തേൻനിലാവ്, നോവൽ, ഭാഗം 31 വായിച്ചു നോക്കൂ….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

“നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല…… ”

“എന്തുകൊണ്ട് സമ്മതിച്ചൂടാ…. ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ വിവാഹം കഴിക്കണമെന്നല്ലേ ഞാൻ പറഞ്ഞൊള്ളു… ”

“പറ്റില്ല മനു… നിൻെറ ചേച്ചിയുടെ കൂടെ പഠിച്ചതാ അവള്… ”

മാധവി (മനുവിൻെറ അമ്മ)

മനുവിന് നേരെ കയർത്തു.

“അതിനെന്താ അമ്മേ… മീരയുടെ കൂട്ടുകാരിയാണ് എന്നതാണോ അമ്മയുടെ പ്രശ്നം… എന്നേക്കാൾ നന്നായിട്ട് അമ്മക്ക് അവളെ അറിയാവുന്നതല്ലേ… ”

മനു അവരുടെ തോളിൽ സ്നേഹത്തോടെ പിടിച്ചു.

“എന്തു പറഞ്ഞാലും പറ്റില്ല….. നിങ്ങൾ എന്താ മനുഷ്യാ ഒന്നും മിണ്ടാതെ ഇരിക്കുന്നത്..

നിങ്ങൾക്കൊന്നും പറയാനില്ലേ….. ”

മനുവിൻെറ കൈ തട്ടി മാറ്റി അവർ ഭർത്താവ് കൃഷ്ണൻെറ അടുത്തു പോയി.

“സമയം ഒരുപാടായി ഭക്ഷണം കഴിച്ചു കിടക്കാൻ നോക്ക്….”

അവിടെ നടക്കുന്ന ലഹളയെ നിസ്സാരവത്കരിച്ചുകൊണ്ട് അയാൾ സോഫയിൽ നിന്നും എഴുന്നേറ്റു.

“അതാണോ ഇപ്പോ വലുത്…. ഇവൻ പറയുന്നതൊന്നും നിങ്ങൾക്ക് കേട്ടൂടെ…

പൊന്നുമോന് കല്യാണം കഴിക്കണമെന്ന് അതും കൂടെ പഠിക്കുന്നവൻെറ ചേച്ചിയെ……. ”

മാധവി മനുവിനെ തറപ്പിച്ചൊന്നു നോക്കി.

“ജിത്തുവും ജാനുവുമൊക്കെ എന്നു മുതലാ മാധവി നിനക്ക് മകൻെറ കൂട്ടുകാരനും ചേച്ചിയും മാത്രം ആയത്…. ഇവരെക്കാളും ഇഷ്ടം ആയിരുന്നല്ലോ നിനക്ക് അവരെ രണ്ടുപേരേയും…. ”

മുഖത്തും വാക്കുകളിലും സൗമ്യതയായിരുന്നു.

“അത് ഇപ്പോഴും അങ്ങനെ തന്നെയാണ്… അവരും എൻെറ മക്കളാ… ”

“എന്നാ നീ കൂടുതൽ ആലോചിച്ചു തല പുണ്ണാക്കണ്ട…… ”

ഭാര്യയുടെ തലക്കിട്ടൊരു കൊട്ടു കൊടുത്ത് അയാൾ മകനു നേരെ തിരിഞ്ഞു.

“കൊച്ചു കുട്ടിയൊന്നും അല്ലാലോ… അവനു ശരി എന്ന് തോന്നുന്നത് അവൻ ചെയ്യട്ടേ……. ”

“അച്ഛനും മോനും കൂടി എന്താന്ന് വച്ചാ ചെയ്യ്… ”

മാധവി ചവിട്ടി തുള്ളി മുറിയിൽ കയറി കതകടച്ചു.

“പണ്ടു മുതലേ മനസ്സിൽ അടിച്ചേൽപ്പിക്കപ്പെട്ടതൊന്നും വിട്ടു കളയാൻ ചിലരേക്കൊണ്ട് പറ്റില്ല…

അതിപ്പോ എത്ര വലിയ മണ്ടത്തരം ആയാലും അവരതിൽ മുറുകെ പിടിക്കും…. ആ പോയവൾ അങ്ങനെ അല്ല കാര്യം പറഞ്ഞാൽ അവൾക്ക് മനസ്സിലാകും…. എൻെറ മകനെ ഓർത്ത് എനിക്കെന്നും അഭിമാനം മാത്രമേ ഉണ്ടായിട്ടൊള്ളു…. ഇപ്പോഴും അത് അങ്ങനെ തന്നെ……. ”

“പക്ഷെ അച്ഛാ…. ഹരിദാസ് അങ്കിൾ…. അങ്കിൾ ഇതിന് സമ്മതിക്കില്ല…. ”

മനുവിൻെറ തല താണു.

