അയ്യേ.. വൃത്തികെട്ടവൻ… ദേഹത്തൂന്ന് വിട് കണ്ണാ.. എന്താ ഈ കാണിക്കണേ….

രചന : മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

പൗർണ്ണമി തിങ്കൾ….

*************

“”അയ്യേ.. വൃത്തികെട്ടവൻ… ദേഹത്തൂന്ന് വിട് കണ്ണാ..എന്താ ഈ കാണിക്കണേ.

ബാക്ക്യൊക്കെ കല്യാണം കഴിഞ്ഞതിനു ശേഷം മതീട്ടോ. ഇപ്പൊ ഇതൊന്നും ശര്യാവില്ല്യ””..

പൗർണ്ണമി കണ്ണനെ തള്ളി മാറ്റാൻ നോക്കി.

“”ഓഹ്.. പെണ്ണ് കുറുകുന്നത് കണ്ടില്ല്യേ.

ഞാനൊന്ന് തൊട്ടാലെന്താ. തേഞ്ഞു പോവ്വോ ന്റെ ടീച്ചറേ ഇയ്യ്””.. കണ്ണൻ വീണ്ടും പൗർണ്ണമിയെ വാരി പുണരാൻ കൈകൾ നീട്ടി. അവൾ ചുണ്ട് കടിച്ചു വേണ്ട എന്ന് തലയാട്ടി കൊണ്ട് രണ്ടടി പുറകോട്ട് മാറി. പുരികം ഉയർത്തിയും താഴ്ത്തിയും കൃഷ്ണ മണി ചുഴറ്റിയും കളിപ്പിച്ചു കൊണ്ട് അവനെ നോക്കി.

“”തേഞ്ഞു പോവ്വോന്നൂല്ല്യ.. ന്നാലും വേണ്ട കണ്ണാ””.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവനെ ഇടങ്കണ്ണിട്ട് നോക്കി.അവന്റെ മുഖത്ത് വിരിയുന്ന മോഹഭംഗം സഹിക്കാനാവാതെ അവൾ അവന്റെ അടുത്തേക്ക് നടന്നു.

“”നെന്റെ ആ ചുക്കി ചുളിഞ്ഞ മുതുക്കി മുത്തശ്ശി ചത്തിട്ട് വേണ്ടേ ഇക്ക് നെന്നെ കെ_ട്ടാൻ. തള്ളക്കാണെങ്കി ചാകണോന്ന് ഒരു വിചാരോല്ല. അത് ജീവിച്ചിരിക്കെ ഞാൻ നിന്നെ കെട്ടില്ല്യ””. കണ്ണൻ പകുതി കാര്യത്തിൽ പറഞ്ഞു ചിരിച്ചു. പൗർണ്ണമിക്ക് നെഞ്ചിൽ ഒരു മിന്നലേറ്റ പോലെ തോന്നി. മുഖം തൊട്ടാവാടിയുടെ ഇലകൾ പോലെ വാടി കൂമ്പി. മുഖത്തെ പ്രസരിപ്പ് പെട്ടെന്ന് എവിടെയോ പോയി മറഞ്ഞു. ആ സ്ഥാനത്ത് ദുഃഖം സ്ഥാനം പിടിച്ചു.

“”ന്നാ.. നമ്മുടെ കല്യാണം ഒരിക്കലും നടക്കില്ല്യ കണ്ണാ. ഇക്ക് നിന്നേക്കാട്ടിലും വലുതാ ന്റെ മുത്തശ്ശി.

ആ മുത്തശ്ശിടെ മരണം ന്റെ സ്വപ്നങ്ങളിൽ പോലൂല്ല്യ. കണ്ണൻ ആവോണ്ട ഞാൻ ക്ഷമിക്കണേ.

അല്ലെങ്കി ന്റെ വായേന്നു വീഴ്ണതെന്താണ്ന്ന് ഇക്ക് തന്നെ നിശ്ച്യോണ്ടാവില്ല്യ…

പൗർണ്ണമി താഴേക്ക് നോക്കി കൊണ്ട് പറഞ്ഞു. അവളുടെ നിറഞ്ഞു തുളുമ്പിയ വലിയ മിഴികൾ അവൾ തുടച്ചു.

‘”കളയ്‌ പെണ്ണേ.. നിന്ന് ചിണുങ്ങാതെ.

ഞാനൊരൂട്ടം കളി പറഞ്ഞതല്ലേ””..

കണ്ണൻ ചിരിച്ചു കൊണ്ട് വീണ്ടും അവളെ ദേഹത്തോടെ ചേർക്കാൻ കൈകൾ നീട്ടി. അവൾ വിതുമ്പി കൊണ്ട് പുറകിലോട്ട് മാറി.

“”കളിയാണോ ഇത്…ആദ്യായിട്ടൊന്നോല്ല കണ്ണൻ ഇങ്ങനെ പറയണേ. കൊറേ തവണ ഞാൻ പറഞ്ഞില്ല്യേ. ഞാൻ പറഞ്ഞു. കണ്ണന്റെ ഉദ്ദേശവും വേറേണ്ന്ന് ഇക്കിപ്പോ തോന്നണണ്ട്. ഇക്കിനി സഹിക്ക്യാനാവില്ല്യ. ഇക്കാരൂല്ല്യ. ന്റെ മുത്തശ്ശിയല്ലാതെ.. ഞാൻ പോവാണ്””..

