എന്നെ കണ്ടിട്ടും അവനൊരു പരിചയവുമില്ലാത്ത മട്ടില്‍ നില്‍ക്കുന്നു. എനിക്കാകെ ദേഷ്യം വന്നു

രചന : ആതിര

എന്നും കോളേജിലേക്കുള്ള യാത്രയില്‍ എതിരേ അവന്‍ വരുമായിരുന്നു… ദൂരേ നിന്നു കാണുമ്പോള്‍ തന്നെ ഒന്നു ഹോണടിക്കും…പിന്നെ അരികിലെത്തുമ്പോള്‍ ഒരു ചെറു ചിരിയോടെ കടന്നു പോവും…

അതൊരു പതിവായി മാറിയിട്ട് ഒരു മാസം കഴിഞ്ഞു…

ഒരു ദിവസം അവനെന്‍റെ അരികില്‍ ബൈക്ക് നിര്‍ത്തി…ഞാന്‍ ചോദ്യ ഭാവത്തില്‍ അവനെ നോക്കി…

എന്നോട് പേരു ചോദിച്ചു…

എന്തിനാ ഇപ്പോള്‍ പേരറിയുന്നത് എന്നു ചോദിച്ചപ്പോള്‍ ഒരു ചെറു ചിരി മാത്രം

ഓക്കെ ഇഷ്ടമല്ലെങ്കില്‍ പറയേണ്ടാ എന്നും പറഞ്ഞവന്‍ ബൈക്ക് ഓടിച്ചു പോയി….

പിന്നെ ഒരുപാട് നാളുകള്‍ അവനെ കണ്ടതേ ഇല്ല….

എനിക്ക് അതൊരു വിഷമമായി ഉള്ളില്‍ കിടന്നു

കുറേ നാളുകള്‍ കാണാനുള്ള മോഹവുമായി രാവിലെ കുറച്ചു കൂടി അണിഞ്ഞൊരുങ്ങിയാ വീട്ടിന്നിറങ്ങാറ്…

മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു പിന്നെയും ദിവസങ്ങള്‍ കൊഴിഞ്ഞു പോയി….

ഒരു ദിവസം അമ്മയ്ക്ക് പനിയായിട്ട് ഹോസ്പിറ്റലില്‍ കൂടെ ഞാനും പോയി…

വലിയൊരു ഹോസ്പിറ്റലായിരുന്നു അത്…

ടോക്കനുമെടുത്ത് വരാന്തയില്‍ കാത്തിരിക്കുമ്പോള്‍ മുന്നിലൂടെ ഒരു പ്രായമായ സ്ത്രീയുടെ കയ്യും പിടിച്ചു അവന്‍ ദൂരേന്ന് നടന്നു വരുന്നത് കണ്ടു…

അടുത്തെത്തിയപ്പോള്‍ ഞാന്‍ പരിചയ ഭാവത്തില്‍ അവന്‍റെ മുഖത്തേക്ക് നോക്കി …

അവന്‍ പക്ഷെ എന്നെ കാണാത്ത ഭാവത്തില്‍ നമ്മളെ കടന്നു പോയി….

എനിക്കു സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു…

ഡോക്ടറെ കണ്ടിട്ട് മരുന്ന് വാങ്ങാനായി ഞാന്‍ മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ ലൈന്‍ നില്‍ക്കുമ്പോള്‍ അവനെന്‍റെ തോട്ടു പിറകില്‍ വന്നു നിന്നു…

മുന്നില്‍ പത്തോളം പേരുണ്ടായിരുന്നു…ക്യൂവില്‍..

അവനൊരു പരിചയവുമില്ലാത്ത മട്ടില്‍ അങ്ങനെ നില്‍ക്കുന്നു …. എനിക്കാകെ ദേഷ്യം വന്നു പെരുത്തു… ഞാന്‍ തിരിഞ്ഞു നിന്നിട്ടവന്‍റെ കണ്ണുകളിലേക്ക് നോക്കി….

കാണാന്‍ നല്ല ഭംഗിയുള്ള മുഖം… കുറ്റി താടി രോമങ്ങള്‍ അവനു നന്നായി ചേരുന്നുണ്ടായിരുന്നു

അവനപ്പോള്‍ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി

ഹലോ…ഞാന്‍ ആതിര….ഞാന്‍ സ്വയം പരിചയപ്പെടുത്തി…

അപ്പോള്‍ അവന്‍റെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നു..

എന്താ ചിരിക്കുന്നേ…? അല്ല അന്നു ഈ പേരു പറയാനായിരുന്നോ ഇത്ര വിഷമം…?

അങ്ങനെ പെട്ടെന്ന് കേറി കാണുന്നവരോടൊക്കെ പേരു പറയാവോ….?

എന്നിട്ടിപ്പോള്‍ എന്തു സംഭവിച്ചു…

നമ്മള്‍ കുടുംബക്കാരായോ….?

അതല്ല….പിന്നെയാ ഞാനോര്‍ത്തത് ഒരുവട്ടം പേരു പറയായിരുന്നൂന്ന്….

മം…അവനൊന്നു മൂളി….

ഏട്ടന്‍റെ പേരെന്താ….ഞാന്‍ അറിയാനുള്ള ആകാംക്ഷ സഹിക്കാന്‍ വയ്യാതായപ്പോള്‍ ചോദിച്ചു പോയി.

ഓ എന്‍റെ പേരറിഞ്ഞിട്ടെന്തിനാ ഇനി ഒരു കാര്യവുമില്ല……

അതെന്താ അങ്ങനെ….?