“നിൻെറ കൂടെ ജീവിക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആരു തടഞ്ഞാലും അവൾ ഈ കൃഷ്ണൻെറ മരുമകളാ….. ”

നെറുകിൽ വാത്സല്യപ്പൂർവ്വം തലോടി നടന്നകലുന്ന ആ മനുഷ്യൻ തന്നെയായിരുന്നു അവൻെറ കരുത്ത്.

കൈപിടിച്ചു കൂടെ നിൽക്കാൻ ജന്മം നൽകിയവർ തന്നെ മുന്നോട്ടു വരുന്നതിനേക്കാൾ ധൈര്യം മറ്റൊന്നുമില്ല.

മക്കളെ മനസ്സിലാക്കാനും അവർക്കൊപ്പം നിൽക്കാനും മാതാപിതാക്കൾ തയ്യാറായാൽ മക്കളെന്നും അവരുടെ കൈപ്പിടിയിൽ ഭദ്രമായിരിക്കും.

**********

“ശ്ശോ…. ഈ കുന്തം പഠിച്ചിട്ടു തലയിൽ കേറണില്ലാലോ…. ”

അപ്പു പുസ്തകത്തിൽ നോക്കി തല ചൊറിഞ്ഞിരുപ്പാണ്.

“ഒരു മണിക്കൂറായി അപ്പു നീ ഒരു എസ്സേയും പിടിച്ചിരിക്കാൻ തുടങ്ങിയിട്ട്…. ഇതുവരെ നിനക്കത് പഠിക്കാൻ പറ്റിയില്ലേ…. ”

“പറ്റാത്തോണ്ടല്ലേ…… ഹമ്മേ…. മിക്കവാറും ഞാൻ പൊട്ടും… ”

കാറ്റഴിച്ച ബലൂൺ പോലെ അവൾ ജിത്തുവിൻെറ നെഞ്ചിലേക്ക് ചാഞ്ഞു.

“എഴുന്നേറ്റിരുന്ന് പഠിക്ക് അപ്പു… ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു……. ”

ജിത്തു അവളെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചതും വീണ്ടുമവൾ അതേപോലെ തന്നെ അവൻെറ നെഞ്ചിലേക്കു തന്നെ ചാഞ്ഞു.

“കളിക്കല്ലേ അപ്പു… മ്… എഴുന്നേറ്റേ…… ”

ജിത്തുവിൻെറ സ്വരം കടുത്തു.

“ങ്ഹും… ദുഷ്ടൻ…… ”

അവനെ നോക്കി പേടിപ്പിച്ചുകൊണ്ട് അപ്പു വീണ്ടും പുസ്തകത്തിലേക്ക് തല കുനിച്ചു.

അപ്പുവിൻെറ കാട്ടിക്കൂട്ടലുകളെല്ലാം കണ്ട് രസിച്ചിരിക്കുകയാണ് ജിത്തു.

“എന്നെ ഗിത്താർ വായിക്കാൻ പഠിപ്പിക്കോ….. ”

രണ്ടു വരി വയിക്കുമ്പോഴേക്കും അപ്പു തല പൊക്കി.

“ഇവളെക്കൊണ്ട്…. മിണ്ടാതെ ഇരുന്ന് പഠിക്കെടി…… ”

“പ്ലീസ്… പ്ലീസ്….. പ്ലീസ്…. കുറച്ചു നേരം മതി… പ്ലീസ്… ഞാൻ ഇത്രയും നേരം വായിച്ചില്ലേ…. ”

അപ്പു അവൻെറ കൈ പിടിച്ചു കെ_ഞ്ചി.

“ഹമ്മ്…… ”

അവനൊന്ന് ഇരുത്തി മൂളി.

“ഹൈ…… ”

കേൾക്കേണ്ട താമസം പുസ്തകം എല്ലാം കൂടി പെറുക്കി മാറ്റി അവൾ ഓടിപ്പോയി ഗിത്താർ എടുത്തുകൊണ്ടു വന്നു.