പൗർണ്ണമി കണ്ണ് തുടച്ചു കൊണ്ട് ബാഗെടുത്തു തോളിലിട്ടു തിരിഞ്ഞു നടന്നു. അവൾ വല്ലാതെ വിതുമ്പുന്നുണ്ടായിരുന്നു.

“”ശോ… ഒന്ന് ഒത്തു വന്നതാർന്നു. അപ്പഴേക്കും ഞാൻ തന്നെ നശിപ്പിച്ചു””.. കണ്ണൻ നിരാശയിൽ പിറു പിറുത്തു..””പാറൂ.. നിൽക്ക്… ഞാൻ തമാശ പറഞ്ഞതല്ലേ””.. കണ്ണൻ ഉറക്കെ വിളിച്ചു.

അവൾ തിരിഞ്ഞു നോക്കിയില്ല. അവൻ ഓടി..

പൂമുഖ തിണ്ണയിൽ കാലും നീട്ടിയിരിക്കുന്ന പൗർണ്ണമിയുടെ മാളു മുത്തശ്ശി അവൾ വരുന്നതും നോക്കി നീട്ടി വെച്ച കണങ്കാലുകളും ഉഴിഞ്ഞു അവളെ കാത്തിരിപ്പുണ്ടായിരുന്നു. കാലിലെ തടിച്ച ഞരമ്പുകൾ അവരിൽ ചിലപ്പോഴൊക്കെ വല്ലാത്ത വേദന സൃഷ്ടിക്കുമായിരുന്നു.

മുന്നിലെ പാടവരമ്പിലൂടെ നടന്നു വരുന്ന അവളുടെ അവ്യക്ത രൂപം മാളു മുത്തശ്ശിയുടെ വെളുത്ത പാടകൾ നിറഞ്ഞ കണ്ണിൽ തെളിഞ്ഞു. അവർ ഒരു നിശ്വാസം വിട്ടു. “ന്റെ കുട്ടി വര്ണ് ണ്ടല്ലോ”..

അവർ കൈ ചുളിഞ്ഞ കൺ പോളകൾക്ക് മീതെ പിടിച്ചു കൊണ്ട് പറഞ്ഞു. പൗർണ്ണമി പടികൾ കയറി നടന്നു മുറ്റത്തെത്തി.

നെഞ്ചിലെ പിടച്ചിൽ മറച്ചു വെക്കാനായി അവൾ എന്നും ചിരിക്കുന്ന ചിരി ഒന്ന് കൂടി വിടർത്തി ചിരിച്ചു. വെ^ണ്ണ കല്ല് പോലെ മിനുസമാർന്ന വട്ട മുഖം മങ്ങി തിളങ്ങി. മുറ്റത്തേ പടർന്നു പന്തലിച്ച തേൻ മാവിൽ നിന്നും വീണ ചെറിയ മധുര മാങ്ങ രണ്ടെണ്ണം അവൾ പെറുക്കി. ഒരെണ്ണം അവൾ കടിച്ചു. ഒന്ന് മുത്തശ്ശിക്കും കൊടുത്തു. “മുത്തശ്ശൻ നട്ട മാവണ്ത്രെ. മുത്തശ്ശിടെ മോഹം പോലെ ന്നെ വിട്ടു പോയാൽ ദഹിപ്പിക്കാനുള്ള മാവാ. കാറ്റിനൊന്നും വീഴാണ്ടിരുന്നാ മതിയായിരുന്നു”.

അവൾ മനസ്സിൽ പറഞ്ഞു.

എന്തോ ചോദിക്കാൻ ആഞ്ഞു മാളു മുത്തശ്ശി.””വേണ്ട.. മുത്തശ്ശി.. ഞാമ്പറയാം””..

അവൾ ബാഗ് താഴെ വെച്ചു മുത്തശ്ശിയെ ചാരി ഇരുന്നു. അവരുടെ ചുക്കി ചുളിഞ്ഞു തൂങ്ങിയ താടയിൽ പിടിച്ചു അരുമയോടെ ഉഴിഞ്ഞു.

അവർ പൗർണ്ണമിയുടെ തോളിലേക്ക് തല ചായ്ച്ചു.

“”അതേയ് … അമ്മൂമ്മേ.. മാളവിക തമ്പുരാട്ടീ …ഇന്ന് സ്കൂളില് കുട്ട്യോളെ കൊണ്ടോവാൻ ഒരു ബസ്സ്‌ മാത്രേ ഉണ്ടായുള്ളൂ. അപ്പൊ കുട്ട്യോളെ കയറ്റി വിടാൻ കൊറേ നേരായി. ഈ വികൃതി പിടിച്ച പിറുങ്ങാണി കുട്ട്യോളെ കേറ്റി വിടാൻ വല്ല്യ കഷ്ടപ്പാടാ.. അതാ ഞാൻ വയ്ക്യേ.. ഞാൻ പോയി കുളിച്ചു ഉടുപ്പൊക്കെ മാറി മുത്തശ്ശിക്ക് ചായയുമായി പെട്ടെന്ന് വരാട്ടോ””..പൗർണ്ണമി മാളു മുത്തശ്ശിയുടെ കവിളിൽ ഒരു മുത്തം നൽകി അകത്തേക്ക് ഓടി കയറി.

