താനും നമ്മുടെ മക്കളുമില്ലാതെ രാജീവിനൊരു ജീവിതമില്ലെടോ…

രചന : Aparna Nandhini Ashokan

തന്റെ മകൾ വീട്ടിലെ സെക്യൂരിറ്റിക്കാരന്റെ നെഞ്ചോടു ചേർന്നിരുന്നു വിശേഷങ്ങൾ പറയുന്നതു കണ്ടുകൊണ്ടാണ് രാജീവ് വീടിന്റെ പടികടന്നു വന്നത്.

പതിവിലും വിപരീതമായി രാത്രിയ്ക്കു മുൻപേ വീട്ടിലേക്കു വന്നതുകൊണ്ടാണ് ഇങ്ങനെയൊരു കാഴ്ച കാണാൻ ഇടയായത്. വളരെ തിടുക്കപ്പെട്ട് കാർ വീടിനോട് ചേർത്ത് നിർത്തിയിട്ട് അയാൾ അവർക്കരുകിലേക്കു പാഞ്ഞൂ..

“എടോ.. താനെന്തിനാ മോളെ മടിയിൽ കയറ്റിയിരുത്തിയിരിക്കണേ.. വീട്ടീലേക്ക് ഒരാളു വരുമ്പോൾ ഗൈറ്റ് തുറക്കാനും വീടിന് കാവലു നിൽക്കാനുമാണ് തനിക്ക് ശമ്പളം തരുന്നത്..”

“അച്ഛേ.. ന്തിനാ എന്റെ അങ്കിളിനെ ചീത്ത പറയണേ.. അച്ഛ ചീത്തയാ..”

അഞ്ചു വയസ്സുക്കാരി മോളുടെ സംസാരം കേട്ട് രാജീവിന്റെ നെഞ്ചു വിങ്ങി.. അയാൾ കൂടുതലൊന്നും മിണ്ടാതെ മോളെ എടുത്ത് അകത്തേക്കു നടന്നൂ..

മാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ കാണുമ്പോൾ വിശ്വസിച്ച് ആരുടെയടുത്തും മക്കളെ വിടാൻ കഴിയാത്ത അവസ്ഥയാണ്. ഒരു ആറു വയസുക്കാരിയെ ആരോ പീഡിപ്പിച്ചു കൊന്ന വാർത്തയാണ് ഉച്ച മുതൽ മാധ്യമങ്ങളിലെല്ലാം.ആ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ തന്റെ വാവക്കുട്ടിയെയാണ് ഓർമ്മ വന്നത്. അതുണ്ടാക്കിയ മനപ്രയാസം കൊണ്ടാണ് ആദ്യമായി ഇരുട്ടും മുൻപേ വീട്ടിലേക്ക് വന്നത്. വന്നപ്പോൾ കണ്ട കാഴ്ച തന്നെ തളർത്തി കളഞ്ഞതും അതുകാരണമാവാം.

അയാൾ ഓരോന്നു ആലോചിച്ചു കട്ടിലിൽ കിടന്നൂ..

“എന്താ രാജീവേട്ടാ പതിവില്ലാതെ ഇത്ര നേരത്തെ വന്നത്..”

ഭാര്യയ്ക്ക് താൻ നേരത്തെ വന്നത് അതിശയമായിരിക്കുന്നൂ.. ശരിയാണ്..

ഉറങ്ങി കിടക്കുന്ന മക്കളെ മാത്രമാണ് താനിതുവരെ കണ്ടിട്ടുള്ളൂ. ബിസ്സിനസ്സിന്റെ തിരക്കുകൾക്കിടയിൽ മക്കളുടെ കളിചിരികളോ അവരുടെ വളർച്ചയോ അറിയാൻ സാധിച്ചിട്ടില്ല..

അവർക്കു വേണ്ടി അൽപ സമയം നീക്കി വെക്കാമായിരുന്നൂ. പക്ഷേ ഒഴിവു സമയം കിട്ടിയാൽ ഫ്രെണ്ട്സിനൊപ്പം ചിലവിടുന്നതാണ് പതിവ്.

“രാജീവേട്ടാ.. എന്താ ആലോചിച്ചു കിടക്കുന്നത്.