“എന്താ ആവേശം…. ഇത്രയും നേരം ഇരുന്ന് ഉറക്കം തൂങ്ങിയവളാ….. ”

അവളെ കടുപ്പിച്ചൊന്ന് നോക്കിയവൻ ഗിത്താർ കയ്യിൽ വാങ്ങി.

“ഈ….. ആദ്യം വായിച്ച് കേൾപ്പിക്ക്… എന്നിട്ട് എനിക്ക് പഠിപ്പിച്ച് താ….. ”

അവൾ അവനൊപ്പമിരുന്നു.

***************

അപ്പുവിൻെറ മുഖത്തേക്ക് ഉറ്റു നോക്കിയാണവൻ പാടി തുടങ്ങിയത്. ഗിത്താറിൽ നിന്നുമുയരുന്ന മനോഹര സംഗീതവും ജിത്തുവിൻെറ സ്വരവും കൂടി ചേർന്നപ്പോൾ അപ്പുവിൻെറ കണ്ണുകൾ വിടർന്നു.

***********

“അരേ… വ്വാ……. ”

പാട്ടവസാനിച്ചതും അപ്പു എഴുന്നേറ്റു നിന്ന് കയ്യടിച്ചു.

“എന്ത് രസാ… എന്നേം പഠിപ്പിക്ക്……. ”

അവൾക്ക് ആവേശമായി.

അവളുടെ വിടർന്ന കണ്ണുകളിലും നിറഞ്ഞ ചൊടികളിലും കുരുങ്ങി കിടക്കുകയിരുന്നു ജിത്തുവിൻെറ മിഴികൾ. അപ്പു കൗതുകത്തോടെ ഗിത്താർ നോക്കി നിൽക്കുകയാണ്. അവൻ അവളെ പിടിച്ചു മടിയിലേക്കിരുത്തി.

പെട്ടന്നായതുകൊണ്ട് അപ്പു ഒന്ന് പതറി. തോളിലേക്കു വീണു കിടന്നിരുന്ന മുടിയിഴകളെ ഒരു വശത്തേക്കു ഒതുക്കി വച്ചവൻ അവളുടെ തോളിൽ താടിയൂന്നി. ഇരു മെയ്യും തമ്മിൽ ഒരു ശ്വാസത്തിൻെറ അകലം പോലും ഇല്ലാത്ത വിധത്തിൽ അവൻ അവളോടു ചേർന്നു.

അവൻെറ ഹൃദയതാളം അപ്പുവിൻെറ നട്ടെല്ലിനേയും വാരിയെല്ലുകളേയും ഭേദിച്ച് ഹൃദയത്തിലെത്തി നിന്നു. അവൻെറ ഹൃദയമിടിപ്പിൽ പോലും സംഗീതമുള്ളതുപോലെ. തോളിൽ നിന്നും വലതു മാറിലേക്കരിച്ചിറങ്ങുന്ന അവൻെറ ചുടുശ്വാസം അവളിൽ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ടിരുന്നു.

അവളുടെ ഇടതു കൈ ഗിത്താർ നെക്കിലും വലതു കൈ സൗണ്ട് ഹോളിനോടും ചേർത്തു പിടിച്ചു.

വിരലുകൾക്കുമീതെ വിരൽ വച്ചുകൊണ്ടവൻ പതിയെ വായിക്കാൻ തുടങ്ങി.

ഗിത്താറിൽ നിന്നും വ്യതിചലിച്ച് അപ്പുവിൻെറ ശ്രദ്ധ ജിത്തുവിൻെറ ശ്വാസതാളത്തിലേക്ക് മാത്രമായി ചുരുങ്ങി.

പരസ്പരം ചേർന്നിരിക്കുന്ന നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതെന്ന് ഇരു ഹൃദയങ്ങളും ഒ_ന്നായി മന്ത്രിച്ചുകൊണ്ടിരുന്നു.

***************

“കിലോമീറ്ററുകളോളം നടന്നിട്ടാ ഞാനൊക്കെ സ്കൂളിൽ പോയിക്കൊണ്ടിരുന്നത്….. ”

“മ്……. ”

അച്ഛമ്മ പറയുന്ന പഴങ്കഥകൾ കേട്ട് ഉറക്കം തൂങ്ങി ഇരിക്കുകയാണ് ശിവ.

“നീ കേൾക്കുന്നുണ്ടോ ശിവൻക്കുട്ടിയേ….. ”

“ഹേ… ഹാ…. പിന്നേ….. അച്ഛമ്മ പറയ്…..”

അടഞ്ഞു തുടങ്ങിയ കൺപോളകളവൻ പാടുപെട്ട് വലിച്ചു തുറന്നു.

