തന്നെയും മോളെയും എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചോട്ടെ….

രചന : ശ്യാം കല്ലുകുഴിയിൽ

നീർ കുമിളകൾ…

**************

” നിങ്ങൾക്ക് കല്യാണം കഴിഞ്ഞ് ഒരു കൊച്ചുള്ള തള്ളയെ സ്നേഹിക്കുന്നതിന് കുഴപ്പമില്ല, ഞാൻ ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ കുറ്റം അല്ലെ…

ഭാനു അത് പറഞ്ഞു തീർന്നതും എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞതും ഒരേ നിമിഷം ആയിരുന്നു. അടി കിട്ടിയതും അവൾ കട്ടിലിലേക്ക് വീണു…

” എന്നെ തല്ലി കൊന്നാലും സാരമില്ല ഞാൻ ഇനിയും പറയും.. ഞാൻ ജീവിക്കുന്നു എങ്കിൽ അരുണിന്റെ കൂടെ ആകും… ”

തല്ല് കിട്ടിയ ക_വിൾ പൊത്തിപിടിച്ചു കൊണ്ട് ഭാനു വീണ്ടും എന്നോട് ഉച്ചത്തിൽ പറഞ്ഞു…

” മതിയെടി നിർത്ത് ഇനിയും ശബ്ദമെടുത്താൽ അടുത്ത അടി എന്റെ കയ്യിൽ നിന്നാകും പറഞ്ഞേക്കാം… ”

അത് വരെ മിണ്ടാതെ ഇരുന്ന അമ്മ ഭാനുവിന് നേരെ വിരൽ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞു…

” ആ രണ്ടാളും കൂടെ എന്നെ തല്ലികൊന്നോ അപ്പൊ സമാധാനം ആകുമല്ലോ രണ്ടാൾക്കും..”

അതും പറഞ്ഞ് ഒഴുകി വന്ന കണ്ണുനീർ തുടച്ച് ഭാനു തല കുമ്പിട്ട് കട്ടിലിൽ ഇരുന്നു..

” അമ്മ മിണ്ടാതെ ഇരിക്ക് അവൾ എന്തോ ചെയ്യട്ടെ, അവസാനം കിടന്ന് അനുഭവിക്കുമ്പോൾ പഠിച്ചോളും… ”

ഉള്ളിലെ ദേഷ്യം കടിച്ചമർത്തി ആണ് ഞാൻ പറഞ്ഞത്…

” ആ ഞാൻ അനുഭവിച്ചോളാം നിങ്ങൾക്ക് ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ….”

” നീ ഒരിക്കലും ബുദ്ധിമുട്ടരുത് എന്ന് കരുതി ഞാൻ ഒരുപാട് സ്വപ്‌നങ്ങൾ ബലി നൽകിയിട്ടുണ്ട്,

അതിൽ ഒന്നാണ് നീ നേരത്തെ പറഞ്ഞ ആ തള്ള… ”

“ആര് പറഞ്ഞു ബലി നൽകാൻ ഞാൻ ആവശ്യപെട്ടില്ലല്ലോ… ഇനി അതും എന്റെ തലയിൽ വെച്ചോ…. ”

” ഒന്നും നിന്റെ തലയിൽ വയ്ക്കുന്നില്ല ആരോടും പരാതിയും ഇല്ല, നീ അറിയാത്ത കാണാത്ത പല സംഭവങ്ങളും ഇവിടെ ഉ_ണ്ടായിട്ടുണ്ട്… ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ആണ് പെട്ടെന്ന് ഉള്ള അച്ഛന്റെ മരണം, പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിൽ ഉള്ള ആഹാരം നമുക്ക് വീതിച്ചു തന്നിട്ട് കണ്ണീർ കുടിച്ച് വയർ നിറച്ച ഈ അമ്മയെ നീ കണ്ടിട്ടില്ല, മുന്നോട്ട് എങ്ങനെ ജീവിക്കും എന്നറിയാതെ ആത്മഹത്യാ ചെയ്യാൻ വേണ്ടി വിഷം വാങ്ങി അത് നമുക്ക് നൽകാൻ കഴിയാതെ അടുക്കളയുടെ മൂലയിൽ പൊട്ടി കരഞ്ഞ അമ്മയെ നീ കണ്ടിട്ടില്ല…..

