എനിക്കിനി ഇങ്ങനൊരു മ- കളില്ല. മേ- ലാൽ എന്നെ വിളിക്കുകയോ, ഇങ്ങോട്ട് വരികയോ ചെ- യ്യരുത്…

രചന : Rose Mary

മരുമകളുടെ വിവാഹം

നാല് വർഷങ്ങൾക്കു മുമ്പ് രെജിസ്റ്റർ വിവാഹവും കഴിഞ്ഞു ഹരിക്കുട്ടന്റെ കൈപിടിച്ചു നവ്യ മോള് ഇവിടെ വന്നു കയറിയപ്പോൾ അവരുടെ പ്രണയ ബന്ധത്തെ കുറിച്ചു അറിയമായിരുന്നുവെങ്കിലും എനിക്ക് അമ്പരപ്പായിരുന്നു.

കൂടെ പഠിച്ചിരുന്ന കുട്ടിയെ ഇഷ്ടമാണെന്നും അതിനെക്കുറിച്ചു അവളുടെ വീട്ടിലറിഞ്ഞപ്പോൾ വേറെ കല്യാണം നോക്കുന്നുവെന്നും ഹരിക്കുട്ടൻ തന്നെയാണ് എന്നോട് വന്നു പറഞ്ഞത്. രണ്ടാളും പഠിച്ചുകൊണ്ടിരിക്കുകയല്ലേ ഇപ്പോൾ ഇതൊക്കെ പ്രായത്തിന്റെ ചാപല്യമായിരിക്കും എന്നോക്കെ പറഞ്ഞു അവനെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും ഹരിക്കുട്ടന്റെ നോവുന്ന മനസു കാണാതിരിക്കാൻ എനിക്കായില്ല. അങ്ങനെയാണ് ഞാനും അവന്റെ അമ്മയും കൂടി നവ്യ മോളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാൻ തീരുമാനിച്ചത്.

പക്ഷെ ഒട്ടും നല്ല സ്വീകരണമല്ല ഞങ്ങൾക്കവിടെ നിന്നും ലഭിച്ചത്. യാതൊരു ജോലിയും കൂലിയുമില്ലാത്ത കോളേജിൽ പഠിച്ചോണ്ടിരിക്കുന്ന ചെക്കന് വേണ്ടി പെണ്ണാലോജിച്ചു വരാൻ നാണമില്ലേ കാർന്നൊരെ എന്നു മോൾടെ അച്ഛൻ മുഖത്തു നോക്കി ചോദിച്ചപ്പോളും , ഇപ്പോൾ നടത്തണ്ട, ഉറപ്പിച്ചു വെച്ചിട്ട് മോനൊരു ജോലിയായിട്ടു വിവാഹം നടത്തിയാൽ മതി എന്നു ഞാൻ പറഞ്ഞു. പക്ഷെ അന്ന് ഞങ്ങളെ അവിടെ നിന്നും ആട്ടിയിറക്കുകയാണുണ്ടായത്. അപമാനം തോന്നിയെങ്കിലും തൻ്റെ മകന് വേണ്ടിയണല്ലോ എന്നോർത്തു സമാധാനിച്ചു. അവനു വേണ്ടി സംസാരിക്കാൻ ഞാനല്ലാതെ മറ്റാരാനുള്ളത്.

അതവിടെ തീർന്നുവെന്നാണ് കരുതിയത്. എന്നാൽ മറ്റൊരാളുടെ താലി കഴുത്തിൽ വീണാൽ താൻ പിന്നെ ജീവനോടെ ഉണ്ടാകില്ല എന്നു കരഞ്ഞു പറഞ്ഞപ്പോൾ വരും വരായ്കകൾ നോക്കാതെ ഹരിക്കുട്ടൻ മോളേയും വിളിച്ചു കോണ്ട് വരികയായിരുന്നു.

അവന്റെ അമ്മ ആരതിയുഴിഞ്ഞു അവരെ അകത്തോട്ടു കയറ്റുമ്പോൾ എന്റെ മനസിൽ തീയായിരുന്നു. എന്തൊക്കെ പറഞ്ഞാലും ജന്മം കൊടുത്ത ഒരു അച്ഛനുമമ്മയും ആ വീട്ടിലുമുണ്ട്. കല്യാണം ഉറപ്പിച്ച മോളെ കാണാതാകുമ്പോൾ അവര് വേദനിക്കും. നവ്യമോളെകൊണ്ട് ഹരിക്കുട്ടൻ്റെ ഫോണിൽ നിന്നും അപ്പോൾ തന്നെ അവളുടെ അച്ഛനെ വിളിചു സംസാരിക്കാൻ പറഞ്ഞു. എന്നാൽ ഇങ്ങനൊരു മകൾ തനിക്കിനിയില്ല, മേലാൽ വിളിക്കുകയോ ആ പടി ചവിട്ടുകയോ ചെയ്യരുതെന്ന് പറഞ്ഞയാൾ ഫോൺ വെക്കുകയാണുണ്ടായത്.

അന്ന് മുതൽ നവ്യമോൾക്കു അച്ഛൻ ഞാനായി.

മരുമകൾ ആയിട്ടല്ല, സ്വന്തം മകളായിട്ടു തന്നെയാണ് അവന്റെ അമ്മയും മോളെ കണ്ടത്.