“ങേ….. ”

“ഓ…….”

കേൾക്കുന്നുണ്ട് അച്ഛമ്മേ…..

ചെവി കൂ_ർപ്പിച്ചു പി_ടിച്ചിരിക്കുന്ന അച്ഛമ്മയോടവൻ തൊണ്ട പൊട്ടി വിളിച്ചു കൂവി.

“പണ്ടൊക്കെ ബസ്സിൽ പോവാൻ പത്തു പൈസ കൊടുത്താൽ മതിയായിരുന്നു… പക്ഷെ ആ പത്തു പൈസക്ക് വേണ്ടി എന്തോരും കഷ്ടപ്പെട്ടാലാ.. അതൊക്കെ ഒരു കാലം…

ഇപ്പോഴത്തെ പിള്ളേർക് ഇത് വല്ലതും അറിയണോ….. അതൊക്കെ ഒരു കാലം…. ”

പഴയ ഓർമ്മകളിൽ അവരൊന്ന് നെടുവീർപ്പിട്ടു.

“അമ്മക്ക് കഴിക്കാൻ കഞ്ഞി എടുത്ത് വച്ചിട്ടുണ്ട്..”

പാത്രത്തിൽ കഞ്ഞിയുമായി ഡൈനിങ്ങ് ടേബിലേക്കു നടക്കുന്ന അമ്മയെ ശിവ ആരാധനയോടെ നോക്കി.

കഷ്ടപ്പാടിൽ നിന്നും കരകയറ്റാൻ എത്തിയ മാലാഖയെപ്പോലെ ആണ് അവനപ്പോൾ തോന്നിയത്..

ചിറകിൻെറ കുറവ് മാത്രമേ ഉള്ളൂ.

“നീ കഴിക്കുന്നില്ലേ മോനേ….. ”

“ഞാൻ പിന്നെ കഴിച്ചോളാം… ”

“ഹാ…. നാരായണ…. നാരയണ……. ”

നേര്യതിൻെറ തലപ്പു ഒന്നുകൂടി കയറ്റിയിട്ട് അവർ പതിയെ ഭക്ഷണം കഴിക്കാനായി എഴുന്നേറ്റു പോയി.

ആ പോക്ക് നെഞ്ചിൽ കയ്യും വച്ച് ആശ്വാസത്തോടെ അവൻ നോക്കിയിരുന്നു.

“Happy independence day ശിവൻക്കുട്ടിയേ…… ”

അച്ഛമ്മ പോയതിൻെറ പുറകെ മേഘ വന്നവൻെറ അടുത്തിരുന്നു.

“നീ എവിടെ ആയിരുന്നെടി കോപ്പേ….. ”

“ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു… ഡൈലി മൂന്നു നേരം കേൾക്കുന്ന കഥയാ.. ഇനി കുറച്ചു ദിവസം എൻെറ ശിവൻക്കുട്ടി കേൾക്ക്ട്ടോ..”

മേഘ സോഫയിൽ വിശാലമായി മലർന്നു കിടന്നു.

“പോടി തെണ്ടി… എക്സ്പയറി കഴിഞ്ഞ ആ മുതലിനേയും കൊണ്ടാണേൽ ഇനി മേലാൽ നീ ഇങ്ങോട്ട് വന്നേക്കരുത്… ആറ് മണിക്ക് തുടങ്ങിയ കഥ പറച്ചിലാ മുത്തി… ഇപ്പോ തന്നെ ഞാനിത് പത്താമത്തെ തവണയാ കേൾക്കുന്നത്… ”

ശിവ തലക്കു കൈ വച്ചു.

“ഇരുന്ന് കേട്ടോ…. നിനക്ക് വേറെ പണിയൊന്നും ഇല്ലാലോ….. ”

മേഘ നന്നായിട്ടങ്ങ് പുച്ഛിച്ചു.

“പിന്നെ നിനക്ക് കപ്പ കുത്താൻ പോണോലോ….. ”

“അല്ലാടാ കിണറ് കുത്താൻ… എന്ത്യേ നീ വരുന്നുണ്ടോ…… ”

“പോ വദൂരി…. എനിക്ക് അതല്ലേ പണി….

ഞാൻ പോയി എൻെറ പെണ്ണിനോട് സൊള്ളട്ടേ….. ബൈ……”

ഇരുമുഖനിലെ വിക്രമിനെപ്പോലെ ഒടുക്കത്തെ എക്സ്പ്രഷനൊക്കെ ഇട്ടവൻ മുറിയിൽ കയറി ഫോണെടുത്ത് ദേവമ്മയേ വിളിച്ചു.