നേരെ മുറിയിൽ കയറി വാതിലടച്ച അവൾ കമിഴ്ന്നു കിടന്നു. അവളിൽ സ്വർണ്ണ വർണ്ണമാർന്ന കിനാക്കൾ ഓർമ്മകളായി തികട്ടിയെത്തി. കണ്ണുകളിൽ വീണ്ടും ഈറൻ വീണു. അവൾ കട്ടിലിലേക്കിട്ട ഫോൺ ഒന്നെടുത്തു നോക്കി. കണ്ണന്റെ ഒരു മെസ്സേജ് പോലും ഇത് വരെ വന്നിട്ടില്ല.

ഈ സമയാവുമ്പോഴേക്കും സോറി പറയാറുള്ളതാണല്ലോ അവൻ. അവൻ ശരിക്ക്യും എന്നെ വെറ്ത്തോ.

എന്നെ ഒഴിവാക്ക്യോ. ഇഞ്ഞി ന്നെ സ്നേഹിക്കില്ല്യേ ആവോ. ഇത്രൊക്കെ ഉള്ളോ അവന്റെ സ്നേഹം”. അവളുടെ മനസ്സ് നൊന്തു പിടഞ്ഞു.

കണ്ണീർ ഉതിർന്നു വീണു കിടക്ക നനച്ചു.

“ഇക്ക് വെഷമം അതൊന്നോല്ല. കണ്ണനോടുള്ള പരിചയോം സ്നേഹോമൊക്കെ തൊടങ്ങീട്ട് കുറച്ചേ ആയുള്ളൂ. മറക്കാനും ഇക്ക് ബുദ്ധിമുട്ടില്ല്യാ..

ഞാൻ ആദ്യായിട്ട് ന്റെ മുത്തശ്യോട് കള്ളം പറഞ്ഞൂല്ലോ ന്റെ ഭഗവാനെ. കണ്ണന്റെ കാര്യം ഞാൻ മറച്ചു വെച്ചൂല്ലോ. ന്നിട്ടിപ്പൊ ന്തായി.. ഇക്കെന്താ നേട്ടണ്ടായേ. പറ്റിച്ചതിന് ദൈവം തന്നതാവും ഈ മനസ്സ് വേദന”.. അവൾ പിറുപിറുത്തു തേ_ങ്ങി.”ഭഗവാനെ.. ന്റെ മുത്തശ്ശിക്ക് ചായ കൊടുത്തില്ല്യാലോ”..

പൗർണ്ണമി എല്ലാം മറന്നു പിടഞ്ഞെഴുന്നേറ്റു കുളി മുറിയിലേക്ക് കയറി. വേഗം കുളിച്ചു പുറത്തിറങ്ങി. വസ്ത്രം മാറി ചായക്ക് വെള്ളം വെച്ചു. തിളച്ച കട്ടൻ ചായ ചൂടാറ്റി ഗ്ലാസിലൊഴിച്ചു അവൾ പൂമുഖത്തേക്ക് നടന്നു.

“”ഇന്നെന്താ പാറു കുട്ട്യേ.. എല്ലാത്തിനും ഒരു അമാന്തം. ന്താണ്ടായേ. മുഖത്തൊരു വാട്ടം.ഹെഡ് മാസ്റ്ററ് ചീത്ത വല്ലോം പറഞ്ഞുവോ””.. അവളെ കണ്ട മുത്തശ്ശി മോണകാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.

“”ഒന്നൂല്ല ന്റെ മുത്തശ്ശ്യേ. കുളി ഇത്തിരി നീണ്ടു””..പൗർണ്ണമി ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൾ വീണ്ടും കയ്യിൽ പിടിച്ചിരുന്ന ഫോൺ വെറുതേ ഞെക്കി നോക്കി. ഇല്ല. കണ്ണന്റെ മെസ്സേജ് ഇല്ല.

അവളുടെ മുഖത്ത് വീണ്ടും നിരാശയുടെ കാർ മേഘങ്ങൾ മൂടി കെട്ടി.

“”മുത്തശ്ശി.. ഞാനൊരു കാര്യം ചോദിച്ചാൽ അയ്യേ ന്ന് പറയോ?.. ന്നെ കളിയാക്കോ?””.. പൗർണ്ണമി നിരാശ മറച്ചു പിടിച്ചു കൊണ്ട് ചോദിച്ചു.

“”എന്താപ്പൊ ഇങ്ങന്യൊക്കെ ചോയിക്കണേ. ഇയ്യ് കാര്യം പറയാറാണല്ലോ പതിവ്.. എന്തായാലും ചോയിക്ക്. ഞാൻ ന്റെ കുട്ട്യേ കളിയാക്കോ””?…മുത്തശ്ശി അല്പം കെറുവോടെ പറഞ്ഞു.

പൗർണ്ണമി മുത്തശ്ശിയുടെ അടുത്തേക്ക് ചാരിയിരുന്നു. അവരുടെ തോളിൽ തല വെച്ചു. ചുളിഞ്ഞ കരതലം എടുത്തു കൈവെള്ളയിൽ എടുത്തുഴിഞ്ഞു. “”അതേയ്… മുത്തശ്ശി.. ഈ സ്നേഹിക്കണോര് പരസ്പരം ദേഹത്ത് തൊടോ..