ഇതൊന്നും നിന്നെ കാണിക്കാതെ മറച്ചു വച്ചതാണ് നമ്മൾ ചെയ്ത വല്യ തെറ്റ്.. നീ കുഞ്ഞല്ലേ നിന്നെ ഒന്നും അറിയിക്കേണ്ട എന്ന് കരുതി.. വിശപ്പ് ആണ് ഏറ്റവും വല്യ വികാരം എന്ന് തിരിച്ചറിഞ്ഞ ആ നാളിൽ പഠിപ്പ് ഉപേക്ഷിച്ച്,

കണ്ണിൽ കണ്ട ജോലി ചെയ്യാൻ തുടങ്ങി, ഒറ്റ ലക്ഷ്യമേ അന്ന് ഉണ്ടായിരുന്നുള്ളൂ എനിക്ക് ജീവനുള്ളത്ര കാലം നിങ്ങൾ പട്ടിണി കിടക്കരുത്…..

ഉള്ളിലെ വിങ്ങൽ കൂടിയപ്പോൾ വാക്കുകൾ മുറിഞ്ഞു തുടങ്ങി, എന്റെ വാക്കുകൾക്ക് പുച്ഛഭാവത്തോടെ നോക്കുന്ന ഭാനുവിന്റെ മുഖം എന്നിൽ വീണ്ടും സങ്കടവും ദേഷ്യവും ഒരുപോലെ ഉണ്ടാക്കി… അൽപ്പനേരം അവളുടെ മുഖത്ത് നോക്കി ആ മുഖത്ത് ഒരു ഭാവവ്യത്യസവും ഇല്ല, ഞാൻ പുറത്തേക്ക് നടന്നു, ഉമ്മറത്തു അച്ഛൻ ഉപയോഗിച്ചിരുന്ന ചാരുകസേര കിടപ്പുണ്ട് അതിൽ പോയി ഇരുന്നു, അതിൽ ഇരിക്കുമ്പോൾ ഒരു ആശ്വാസം ആണ്, അച്ഛൻ അടുത്ത് ഉള്ളത് പോലെ…

അകത്ത് ഭാനുവിനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന അമ്മയുടെ പതിഞ്ഞ ശബ്ദവും ഇടയ്ക്ക് ഇടയ്ക്കുള്ള രണ്ടുപേരുടെയും തേങ്ങലും കേൾക്കാം.. ഭാനുവിന് വേണ്ടിയാണ് ഇത്രയും നാള് ജീവിച്ചത്, അവളെ ഒരു കുറവും ഇല്ലാതെ പഠിപ്പിച്ച് ഒരു കുറവും ഇല്ലാതെ കെട്ടിച്ചയക്കണം,

അതിന് വേണ്ടിയാണ് ജീവിച്ചത്…

ജീവന് തുല്യം സ്നേഹിച്ച ഭദ്രയെ, എന്റെ ഒപ്പം ഇറങ്ങി വരാൻ നിന്നവൾ, പ്രാരാബ്ദങ്ങൾക്ക് ഇടയിൽ അവളെ കൂടി ചേർത്ത് പിടിക്കാൻ കഴിയാതെ വന്നപ്പോൾ ആണ് മനസ്സില്ല മനസ്സോടെ അവൾ മറ്റൊരാൾക്ക് നേരെ കഴുത്ത് നീട്ടികൊടുത്തത്..

വർഷങ്ങൾക്ക് ഇപ്പുറം ഒരു കുഞ്ഞിനേയും സമ്മാനിച്ച് അയ്യാൾ ബന്ധം വേർപെടുത്തി പോയി…

ഒരു കണക്കിന് അവളുടെ ഈ അവസ്ഥയ്ക്കും ഞാൻ തന്നെയാണ് കാരണം….

