിക്ക് അതൊരു വല്യ ആശ്വാസം ആയിരുന്നു. ഒരിക്കൽ അവനോടൊപ്പം കാറിൽ പോകുമ്പോൾ ആണ് ദൂരെ നിന്ന് നിന്നെ വീണ്ടും കാണുന്നത്, വർഷങ്ങൾക്ക് ശേഷം കണ്ട തന്നെ നോക്കി നിൽക്കുമ്പോൾ ആണ് നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന കാര്യം അവൻ എന്നോട് പറയുന്നത്…”

ഹരി വീണ്ടും ഗ്ലാസ്സിലെ മ_ദ്യം ചുണ്ടോട് അടുപ്പിച്ചു…

” അതിന് നമ്മൾ തമ്മിൽ പരിചയം ഉണ്ടെന്ന് അല്ലാതെ അതൊരു ഇഷ്ടമൊന്നും അല്ലായിരുന്നു…”

ദേവി അറിയാതെ പറഞ്ഞുപോയി..

” മീര,, കോടീശ്വരൻ സ്വർണ്ണ കച്ചവടകാരന്റെ ഒരേയൊരു മോൾ, ആ വിവാഹ ആലോചന കൊണ്ട് വന്നത് സുധി ആയിരുന്നു, എനിക്ക് തീരെ ഇഷ്ടം അല്ലാഞ്ഞിട്ടും അവൻ എന്നെക്കൊണ്ട് നിർബന്ധിച്ച് സമ്മതിപ്പിച്ചു, അവൻ പറഞ്ഞിട്ട് തന്നെയാണ് നിങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള കാര്യം കേശവേട്ടനോട് സംസാരിച്ചതും, രണ്ട് വിവാഹവും അവൻ വിചാരിച്ചത് പോലെ ഭംഗിയായി തന്നെ നടന്നു…

കല്യാണത്തിന് മുൻപ് ഉണ്ടായിരുന്ന അതേ സ്വാതന്ത്രം കല്യാണ ശേഷവും ഈ വീട്ടിൽ അവന് ഉണ്ടായിരുന്നു, പലപ്പോഴും ബിസിനസ്സ് കാര്യങ്ങളുമായി ഞാൻ പലയിടത്തും പോകുമ്പോൾ തനിച്ചുള്ള മീരയ്ക്ക് ഒരു കൂട്ടായി അവനെ ഞാൻ ഇവിടെ നിർത്തി, കാരണം എനിക്ക് അവനെ അത്ര വിശ്വാസം ആയിരുന്നു..

ഒരു രാത്രി ട്രിപ്പ് ക്യാൻസൽ ആയി തിരികെ വരുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന താക്കോൽ വച്ച് വീട് തുറന്ന് അകത്ത് കയറുമ്പോൾ മുറിയിൽ നിന്ന് മീരയുടെ അടക്കി പിടിച്ച സംസാരം കേൾക്കുന്നുണ്ടായിരുന്നു..

‘ ഇനി മോനെങ്ങാനും വിക്ക് വന്നാൽ അങ്ങേര് നിന്നെ സംശയിക്കുമോ…’

‘ ഏയ്‌ അവന് എന്നെ അത്ര വിശ്വാസം ആണ്,

അതല്ലേ അവനെകൊണ്ട് സമ്മതിപ്പിച്ച് നിന്നെ കെട്ടിച്ചത്, ഇനി അവൻ എല്ലാം അറിയും മുൻപ് നമ്മൾ എല്ലാം അവന്റെ കയ്യിൽ നിന്ന് ഊറ്റി എടുക്കില്ലേ… പിന്നെ അവനെ ആർക്ക് വേണം..’

‘ അപ്പോ നിന്റെ ഭാര്യയോ…’

‘അവളോട് പോകാൻ പറ, അവന് അവളോട്‌ ചെറിയ താൽപ്പര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ടല്ലേ അവിടെ വേറെ കളി കളിച്ച് അവളെ അങ്ങു കെട്ടിയത്, അവളെയും ആ കിളവൻ തന്തയെയും ഒതുക്കാൻ ഉള്ള വഴിയൊക്കെ എനിക്ക് അറിയാം…’

പിന്നെ കൂടുതൽ നേരം അവരുടെ സംസാരം കേട്ട് നിൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു ദേവി,

ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി പോരാൻ ആണ് അപ്പോൾ തോന്നിയത്..,

അത് പറഞ്ഞ് അൽപ്പനേരം ഹരി ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ ദേവിയിൽ നിന്ന് അടക്കി പിടിച്ച തേങ്ങൽ ഹരി കേൾക്കുന്നുണ്ടായിരുന്നു…

” പിന്നെ അങ്ങോട്ട് എന്ത് ചെയ്യണം എന്നറിയാതെയുള്ള ദിവസങ്ങൾ ആയിരുന്നു.

പിന്നെ കേശവേട്ടനോട് ആണ് മനസ്സ് തുറന്ന്,

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയുള്ള ചെറ്റകളൊന്നും ജീവിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് എന്നാണ്..