ഉമ്മ വെക്കോ?””.. അവൾ വേഗം ചോദിച്ചു നാണത്താൽ കണ്ണടച്ചു. മാളു മുത്തശ്ശി ചിരിച്ചു. ചുവന്ന മോണകൾ വെളിയിൽ കാണിച്ചു കൃമ്മി കുലുങ്ങി ചിരിച്ചു. പൗർണ്ണമിക്ക് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. തലക്കൊരു കിഴുക്ക് കൊടുത്ത് അവളും ചിരിച്ചു.

“”ന്റെ കുട്ട്യേ. ഇതൊക്കെ കൂട്ടുകാര്യാളോട് ചോയിക്കേണ്ട കാര്യാണ്. പാറൂന് അങ്ങനെ ആരൂല്ലാത്തോണ്ട് ഞാമ്പറയാം. ദേഹത്തൊക്കെ തൊടും ചെലര്. അത്രയ്ക്ക് ഒന്നായവർ. സ്വന്തം ദേഹത്തു തൊടുന്ന പോലെ നിസാരാവും അവർക്കത്… പക്ഷേ… എപ്പൊ കാണുമ്പോഴും ഇതന്നെ ചിന്തേങ്കി സൂക്ഷിക്കണം. അത് അപകടാണ്. അല്ല.. ആരാപ്പൊ.. ന്റെ കുട്ട്യേ തൊടാൻ വന്നേ?””..

മാളു മുത്തശ്ശി പറഞ്ഞു ചിരിച്ചു.

“”ഓഹ്… ഈ മുത്തശ്ശി..ന്നെ ആരും തൊട്ടിട്ടില്ല മുത്തശ്ശി. ഞാൻ വെർതെ ചോയിച്ചതാ””..

പൗർണ്ണമി മുത്തശ്ശിയുടെ മടിയിൽ തല വെച്ചു കിടന്നു. “അപ്പൊ കണ്ണന് എന്നോട് ശരിക്കും ഇഷ്ടല്ല്യ.

എല്ലാം നാട്യങ്ങാളായിരുന്നു. എപ്പൊ കണ്ടാലും ന്നെ തൊടണം. വൃത്തിക്കേട് പറയണം. സ്നേഹത്തോടെ ഞാൻ എന്തേലും പറയണത് മാത്രേ ഇക്ക് ഓർമ്മകളായിട്ടുള്ളൂ. ഞാൻ വെർതെ കിനാവ് കാണാണ്. ഇക്കുറപ്പാണ്. ന്റെ മുത്തശ്ശ്യോട് ഞാൻ ഇത് മാത്രം മറച്ചു വെച്ചില്ല്യേ. ആ കുരുത്തക്കേടാണ്. മുത്തശ്ശിക്ക് വല്ല ദിവ്യ ജ്ഞാനോണ്ടോന്നാവോ. അത്രയ്ക്ക് കൃത്യാണല്ലോ പറഞ്ഞത്”.

അവൾ അത്ഭുതത്തോടെ മനസ്സിൽ പിറുപിറുത്തു.

മുത്തശ്ശിക്ക് എന്തൊക്കെയോ മനസ്സിലായി എങ്കിലും അവർ പൗർണ്ണമിയോട് പറഞ്ഞില്ല.”ന്റെ കുട്ടി ഇപ്പൊ രക്ഷപെട്ടിരിക്കുണു”. അവർ അവളുടെ നെറുകിൽ തലോടി.

സമയം സന്ധ്യ മയങ്ങി.സൂര്യൻ പടിഞ്ഞാറ് പോയി താഴ്ന്നു തുടങ്ങി. കിളികൾ ചേക്കേറാൻ വെമ്പി കൊഞ്ചി ചിലച്ചു കൊണ്ട് പറന്നു പോയി. വീടിനു മുന്നിലെ നെല്പാടത്ത് വയൽ കിളികൾ തലങ്ങും വിലങ്ങും പറന്നു. വയലിനേയും തോടുകളേയും തഴുകി തടഞ്ഞെത്തിയ കാറ്റിന് വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു. ആ കാറ്റിൽ ചേറിന്റെ മാദക ഗന്ധവും കൂടി കലർന്നു.

അച്ഛന്റെയും അമ്മയുടെയും അസ്ഥി തറയിൽ പൗർണ്ണമി വിളക്ക് വെച്ചു. പൂമുഖ തിണ്ണയിൽ ഇരുന്നു എല്ലാം നോക്കി കണ്ട മാളു മുത്തശ്ശിയുടെ ഉള്ളിൽ ഓർമ്മകൾ കർപ്പൂരം കൊളുത്തി. പകർച്ചാ വ്യാധി അതിസാരം വന്നു മരിച്ച മകനെയും മരുമകളെയും ഉമ്മറത്ത് വെള്ള പുതച്ചു കിടത്തിയത് ഓർമ്മ വന്നു.