വയ്യായ്ക എന്തേലും ഉണ്ടോ..”

ഭാര്യയുടെ തുടർച്ചയായ ചോദ്യങ്ങൾ കേട്ട് രാജീവ് ചിന്തകളിൽ നിന്നുണർന്നൂ.

“ഞാൻ ഓക്കെയാണ്.. താൻ ഇങ്ങോട്ടു വന്നേ.എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..”

“എന്താ രാജീവേട്ടാ..മ്യൂചൽ ഡിവോഴ്സിനെ പറ്റി ചിന്തിച്ചു തുടങ്ങിയോ അതാണോ കാര്യം..”

ചിരിച്ചുകൊണ്ടാണ് അവളത് പറഞ്ഞതെങ്കിലും അവൾക്കുള്ളിൽ നിറയുന്ന കണ്ണീർ അയാളറിയുന്നുണ്ടായിരുന്നൂ. തന്നോട് ചേർത്തിരുത്തി വീട്ടിലെ കാര്യങ്ങളോ മക്കളുടെ വിശേഷങ്ങളോ അവളോട് താൻ തിരക്കാറില്ലെന്ന് അയാൾ കുറ്റബോധത്തോടെ ഓർത്തൂ. പറയുമ്പോൾ തന്റെ തിരക്കുകൾ അവരുടെ ജീവിതം കൂടുതൽ സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ്. പക്ഷേ അൽപ നേരം കുടുംബത്തിനു വേണ്ടി ചിലവഴിക്കാനാവാത്ത വിധം തിരക്കുകൾ തനിക്കില്ല..

അയാൾ ഭാര്യയെ അരുകിലേക്ക് ചേർത്തു പിടിച്ചൂ..

“എടോ.. താൻ എന്താ ഇങ്ങനെയൊക്കെ പറയുന്നത്. ബിസിനസ്സിന്റെ തിരക്കുകൾ കാരണം ഞാൻ തന്നോടൊപ്പം സമയം ചിലവിടാറില്ല. പക്ഷേ താനും നമ്മുടെ മക്കളുമില്ലാതെ രാജീവിനൊരു ജീവിതമില്ലെടോ..”

“ഞാൻ വെറുതെ പറഞ്ഞതാണ് രാജീവേട്ടാ..

കാര്യമാക്കണ്ട. ഇപ്പോ എന്തിനാ വല്ലായ്ക.

ഓഫീസിൽ എന്തേങ്കിലും പ്രശ്നമുണ്ടോ..”

“അതൊന്നുമല്ലെടോ.. താനെന്തിനാ വീട്ടിലെ പണിക്കാർക്ക് കുട്ടികളോട് ഇത്ര സ്വാതന്ത്ര്യം അനുവധിച്ചു കൊടുത്തിരിക്കണേ.. ആ സെക്യൂരിറ്റിക്കാരൻ വാവക്കുട്ടിയെ നെഞ്ചിൽ കിടത്തി സംസാരിക്കുന്നത് കണ്ടിട്ടാണ് ഞാനിന്നു വന്നത്.

ചുറ്റിലും നടക്കണ സംഭവങ്ങളൊന്നും അറിയണില്ലേ താൻ..ഇന്നു രാവിലെ കൂടി ഒരു കുട്ടിയെ പീഡിപ്പിച്ചു കൊന്ന ന്യൂസ് ടിവിയിൽ ഉണ്ടായിരുന്നൂ..”

രാജീവിന്റെ സംസാരം കേട്ട് അവളുടെ മുഖത്തൊരു ചിരി പടർന്നൂ.. അവളെഴുന്നേറ്റു പോയി വാവക്കുട്ടിയുടെ നോട്ട് പുസ്തകം എടുത്ത് രാജീവിന്റെ കൈയിൽ കൊടുത്തൂ.

“ഇതു നോക്ക് രാജീവേട്ടാ നമ്മുടെ മോളുടെ ബുക്കാണ് അതിൽ അവളെ കൊണ്ട് ചിത്രങ്ങൾ വരപ്പിച്ചിരിക്കുന്നതും ചിത്രങ്ങൾക്ക് നിറം കൊടുപ്പിച്ചിരിക്കുന്നതുമെല്ലാം അവളുടെ മാതാപിതാക്കളായ നമ്മളല്ല സെക്യൂരിറ്റി ചേട്ടനാണ്.