ഓരോന്ന് ആലോചിക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി…

” മോനെ… ”

അമ്മയുടെ കൈകൾ തോളിൽ തട്ടി വിളിച്ചപ്പോൾ ആണ് ചിന്തകളിൽ നിന്ന് ഉണർന്നത്. അമ്മ കാണാതെ പെട്ടെന്ന് മുണ്ടിന്റെ അറ്റം കൊണ്ട് കണ്ണുനീർ തുടച്ചു… എന്റെ അരികിലേക്ക് കസേര ഇട്ട് അമ്മ ഇരുന്നു…

” നാളെ ഞാൻ അവനെ ഒന്ന് കണ്ട് സംസാരിക്കട്ടെ അമ്മേ.. അവൾക്ക് ഇഷ്ടം ആണേൽ അത് നടക്കട്ടെ, അല്ലേലും ഇഷ്ടപെടുന്നവർ വേർപിരിയുന്നത് ദുഃഖം തന്നെയാണ്…. ”

അത് പറഞ്ഞ് കസേരയിൽ നിന്ന് എഴുന്നേറ്റ് ഞാൻ മുറിയിലേക്ക് നടന്നു… എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും രാത്രി ഉറക്കം വരുന്നില്ല..

പിന്നെയെപ്പോഴോ ഉറക്കത്തിലേക്ക് വീണു..

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് കുളിച്ചു റെഡിയായി ഇറങ്ങി, ഞാൻ ഇറങ്ങുമ്പോഴും ഭാനു മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടില്ല.. നേരെ അരുണിനെ കണ്ട് കാര്യങ്ങൾ സംസാരിച്ചു, അവൻ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് അവർക്ക് പ്രത്യേകിച്ച് എതിർപ്പുകൾ ഒന്നുമില്ല … നാളെ തന്നെ അവനോട് വീട്ടുകാരെയും കൂട്ടി വീട്ടിൽ വരാൻ പറഞ്ഞിട്ട് ഞാൻ തിരികെ വീട്ടിലേക്ക് വന്നു…

ഞാൻ വീട്ടിലേക്ക് എത്തിയതും ഭാനു ഓടിവന്നെന്നെ കെട്ടിപിടിച്ചു കരച്ചിൽ തുടങ്ങി ..

” ഏയ്‌ എന്തുപറ്റി മോളെ ന്താ കരയുന്നത് … ”

അരുൺ അവളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞെന്ന് മനസ്സിലായി, അല്ലേലും പണ്ടേ അവളുടെ കാര്യങ്ങൾ സാധിക്കാൻ വേണ്ടി വല്ലാത്ത വാശി കാണിക്കും.

” ആ മതി കരഞ്ഞത്…. ”

ഞാൻ ഭാനുവിന്റെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു..

” സോറി ഏട്ടാ…. ഞാൻ അപ്പോഴത്തെ വിഷമത്തിൽ അങ്ങനെയൊക്കെ പറഞ്ഞു പോയതാ…. ”

” മോൾക്ക് ഇഷ്ടം ആണേൽ എന്നോട് നേരിട്ട് പറഞ്ഞാൽ പോരായിരുന്നോ…. മോൾക്ക് വേദനിച്ചോ… ”

ഞാൻ അവളുടെ കവിളിൽ തലോടി, അവളുടെ കരച്ചിൽ കണ്ടപ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്ഞൊഴുകി…

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.. കല്യാണ ദിവസം വന്നെത്തി.. കല്യാണം കഴിഞ്ഞ് അരുണിന്റെ കയ്യിലേക്ക് ഭാനുവിനെ പിടിച്ച് ഏൽപ്പിക്കുമ്പോൾ മനസ്സ് നിറഞ്ഞു.. ഒരു ഏട്ടൻ എന്ന നിലയിൽ ഞാൻ നൂറു ശതമാനം വിജയി ആയിരുന്നു…

ആരവവും ആഘോഷങ്ങളും കഴിഞ്ഞ് എല്ലാവരും ഒഴിഞ്ഞു പോയി.. ഉമ്മറത്തെ ചാരു കസേരയിൽ ചാരി ഇരിക്കുമ്പോൾ അമ്മ അരികിലേക്ക് വന്നു…

” നിന്റെ ആഗ്രഹം പോലെ ഭാനുവിനെ ഒരാളുടെ കയ്യിൽ പിടിച്ച് ഏൽപ്പിച്ചു… നിനക്കും പ്രായം കൂടി വരുകയാണ്, ഉടനെ ഒരു പെണ്ണിനെ കണ്ട് പിടിക്കണം… ”

അമ്മ പറഞ്ഞപ്പോൾ ഞാൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു..