ഇതൊന്നും അറിയാതെ ദൂരേ ഏതോ ഒരു വീട്ടിലെ മുറിയിൽ അമിഞ്ഞക്ക് വേണ്ടി പിടഞ്ഞു കരഞ്ഞ പൗർണ്ണമിയേയും ഓർമ്മ വന്നു. ആളുകൾ ദൂരേ നിന്ന് നോക്കി നിന്നതും ഓർമ്മ വന്നു. വീട്ടു മുറ്റത്തേ പത്തടി താഴ്ച്ചയുള്ള കുഴിയിലേക്ക് മകനെയും മരുമകളെയും കോലു കൊണ്ട് ത_ട്ടിയിടുന്ന രംഗവും ഓർമ്മ വന്നു. മണ്ണിട്ട് മൂടുന്ന രംഗം ഓർമ്മ വന്നു. അപ്പോൾ ദൂരേ നിന്ന് സർക്കാർ വണ്ടിയിൽ ഇരുന്നു അവർ തേങ്ങിയതും ഓർമ്മ വന്നു. ഓർമ്മകൾക്കൊടുവിൽ മാളു മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു.

അവളെ മാളു മുത്തശ്ശി വളർത്തി വലുതാക്കി.

സ്വന്തക്കാര് ആരും തിരിഞ്ഞു നോക്കിയില്ല. അതിസാരം പകർന്നാലോ എന്നായിരുന്നു ആദ്യത്തെ ചിന്ത. പിന്നെ എല്ലാരും ഇവരെ മറന്നു.മാളു മുത്തശ്ശിയുടെ മറ്റു മക്കളും മരിച്ചു. മക്കളുടെ മക്കളിൽ ചിലർ ജീവിച്ചിരിപ്പുണ്ട്. മാളു മുത്തശ്ശി പൗർണ്ണമിയെ വളർത്തി വലുതാക്കി. പുരയിടം അല്ലാത്ത സ്ഥലങ്ങൾ എല്ലാം വിറ്റു പഠിപ്പിച്ചു. ഒരു പ്രൈമറി സ്കൂളിൽ അധ്യാപികയായി ജോലിക്കും കയറ്റി.

വിളക്ക് കൊളുത്തി നടന്നു വരുന്ന പൗർണ്ണമിയെ മാളു മുത്തശ്ശി നേർത്ത കാഴ്ച്ചയിലൂടെ നോക്കി.

“”പാറു കുട്ട്യേ.. നെന്നെ കാണാൻ നാളെ സുകുമാരൻ ഒരു കൂട്ടരേം കൊണ്ട് വരൂന്ന്. നെനക്ക് സമ്മതല്ലേ?’”.. മുത്തശ്ശി ചോദിച്ചു.

പൗർണ്ണമി ഒന്ന് ചിരിച്ചു.

“”ഇക്ക് സമ്മതാണ്. നൂറു വട്ടം സമ്മതേള്ളൂ.. ഒരേ ഒരു കാര്യേള്ളൂ. ന്റെ മുത്തശ്ശിയേങ്കൂടി നോക്കണം. മുത്തശ്ശിയുടെ ആയുസ്സെത്തി ഭഗവാൻ തിരിച്ചു വിളിക്കണത് വരെ ന്നെ മാലയിടുന്നവനും ഇവിടെ നിക്കണം. അതിന് ശേഷം കെട്ട്യോൻ ന്നെ എങ്ങോട്ടാന്ന് വെച്ചാ കൊണ്ടോയ്ക്കോട്ടേ. ഇത്രേ ഉളളൂ ന്റെ ഡിമാന്റ്””.

പൗർണമി ചിരിച്ചു കൊണ്ട് പറഞ്ഞു.

“”നെനക്ക് ഇരുപത്തഞ്ച് വയസ്സായി പാറു കുട്ട്യേ.. എന്താ നെന്റെ വിചാരം. എപ്പൊ കല്യാണ കാര്യം പറഞ്ഞാലും ഇങ്ങനെ മൂഷേട്ട സ്വഭാവം കാണിക്കും. ന്റെ കണ്ണടയും മുമ്പ് എനിക്ക് അതുങ്കൂടി കാണണോന്നുണ്ട്””.. മുത്തശ്ശി അല്പം സ്വരമുയർത്തി.

പൗർണ്ണമി ചിരിച്ചു കൊണ്ട് അടുത്ത് വന്നിരുന്നു.

“”മുത്തശ്ശി.. മുത്തശ്ശി ജീവിച്ചിരിക്കുമ്പഴല്ലേ മുത്തശ്ശിടെ മക്കൾ മരിച്ചത്. ന്റെ അച്ഛനും അമ്മേം എത്ര ചെറുതിൽ മരിച്ചു പോയി. ഇക്ക് അവരെ ഓർമ്മന്നെ ല്ല്യ. ന്നിട്ടും മുത്തശ്ശി ഇപ്പോഴും ജീവിക്കണില്ല്യേ.

അച്ഛനമ്മമാര് ജീവിച്ചിരിക്കെ മക്കൾ മരിക്കുന്ന കാലാ. ചെലപ്പോ മുത്തശ്ശിക്ക് മുമ്പേ ഭഗവാൻ ന്നെ വിളിച്ചാലോ. മുത്തശ്ശി ഇപ്പൊ ഒന്നും മരിക്കില്ല്യാ ട്ടോ””..പൗർണ്ണമി മുത്തശ്ശിയുടെ വെള്ളി നാരുകൾ പോലെയുള്ള മുടിയിഴകളിൽ തലോടി കൊണ്ട് പറഞ്ഞു.