നമ്മുക്കന്യരായ വീട്ടുജോലിക്കാരിയുടെയും സെക്യൂരിറ്റിക്കാരന്റെയുമടുത്ത് മക്കളെ നോക്കാൻ ഏൽപിച്ചിട്ടല്ലേ നമ്മൾ ഓഫീസിൽ പോകുന്നത് അപ്പോഴൊന്നും തോന്നാത്ത ഉൾഭയം ന്യൂസ് കാണുമ്പോൾ ഉണ്ടാകേണ്ടതില്ല

അല്ലെങ്കിലും പീഡന വാർത്തകളിൽ നിറയുന്ന കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോഴല്ല സ്വന്തം മക്കളുടെ സുരക്ഷിതത്വത്തെ പറ്റി ചിന്തിക്കേണ്ടത് അതിനെല്ലാം ഏറെ മുൻപേ അവർക്കൊപ്പം അൽപനേരം സമയം ചിലവിടാനെങ്കിലും ആദ്യം ശ്രമിക്കണം നമ്മുടെ ശ്രദ്ധയും പരിചരണവും കുറയുന്നതാണ് പലപ്പോഴും മക്കളുടെ ജീവിതം നശിപ്പിച്ചു കളയാൻ ഇടയാകുന്നത്..”

അയാൾ തന്റെ ഭാര്യയെ തന്നെ ഉറ്റുനോക്കി ഒരു നാട്ടുംപുറത്തുക്കാരി പെണ്ണിന് തന്നേക്കാൾ പക്വമായി കാര്യങ്ങൾ ചിന്തിക്കാനുള്ള വകതിരിവുണ്ടെന്ന് രാജീവിന് തോന്നി

അവൾ പറയുന്നത് ശരിയാണ് ചാനലുകളിലെ വാർത്തകൾ കാണുമ്പോൾ മാത്രം മക്കളെ ഓർത്താൽ പരല്ലോ.

സെക്യൂരിറ്റിക്കാരൻ തന്റെ മക്കളോട് എത്രയധികം ആത്മാർത്ഥതയുള്ള ആളാണെന്നു പറഞ്ഞാലും വാവക്കുട്ടി അയാളോട് കാണിക്കുന്ന അമിതമായ സ്നേഹം അന്ന് രാജീവിന്റെ ഉറക്കം കെടുത്തി.

ചില നല്ല തീരുമാനങ്ങളോടെയാണ് അടുത്ത ദിവസം അയാളെണീറ്റു വന്നത്..

*************

ഓഫീസിൽ ഇരിക്കുമ്പോഴും മക്കളെ പറ്റിയായിരുന്നൂ അയാളുടെ ചിന്തകളെല്ലാം തന്നെ. അതുകൊണ്ടു തന്നെ പതിവിലും വിപരീതമായി പെട്ടന്ന് ജോലി തീർത്ത് രാജീവ് പോകാനിറങ്ങി. ഭാര്യ അടുത്തൊരു സ്ക്കൂളിലാണ് ജോലി ചെയ്യുന്നത്.

അതുകൊണ്ട് നാലുമണി കഴിഞ്ഞേ അവൾ വീട്ടിലെത്തൂ. അവൾ വീട്ടിലെത്തുമ്പോൾ മക്കൾക്കൊപ്പമിരുന്ന് കളിക്കുന്ന തന്നെ കാണുമ്പോൾ ഒത്തിരി സന്തോഷിക്കും. രാജീവിന് ഓർക്കുംതോറും സന്തോഷം തോന്നി. അയാൾ പെട്ടന്നു തന്നെ വീട്ടിലേക്ക് വണ്ടിയോടിച്ചൂ പോയീ.

വീടിനടുത്തെ റോഡിലെത്തിയപ്പോൾ വാവക്കുട്ടി മുറ്റത്തേക്ക് ഇറങ്ങി വരുന്നത് അയാൾ ശ്രദ്ധിച്ചത്.