അവനൊപ്പം അവൾക്കും രാവിലെ എണീറ്റു പൊതിച്ചോറ് കെട്ടി അവരെ കോളേജിലേക്ക് വിടുമ്പോൾ ഒരു മകളെ കൂടി തനിക്കു ലഭിച്ച സന്തോഷമായിരുന്നു അവൾക്ക്. രണ്ടാളും അവന്റെ ബുള്ളറ്റിൽ ഒന്നിച്ചു കോളേജിലേക്ക് പോകുന്നത് നോക്കി നിൽക്കാൻ ഞങ്ങൾക്കും ഇഷ്ടമായിരുന്നു.

ഹരിക്കുട്ടന്റെ സന്തോഷമാണ് ഈ ലോകത്തു ഞങ്ങൾക്കേറ്റവും വലുത്.

ചില സന്തോഷങ്ങൾക്ക് ആയുസ്സ് കുവാണല്ലോ.

ഒരു ദിവസം കോളേജിൽ നിന്നും മടങ്ങി വരും വഴി മഴ പെയ്തു കിടന്ന റോഡിൽ തെന്നി ബുള്ളെറ്റ് മറിഞ്ഞതാണെന്നാണ് പറഞ്ഞത്. കൂടുതലൊന്നും ചോദിക്കാനോ കേൾക്കാനോ എനിക്കന്നു ശക്തിയിണ്ടായിരുന്നില്ല. ഞങ്ങളെ മൂന്നു പേരെയും വിട്ട് അകാലത്തിൽ അവൻ യാത്രയായി.

മോളുടെ കൈ ഒടിഞ്ഞെങ്കിലും അവളെ ദൈവം ജീവനോടെ ഞങ്ങൾക്ക് തിരികെ നൽകി.

വിവാഹം കഴിഞ്ഞു രണ്ടാം മാസം ഭർത്താവ് മരണപ്പെട്ടത് നവ്യ മോളുടെ ദോഷം കൊണ്ടാവുമെന്നും ജാതകപ്പൊരുത്തം നോക്കാതെ വിവാഹം നടത്തിയാൽ ഇങ്ങനൊക്കെ ഉണ്ടാവുമെന്നും ബന്ധുക്കളിൽ ചിലർ തന്നെ കുറ്റപ്പെടുത്തി. എന്നാൽ ജാതകപ്പൊരുത്തേക്കാൾ ഏറ്റവും വലുത് മനപ്പൊരുതമാണെന്നു ഇപ്പോഴും തിരിച്ചറിയാത്തവരെക്കുറിച്ചു എന്തു പറയാനാണ്.

ഇനിയെന്തെന്നറിയാതെ ജീവിതത്തിനു മുന്നിൽ തളർന്നു പോയ നവ്യ മോളെ ഞങ്ങൾ കൂടുതൽ സ്നേഹത്തോടെ ചേർത്തു നിർത്തി. സ്വന്തം അച്ഛനമ്മമാർക്ക് വേണ്ടാത്ത അവളെ സ്വന്തം അച്ഛനമ്മമാരുടെ സ്ഥാനത്തു നിന്നു തന്നെ ഞങ്ങൾ പഠനം പൂർത്തിയാക്കിച്ചു. ഇന്നവൾക്കു നല്ലൊരു ജോലിയുണ്ട്. വെറും രണ്ടു മാസം മാത്രമാണ് എന്റെ മകന്റെ കൂടെ അവൾ ജീവിച്ചത്. ഈ ചെറിയ പ്രായത്തിൽ ഇനിയും ഒരു വിധവയായി അവൾ ജീവിച്ചു കൂടാ.. ഞങ്ങളുടെ കാലശേഷം ആ പാവം ഒറ്റയ്ക്കാകുകയെ ഉള്ളു. ഇപ്പോൾ സഹതപിക്കുന്ന ആരും അവൾക്കുണ്ടാവില്ല. എല്ലാവരും കൂടെ ഒറ്റയ്ക്കായ അവളെ കൊത്തി വലിക്കുകയെയുള്ളൂ.

എന്റെ മോൾക്കൊരു നല്ല ഭാവിയുണ്ടാകണം.

പുതിയൊരു ജീവിതം വേണം. ചില മുറിവുകൾ ഉള്ളിൽ അവശേഷിക്കുമെങ്കിലും കാലം അതിന്റെ നീറ്റൽ കുറയ്ക്കുക തന്നെ ചെയ്യും. ആദ്യമൊന്നും ഒരു പുനർവിവാഹത്തിന് മോള് സമ്മതിച്ചില്ല.

ഒരൂപാട് നിര്ബന്ധിച്ചിട്ടും പറഞ്ഞു മനസിലാക്കിയിട്ടുമാണ് ഒടുവിൽ് അവൾ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്.

അങ്ങനെ ജീവൻ നവ്യ മോളുടെ കഴുത്തിൽ താലി ചാർത്തി. ഇതൊക്കെ കണ്ട് സ്വർഗ്ഗത്തിലിരുന്നു എന്റെ ഹരിക്കുട്ടൻ സന്തോഷിക്കുകയായിരിക്കും.

തീർച്ച. അവൾ സന്തോഷമായിരിക്കണമെന്നെ അവൻ ആഗ്രഹിക്കു. എനിക്കറിയാം അവന്റെ മനസ്സ്..

ജീവന്റെ കൈപിടിച്ചു അവൾ യാത്രയായപ്പോൾ എത്ര തടഞ്ഞു വെയ്ക്കാൻ നോക്കിയിട്ടും അറിയാതെ രണ്ടു തുള്ളി കണ്ണീർ എന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞു.

ലൈക്ക് കമൻ്റ് ചെയ്യണേ…..

രചന : Rose Mary