അന്നുവരെ കൂടെപിറപ്പായി കണ്ടവൻ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല,

എന്റെ കൂടെ കിടന്നവളുടെ മനസ്സിൽ എന്റെ കൂട്ടുകാരൻ ആണെന്ന് തിരിച്ചറിയാൻ വൈകിപ്പോയി ഞാൻ. അവരെ കൊല്ലാൻ തന്നെ ആയിരുന്നു എന്റെ തീരുമാനം അല്ലെങ്കിൽ നാളെ ഞാൻ മനസ്സ് കൈ വിട്ട് ഭ്രാന്താനയി തെരുവിൽ അലയേണ്ടി വരും, നീയും സമൂഹത്തിൽ തല കുനിച്ചു നടക്കേണ്ടി വരും,,, കെട്ടിയൊൻ ഉപേക്ഷിച്ചു പോയവൾ എന്നതിലും നല്ലത് ഒരു വിധവ ആകുന്നത് ആണ്, ഭാര്യ ഒളിച്ചോടിപ്പോയി എന്ന് പറയുന്നതിലും നല്ലത് ഭാര്യ മരിച്ചു പോയെന്ന് പറയുന്നത് ആണ്….

അന്നൊരു ദിവസം അവർഅന്നൊരുരും കൂടി പുറത്തേക്ക് പോകുന്നത് എന്നെ വിളിച്ചു പറഞ്ഞത് കേശവേട്ടൻ ആണ്, അന്ന് അവരെ ഇടിച്ചിട്ട ടിപ്പർ ഓടിച്ചിരുന്നതും ഞാൻ തന്നെ ആയിരുന്നു, ചിരിച്ചും കളിച്ചും ഒരു കുറ്റബോധവും ഇല്ലാതെ സന്തോഷത്തോടെ വരുന്ന അവരെ കണ്ടപ്പോൾ ആക്സിലേറ്ററിൽ ഞാൻ കാലമർത്തി ചവിട്ടി, അന്ന് അവസാനമായി പേടിച്ച അവരുടെ മുഖം കണ്ടപ്പോൾ എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു…”

അത് പറഞ്ഞ് ഹരി ഒരു ഭ്രാന്തനെ പോലെ ഉച്ചത്തിൽ ചിരിച്ചു….

” അതേ ദേവി അവരെ കൊന്നത് ഞാൻ തന്നെയാണ്, ഇത് എന്നെങ്കിലും ഒരിക്കൽ നിന്നോട് പറയേണ്ടി വരുമെന്ന് എനിക്ക് അറിയായിരുന്നു…

നിന്നോട് മാത്രമേ എനിക്ക് എല്ലാം ബോധിപ്പിക്കാൻ ഉണ്ടായിരുന്നുള്ളു….എന്റെ എല്ലാ സ്വ_ത്തും ഉണ്ണിയുടെ പേരിൽ ഞാൻ എഴുതി വച്ചിട്ടുണ്ട്,

അവനൊരു അമ്മയായി എന്നും നീ കൂടെ വേണം… അതിന് വേണ്ടി തന്നെയാണ് കേശവേട്ടനോട് പറഞ്ഞ് നിന്നെ ഇവിടെ എത്തിച്ചതും….. അവനോട് പറയണം ഒരിക്കലും അച്ഛനെ പോലെ എല്ലാവരെയും അന്ധമായി വിശ്വസിക്കരുത് എന്ന്, കൂടെ ഉള്ളവരെ വിശ്വസിച്ച് ജീവിതത്തിൽ തോറ്റുപോയ ഒരു കോമാളി ആയിരുന്നു ഈ അച്ഛൻ എന്ന് അവനോട് നി പറയണം….”

അത് പറയുമ്പോൾ കൊച്ച് കുട്ടിയെ പോലെ ഹരി ഏങ്ങലടിച്ച് കരഞ്ഞു തുടങ്ങി…

” എന്താ ഹരിയെട്ടാ ഇങ്ങനെയൊക്കെ പറയുന്നത്.”

എല്ലാം കേട്ട് കരഞ്ഞ ദേവി കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു….

” ഇല്ല ദേവി ഇനിയും കുറ്റബോധം പേറി ജീവിക്കാൻ എനിക്ക് ആവില്ല, എല്ലാം അവസാനിപ്പിക്കാൻ ഉള്ള വിഷത്തുള്ളികൾ മദ്യത്തിനൊപ്പം എന്റെ ഉള്ളിൽ എത്തി കഴിഞ്ഞിരിക്കുന്നു……”

അത് പ_റഞ്ഞ് തീരും മുൻപേ ഉള്ളിൽ നിന്ന് തികട്ടി വന്നത് പുറത്തേക്ക് വരാതെ ഇരിക്കാൻ ഹരി വായ് പൊത്തി പിടിച്ചു, അയാൾ ഒന്ന് കൂടി ഓക്കാനിച്ചതും ഹരിയുടെ വായിൽ നിന്ന് രക്തം കൈകൾക്കിടയിലൂടെ പുറത്തേക് ഒഴുകി.. ഹരി ഒന്നകൂടി ദയനീയമായി ദേവിയെ നോക്കി കൊണ്ട് കട്ടിലിലേക്ക് കമഴന്ന് വീണതും മുറിയിൽ നിന്ന് ഉണ്ണിയുടെ കരച്ചിൽ കേട്ട് തുടങ്ങി…….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ശ്യാം കല്ലുകുഴിയിൽ