“”ഈ പെണ്ണിന് എല്ലാം കളിയാ.. ഇയ്യ് പറഞ്ഞ കാര്യൊക്കെ ഏതേലും ചെക്കൻ സമ്മയ്ക്ക്യോ.

നെന്റെ കെട്ട് കഴിഞ്ഞാൽ ന്നെ ഏതേലും വൃദ്ധ സദനത്തിൽ കൊണ്ടാക്കിയാ മതി ട്ടോ. അവിടേണ്ടാവൂല്ലോ ഇക്ക് കൂട്ട്””. മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു.

“”ന്നെ വെർതെ ദേഷ്യം പിടിപ്പിക്കല്ലേ മാളവിക അമ്മൂമ്മേ..ഇക്ക് മുത്തശ്ശില്ലാതെ പറ്റില്ല്യ.

അത്രേള്ളൂ.. ന്നെ മനസ്സിലാക്കണ ഏതെങ്കിലും ചെക്കന്മാർ വരും മുത്തശ്ശി. ഞ്ഞി അല്ലെങ്കി കല്യാണം കഴിക്കാണ്ടിങ്ങനെ ജീവിക്ക്യും. ഇക്കൊരു ജോലീണ്ടല്ലോ. സ്വന്തങ്കാലിൽ നിക്കാനും അറിയാം..

പിന്നെന്താ””..പൗർണ്ണമി അകത്തേക്ക് കയറി പോയി.

“”കുട്ടിക്ക് വേണ്ടെങ്കി ഞാനിനി നിർബന്ധിക്കില്ല്യ.. ട്ടോ””.മുത്തശ്ശി വിളിച്ചു പറഞ്ഞു. “”ആ.. അതാ നല്ലത് ന്റെ മുത്തശ്ശ്യേ..ഞാൻ മുത്തശ്ശിക്ക് ഗോതമ്പ് കഞ്ഞി ണ്ടാക്കീട്ട് ഇപ്പൊ വരാം””..

പൗർണ്ണമി ഉറക്കെ വിളിച്ചു പറഞ്ഞു ചിരിച്ചു.

കുറേ ചെക്കന്മാർ പൗർണ്ണമിയെ കെട്ടാൻ ആലോചനയുമായി വന്നു. വിടർന്നു വലിയ കണ്ണുകളും നീണ്ട നാസികയും വട്ടമുഖത്തെ തുടുത്ത കവിളുകളും ഉള്ള അവളെ ആർക്കും ഇഷ്ടപെടാതിരുന്നില്ല. പക്ഷേ.. അവളുടെ നിബന്ധനകൾ ആരും അംഗീകരിച്ചില്ല.

മാളു മുത്തശ്ശിക്ക് വലിയ വിഷമം ആയെങ്കിലും അവർ പൗർണ്ണമിയെ കാണിച്ചില്ല.

ഇങ്ങനെ അവർ പരസ്പരം ഇഴ പിരിയാതെ സ്നേഹിച്ചും പരിഭവിച്ചും നാളുകൾ നീങ്ങി.

ഒരു ദിവസം ഒരു ചെക്കനുമായി ബ്രോക്കർ സുകുമരൻ അവരുടെ വീട്ടിലേക്ക് കയറി വന്നു.

“”പാറു മോളെ.. മോൾക്കും മുത്തശ്ശിക്കും വേണ്ടി കഷ്ടപെട്ട് തേടി പിടിച്ചു ഒരു ചെക്കനെ കൊണ്ട് വന്നിട്ടുണ്ട്. ഇയാൾക്കും ആരൂല്ല. നിന്റെ ആഗ്രഹങ്ങൾ ഒക്കെ സമ്മതിച്ചിട്ടുമുണ്ട്. മോൾക്ക് ഇഷ്ടായാ നമുക്ക് നോക്കാം. നല്ല ചെക്കനാ. ഞാൻ ഒരു മാസമായി ഇവന്റെ പുറകേയുണ്ട്””..

സുകുമാരൻ പറഞ്ഞു.

പൗർണ്ണമി അയാളെ നോക്കി.””ഞാൻ അനൂപ്. ടൗണിൽ ഒരു കമ്പനിയിൽ മാനേജരാണ്. ആരൂല്ലാത്തോർക്ക് ആരും പെണ്ണിനെ തരില്ല. ഇവിടെ നമ്മൾ സമമായി “”.. അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അവളും ഇഷ്ടത്തോടെ ചിരിച്ചു.””ആര് പറഞ്ഞു. ഇക്കാരൂല്ലാന്ന്. ന്റെ മുത്തശ്ശിണ്ടല്ലോ എനിക്ക്””.. അവൾ ചിരിച്ചു..””ആണോ.. എന്നാ എനിക്കതൂല്ല.. അപ്പോഴോ”‘.. അനൂപ് ഉറക്കെ ചിരിച്ചു..””അപ്പോഴും എനിക്കിഷ്ടായി. ന്റെ മുത്തശ്ശിയെ നോക്കാന്ന് പറഞ്ഞില്ല്യേ””.. അവിടെ ഒരു ചിരി മഴ പെയ്തു. എല്ലാരും ആ മഴയിൽ നനഞ്ഞു. മാളു മുത്തശ്ശിയുടെ ഉള്ളകം കുളിർത്തു. നെഞ്ചിലെ ഭാരം പതുക്കെ അലിഞ്ഞില്ലാതെയായി.