അവൾ ഔട്ട്ഹൗസിലെ സെക്യൂരിറ്റിക്കാരന്റെ മുറിയിലേക്ക് കയറി പോകുന്നതും വാതിലടക്കുന്നതും കണ്ട് രാജീവ് ഒരുനിമിഷം തളർന്നു പോയി.അയാൾ റോഡരുകിൽ വണ്ടി പാർക്ക് ചെയ്യ്തു ശബ്ദമുണ്ടാക്കാതെ തന്റെ വീടിന്റെ ഗൈറ്റ് കടന്ന് ഔട്ട്ഹൗസിലേക്ക് നടന്നൂ.

അരുതാത്ത കാഴ്ചകളൊന്നും കാണാൻ ഇടവരുത്തല്ലേയെന്നു മനസിലൊരായിരം ആവർത്തി പ്രാർത്ഥിച്ചു കൊണ്ടു അയാൾ മുറിയുടെ വാതിൽ തുറന്നൂ. അകത്തെ കാഴ്ച കണ്ട് രാജീവിന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു തുളുമ്പി.

സെക്യൂരിറ്റിക്കാരൻ ഭക്ഷണം കഴിക്കുന്നതിനൊപ്പം തന്റെ മകൾക്കും ആഹാരം വായിൽ വെച്ചു കൊടുക്കുന്നുണ്ട്. തനിക്കൊപ്പം ഇരിക്കുന്നതിനെക്കാൾ എത്രയോ മടങ്ങ് സന്തോഷത്തോടെയാണ് വാവക്കുട്ടി അയാളുടെ മടിയിലിരുന്നു കൊഞ്ചുന്നത്. തന്റെ മകനും മറ്റു നാലോ അഞ്ചോ കുട്ടികളും അവർക്കരുകിലിരുന്ന് കാർട്ടൂൺ കാണുകയും ചിത്രം വരക്കുകയും ചെയ്യുന്നൂ. രാജീവിനെ കണ്ടപ്പോൾ അയാൾ ചാടിയെഴുന്നേറ്റു പുഞ്ചിരിച്ചു.

“സാറ് എപ്പോഴാ വന്നേ കാറിന്റെ ശബ്ദമൊന്നും കേട്ടില്ലാലോ.. ഞാന് വാവക്കുട്ടിക്ക് കഴിക്കാൻ കൊടുക്കായിരുന്നൂ..”

“ഏതാ ഈ കുട്ടികൾ..??”

അവിടെയിരിക്കുന്ന മറ്റു കുട്ടികളെ ചൂണ്ടി രാജീവ് ചോദിച്ചൂ

“അത് അപ്പുറത്തെ വീടുകളിലെ പിള്ളേരാ സാറേ സ്ക്കൂൾ വിട്ടു വന്നാൽ അവരെല്ലാം ഇവിടെ തന്നെയുണ്ടാവാറുണ്ട്. സാറ് ഈ നേരത്തൊന്നും വരാറില്ലാലോ അതുകൊണ്ടാ ഇവരെ പരിചയം ഇല്ലാത്തെ.. ഇതുങ്ങളുടെ അച്ഛനും അമ്മയുമെല്ലാം ജോലി കഴിഞ്ഞ് വരുന്നതു വരെ ഇവിടെ വന്നിരുന്ന് കളിക്കാൻ ഞാൻ പറഞ്ഞിട്ടാ സാറേ.. കാലം മോശമല്ല എന്തു വിശ്വസിച്ചിട്ടാ ഈ മക്കളെയൊക്കെ തനിച്ച് വീട്ടിലിരുത്തണേ..”

അന്ന് ആദ്യമായി രാജീവ് ആ വൃദ്ധനെ ശ്രദ്ധിച്ചു..

അവൾ ഇന്നലെ പറഞ്ഞതു ശരിയാണ് അച്ഛന്റെ പ്രായമുണ്ട് അയാൾക്ക്. തന്റെ മക്കളെയും അടുത്ത വീടുകളിലെ കുഞ്ഞുങ്ങളെയും പറ്റി അവരുടെ മാതാപിതാക്കൾക്കില്ലാത്ത ശ്രദ്ധയും കരുതലും അവർക്കന്യനായ ഈ മനുഷ്യനുണ്ട്..