” ഇനി നിന്റെ മനസ്സിൽ ഇപ്പോഴും അവൾ തന്നെ ആണെങ്കിൽ അത് മതി എനിക്ക് എതിർപ്പ് ഒന്നുമില്ല…

അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല, പിന്നെ അമ്മയും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല… രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ എടുത്ത്

” നാളെ ഒന്ന് കാണാൻ പറ്റുമോ ” എന്ന് ഭദ്രയ്ക്ക് ഒരു മെസ്സേജ് അയച്ചു. അൽപ്പസമയം കഴിഞ്ഞ്

” ഉം ” എന്നൊരു റിപ്ലൈ വന്നു…

പിറ്റേന്ന് രാവിലെ ഞാൻ നേരെ ബീച്ചിലേക്ക് ആണ് പോയത്, അവിടെ ഒഴിഞ്ഞ സ്ഥലത്ത് മണൽ തിട്ടയിൽ ഇരുന്നു.. മുൻപ് ഒരുപാട് തവണ ഞാനും ഭദ്രയും ഇവിടെ വന്നിരുന്നിട്ടുണ്ട്. ഇവിടെ ഇരുന്ന് തിരമാലകൾ നോക്കി കടലോളം സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയിട്ടുണ്ട് ഞങ്ങൾ ….

അവളുടെ കല്യാണം കഴിഞ്ഞ് പോയപ്പോൾ ഇടയ്‌ക്കൊക്കെ ഇവിടെ വന്നു തനിച്ചിരിക്കും, അന്ന് നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ തിരമാല പോലെ മനസ്സിൽ വന്ന് അടിച്ചു കൊണ്ടിരിക്കും. ഇടയ്ക്ക് ഒരിക്കൽ ഇങ്ങനെ വന്നിരുന്നപ്പോൾ ആണ് “അറിയോ മാഷേ.. ” എന്ന് ചോദിച്ചൊരാൾ എന്റെ അടുക്കലേക്ക് വരുന്നത്. തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് ഭദ്രയെ, കണ്ടപ്പോൾ സങ്കടമാണോ സന്തോഷമാണോ എന്നൊന്നും അറിയാത്ത ഒരു വികാരം…

അന്ന് അവൾ എന്നോട് ഒരുപാട് സംസാരിച്ചു,

കല്യാണം കഴിഞ്ഞ് അവൾ അനുഭവിച്ച വേദനകളും ദുഃഖങ്ങളുമൊക്കെ.. ആ അനുഭവങ്ങൾ ആകാം തൊട്ടാവാടി ആയിരുന്ന അവളെ ആകെ മാറ്റിയത്,

ആ ഒരു പക്വത അവളുടെ സംസാരത്തിലും ഉണ്ട്.

അന്ന് അവിടെ നിന്ന് പോകുമ്പോൾ അവളുടെ രണ്ടര വയസ്സുകാരി അനാമികയും ആയി ഞാൻ നല്ല കൂട്ടായ്.. അത് കഴിഞ്ഞ് ഇടയ്ക്ക് ഒന്ന് രണ്ട് തവണ അഞ്ചോ പത്തോ മിനിറ്റ് ഇവിടെ നമ്മൾ വന്നിരുന്നിട്ടുണ്ട്….

അകലെ നിന്ന് നടന്നു വരുന്ന ഭദ്രയെയും അനാമികയെയും ഞാൻ കണ്ടു. ഒരു കോട്ടൻ സാരിയാണ് അവളുടെ വേഷം, നെറ്റിയിൽ ചന്ദനം തൊട്ടിട്ടുണ്ട്, അത് അവളെ കുറച്ച് കൂടി സുന്ദരി ആക്കിയിട്ടിട്ടുണ്ട്,

അനാമികയും അതുപോലെ സുന്ദരി ആയിട്ടുണ്ട്..

” വന്നിട്ട് ഒരുപാട് നേരമായോ..”

ഭദ്ര അരികിലേക്ക് എത്തിയപ്പോൾ ചോദിച്ചു…

” ഏയ്‌ ഇല്ല…. ”

ഞാൻ അത് പറയുമ്പോഴേക്കും അനാമിക എന്റെ മടിയിൽ കയറി ഇരുന്ന് സ്ഥാനം ഉറപ്പിച്ചു, ന്റെ പോക്കറ്റിൽ കൈ ഇട്ട് അവൾക്കുള്ള ചോക്ലേറ്റ് എടുത്ത് കഴിച്ചു തുടങ്ങി… എന്നിൽ നിന്ന് അല്പപം മാറി ഭദ്ര ഇരുന്നു….