ദിവസങ്ങൾക്കകം നല്ലൊരു മൂഹൂർത്തത്തിൽ ലളിതമായ ചടങ്ങോടെ മിന്നു കെട്ട് കഴിഞ്ഞു. അന്ന് രാത്രി മുറിയിൽ തനിച്ചു ചെരിഞ്ഞു കിടന്നുറങ്ങുന്ന മാളു മുത്തശ്ശിയെ പുറകിലൂടെ പൗർണ്ണമി കെട്ടി പിടിച്ചു കിടന്നു. “”എനിക്കിന്ന് മുത്തശ്ശിടെ കൂടെ കിടക്കാമ്പാറ്റില്ല്യ അല്ലേ””.. അവൾ വിതുമ്പി കൊണ്ട് മുത്തശ്ശിയുടെ ചെവിയിൽ മൂളി. അവർ തിരിഞ്ഞു കിടന്നു.”‘എന്താ പാറു കുട്ട്യേ ത്.. കല്യാണം കഴിഞ്ഞാ അങ്ങനല്ലേ. ഇന്ന് നെന്റെ ആദ്യ രാത്ര്യാണ്. ഒത്തിരി കഥകൾ പറയാണ്ടാവും അവന്. നെനക്ക് എന്നെ നോക്കിയ കഥ മാത്രല്ലേ പറയാണ്ടാവൂ.. ചെല്ല് കുട്ട്യേ.. ആ കഥകൾ ഒക്കെ കേട്ടുറങ്ങൂ..ആ പാവത്തിനെ മുഷിപ്പിക്കണ്ട””. മാളു മുത്തശ്ശി ഹൃദയം വിങ്ങുന്നത് പുറമേ കാട്ടിയില്ല.

അവൾ സങ്കടത്താൽ മൂളി..””ശര്യാ മുത്തശ്ശി.. ശരിക്കും പാവാ അത്. ഇക്ക് മുത്തശ്ശ്യെങ്കിലൂണ്ട്.

അതിന് ആരൂല്ല… ഞാൻ പോവാ മുത്തശ്ശി. രാവിലെ ചായേം കൊണ്ട് വേഗം വരാം..ഒറ്റക്ക് കിടക്കാൻ പേടീണ്ടോ””. അവൾ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു. “”ഒന്ന് പോടീ. ഇക്കല്ലേ പേടി””..മുത്തശ്ശി അവളെ പതുക്കെ നുള്ളി.

“”ഇപ്പെന്തായി മുത്തശ്ശി. ഞാമ്പറഞ്ഞ പോലെ ന്റെ ആഗ്രഹമ്പോലെ ഒരാളെ കിട്ടിയില്ലേ ഇക്ക്..ഇന്നേം മുത്തശ്ശ്യേം നോക്കാൻ. ന്തൊക്കെ പറഞ്ഞാലും മനസ്സറിഞ്ഞു സ്നേഹം നൽകാൻ ആണുങ്ങക്ക് മിടുക്ക്ണ്ട്””. പൗർണ്ണമി തിരിഞ്ഞു നിന്ന് കണ്ണ് വിടർത്തി കൊണ്ട് പറഞ്ഞു.

“”അത് നെന്റെ പുണ്യാ കുട്ട്യേ.. ഇയ്യ് ചെയ്ത സുകൃതം””.. മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു.

“”ന്റെ മാത്രല്ല.. ന്റെ മുത്തശ്ശിടേം കൂടി പുണ്യാ””.. അവൾ ചിരിച്ചു കൊണ്ട് പോയി.

പിറ്റേന്ന് രാവിലെ ചൂട് കട്ടൻ ചായയും കൊണ്ട് പൗർണ്ണമി മുത്തശ്ശിയുടെ മുറിയിൽ പോയി കുലുക്കി വിളിച്ചു. മുത്തശ്ശി മരം പോലെ ബലം വെച്ചു മലച്ചു. പൗർണ്ണമി ഞെട്ടി ഒരു ശ്വാസം വലിച്ചു.

അവൾ അവരുടെ കര തലങ്ങളിൽ പിടിച്ചു നോക്കി. ചൂടില്ല. തണുത്തു മരവിച്ചിരിക്കുന്നു.

മൂക്കിന് മുകളിൽ കൈ വെച്ചു നോക്കി. ശ്വാസമില്ല. തന്റെ മുത്തശ്ശി മരിച്ചിരിക്കുന്നു എന്നവൾക്ക് മനസ്സിലായി. അവൾ അവരുടെ മുഖത്തേക്ക് തുറിച്ച കണ്ണുകളോടെ നോക്കി. ചുണ്ടിൽ അപ്പോഴും പുഞ്ചിരിയുണ്ട്. നിർവൃതിയുടെ പുഞ്ചിരി. ജന്മം സഫലമായതിന്റെ പുഞ്ചിരി.

ആഗ്രഹങ്ങൾ പൂർത്തീകരിച്ചതിന്റെ പുഞ്ചിരി. ധന്യമായ ജീവിതം മുഴുമിപ്പിച്ചു ആശിച്ച പോലെ ദൈവത്തിലേക്കുള്ള മടക്കം. ഒരു ചൈതന്യം മുഖത്തു വിളങ്ങി.