ഹേയ് ഒന്നുമില്ല പെണ്ണേ….

അവന്‍ പറയാന്‍ ഭാവമില്ലാതെ ഒഴിഞ്ഞു മാറി….

ഞാനാണെങ്കിലോ അവനെ വിടാനും ഭാവമില്ല….

നിങ്ങളെന്താ ചെയ്യുന്നത്… അവനെന്നെ സൂക്ഷിച്ചു നോക്കി…

ആതിരയ്ക്കിപ്പോള്‍ എന്താ അറിയേണ്ടത്…?

ഒരു ചെറു ചിരിയുണ്ടാ മുഖത്ത്….

അന്നു ഞാന്‍ തന്നോട് പേരു ചോദിച്ചത് ഒരു വിവാഹാലോചനയ്ക്ക് വേണ്ടിയായിരുന്നു….

ചെറുക്കന്‍ ഇവിടത്തെ സ്കൂളിലെ പ്ളസ്ടു അദ്ധ്യാപകന്‍…. കാണാന്‍ സുന്ദരന്‍…

തനിക്കു നന്നായിട്ട് ചേരുമായിരുന്നു…. യാതൊരു ബാദ്ധ്യതയുമില്ല ..

പുതിയ വീട്, അച്ഛന്‍, അമ്മ, അവനും….നല്ല മിടുക്കനായ പയ്യന്‍… യാതൊരു ദുഃശ്ശീലങ്ങളുമില്ല….

യാതൊരു ഡിമാന്‍റുമില്ലായിരുന്നു…. നല്ലോണം പഠിക്കുന്ന സുന്ദരിയായൊരു പെണ്ണ്….

അതു മാത്രായിരുന്നു അവന്‍റെ മോഹം….

എന്നിട്ട് കിട്ടിയോ….ഞാന്‍ തെല്ലു സങ്കടത്തോടെ ചോദിച്ചു….

ഒരു കുട്ടിയെ കണ്ടു… ഇഷ്ടായി….അന്വേഷിച്ചു നോക്കിയപ്പോള്‍, അച്ഛന് ടൗണില്‍ ഒരു ചെറിയ ചായക്കട…. അയാള്‍ക്ക് രണ്ടു പെണ്‍മക്കള്‍…..

മൂത്ത പെണ്ണിനെ കെട്ടിച്ചു വിടാന്‍ ആകെയുണ്ടായിരുന്ന വീടും പത്തു സെന്‍റ് സ്ഥലവും ബേങ്കില്‍ പണയത്തിലാ… അതിനിളയവളാ പെണ്ണ്… കാണാന്‍ സുന്ദരി….നല്ല പോലെ പഠിക്കും പ്ളസ്ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ളസ് നേടി നാട്ടിലെ താരമായ് മാറിയിരുന്നു…

ഇപ്പോള്‍ ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ത്ഥിനി…ആ കോളജിന്‍റെ റാങ്ക് പ്രതീക്ഷ

അവളുടെ പേര് ആതിരാന്നാണോ….? നിറഞ്ഞു വന്ന കണ്ണുകളോടെ ഞാനവനോട് ചോദിച്ചു…

ആരും കാണാതെ കണ്ണു തുടച്ചു …..

മം….അവന്‍ പിന്നെയും മൂളി….. അല്ല ആരാ പയ്യന്‍….? ഞാന്‍ ചോദിച്ചു…..

എടി പെണ്ണേ ഓര്‍മ്മയുണ്ടോ ഈ സ്ഥലം….

ഞാനവന്‍റെ പിറകിലിരുന്ന് ചിരിച്ചു …നമ്മള്‍ ആദ്യം കണ്ടു മുട്ടിയത് ഇവിടുന്നായിരുന്നു….

ആരാ അച്ഛാ ആദ്യം കണ്ടത്… അമ്മയാണോ അതോ അച്ഛനോ…?

മുന്നിലിരിക്കുന്ന നാലു വയസ്സുകാരന്‍ അമല്‍ ചോദിച്ചു…

നിന്‍റമ്മയാ ആദ്യം അച്ഛനെ നോക്കിയത്..

എന്നിട്ടെന്നെ നോക്കി ചിരിക്കാന്‍ തുടങ്ങീ …

അങ്ങനെയാ അച്ഛനീ അമ്മയെ വളച്ചെടുത്തത്…

പിറകീന്ന് ഞാനവന്‍റെ കവിളില്‍ നുള്ളി……

എന്തും പറഞ്ഞോട്ടെ…

ചേട്ടന്‍റെ സ്കൂളിലെ ടീച്ചറാ ഇപ്പോഴീ ആതിര…..അച്ഛന്‍റെ കടമെല്ലാം തീര്‍ത്ത് ആധാരം തിരിച്ചെടുത്തു…. ചേച്ചിയും മക്കളും ചേട്ടനും സുഖമായിരിക്കുന്നു…. മനസ്സില്‍ ദൈവത്തോട് നന്ദി മാത്രേ ഉള്ളൂ തനിക്ക്…ഈ ഏട്ടനെ കൊണ്ടു മുന്നില്‍ തന്നതിന്….

ഒന്നും പറയാതെ അറിയാതെ പോയിരുന്നെങ്കില്‍ ജീവിതം നരകമായേനെ….!!

ഈശ്വരാ ഈ ജന്‍മം ഞാനീ ഏട്ടനോട് കടപ്പെട്ടിരിക്കുന്നു….!

ലൈക്ക് കമന്റ് ചെയ്യണേ…

രചന : ആതിര