“ഹലോ…. ദേവമ്മേ…….. ”

പ്രണയത്തോടെയവൻ നീട്ടി വിളിച്ചു.

“എനിക്കിനി രണ്ടു ചാപ്റ്റർ കൂടി നോക്കാനുണ്ട്…

എക്സാമിന് ഇനി രണ്ടു ദിവസമേ ഒള്ളു……

എൻെറ പൊന്നോ… ഇതിനി ഞാൻ എപ്പോ പഠിച്ചിട്ട് ഒന്നൂടി റിവിഷൻ ചെയ്യാനാ….

ഞാൻ പോട്ടേ.. ബൈ……. ”

പറയലും അവൾ ഫോൺ കട്ടാക്കി.

“അല്ല…. ദേവമ്മേ…. ഞാ….

ഹലോ….ഹലോ…… ”

“പെണ്ണ് ഫോൺ വച്ചൂലേ….. ”

വാതിൽക്കൽ ചാരി നിന്ന് ചിരിക്കുകയാണ് മേഘ.

“ഏയ്…. ഞാനാ വച്ചത്… അവൾ ഫസ്സ്റ്റ് ഇയർ അല്ലേ നന്നായിട്ട് പഠിക്കട്ടേ…. ഇവിടെ നല്ല ചൂട്… ഞാൻ പുറത്തിറങ്ങി ഇരിക്കട്ടേ…… ”

ശിവ നൈസായിട്ട് പുറത്തേക്കു വലിഞ്ഞു.

******************

അങ്ങനെ പരീക്ഷയും വന്നെത്തി. ജിത്തു കിണഞ്ഞു പരിശ്രമിച്ചതിൻെറ ഫലമായി അത്യാവശ്യം നല്ല രീതിയിൽ തന്നെ അപ്പുവിന് പരീക്ഷ എഴുതാൻ പറ്റി.

ദേവമ്മ പിന്നെ പുസ്തകം അരച്ചു കലക്കി കുടിച്ചിരുന്നതുകൊണ്ട് അവൾക്കിതൊക്കെ നിസ്സാരം.

“എൻെറ അമ്മോ…. അങ്ങനെ ആ കടമ്പ കഴിഞ്ഞു…. ഇനി അടുത്ത അങ്കം വെട്ട്….. ”

ചോദ്യപ്പേപ്പർ ചുരുട്ടിക്കൂട്ടി ബാഗിലേക്കു വച്ചു കൊണ്ട് അപ്പു ആശ്വാസത്തോടെ ക്ലാസ്സിനു പുറത്തിറങ്ങി. ദേവമ്മ അപ്പോഴും തകർത്ത് എഴുതുകയാണ്.

“ഇവൾ എന്താണാവോ ഈ മാതിരി എഴുതി വക്കണത്…..”

അവളെ ഒന്നു നോക്കിയിട്ട് അപ്പു പി ജി ക്ലാസ്സിനടുത്തേക്കു പോയി. ജിത്തുവും പരീക്ഷ എഴുതി കഴിഞ്ഞിട്ടില്ല. നല്ല ഗൗരവത്തിലാണ് ആളുടെ എഴുത്ത്.

അപ്പു കുറച്ചു നേരം അവനെ തന്നെ നോക്കി നിന്നു.

നോക്കി നോക്കി അത് വാതിൽക്കൽ കയ്യും കെട്ടി അവളെ ശ്രദ്ധിക്കുന്ന ടീച്ചറിൽ എത്തി നിന്നു.

പുരികം ഉയർത്തിയുള്ള ടീച്ചറുടെ നോട്ടം കണ്ട് ഒരു അവിഞ്ഞ ചിരിയും പാസാക്കി അപ്പു കണ്ടം വഴിയോടി.

കോളേജിനു പുറത്തു റോഡിനപ്പുറം അവൾ സ്ഥിരമായി തേൻമിഠായി വാങ്ങാറുള്ള കടയിൽ നിൽക്കുമ്പോഴാണ് ആരോ അവളുടെ തോളിൽ കൈ വച്ചത്.

തിരിഞ്ഞു നോക്കിയ അപ്പു മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അടിമുടി വിറച്ചു.

“വി….. ശ്വ…….. ”

അവളുടെ വാക്കുകൾ ഇടറി….

(തുടരും……..)

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)