രാജീവ് അയാളോട് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നൂ..

അയാളോർത്തൂ

വീട്ടിലെ ജോലിക്കാർ, സെക്യൂരിറ്റിക്കാർ, സ്ക്കൂൾ ഡ്രൈവർമാർ എന്നിങ്ങനെ ഒരു വിഭാഗം ആൾക്കാർ മക്കളോട് കാണിക്കുന്ന സ്നേഹപ്രകടനങ്ങളെ മാത്രമേ തന്നെപോലെയുള്ളവർ സംശയിക്കൂ.. പക്ഷേ എത്രയോ കുഞ്ഞുങ്ങളെ അച്ഛനും അപ്പൂപ്പനും സഹോദരനുമെല്ലാം പീഡിപ്പിച്ചെന്ന വാർത്തകൾ വരുന്നൂ. അപ്പോ രക്തബന്ധങ്ങൾ മാത്രം നോക്കി കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പിക്കാനാകില്ല.

തന്റെ വീട്ടിലെ സെക്യൂരിറ്റിക്കാരനെ പോലെ സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന അതേ കരുതലോടെ എല്ലാ മക്കളെയും സ്നേഹിക്കുന്നവരും ഈ സമൂഹത്തിലുണ്ട്..

ഓരോന്നു ചിന്തിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോഴാണ് തന്റെ ഭാര്യ പുഞ്ചിരിച്ചുകൊണ്ട് ഗൈറ്റ് കടന്നു വരുന്നത് രാജീവ് ശ്രദ്ധിച്ചത്.

“രാജീവേട്ടാ ഇന്ന് എന്നേക്കാൾ മുൻപേ എത്തിയോ.ഇതൊരു അതിശയം തന്നെയാണേ..”

അവൾ മനോഹരമായി ചിരിച്ചുകൊണ്ട് അവനരുകിലെത്തി കരങ്ങളിൽ പിടിച്ചൂ

“ഇതൊക്കെ കുറച്ചു മുൻപേ തന്നെ ഞാൻ കണ്ടറിഞ്ഞു ചെയ്യേണ്ടതല്ലെടോ.

വൈകി പോയെന്നു അറിയാം എന്നാലും നമ്മുടെ മക്കളെ ശ്രദ്ധിക്കാനും കുടുംബത്തിന്റെ സന്തോഷങ്ങൾ വീണ്ടെടുക്കാനുമെല്ലാം ഞാനൊന്നു ശ്രമിക്കട്ടെ..”

“”നല്ല തീരുമാനങ്ങളാണ് രാജീവേട്ടാ എനിക്കൊത്തിരി സന്തോഷായീട്ടോ. രാജീവേട്ടൻ ഷർട്ട് മാറ്റിയിടാൻ പോകുമ്പോൾ എന്റെ ഫോൺ കൂടി ചാർജിനിടുമോ അത് ഓഫ് ആവാറായീ ഞാൻ മക്കളെ വിളിച്ചിട്ട് ഇപ്പോൾ വരാം..”

ഏറെ സന്തോഷത്തോടെ തന്റെ അടുത്തു നിന്നു നടന്നു നീങ്ങുന്ന അവളെ നിറഞ്ഞപുഞ്ചിരിയോടെ നോക്കി നിന്ന ശേഷം അയാൾ വീടിനുള്ളിലേക്ക് കയറി പോയീ. അവളുടെ ഫോൺ ചാർജ് ചെയ്യാൻ വെച്ചപ്പോൾ തുടരെയുള്ള നോട്ടിഫിക്കേഷനുകൾ കണ്ട് ഒന്നു മടിച്ചെങ്കിലും രാജീവ് ഫോൺ എടുത്ത് അതെന്താണെന്ന് തുറന്നു നോക്കി.