” ന്താ പെട്ടെന്ന് കാണണം എന്ന് പറഞ്ഞത്..

ഭാനുവിന്റെ കല്യാണം നന്നായി നടന്നില്ലേ..

” ആ അവൾ ആഗ്രഹിച്ചത് പോലെ തന്നെ നന്നായി നടന്നു.. ”

” സന്തോഷമായി ഇരിക്കട്ടെ, ആഗ്രഹിച്ച ആളിനെ തന്നെ കിട്ടിയല്ലോ… ഇനി ആ സ്നേഹം എന്നും നിലനിർത്താൻ കഴിയട്ടെ.. ”

ഞാൻ ഒന്ന് മൂളി കൊണ്ട് കടലിലേക്ക് നോക്കി ഇരുന്നു.. പിന്നെ അൽപ്പനേരം നമ്മൾക്ക് ഇടയിൽ നിശബ്ദത പടർന്നു… ഇടയ്ക്ക് അനാമിക എന്തൊക്കെയെ പറഞ്ഞു കൊണ്ടിരുന്നു…

” ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… ”

നിശബ്ദതയ്ക്ക് വിരാമം ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു…

” ന്തിനാ ഒരു മുഖവുര… ”

” തന്നെയും മോളെയും എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചോട്ടെ… ”

എന്റെ അപ്രതീക്ഷിതമായ ചോദ്യത്തിന് ആദ്യം ഭദ്ര ഒന്നും മിണ്ടിയില്ല, അത് കഴിഞ്ഞ് അവളുടെ മുഖത്ത് ഒരു ചിരി പടർന്നു…

” ഹരി, ഞാൻ വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ആണ് അതിലുപരി ഞാൻ ഒരു അമ്മയും വിവാഹ ബന്ധം വേർപെട്ട് നിൽക്കുന്ന ഒരു സ്ത്രീകൂടി ആണ്…

എനിക്ക് എന്റെ മോളെ പഠിപ്പിക്കണം അവളെ വളർത്തണം… നാളെ മറ്റൊരാൾക്ക് അവൾ ഒരു ബാധ്യത ആകാൻ പാടില്ല… അതിന് ഞാനും മോളും മാത്രം മതി അതാണ് നല്ലത് ഹരി.. ”

ഭദ്രയുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി, പിന്നെ അവളെ നിർബന്ധിച്ചിട്ട് കാര്യമില്ല, ഒരിക്കൽ ഞാൻ കാരണം തന്നെയാണ് അവളുടെ ജീവിതം ഇങ്ങനെ ആയത്..

” എങ്കിലും എത്രനാൾ ഇങ്ങനെ തനിച്ച്….. ”

തനിച്ച് അല്ലല്ലോ കൂട്ടിന് മോള് ഇല്ലേ….

പിന്നെ അരികിൽ ഇല്ലെങ്കിലും എന്നേ സ്നേഹിക്കുന്ന ഒരാൾ ഇല്ലേ അതൊക്കെ പോരെ മുന്നോട്ടുള്ള ജീവിതത്തിന്..

ഞാൻ ഒരു ദീർഘനിശ്വാസത്തോടെ തിരമാലകളെയും നോക്കി ഇരുന്നു…

” മോളെ നമുക്ക് പോകാം..”

അത് പറഞ്ഞ് ഭദ്ര മോളെയും കൂട്ടി എഴുന്നേറ്റു..

പതിവ് പോലെ എനിക്ക് ഒരു ഉമ്മ തന്നിട്ട് ഭദ്രയുടെ കയ്യും പിടിച്ച് അനാമിക കടൽ തീരത്ത് കൂടെ നടന്നു നീങ്ങി.. ഭദ്രയ്ക്കൊപ്പം അനാമികയുടെ ഒരു കയ്യും പിടിച്ചു നടക്കാൻ എന്റെ മനസ്സും വല്ലാതെ കൊതിച്ചിരുന്നു…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ശ്യാം കല്ലുകുഴിയിൽ


Comments

Leave a Reply

Your email address will not be published. Required fields are marked *