പൗർണ്ണമി ഉറക്കെ നിലവിളിച്ചു കൊണ്ട് മുത്തശ്ശിയുടെ അരികിലേക്ക് വീണു. പിന്നെ ആ തണുത്ത ദേഹം കെട്ടി പിടിച്ചു കരഞ്ഞു.

ശബ്ദം കേട്ട അനൂപ് ഓടി വന്നു. വിവരമറിഞ്ഞ നാട്ടുകാരും അകലെയുള്ള ബന്ധുക്കളും വന്നു.

പൗർണ്ണമി മാത്രം കരഞ്ഞു. അനൂപ് ഒന്നും മിണ്ടാനാകാതെ നിന്നു. ഉച്ചയോടെ കുഴി വെട്ടാനുള്ള തയ്യാറെടുപ്പുകൾക്കുള്ള ചർച്ചകൾ നടന്നു. പൗർണ്ണമി അപ്പോഴേക്കും സംയമനം വീണ്ടെടുത്തു. ആ സദസ്സിൽ പോയി അവൾ പറഞ്ഞു.””മുത്തശ്ശി ഇന്നോട് പറഞ്ഞിട്ടുണ്ട്. അവർ മരിച്ചാൽ മുറ്റത്തു നിക്കണ തേൻ മാവ് വെട്ടി ആ മുട്ടികളിൽ ദഹിപ്പിക്കണമെന്ന്. ചിതാ ഭസ്മം ഗംഗയിൽ ഒഴുക്കണമെന്ന്. അത് ഞാൻ ചെയ്തോളാം.

പക്ഷേ..കുഴി കുത്തി മൂടാൻ ഞാൻ സമ്മതിക്കില്ല്യാ””. അവൾ വിതുമ്പി.

ബന്ധുക്കാർ മുറ്റത്തേ പടർന്നു പന്തലിച്ച മാവിലേക്ക് നോക്കി. “”ന്റെ കുട്ട്യേ.. നിനക്കിത് എന്തിന്റെ കേടാ.. വെട്ടി വിറ്റാൽ ലക്ഷങ്ങൾ കിട്ടണ തടിയാ. കുട്ടിക്ക് അത്ര നിർബന്ധാച്ചാ നമുക്ക് കിഴക്കും മ^ഠത്തിൽ കൊണ്ടോവാം. ബും ബും ന്ന് രണ്ട് ആന്തലേ കാണൂ. മുത്തശ്ശിയുടെ വെണ്ണീർ അവർ കയ്യില് തരും””.

ഒരാൾ പറഞ്ഞു.

“”ആ ല_ക്ഷങ്ങൾ ഇവിടെ ആർക്കും വേണ്ട. ഇത് ന്റെ നിർബന്ധല്ല്യ. മുത്തശ്ശിടെ ആഗ്രഹാണ്. അത് നടക്കണം. നിങ്ങക്ക് വയ്യെങ്കി പറഞ്ഞോളൂ. മരം വെട്ടേരനെ ഞാൻ വിളിക്യാം””.

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.

വൈകാതെ മരം വെട്ടുക്കാർ വന്നു. ആ തേൻ മാവ് നിലം പൊത്തി. മുട്ടികളാക്കി വെട്ടിക്കീറി. മുത്തശ്ശിയെ അതിന്റെ മുഴുത്ത മുട്ടികളിൽ മലർത്തി കിടത്തി. അനൂപ് ചിതക്ക് തീ വെച്ചു.

തീനാളങ്ങൾ ഉയർന്നു പൊങ്ങിയതിനൊപ്പം മുത്തശ്ശിയുടെ ഓർമ്മകളും പൗർണ്ണമിയുടെ ഹൃദയത്തിൽ പൊങ്ങി കത്തിയാളി. തന്റെ ജീവൻ എരിഞ്ഞടങ്ങുന്നത് നോക്കി പൗർണ്ണമി ഓർമ്മകളിൽ മുങ്ങി കണ്ണീർ വാർത്തു നിന്നു. ചിതയിലെ അവസാന കൊള്ളിയും കത്തി തീരും മുമ്പേ അകലെയുള്ള ബന്ധുക്കളും മടങ്ങി. ചിതാ ഭസ്മം അടങ്ങിയ മൺ കുടം അവൾ ഏറ്റു വാങ്ങി.

ഒരു കെടാ വിളക്കിന് മുന്നിൽ സൂക്ഷിച്ചു.

ദിവസങ്ങൾ പിന്നിട്ടപ്പോൾ പൗർണ്ണമിയും ഭർത്താവും ആ നിറഞ്ഞ പുണ്യത്തെ ആവാഹിച്ച മൺ കുടവുമായി പുണ്യ നദിയിലേക്ക് യാത്ര തിരിച്ചു.

ഗംഗയിൽ ചിതാ ഭസ്മം ഒഴുക്കിയ അവർ മുങ്ങി നിവർന്നു മാളു മുത്തശ്ശിയുടെ മോക്ഷം തേടി പ്രാർത്ഥിച്ചു. വാന ലോകത്തിരുന്നു മുത്തശ്ശിയുടെ ആത്മാവ് മോണ കാട്ടി ചിരിച്ചു. “ദീർഘ സുമംഗലി ഭവ”..ആ ആത്മാവ് പൗർണ്ണമിക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു..

ശുഭം……

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.