തന്റെ വീടും പരിസരവും ഔട്ട്ഹൗസും എന്തിനേറെ തന്റെ ബെഡ്റൂമിന്റെ ഉള്ളിലെ വരെ സി സി റ്റി വി ദൃശ്യങ്ങളാണ് ഭാര്യയുടെ ഫോണിൽ തെളിഞ്ഞു വന്നത്. താനറിയാതെ ഇതൊക്കെ എപ്പോഴാണ് ഇവളൊപ്പിച്ചതെന്ന് ഓർത്ത് അയാൾക്കതിശയം തോന്നി.. അയാൾ ഫോൺ മേശയുടെ മുകളിലേക്ക് തിരികെ വെച്ച് സോഫയിൽ വന്നിരുന്നൂ..

മക്കളുടെ ഓരോ ചലനങ്ങളും അറിയാൻ വേണ്ടിയാകാം അവൾ വീട്ടില്ലെലാം ഹിഡൻക്യാമറ വെച്ചത്. പക്ഷേ സ്വന്തം ബെഡ്റൂമിൽ ഇതിന്റെ ആവശ്യമെന്തായിരുന്നൂ അവൾക്ക്. ഏറെ നേരത്തെ ചിന്തകൾക്കൊടുവിൽ അയാളുടെ മുഖത്തൊരു പുഞ്ചിരി പടർന്നൂ. ഒരു ദീർഘനിശ്വാസത്തോടെ അയാൾ സോഫയിലേക്കു ചാഞ്ഞൂ..

“വീട്ടിലെ ജോലിക്കാരെയും സെക്യൂരിറ്റിക്കാരനെയും പറ്റിയൊക്കെ സംശയോത്തോടെ താൻ ചിന്തിച്ചു തുടങ്ങുന്നതിനും ഒത്തിരി മുൻപേ എന്റെ ഭാര്യ താനുൾപ്പെടെ മക്കൾക്കൊപ്പം അടുത്തിടപ്പെടാൻ സാധ്യതയുള്ള എല്ലാവരെയും സംശയക്കണ്ണോടെയാണ് കണ്ടത്. അവളെ കുറ്റം പറയാനാകില്ല.

ജനിപ്പിച്ചവർ തന്നെ മക്കളെ കൊന്നുകെട്ടിതൂക്കുന്ന കാലമാണ്. അവളുടെ അമ്മമനസ്സ് തന്നേക്കാൾ ഒരുപടി കടന്നു ചിന്തിച്ചു പോകും. അതുകൊണ്ട് തന്റെ ബെഡ്റൂമിലും ക്യാമറ വെച്ചതിൽ പരിഭവിക്കേണ്ടതില്ല. ഇത്രയേറെ മക്കളെപറ്റി കരുതലുണ്ടായതിനാലാവാം ഇന്നലെ രാത്രി സെക്യൂരിറ്റി ചേട്ടനെ പറ്റി പറഞ്ഞപ്പോൾ നിസാരമായി അവളത് പറഞ്ഞൊഴിവാക്കിയത്..”

ജോലിക്കിടയിലും വീട്ടിൽ നടക്കുന്ന കാര്യങ്ങളറിയാൻ വേണ്ടിയും മക്കളുടെ സുരക്ഷിതത്വത്തിനും വേണ്ടി അവളൊരുക്കിയ ഈ രഹസ്യം രഹസ്യമായി തന്നെ തുടരണമെന്ന് അയാൾ തീരുമാനിച്ചൂ. രാജീവ് അതിനെ പറ്റിയൊന്നും അറിഞ്ഞതായി ഭാവിച്ചില്ല.

അവൾക്കൊപ്പം അയാളും അടുത്ത ദിവസങ്ങളിൽ സമാധാനത്തോടെ ജോലിയ്ക്കു പോകാനാരംഭിക്കുകയായിരുന്നൂ.

*******************

പണം കൊണ്ടു നേടാൻ സാധിക്കാത്ത ഒന്നാണ് മക്കളുടെ നിഷ്കളങ്ക സ്നേഹം..

പ്രാരാബ്ധങ്ങൾക്കിടയിലും നമ്മുടെ സമയത്തിന്റെ ഒരു ഭാഗം അവർക്കൊപ്പം മാറ്റിവെക്കാനായാൽ അവരെ ബാധിക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളെയറിയാൻ നമ്മൾ ഒരുപാട് വൈകില്ല..!!

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : Aparna Nandhini Ashokan